മാതൃ ശിശു
ആരോഗ്യത്തെക്കുറിച്ച്
ചില ചിന്തകള്‍

ഉയർന്ന സ്ത്രീസാക്ഷരതയും, താരതമ്യേന മെച്ചപ്പെട്ട ശാസ്ത്രാവബോധവുമുള്ള സമൂഹമായിട്ടും, 'പ്രകൃതിയോടിണങ്ങിയ' വീട്ടുപ്രസവം, വാക്സിൻ വിരുദ്ധത തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾ ഒരു ചോയ്സ് ആയി എടുക്കുന്നവർ ഇവിടെയുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നവ്യ ജെ. തൈക്കാട്ടിൽ എഴുതിയ ലേഖനം.

തൊരു സമൂഹത്തിന്റെയും പൊതുജനാരോഗ്യ മികവ് കണക്കാക്കാനെടുക്കുന്ന പ്രധാന അളവുകോലാണ് മാതൃ- ശിശു ആരോഗ്യ സൂചകങ്ങൾ. ഒരു സമൂഹത്തിന്റെ ആകെയുള്ള വികസനത്തിന്റെയും, ആരോഗ്യസേവനങ്ങളുടെ നീതിപൂർവമായ വിതരണത്തിന്റെയും പ്രതിഫലനമാണ് അവിടുത്തെ മാതൃശിശു ആരോഗ്യം.

മനുഷ്യജീവിതത്തിന്റെ ദുർബലമായ ഘട്ടങ്ങളാണ് ശൈശവവും, ബാല്യവും. ബാലാരിഷ്ടതകളും, ബാലമരണങ്ങളും സർവ്വ സാധാരണമായിരുന്ന ഒരു കാലഘട്ടത്തിൽനിന്ന് നാമെത്രയോ ഇന്ന് മുന്നേറിയിരിക്കുന്നു. ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ, വളർച്ചയുടെ ഓരോ ഘട്ടത്തിലും നൽകുന്ന ശാസ്ത്രാധിഷ്ഠിതമായ പരിപാലനം ശിശുമരണ നിരക്ക് കുറയ്ക്കുവാനും, ആരോഗ്യമുള്ള ഒരു തലമുറയായി വളരാനും അവരെ പ്രാപ്തരാക്കുന്നു.

പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയാണ് പ്രസവം എന്നിരിക്കെ, ഏതു ഘട്ടത്തിലും സങ്കീർണ്ണതകൾ വന്നുചേരാവുന്ന, ആരോഗ്യസേവനങ്ങളുടെ ലഭ്യത പലപ്പോഴും നിർണ്ണായകമാകുന്ന ഒന്നാണ് ഗർഭകാലവും, പ്രസവവും. ഇതിനാൽ, ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വിഭാഗമായാണ് പൊതുജനാരോഗ്യത്തിൽ സ്ത്രീകളെയും കുട്ടികളെ യും പരിഗണിക്കുന്നത്.

പ്രത്യുത്പാദനാരോഗ്യം

ഒരു സ്ത്രീയ്ക്ക്, തനിക്ക് കുട്ടികൾ വേണോ, വേണമെങ്കിൽ എത്ര, എത്ര കാലയളവിൽ; ഇനി കുട്ടികൾ വേണ്ട എന്നാണെങ്കിൽ ഗർഭി ണിയാകുമോ എന്നാശങ്കകളില്ലാതെ സുരക്ഷിതമായി ലൈംഗികജീവിതം നയിക്കാൻ സാധിക്കുന്ന സാഹചര്യമാണ് പ്രത്യുത്പാദനാരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജനസംഖ്യാ നിയന്ത്രണം എന്ന ഒറ്റ ലക്ഷ്യത്തിൽ തുടങ്ങിയ നിർബന്ധിത വന്ധ്യകരണ പദ്ധതികളിൽ നിന്നും, ജനങ്ങളുടെ ഹിതവും അവരുടെ ചോയ്സും കൂടി കണക്കിലെടുത്തുകൊണ്ടുള്ള, ജനാധിപത്യരീതി യിലുള്ള കുടുംബാസൂത്രണത്തിലേക്ക് ഇന്ന് പൊതുജനാരോഗ്യരംഗം മാറിയിട്ടുണ്ട്.

പ്രജനനവും ശിശുആരോഗ്യവും
(Reproductive and Child Health – RCH)

ഇന്ത്യയിൽ 1997-ൽ ആരംഭിച്ച സമഗ്ര പൊതുജനാരോഗ്യ പദ്ധതിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. മാതൃമരണ നിരക്ക് (MMR), ശിശുമരണനിരക്ക് (IMR) എന്നിവ കുറയ്ക്കുന്നതിലും ഗുണമേന്മയുള്ള പ്രജന നാരോഗ്യസേവനങ്ങൾ എല്ലാ വർക്കും ലഭ്യമാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ജീവിതചക്രത്തെ അടിസ്ഥാനമാക്കി, ഈ എല്ലാ ഘട്ടങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള 'ലൈഫ് സൈക്കിൾ അപ്രോച്ച് ' എന്ന സമഗ്രരീതിയിലേക്ക് ഇന്ന് മാതൃ ശിശു ആരോഗ്യപദ്ധതി പരിണമിച്ചിരിക്കുന്നു.

ഇന്ത്യയിൽ 1997-ൽ ആരംഭിച്ച സമഗ്ര പൊതുജനാരോഗ്യ പദ്ധതിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയിൽ 1997-ൽ ആരംഭിച്ച സമഗ്ര പൊതുജനാരോഗ്യ പദ്ധതിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?

  • ഗർഭകാലപരിചരണം (Antenatal care), പ്രസവ പരിചരണം (Delivery care), പ്രസവാനന്തരപരിചരണം (Postnatal care) എന്നിവ സർവസാധാരണമായി ലഭ്യമാക്കുക.

  • കുടുംബാസൂത്രണവും ജനസംഖ്യാസ്ഥിരതയും പ്രോത്സാഹിപ്പിക്കുക - ഗർഭനിരോധന സേവനങ്ങൾ, കൗൺസലിംഗും, ഗർഭധാ രണങ്ങൾ തമ്മിലുള്ള ഇടവേള പാലിക്കാനുള്ള വിവിധ മാർഗങ്ങൾ ഓപ്ഷനായി നൽകുക.

  • ജനനേന്ദ്രിയ രോഗങ്ങളെയും (RTIs) ലൈംഗികമായി പകരുന്ന രോഗങ്ങളെയും (STIs) തടയുകയും ചികിത്സിക്കുകയും ചെയ്യുക.

  • കുട്ടികൾക്ക് സമ്പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുക.

  • കൗമാരക്കാരുടെ ആരോഗ്യവും പോഷണവും പ്രോത്സാഹിപ്പിക്കുക. ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മമാർക്ക് ഇൻസെന്റീവ് തുക, സർക്കാർ ആശുപത്രികളിൽ അമ്മയ്ക്കും കുഞ്ഞിനും പൂർണ്ണമായും സൗജന്യ സേവനങ്ങൾ, പ്രസവശേഷം വീട്ടിൽ എത്തിക്കാൻ സൗജന്യ വാഹനസൗകര്യം എന്നിങ്ങനെ JSY, JSSK തുടങ്ങിയ വിവിധ പദ്ധതികളും അനുബന്ധമായി നിലവിലുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വലിയൊരു സംഭാവനയാണ് വാക്സിനുകൾ. ഏറ്റവും 'കോസ്റ്റ് ഇഫക്ടീവ്' എന്നറിയപ്പെടുന്ന, ഒരു പൊതുജനാരോഗ്യ ഇടപെടലാണിത്. ലോകം മുഴുവൻ പ്രതിവർഷം വിവിധ രോഗങ്ങൾ മൂലമുള്ള 30 ലക്ഷത്തോളം ശിശുമരണങ്ങളാണ് വാക്സിനുകൾ തടയുന്നത്.

എന്നാൽ വാക്സിനുകൾ ഒരു രാജ്യത്തെ കോടിക്കണക്കിന് കുട്ടികൾക്ക്, സുരക്ഷിതവും സമയബന്ധിതവുമായി ലഭ്യമാക്കണമെങ്കിൽ, ബൃഹത്തായ ഒരു സംവിധാനം തന്നെ ഉണ്ടായിരിക്കണം. അത്തരത്തിൽ കാര്യക്ഷമമായ പ്രതിരോധ കുത്തിവെപ്പ് പദ്ധതി രാജ്യത്ത് നിലവിൽ വന്നിട്ട് പതിറ്റാണ്ടുകളായി. വസൂരി, പോളിയോ രോഗം എന്നിവയിൽ നിന്ന് മുക്തി നേടിയതുപോലെ, ഗർഭിണികൾക്ക് നൽകുന്ന ടെറ്റനസ് വാക്സിൻ വഴി നവജാതശിശുക്കളിലെ ടെറ്റനസ് ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാനും സാധിച്ചിട്ടുണ്ട്.

ഡിഫ്തീരിയ, വില്ലൻചുമ, അഞ്ചാം പനി, ന്യൂമോ ണിയ, റോട്ട വൈറസ് വയറിളക്കം തുടങ്ങിയ പന്ത്രണ്ടോളം മാരകരോഗങ്ങളിൽ നിന്നുള്ള സുരക്ഷ, ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതി ഉറപ്പാക്കുന്നുണ്ട്. ഗർഭാശയ ഗളകാൻസറിൽ നിന്നും സുരക്ഷ നൽകുന്ന ഫലപ്രദമായ HPV വാക്‌സിനാണ് ഈ നിരയിലേക്ക് അവസാനമായി ചേർക്കപ്പെട്ട വാക്സിൻ.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജന്മനാ ഉള്ള വൈകല്യങ്ങൾ, ഹൃദ്രോഗങ്ങൾ, പോഷകക്കുറവ് കൊണ്ടുള്ള രോഗങ്ങൾ എന്നിവയുടെ ചികിത്സ സൗജന്യമാണ്. സമൂഹത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂളുകളിലും, അങ്കണവാടികളിലും വെച്ചുമൊക്കെ നഴ്സ് സ്ക്രീൻ ചെയ്ത് വളരെ നേരത്തെ ഇവരെ വേണ്ട സൗജന്യ ചികിത്സയ്ക്ക് റെഫർ ചെയ്യുന്ന (ഡിസ്ട്രിക്ട് ഏർളി ഇന്റർവൻഷൻ സെന്ററിലേക്ക്) കമ്മ്യൂണിറ്റി സ്ക്രീനിങ്ങും ശിശു ആരോഗ്യപദ്ധതിയുടെ ഭാഗമാണ്.

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്താതിരിക്കാനും, അതുവഴി പെൺ കുഞ്ഞുങ്ങളെ ഭ്രൂണഹത്യ ചെയ്യുന്നത് തടയാനുമുള്ള നിയമമാണ് PCPNDT ആക്റ്റ്. സ്കാനിംഗ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ ആക്ട് പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്ന സംവിധാനവുമുണ്ട്.

വാക്സിനുകൾ ഒരു രാജ്യത്തെ കോടിക്കണക്കിന് കുട്ടികൾക്ക്, സുരക്ഷിതവും സമയബന്ധിതവുമായി ലഭ്യമാക്കണമെങ്കിൽ, ബൃഹത്തായ ഒരു സംവിധാനം തന്നെ ഉണ്ടായിരിക്കണം.
വാക്സിനുകൾ ഒരു രാജ്യത്തെ കോടിക്കണക്കിന് കുട്ടികൾക്ക്, സുരക്ഷിതവും സമയബന്ധിതവുമായി ലഭ്യമാക്കണമെങ്കിൽ, ബൃഹത്തായ ഒരു സംവിധാനം തന്നെ ഉണ്ടായിരിക്കണം.

ഇന്ത്യയുടെ ശരാശരി സൂചകങ്ങളെ താരതമ്യം ചെയ്യുമ്പോൾ കേരളം മാതൃ ശിശു ആരോഗ്യ സൂചകങ്ങളിൽ ബഹുദൂരം മുന്നിലാണ്. ഗർഭകാല പരിചരണം സ്വീകരിക്കുന്നതിലും, ആശുപത്രികളിൽ തന്നെ സുരക്ഷിത പ്രസവം നടത്തുന്നതിലും, കുഞ്ഞുങ്ങളുടെ വാക്സിനേഷനിലും എല്ലാം, ശാസ്ത്രീയത ഉൾക്കൊണ്ട് സേവനങ്ങൾ സ്വയം തേടുന്നവരാണ് മലയാളികൾ. മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രസവസമയത്തെ രക്തസ്രാവവും, ആവശ്യമായ ചികിത്സയുടെ അഭാവം മൂലവുമാണ് ഭൂരിഭാഗം മാതൃമരണങ്ങളും. എന്നാൽ കേരളത്തിലെ ചിത്രം അല്പം വ്യത്യസ്തമാണ്.

മാതൃമരണനിരക്കും, ശിശു മരണനിരക്കും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന രീതിയിൽ മികച്ചുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എന്തെല്ലാം വെല്ലുവിളികളാണ് നമ്മൾ ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നത്?

ജീവിതശൈലീരോഗങ്ങൾ ഇന്ന് കേരളം നേരിടുന്ന പ്രധാന പൊതുജനാരോഗ്യവെല്ലുവിളിയാണ്. സ്വാഭാവികമായും സ്ത്രീകളിലും ഇത് കാണുകയും, ഇത് ഗർഭാവസ്ഥയെ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു. നേരത്തെ പ്രമേഹം, അമിതവണ്ണം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾ സ്ക്രീൻ ചെയ്ത് കണ്ടെത്തുന്നതിനും, ഗർഭിണിയാവാൻ തീരുമാനിക്കുന്നത് മുൻപ് അവ നിയന്ത്രണ വിധേയമാക്കുന്നതും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.

ഉയർന്ന സ്ത്രീസാക്ഷരതയും, താരതമ്യേന മെച്ചപ്പെട്ട ശാസ്ത്രാവബോധവുമുള്ള സമൂഹമായിട്ടും, 'പ്രകൃതിയോടിണങ്ങിയ' വീട്ടുപ്രസവം, വാക്സിൻ വിരുദ്ധത തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾ ഒരു ചോയ്സ് ആയി എടുക്കുന്നവർ ഇവിടെയുണ്ട്.

വാക്സിൻ കൊണ്ട് തടയാവുന്ന രോഗങ്ങൾ, അഞ്ചാം പനി, ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയവ മൂലമുള്ള ശിശുമരണങ്ങൾ, കുഞ്ഞുങ്ങൾക്ക് യഥാസമയം വാക്സിൻ നൽകാത്തതുമൂലം, ഇന്നും ഉണ്ടാകുന്നു എന്നത് തീർത്തും നിർഭാഗ്യകരമാണ്.

ശിശുമരണനിരക്ക് നന്നേ കുറവുള്ള (1000 പ്രസവങ്ങളിൽ 5 മരണങ്ങൾ) കേരളത്തിൽ, സംഭവിക്കുന്ന നവജാത ശിശുമരണങ്ങൾ അധികവും വളർച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെയും, ജനിതകമായോ ജന്മനാവൈകല്യങ്ങൾ ഉള്ളതോ ആയ കുഞ്ഞുങ്ങളുടേതുമാണ്. ആധുനിക നവജാത ICU ഉള്ള പല ആശുപത്രികളിലും 24-26 ആഴ്ചയിൽ പ്രസവിക്കുന്ന പല കുഞ്ഞുങ്ങളും ജീവിക്കുന്നതും സാധാരണമായിരിക്കുന്നു. വന്ധ്യതാചികിത്സയുടെ ഫലമായുള്ള ഗർഭം, വൈകിയുള്ള ഗർഭധാരണം എന്നിവയൊക്കെ വളർച്ചയെത്തും മുൻപുള്ള പ്രസവത്തിന്റെ നിരക്ക് കൂടുന്നതിന് കാരണമായേക്കാം.

ഇന്നും സ്ത്രീകൾ ആഗ്രഹിക്കാത്ത ഒരു ഗർഭത്തെ, ഗർഭഛിദ്രം നടത്താന്‍ ലഭ്യമാകേണ്ട നിയമാനുസൃതമായ സേവനങ്ങൾ അവർക്ക് പ്രാപ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് അഭിസംബോധന ചെയ്യപ്പെടേണ്ട ഒന്നാണ്. അന്തർസംസ്ഥാനതൊഴിലാളികളായ സ്ത്രീകളുടെയും, കുട്ടികളുടെയും ആരോഗ്യം, ഗോത്രവിഭാഗത്തിൽ പെട്ട സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം എന്നിവയൊക്കെ പൂർണ്ണമായും പരിഹരിക്കാനാവാത്ത വെല്ലുവിളികളായി തുടരുന്നുണ്ട്.

പൊതുജനാരോഗ്യ മേഖലയിൽ കേരളം മികച്ചു നിൽക്കുമ്പോഴും ഇനിയും മെച്ചപ്പെടുത്താനുള്ള പഴുതുകൾ പലതും ഉണ്ടായിരിക്കാം. മുൻകാലങ്ങളിൽ ഒരു ഡോക്ടർ മാത്രമുള്ള, ആധുനിക സൗകര്യങ്ങളില്ലാത്ത ചെറിയ സംവിധാനങ്ങളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ധാരാളം പ്രസവങ്ങൾ നടന്നിരുന്നു. അപ്രതീക്ഷിതമായി എന്തും സംഭവിക്കാവുന്ന ഒരു 'ടിക്കിംഗ് ടൈം ബോംബ് ' ആണ് ഗർഭസ്ഥ ശിശുവിനെ പേറുന്ന ഏത് സ്ത്രീയും എന്ന് തമാശ രൂപേണയാണെങ്കിലും പറയുന്നതിൽ കാര്യമുണ്ട്. ഏത് സാധാരണ ഗർഭാവസ്ഥയിലും അപ്രതീക്ഷിതമായ സങ്കീർണ്ണതകൾ ഗർഭാവസ്ഥയിലോ പ്രസവസമയത്തോ, പ്രസവശേഷമോ ഉണ്ടാകാം. മുൻകാലങ്ങളിൽ തരണം ചെയ്യാൻ സാധിക്കാത്ത അതി സങ്കീർണ്ണമായ അത്തരം സാഹചര്യങ്ങളിൽ അമ്മയെയോ കുഞ്ഞിനെയോ ഒക്കെ നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാൽ ഇന്ന് ആധുനിക ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളും, ഗൈനക്കോളജിസ്റ്റ്, നിയോനെറ്റോളജിസ്റ്റ്, അനസ്തീഷ്യോളജി തുടങ്ങിയവരുടെ ടീം വർക്ക് കൊണ്ടും ഇത്തരം സാഹചര്യങ്ങളിൽ നിന്നും ചിലപ്പോഴെങ്കിലും പലരെയും വീണ്ടെടുക്കാൻ സാധിക്കാറുണ്ട്.

അതിനാൽ സർക്കാർ സംവിധാനത്തിലും, പ്രസവങ്ങൾ നടക്കുന്ന എല്ലാ ആശുപത്രികളെയും വേണ്ടത്ര സ്പെഷ്യലിസ്റ്റുകളെ ഉൾപ്പെടുത്തി, റൗണ്ട് ദ് ക്ലോക്ക് എന്ന പോലെ അവരുടെ സേവനങ്ങൾ ഉറപ്പാക്കുന്ന രീതിയിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. പ്രസവ പ്രക്രിയയിലൂടെ കടന്നുപോകുന്ന സ്ത്രീയ്ക്ക് മാന്യവും, അനുകമ്പ നിറഞ്ഞതുമായ (respectful maternity care) പരിചരണം ഉറപ്പുവരുത്താനുള്ള സംവിധാനവും ഉണ്ടാവണം.

ആരോഗ്യത്തിനുപുറമെ അമ്മയുടെയും കുട്ടിയുടെയും സാമൂഹികമായ ക്ഷേമവും പ്രധാനമാണ്. നിലവിൽ 3 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പകൽ അനൗദ്യോഗിക പഠനത്തിനും, പോഷകാഹാര ലഭ്യതക്കും അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്. 3 വയസ്സിൽ താഴെയുള്ള കുട്ടികളെ നോക്കാൻ വീട്ടിൽ മറ്റാളുകൾ ഇല്ലാത്ത സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച് ജോലിക്ക് പോകാനോ, വരുമാനം ഉണ്ടാക്കാനോ മറ്റു വഴികളില്ല. പകൽ മൂന്നിൽ താഴെ പ്രായമുള്ള കുട്ടികളെ പരിചരിക്കുന്ന ഡേ കെയറുകൾ പൊതു സംവിധാനത്തിൽ ഇല്ല എന്നതും നികത്തേണ്ട ഒരു വിടവാണ്.

കുടുംബാസൂത്രണത്തിലും, ശിശു പരിചരണത്തിലുമെല്ലാം സ്ത്രീയോടൊപ്പം പുരുഷ പങ്കാളിയും കൂട്ടുത്തരവാദിത്തം പങ്കിടുന്ന ഒരു സാഹചര്യത്തിലേക്ക് സമൂഹവും ഉയരേണ്ടതുണ്ട്.

'it takes a village to raise a child' എന്ന് പറയുന്നതുപോലെ, ഏത് സ്ത്രീക്കും സുരക്ഷിതമായ ഗർഭകാലവും, പ്രസവവും, ഏത് കുഞ്ഞിനും ആരോഗ്യത്തോടെ സുരക്ഷിതരായി വളർന്നു വരാനുള്ള സാഹചര്യങ്ങളും, ഒരുക്കേണ്ടത് ഒരു സമൂഹത്തിന്റെയും അവിടുത്തെ എല്ലാ സംവിധാനങ്ങളുടെയും അടിസ്ഥാന ഉത്തരവാദിത്തമാണ്.

READ: പകർച്ചവ്യാധി
ആധിയാകാം

സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം

വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം

കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments