മനുഷ്യരാശി നേരിട്ടിട്ടുള്ള ഏറ്റവും മാരകമായ പകർച്ചവ്യാധിയായ റാബിസ് അഥവാ പേവിഷബാധ വീണ്ടും കേരളത്തിൽ ഇരുണ്ട നിഴൽ വീഴ്ത്തിയിരിക്കുകയാണ്. സമീപ മാസങ്ങളിൽ പേവിഷബാധ നിരവധി ദാരുണ മരണങ്ങൾക്ക് കാരണമായി. കഴിഞ്ഞ നാലു മാസത്തിനിടെ മരിച്ചത് 11 പേർ. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു എന്നത് ഈ മരണങ്ങളെ കൂടുതൽ ദുഃഖകരമാക്കുന്നു.
പേവിഷ ബാധയേറ്റ് നഷ്ടപ്പെടുന്ന ഓരോ ജീവനും ഒരു ദുരന്തമാണ്. എന്നാൽ അത് ഒരു കുട്ടിയുടെ ജീവനാകുമ്പോൾ ഒരു സമൂഹത്തിന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടിയും മരിച്ചുവെന്നത് കുത്തിവെപ്പിലുള്ള പൊതുജനവിശ്വാസത്തെ ചോദ്യം ചെയ്യുകയും നിലവിലെ പ്രതിരോധ തന്ത്രങ്ങളുടെ പര്യാപ്തതയെക്കുറിച്ച് അടിയന്തര ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.
സമയബന്ധിതവും ഉചിതമായതുമായ പ്രതിരോധ കുത്തിവെപ്പിലൂടെ പേവിഷബാധ പൂർണ്ണമായും തടയാൻ കഴിയുമെങ്കിലും, ഈ പരാജയങ്ങൾ നിർണായകമായ ചില പോരായ്മകൾ എടുത്തുകാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗുരുതരവും ഉയർന്ന അപകടസാധ്യതയുള്ളതുമായ രോഗബാധ (കടി) ഏൽക്കുന്നവരിൽ.
പേവിഷബാധ പ്രതിരോധത്തിനായുള്ള നമ്മുടെ സമീപനം, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ പുനർനിർണയിക്കാനും ശകതിപ്പെടുത്താനുമുള്ള സമയമാണിത്.

കുട്ടികൾക്ക് കൂടുതൽ
അപകടസാധ്യതയുള്ളത് എന്തുകൊണ്ട്?
1. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾ സ്വാഭാവികമായും മൃഗങ്ങളെ സ്നേഹിക്കുന്നവരും അവയുമായി കളിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. കൂടാതെ അപകട സൂചനകൾ തിരിച്ചറിയാതെ അലഞ്ഞു തിരിയുന്ന, വാക്സിനേഷൻ എടുക്കാത്ത മൃഗങ്ങളുമായി കുട്ടി കൾ അടുക്കാൻ ശ്രമിച്ചേക്കാം. പല സന്ദർഭങ്ങളിലും അവർ അറിയാതെ മൃഗങ്ങളെ ഉപദ്രവിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്യുന്നതിലൂടെ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
2. കുട്ടികൾക്ക് ഉയരം കുറവായതിനാൽ തലയിലോ കഴുത്തിലോ മുഖത്തോ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ് ഇത് മൂലം വൈറസ്, നാഡികൾ വഴി കേന്ദ്ര നാഡീവ്യൂഹത്തിലേക്കും തലച്ചോറിലേക്കും വേഗത്തിൽ സഞ്ചരിക്കാൻ കാരണമാകുന്നു. തന്മൂലം രോഗാസുഷുപ്താകാലയളവ് (Incubation period) കുറയുന്നു. ഇത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടിക ളിൽ ലക്ഷണങ്ങൾ വേഗത്തിൽ പ്രത്യക്ഷപ്പെടു ന്നതിലേക്ക് നയിക്കുന്നു.
3. കുട്ടികൾ എല്ലായ്പ്പോഴും ചെറിയ കടികളോ പോറലുകളോ ഭയം മൂലം മാതാപിതാക്കളോട് പറഞ്ഞു എന്ന് വരില്ല. ഇത് വൈദ്യസഹായം തേടുന്ന തിൽ അപകടകരമായ കാലതാമസത്തിന് കാര ണമാകുന്നു.
വാക്സിൻ പരാജയം
എന്തുകൊണ്ട് സംഭവിക്കുന്നു?
പേവിഷബാധ തടയാൻ സമയബന്ധിതമായ ഇടപെടലുകൾ നിർണായകമാണ്. മുറിവ് വൃത്തിയാക്കലും വാക്സിനേഷനും വൈകി ആരംഭിക്കുന്നത് വൈറസിനെ പ്രാന്തനാഡികളിലൂടെ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് സഞ്ചരിക്കാൻ അനുവദിക്കുന്നു. അത്യപൂർവമായി വാക്സിൻ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം കുത്തിവെപ്പെടുക്കാൻ താമസിക്കുന്നത് മൂലമാണ്.
മുഖം, തല, കഴുത്ത് എന്നിവ ശരീരഘടനാപരമായി തലച്ചോറിനോട് വളരെ അടുത്താണ്. അതിനാൽ ഈ ഭാഗങ്ങളിൽ കടിയേറ്റാൽ, വൈറസ് വളരെ വേഗത്തിൽ തലച്ചോറിലെത്തും. നാഡികളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്പോളകൾ, കഴുത്ത്, കൈവെള്ള എന്നിവിടങ്ങളിൽ ഗുരുതരവും ആഴമേറിയതുമായ മുറിവേൽക്കുന്നവരിൽ കടിയേൽക്കുമ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവും. കുത്തിവെപ്പുകൾ ആരംഭിച്ചാലും ചിലപ്പോൾ ശരീരം മതിയായ സംരക്ഷണ പ്രതിദ്രവ്യ പ്രതികരണം (Antibody response) സ്ഥാപി ക്കുന്നതിന് മുമ്പുതന്നെ വൈറസ് അപകടകാരിയാകും.
റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (RIG) ഒഴിവാക്കു കയോ അനുചിതമായി ഉപയോഗിക്കുകയോ ചെയ്യുക അതീവ ഗുരുതരമാണ്. കാറ്റഗറി III വിഭാഗത്തിലുള്ള കടികൾക്ക് വാക്സിനോടൊപ്പം മുറിവിന് ചുറ്റും ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പെടുക്കണം. പ്രത്യേകിച്ച് തലയിലോ മുഖത്തോ കടിയേറ്റ കുട്ടികളിൽ രോഗ സുഷുപ്താവസ്ഥ കുറവുള്ളതിനാൽ ഇമ്മ്യൂണോ ഗ്ലോബുലിൻ എടുക്കാതിരിക്കുന്നത് വാക്സിൻ പരാജയത്തിന് ഒരു പ്രധാന കാരണമാണ്.

വാക്സിൻ കുത്തിവെപ്പിലെ അപാകതകൾ
കുട്ടികളിൽ തോള് അല്ലെങ്കിൽ തുടയ്ക്ക് പകരം ചന്തി യിൽ കുത്തിവെപ്പെടുക്കുന്നത് രോഗപ്രതിരോധശേഷി കുറയാൻ കാരണമാകും. തെറ്റായ ഡോസിംഗ് ഇടവേളകൾ അല്ലെങ്കിൽ അപൂർണ്ണമായ ഷെഡ്യൂളുകൾ എന്നിവയും പരാജയ ത്തിന് കാരണമാകുന്നു.
ചില സാഹചര്യങ്ങളിൽ, അനുചിതമായ വാക്സിൻ സംഭരണം, കോൾഡ് ചെയിൻ പരാജയം, അല്ലെങ്കിൽ കാലഹരണപ്പെട്ട വാക്സിനുകൾ എന്നിവ കാരണം വാക്സിനുകൾ ഫലപ്രദമല്ലാതായി മാറിയേക്കാം.
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന അവസ്ഥകൾ മറ്റൊരു കാരണമാണ്. ഉദാഹരണത്തിന് ജന്മനായുള്ള രോഗപ്രതിരോധശേഷിക്കുറവ്, പോഷകാഹാരക്കുറവ് അല്ലെങ്കിൽ മറ്റു അണുബാധകൾ എന്നിവ വാക്സിൻ പ്രതികര ണത്തെ മന്ദഗതിയിലാക്കിയേക്കാം.
എന്താണ് പരിഹാരം?
എല്ലാ കുട്ടികൾക്കും, പ്രത്യേകിച്ച് 15 വയസ്സിന് താഴെയുള്ളവർക്ക്, മൃഗങ്ങളുടെ കടിയേക്കുന്നതിനു മുമ്പുള്ള വാക്സിനേഷൻ നൽകുന്നതിനുള്ള ധീരമായ നടപടി കേരളം സ്വീകരിക്കേണ്ട സമയമാണിത്. ഇതിന് മുൻകൂർ പ്രതിരോധ കുത്തിവെയ്പ്പ് അല്ലെങ്കിൽ പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് ( Pre-exposure prophylaxis / PrEP) എന്നാണു പറയുക. ലളിതമായ മൂന്ന് ഡോസ് കുത്തിവെയ്പ്പ് അവർക്ക് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വ്യത്യാസമായിരിക്കാം. ഇത് ഇനി വെറുമൊരു വൈദ്യശാസ്ത്രപരമായ ശുപാർശയല്ല, ഇത് ഒരു ധാർമ്മിക അനിവാര്യ തയാണ്.
കടിയേൽക്കുന്നതിനു മുൻപുള്ള
ഡോസേജ് ഷെഡ്യൂൾ
പ്രീ എക്സ്പോഷർ
പ്രൊഫൈലാക്സിസ്
0, 7 ദിവസങ്ങളിൽ ഓരോ ഡോസ് IDRV (intradermal Rabies vaccine) കൊടുത്തതിനു ശേഷം 21–ാമത്തെ ദിവസമോ 28–ാ മത്തെ ദിവസമോ മൂന്നാമത്തെ ഡോസ് കൊടുക്കുക. സാധാരണ രീതിയിലുള്ള പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ (നായ കടിച്ചതിനു ശേഷമുള്ള ചികിത്സ) പോലെ രണ്ടു കൈത്തയിലും കൊടുക്കേണ്ട കാര്യമില്ല, ഒറ്റ കൈത്തയിൽ മാത്രം കൊടുത്താൽ മതി. അതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ നായ കടിക്കുകയാണെങ്കിൽ വാക്സിനുകളുടെ ആവശ്യമില്ല. മൂന്ന് മാസത്തിനുശേഷം നായ കടിക്കുകയാണെങ്കിൽ 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് കൊടുക്കുക. അതും നേരത്തെ പറഞ്ഞതുപോലെ ഒരു കൈത്തണ്ടയിൽ മാത്രം നൽകിയാൽ മതി.
പ്രീ എക്സ്പോഷർ
വാക്സിനേഷനു പിന്നിലെ ശാസ്ത്രം
കടിയേൽക്കുന്നതിനു മുമ്പ് നമ്മുടെ കുട്ടികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ വേഗത്തിലും ശക്തവുമായ തികരണം ആരംഭിക്കുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ പ്രചോദിപ്പിക്കുന്നതിലൂടെയാണ് പ്രീ എക്സ്പോഷർ വാക്സിനേഷൻ പ്രവർത്തിക്കുന്നത്.
പ്രീ എക്സ്പോഷർ വാക്സിനേഷൻ എടുക്കുന്ന കുട്ടികൾക്ക് കടിയേറ്റശേഷം ഇമ്യൂണോ ഗ്ലോബുലിൻ ആവശ്യമില്ല. മൃഗങ്ങളുടെ കടിയേൽക്കുന്ന പക്ഷം അവർക്ക് മൂന്ന് ബൂസ്റ്റർ ഡോസുകൾ റാബിസ് വാക്സിൻ മാത്രം മതിയാകും. ഇത് സാമ്പത്തിക ബാധ്യതയും കുറയ്ക്കുന്നു.
ലോകാരോഗ്യ സംഘടന, പേവിഷബാധയുടെ ഉയർന്ന അപകടസാധ്യതയുള്ളതും സമയബന്ധിതമായ വൈദ്യസഹായം ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പ്രീ എക്സ്പോഷർ വാക്സിനേഷൻ ശുപാർശ ചെയ്യുന്നു. തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതും റാബിസ് മരണങ്ങളുടെ സമീപകാല വർദ്ധനവും ഉള്ള കേരളം ഈ ശുപാർശ വ്യകതമായി പാലിക്കണം. ഇത് സുരക്ഷിതവും പാർശ്വഫലങ്ങളില്ലാത്തതും ജീവൻ രക്ഷിക്കാൻ പ്രാപ്തവുമാണ്.
ഇത് പ്രായോഗികമാണോ?
എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകുന്നത് പ്രായോഗികമാണോ എന്ന് ചിലർ ചോദിച്ചേക്കാം. കടിയേറ്റതിന് ശേഷമുള്ള ചികിത്സ, അടിയന്തര ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെയ്പ്പ്, അനിവാര്യമായ മരണം എന്നിവയുടെ സാമ്പത്തികവും വൈകാരികവുമായ ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനേഷൻ ചെലവ് വളരെ കുറവാണ്. ദീർഘകാലാടിസ്ഥാനത്തിൽ, വ്യാപകമായ മുൻകൂർ പ്രതിരോധ വാക്സിനേഷൻ മൂലം ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുകയും ആരോഗ്യ സംരക്ഷണ സംവി ധാനത്തിലെ ഭാരം ലഘൂകരിക്കുകയും ഏറ്റവും പ്രധാനമായി, ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
സ്കൂളുകൾ, ആശുപത്രികൾ, കുത്തിവെയ്പ്പ് കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവ ഈ പദ്ധതി എളുപ്പത്തിൽ കൈവരിക്കാവുന്നതാക്കാൻ സഹായിക്കുന്നു. മുമ്പും നിരവധി പൊതുജനാരോഗ്യ സംരംഭങ്ങളിൽ കേരളം ഇന്ത്യയെ നയിച്ചിട്ടുണ്ട് എന്ന് നമുക്ക് അഭിമാനിക്കാം.
നമുക്ക് ശാസ്ത്രത്തിന്റെ പിൻബലമുണ്ട്, അനുഭവമുണ്ട്, മാർഗങ്ങളണ്ട്. ഇപ്പോൾ നമുക്ക് വേണ്ടത് ഇച്ഛാശക്തിയാണ്. ഭരണപരമായ മന്ദതക്കോ ഹ്രസ്വകാല ചെലവ് സംബന്ധിച്ച ആശങ്ക കൾക്കോ പകരം നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനുള്ള കൂട്ടായ തീരുമാനം വേണം. കേരളത്തിൽ ഇനി ഒരു കുട്ടി പോലും ഈ രോഗം മൂലം മരിക്കരുത്.
പ്രവർത്തിക്കേ സമയം നാളെയോ അടുത്ത മാസമോ അടുത്ത വർഷമോ അല്ല, ഇപ്പോഴാണ്.
READ: കുട്ടികളിലെ
അമിതവണ്ണവും
കരൾരോഗവും
ക്ഷയരോഗം
കുട്ടികളിൽ
സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി
എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?
ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ
എന്താണ് അലർജി?
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

