ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അനസ്തീഷ്യയുടെ ഒരു ഉപശാഖയാണ് കാർഡിയാക്ക് അനസ്തീഷ്യ. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടേയും ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മേഖലയിലെ അനസ്തീഷ്യോളജിസ്റ്റുകൾ ഹൃദയത്തെക്കുറിച്ചും, ഹൃദയത്തിന്റെ രോഗങ്ങളെക്കുറിച്ചും ഓരോ അവസ്ഥക്കും ഇണങ്ങുന്ന അനസ്തീഷ്യയെ ക്കുറിച്ചും എല്ലാം പ്രത്യേക പരിശീലനം കിട്ടിയവരായിരിക്കും. ഹൃദയ ശസ്ത്രക്രിയകളുടെ വിജയത്തിൽ അനസ്തീഷ്യ നിർണായക പങ്കു വഹിക്കുന്നു.
ഏറ്റവും ശ്രദ്ധയോടേയും, കൃത്യതയോടേയും ചെയ്യുന്ന ഈ അനസ്തീഷ്യകളിൽ എന്തെല്ലാം ശ്രദ്ധിക്കണം, ഏതെല്ലാം മോണിറ്ററുകൾ സഹായിക്കുന്നു എന്നെല്ലാം സംക്ഷിപ്തമായി പറയാം.
1) ഹൃദയ ശസ്ത്രക്രിയക്കുമുമ്പ്, ശസ്ത്രക്രിയാ പൂർവപരിശോധനയിൽ (Pre- operative check up) എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ശസ്ത്രക്രിയക്കുമുമ്പ് രോഗിയുടെ ഹൃദയ പ്രവർത്തനം, ശ്വാസകോശത്തിന്റെ ശേഷി, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം എല്ലാം പലവിധ രക്തപരിശോധനയിലൂടെയും, രോഗിയെ പരിശോധിച്ചും ഉറപ്പുവരുത്തേണ്ടതാണ്. ഇ.സി.ജി, (എക്കോ കാർഡിയോഗ്രാം), കൊറോണറി ആൻജിയോഗ്രാം എല്ലാം ആവശ്യമായി വരുന്നു. രോഗിയുടെ രക്തത്തിലെ ഹീമോഗ്ലോബിൻ, രക്തം കട്ടപിടിക്കാനുള്ള സാധ്യത (Coagulation profile) എന്നിവയും പരിശോധിക്കണം. രോഗിക്ക് മറ്റു അണുബാധകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
2) രോഗിക്ക് ജനറൽ അനസ്തീഷ്യ കൊടുക്കാനായി ഏതെല്ലാം അനസ്തീഷ്യ മരുന്നുകൾ ഉപയോഗിക്കുന്നു, എന്തുകൊണ്ട്?
ഹൃദയ ശാസ്ത്രക്രിയകളിൽ ഹൃദയവും, രോഗിയുടെ രക്തസമ്മർദവും ഏറ്റക്കുറച്ചിലില്ലാതെ സാധാരണ ഗതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ഏറ്റവും ഉചിതമായ Etomidae എന്ന മരുന്നാണ് തെരഞ്ഞെടുക്കുന്നത്. Fentanyl, Midazolam എന്നിവ വേദനയും ഭയവുമെല്ലാം മാറ്റാൻ കൂട്ടത്തിൽ നൽകുകയും ചെയ്യും. കൂടാതെ Muscle Relaxant (ഹൃദയത്തെ സംരക്ഷിക്കുന്ന vecuronium Atracurium എന്ന മരുന്ന്)കൊടുത്ത് രോഗിക്ക് എൻഡോട്രക്കിയൽ ട്യൂബു (Endo tracheal tube) വഴി ഓക്സിജൻ കൊടുത്ത് വെൻ്റിലേറ്ററിലേക്ക് ഘടിപ്പിക്കുന്നു.
3) സാധാരണ നൽകുന്ന ജനറൽ അനസ്തീഷ്യയേക്കാൾ കാർഡിയാക്ക് അനസ്തേഷ്യ യിൽ പ്രധാനമായും എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?
ജനറൽ അനസ്തീഷ്യയിൽ രോഗിയെ ഗാഢ നിദ്രയിലാക്കുകയും അവർക്ക് വേദന ഇല്ലാതിരിക്കാനുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. എന്നാൽ കാർഡിയാക്ക് അനസ്തീഷ്യയിൽ ഇതിനെല്ലാം പുറമെ ഹൃദയത്തിന്റെ പ്രവർത്തനം കൃത്യമായി നിയന്ത്രിച്ച്, രക്തസമ്മർദ്ദവും ഓക്സിജൻ വിതരണവും വളരെ കൃത്യതയോടെ നിലനിർത്തണം. ഇതിനെല്ലാം സഹായകമായ Advanced monitoring ആവശ്യമാണ്.

4) കാർഡിയോ പൾമണറി ബൈപാസ് മെഷീനിനെ പറ്റി (Cardio pulmonary bypass machine -CPB) വിവരിക്കാമോ?
ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടേയും പ്രവർത്തനം താൽക്കാലികമായി CPB മെഷീൻ ഏറ്റെടുക്കുന്നു. രോഗിയുടെ ഹൃദയത്തിലുള്ള അശുദ്ധരക്തം മെഷിനിലേക്ക് എടുത്ത് കാർബൺ ഡൈ ഓക്‌സൈഡ് നീക്കി ശുദ്ധീകരിച്ച് ഓക്സിജൻ ചേർത്ത് വീണ്ടും ശരീരത്തിലേക്ക് തിരിച്ചയക്കുന്നു. ഈ പ്രക്രിയ ഓപ്പറേഷൻ സമയത്ത് ഹൃദയത്തെ വിശ്രമത്തിലാക്കാൻ സഹായിക്കുന്നു. മിടിക്കാത്ത ഹൃദയത്തിൽ ശാസ്ത്രക്രിയകൾ ഏറെ എളുപ്പമാക്കുന്നു. ഇത്തരം സർജറികളെ ON PUMP സർജറികൾ എന്നു പറയാം. ഇതൊന്നും ചെയ്യാതെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിൽ ചെയ്യുന്ന സർജറികളെ OFF PUMP സർജറികൾ എന്നും പറയാം.
5) ON PUMP & OFF PUMP ശസ്ത്രക്രിയകളിൽ എന്തെല്ലാം കാര്യങ്ങൾ അനസ്തീഷ്യയിൽ ശ്രദ്ധിക്കണം.?
ON PUMP- ൽ സർജന് ശസ്ത്രക്രിയ എളുപ്പമാണെങ്കിലും രോഗിക്ക് രക്തസ്രാവം, രക്തം കട്ടപിടിക്കാത്ത അവസ്ഥ (coagulopathy) വൃക്കകളുടെ പ്രവർത്തനം കുറയുക, സ്ട്രോക്ക് (stroke), ഹൃദയതാളഭ്രംശം (Arrhythmias - പ്രത്യേകിച്ച് Atrial fibrillation) എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
OFF PUMP- ൽ CPB ഉപയോഗിക്കാത്തതിനാൽ അനസ്തീഷ്യയിൽ നിന്നുള്ള പുറത്തു വരവ് വേഗത്തിലാവും. മേൽപ്പറഞ്ഞ അപകട സാധ്യതകൾ കുറവായിരിക്കും. ഹൃദയത്തിൽ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്ന അത്രയും സമയം ബി.പിയും, ഹൃദയമിടിപ്പും, ശരീരത്തിലേക്ക് എത്തുന്ന ഓക്സിജന്റെ അളവിൽ കുറയാതെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യം അറിഞ്ഞ് IV fluids- ഉം, രക്തസമ്മർദ്ദം നിലനിർത്താൻ ചില പ്രത്യേക മരുന്നുകളും (Inotropes - ഉം മറ്റു മരുന്നുകളും) ശ്രദ്ധാപൂർവ്വം നൽകേണ്ടിവരും.
6) ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കുവാനും ഒരു പരിധിവരെ നിയന്ത്രിക്കാനും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്?
രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ (Electrolytes- സോഡിയം & പൊട്ടാസിയം), രക്തം കട്ടപിടിക്കാതിരിക്കാൻ സാധ്യതയുണ്ടോ എന്നറിയാനുള്ള പരിശോധന ( Coagulation tests) എന്നിവ നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കും. Arrhythmias വന്നാൽ ഉടൻ തിരിച്ചറിഞ്ഞ് ആവശ്യമായ മരുന്നുകൾ നൽകേണ്ടതാണ്. രോഗിയുടെ ശരീരത്തിലേക്കുള്ള രക്തപ്രവാഹം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും IV Fluids , Inotropes എല്ലാം ബാലൻസ് ചെയ്ത് നൽകാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
7) OFF PUMP ശസ്ത്രക്രിയയിൽനിന്ന് ON PUMP ശസ്ത്രക്രിയയിലേക്ക് മാറേണ്ടിവരുന്ന സഹചര്യങ്ങൾ ഉണ്ടാകാറുണ്ടോ?
ഉണ്ടാകാറുണ്ട്. ചിലപ്പോൾ രോഗിയുടെ ഹൃദയം Off Pump- ൽ stable അല്ലാതിരിക്കുകയോ രക്ത സമ്മർദ്ദം ക്രമാതീതമായി കുറയാൻ തുടങ്ങുകയോ, ഹൃദയമിടിപ്പിൽ കാര്യമായ വ്യതിയാനങ്ങൾ (Arrhythmias) വരികയോ, ഹൃദയത്തിന് രക്തം ലഭിച്ചു കൊണ്ടിരിക്കുന്നത് കുറയുകയോ ( Cardiac ischemia) ചെയ്താൽ ഉടൻ തന്നെ CPB മെഷിനിലേക്ക് മാറ്റേണ്ടതാണ്.
8 ) ഹൃദയ ശസ്ത്രക്രിയക്കുശേഷം രോഗിക്ക് വെൻ്റിലേറ്റർ സഹായം ആവശ്യമാകാറുണ്ടോ? ഉണ്ടെങ്കിൽ സാധാരണ എത്ര സമയത്തേക്ക് നല്കാറുണ്ട്?
സാധാരണയായി 6 മുതൽ 12 മണിക്കൂറിനുള്ളിൽ വെൻ്റിലേറ്ററിൽ നിന്നും മാറ്റി ( Extubate) അനസ്തീഷ്യയിൽനിന്ന് പുറത്തുകൊണ്ടുവരുന്നു. പക്ഷെ ഹൃദയത്തിന്റെ pumping വളരെ കുറവ്, അല്ലെങ്കിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ മൂലം സർജറി സമയം നീണ്ടുപോയവർക്കും ശ്വാസകോശത്തിൽ മുമ്പേ പ്രശ്നങ്ങൾ ഉള്ളവർക്കും വെൻ്റിലേറ്റർ (Ventilator) കൂടുതൽ സമയത്തേക്ക് ആവശ്യമായി വന്നേയ്ക്കാം.
9) Cardioplegia എന്നാൽ എന്താണ്?
ഹൃദയ ശസ്ത്രക്രിയാ സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയാണ് (പൊട്ടാസിയം അടങ്ങിയ പ്രത്യേക ദ്രാവകം ഉപയോഗിച്ച്) കാർഡിയോ പ്ലീജിയ (cardioplegia.) ഇതിലൂടെ മയോകാർഡിയം ( cardiac muscle) ഓപ്പറേഷൻ സമയത്ത് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കപ്പെടുന്നു.
10) ഹൃദയ ശസ്ത്രക്രിയക്കുശേഷം വേദന കുറക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഏതെല്ലാമാണ്?
ഓപ്പിയം മരുന്നുകൾ (Opoids), മോർഫിൻ, ഫെൻ്റാനിൽ, ട്രമഡോൾ എന്നിവ ഉപയോഗിക്കാം കൂടാതെ പാരസിറ്റമോളും (Paracetamol Intra Venous) നൽകാം. മൾട്ടി മോഡൽ വേദനാരഹിത രീതി (Multy model analgesia) അവലംബിക്കുന്നതിനാൽ opoids ന്റെ പാർശ്വഫലങ്ങൾ കുറച്ച് രോഗിയെ വേഗത്തിൽ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നു.

11) കാർഡിയാക് അനസ്തീഷ്യയിൽ പ്രത്യേകമായി ഉപയോഗിക്കുന്ന മോണിറ്ററുകൾ ഏതെല്ലാമാണ്?
1) ആർട്ടീരിയൽ ലൈൻ ( Arterial line): ഓരോ ഹൃദയമിടിപ്പിലും ഉള്ള BP അറിയാനാകും.
2) സി.വി പി (CVP - Central venous pressure).
3) pulmonary artery catheter (തിരഞ്ഞെടുത്ത ശസ്ത്രക്രിയകളിൽ മാത്രം).
4) TEE ( Trans esophageal echocardiography).
5) ആക്ടിവേറ്റഡ് ക്ലോട്ടിങ് ടൈം ( Activated clotting time -ACT).
6) ECG ,SPO2 ,ET CO2 ശരീരോഷ്മാവ് (Temperature) മൂത്രത്തിന്റെ അളവ് (Urine output ) അളക്കുന്ന ഉപകരണങ്ങൾ.
12) ഇൻട്രോ അയോർട്ടിക് ബലൂൺ പമ്പ് (IABP- (Intra aortic balloon pump) എന്താണ്?
IABP ഒരു മെക്കാനിക്കൽ ഉപകരണമാണ്. ഹൃദയം ദുർബലമായി പ്രവർത്തിക്കുമ്പോൾ താൽക്കാലികമായി ഉത്തേജനം നൽകാൻ ഇത് ഉപയോഗിക്കാം. വലിയ രക്തക്കുഴലായ അയോർട്ടയിൽ (Aorta) ഇടുന്ന ബലൂൺ ഹൃദയത്തിന്റെ താളത്തിനനുസരിച്ച് ഡയാസ്റ്റോളിൽ (Diastole) ബലൂൺ വീർപ്പിച്ച് ഹൃദയധമനികളിലൂടെയുള്ള രക്തയോട്ടം കൂട്ടുകയും സിസ്റ്റോളിൽ (Systole) ബലൂൺ ചുരുങ്ങി ഹൃദയത്തിന്റെ ജോലി കുറയ്‌ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം എളുപ്പമാവുകയും ചെയ്യുന്നു.
13) നിയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (NIRS- Near infrared spectroscopy) എന്താണ്?
NIRS ഒരു നിരീക്ഷണ സംവിധാനമാണ് (monitoring device). ഇതിലൂടെ മസ്തിഷ്കത്തിലേക്കോ അല്ലെങ്കിൽ മറ്റു ശരീരഭാഗങ്ങളിലേക്കോ പോകുന്ന ഓക്സിജന്റെ അളവ് (Regional oxygen saturation) അറിയാൻ കഴിയുന്നു. അതും നോൺ -ഇൻവാസീവ് ആയിത്തന്നെ ((Non invasive- സൂചികുത്താതേയും മുറിവുണ്ടാക്കാതേയും). കാർഡിയാക് സർജറി, ന്യൂറോ സർജറി എന്നിവയിലെല്ലാം ഇതു ഉപയോഗിക്കുന്നതുകൊണ്ട് ഹൃദയത്തിനും, തലച്ചോറിനും എല്ലാം ഓക്സിജൻ മതിയായ അളവിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയും.
14 ) ടെഗ് /റോട്ടെം (TEG / ROTEM) ഹൃദയ ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്നതിന്റെ ആവശ്യകത?
രണ്ടും ഹൃദയ ശസ്ത്രക്രിയകളിൽ രക്തസ്രാവത്തിന്റെ കാരണം കണ്ടെത്തി (പ്ലേറ്റ്ലെറ്റ് കുറവ്, ഫൈബ്രിനോജൻ കുറവ്, Hyper fibrinolysis) രക്തത്തിന്റെ ശരിയായ ഘടകങ്ങൾ നൽകാൻ സഹായിക്കുന്നു. (platelet transfusion, Cryo precepitate, Anti fibrinolytic drugs). ഇതിലൂടെ അനാവശ്യമായ രക്തഘടകങ്ങൾ (Blood Products ) നൽകുന്നത് ഒഴിവാക്കാം.
ഏറ്റവും ദുഷ്കരമായ ഹൃദയ ശസ്ത്രക്രിയകൾ പോലും നമ്മുടെ നാട്ടിലും വളരെ വിജയകരമായി ചെയ്യുന്നു. കാർഡിയാക് സർജറിയോടൊപ്പം കാർഡിയാക് അനസ്തീഷ്യയും (cardiac Anaesthesia) വളർന്നതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. ജനനന്മക്കായി ഇത്തരം പുതിയ വൈദ്യശാസ്ത്രരീതികൾ ഇനിയും വളരട്ടെ എന്ന് ആശിക്കാം.
READ: ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം
അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര
വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും
ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം
അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ
ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?
ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

