കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ

ഈയിടെയായി കുട്ടികളിൽ മൂക്കടപ്പ്, ജലദോഷം, കൂർക്കംവലി എന്നിവ കൂടുതലായി കണ്ടുവരുന്നത്. അതിന് എന്താണ് കാരണം, എന്താണ് പ്രതിവിധി?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രമ്യ വിനോദ് എഴുതിയ ലേഖനം.

കോവിഡാനന്തര കാലഘട്ടത്തിൽ മനുഷ്യരിൽ പൊതുവേ രോഗങ്ങൾക്ക് പലവിധത്തിലുള്ള രൂപഭേദങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ പ്രതിരോധശേഷി കുറയുകയും സാധാരണ രോഗങ്ങൾ അസാധാരണ തീവ്രതയോടെ പുതിയ സങ്കീർണതകൾ സൃഷ്ടിക്കു കയും ചെയ്യുന്നതായി കാണപ്പെടുന്നു. ഇതിനുദാഹരണമാണ് ഈയിടെയായി കുട്ടികളിൽ മൂക്കടപ്പ്, ജലദോഷം, കൂർക്കംവലി എന്നിവ കൂടുതലായി കണ്ടുവരുന്നത്.

പലപ്പോഴും സ്വയംചികിത്സയും ‘ഗൂഗിൾ ചികിത്സ’യും കഴിഞ്ഞാവും മാതാപിതാക്കൾ ഇ.എൻ.ടി വിദഗ്ദ്ധരെ സമീപിക്കുന്നത്. കുട്ടികളിലെ ഈ ലക്ഷണങ്ങൾ അഡിനോയ്ഡ് ഗ്രന്ഥിവീക്കം (Adenoid hypertrophy) കൊണ്ടാകാം.

എന്താണ് അഡിനോയ്ഡ്?

മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലും മേൽ അണ്ണാക്കിനുമിടയിലായി കണ്ടുവരുന്ന പ്രതിരോധ കോശകവചത്തിന്റെ (waldeyer's ring) ഭാഗമായ കോശസമൂഹമാണവ. മുലകുടിക്കുന്ന കുഞ്ഞുങ്ങളിൽ തന്നെ കണ്ടുവരുന്ന, രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന കോശങ്ങൾ ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് (മജ്ജ, പ്ലീഹ തുടങ്ങിയവ) പ്രതിരോധശേഷി പ്രദാനം ചെയ്യാൻ തുടങ്ങുന്നതോടെ അഡിനോയ്ഡ് ഗ്രന്ഥിയുടെ പ്രസക്തി കുറയുകയും കുട്ടികൾക്ക് ഏകദേശം 4, 5 വയസ്സാകുമ്പോഴേക്കും ഇവ ചുരുങ്ങിപ്പോവുന്നതുമാണ്. എന്നാൽ അലർജിയും തുടർച്ചയായുള്ള അണുബാധയും കാരണം അഡിനോയ്ഡ് ഗ്രന്ഥി വളർന്ന് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. കുട്ടികളിലെ, താരതമ്യേന ഇടുങ്ങിയ ശ്വാസനാളം അഡിനോയ്ഡ് വീക്കം കൊണ്ട് വീണ്ടും തടസ്സപ്പെടുമ്പോഴാണ് അവരിൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്.

രോഗലക്ഷണങ്ങൾ

വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, ശബ്ദമാറ്റം, ചെവിവേദന, ചെവിയിലെ പഴുപ്പ്, കേൾവിക്കുറവ്, തൊണ്ടവേദന, ഉന്മേഷക്കുറവ്, പഠനത്തിൽ ശ്രദ്ധക്കുറവ് എന്നിവ കുട്ടിരോഗികളിൽ കണ്ടുവരുന്നു. ഇവർ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുക, കിടക്കയിൽ ഉരുണ്ടുമറിയുക, ഇടയ്ക്കിടെ ഞെട്ടി ഉണരുക, കിടക്കയിൽ അറിയാതെ മൂത്രമൊഴിക്കുക, ഉറക്കത്തിനിടെ താത്കാലികമായി ശ്വാസം നിന്നുപോവുക (sleep apnoea) തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

വളരെ നാളുകളായുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിതവളർച്ച കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ആകൃതിതന്നെ മാറ്റിയേക്കാം. അവരുടെ ഓമനത്തം തുളുമ്പുന്ന വട്ടമുഖം മാറി നീളമുള്ള മുഖമായി മാറുവാനും പല്ലുകൾ ക്രമം തെറ്റി പൊങ്ങിയിരിക്കു വാനും സാധ്യതയുണ്ട്. തുടർച്ചയായുള്ള ചുമയും കുഞ്ഞുങ്ങളിലെ വിട്ടുമാറാത്ത തലവേദനയും വരെ ഇതിന്റെ ലക്ഷണങ്ങളാവാം.

പരിശോധനാ മാർഗ്ഗങ്ങൾ

ഇ എൻ ടി. ഡോക്ടറുടെ വിശദ പരിശോധനയോടൊപ്പം ചില ടെസ്റ്റുകൾ അവർ നിർദ്ദേശിക്കാറുണ്ട്.

1. X Ray neck lateral view:

അഡിനോയ്ഡ് ഗ്രന്ഥിയുടെ തടിപ്പു കാരണം ശ്വാസനാളത്തിൽ തടസ്സമുണ്ടോ എന്നും അതെത്ര കണ്ട് ഉണ്ടെന്നും ഇതുപയോഗിച്ച് മനസ്സിലാക്കാം.

2. Nasopharyngoscopy

ഒരു endoscope- ന്റെ സഹായത്തോടെ ഗ്രന്ഥിയുടെ തടിപ്പ് തന്നെയാണോ ശ്വാസതടസ്സത്തിന് കാരണം എന്നുറപ്പിക്കാൻ കഴിയും. കുഞ്ഞുങ്ങളിലെ ശ്വാസതടസ്സം മറ്റു പല കാരണങ്ങൾകൊണ്ടും ഉണ്ടാവാം. തടസ്സം എത്രമാത്രമുണ്ടെന്ന് സ്ഥിരീകരിക്കുവാനും ചെവികൾക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്നു മനസ്സിലാക്കുവാനും ഇതുവഴി സാധിക്കും. ചികിത്സയ്ക്കായി മരുന്നുകൾ മാത്രം മതിയോ അതോ ശസ്ത്രക്രിയയുടെ ആവശ്യകതയുണ്ടോ എന്ന് ആധികാരികമായി തീരുമാനിക്കുവാനുമാവും.

3. കേൾവി പരിശോധന

ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായി കേൾവിക്കുറവ് സംശയിക്കുന്നുവെങ്കിൽ കേൾവി ടെസ്റ്റുകളും ((Pure Tone Audiometry, Impedance Audiometry) ചെയ്യാവുന്നതാണ്.

4. Sleep Study (Polysomnography):

ഉറക്കത്തിൽ ശ്വാസം നിലയ്ക്കുന്നുവോ എന്ന് പരിശോധിക്കാൻ ഈ ടെസ്റ്റ് ഉപകരിക്കും.

ചികിത്സ

50 ശതമാനത്തിൽ താഴെയുള്ള തടസ്സമാണെങ്കിൽ ഒരുപക്ഷേ മരുന്നുകൊണ്ടുതന്നെ ഗ്രന്ഥിവീക്കം കുറയ്ക്കാവുന്നതാണ്. ഇതിനായി മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ ആണ് പ്രധാന ചികിത്സാരീതി. കൂടെ അലർജി കുറയ്ക്കാനുള്ള മരുന്നുകളും അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക് മരുന്നുകളും ഉപയോഗിക്കുന്നതാണ്. മരുന്നുകളോട് പ്രതികരിക്കാത്തതോ 50 ശതമാനത്തിൽ കൂടുതലോ ഉള്ള തടസ്സമെങ്കിൽ ശസ്ത്രക്രിയ തന്നെയാണ് അഭികാമ്യം.

അഡിനോയ്‌ഡെക്ടമി (Adenoidectomy),
(Adenoid Curettage):

ഇത് ജനറൽ അനസ്തീഷ്യയിലാണ് (രോഗിയെ മയക്കി കിടത്തി) നടത്താറ്. ശസ്ത്രക്രിയയ്ക്കുശേഷം മുറിവുകളോ കലയോ മുഖത്ത് കാണാറില്ല. അഡിനോയ്ഡ് ഗ്രന്ഥിവീക്കത്തോടൊപ്പം ടോൺസിൽ ഗ്രന്ഥിവീക്കവും കാണപ്പെടുകയാണെങ്കിൽ ഇതിനോടൊപ്പം തന്നെ ടോൺസിലെക്ടമി (Tonsillectomy) കൂടി ചെയ്യുന്നതാണ്.

Coblation Adenoidectomy

(Coblation എന്നതിന്റെ അർത്ഥം Controlled ablation എന്നാണ്') കുറഞ്ഞ താപനിലയിൽ റേഡിയോ ഫ്രീക്വൻസി (radio frequency) ഉപയോഗിച്ച് കോശങ്ങളെ ലയിപ്പിച്ചുകളയുന്ന സാങ്കേതികരീതിയാണ് ഇത്. പാരമ്പര്യ രീതിയെ അപേക്ഷിച്ച് രക്തസ്രാവവും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനയും, ഇതിൽ കുറവുള്ളതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രചാരത്തിലുള്ള രീതിയും ഇതുതന്നെ.

ഇതുകൂടാതെ, ലേസർ (Laser ) Micro debrider, റേഡിയോ ഫ്രീക്വൻസി തുടങ്ങിയ നൂതനമാർഗ്ഗങ്ങളും അഡിനോയ്ഡ് ശസ്ത്രക്രിയക്ക് ഉപയോഗിക്കാറുണ്ട്. ചികിത്സയുടെ ചെലവ് , രീതിയ നുസരിച്ച് മാറുന്നതാണ്. അഡിനോയ്ഡ് സർജറി ചെയ്യുമ്പോൾ ശരീരത്തിലെ പ്രതിരോധ രക്ഷാകവചത്തിലെ ഒരംഗത്തെ മാത്രമേ നാം മുറിച്ചുമാറ്റുന്നുള്ളു. അതിനാൽ കുട്ടിയുടെ ശാരീരിക പ്രതിരോധത്തിന് ഒരു ഭംഗവും വരുന്നില്ല.

കോവിഡ്

കോവിഡ് കാലത്തുള്ള ലോക്ഡൗൺ, മാസ്ക് ഉപയോഗം, സാമൂഹിക അകലം എന്നിവ കാരണം കുട്ടികൾക്ക് പതിവായി കണ്ടുവരുന്ന അസുഖങ്ങളുടെ വ്യാപനം കുറവായിരുന്നു. മാസങ്ങളോളം രോഗവ്യാപനം കുറവായതുമൂലം പ്രതിരോധശേഷിയുടെ അപര്യാപ്തതയ്ക്ക് സാധ്യത കൂടുതലാണ്. ലോക്ഡൗണിനുശേഷം വിദ്യാലയങ്ങൾതുറന്നതോടെ കുട്ടികൾ കൂടുതലായി അസുഖബാധി തരാവുന്നത് കണ്ടുവന്നിരുന്നു. കോവിഡ് ബാധിതരായ കുട്ടികളിലും ഗ്രന്ഥിവീക്കമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അഡിനോയ്ഡ് ഹൈപ്പർ ട്രോഫി
(Adenoid hypertrophy)

കുട്ടികളിൽ പൊതുവായി കണ്ടുവരുന്ന ഒരവസ്ഥയാണിത്. പക്ഷേ ഇതുമൂലം ശ്വാസതടസ്സം, കൂർക്കംവലി, കേൾവിക്കുറവ് തുടങ്ങിയവയുണ്ടെങ്കിൽ ഇ.എൻ.ടി വിദഗ്ദ്ധരുടെ ഉപദേശം തേടി നിർദ്ദേശിക്കുന്ന ചികിത്സാരീതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

READ: ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments