വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ

കോളറക്കും പ്ലേഗിനുമെതിരെ ഇന്ത്യൻ മണ്ണിൽ വാക്സിൻ ഉല്പാദിപ്പിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച സൂക്ഷ്മാണുശാസ്​ത്രജ്ഞനായ വാൽഡിമാർ ഹാഫ്ക്കിനെക്കുറിച്ച് ഡോ. ബി. ഇക്ബാൽ ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

കോളറക്കും പ്ലേഗിനുമെതിരെ ഇന്ത്യൻ മണ്ണിൽ വാക്സിൻ ഉല്പാദിപ്പിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച സൂക്ഷ്മാണുശാസ്​ത്രജ്ഞനാണ് വാൽഡിമാർ ഹാഫ്ക്കിൻ (Waldemar Mordechai Wolff Haffkine: 1860–1930). റഷ്യൻ സാമ്രാജ്യത്തിലെ ഉക്രയിനിലാണ് ഹാഫ് കിൻ ജനിച്ചത്. ജൂതമതസ്​ഥനായ ഹാഫ്ക്കിന്, ജൂതവംശജർക്കെതിരെ റഷ്യയിൽ നടന്ന വംശഹത്യയുടെ ഭാഗമായി തങ്ങളുടെ വീടാക്രമി ക്കാൻ വന്നവരെ തടയാൻ ശ്രമിക്കവേ ഗുരുതരമായ പരുക്കേറ്റിരുന്നു. തുടർന്ന് അറസ്റ്റിലാക്കപ്പെടുകയും ചെയ്തു. അന്ന് റഷ്യയിലെ പ്രമുഖ ജന്തുശാസ്​ത്ര നും രോഗപ്രതിരോധ വിദഗ്ധനുമായിരുന്ന ഇലിയ മെച്ച്നിക്കോവ് (Ilya Ilyich Mechnikov, 1845 –1916) ഹാഫ്ക്കിനെ സംരക്ഷിച്ച് രക്ഷപ്പെടുത്തി.

മെച്ച്നിക്കോവിന്റെ ശിക്ഷണത്തിൽ 1879 മുതൽ 1883 വരെ ഹാഫ്ക്കിൻ ഇമ്പീരിയൽ സർവകലാശാലയിൽ (Imperial Novorossiya University) പഠനം തുടർന്നു. പ്രധാനമായും പാരസൈറ്റുകളെ പറ്റിയാണ് ഹാഫ്ക്കിൻ പഠനം നടത്തിയത്. അതിനിടെ 1882 മുതൽ 1888 വരെ ഒഡീസയിലെ സുവോളജിക്കൽ മ്യൂസിയ ത്തിൽ സേവനമനുഷ്ഠിച്ച ഹാഫ്ക്കിൻ തനിക്ക് അർഹമായ പ്രൊഫസർ തസ്​തിക ജൂതനായതുകൊണ്ടുമാത്രം നിഷേധിക്കപ്പെട്ടപ്പോൾ റഷ്യ വിട്ട് സ്വീഡനിലെത്തി. ജനീവ സർവകലാശാലയിൽ ഗവേഷണം ആരംഭിച്ചു. പാരിസിൽ വച്ച് മെച്ച്നിക്കോവിനേയും ലൂയിസ്​ പാസ്​ച്ചറേയും കാണാൻ കഴിഞ്ഞ ഹാഫ്ക്കിൻ അവരുടെ സഹായത്തോടെ 1887- ൽ ആരംഭിച്ച പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്നവിടെ ആകെകൂടി ലഭ്യമായി രുന്ന ലൈേബ്രറിയൻ എന്ന തസ്​തികയിൽ നിയമിതനായി. വിശ്രമസമയത്ത് ഹാഫ്ക്കിൻ വയലിൻ വായിക്കയും പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബറട്ടറിയിൽ ഗവേഷണത്തിൽ മുഴുകുകയും ചെയ്തു.

കോളറ വാക്സിൻ

1890 മുതൽ ഹാഫ്ക്കിൻ സൂക്ഷ്മാണുജീവികളെ സംബന്ധിച്ചുള്ള പഠനം ആരംഭിച്ചു. ഫ്രഞ്ച് പൗരത്വം സ്വീകരിച്ച ഹാഫ്ക്കിൻ പാരീസിലാണ് തുടർന്ന് ജീവി ച്ചത്. പാരിസിലെ പാസ്​ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായി ചേർന്ന ഹാഫ്ക്കിൻ ജോസഫ് ലിസ്റ്ററിന്റെയും എഡ്വാർഡ് ജെന്നറുടെയും സിദ്ധാന്തങ്ങളുടെ അടിസ്​ഥാനത്തിൽ കോളറക്കെതിരെ വാക്സിൻ വികസിപ്പിച്ചെടു ക്കാനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടു. നിർവീര്യമാക്കപ്പെട്ട വിബ്രിയോ കോളറ ഉപയോ ഗിച്ച് ഇഞ്ചക്ഷൻ വഴി നൽകേണ്ട കോളറ വാക്സിൻ 1892- ൽ ഹാഫ്ക്കിൻ വികസിപ്പിച്ചെടുത്തു. 1892 ജൂലൈ 18 ന് വാക്സിൻ സ്വന്തം ശരീരത്തിൽ ഇഞ്ചക്ട് ചെയ്തുകൊണ്ട് വാക്സിന്റെ ആദ്യ പരീക്ഷണം നടത്തി. പാർശ്വഫലങ്ങളൊന്നും കാണാതിരുന്നതിനെ തുടർന്ന് തന്റെ ഗവേഷണം ഫ്രഞ്ച് ബയോളജിക്കൽ സൊസൈറ്റിയുടെ മുൻപാകെ ജൂലൈ 30 ന് അവതരിപ്പിച്ചു. എന്നാൽ വാക്സിന്റെ ഫലസിദ്ധിയെ അംഗീകരിക്കാൻ ഹാഫ്ക്കിന്റെ ഗുരുജനങ്ങൾ എന്ന പറയാവുന്ന മെച്ച്നിക്കോവ്, പാസ്റ്റർ തുടങ്ങിയ പ്രഗൽഭരോ മറ്റ് സഹപ്രവർത്തകരോ ഫ്രാൻസ്​, ജർമ്മൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്​ത്രജ്ഞരോ തയ്യാറായില്ല.

കോളറക്കും പ്ലേഗിനുമെതിരെ ഇന്ത്യൻ മണ്ണിൽ വാക്സിൻ ഉല്പാദിപ്പിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച  സൂക്ഷ്മാണുശാസ്​ത്രജ്ഞനാണ് വാൽഡിമാർ ഹാഫ്ക്കിൻ
കോളറക്കും പ്ലേഗിനുമെതിരെ ഇന്ത്യൻ മണ്ണിൽ വാക്സിൻ ഉല്പാദിപ്പിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച സൂക്ഷ്മാണുശാസ്​ത്രജ്ഞനാണ് വാൽഡിമാർ ഹാഫ്ക്കിൻ

അക്കാലത്ത് കോളറ മൂലം ഏറ്റവുമധികം പേർ മരണമടഞ്ഞിരുന്ന ഇന്ത്യയിൽ താൻ വികസിപ്പിച്ചെടുത്ത വാക്സിൻ കൂടുതൽ പേരിൽ പരീക്ഷിച്ച് നോക്കാൻ ഹാഫ്ക്കിൻ തീരുമാനിച്ചു. പാരിസിലെ ബ്രിട്ടീഷ് അംബാസഡറും മുൻ ഇന്ത്യൻ വൈസ്രോയിയിയുമായിരുന്ന ഫെഡറിക്ക് ഹാമിൽട്ടൻ (Frederick Hamilton: 1826 –1902) അന്നത്തെ ബ്രിട്ടീഷിന്ത്യയിലെത്താൻ ഹാഫ്ക്കിനെ സഹായിച്ചു. 1894- ൽ ഇന്ത്യയിലെത്തിയ ഹാഫ്ക്കിൻ ആദ്യം ബൈകുളയിലും പിന്നീട് ബോംബയിലെ പറേലിലും സ്​ഥാപിച്ച ലാബറട്ടറികളിൽ കോളറ വാക്സിൻ നിർമ്മിച്ചെടുത്തു. ആദ്യം കൽക്കട്ടയിലായിരുന്ന ഹാഫ് കിൻ വാക്സിൻ പ്രയോഗിക്കാൻ അവസരം കിട്ടാതെ വിഷമിച്ചു. ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് വൈദ്യസമൂഹം ഒരു ഡോക്ടറല്ലാത്ത ഹാഫ് കിൻ തയ്യാറാക്കിയ വാക്സിൻ പ്രയോഗിക്കുന്നതിനോട് സഹകരിക്കാൻ തയ്യാറായില്ല. മറ്റൊരു പ്രായോഗിക പ്രശ്നവും വാക്സിൻ ഉപയോഗിച്ച് നോക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. ഹാഫ് കിന്റെ വാക്സിൻ രണ്ടു തവണയായിട്ടാണ് നൽകേിയിരുന്നത്. ആദ്യം വാക്സിനേഷന് വിധേയരാവുന്നവരിൽ പലരും രണ്ടാമത്തെ ഡോസിനായി എത്താൻ തയ്യാറായില്ല.

അതിനിടെ കൽക്കട്ടയിലെ ചേരിപ്രദേശമായ ബസ്​തികളിൽ താമസിച്ചിരുന്ന ദരിദ്രർക്കിടയിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഡോക്ടർ ഹാഫ്ക്കിനെ അങ്ങോട്ട് ക്ഷണിച്ചു. കൽക്കട്ടയിലെ കോളറ ബാധിത ചേരിപ്രദേശത്തുാ യിരുന്ന 116 പേർക്ക് ആദ്യമായി ഹാഫ്ക്കിൻ വാക്സിൻ നൽകി. പിന്നീട് കോളറ പടർന്നുപിടിച്ചപ്പോൾ വാക്സിനേഷന് വിധേയരായ ആരെയും രോഗം ബാധിച്ചില്ല. എങ്കിലും ബ്രിട്ടീഷ് ആരോഗ്യ വിഭാഗം ഹാഫ്ക്കിനുമായി സഹകരിക്കാൻ തയ്യാറായില്ല, ഹാഫ്ക്കിൻ ബ്രിട്ടീഷുകാരുടെ സഹായത്തിനായി കാത്തുനിൽക്കാതെ ഇന്ത്യൻ ഡോക്ടർമാരായ ഡോ ചൌധരി, ഖോഷ്, ചാറ്റർജി, ദത്ത് എന്നിവരുടെ സഹകരണത്തോടെ വാക്സി നേഷൻ പ്രവർത്തനം തുടർന്നു. ആദ്യമൊക്കെ ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും പിന്നീട് ബസ്​തിയിൽ താമസി ച്ചിരുന്നവർ വാക്സിനേഷനു വേണ്ടി നീണ്ട ക്യൂവിൽ ക്ഷമയോടെ കാത്തുനിന്നതായി മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്​ത്രചരിത്ര വിഭാഗത്തിലെ പ്രൊഫസർ പട്നായിക്ക് ചക്രവർത്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കല്‍ക്കട്ടയില്‍ കോളറ വാക്സിനേഷന്‍ നടത്തുന്ന ഹാഫ്ക്കിൻ
കല്‍ക്കട്ടയില്‍ കോളറ വാക്സിനേഷന്‍ നടത്തുന്ന ഹാഫ്ക്കിൻ

1894-95 കാലത്ത് ആസാമിലെ തേയിലതോട്ട ത്തിലുള്ള 20,000 പേരെ ഹാഫ്ക്കിൻ വാക്സിനേഷന് വിധേയരാക്കി. തുടർന്ന് നടത്തിയ പഠനത്തിൽ വാക്സിനേറ്റ് ചെയ്യാത്തവരിൽ 22 മുതൽ 40 ശതമാനമാളുകൾ കോളറ മൂലം മരണമടഞ്ഞപ്പോൾ വാക്സിൻ സ്വീകരിച്ചവരിൽ കേവലം 2 ശതമാനമാണ് മരിച്ചതെന്ന് കണ്ടു. മലേറിയ ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഹാഫ്ക്കിൻ 1896- ൽ വീണ്ടും ഇന്ത്യയിലെത്തി ഏഴുമാസത്തിനിടെ 30,000 പേർക്ക് വാക്സിൻ നൽകി. ഇന്ത്യയിലെ വാക്സിനേഷൻ വിജയകരമായതിനെ തുടർന്ന് ഹാഫ്ക്കിന്റെ വാക്സിൻ, റഷ്യയിലും ഉപയോഗിച്ചു തുടങ്ങി. പതിനായിരക്കണക്കിനാളുകളുടെ ജീവനാണ് ഹാഫ് കിൻ റഷ്യയിലും ഇന്ത്യയിലുമായി രക്ഷിച്ചത്.

പ്ലേഗ് വാക്സിനും മുൽകോവാൽ ദുരന്തവും

1896- ൽ ബോംബെയിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഹാഫ്ക്കിൻ ഇന്ത്യയിലെത്തി. ഗ്രാൻഡ് മെഡിക്കൽ കോളേജിൽ ഒരു താത്ക്കാലിക ലാബറട്ടറി സ്​ഥാപിച്ച് ഹാഫ്ക്കിൻ പ്ലേഗ് വാക്സിൻ വികസിപ്പിച്ചെടുത്തു.. 1897 ജനുവരി 10 ന് ആദ്യം സ്വന്തം ശരീരത്തിൽ ഹാഫ്ക്കിൻ വാക്സിൻ പരീക്ഷിച്ചുനോക്കി. തുടർന്ന് ബോംബയിലെ ബൈകുള്ള ജില്ലാ ജയിലിലെ തടവുകാരിൽ പരീക്ഷിച്ചശേഷം നാല്പത് ലക്ഷത്തോളം ഇന്ത്യക്കാർക്ക് വാക്സിൻ നൽകി. 1897 നും 1925 നുമിടക്ക് രണ്ടു കോടി 60 ലക്ഷം പ്ലേഗ് വാക്സിനാണ് ബോംബെയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗത്തേക്കും അയച്ചത്. ഹാഫ്ക്കിന്റെ പ്ളേഗ് വാക്സിന്റെ ഫലസിദ്ധി 50 മുതൽ 85 ശതമാനം വരെയുണ്ടായിരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

പഞ്ചാബിലെ മുൽകോവാൽ എന്ന സ്​ഥലത്ത് 1902 ഒക്ടോബർ 30 ന് വാക്സിനേഷന് വിധേയരായ 19 പേർ ടെറ്റനസ്​ ബാധിച്ച് മരിച്ചത് വലിയ വിവാ ദങ്ങൾക്ക് കാരണമാവുകയും ഹാഫ്ക്കിന്റെ ജീവിതത്തെ അട്ടിമറിക്കയും ചെയ്തു. മുൽകോവാൽ ദുരന്തം (Mulkowal Disaster) എന്നറിയപ്പെടുന്ന പ്രസ്​തുത സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ ഹാഫ്ക്കിൻ കുറ്റക്കാരനാണെന്ന് വിധിച്ചു. തുടർന്ന് ഹാഫ്ക്കിനെ താത്ക്കാലികമായി വാക്സിൻ സംബന്ധമായ ചുമതലയിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. ഇംഗ്ലിലേക്ക് മടങ്ങാൻ ഹാഫ്ക്കിൻ നിർബന്ധിതനായി. ലനിലെ ലിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് (Lister Institute of Preventive Medicine) ഇതേപറ്റി തുടരന്വേഷണം നടത്തുകയും കമ്മീഷന്റെ നിഗമനം ശരിയല്ലെന്നും ഹാഫ്ക്കിന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും വിലയിരുത്തുകയും ചെയ്തു.

വാക്സിനേഷൻ നൽകിയ അസിസ്റ്റൻ്റ് ഉപയോഗിച്ച വാക്സിൻ കുപ്പിയുടെ മലിനമായ അടപ്പിൽ നിന്നാണ് ടെറ്റനസ്​ ഉണ്ടായതെന്ന് ക​ണ്ടെത്തി. മലേറിയ ഗവേഷകനും നോബൽ സമ്മാന ജേതാവുമായ റൊണാൾഡ് റോസ്​ (Sir Ronald Ross: 1857–1932), റോക്കെ ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സൈമൺ ഫ്ലെക്സ്​നർ (Simon Flexner: 1863- 1946) എന്നിവർ മറ്റ് ചില പ്രഗരുമായി ചേർന്ന് ഹാഫ്ക്കിന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കൊുള്ള കത്ത് 1907 ജൂലൈയിൽ ടൈംസ്​ മാസിക പ്രസിദ്ധീകരിച്ചു. 1907 നവംബറിൽ ബ്രിട്ടീഷ് പാർലമെൻ്റ് ഇക്കാര്യം ചർച്ച ചെയ്യുകയും ഹാഫ്ക്കിനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങാൻ അനുവാദം കിട്ടിയ ഹാഫ്ക്കിൻ കൽക്കട്ടയിലെ ബയോളജിക്കൽ ലാബറട്ടറിയുടെ ഡയറക്ടറായി നിയമിതനായി. എന്നാൽ സൈദ്ധാന്തിക ഗവേഷണമല്ലാതെ പ്രായോഗിക പരീക്ഷണങ്ങളൊന്നും നടത്താൻ സർക്കാർ ഹാഫ്ക്കിനെ അനുവദിച്ചില്ല. കോളറക്കെതിരെ പിൽക്കാലത്ത് ഉപയോഗിച്ച് തുടങ്ങിയ നിർവീര്യമാക്കപ്പെട്ട വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഹാഫ്ക്കിനു താത്പര്യമുണ്ടാ യിരുന്നെങ്കിലും സർക്കാരിന്റെ ഗവേഷണ വിലക്ക് മൂലം അതിന് കഴിഞ്ഞില്ല.

മുൽകോവാൽ ദുരന്തം ഹാഫ്ക്കിന്റെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവാണവശേഷിപ്പിച്ചത്. വെള്ളക്കാരുടെ ജ്യൂതവിരോധത്തിന്റെ ഇരയായിരുന്നു ഹാഫ്ക്കിൻ എന്ന് കരുതുന്നവരുമുണ്ട്. ഫ്രഞ്ച് റിപ്പബ്ലിക്കിൽ സായുധസേനയിൽ ക്യാപ്റ്റനായിരുന്ന ജൂതവംശ ത്തിൽ പെട്ട ആൽഫ്രഡ് ഡ്രീഫസിനെ (Alfred Dreyfus: 1859 –1935) യാതൊരു നീതീകരണവുമില്ലാതെ രാജ്യേദ്രാഹക്കുറ്റം ചുമത്തി 1894 മുതൽ 1906 വരെ തടവിലാക്കിയ ​ഫ്രഞ്ച് ഭരണാധികാരികളുടെ ജൂതവിരുദ്ധ മനോഭാവത്തോട് താരതമ്യപ്പെടുത്തി മുൽകോവാൽ സംഭവത്തെ ‘ചെറിയ ഡ്രീഫസ്​ സംഭവം‘ (Little Dreyfus Affair) എന്ന് വിശേഷിപ്പിക്കാറുണ്ട്. 55- മത്തെ വയസ്സിൽ ജോലിയിൽ നിന്ന് വിരമിച്ച ഹാഫ്ക്കിൻ 1914- ൽ ഫ്രാൻസിലെത്തുകയും പിന്നീട് സ്വിറ്റ്സർലാന്റിലെ ലൊസൈനിൽ സ്​ഥിര താമസമാക്കയും ചെയ്തു. അവിവാഹിതനായിരുന്ന ഹാഫ്ക്കിൻ അവസാനകാലം ഏകനായാണ് ചെലവഴിച്ചത്.

1930- ൽ, എഴുപതാമത്തെ വയസ്സിൽ ആ മഹാപ്രതിഭ മരണമടഞ്ഞു. പറേലിൽ ഹാഫ്ക്കിൻ ഗവേഷണം നടത്തിയ പ്ലേഗ് ലാബറട്ടറി എന്നറിയപ്പെട്ടിരുന്ന ലാബറട്ടറി 1925- ൽ ഹാഫ്ക്കിൻ ഇൻസ്റ്റിറ്റ്യൂട്ടായി നാമകരണം ചെയ്യപ്പെട്ടു. പ്ലേഗ് വാക്സിൻ തയ്യാറാക്കുന്നതിനായി ഹാഫ്ക്കിൻ ഉപയോഗിച്ച രണ്ട് മുറികളുള്ള ലാബറട്ടറി ഇപ്പോൾ ഗ്രാൻഡ് മെഡിക്കൽ കോളേജിന്റെയും ജെ ജെ ഹോസ്​പിറ്റലിന്റെയും ഭാഗമായിരിക്കുന്നു. ഹാഫ്ക്കിന്റെ ജന്മദിന ശതവാർഷികത്തിന് 1960- ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ ബഹുമാനാർ ത്ഥം തപാൽ സ്റ്റാമ്പ് പ്രകാശിപ്പിച്ചു. ഇസ്രായേലിൽ ഹാഫ് ക്കിൻ പാർക്ക് സ്​ഥാപിച്ചു.

2014 മാർച്ചിൽ ഹാഫ്ക്കിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും സൂക്ഷ്മജീവി ശാസ്​ത്രത്തിന്റെ വളർച്ചയേയും സംബന്ധിച്ചുള്ള മ്യൂസിയം പ്രവർത്തനമാരംഭിച്ചു. പ്രസിദ്ധ ശാസ്​ത്രജ്ഞനും എഴുത്തുകാരനുമായ സെൽമാൻ വാക്സ്​ മാൻ (Waksman, Selman A- The Brilliant and Tragic Life of W.M.W. Haffkine: Bacteriologist: 1964), റഷ്യൻ എഴുത്തുകാരൻ ഡേവിഡ് മാർകിഷ് ((Markish, David: MAHATMA. The Savior Mankind Never Knew: 2019) എന്നിവർ എഴുതിയ ഗ്രന്ഥങ്ങളാണ് ഹാഫ്ക്കിന്റെ ജീവചരിത്രങ്ങളിൽ പ്രസിദ്ധമായവ,

മനുഷ്യരാശിയുടെ രക്ഷകൻ (The Saviour of Mankind) എന്നാണ് ജോസഫ് ലിസ്റ്റർ ഹാഫ്ക്കിനെ വിശേഷിപ്പിച്ചത്.

READ: കുട്ടികളിലെ
അമിതവണ്ണം

ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ


Summary: Dr. B. Ekbal writes about Wardimaar Halfkin, who developed and used vaccines against cholera and the bubonic plague


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments