മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നുണ്ട്, 170- ലധികം രാജ്യങ്ങളിൽ. 2025-ൽ മുലയൂട്ടൽ വാരത്തിന്റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത് ‘മുലയൂട്ടലിന് മുൻഗണന നൽകുക, സുസ്​ഥിരസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുക’ എന്നതാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുഗതൻ എം.ഇ എഴുതിയ ലേഖനം.

സ്​തനികളുടെ അടിസ്​ഥാന ചോദനകളിൽ സർവ്വപ്രധാനമാണ് മുലയൂട്ടി കുഞ്ഞുങ്ങളെ വളർത്തുക എന്ന പ്രക്രിയ. ഓരോ നവജാത ശിശുവിനും മുലപ്പാൽ കുടിച്ച് വളരാനുളള അവകാശം ജന്മസിദ്ധമാണ്. ജീവിതത്തിന്റെ അടിസ്​ഥാനശിലയായ ഈ സ്വാതന്ത്ര്യം സംരക്ഷിക്കേത് അമ്മയുടെയും കുടുംബത്തിന്റെയും, എന്തിനേറെ സമൂഹത്തിന്റെ തന്നെയും കടമയാണ്.

മുലയൂട്ടുന്നതിന്റെ ഗുണങ്ങൾ

1.കുഞ്ഞിനെ സംബന്ധിച്ച് വളർച്ചയ്ക്കാവശ്യമായ ധാന്യകം, മാംസ്യം, പോഷകം, വിറ്റാമിനുകൾ , ജലാംശം ഇവ കൃത്യമായ അളവിൽ ലഭിക്കുന്നു.
2.കൊളോസ്​ട്രം എന്നറിയപ്പെടുന്ന മുലപ്പാലിന്റെ മുന്നോടിയായ മഞ്ഞപ്പാൽ രോഗപ്രതിരോധ കണികകളാൽ സമ്പുഷ്ടമാണ്. മുലയൂട്ടൽ വയറിളക്ക രോഗങ്ങളെയും ന്യൂമോണിയയേയും തടയുന്നു. 3.അമ്മയും കുഞ്ഞും തമ്മിലുണ്ടാകേണ്ട വൈകാരിക അടുപ്പം ഊട്ടിയുറപ്പിക്കുന്നു.
4.അമ്മയ്ക്കും മുലയൂട്ടൽ വളരെ വലിയ ഗുണങ്ങൾ ചെയ്യുന്നു. പ്രസവാനന്തര രക്തസ്രാവം കുറയാനും ഗർഭാശയം ചുരുങ്ങിയ സമയം കൊണ്ട് സങ്കോചിക്കാനും നേരത്തെ ആരംഭിക്കുന്ന മുലയൂട്ടൽ സഹായിക്കുന്നു. ഭാവിയിൽ സ്​തനാർബുദം അണ്ഡാശയ അർബുദം ഇവയെ തടയുന്നു. മേൽ വിവരിച്ച എല്ലാ കാര്യങ്ങൾക്കും നിരവധി ഗവേഷണ സാക്ഷ്യങ്ങൾ ലഭ്യമാണ്.
5. സർവ്വോപരി ഫോർമുല ഫീഡിങ്ങുമായി (കൃത്രിമപ്പാൽ) ബന്ധപ്പെട്ട അണുബാധ, ദുർമേദസ്സ്, അധിക ചെലവ് ഇവയെ ഫലപ്രദമായി തടയുന്നു.

ചില പൊതു തത്വങ്ങൾ

1.കുഞ്ഞു ജനിച്ച് ഒരു മണിക്കൂറിനുളളിൽ മുലയൂട്ടാനുളള ശ്രമങ്ങൾ നിശ്ചയമായും ആരംഭിക്കണം.
2.ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം നൽകുക. മറ്റൊന്നും; ജലം പോലും, നൽകാൻ പാടില്ല.
3. ആറു മാസം കഴിഞ്ഞാൽ കുറുക്കു രൂപത്തിലുളള ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങണം. ഇപ്പോൾ ധാന്യങ്ങൾ, പഴങ്ങൾ, പയറു വർഗ്ഗങ്ങൾ, കോഴിമുട്ടയുടെ മഞ്ഞ ഇവയും ഉൾപ്പെടുത്താം. മുലയൂട്ടൽ തുടരുകയും വേണം.
4.മൃഗങ്ങളുടെ പാൽ, പാലുല്പന്നങ്ങൾ, വെളളം ഇവ നൽകാൻ പാടില്ല. ഇവ നൽകിയാൽ മുല വലിച്ചുകുടിക്കാനുളള കുഞ്ഞിന്റെ താൽപര്യം കുറയുന്നതായി കാണുന്നു.
5.രണ്ടു വയസ്സുവരെയെങ്കിലും മുലയൂട്ടൽ തുടരുന്നതാണ് ശരി.
6.മുലയൂട്ടുന്ന അമ്മമാർ 3 മുതൽ 4 ലിറ്റർ വരെ വെളളം കുടിക്കുന്നത് ആവശ്യമാണ്. ഉണർന്നിരിയ്ക്കുന്ന ഓരോ മണിക്കൂറിലും 200 മില്ലി വെളളം എന്ന കണക്ക് ഏതാണ്ട് ശരിയായിരിക്കും. മുലപ്പാൽ ധാരാളമായി ഉണ്ടാകാൻ ശുദ്ധജലത്തോളം ഫലപ്രദമായ മറ്റൊരു ഔഷധം ഇല്ല തന്നെ.

ഇനി ചില കൗതുക വിവരങ്ങൾ

മുലപ്പാൽ കുറവാണ് എന്നത് പൊതുവിലുള്ള പരാതിയാണ്. എന്നാൽ ശാസ്​ത്രീയപഠനങ്ങൾ പറയുന്നത്, ഇത് 1000 പ്രസവങ്ങൾ നടക്കുന്നതിൽ ഒരാൾക്കോ മറ്റോ ചിലപ്പോൾ അങ്ങനെയുണ്ടാകാം എന്നാണ്. മുലയൂട്ടൽ വിജയിക്കാൻ, ഗർഭാവസ്​ഥയിൽ തന്നെ സ്​ത്രീകൾക്ക് ആരോഗ്യപ്രവർത്തകർ, ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്​തനങ്ങളുടെ സംരക്ഷണത്തിലും വൈകാരിക പ്രശ്നങ്ങളിലും ഉപദേശങ്ങൾ നൽകേതുണ്ട്. മുലക്കണ്ണിന്റെ അപാകങ്ങളും മുൻകൂട്ടി പരിഹരിയ്ക്കാൻ കഴിയും.

ശാസ്​ത്രീയമായ ആവശ്യകതയില്ലാതെ ഫോർമുല ഫീഡ് നൽകുന്നത് അഭികാമ്യമല്ല. അത് നിശ്ചയമായും മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കും. മുലയൂട്ടലിന്റെ കാര്യത്തിൽ സിസേറിയനും, സാധാരണ പ്രസവവും തമ്മിൽ കാര്യമായ ഒരു വ്യത്യാസവും ഇല്ല. മുല കുടിക്കാൻ കുഞ്ഞിനോ, നൽകാൻ അമ്മയ്ക്കോ യാതൊരു പ്രശ്നങ്ങളുമില്ല.

മുലയൂട്ടലിന്റെ സമയം, ദൈർഘ്യം, ഇടവേള

5 മുതൽ 15 മിനിറ്റ് വരെയെടുക്കാം, ഒരു പ്രാവശ്യം മുല കുടിപ്പിക്കാൻ. കഴിവതും രണ്ടു സ്​തനങ്ങളിൽ നിന്നും കുടിപ്പിക്കണം. കഴിവതും അമ്മമാർ ചാരിയിരുന്നു മുലയൂട്ടുന്നതാണ് നല്ലത്. ബർപ്പിംഗ് (കുട്ടിയെ തോളത്തിട്ട് പുറത്തുതട്ടി വയറ്റിലെ കാറ്റ് കളയുന്ന രീതി) ചെയ്യാൻ ഒരിക്കലും വിട്ടുപോകരുത്. ബർപ്പ് ചെയ്യുമ്പോൾ ഗ്യാസ്​ പോകുന്നുണ്ടോ എന്നു നോക്കേണ്ട ആവശ്യമില്ല. എല്ലായ്പ്പോഴും ഗ്യാസ്​ പോകണമെന്നില്ല. ഏതാണ്ട് 5 മാസം പ്രായം വരെ മാതമേ ബർപ്പിംഗ് ആവശ്യമുളളൂ. ആരോഗ്യവാനായ കുഞ്ഞിനെ ഡിമാൻ്റ് (ആവശ്യം) അനുസരിച്ച് മാത്രമേ മുലയൂട്ടേണ്ടതുളളൂ. പ്രത്യേക ഇടവേള പാലിക്കേണ്ടതില്ല. 2.5 കിലോ മുതൽ 4 കിലോ വരെ തൂക്കമുളള കുഞ്ഞുങ്ങളിൽ ഏതാണ്ട് ഒരു ശതമാനം ഭാരവർദ്ധനയാണ് ദിനംപ്രതി ഉണ്ടാകേണ്ടത്. അങ്ങനെ 6 മാസം പ്രായമാകുമ്പോൾ ജനിച്ചതിന്റെ ഇരട്ടി തൂക്കമുണ്ടാകും.

പ്രത്യേക സാഹചര്യങ്ങൾ

ജോലിയുളള അമ്മ: കുഞ്ഞിന് 6 മാസം പ്രായമായാൽ ലീവ് അവസാനിപ്പിച്ച് ജോലിക്ക് പോകാം. പക്ഷേ മുലയൂട്ടൽ സംബന്ധമായ നിബന്ധനകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് കുഞ്ഞിന്, മുലപ്പാൽ, പിഴിഞ്ഞെടുക്കുന്ന മുലപ്പാൽ (EBM), Weaning Food ഇവ നൽകി മുന്നോട്ടുപോകാൻ കഴിയും. ഫോർമുല ഫീഡോ, മൃഗങ്ങളുടെ പാലോ നൽകേതില്ല. പിഴിഞ്ഞെടുത്ത മുലപ്പാൽ (EBM) 5 മണിക്കൂർ ഷെൽഫിലും, 5 ദിവസം ഫ്രിഡ്ജിലും 5 മാസം ഡീപ്പ് ഫ്രീസറിലും കേടുകൂടാതെ ഇരിക്കും.

വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ മുലയൂട്ടൽ വർജ്ജിക്കേണ്ട തുള്ളൂ. അതായത്, എയ്ഡ്സ്​ രോഗിയായ അമ്മ (ചില ഘട്ടങ്ങളിൽ മാത്രം), അർബുദ ചികിൽസയുടെ ഭാഗമായി കീമോ തെറാപ്പി ചെയ്യുന്ന അമ്മ.
മറ്റു രോഗങ്ങളിൽ- ചിക്കൻ പോക്സിൽ പോലും- അമ്മയ്ക്ക് മുലയൂട്ടാം.

മറ്റൊരുകാര്യം, കുഞ്ഞിനെ കൂടാതെ വിദേശജോലിക്കുപോകുന്ന അമ്മമാരുടെ കാര്യത്തിൽ കുഞ്ഞിനെ മുൻകൂട്ടി ഫോർമുല കൊടുത്തു ശീലിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അതേപോലെ തന്നെ മുലയൂട്ടൽ പ്രോത്സാഹനം വളരെയധികം സഹായവും, ശാക്തീകരണവും വേണ്ട ഒരു പ്രക്രിയയാണ്. സഹായം വീട്ടിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും മൊത്തത്തിൽ സമൂഹത്തിൽ നിന്നും ലഭിക്കേതുണ്ട്.

മുലയൂട്ടലുമായി ബന്ധപ്പെട്ട ചില ചരിത്രമുഹൂർത്തങ്ങളെ കുറിച്ചുകൂടി സൂചിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

ബി.സി 3000 മുതലാണത്രേ മനുഷ്യവംശത്തിന്റെ മുലയൂട്ടൽ സംബന്ധമായ രേഖകൾ ഉണ്ടായത്. 1992 മുതൽ W.H.O- യും UNICEF- ഉം ചേർന്ന് WABA- യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നുണ്ട്, 170- ലധികം രാജ്യങ്ങളിൽ. 2025-ൽ മുലയൂട്ടൽ വാരത്തിന്റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത് ‘മുലയൂട്ടലിന് മുൻഗണന നൽകുക, സുസ്​ഥിരസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുക’ എന്നതാണ്.

നമ്മുടെ പ്രിയപ്പെട്ട കേരളമാണ് ലോകത്തിലെ തന്നെ ആദ്യത്തെ ശിശു സൗഹൃദ സംസ്​ഥാനമായി 2002- ൽ പ്രഖ്യാപിക്കപ്പെട്ടത്. 1992 മുതലാണ് ശിശുസൗഹൃദ ആശുപത്രി (BFHI) എന്ന സങ്കല്പം തന്നെ ഉരുത്തിരി യുന്നത്. അന്ന് W.H.O- യും UNICEF- ഉം ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ​ ((IAP) മേൽനോട്ടത്തിൽ അഖിലേന്ത്യാ തലത്തിൽ ഒരു പത്തിന കർമപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത് വലിയ സാമൂഹിക വിപ്ലവമായി മാറി.

READ: തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments