ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

‘നല്ല ചർമ്മം’ എന്നാൽ ‘വെളുത്ത ചർമ്മം’ ആണെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. അതിനുവേണ്ടി മാർക്കറ്റിൽ ലഭ്യമായ Whitening cream- കൾ ഉപയോഗിച്ച് മുഖം വികൃതമാക്കി വരുന്നവരുമുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ​ഡോ. അനുജി പി. സുപ്രൻ എഴുതിയ ലേഖനം.

സോഷ്യൽ മീഡിയ അതിപ്രസരത്തിന്റെ ഈ കാലഘട്ടത്തിൽ സ്​കിൻ കെയർ റൂട്ടീൻസ്​ (Skin care routine) എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. മാർക്കറ്റിൽ ലഭ്യമായ എല്ലാ ക്രീമുകളും പരീക്ഷിക്കുന്നതാണ് സ്​കിൻ കെയർ റൂട്ടീൻസ്​ എന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. ചുരുക്കം ചിലർ ഇതെല്ലാം തട്ടിപ്പാണെന്ന് വിശ്വസിക്കുന്നുമുണ്ട്. എന്താണ് സ്​കിൻ കെയർ റൂട്ടീൻസ്, നിങ്ങൾക്ക് പറ്റിയവ എങ്ങനെ തിരഞ്ഞെടുക്കാം, എന്തൊക്കെ മിഥ്യാധാരണകൾ – അവ എങ്ങനെ മറികടക്കാം. എന്നൊക്കെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

എന്താണ് സ്​കിൻ കെയർ റൂട്ടിൻ?

ചർമ്മസംരക്ഷണത്തിന് വേണ്ടി കൃത്യമായും സ്​ഥിരമായും ചെയ്യാവുന്ന കാര്യങ്ങൾ: ചുരുക്കിപ്പറഞ്ഞാൽ രാവിലെയും രാത്രിയിലും ദിനചര്യയുടെ ഭാഗമായി ചർമ്മം എങ്ങനെ സംരക്ഷിയ്ക്കാം എന്നതു മാത്രമാണ് സ്​കിൻ കെയർ റൂട്ടീൻസ്​.

ചർമ്മരക്ഷാകാര്യങ്ങൾ പണ്ടുകാലം മുതലേ ഉള്ളവയാണ്. പാരമ്പര്യരീതികളിൽ എണ്ണ പുരട്ടി കുളിക്കുന്നതും മഞ്ഞൾ–ചന്ദന ലേപനങ്ങൾ പുരട്ടുന്നതുമെല്ലാമായിരുന്നെങ്കിൽ ഇന്ന് അവ ആധുനിക രീതിയിലാണെന്ന് മാത്രം. പ്രായം, സൂര്യകിരണങ്ങൾ, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ ചർമ്മത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും, ചർമ്മകാന്തി നിലനിർത്താനും ഇവ സഹായിക്കും. നിങ്ങളുടെ സ്​കിൻ ടൈപ്പിന് ചേരുന്നവിധം ഇവ തിരഞ്ഞെടുക്കണമെന്നു മാത്രം.

സ്​കിൻ കെയർ:
അടിസ്​ഥാന കാര്യങ്ങൾ

ഇൻസ്റ്റഗ്രാമിലും ഫെയ്സ്​ബുക്കിലും കാണുന്ന പോലെ പത്തും ഇരുപതും പടികളുള്ള റൂട്ടിൻസിന്റെ ആവശ്യമൊന്നും യഥാർത്ഥത്തിലില്ല. റൂട്ടിൻ എന്നാൽ ദിനചര്യയാണ്. അതിനാൽ തന്നെ പ്രായോഗികമായും ദിവസവും കൃത്യതയോടെ തുടരാൻ പറ്റുന്നവയാകണം. മാർക്കറ്റിൽ ലഭ്യമായ എല്ലാ വസ്​തുക്കളും ഒരുമിച്ച് ഉപയോഗിക്കാതെ, നിങ്ങളുടെ ചർമ്മത്തിനും ബഡ്ജറ്റിനും ചേർന്ന പ്രോഡക്റ്റുകൾ തിരഞ്ഞെടുക്കുന്നതും അവ കൃത്യമായും തുടർച്ചയായും ഉപയോഗിക്കുന്നതിലുമാണ് സ്​കിൻ കെയർ റൂട്ടീൻസിന്റെ ഫലവും വിജയവും.

ചില സ്​കിൻ കെയർ പദങ്ങൾ

ക്ലെൻസർ: പേരു സൂചിപ്പിക്കുന്നതു പോലെ ചർമ്മം ക്ലീൻ ചെയ്യുന്ന ഉൽപ്പന്നങ്ങളാണിത്. ചർമ്മത്തിലെ അഴുക്ക്, മേക്ക് അപ്പ്, ഒരു പരിധിവരെ ചില ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാൻ ക്ലെൻസറുകൾ സഹായിക്കും. വരണ്ട ചർമ്മമുള്ളവർ ജെൻ്റിൽ (Gentle) ക്ലെൻസറുകളും, എണ്ണമയമാർന്നവർ Oil-control ക്ലെൻസറുകളും തിരഞ്ഞെടുക്കണം.

ടോണർ: ക്ലെൻസർ ബാക്കിവെയ്ക്കുന്ന അഴുക്ക്, എണ്ണ തുടങ്ങിയവയൊക്കെ നീക്കാനും, ചർമത്തിന്റെ pH നിലനിർത്താനും ടോണർ സഹായിക്കും. നല്ല ക്വാളിറ്റി ക്ലെൻസർ ഉപയോഗിക്കുന്നവരാണെങ്കിൽ ടോണർ നിർബന്ധമില്ല.

മോയ്സ്​ചറൈസർ: ചർമ്മത്തിന് മയം നൽകാനും ജലാംശം നിലനിർത്താനും ഇവ സഹായിക്കും. വരണ്ട ചർമ്മമുള്ളവർ ക്രീം രൂപത്തിലുള്ളവയും എണ്ണമയമാർന്നവർ ജെൽ രൂപത്തിലുള്ളവയും തിരഞ്ഞെടുക്കുക. മുഖത്തെ ചർമ്മം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്​തമായതിനാൽ ബോഡിക്രീമുകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ല.

സൺസ്​ക്രീൻ: സൂര്യപ്രകാശത്തിന്റെ ദോഷമാർന്ന രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിച്ച് Photo ageing തടയാനും, ചർമ്മകാന്തി നിലനിർത്താനും സൺസ്​ക്രീനുകൾ സഹായിക്കും. എണ്ണമയമുള്ള ചർമ്മത്തിന് ജെൽ രൂപത്തിലുള്ള സൺസ്​ക്രീനുകളും വരണ്ട ചർമ്മത്തിന് ക്രീം രൂപത്തിലുള്ളവയും സെൻസിറ്റീവ് ചർമ്മത്തിന് മിനറൽ സൺ സ്​ക്രീനുകളും ഉപയോഗിക്കാം.

സീറം: ചർമ്മത്തിന്റെ വിവിധ പ്രശ്നങ്ങൾക്കുള്ള പ്രത്യേക ഘടകങ്ങൾ (Active Ingredients) അടങ്ങിയവയാണ് സീറങ്ങൾ. കറുത്ത പാടുകൾ, കലകൾ, ചുവന്ന പാടുകൾ എന്നിവയൊക്കെ ടാർഗെറ്റ് ചെയ്യുന്ന പലവിധം സീറങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

AHA/BHA: ആൽഫ / ബീറ്റ ഹൈേഡ്രാക്സി ആസിഡ് അടങ്ങിയ സീറം, പീൽസ്​ ഒക്കെ ഇന്ന് വളരെ സുലഭമാണ്. ചർമ്മത്തിന്റെ പ്രത്യേക പ്രശ്നങ്ങളെ നേരിടാനുള്ള ഘടകങ്ങളാണിവ.

ഒരു നല്ല സ്​കിൻ കെയർ റൂട്ടീൻ എങ്ങനെയായിരിക്കണം?

  • ചർമ്മത്തിനും ചർമ്മരോഗങ്ങൾക്കും അനുസരിച്ചുള്ളതായിരിക്കണം ഉൽപ്പന്നങ്ങൾ.

  • ദിവസവും കൃത്യമായി തുടർന്നുപോകാൻ കഴിയണം.

  • അമിതസമയം ചെലവാക്കുന്ന തരം റൂട്ടീനുകൾ പ്രായോഗികമായെന്നു വരില്ല.

  • ബഡ്ജറ്റിനുതകുന്നതരമാകണം.

  • ചർമ്മത്തെ കൂടുതൽ പ്രകോപിക്കുന്നതരമാകരുത്.

ഒരു ബേസിക് സ്​കിൻ കെയർ റൂട്ടീൻ

തുടക്കക്കാർക്ക് ഏറ്റവും മിനിമം ഘടകങ്ങൾ ഉപയോഗിച്ച് ഒരു റൂട്ടീൻ തുടങ്ങാം. ക്ലെൻസർ, മോയ്സചറൈസർ, സൺസ്​ക്രീൻ എന്നിവയാണ് അടിസ്​ഥാനപരം. നിങ്ങളുടെ ചർമ്മത്തിനു ചേരുന്നവ ഡോക്ടറോട് ചോദിച്ച് തിരഞ്ഞെടുക്കുക.

ബേസിക് സ്​കിൻ കെയർ റൂട്ടീൻ ഒരുവിധം പരിചിതമായാൽ കൂടുതൽ ഘടകങ്ങൾ ഒന്നൊന്നായി ഉൾപ്പെടുത്താം. ഒന്നിൽ കൂടുതൽ പുതിയ ഘടകങ്ങൾ ഒരുമിച്ച് തുടങ്ങുന്നത് ഒഴിവാക്കുക. ഇതുവഴി ഏതെങ്കിലും ഒന്നിന് അലർജി വന്നാൽ തിരിച്ചറിയാൻ എളുപ്പമായിരിക്കും. ക്രീമുകൾ മിക്സ്​ ചെയ്ത് പുരട്ടുന്നതിനേക്കാൾ ഒന്നിനുമുകളിലായി അടുത്തത് പുരട്ടുന്നതാണ് (ലേയറിംങ്) നല്ലത്.

ചില ലേയറിംങ് ടിപ്സ്​

  • ക്ലെൻസർ, മോയ്സ്​ചറൈസർ, സൺസ്​ക്രീൻ ആണ് അടിസ്​ഥാനം.

  • സീറം ഉപയോഗിക്കുന്നുവെങ്കിൽ, ക്ലെൻസ്​ ചെയ്ത ഉടനെ പുരട്ടി അതിനു മുകളിൽ മോയ്സ്​ചറൈസർ ഉപയോഗിക്കുക.

  • പകൽസമയം മോയ്സചറൈസറിനു മുകളിൽ സൺ സ്​ക്രീൻ പുരട്ടുക. മേയ്ക്ക് അപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ സൺസ്​ക്രീനിനുശേഷം ഇവ ഉപയോഗിക്കാം.

  • മുഖക്കുരു പോലുള്ള രോഗങ്ങൾക്കുള്ള മരുന്ന് ഉപയോഗിക്കുന്നവരാണെങ്കിൽ മരുന്നിനനുസരിച്ചാണ് ലെയർ ചെയ്യേത്. ഉദാ. നിയാസിനമൈഡ് മുഖം കഴുകി ഉടനെയോ, സീറത്തിന് ശേഷമോ പുരട്ടാം. റെറ്റിനോയിഡ് മോയ്സചറൈസർ പുരട്ടിയശേഷം ഉപയോഗിച്ചാൽ അസ്വസ്​ഥത ഒരു പരിധിവരെ കുറയ്ക്കാം. സംശയങ്ങളുള്ളപക്ഷം എപ്പോഴും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി മാത്രം റൂട്ടീൻ തുടരുക.

ചില സാധാരണ ചോദ്യങ്ങൾ

സ്​കിൻ കെയർ റൂട്ടീൻ നിർബന്ധമാണോ?
ചർമ്മം സംരക്ഷിച്ചാൽ അവ നന്നായി നിലനിൽക്കുമെന്നത് വസ്​തുതയാണ്. പ്രശ്നങ്ങൾ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.

ഒരു സ്​കിൻ കെയർ റൂട്ടീൻ ‘പ്രവർത്തിക്കുന്നുണ്ടോ’ എന്ന് എപ്പോൾ അറിയാൻ പറ്റും?

ഏതൊരു മരുന്ന് / ഘടകം ചർമ്മത്തിൽ പുരട്ടുമ്പോഴും അതിന്റെ ഫലം വ്യകതമാകാൻ മിനിമം 4–6 ആഴ്ചകൾ എടുത്തേക്കും. റെറ്റിനോയിഡ് പോലുള്ള ഘടകങ്ങൾക്ക് ദീർഘകാല ഫലങ്ങളും ഉണ്ടള. അതിനാൽ രണ്ടാഴ്ച മാത്രം ഉപയോഗിച്ച് നിരാശപ്പെടേണ്ടതില്ല.

മുഖം ഉരച്ചു വൃത്തിയാക്കുന്നത് നല്ലതാണോ?

തരി പോലുള്ള വസ്​തുക്കളുപയോഗിച്ച് അമിതമായി ഉരച്ചാൽ മുറിവുകളുണ്ടായി ((Micro abrasions) ചർമ്മം കൂടുതൽ പ്രകോപിക്കപ്പെട്ട് കറുപ്പ്, കലകൾ തുടങ്ങിയവ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ Physical Scrubs ഒഴിവാക്കുന്നതാണ് നല്ലത്.

ആവി പിടിക്കുന്നത് നല്ലതാണോ?

ദിവസവും ആവി പിടിക്കുന്നത് ചർമ്മത്തിലെ സ്വാഭാവികമായ നൈർമല്യം, ജലാംശം തുടങ്ങിയവയെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി ഐസ്​ വെച്ച് ഉരയ്ക്കുന്നതും മുഖം ഇടയ്ക്കിടെ കഴുകുന്നതുമെല്ലാം യഥാർത്ഥത്തിൽ വിപരീത ഫലമാണ് നൽകുക.

സീറം എങ്ങനെ തിരഞ്ഞെടുക്കാം?

ആക്ടീവ് ഇൻഗ്രീഡിയൻസ്​ അടങ്ങിയ പലവിധം സീറങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങളുടെ ആവശ്യകതയും ചർമ്മത്തിന്റെ അവസ്​ഥയും അനുസരിച്ചാണ് സീറം തിരഞ്ഞെടുക്കേത്. ഉദാ: ചർമ്മകാന്തിയ്ക്കായി വിറ്റാമിൻ സി സീറം, വരണ്ട ചർമ്മത്തിന് Hyaluronic acid. സീറവും ഉത്തമമാണ്. കറുത്ത പാടുകൾക്ക് പിഗ് മെന്റേഷൻ കുറയ്ക്കുന്ന ആക്ടീവ്സ്​ ആണ് വേണ്ടത്. ഡോക്ടറോട് ചോദിച്ച് ആവശ്യമായവ മാത്രം ഉപയോഗിക്കുക.

10 സ്​റ്റെപ്പ് ഉള്ള റൂട്ടീൻ ആണോ നല്ലത്?

സ്​റ്റെപ്പുകളുടെ എണ്ണത്തിലല്ല നിങ്ങളുടെ പ്രശ്ന ങ്ങൾക്കനുസരിച്ച് ഘടകങ്ങൾ തിരിഞ്ഞെടുക്കുന്നതിലും അത് കൃത്യമായി തുടരുന്നതിലുമാണ് ഫലമുണ്ടാകുക.

ഗർഭിണികൾക്ക് സ്​കിൻ കെയർ റൂട്ടീനുകൾ ഉപയോഗിക്കാമോ?

സുരക്ഷിതമായ ഘടകങ്ങൾ തിരഞ്ഞെടുത്താൽ റൂട്ടീൻസ്​ തുടരാം. റെറ്റിനോയിഡ്, സാസിസിലിക് ആസിഡ്, ആർബൂട്ടിൻ തുടങ്ങി ചില ആക്ടീവ്സ്​ ഗർഭിണികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

ചർമ്മസംരക്ഷണത്തിനായി
കൂടുതൽ എന്തൊക്കെ?

വീട്ടിൽ തുടരാവുന്ന റൂട്ടീനുകൾക്കുപരിയായി In clinic procedure- കൾ അവശ്യമെങ്കിൽ ചെയ്യാം. ഏറ്റവും ലളിതമായ കെമിക്കൽ പീലുകൾ, മെഡിഫേഷ്യൽ എന്നിവ മാസത്തിൽ ഒരു തവണ വീതം ചെയ്യാം. ചർമ്മത്തിന്റെ രോഗാവസ്​ഥ അനുസരിച്ച് ലേസർ, MNRF, PRP, GFC, Mesobotox തുടങ്ങിയവ ഇന്ന് ലഭ്യമാണ്. അടിസ്​ഥാന സ്​കിൻ കെയർ റൂട്ടീനുകൾക്ക് പുറമേ ഇവ ആവശ്യമെങ്കിൽ തുടരാവുന്നതാണ്.

ചർമ്മത്തിനുതകുന്ന രീതിയിലുള്ള ഘടകങ്ങൾ തിരഞ്ഞെടുത്ത് അവ കൃത്യമായി ഉപയോഗിക്കുന്നതിലാണ് ഒരു നല്ല സ്​കിൻ കെയർ റൂട്ടീന്റെ വിജയം. ചർമ്മത്തെ പ്രകോപ്പിക്കുന്ന തരമുള്ള വസ്​തുതകൾ ഉപയോഗിക്കാതെയിരിക്കുന്നതും ഒന്നിനു പുറമേ മറ്റൊന്നായി പലതരം ഉൽപ്പന്നങ്ങൾ മാറിമാറി പരീക്ഷിക്കാതെയിരിക്കുന്നതും ഉപകാരപ്പെടും. അവസാനമായി ഒന്നുകൂടി പറയാം: ‘നല്ല ചർമ്മം’ എന്നാൽ ‘വെളുത്ത ചർമ്മം’ ആണെന്നുള്ള മിഥ്യാധാരണ പലർക്കുമുണ്ട്. അതിനുവേണ്ടി മാർക്കറ്റിൽ ലഭ്യമായ Whitening cream- കൾ ഉപയോഗിച്ച് മുഖം വികൃതമാക്കി വരുന്നവരുമുണ്ട്. Whitening എന്ന ലേബലുള്ള ക്രീമുകളിൽ പൊതുവേ സ്റ്റീറോയ്ഡ്, ഹൈേഡ്രാക്വിനോൺ തുടങ്ങിയ വസ്​തുക്കൾ അടങ്ങാറുണ്ട്. ഇവയുടെ തുടർച്ചയായ ഉപയോഗം ചർമ്മത്തിൽ കുരുക്കൾ, വടുക്കൾ, രോമവളർച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. സ്റ്റീറോയ്ഡ് ക്രീമുകളുടെ അമിത ഉപയോഗം മുലമുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ദീർഘകാലം നിലനിൽക്കുകയും ചെയ്യും. മെർക്കുറിപോലുള്ള ഹെവി മെറ്റൽ അടങ്ങിയ ക്രീമുകൾ വൃക്കയെ ബാധിക്കുന്നതും നമ്മൾ ഈയിടെ കണ്ടതാണല്ലോ. അതിനാൽ ആരോഗ്യപരമായ ക്രീമുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ഓർക്കുക; നല്ല ചർമ്മം എന്നാൽ ആരോഗ്യമാർന്ന ചർമ്മമാണ്, വെളുത്ത ചർമ്മമല്ല.

READ: മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments