ഹോളി ആഘോഷത്തിനെന്ന പേരിൽ കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തത് കഴിഞ്ഞദിവസമാണ്. ഒരു വിദ്യാർത്ഥിയുടെ മുറിയിൽനിന്ന് 1.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സമീപകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന പരാതികളെ തുടർന്ന് പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കഞ്ചാവ് മിഠായികൾ മുതൽ മാരകമായ രാസലഹരി വരെ പിടിച്ചെടുക്കുന്നുണ്ട്.
ലഹരിയുടെ അമിതമായ ഉപയോഗമാണ് കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന അക്രമാസക്തിക്ക് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. സർക്കാർ മുതൽ വിദ്യാർത്ഥിസംഘടനകൾ വരെ ബോധവൽക്കരണവുമായി രംഗത്തുണ്ടെങ്കിലും, ലഹരിക്കടത്ത് കർശനനടപടിയെടുക്കേണ്ട കുറ്റകൃത്യമായി മാറിയിട്ടും ഈ വിഷയത്തിന്റെ യഥാർത്ഥ സാമൂഹിക- മനഃശാസ്ത്ര- രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് സമഗ്രമായ ഒരാലോചനയ്ക്ക് കേരളീയ സമൂഹം മടിച്ചുനിൽക്കുകയാണ്. ഇത്തരമൊരു ചർച്ചയാണ് ട്രൂകോപ്പി വെബ്‌സീൻ തുടങ്ങിവെച്ചത്. അധ്യാപകരും സൈക്യാട്രിക് വിദഗ്ധരും പൊതുജനാരോഗ്യ വിദഗ്ധരും ഗവേഷകരും, ഈ വിഷയത്തെ വിലയിരുത്തുന്നു.
കേരളീയ സമൂഹം എന്ന പ്രതി
എതിരൻ കതിരവൻ

‘‘ഈയിടെ നടന്ന പല ക്രൂരതകൾക്കും സംഘട്ടനങ്ങൾക്കും പോലീസ് ഇടപെടലുകൾ തുലോം വിരളമായിരുന്നു എന്ന് നമുക്കറിയാം. പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി പീഡിപ്പിച്ചത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കെല്ലാം അറിവുള്ളതായിരുന്നു, പക്ഷേ പോലീസിനെ വിളിയ്ക്കാൻ പേടിയായിരുന്നത്രെ. കോട്ടയത്തെ റാഗിങ്ങ് കേസിലും ഇത് ആവർത്തിച്ചു. റാഗിങ്ങ് ഇതുവരെ നിർത്തലാക്കാൻ സാധിയ്ക്കാത്തത് ഉചിതശിക്ഷ നടപ്പാക്കാത്തതിനാലാണ്. പോലീസിന്റെ നീതിയും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ച് മനുഷ്യജീവനെ നിസ്സാരവൽക്കരിക്കുന്ന ഈ സാമൂഹ്യനീതി നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾ അക്രമാസക്തരായി വിരാജിക്കും’’
▮
ഡിജിറ്റൽ ലോകത്തെ
ഏകാന്തനായ കുട്ടി
ഡോ. അരുൺ ബി. നായർ

‘‘രാസലഹരികളുടെ സുലഭമായ ലഭ്യത അവയുടെ ഉപയോഗം വ്യാപകമാക്കുന്നു. ഇവ തലച്ചോറിന്റെ രാസഘടനയെ തന്നെ മാറ്റിമറിക്കുകയും പലതരം പെരുമാറ്റപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ലഹരി ഉപയോഗിക്കുമ്പോൾ pre frontal cortex അടക്കമുള്ള മസ്തിഷ്ക ഭാഗങ്ങളുടെ പ്രവർത്തനം മന്ദീഭവിക്കും. മനുഷ്യരെയും മൃഗങ്ങളെയും വ്യത്യസ്തരാക്കുന്ന ഒരു ഭാഗമാണ് pre frontal cortex. ആത്മനിയന്ത്രണത്തിന്റെ കേന്ദ്രം, ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാൻ ഉപയോഗപ്പെടുന്ന ഭാഗം, ആളും തരവും നോക്കി പെരുമാറാൻ പറ്റുന്നത് pre frontal cortex മൂലമാണ്. ലഹരി ഉപയോഗിക്കുമ്പോൾ ഇതടക്കമുള്ള മസ്തിഷ്‌ക ഭാഗങ്ങൾ മന്ദീഭവിക്കുന്നതോടെ അക്രമം കാണിച്ചാൽ അതിന്റെ പ്രത്യാഘാതം ഇന്നതൊക്കെയാണ് എന്ന വകതിരിവ് നഷ്ടമാകും. അപ്പോൾ മനസ്സിൽ തോന്നുന്ന എത്ര ക്രൂരമായ സംഗതിയും അതിന്റെ പരിപൂർണതയിലും ഏറ്റവും അക്രമാസക്തമായും അവതരിപ്പിക്കുന്ന രീതിയിലേക്ക് ചെറുപ്പക്കാർ പോകും’’
▮
ഡിജിറ്റൽ യുഗത്തിൻെറ സാമൂഹ്യഘടന
മനസ്സിലാവാത്ത നമ്മൾ,
ആശങ്കയുള്ള യുവതലമുറ
ഡോ. എ.കെ. ജയശ്രീ

‘‘ഡിജിറ്റൽ ലോകത്തിൽ, ലോകമെമ്പാടുമുള്ള ഗുണപരവും വിനാശകരവുമായ എല്ലാം ഗ്രഹിക്കാൻ കഴിയുന്ന ചുറ്റുപാടിലാണ് യുവാക്കൾ കഴിയുന്നത്. അവർ തീർച്ചയായും മറ്റുള്ളവർക്ക് കീഴടങ്ങി ജീവിക്കാൻ ഒരുക്കമായിരിക്കില്ല. സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും അത് പറയുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള പ്രവണത ഏറെയാണ്. എന്നാൽ അതിന്റെ മൂല്യം ഗ്രഹിക്കുകയും സാമൂഹ്യമായ ഇഴചേർക്കലിൽ കണ്ണിയാവുകയും ചെയ്യണമെങ്കിൽ അതിന് മാർഗ്ഗ നിർദ്ദേശം വേണം. അതിനുള്ള പ്രാപ്തി നേടാത്ത മുതിർന്ന തലമുറയാണ് ഇതിൽ കൂടുതലായി ഉത്തരവാദികളായിരിക്കുന്നത്. പഴയ മൂല്യങ്ങൾ പേറുന്ന മുതിർന്നവർ അവരുടെ ചെറുപ്പത്തിൽ ഭയം കൊണ്ട് കീഴടക്കപ്പെട്ടവരാണ്. പലവിധ തന്ത്രങ്ങളിലൂടെ ജീവിതം പിഴപ്പിക്കുന്നവരാണ്. ഉദാഹരണത്തിന് റാഗിംഗിനോടുള്ള സമീപനം തന്നെ എടുക്കാം. അദ്ധ്യാപകരോട് ചോദിച്ചാൽ അത് മനുഷ്യരുടെ ആത്മാഭിമാനത്തിന് വിരുദ്ധവും പൂർണ്ണമായും തുടച്ച് നീക്കേണ്ടതുമാണെന്ന് എത്ര പേർ പറയും? മിക്കപേരും ചെറിയ കളിയാക്കലുകളോ വലിയ തരത്തിലുള്ള പീഡനങ്ങളോ നേരിട്ടവരായിരിക്കും. അവർ അത് നേരിട്ടത് ഇനിയും ഇത് ആവർത്തിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ അതിൽ നിന്ന് വിട്ടു നിന്നു കൊണ്ടാവില്ല. മറിച്ച്, അടുത്ത ബാച്ചിൽ വരുന്നവരെ അത് പോലെയോ അതിനേക്കാൾ അധികമായോ അപമാനിക്കണം എന്ന തീരുമാനത്തിലായിരിക്കും. അതുകൊണ്ടാണ് ഇപ്പോഴും പല അദ്ധ്യാപകരും റാഗിങ് കുറെയൊക്കെ ആകാം എന്ന് അഭിപ്രായപ്പെടുന്നത്. അതിലെ അഭിമാനക്ഷതവും വ്യക്തിയുടെ ആത്മാഭിമാനവും തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നത് കൊണ്ടാണ് കർശനമായ നിയമം ഉണ്ടായിട്ടും റാഗിങ് ഇല്ലാതാക്കാൻ കഴിയാതിരിക്കുന്നത്. പണം കൊടുത്ത് അദ്ധ്യാപക ജോലി വാങ്ങുമ്പോൾ, അതറിയുന്ന വിദ്യാർത്ഥികൾക്ക് എന്ത് മൂല്യമാണ് പിന്തുടരാൻ കഴിയുക? ഭയം കീഴടക്കിയ, പലവിധ തന്ത്രങ്ങളിലൂടെ ജീവിച്ചു പോകുന്ന ജനതയല്ലേ നമ്മൾ? മറ്റു പല സംസ്കാരങ്ങളും മൂല്യങ്ങളും അറിയാനുള്ള അവസ്ഥ യുവാക്കൾക്ക് ഉണ്ടെങ്കിലും, ശരിയായ ദിശാബോധമില്ലാത്തതിനാൽ അവർ ആശയക്കുഴപ്പത്തിലും സംഘർഷത്തിലും പെടാനുള്ള അവസ്ഥയാണ് നമ്മുടെ സമൂഹത്തിന്റേത്’’.
READ FULL ARTICLE
▮
ആ കുട്ടി
നമ്മുടെയെല്ലാവരുടേയുമാണ്…
സോയ തോമസ്

‘‘ലഹരിയെ കുറിച്ച് പറയുമ്പോൾ, കുട്ടികൾക്കും യുവജനങ്ങൾക്കും നല്കുന്ന മരുന്നുകളെ (Drugs) കുറിച്ച് ശാസ്ത്രീയമായി ഗൗരവപൂർവ്വം വിലയിരുത്തേണ്ടതുണ്ട്. Black box warning- ൽ ഉൾപ്പെട്ട മരുന്നുകൾ, പഠനങ്ങൾ മുഖവിലക്കെടുക്കാതെ നൽകുമ്പോഴുള്ള മാനസിക- ന്യൂറോ പ്രത്യാഘാതങ്ങൾ മെഡിക്കൽ പ്രാക്ടീഷനർമാർ പോലും കണക്കിലെടുക്കുന്നില്ല. ഉദാഹരണമായി എന്റെ ശ്രദ്ധയിൽ വന്ന ഒരു പഠനം പരാമർശിക്കാം: ‘യുവജനങ്ങളിൽ, മൊണ്ടെലൂക്കാസ്റ്റ് ഉപയോഗവും ന്യൂറോ സൈക്യാട്രിക് മരുന്നുകളുടെ ഉപയോഗവും ആശുപത്രിയിൽ ചികിത്സ ലഭ്യമാകേണ്ട സാഹചര്യം ഉൾപ്പെടെയുള്ള ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങളുടെ വർദ്ധിച്ച അപകടസാധ്യതയുമായി പ്രബലമായി ബന്ധപ്പെട്ടിരിക്കുന്നു. മൊണ്ടെലൂക്കാസ്റ്റ് നിർദ്ദേശിക്കുമ്പോൾ ഇത്തരം അനന്തരഫലങ്ങളെക്കുറിച്ച് ചികിത്സകർ കൂടുതൽ ജാഗ്രത പാലിക്കണം’.
ഇന്ത്യയിൽ ഈ മരുന്നിന്റെ വിൽപ്പന നിയന്ത്രണമില്ലാതെ, പലപ്പോഴും യുക്തിയില്ലാതെ തുടരുന്നതായി കാണുന്നു. കൂടാതെ അതിന്റെ ഉപയോഗം വൻതോതിൽ വർധിച്ചുവരികയും ചെയ്യുന്നു. ഇതിനെ നേരിടാനുള്ള ശാസ്ത്രീയ വിശകലനവും കർശന ഇടപെടലും നടത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്’’.
READ FULL ARTICLE
▮
സ്കൂളുകളെ
തിരിച്ചുപിടിക്കുക
പി. പ്രേമചന്ദ്രൻ

‘‘പുതിയ കാലത്തെ അധ്യാപകർ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ മാറിവരുന്ന പ്രകൃതം അവർ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. വടിയെടുത്താൽ തീരുന്നതല്ല പ്രശ്നം. അവരുടെ ശരീരത്തിൽ അപമാനത്തിന്റെ ചൂരൽ പതിപ്പിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ബാലാവകാശ കമീഷനെയോ കുട്ടികളുടെ അവകാശത്തെയോ ചൈൽഡ് ലൈനിനെയോ കുറ്റം പറഞ്ഞ്, ഇതൊന്നും ഇല്ലാത്തകാലത്ത് എന്തൊരു സുഖമായിരുന്നു എന്ന് നെടുവീർപ്പിടുന്നതിലും കാര്യമില്ല. അതൊക്കെ നമ്മളെക്കാൾ മുന്നേ ലോകരാജ്യങ്ങളിൽ പലതിലും വന്നിട്ടുണ്ട്. അതുണ്ടായതുകൊണ്ടല്ല, ഷഹബാസും മിഹിർ അഹമ്മദും രക്തസാക്ഷികളായത്. അധ്യാപകരുടെ ശിക്ഷിക്കാനുള്ള അവകാശം കുറഞ്ഞതുകൊണ്ടല്ല അതിനീചമായ കാര്യങ്ങൾ, വൻ ഫീസ് നൽകി പഠിക്കേണ്ട സ്വകാര്യ നക്ഷത്രവിദ്യാലയങ്ങളിൽ നടക്കുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വം എല്ലാ പരിമിതികൾക്കുള്ളിൽ നിന്നും കുട്ടികളെ ചേർത്തുപിടിക്കുക എന്നതാണ്. അവരെ കേൾക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക, കുടുംബസാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക, അവരുടെ സ്നേഹവിശ്വാസങ്ങൾ ആർജ്ജിക്കുക, അവരുടെ ഹൃദയത്തിൽ തൊടുക എന്നത് ഈ കാലം അധ്യാപകരെ ഏൽപ്പിക്കുന്ന വലിയ ചുമതലയാണ്. അതിനായി ആരും മുകളിൽ നിന്നും കെട്ടിവെക്കാതെ കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ സ്കൂളുകൾക്ക് സാധിക്കണം. ചെറുഗ്രൂപ്പുകളുടെ ചുമതല ഏറ്റെടുത്ത് ആ കുഞ്ഞുങ്ങളുമായി അങ്ങേയറ്റത്തെ ഹൃദയബന്ധം സ്ഥാപിക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയേണ്ടതുണ്ട്. കേവലം ഒരു തൊഴിൽ എന്ന നിലയിൽ ഇന്നും വലിയ സാമൂഹിക ഉത്തരവാദിത്വമുള്ള ചുമതലയായി ഇക്കാലം അത് അധ്യാപകരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്’’.
READ FULL ARTICLE
▮
Critical Friend
ഇല്ലാത്ത നമ്മുടെ കുട്ടികൾ
കെ.ടി. ദിനേശ്

‘‘കുടുംബത്തിലും സ്കൂളിലും കലാലയങ്ങളിലും അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നവരെ ദീർഘകാലാടിസ്ഥാനത്തിൽ പഠനവിധേയമാക്കേണ്ടതുണ്ട്. അത്തരക്കാരുടെ സാമൂഹികാവസ്ഥയും മാനസികാരോഗ്യവും ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണം. അക്കാദമിക വിദഗ്ദ്ധൻമാരും സാമൂഹ്യശാസ്ത്രകാരൻമാരും മനഃശാസ്ത്ര വിദഗ്ദ്ധരും ഈ പഠനം ഏറ്റെടുക്കണം. സിനിമ നിരോധിക്കുക, മൊബൈൽ ഫോൺ നിരോധിക്കുക, കടുത്ത ശിക്ഷനൽകുക തുടങ്ങിയ ലളിത പരിഹാരങ്ങളാണ് ആൾക്കൂട്ടത്തിന് പഥ്യം. പക്ഷെ അവബോധമുള്ള ഒരു പൗരസമൂഹത്തിന്റെ പരിഹാരാന്വേഷണം ഇത്തരം ആൾക്കൂട്ടാവശ്യങ്ങളുടെ നിറവേറ്റൽ ആയിക്കൂടാ. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ‘ക്രിട്ടിക്കൽ ഫ്രണ്ട്’ ആവുക എന്നത് പരമപ്രധാനമാണ്. തന്റെ പ്രശ്നങ്ങൾ തുറന്നു പറയാൻ തോന്നുന്ന വിധത്തിലുള്ള അടുപ്പം കുട്ടിക്ക് രക്ഷിതാക്കളോടും അധ്യാപകരോടും ഉണ്ടാവണം. എന്നാൽ മുതിർന്ന മനുഷ്യരുടെ വിവേകത്തോടെ കുട്ടിയെ തിരുത്താനും ഇവർക്ക് കഴിയണം. ക്ലാസ്മുറികൾ ജനാധിപത്യപരവും സർഗ്ഗാത്മകവുമാവുക എന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് മർമപ്രധാനമാണ്’’.
READ FULL ARTICLE
▮
Generation ZERO;
വയലന്റ് റോബോട്ടുകളുടെ മാരക കേളി
പ്രൊഫ. അഞ്ജന കരുമത്തിൽ

‘‘ടീച്ചറെ അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുന്ന വാർത്തകൾക്ക് വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളിലും മാധ്യമങ്ങളിലും പ്രഥമ സ്ഥാനമുണ്ട്. എന്നാൽ, അധ്വാനിച്ചു പഠിച്ച വിദ്യാർത്ഥികൾക്കോ? അവരുടെ നേട്ടങ്ങൾ മാധ്യമങ്ങളോ മറ്റ് വിദ്യാർത്ഥികളോ ശ്രദ്ധിക്കാറില്ല, മറിച്ച്, അവരെ 'പഠിപ്പിസ്റ്റ്', 'പുസ്തകപ്പുഴു' എന്നൊക്കെ വിളിച്ചു കളിയാക്കാറുമുണ്ട്. സ്കൂളുകളിൽ അക്രമത്തിന് ശ്രദ്ധയും പഠനമികവിന് അശ്രദ്ധയും ഉണ്ടാകുമ്പോൾ വിദ്യാർഥികൾ അക്രമത്തിലേക്ക് തിരിയുന്നതിൽ ആശ്ചര്യമില്ല.
ആക്ഷൻ ഹീറോ രംഗങ്ങളിൽ രക്തം, ദേഹോപദ്രവം, ലഹരിയുടെ ഉപയോഗം, സ്ത്രീകളോട് ലൈംഗികചുവയുള്ള ഡയലോഗുകൾ എന്നിവ എല്ലാ ഭാഷാസിനിമകളിലും വർദ്ധിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെന്ന പോലെ നമ്മെ ഞെട്ടിക്കാനും ശ്രദ്ധ പിടിച്ചുപറ്റാനുമായി ചെയ്യുന്നതാണിത്. ഇത്തരം സിനിമകൾ കാണുന്ന വിദ്യാർത്ഥികൾക്ക് സിനിമയും ജീവിതവും തമ്മിലുള്ള അന്തരം മനസിലാകണമെന്നില്ല; ബുദ്ധിവികാസം പൂർണമാകാത്തതു കൊണ്ടാവാം അത്. ഹീറോയുടെ പെരുമാറ്റം ജീവിതത്തിൽ അനുകരിക്കുന്നത് സ്കൂളിൽ അക്രമം വർദ്ധിക്കാൻ മറ്റൊരു കാരണമാകുന്നു’’.
READ FULL ARTICLE
▮
ലഹരിയെയും സിനിമയെയും പഴിച്ച്
ഉള്ളിലെ ഹിംസയെ താലോലിക്കുന്ന
അഹിംസാവാദികൾ
കുഞ്ഞുണ്ണി സജീവ്

‘‘കേരളത്തിൽ കൗമാരക്കാർക്കിടയിൽ, പ്രത്യേകിച്ച്, ആൺകുട്ടികൾക്കിടയിൽ, വളർന്നുവരുന്ന ഹിംസാവാസനയെ കുറിച്ചുള്ള ചർച്ചകൾ നോക്കൂ. ചിലർ സിനിമയേയും ഗെയിമുകളേയും പഴിച്ചു. ചിലർ സാമൂഹിക മാധ്യമങ്ങളേയും, സ്മാർട്ട് ഫോണുകളുടേയും വർധിച്ചുവരുന്ന ഉപയോഗത്തെ പഴിച്ചു. ചിലർ പുതു തലമുറകൾക്കിടയിലെ ലഹരി ഉപയോഗത്തേയും, തകരുന്ന മനുഷ്യബന്ധങ്ങളേയും പഴിച്ചു. ചിലർ ആധുനിക ജീവിതശൈലിയാൽ ഉണ്ടാകുന്ന മാനസികരോഗങ്ങളെ പഴിച്ചു. പല തലമുറകൾ തമ്മിലുള്ള പക വീട്ടലായി മാറിയ ചർച്ചകളിൽ എല്ലാവരും അവരവർക്ക് കണ്ടെത്താവുന്ന കാരണങ്ങൾ കണ്ടെത്തി ഹിംസയെ മനുഷ്യജീവിതത്തിനുവെളിയിൽ പ്രതിഷ്ഠിച്ചു. ചരിത്രം പരിശോധിച്ചാൽ മനുഷ്യന് വെളിയിലല്ല, ഉള്ളിലാണ് ഹിംസയെന്ന ബോധ്യമുണ്ടാകും. മനുഷ്യനുള്ളിലെ ഹിംസയെ അംഗീകരിക്കുകയും, മനസിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ അഹിംസ അനുഷ്ഠിക്കുവാൻ സാധിക്കൂ എന്ന് ഗാന്ധിയുടെ പക്ഷത്തെ കേൾക്കുവാൻ ഇന്നാരുണ്ട്?. ഹിംസയെ ചെറുക്കാനുള്ള, നിയന്ത്രിക്കുവാനുള്ള ചിന്തകളും നടപടികളും ഹിംസയെ അംഗീകരിക്കുന്നതിലാണ് ആരംഭിക്കേണ്ടതെന്ന ബാലപാഠം നമ്മെന്ന് പഠിക്കും?’’
▮
അപകടമേ ചെയ്യൂ,
മലയാളിയുടെ
Moral panic
ഐശ്വര്യ പ്രദീപ്

‘‘ഇപ്പോൾ കേരളത്തിൽ ന്യൂ ജെൻ കുഞ്ഞുങ്ങളെ കുറിച്ച് പടർന്നുപിടിക്കുന്ന ഈ സദാചാര വ്യാകുലതയുടെ, ഏറ്റവും പ്രെഡിക്റ്റബിൾ ആയിട്ടുള്ള അനന്തരഫലം, നമ്മുടെ ചെറുപ്പക്കാരോടും കുഞ്ഞുങ്ങളോടും, മാതാപിതാക്കളും അധ്യാപകരും കൂടുതൽ കടുപ്പക്കാരാകുമെന്നതാണ്. അവർക്കുചുറ്റുമുള്ള സദാചാരത്തിന്റെ കുടുക്ക് ഒന്നുകൂടെ മുറുക്കപ്പെടും. മോറാലിറ്റിയുടെ സ്വയംനിർമിത സിംഹാസനങ്ങളിലിരുന്ന്, ഈ പ്രായത്തിൽ തങ്ങൾ കളിച്ച കളികൾ മറന്ന്, ഈ കുട്ടികളെ നമ്മുടെ മുതിർന്നവർ ജഡ്ജ് ചെയ്യും. അവരുടെ സകല നീക്കങ്ങൾക്കും മുകളിൽ, ഇപ്പോഴുള്ളത് പോരാഞ്ഞ്, കൂടുതൽ കണ്ണുകൾ അടുക്കിവെക്കും. അവരെ ശ്വാസം മുട്ടിക്കും. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുഞ്ഞുങ്ങളോട്, ശത്രുക്കളെ പോലെ പെരുമാറുന്ന അധ്യാപകരെ കണ്ടിട്ടുണ്ട്. സ്വന്തം പ്രായത്തിന്റെ മുതിർച്ച മറന്ന്, അവരോട് പോരുകൾ തുടങ്ങിവെക്കുന്നവരുണ്ട്. മാധ്യമ വാർത്തകൾ കണ്ട്, തങ്ങളുടെ കുഞ്ഞുങ്ങൾ വഴിതെറ്റാതിരിക്കാൻ കടുത്ത അച്ചടക്കനടപടികൾ സ്വീകരിക്കുന്ന അച്ഛനമ്മമാരും അവരുടെ ചൊല്പടിക്കുകീഴിൽ ശ്വാസം മുട്ടുന്ന കുട്ടികളുമുണ്ട്. അതേസമയം, കലുഷിതമായ ഗാർഹികാന്തരീക്ഷങ്ങളിൽ പെട്ട് മനസ്സിന്റെ താളം തെറ്റുന്ന കുഞ്ഞുങ്ങളുമുണ്ട്. സിനിമകളിലോ സീരീസുകളിലോ കാണുന്നതിനേക്കാൾ വയലൻസ്, സ്വന്തം വീടുകളിൽ കാണുന്നവരുണ്ട്. മിണ്ടാനും പറയാനും ബന്ധങ്ങളില്ലാത്തവരുണ്ട്’’
▮
കൗൺസിലിങ്ങിനിടെ
ഒരു കുട്ടി പറഞ്ഞു,
ക്ലാസിലുള്ളവരെ കൊല്ലാൻ തോന്നുന്നു…
അഭിരാമി ഇ.

‘‘മിക്ക സന്ദർഭങ്ങളിലും കുട്ടികളെ വ്യക്തികളായി കാണണമെന്നും രക്ഷിതാക്കളുടെ ശരികളിലും ചട്ടക്കൂടിലും കുട്ടികളെ വളർത്തുന്നതല്ല പാരന്റിങ് എന്നും കൗൺസിലിംഗ് സെഷനുകളിലും ക്ലാസുകളിലും ഞാൻ പറയാറുണ്ട്. ഓരോ കാലഘട്ടത്തിലും കുട്ടികൾക്കനുസരിച്ച് പാരന്റിങ്ങിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് പഠിച്ചെടുക്കാൻ സാധിക്കുന്നതാണ് പാരന്റിങ് എന്ന് പറയാറ്.
കൗൺസിലിങ്ങിനിടയിൽ ചിലപ്പോൾ രക്ഷിതാക്കളെ കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. കുട്ടികളുടെ ഫോൺ ദുരുപയോത്തെയും അതുണ്ടാക്കുന്ന സ്വഭാവവൈകൃതങ്ങളെയും പറ്റി പറയുമ്പോൾ; വീട്ടിൽ നല്ല കുട്ടിയാണ്, ആർക്കും പരാതിയില്ല, കൗൺസിലിങ് കൊടുക്കേണ്ട ആവശ്യം എന്താണ് എന്നാണ് പല രക്ഷിതാക്കളും ചോദിക്കാറ്. ഒന്നിച്ചിരുന്ന്, കുട്ടിയുടെ തെറ്റും അത് വരുത്തിവെച്ച ബുദ്ധിമുട്ടും എന്താണെന്നുപോലും ചിന്തിക്കാൻ കൂട്ടാക്കാതെ, തെറ്റുകളെ ന്യായീകരിച്ച് വലിയ പ്രശ്നങ്ങളിലേക്ക് രക്ഷിതാക്കൾ കുട്ടികളെ തള്ളി വിടാറുണ്ട്. എന്തു ചെയ്താലും ചില രക്ഷിതാക്കളെങ്കിലും കുട്ടികളെ ന്യായീകരിക്കുന്നതായും കാണാറുണ്ട്. സിനിമയിലെ ‘തഗ് രക്ഷിതാക്കൾ’ യഥാർത്ഥ ജീവിതത്തിലെത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല’’.
▮
വയലൻസ്, ലഹരി;
കീഴടങ്ങരുത് കേരളം
കെ.ടി. കുഞ്ഞിക്കണ്ണൻ

‘‘കുട്ടികൾക്കിടയിൽ കൂടിവരുന്ന അക്രമോത്സുകതയെ സാമൂഹ്യബന്ധങ്ങളെയാകെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സാമ്പത്തിക- രാഷ്ട്രീയ നയങ്ങളിൽ നിന്ന് അടർത്തിമാറ്റിക്കാണാൻ കഴിയില്ല. ഈ അക്രമോത്സുകതയും കുറ്റവാസനകളും ഗ്യാംഗ് കൾച്ചറും അപമാനവീകരിക്കപ്പെടുന്ന പുതുതലമുറ ബന്ധങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭീകരമായൊരു അവസ്ഥാവിശേഷമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ മയക്കുമരുന്നുകളുടെ സ്വാധീനം പ്രധാനവുമാണ്. ഗ്യാംഗ് സംസ്കാരവും കടുത്ത അരാഷ്ട്രീയവൽക്കരണവും വളർത്തിയെടുക്കുന്ന കുട്ടിപ്പകയുടെയും കൊലപാതകങ്ങളുടെയും ഒരമേരിക്കൻ സംസ്കാരത്തിനെതിരെ ജാഗ്രത്തായ ഇടപെടലുകളാവശ്യപ്പെടുന്ന സന്ദർഭമാണിത്’’.
▮
ബാക്കിയുള്ള
അധ്യാപകച്ചൂരലുകൾ കൂടി
കണ്ടുകെട്ടേണ്ടതുണ്ട്
നന്ദിത നന്ദകുമാർ

‘‘വിദ്യാലയങ്ങളിൽ ഉത്സവസമാനമായി നടക്കുന്ന കലോത്സവങ്ങൾ പണത്തിന്റെയും പിടിപാടിന്റെയും വേദികളായി മാറിയിട്ടുണ്ട്. വളരെ ചുരുക്കം കുട്ടികൾക്ക് മാത്രം അവസരം ലഭിക്കുന്ന കലോത്സവങ്ങൾ, കലയുടെ മാനസിക, സാമൂഹിക ധർമങ്ങൾ ചർച്ച ചെയ്യാതെ, ഒരു നല്ല കല എങ്ങനെ ആസ്വദിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കാതെ, ഉള്ളിലെ കലയിലേക്ക് എങ്ങനെ എത്താം എന്നുള്ള നിരന്തര പ്രോത്സാഹനത്തിന് അവസരം ലഭിക്കാതെ എല്ലാ വർഷവും നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ മാറ്റിനിർത്തപ്പെടുന്നവർ കലയിൽനിന്ന് എന്നെന്നേക്കും അന്യരായി മാറുന്നു. ‘കല’ ഒരു മത്സരമല്ലെന്ന് കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടതുപോലെ പലപ്പോഴും അനാരോഗ്യകരമാകുന്ന മത്സരമാമാങ്കത്തിൽ നിന്ന് കലയെ രക്ഷിച്ച്, ഉള്ളിലെ കല കണ്ടെത്തുവാനും തുടർച്ചയായ പ്രോത്സാഹനത്തിലൂടെ അത് വളർത്തിയെടുക്കുവാനും അവസരമൊരുക്കുകയും വളർന്നുവരുന്നവർക്ക് മികച്ച വേദികൾ നല്കുവാനുമല്ലേ നാം ശ്രദ്ധിക്കേണ്ടത്? കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ ഫേസ്‌ബുക്കിലൂടെ അവരുടെ കലാപ്രകടനങ്ങൾ പങ്കുവെക്കുന്നതിന്റെ വാർത്ത കണ്ടിരുന്നു. കലയും സാങ്കേതികവിദ്യയും സമൂഹത്തിലേക്ക് വെളിച്ചം വീശുന്നതിന്റെ നല്ലൊരു മാതൃകയായിത്തോന്നി അത്’’.
▮
Marco- മാരുടെ
ചോരത്തിയേറ്റർ
കാർത്തിക പെരുംചേരിൽ

‘‘പുതിയ തലമുറയിൽ വർധിച്ചുവരുന്ന വയലൻസിന്റെ ഒരു കാരണമായി സിനിമ വിമർശിക്കപ്പെടുന്നുണ്ട്. അക്രമോത്സുകമായ ഉള്ളടക്കമുള്ള സിനിമകൾ, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന മിസോജെനിക് പുരുഷനെ ഹീറോയാക്കുന്ന കഥാപാത്ര നിർമിതികൾ തുടങ്ങിയവയെല്ലാം കൗമാരക്കാരിൽ വർധിച്ചുവരുന്ന വയലൻസിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭാരം പൂർണമായും സിനിമയുടേതാണെന്നോ ഇത്തരം സിനിമകൾ കാണുന്നവർ നാളെ കത്തിയെടുത്ത് കൂടപ്പിറപ്പിനെയും സഹപാഠിയേയും കൊല ചെയ്യുമെന്നോ ശാസ്ത്രീയമായി തെളിയിക്കാനാകില്ല. എന്നാൽ മലയാളത്തിൽ നിന്നടക്കം പുറത്തുവരുന്ന ചില സിനിമകളിൽ അക്രമോത്സുകതയെ സമാന്യവൽക്കരിക്കുന്ന തരത്തിൽ സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. അത് സമൂഹത്തിൽ ക്രൈമുകൾ സ്വാഭാവികമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഒരുപരിധിവരെ കാരണമാകുന്നു’’.