പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ (sudden cardiac arrest) ഹൃദയം നിലയ്ക്കുന്ന സമയത്ത് രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടായിരിക്കും. പ്രവർത്തനം നിലച്ച ഹൃദയത്തിൽനിന്ന് ഈ ഓക്സിജൻ അടങ്ങിയ രക്തം തലച്ചോറിലേക്ക് എത്തിക്കുക എന്നതുമാത്രമാണ് നെഞ്ചമർത്തുന്നതിലൂടെ, അതായത്, കംപ്രഷൻ-ഒൺലി ലൈഫ് സപ്പോർട്ട് (COLS) വഴി ലക്ഷ്യമാക്കുന്നത്.
പാമ്പുകടിയേറ്റവരിൽ ശ്വസനസ്തംഭനം മൂലം ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോഴോ, അല്ലെങ്കിൽ അനാഫൈലാക്സിസ് ഉണ്ടാകുമ്പോഴോ ആണ് പ്രധാനമായും Cardiopulmonary resuscitation (CPR) ആവശ്യമായി വരുന്നത്. എങ്കിൽ, പാമ്പുകടിയേറ്റയാൾക്ക് നെഞ്ചമർത്തൽ മാത്രം മതിയാകുമോ?
പാമ്പുവിഷം രക്തചംക്രമണത്തേയോ അല്ലെങ്കിൽ നാഡീവ്യൂഹത്തേയോ ആണ് ബാധിക്കുകയെന്നറിയാമല്ലോ.
നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷമുള്ള വെള്ളിക്കെട്ടന്റെയും മൂർഖന്റെയും കടിയേറ്റാൽ ഡയഫ്രവും (നെഞ്ചറയെയും ഉദരാശയത്തേയും വേർതിരിക്കുന്ന കോണാകൃതിയിലുള്ള കനംകുറഞ്ഞ പേശീ സഞ്ചയം) വാരിയെല്ലുകൾക്കിടയിലെ ശ്വാസപേശികളും തളർന്ന് പ്രവർത്തനശേഷി നഷ്ടപ്പെടുമ്പോൾ ശ്വാസമെടുക്കാൻ കഴിയാതെ വരികയും ഇത് ക്രമേണ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

തുടക്കത്തിൽ ശ്വാസോച്ഛ്വാസം നിന്നുപോകുന്ന സമയത്തും (Respiratory paralysis) ഹൃദയം പൂർണ്ണമായും പ്രവർത്തിക്കുന്നു ണ്ടാകാം. മിടിക്കുന്ന ഹൃദയം പ്രവർത്തിക്കുന്ന നെഞ്ചമർത്തുന്നത് വഴി (Compressing a Beating Heart) വളരെ കുറഞ്ഞ അളവിൽ മാത്രമേ ജീവവായു സഞ്ചാരം സാധ്യമാകൂ (Failure to Oxygenate). ശ്വാസമില്ലെങ്കിലും നാഡിമിടിപ്പുള്ള ഒരു രോഗിയുടെ നെഞ്ചിൽ അമർത്തിയാൽ മിടിക്കുന്ന ഹൃദയത്തിന് കാര്യമായ തകരാറുകൾ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ ഓക്സിജൻ നൽകാതിരിക്കുന്നത് മരണത്തിന് കാരണമാകുമെന്നോർക്കുക.
പാമ്പുകടിയേറ്റവരിൽ ശ്വാസതടസ്സം മൂലമാണ് ഹൃദയസ്തംഭനം ഉണ്ടാവുന്നതെന്നതിനാൽ ശ്വാസനാളം തുറക്കുന്നതിനും കൃത്രിമ ശ്വാസം നൽകുന്നതിനുമാണ് CPR ൽ പ്രാധാന്യം. വെള്ളത്തിൽ മുങ്ങുക, തൊണ്ടയിൽ ഭക്ഷണം കുടുങ്ങുക തുടങ്ങിയ സാഹചര്യങ്ങൾ പോലെ തന്നെ, പാമ്പുകടിയേറ്റ അവസ്ഥയിലും കംപ്രഷൻ ഒൺലി (നെഞ്ചമർത്തൽ) മാത്രം പോരാ; രക്ഷാപ്രവർത്തകർ നിർബന്ധമായും കൃത്രിമ ശ്വാസം (rescue breaths) നൽകിയിരിക്കണം.
പാമ്പുകടിയേറ്റയാൾ അബോധാവസ്ഥയിലാവുകയാണെങ്കിൽ, പ്രതികരണവും ശ്വാസവും പരിശോധിക്കുക: ഇവ രണ്ടും ഇല്ലെങ്കിൽ നാഡിമിടിപ്പ് പരിശോധിക്കാൻ സമയം കളയരുത്. ചില വൈറൽ വീഡിയോകളിലും പഴയ വീഡിയോകളിലുമൊക്കെ പൾസ് നോക്കാൻ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ടാവും. എന്നാൽ, മെഡിക്കൽ, പാരാമെഡിക്കൽ പ്രൊഫെഷനലുകളല്ലാത്ത സാധാരണക്കാർക്ക് നാഡിമിടിപ്പ് കണ്ടെത്താൻ കൂടുതൽ സമയമെടുക്കും, മാത്രമല്ല, മിക്കപ്പോഴും സ്വന്തം വിരലിലെ പൾസ് രോഗിയുടേതാണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
തീരെ പ്രതികരിക്കാത്ത, ശ്വാസമില്ലാത്ത ഒരു രോഗിയിൽ നാഡിമിടിപ്പ് പരിശോധിക്കാൻ സമയം കളയുന്നത് ചികിത്സ വൈകാൻ കാരണമാകും. പൾസ് നോക്കിയില്ലെങ്കിലും അപകടസാധ്യത കുറവാണെന്നതുകൊണ്ട് (The 'Lesser Evil' Principle) സാധാരണക്കാർ നാഡീമിടിപ്പ് നോക്കേണ്ടതില്ല എന്നതാണ് ലോകമെമ്പാടുമംഗീകരിച്ച പ്രോട്ടോക്കോൾ. അപകടകാരണം വെള്ളത്തിൽ മുങ്ങിയോ പാമ്പുകടിമൂലമോ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയോ ആണെങ്കിൽ, കൃത്രിമശ്വാസം നൽകുക എന്നത് അത്യന്താപേക്ഷിതമാണ് എന്ന് മനസിലാക്കുക.

ശ്വാസനാളം തുറന്നുകിട്ടാൻ വേണ്ടി തല പിന്നിലേക്ക് ചരിച്ച്, താടി ഉയർത്തി (head-tilt/chin-lift) വയ്ക്കുക. ഉടനടി ശ്വാസം ( റെസ്ക്യൂ ബ്രീത്തിങ്) കൊടുക്കണം. തുടക്കത്തിൽ തന്നെ രണ്ടു മുതൽ അഞ്ചു തവണ വരെ കൃത്രിമ ശ്വാസം (rescue breaths) നൽകിയാൽ, ഹൃദയം മിടിക്കുന്നുണ്ടെങ്കിൽ ഓക്സിജന്റെ കുറവ് (hypoxia) പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും. എന്നിട്ടും ആൾ പ്രതികരിക്കുന്നില്ലെങ്കിൽ 30:2 എന്ന അനുപാതത്തിൽ സി പി ആർ നൽകുക. ഇതിൽ ശ്വാസം നൽകുന്നത് (റെസ്‌ക്യൂ ബ്രെത്ത്) ഒരു കാരണവശാലും ഒഴിവാക്കരുത്. ആന്റി സ്‌നേക് വെനം (ASV), മറ്റു മരുന്നുകൾ എന്നിവ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ മെക്കാനിക്കൽ വെന്റിലേഷൻ വഴി മാത്രം രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കും.
വായയോട് വായ ചേർത്ത് ശ്വാസം നൽകുമ്പോൾ വിഷം രക്ഷാപ്രവർത്തകരുടെ ഉള്ളിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ അപൂർവ്വമാണ് (രോഗിയുടെ ചുണ്ടിലോ മുഖത്തോ വിഷം പുരണ്ടിട്ടുണ്ടെങ്കിൽ മാത്രമാണ് റിസ്‌ക്). എങ്കിലും അണുബാധ ഒഴിവാക്കാൻ എപ്പോഴും പോക്കറ്റ് CPR മാസ്ക് അല്ലെങ്കിൽ BVM (Bag-Valve-Mask) ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
ന്യൂറോടോക്സിക് വെനം ഹൃദയത്തെ നേരിട്ട് ബാധിച്ചല്ല, മറിച്ച് ശ്വാസം മുട്ടിച്ചാണ് മരണത്തിന് കാരണമാകുന്നത്. മെഡിക്കൽ സഹായവും മെക്കാനിക്കൽ വെൻ്റിലേഷനും ലഭ്യമാകുന്നത് വരെ, കൃത്യമായ സി പി ആറും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകുന്നതുവഴി തലച്ചോറിലേക്കുള്ള ഓക്സിജൻ സപ്ലൈ ഉറപ്പാക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനും കഴിയും.
READ: ദുഃഖകരമായ
ഒരു ഓര്‍മ്മ
എലിപ്പനി:
ഒളിച്ചിരിക്കുന്ന
വെല്ലുവിളികള്‍
കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും
നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ
മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും
ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും
മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?
പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!
മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

