പല്ലുകളിൽ അടിഞ്ഞിരിക്കുന്ന കറ പേടിച്ച് ചിരിക്കാൻ മടിക്കുന്നവരും വായ്നാറ്റത്തെ പേടിച്ച് വായ തുറക്കാൻ മടി കാട്ടുന്നവരും നമുക്കിടയിലുണ്ട്. ദന്തശുചിത്വമില്ലായ്മയാണ് ഇതിനു പിന്നിലെ പ്രധാന വില്ലൻ.
ഒരാളുടെ ആരോഗ്യകാര്യത്തിൽ മറ്റെന്തിനെപ്പോലെയും പ്രധാനപ്പെട്ടതാണ് ദന്താരോഗ്യം. ശരിയായ ദന്തശുചിത്വം പാലിക്കാത്തത് ഉടനടി ദോഷം വരുത്തുന്നതല്ലെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോൺഡോളജിയുടെ സ്ഥാപകനായ ഡോ. ജി.ബി. ശങ്ക് വാൾക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഓഗസ്റ്റ് ഒന്നിന് ദേശീയ വായ ശുചിത്വദിനം ഇന്ത്യയൊട്ടാകെ ആചരിക്കുന്നു.
വായുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിരവധി ദന്ത വ്യവസ്ഥാപരമായ രോഗങ്ങൾ തടയുന്നതിനുള്ള വഴികളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വൃത്തിയുള്ള തും ആരേഗ്യകരവുമായ വായ ഉറപ്പാക്കാൻ പതിവായി പാലിക്കേണ്ട ചില നടപടികൾ ഇവയെല്ലാമാണ്.
ദന്തശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം പറയേണ്ടത് ബ്രഷിങ്ങ് അഥവാ പല്ല് തേപ്പിനെക്കുറിച്ചാണ്.
രാവിലെ ഉറക്കമുണർന്നതിനും ശേഷവും രാത്രി ഉറങ്ങുന്നതിനു മുൻപും മൃദുവായ അല്ലെങ്കിൽ മീഡിയം ടൂത്ത് ബ്രഷും ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റും ഉപയോഗിച്ച് ദിവസവും രണ്ടു മുതൽ മൂന്ന് മിനിറ്റിൽ യഥാക്രമം ബ്രഷ് ചെയ്യേണ്ടതാണ്.
സാധാരണ ടൂത്ത്ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയാത്ത പല്ലുകൾക്കിടയിലുള്ള ഇടങ്ങൾ വൃത്തിയാക്കാൻ ഇൻറ്റർ പ്രോക്സിമൽ ബ്രഷുകൾ സഹായിക്കും. പല്ലുകൾ, ഡെൻറ്റൽ ഫില്ലിംഗുകൾ, ബ്രേസസ്സുകൾ എന്നിവയ്ക്കിടയിൽ കുടുങ്ങിക്കിടക്കുന്ന പ്ലാക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ഡെൻറ്റൽ ഫ്ലോസ് ഉപയോഗിക്കാം. ഇത് മോണയിൽ നിന്നുള്ള രക്തസ്രാവം കുറയ്ക്കാൻ സഹായിക്കും.

വായിലെ ദുർഗന്ധം തടയാൻ ഏറ്റവും പ്രധാനമായി വൃത്തിയാക്കേണ്ട ഒന്നാണ് നാവ്. പ്ലാസ്റ്റിക്ക് സ്ക്രാപ്പറുകൾ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ കുറ്റിരോമമില്ലാത്ത അറ്റം ഉപയോഗിച്ചോ നാക്ക് വൃത്തിയാക്കാവുന്നതാണ്.
വായുടെ ശുചിത്വനടപടികളിൽ അനുബന്ധമായി പ്രവർത്തിക്കുന്നവയാണ് മൗത്ത് വാഷുകൾ. വായ്നാറ്റം മറയ്ക്കാൻ കോസ്മെറ്റിക്ക് മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ ക്ലോർഹെക്സിഡിൻ, ഡിഗ്ലൂക്കോണേറ്റ് അടങ്ങിയ ചികിത്സാ മൗത്ത് വാഷുകൾ മോണയിലെ രോഗങ്ങളെ തടയാനും ചികിത്സിക്കാനും സഹായകരമാവുന്നു.
നമ്മുടെ വായുടെ ആരോഗ്യത്തിന് ആറ് മാസത്തിലൊരിക്കൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്.
വേദന, മോണയിൽ നിന്ന് രക്തസ്രാവം, വീക്കം, ഉണങ്ങാത്ത അൾസർ, വായ്ക്കുള്ളിലെ മൃദുവായ ഇടങ്ങളായ കവിൾ, ചുണ്ട്, നാവ് എന്നിവിടങ്ങളിൽ നിറത്തിലോ ഘടനയിലോ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടാൽ ഉടൻ ദന്തരോഗവിദഗ്ധനെ സന്ദർശിക്കേണ്ടതാണ്.
ബേക്കറി സാധനങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഞ്ചസാര, സംസ്ക്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. കാരണം അവ ആസിഡ് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇനാമലിനെ തകർക്കും. അതേസമയം പോഷകസമൃദ്ധവും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളായ ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ശീലമാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യവും വായിലെ ശുചിത്വവും മെച്ചപ്പെടുന്നു.
അനാരോഗ്യപരമായ എല്ലാ ശീലങ്ങളും ഉപേക്ഷിക്കുക. എല്ലാത്തരം പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവും പൂർണ്ണമായും ഒഴിവാക്കുക. സിഗരറ്റിന്റെയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും ശ്വാസകോശ അർബുദ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സെറ്റ് പല്ലുകൾ ഉപയോഗിക്കുന്നവർ ഇതിനു കേടുവരില്ലല്ലോ എന്ന ധാരണ വച്ച് അത് വൃത്തി യാക്കാതെ പോകുന്നത് കാണാറുണ്ട്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പൂപ്പൽ ബാധയ്ക്ക് അത് കാര ണമാവും. പ്രത്യേകിച്ച് പ്രമേഹരോഗികളിൽ കൃത്യമായി രണ്ട് നേരം സെറ്റ് പല്ലുകൾ എടുത്ത് മൃദുവായ ബ്രഷും സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
കിടപ്പുരോഗികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. വായ തുറന്ന് കിടക്കുന്ന ഇത്തരം രോഗികളിൽ ചെറിയ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപിടിച്ചു വളർന്നു പുഴു അരിക്കുന്ന മയോസിസ് എന്ന അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. അതിനാൽ അത്തരം രോഗികൾ വായയിൽ കൂടി ഭക്ഷണം കഴിക്കുന്നില്ലെങ്കിലും വായ വൃത്തിയായിവെയ്ക്കാൻ പരിചരിക്കുന്നവർ ശ്രദ്ധിക്കണം.
ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ മാത്രമല്ല നാം വായയുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കേണ്ടത്. ആരോഗ്യകരമായ ജീവിതത്തിന് വായയുടെ ശുചിത്വം അതീവ പ്രാധാന്യമേറിയ കാര്യമാണ്. മേൽപറഞ്ഞ എല്ലാ ശുചീകരണ ശീലങ്ങളും നമ്മുടെ ദൈനംദിനത്തിൽ കൊണ്ട് വരാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കാം, പക്ഷേ ഒരിക്കലും അസാദ്ധ്യമല്ല.
വായിക്കാം: ചികിത്സാച്ചെലവ്,
അനാവശ്യ ചികിത്സ, രോഗാതുരത:
കേരളത്തിന്റെ ആരോഗ്യ അതിജീവന വെല്ലുവിളികൾ
അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം
പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം
മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ
‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ
നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?
കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?
നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?
അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ
കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ
നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

