കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം (CKDu): വടക്കൻ കേരളം
ഹോട്ട്‌സ്പോട്ടാണോ?

ദീർഘകാല വൃക്കരോഗം (Chronic Kidney Disease - CKD) പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ, CKD രോഗികളിൽ അഞ്ചിലൊരാളിൽ കാരണം വ്യക്തമല്ലാത്ത വൃക്കരോഗം കാണപ്പെടുന്നു. അതായത് CKDu ഇന്ത്യയിലെ വൃക്കരോഗഭാരത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നിവേദ് ഹരിദാസ് എഴുതിയ ലേഖനം.

ലോകമെമ്പാടും ദീർഘകാല വൃക്കരോഗം (Chronic Kidney Disease - CKD) ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക ജനസംഖ്യയുടെ ഏകദേശം 10–15 ശതമാനം ആളുകൾക്ക് ഏതെങ്കിലും ഘട്ടത്തിൽ വൃക്കരോഗമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞ് മൂന്ന് മാസത്തിലധികം നീണ്ടുനിൽക്കുമ്പോഴാണ് അതിനെ ദീർഘകാല വൃക്കരോഗം എന്ന് വിളിക്കുന്നത്.

എന്താണ് CKDu

ചില രോഗികളിൽ വൃക്കരോഗം കണ്ടെത്തുമ്പോൾ വിശദമായ പരിശോധനകളിൽ പോലും മേൽപ്പറഞ്ഞ കാരണങ്ങളൊന്നും കണ്ടെത്താനാകുന്നില്ല. പ്രമേഹമില്ല, ഗുരുതര രക്തസമ്മർദ്ദമില്ല, വ്യക്തമായ ഗ്ലോമെറുലാർ രോഗമില്ല, ജനിതക രോഗമില്ല. എന്നിട്ടും വൃക്കകളുടെ പ്രവർത്തനം വർഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്തരം രോഗാവസ്ഥയെയാണ് Chronic Kidney Disease of Unknown Etiology (CKDu - കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം) എന്ന് വിളിക്കുന്നത്. വാസ്തവത്തിൽ CKDu ഒരു പ്രത്യേക രോഗമല്ല. അറിയപ്പെടുന്ന കാരണങ്ങളാൽ വിശദീകരിക്കാൻ കഴിയാത്ത ഒരു കൂട്ടം വൃക്കരോഗങ്ങളുടെ പൊതുപേരാണ് ഇത്.

ആദ്യ കേസ് എവിടെയാണ്?

1990-കളിൽ മധ്യ അമേരിക്കയിലെ എൽ സാൽവദോർ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളിലെ കർഷകരിലും കരിമ്പ് തൊഴിലാളികളിലും അസാധാരണമായി വൃക്കരോഗം വർധിക്കുന്നതായി കണ്ടെത്തി. യുവാക്കളും മധ്യവയസ്കരുമായ തൊഴിലാളികളിലാണ് കൂടുതലായി ബാധിക്കപ്പെട്ടത്. ഇവരിൽ ഭൂരിഭാഗം പേർക്കും പ്രമേഹമോ ഗുരുതര ഹൈപ്പർടെൻഷനോ ഉണ്ടായിരുന്നില്ല. പിന്നീട് ശ്രീലങ്കയിലെ ചിലയിടങ്ങളിലും സമാനമായ രോഗബാധ കണ്ടെത്തി. തുടർന്ന് ഇന്ത്യ, മെക്സിക്കോ, പനാമ, തായ്‌വാൻ, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും ചില മേഖലകളിൽ സമാന രോഗരൂപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആദ്യകാലത്ത് “Mesoamerican Nephropathy” എന്ന് വിളിക്കപ്പെട്ടിരുന്ന ഈ രോഗാവസ്ഥ പിന്നീട് CKDu എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ഇന്ത്യയിലെ CKDu

ഇന്ത്യയിൽ CKDu ആദ്യമായി വലിയ ശ്രദ്ധ നേടിയത് ആന്ധ്രാപ്രദേശിലെ ഉദ്ദാനം (Uddanam) മേഖലയിലൂടെയാണ്. തുടർന്ന് ഒഡിഷ, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും സമാന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇന്ത്യൻ CKD രജിസ്ട്രിയിലെ വിവരങ്ങൾ പ്രകാരം CKD രോഗികളിൽ ഏകദേശം അഞ്ചിലൊരാളിൽ കാരണം വ്യക്തമല്ലാത്ത വൃക്കരോഗം കാണപ്പെടുന്നു. അതായത് CKDu ഇന്ത്യയിലെ വൃക്കരോഗഭാരത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള
പ്രധാന കണ്ടെത്തലുകൾ

തമിഴ്നാട്ടിലെ വിവിധ കാർഷിക മേഖലകളിലായി 3350 കർഷക തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ ഒരു വലിയ ജനസംഖ്യാ പഠനം ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ പുറത്തുകൊണ്ടുവന്നു.

ഈ പഠനത്തിൽ

  • മൊത്തം CKD പ്രിവലൻസ് 5.3% ആയിരുന്നു.

  • അതിൽ ഏകദേശം പകുതിയോളം (2.7%) CKDu ആയിരുന്നു.

  • പ്രായം കൂടുന്നത്, പ്രമേഹം, രക്തസമ്മർദ്ദം, രക്തക്കുറവ്, പുകയില ഉപയോഗം എന്നിവ അപകടസാധ്യത വർധിപ്പിച്ചു.

  • ആഴ്ചയിൽ കൂടുതൽ സമയം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരിൽ വൃക്കരോഗം കൂടുതലായി കണ്ടെത്തി.

ഈ പഠനത്തിലെ ഏറ്റവും കൗതുകകരമായ കണ്ടെത്തൽ മറ്റൊന്നായിരുന്നു. ആദ്യ പരിശോധനയിൽ വൃക്കപ്രവർത്തനം കുറഞ്ഞതായി കണ്ടെത്തിയ പലരുടെയും പരിശോധന മൂന്ന് മാസം കഴിഞ്ഞ് ആവർത്തിച്ചപ്പോൾ സാധാരണ നിലയിലായിരുന്നു. അതായത് രോഗലക്ഷണങ്ങളില്ലാതെ ചെറിയ തോതിൽ ആവർത്തിച്ച് ഉണ്ടാകുന്ന താൽക്കാലിക വൃക്കക്ഷതകൾ (subclinical AKI) ഭാവിയിൽ സ്ഥിരമായ വൃക്കരോഗത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന സംശയം ശക്തിപ്പെട്ടു.

എന്തായിരിക്കാം കാരണം?

CKDu-വിന്റെ യഥാർത്ഥ കാരണം ഇന്നും കണ്ടെത്താനായിട്ടില്ല. പല സാധ്യതകളും ഗവേഷകർ പരിശോധിക്കുന്നുണ്ട്.

ചൂടും നിർജലീകരണവും

ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിദ്ധാന്തമാണിത്. കനത്ത വെയിലിൽ മണിക്കൂറുകളോളം ജോലി ചെയ്യുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ആവർത്തിച്ചുള്ള നിർജലീകരണം എന്നിവ വൃക്കകൾക്ക് ചെറിയ തോതിൽ ആവർത്തിച്ചുള്ള ക്ഷതങ്ങൾ ഉണ്ടാക്കാമെന്നാണ് കരുതപ്പെടുന്നത്.

കാർഷിക രാസവസ്തുക്കൾ

കളനാശിനികൾ, കീടനാശിനികൾ, വളങ്ങൾ എന്നിവയുടെ ദീർഘകാല സമ്പർക്കം രോഗസാധ്യത വർധിപ്പിക്കുമോ എന്നത് ഇപ്പോഴും പഠനവിഷയമാണ്. ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.

കുടിവെള്ളത്തിലെ ഘടകങ്ങൾ

ചില പ്രദേശങ്ങളിലെ ഭൂഗർഭജലത്തിൽ സിലിക്ക, സ്ട്രോൺഷ്യം തുടങ്ങിയ ഘടകങ്ങൾ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇവ വൃക്കകളെ ബാധിക്കുന്നുണ്ടോ എന്നതും ഗവേഷണ വിഷയമാണ്.

പരിസ്ഥിതി ഘടകങ്ങൾ

കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന താപനില, ജലലഭ്യതയിലെ കുറവ് എന്നിവയും പരിഗണിക്കപ്പെടുന്നു.

ജനിതക ഘടകങ്ങൾ

ചില വ്യക്തികൾക്ക് രോഗസാധ്യത വർധിപ്പിക്കുന്ന ജനിതക ഘടകങ്ങൾ ഉണ്ടായിരിക്കാമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇന്ന് ലഭ്യമായ തെളിവുകൾ പ്രകാരം CKDu ഒരു ബഹുകാരണ രോഗപ്രക്രിയ (multifactorial disease) ആണെന്നാണ് കരുതപ്പെടുന്നത്.

സി.കെ.ഡിയുവിന്റെ പ്രത്യേകതകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം ചെറിയ വ്യത്യാസങ്ങളോടെ കാണുന്നുണ്ടെങ്കിലും ചില പൊതുവായ സവിശേഷതകളുണ്ട്.

  • കർഷകരിലും ഗ്രാമീണ തൊഴിലാളികളിലും കൂടുതലായി കാണപ്പെടുന്നു.

  • പ്രമേഹം ഇല്ലാത്തവരിൽ കണ്ടുവരാം.

  • മൂത്രത്തിൽ പ്രോട്ടീൻ സാധാരണ വളരെ കുറവായിരിക്കും.

  • രോഗം വർഷങ്ങളോളം ലക്ഷണങ്ങളില്ലാതെ പുരോഗമിക്കാം.

  • വൃക്ക ബയോപ്സിയിൽ പലപ്പോഴും ട്യൂബുലോ-ഇന്റർസ്റ്റീഷ്യൽ ക്ഷതമാണ് പ്രധാന കണ്ടെത്തൽ.

  • അവസാനഘട്ടത്തിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്കമാറ്റിവയ്ക്കൽ ആവശ്യമായി വരാം.

CKDu രോഗികൾക്ക് പലപ്പോഴും രോഗം കണ്ടെത്തുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനം ഗണ്യമായി കുറഞ്ഞിട്ടുണ്ടാകും.

വടക്കൻ കേരളം:
ഉയർന്നുവരുന്ന ആശങ്ക

കഴിഞ്ഞ ഏതാനും വർഷങ്ങളായി വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന നെഫ്രോളജിസ്റ്റുകൾ ഒരു പ്രത്യേക രോഗിസമൂഹത്തെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

പ്രമേഹമോ ഗുരുതര ഹൈപ്പർ ടെൻഷനോ ഇല്ലാത്ത രോഗികളിൽ:

  • ക്രമേണ വൃക്കപ്രവർത്തനം കുറയുന്നു.

  • മൂത്രത്തിൽ പ്രോട്ടീൻ വളരെ കുറവായിരിക്കും.

  • പലപ്പോഴും രോഗം വൈകിയാണ് കണ്ടെത്തപ്പെടുന്നത്.

  • ട്യൂബുലോ ഇന്റർസ്റ്റീഷ്യൽ ക്ഷതത്തിന്റെ സവിശേഷതകൾ കാണപ്പെടുന്നു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില മേഖലകളിൽ ഇത്തരം രോഗികളെ താരതമ്യേന കൂടുതലായി കാണുന്നുവെന്നത് നിരവധി ഡോക്ടർമാരുടെ അനുഭവമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വടക്കൻ കേരളം CKDu-വിന്റെ ഒരു സാധ്യതാപ്രദേശമാണോ എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. എന്നിരുന്നാലും, ഇതിനെ ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ വലിയ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പഠനങ്ങൾ ഇനിയും ആവശ്യമാണ്.

രോഗം തിരിച്ചറിയുന്നതിലെ വെല്ലുവിളി

CKDu-വിന്റെ ഏറ്റവും വലിയ പ്രത്യേകത രോഗം നിശ്ശബ്ദമായി പുരോഗമിക്കുന്നു എന്നതാണ്.

ആദ്യഘട്ടങ്ങളിൽ രോഗിക്ക്:

  • കാലിൽ നീര് ഉണ്ടാകണമെന്നില്ല.

  • മൂത്രത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടണമെന്നില്ല.

  • ശരീരാസ്വാസ്ഥ്യം ഉണ്ടാകണമെന്നില്ല.

പലപ്പോഴും രക്തത്തിലെ ക്രിയാറ്റിനിൻ പരിശോധന നടത്തുമ്പോഴാണ് രോഗം കണ്ടെത്തുന്നത്. അതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർക്കും കഠിനാധ്വാനം ചെയ്യു ന്ന തൊഴിലാളികൾക്കും ഇടയ്ക്കിടെ വൃക്കപരിശോധന നടത്തുന്നത് പ്രയോജനകരമാണ്.

CKDu ഇന്ന് ലോകത്തെ നെഫ്രോളജിസ്റ്റുകളെയും പൊതുജനാരോഗ്യ വിദഗ്ധരെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഒരു രോഗാവസ്ഥയാണ്. കാരണം ഇന്നും പൂർണമായി വ്യക്തമല്ലെങ്കിലും, രോഗത്തിന്റെ സാന്നിധ്യം യാഥാർത്ഥ്യമാണ്.

വടക്കൻ കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഗവേഷണങ്ങളും ജനസംഖ്യാ പഠനങ്ങളും നടത്തേണ്ടതുണ്ട്. രോഗം നേരത്തെ കണ്ടെത്തുക, അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെ തിരിച്ചറിയുക, ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നിവയാണ് നിലവിലെ പ്രധാന ലക്ഷ്യങ്ങൾ.

പ്രമേഹവും രക്തസമ്മർദ്ദവും പോലെ തന്നെ, കാരണം വ്യക്തമല്ലാത്ത വൃക്കരോഗങ്ങളും നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന ഒരു യാഥാർത്ഥ്യമാണെന്ന തിരിച്ചറിവ് ആരോഗ്യരംഗത്തിനും പൊതുസമൂഹത്തിനും ഒരുപോലെ ആവശ്യമാണ്.

READ: ന്യൂറോളജിയിലെ
കൃത്രിമ ബുദ്ധി

സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും

മഴക്കാല രോഗങ്ങൾ

പ്രമേഹവും വൃക്കരോഗവും

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

Comments