പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

പ്രസവശേഷമുള്ള 6 ആഴ്ചകൾ അമ്മയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള നാളുകളാണ്. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയും പൊരുത്തപ്പെടലുകളിലൂടെയും കടന്നുപോകുന്ന സമയമാണിത്. ഈ സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പൂജ ഹരിപ്രസാദ് എഴുതിയ ലേഖനം.

സൗദാമിനി പെറ്റു.
എല്ലു പൊടിയുവോളം പേറ്റുനോവ് പേറി പെറ്റു! നൊന്തുതന്നെ പ്രസവിക്കണം എന്ന അമ്മൂമ്മയുടെ ശാഠ്യത്തിനു വഴങ്ങി വേദനസംഹാരികളൊക്കെ നിഷേധിച്ചൊരു 'സുഖ'പ്രസവം!

തയ്യലുകളുടെ എരിച്ചിലും സംശയങ്ങളുടെയും അറിവില്ലായ്മയുടെയും ധൂമപടലവും ആ തളർന്ന കണ്ണുകളുടെ കാഴ്ച മറച്ചുകൊണ്ടേയിരുന്നു. തന്റെ കുഞ്ഞിനെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കുന്ന ഹോസ്പിറ്റൽചുമരിലെ അമ്മയുടെ ചിത്രം നോക്കി അവൾ അത്ഭുതപ്പെട്ടു. ഉണ്ണാതെ, ഉറങ്ങാതെ, വേദന സഹിച്ച് എങ്ങനെയാണ് ആ കുഞ്ഞുമുഖം നോക്കി ഇത്രയേറെ പുഞ്ചിരിക്കാൻ സാധിക്കുക?

പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞും എന്തേ വയർ ഒതുങ്ങിയില്ലെന്ന് പരിഭവിച്ച അയൽപക്കത്തെ അമ്മായിയുടെ കുടവയറിലോട്ട് പാളിനോക്കവേ, ഒന്നു നെടുവീർപ്പിടാൻപോലും കഴിയാത്തവണ്ണമൊരു കെട്ട് വയറിനുചുറ്റും വീണുകഴിഞ്ഞിരുന്നു! കരയുന്ന കുഞ്ഞിനെ പാലൂട്ടാനിരിക്ക വേ, പാൽ നിറഞ്ഞുവീർത്ത മാറിടത്തിലോട്ടു തുറിച്ചുനോക്കി 'പാലില്ലേ മോളേ?' എന്നൊരു ചോദ്യത്തിനൊപ്പം സ്വയം പ്രഖ്യാപിത ഡോക്ടർ കൂടിയായ അമ്മായിയുടെ വിദഗ്ധാഭിപ്രായവും ലഭിച്ചു: ‘‘പാലുണ്ടാവാൻ അന്നം അഞ്ചുനേരം. വെള്ളം രണ്ടു ഗ്ലാസ്സിനപ്പുറം വേണ്ടാ. കുഞ്ഞിനു മൂന്നാം മാസം മുതൽ കുറുക്കും കൊടുക്കാലോ’’, മിന്നൽപ്പിണർ എന്നു പേരിനർത്ഥമുള്ള സൗദാമിനി, മിന്നലേറ്റ കണക്കു തരിച്ചിരുന്നുപോയി.

പ്രസവശേഷമുള്ള 6 ആഴ്ചകളാണ് പ്രസാവനന്തര കാലഘട്ടമായി കണക്കാക്കപ്പെടുന്നത് - കൃത്യമായി പറഞ്ഞാൽ ഗർഭപാത്രത്തിൽനിന്ന് മറുപിള്ള വന്നതിനുശേഷമുള്ള 6 ആഴ്ചകൾ; ഒരു അമ്മയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള നാളുകൾ. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയും പൊരുത്തപ്പെടലുകളിലൂടെയും കടന്നുപോകുന്ന സമയമാണിത്.

അടിയന്തര പ്രസവാനന്തര കാലഘട്ടത്തിൽ (Immmediate postpartum period), അഥവാ പ്രസവശേഷമുള്ള ആദ്യ 24 മണിക്കൂറിൽ സർവ്വസാധാരണയായി കുളിരും വിറയലും അമ്മമാർക്ക് അനുഭവപ്പെടാറുണ്ട്. ഇതിനു പ്രത്യേകം ചികിത്സയൊന്നുംആവശ്യമില്ല. ഒരു കട്ടിയായ പുതപ്പുകൊണ്ട് പുതച്ച് ചൂടു പകർന്നാൽ മാത്രം മതിയാകും.

മുലയൂട്ടൽ

ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിന് മുലയൂട്ടണം.

അമ്മയ്ക്ക് സൗകര്യപ്രദമായ രീതിയിൽ ആം-റെസ്റ്റ് ഉള്ള കസേരയിൽ ഇരുന്നോ കിടന്നോ മുലയൂട്ടാം. കുഞ്ഞിന്റെ ശരീരം അമ്മയുടെ നേർക്ക് തിരിച്ച് കുഞ്ഞിന്റെ തലയും തോളും അരഭാഗവും ഒരേ വിന്യാസത്തിൽ വരുന്നപോലെയാണ് കുഞ്ഞിനെ ചേർത്തുപിടിക്കേണ്ടത്. ഒരിക്കലും കുഞ്ഞിനു മേലേക്ക് ചാഞ്ഞിരിക്കരുത്.

കുഞ്ഞിന്റെ വായ നന്നായി തുറന്ന്, നിപ്പിളും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും കുഞ്ഞിന്റെ വായിൽ ഉൾക്കൊള്ളത്തക്ക രീതിയിൽ ആവണം കുട്ടി കുടിക്കാൻ തുടങ്ങുന്നത്.

കുഞ്ഞിന്റെ ചുണ്ടുകൾ പുറത്തേക്ക് മടങ്ങി കുഞ്ഞിന്റെ താടി അമ്മയുടെ സ്തനത്തിൽ മുട്ടിയിരിക്കണം. അമ്മയ്ക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ ശാരീരിക വിന്യാസം ശരിയായ രീതിയിൽ അല്ലെന്ന് സാരം. ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്..

  • പ്രസവിച്ചയുടനെയുള്ള മഞ്ഞപ്പാൽ (Colustrum) നിർബന്ധമായും കുഞ്ഞിനു നൽകിയിരിക്കണം.

  • ഓരോ തവണയും 15-20 മിനുട്ടു വീതം മുലയൂട്ടാം.

  • Demand Feeding അഥവാ കുഞ്ഞിനു വിശക്കുമ്പോഴെല്ലാം മുലയൂട്ടാം. ഇതിനു കുഞ്ഞു കരയുമ്പോഴെല്ലാം എന്നർത്ഥമില്ല. കുഞ്ഞ് നൽകുന്ന സൂചനകൾ ( 'Hunger Cues') മനസ്സിലാക്കിവേണം പാലൂട്ടാൻ.

  • നിങ്ങളുടെ കുഞ്ഞ് പ്രതിദിനം 6-8 തവണ മൂത്രമൊഴിക്കുന്നെങ്കിൽ, ആരോഗ്യകരമായ ഭാരവർദ്ധനവുണ്ടെങ്കിൽ (15-20 g/day), ഓരോ feed നു ശേഷവും 2 മണിക്കൂർ ഉറങ്ങുക/കളിക്കുന്നുവെങ്കിൽ, ഭയക്കേണ്ട, കുഞ്ഞിനാവശ്യമായ മുലപ്പാൽ ലഭിക്കുന്നുണ്ട്.

  • ആദ്യ ആറുമാസം മുലപ്പാൽ അല്ലാതെ മറ്റൊന്നും കുഞ്ഞിനു നൽകരുത്.

  • സ്തനങ്ങൾക്ക് മതിയായ സപ്പോർട്ട് നൽകുന്ന ബ്രേസിയേഴ്‌സ് ധരിക്കുക.

ശാരീരികമായ മറ്റു മാറ്റങ്ങൾ

ഗർഭപാത്രം: പ്രസവശേഷം ചുരുങ്ങി ഒരു ക്രിക്കറ്റ് ബോൾ പോലെ ദൃഢമാകും. (1000g) പ്രതിദിനം 1 cm എന്നയളവിൽ ചുരുങ്ങി 6 ആഴ്ചയോടെ പഴയ നിലയിലേക്ക് (100 g) പോകുന്നു.

വേദന: ഗർഭപാത്രം ചുരുങ്ങുമ്പോൾ ചിലർക്ക് പ്രസവശേഷവും അടിവയറ്റിൽ വേദന അനുഭവപ്പെടാറുണ്ട്. ഗർഭപാത്രം ചുരുങ്ങാൻ സഹായിക്കുന്ന ഹോർമോണിന്റെ (Oxytocin Hormone) ഉത്പാദനം കൊണ്ട് മുലയൂട്ടുന്ന സമയത്തും ഈ വേദന അമിതമായി അനുഭവപ്പെടാറുണ്ട്.

സ്രവങ്ങൾ: ഗർഭപാത്രത്തിൽനിന്നും പുറന്തള്ളപ്പെടുന്ന സ്രവങ്ങൾ (Lochia):

  • ആദ്യ 4-5 ദിവസം - ചുവപ്പുനിറം.

  • അടുത്ത 2-3 ആഴ്ചകൾ - മങ്ങിയ ചുവപ്പ്/ഇരുണ്ട മഞ്ഞനിറം.

  • അടുത്ത 6-8 ആഴ്ചകൾ - മഞ്ഞ കലർന്ന വെള്ളനിറം.

  • സാനിറ്ററി പാഡുകൾ 3-4 മണിക്കൂർ ഇടവിട്ട് മാറ്റേണ്ടതാണ്. ദീർഘനേരം ഒരേ പാഡ് ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാക്കും.

  • കാലുകളിൽ നീര് സർവ്വസാധാരണം. 1-2 ആഴ്ചകളിൽ ശമിക്കും. ഉറങ്ങുമ്പോൾ പാദങ്ങൾ ഉയർത്തി വെക്കാവുന്നതാണ്.

മാനസികാരോഗ്യം

  • (Post Partum Blues): പ്രസവശേഷം ആദ്യത്തെ 1-2 ആഴ്ചകളിൽ 50-75% സ്ത്രീകളിലും കണ്ടുവരുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന താല്ക്കാലിക വിഷാദാവസ്ഥ. അകാരണമായ സങ്കടം, പെട്ടെന്ന് കരച്ചിൽ വരിക, ഉത്കണ്ഠ, ഉറക്കക്കുറവ്, ക്ഷീണം എന്നിവ പ്രധാന ലക്ഷണങ്ങൾ. കുടുംബാംഗങ്ങളുടെ പിന്തുണയും വിശ്രമവുംകൊണ്ട് ഇത് സാധാരണയായി ചികിത്സയില്ലാതെതന്നെ രണ്ടാഴ്ചയ്ക്കുള്ളിൽ മാറും.

  • മേൽപ്പറഞ്ഞ ലക്ഷണങ്ങൾ രണ്ടാഴ്ചയ്ക്കുമേലെ നീളുകയാണെങ്കിൽ അല്ലെങ്കിൽ മതിഭ്രമം (Hallucination) കാണപ്പെടുകയാണെങ്കിൽ വിദഗ്ധാഭിപ്രായം തേടണം.


പാലൂട്ടൽ കാലത്തെ ആർത്തവമില്ലായ്മ
(Lactational Amenorrhea)

പ്രസവശേഷം അമ്മമാർ മുലയൂട്ടുന്ന കാലയളവിൽ പ്രൊലാക്റ്റിൻ ഹോർമോണിന്റെ അതിപ്രസരംകൊണ്ട് അണ്ഡവിസർജ്ജനവും ആർത്തവവും ഉണ്ടാകാത്ത അവസ്ഥയാണിത്. ആറുമാസം മുതൽ 2 വർഷംവരെ ഇതു നീണ്ടുനിൽക്കാം. ആദ്യ ആറുമാസത്തിൽ 98% ഫലപ്രദമായ പ്രകൃതിദത്തമായ ഗർഭനിരോധനമാർഗ്ഗം കൂടിയാണിത്.

വയറിലെ മാംസപേശികൾ (Abdominal Muscles) പ്രസവശേഷം അയഞ്ഞുതൂങ്ങിക്കിടക്കുന്നത് തീർത്തും സ്വാഭാവികമാണ്. ചിലർക്ക് വയറ്റിലെ റെക്റ്റസ് മസിലുകൾ അകന്ന് ഡൈവാരിഫിക്കേഷൻ (Divarication of Recti) എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പ്രസവിച്ച് ആറാഴ്ചകൾക്കപ്പുറം ഡോക്ടർ നിർദ്ദേശിക്കുന്ന വ്യായാമങ്ങൾ ചെയ്താലേ മസിലുകളുടെയും പെൾവിക് ഫ്ലോറിന്റെയും (Pelvic floor) കരുത്ത് വർദ്ധിക്കുകയുള്ളു. ഒരു കാരണവശാലും വയറിനുചുറ്റും മുറുക്കമുള്ള തുണി ചുറ്റരുത്; ഭാവിയിൽ പെർവിക് ഓർഗൻ പ്രൊലാപ്സ് - (pelvic organ prolapse) നു വരെ ഇത് കാരണമായേക്കാം.

ഭാരനഷ്ടം (Weight Loss)

സ്വാഭാവിക ഭാരവർദ്ധനവ് മാത്രം ഉണ്ടായവർക്ക് ആറുമാസങ്ങൾക്കുള്ളിൽ തന്നെ ശരിയായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ ഗർഭകാലത്തിനു മുൻപുള്ള ശരീരഭാരത്തിലേക്കു കുറയ്ക്കുവാൻ സാധിക്കും.

പ്രസവാനന്തര പരിചരണം

സാധാരണ പ്രസവശേഷം 2-3 മണിക്കൂറിനുശേഷവും സിസേറിയന് (C-section ) 6 മണിക്കൂറിനുശേഷവും പതിയെ എഴുന്നേറ്റു നടക്കാൻ തുടങ്ങണം. കുടലിന്റെ പ്രവർത്തനത്തിനും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നതു തടയുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.

ആരോഗ്യകരമായ മലമൂത്രവിസർജ്ജനത്തിനു ധാരാളം വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം.

അനിയന്ത്രിതമായി മലം/മൂത്രം പോകുന്നുവെങ്കിൽ ഉടൻതന്നെ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. പ്രസവസമയത്തുണ്ടായേക്കാവുന്നതും മതിയായ രീതിയിൽ ചികിത്സിക്കപ്പെടാത്തതുമായ യോനീഭാഗത്തുള്ള കീറലുകളാവാം കാരണം. 2-3 മണിക്കൂർ ഇടവേളകളിൽ മൂത്രമൊഴിക്കുന്നത് ശീലമാക്കുക.

മൂലക്കുരു വളരെ സാധാരണമായി ഗർഭകാലത്തു കണ്ടുവരുന്ന ഒന്നാണ്. പ്രസവാനന്തരം കുറച്ച് ആഴ്ചകൾക്കുള്ളിൽ സിറ്റ് സ് ബാത്ത് ( sitz bath ), ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവകൊണ്ട് ശമിക്കുന്നതാണ്.

മുറിവുകളുടെ ശുചിത്വം
(Wound Care)

വ്യക്തിശുചിത്വം വളരെ പ്രധാനം. നിത്യം ഒരു തവണയെങ്കിലും സോപ്പ് തേച്ചു കുളിക്കുക. അമിതമായ ചൂടുള്ള വെള്ളം തൊലിയിൽ പൊള്ളലുകൾ ഉണ്ടാക്കുകയല്ലാതെ വയറുകുറയാനോ ഗർഭപാത്രം ചുരുങ്ങാനോ സഹായിക്കില്ല.

എപ്പിസിയോട്ടമി / സിസേറിയൻ (Episiotomy/C-section) മുറിവിലും സോപ്പ് തേച്ചു കഴുകണം. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നല്ലാതെ ഒരു തരത്തിലുള്ള വസ്തുക്കളും (ക്രീം/മഞ്ഞൾ/ പൗഡർ) മുറിവിൽ പുരട്ടരുത്; അണുബാധയുണ്ടായേക്കാം.

ഭക്ഷണം

  • സമീകൃതാഹാരം (30 കിലോ കാലറി / കിലോ + 500 കിലോ കാലറി).

  • പ്രതിദിനം 60 മി.ഗ്രാം എലിമെന്റൽ ഇരുമ്പു സത്ത് x മൂന്നു മാസത്തേക്ക്.

  • 1 ഗ്രാം കാൽസ്യം / ദിവസം x 6 മാസം.

  • നിർബന്ധമായും 4-6 ആഴ്ചകൾക്കു ശേഷം അല്ലെങ്കിൽ ഡോക്ടർ നിശ്ചയിക്കുന്ന കാലയളവിൽ ഡോക്ടറെ കാണേണ്ടതാണ്. നിങ്ങളെ പരിശോധിച്ചശേഷം ആവശ്യമായ രക്തപരിശോധനകളും മരുന്നുകളും വ്യായാമങ്ങളും ഗർഭനിരോധനമാർഗ്ഗങ്ങളും ഡോക്ടർ നിർദ്ദേശിക്കുന്നതാണ്.

അത്യാവശ്യ പരിചരണം (Urgent care) എപ്പോൾ?

  • അമിത രക്തസ്രാവം, തലകറക്കം, ശ്വാസംമുട്ടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്.

  • കാലുകളിൽ നീലനിറം അല്ലെങ്കിൽ അമിതമായ നീര്.

  • പനി (Temperature >100 C).

  • അസഹ്യമായ വയറുവേദന.

  • യോനിയിൽ നിന്ന്/മുറിവിൽനിന്ന് ദുർഗന്ധം വമിക്കുന്ന ദ്രാവകം/അസഹ്യമായ വേദന.

  • ആത്മഹത്യാ പ്രവണത / മതിഭ്രമം / വിഭ്രാന്തി /ആക്രമണ മനോഭാവം.

  • മുലയൂട്ടുമ്പോൾ വേദന / സ്തനങ്ങളിൽ അമിതമായ വേദന / ചുവപ്പുനിറം / പഴുപ്പ്.

  • അമിതമായ തലവേദന, നിൽക്കാതെയുള്ള ഛർദ്ദി, കാഴ്ചമങ്ങൽ തുടങ്ങിയ അവസ്ഥകളിൽ.

ആദ്യം പറഞ്ഞ സൗദാമിനി ഞാനാകാം, നിങ്ങളാകാം, നിങ്ങളുടെ പ്രിയപ്പെട്ടവരാകാം. ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൂടെ ജനിക്കുന്നത് ഒരമ്മ കൂടെയാണ് എന്നോർക്കൂ.

READ: ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments