രോഗാണുക്കൾ അണുനാശിനികളെ അതിജീവിക്കുമ്പോൾ

‘‘ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരാസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾ മുമ്പ് ഫലപ്രദമായിരുന്ന മരുന്നുകൾക്ക് പ്രതികരിക്കാതെയാകുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്. ഇന്ത്യയിൽ ഈ പ്രശ്നം അതിവേഗം രൂക്ഷമാകുകയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ആർ. സത്യജിത്ത് എഴുതിയ ലേഖനം.

ധുനിക വൈദ്യശാസ്ത്ര ലോകത്തിനുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR). താഴ്ന്ന ശുചിത്വനിലവാരം, സാനിറ്റേഷൻ പ്രശ്നങ്ങൾ, കൂടുതലായ രോഗബാധാനിരക്ക്, അനിയന്ത്രിതമായി ലഭിക്കുന്ന ആന്റിബയോട്ടിക്കുകൾ എന്നിവ കാരണം ഇന്ത്യയിൽ ഈ പ്രശ്നം അതിവേഗം വലുതാകുകയാണ്. ഇനി നടപടികൾ എടുക്കുന്നില്ലെങ്കിൽ, ഒരിക്കൽ എളുപ്പത്തിൽ ചികിത്സിച്ചിരുന്ന രോഗങ്ങൾ പോലും ഭീകരരൂപം പ്രാപിക്കാം.

എന്താണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്?

ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരാസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾ മുമ്പ് ഫലപ്രദമായിരുന്ന മരുന്നുകൾക്ക് പ്രതികരിക്കാതെയാകുന്ന അവസ്ഥയാണ് AMR. ഇവയിൽ ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ്; ഒരിക്കൽ ഫലപ്രദമായിരുന്ന ആന്റിബയോട്ടിക്കുകൾക്ക് ബാക്ടീരിയ പ്രതികരിക്കാതെയാകുന്ന അവസ്ഥ.

സാധാരണയായി ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ നശിപ്പിക്കാനാണ്. എന്നാൽ ബാക്ടീരിയ പ്രതിരോധശേഷി വികസിപ്പിച്ചാൽ, മരുന്നുകൾ പ്രവർത്തിക്കാതെ പോകും. ഫലമായി രോഗം കൂടുതൽ ദിവസങ്ങൾ തുടർന്നുനിൽക്കുകയും, വൈദ്യസംബന്ധമായ സങ്കീർണതകൾ പതിവാകുകയും, മരണസാധ്യത ഗണ്യമായി ഉയരുകയും ചെയ്യുന്നു.

എ.എം.ആർ രണ്ട് രീതിയിൽ ഉണ്ടാകുന്നു:

1. ഇൻട്രിൻസിക് റെസിസ്റ്റൻസ്
(intrinsic resistance)

ചില ബാക്ടീരിയകൾക്ക് അവരുടെ ഘടനയിലോ പ്രവർത്തനത്തിലോ ഉള്ള പ്രത്യേകതകൾ മൂലം ചില മരുന്നുകൾക്ക് എതിരെ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകും.

2. അക്വയർഡ് റെസിസ്റ്റൻസ്
(aquired resistance)

ആന്റിബയോട്ടിക്കുകളുടെ തെറ്റായതും വിപുലവുമായ ഉപയോഗം കാരണം ബാക്ടീരിയകൾ പ്രതിരോധശേഷി വികസിപ്പിക്കുകയാണ്. അനാവശ്യമായി ഓരോ തവണയും ആന്റിബയോട്ടിക്ക് ഉപയോഗിക്കുമ്പോൾ, ബാക്ടീരിയകൾ “അതിജീവിക്കാൻ പഠിക്കുന്നു”-ഇതാണ് സൂപ്പർബഗുകൾ ഉയർന്നുവരാൻ കാരണം.

എ. എം. ആർ എന്തുകൊണ്ട്
ഭീഷണിയാണ്?

1. ICU- കളിൽ ഉയർന്ന റെസിസ്റ്റൻസ് നിരക്ക്:

ഇന്ത്യയിലെ ഐ.സി.യുകളിലെ ഏകദേശം 50% ബാക്ടീരിയകൾക്കും എതിരെ കുറഞ്ഞത് ഒരു ആന്റിബയോട്ടിക്കെങ്കിലും പ്രവർത്തിക്കില്ല. ഇത് ചികിത്സയെ വളരെ ബുദ്ധിമുട്ടാക്കുന്നു.

2. സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകൾ പ്രവർത്തിക്കാത്ത അവസ്ഥ:

മൂത്രാശയ സംബന്ധമായ രോഗങ്ങൾ, ന്യുമോണിയ, ടൈഫോയ്ഡ് എന്നിവയ്ക്കുള്ള ചികിത്സകൾ ഇപ്പോൾ പഴയതുപോലെ എളുപ്പമല്ല. ചിലപ്പോൾ ശക്തമായ, വിലയേറിയ മരുന്നുകൾ പോലും ഫലപ്രദമാകാതെ പോകുന്നു.

3. കൂടുതൽ ചികിത്സാചെലവ്:

റെസിസ്റ്റന്റ് ആയ രോഗങ്ങൾക്ക് കൂടുതൽ പരിശോധനകൾ, ദീർഘകാല ആശുപത്രിവാസം, വിലയേറിയ മരുന്നുകൾ എന്നിവ ആവശ്യമാണ്.

4. രോഗവ്യാപനത്തിന്റെ വർദ്ധന:

റെസിസ്റ്റന്റ് ബാക്ടീരിയകൾ സമൂഹത്തിൽ, ആശുപത്രികളിൽ, ഭക്ഷണവും വെള്ളവും വഴി വേഗത്തിൽ പടരുന്നു.

5. പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെടുന്നില്ല:

പുതിയ ആന്റിബയോട്ടിക്കുകൾ വളരെ കുറവായി വികസിപ്പിക്കപ്പെടുന്നു. അതായത് ഇപ്പോഴുമുള്ള മരുന്നുകൾ സംരക്ഷിക്കാത്തപക്ഷം പ്രതിരോധിക്കാൻ മരുന്നുകളില്ലാത്ത കാലത്തെ സാഹചര്യമുണ്ടായേക്കാം.

എ. എം. ആർ എങ്ങനെ ഉണ്ടാകുന്നു?

1. ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം:

ജലദോഷം, ചുമ, ഫ്ലൂ തുടങ്ങി വൈറൽ രോഗങ്ങൾക്ക് ആന്റി ബയോട്ടിക്ക് ഉപയോഗിക്കുന്നു; ഡോക്ടറുടെ നിർദേശം ഇല്ലാതെ മരുന്ന് വാങ്ങുന്നു; പൂർണ്ണ ഡോസ് കഴിക്കാതെ പകുതിയിൽ നിർ ത്തുന്നു, ഇവ എല്ലാം ബാക്ടീരിയയെ ആന്റിബയോട്ടിക്കുകൾക്കെതിരെ ശക്തമാക്കുന്നു.

2. സെലക്ടീവ് പ്രെഷർ:

ആന്റിബയോട്ടിക്ക് നൽകുമ്പോൾ സാധാരണ ബാക്ടീരിയകൾ നശിച്ചുപോകും. പക്ഷേ റെസിസ്റ്റന്റ് ബാക്ടീരിയകൾ ജീവനോടെ തുടരുമ്പോൾ, അവ യാണ് പിന്നീട് കൂടുതൽ വ്യാപിച്ചു രോഗം സൃഷ്ടിക്കുന്നത്.

3. ശുചിത്വക്കുറവും മോശം സാനിറ്റേഷനും:

ശരിയായ കൈ കഴുകൽ, ശുദ്ധജലം, സുരക്ഷിതമായ ഭക്ഷണം എന്നിവയുടെ അഭാവം റെസിസ്റ്റന്റ് രോഗങ്ങൾ പടരുവാൻ വഴിയൊരുക്കുന്നു.

4. മൃഗങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം:

പശു, കോഴി എന്നിവയിൽ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യരിലേക്കും പടരുന്നു.

5. ബാക്ടീരിയകൾ തമ്മിലുള്ള ജീനുകളുടെ കൈമാറ്റം:

ബാക്ടീരിയകൾ റെസിസ്റ്റൻസ് ജീനുകൾ മറ്റുള്ള ബാക്ടീരിയകളുമായി പങ്കിടുന്നതുകൊണ്ട്, അവ വളരെ വേഗത്തിൽ പടരുന്നു.

എ.എം.ആർ മൂലമുണ്ടാകുന്ന
പ്രത്യാഘാതങ്ങൾ

  • സാധാരണ ശസ്ത്രക്രിയകൾ പോലും അപകടകരമാകും.

  • കാൻസർ ചികിത്സക്കിടെ ഉണ്ടാകുന്ന രോഗബാധകൾക്ക് മരുന്നുകൾ പ്രവർത്തിക്കാതിരിക്കും.

  • ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ഗുരുതരമായ ഇൻഫെക്ഷൻ റിസ്ക്കിന് ഉള്ള സാധ്യത കൂടുതലാണ്.

  • കൃഷിയിലും പ്രതികൂല സ്വാധീനം.

എ.എം.ആർ ആരോഗ്യപ്രശ്നം മാത്രമല്ല, ഒരു സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി യാണ്.

പൊതുജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

1. ആന്റിബയോട്ടിക്ക് ശരിയായി ഉപയോഗിക്കുക:

  • ഡോക്ടർ നിർദേശിച്ചാൽ മാത്രമേ കഴിക്കാവൂ.

  • വൈറൽ രോഗങ്ങൾക്ക് ആന്റിബയോട്ടിക്ക് ആവശ്യമില്ല.

  • മരുന്ന് പൂർണ്ണമായി കഴിച്ച് തീർക്കുക.

  • മറ്റൊരാളുടെ മരുന്ന് കഴിക്കരുത്.

2. ശരിയായ ശുചിത്വം പാലിക്കുക:

  • കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

  • ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക.

3. സുരക്ഷിത ഭക്ഷണം:

  • മാംസം, മത്സ്യം, മുട്ട എന്നിവ നന്നായി വേവിച്ചു കഴിക്കുക.

4. വാക്സിനേഷൻ ഉറപ്പ് വരുത്തുക:

  • ഇത് വൈറൽ, ബാക്ടീരിയ രോഗങ്ങളുടെ കുറവിന് സഹായിച്ച് ആന്റിബയോട്ടിക്കുകളുടെ (തെറ്റായ)ഉപയോഗം കുറയ്ക്കും.

5. സ്വയം ചികിൽസ അരുത്:

  • ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഓവർ ദി കൗണ്ടർ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് എ.എം. ആറിന്റെ പ്രധാന കാരണമാണ്.

6. ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുക:

  • ശുദ്ധജലം, ശുചിത്വമുള്ള ശൗചാലയങ്ങൾ, മാലിന്യ നിർമ്മാർജന സംവിധാനം എന്നിവ അനിവാര്യമാണ്.

7. മൃഗോൽപ്പന്നങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക:

  • ശുചിത്വം പാലിക്കുന്ന, ഉത്തരവാദിത്തമുള്ള ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുക.

8. അവബോധം വളർത്തുക:

  • കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും AMRന്റെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക.

ഡോക്ടർമാരും ഹെൽത്ത് കെയർ
പ്രവർത്തകരും ചെയ്യേണ്ടത്:

  • ആവശ്യമുള്ളപ്പോൾ മാത്രം ആന്റിബയോട്ടിക്ക് നൽകുക.

  • ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ശക്തമാക്കുക.

  • ഹാൻഡ് ഹൈജീൻ കർശനമായി പാലിക്കുക.

  • കൾച്ചർ/സെൻസിറ്റിവിറ്റി റിപ്പോർട്ട് അനുസരിച്ച് മരുന്ന് നൽകുക.

  • രോഗികളെ ബോധവത്കരിക്കുക.

  • ആന്റിമൈക്രോബിയൽ സ്റ്റിവാർഡ്ഷിപ്പ് പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുക്കുക.

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഭാവിയിലെ ഒരു ഭീഷണി അല്ല, ഇപ്പോൾ തന്നെ സംഭവിക്കുകയാണ്. ഇപ്പോൾ തന്നെ ഇടപെടാത്ത പക്ഷം സാധാരണ രോഗങ്ങൾപോലും ഭീഷണിയാകും.

എന്നാൽ നല്ല വാർത്ത എന്തെന്നാൽ, എ എം ആർ തടയാൻ പൊതുജനങ്ങൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വളരെ ലളിതമാണ്. ശുചിത്വം, ഉത്തരവാദിത്തത്തോടെ ആന്റി ബയോട്ടിക്ക് ഉപയോഗിക്കൽ, വാക്സിനേഷൻ, സ്വയം ചികിത്സ ഒഴിവാക്കൽ എന്നിവ പാലിച്ചാൽ തന്നെ വലിയ വ്യത്യാസം ഉണ്ടാകും.

ഇപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചാൽ നമുക്ക് ആന്റിബയോട്ടിക്കുകളുടെ പ്രഭാവം വരുംതലമുറകൾക്കായി സംരക്ഷിക്കാനാകും.

വായിക്കാം: ചികിത്സാച്ചെലവ്,
അനാവശ്യ ചികിത്സ, രോഗാതുരത:
കേരളത്തിന്റെ ആരോഗ്യ അതിജീവന വെല്ലുവിളികൾ

അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം

പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം

മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ

‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ

നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr R Sathyajith Writes about Antimicrobial resistance in Indian Medical Association Nammude Arogyam Magazine.


ഡോ. ആർ. സത്യജിത്ത്

ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ്, അസോസിയേറ്റ് പ്രൊഫസർ, മൈക്രോ ബയോളജി, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട്.

Comments