വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ

‘‘എല്ലാ ശസ്ത്രക്രിയകളും ഓപ്പറേഷൻ തിയറ്ററിലല്ല നടക്കുന്നത്. എൻഡോസ്‌കോപ്പി യൂണിറ്റ്, കാർഡിയോളജി ലാബ്, എം.ആർ.ഐ- സി.ടി സ്‌കാൻ യൂണിറ്റുകൾ, ദന്തചികിത്സാമുറികൾ, ചില ചെറിയ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ചികിത്സകളിൽ രോഗികൾക്ക് അനസ്‌തേഷ്യ നൽകേണ്ടിവരാറുണ്ട്. ഇതിനെയാണ് നോൺ - ഓപ്പറേറ്റിങ് റൂം അനസ്‌തേഷ്യ എന്നു പറയുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാജേഷ് എം.സി എഴുതിയ ലേഖനം.

നസ്‌തേഷ്യയെക്കുറിച്ച് പറയുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് ആദ്യം വരുന്നത് ഓപ്പറേഷൻ തിയേറ്ററും അവിടെ നടക്കുന്ന ശസ്ത്രക്രിയകളുമാണ്. എന്നാൽ എല്ലാ ശസ്ത്രക്രിയകളും ഓപ്പറേഷൻ തിയറ്ററിലല്ല നടക്കുന്നത്. ആശുപത്രിയിലെ വിവിധയിടങ്ങളിൽ, അതായത് എൻഡോസ്‌കോപ്പി യൂണിറ്റ്, കാർഡിയോളജി ലാബ്, എം.ആർ.ഐ- സി.ടി സ്‌കാൻ യൂണിറ്റുകൾ (പ്രത്യേകിച്ച് ചില കുഞ്ഞുങ്ങൾക്ക്), ദന്തചികിത്സാമുറികൾ, ചില ചെറിയ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പല പരിശോധനകൾക്കും, ചികിത്സകൾക്കും, രോഗികൾക്ക് അനസ്‌തേഷ്യ നൽകേണ്ടിവരാറുണ്ട്. ഇതിനെയാണ് നോൺ - ഓപ്പറേറ്റിങ് റൂം അനസ്‌തേഷ്യ അഥവാ NORA (Non-Operating Room Anaesthesia) എന്നുപറയുന്നത്.

സമീപഭാവിയിൽ, അതായത് അടുത്ത പത്തു പതിനഞ്ചു വർഷത്തിനുള്ളിൽ ഏകദേശം 50 ശതമാനത്തിലധികം ചികിത്സാവിധികളിലും ഈ അനസ്‌തേഷ്യാരീതി വ്യാപകമാകാൻ സാധ്യതയുണ്ട്.

NORA വ്യാപകമാകുന്നത് എന്തുകൊണ്ട്?

ഇന്ന് രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള നൂതന സാങ്കേതികവിദ്യകൾ വളരെ മുന്നേറിയിരിക്കുന്നു. മുമ്പ് വലിയ ശസ്ത്രക്രിയകൾ ആവശ്യമുള്ള പല രോഗങ്ങൾക്കും ഇന്ന് ലളിതമായ, ശസ്ത്രക്രിയ ആവശ്യമില്ലാത്ത ചികിത്സാരീതികൾ ലഭ്യമാണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുവരെ ഈ ചികിത്സാരീതികൾ അല്ലെങ്കിൽ രോഗ നിർണയങ്ങൾ പരിമിതമായ സ്ഥലങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പക്ഷേ നിലവിൽ അത് കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമാണ്. ഉദാ: എൻഡോസ്‌കോപ്പി, കാർഡിയാക്ക് കത്തീറ്റർ ഉപയോഗിച്ച് ഹൃദയധമനികളിലെ ബ്ലോക്ക് മാറ്റുക, സ്റ്റന്റ് സ്ഥാപിക്കുക തുടങ്ങിയ ചികിത്സാ സംവിധാനങ്ങൾ. പലപ്പോഴും ഇത്തരം ചികിത്സാ സംവിധാനങ്ങളിൽ രോഗിക്ക് വേദനയോ അസ്വസ്ഥതയോ ഉണ്ടാകാതിരിക്കാൻ ചെറിയ രീതിയിലുള്ള അനസ്‌തേഷ്യ നൽകേണ്ടി വരുന്നു.

  • ഡേ-കെയർ ക്ലിനിക്കുകളും ഓഫീസ് സർജറി കേന്ദ്രങ്ങളും: ആശുപത്രികളിൽ, ഡേ-കെയർ ശസ്ത്രക്രിയ കേന്ദ്രങ്ങളും ഓഫീസ് അടിസ്ഥാന ക്ലിനിക്കുകളും വ്യാപകമായി ആരംഭിച്ചു കൊണ്ടിരിക്കുകയാണ്.

പലയിടത്തും ഒരു അനസ്‌തേഷ്യാ വിദഗ്ധന്റെ നേതൃത്വത്തിൽ ആവശ്യമായ ശസ്ത്രക്രിയകളും, പരിശോധനകളും വളരെ സുരക്ഷിതമായി നടത്തിവരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങൾ ചെലവു കുറയ്ക്കുകയും, സമയം ലാഭിക്കുകയും ചെയ്യുന്നു. പലപ്പോഴും ആ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം.

വെല്ലുവിളികൾ എന്തെല്ലാം?

ഓപ്പറേഷൻ തിയറ്ററിനു പുറത്തുള്ള അനസ്‌തേഷ്യ പലതരം രോഗികളിൽ നടത്തപ്പെടുന്നു. ഇവരിൽ പലരും വളരെ ചെറിയ കുട്ടികളായിരിക്കും. അല്ലെങ്കിൽ വളരെ പ്രായം ചെന്നവരായിരിക്കും. കൂടാതെ, പലർക്കും ശ്വാസകോശ- ഹൃദയ സംബന്ധമായ സഹരോഗങ്ങൾ ഉണ്ടായേക്കാം. ഒരു പഠനം അനുസരിച്ച് NORA- യ്ക്ക് വിധേയമാകുന്ന 61% രോഗികൾ അനസ്‌തേഷ്യാ റിസ്‌ക്ക് കൂടിയവരും, 38% പേർ പ്രായം 70 വയസ്സിൽ കൂടുതലുള്ളവരും ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ പ്രായത്തിന്റെ ഇരുവശത്തുമുള്ളവരും നിരവധി സഹരോഗങ്ങളുള്ളവരുമായ രോഗികൾ ക്കുള്ള അനസ്‌തേഷ്യ പ്രത്യേക കരുതലും ശ്രദ്ധയും ആവശ്യപ്പെടുന്ന കാര്യമാണ്. ഓപ്പറേഷൻ തിയറ്ററിനു പുറത്തുള്ള മയക്കം എന്നത്, ഒരു ലഘുചികിത്സ മാത്രമെന്ന ധാരണ ശരിയല്ല. ഇതും മറ്റ് അനസ്‌തേഷ്യ നടപടികളെപ്പോലെ തന്നെ ഗൗരവമേറിയതാണ് എന്ന് രോഗികളും ബന്ധുക്കളും മനസ്സിലാക്കണം.

ലഘുമയക്കം എന്ന ധാരണയും
അനസ്‌തേഷ്യോളജിസ്റ്റിന്റെ പങ്കും

മയക്കം (സെഡേഷൻ) അനസ്‌തേഷ്യയുടെ ഒരു ഭാഗമാണ്. സെഡേഷൻ ആഴത്തിലാകുമ്പോൾ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസതാളം എന്നിവയിൽ ഗൗരവമായ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും സൂക്ഷ്മമായ നിരീക്ഷണം വേണ്ടതുമാണ്. ‘നോറ’ സമ്പ്രദായത്തിൽ, ഏതു തരത്തിലുള്ള സെഡേഷനും ആവശ്യമെങ്കിൽ ജനറൽ അനസ്‌തേഷ്യയിലേക്ക് മാറേണ്ടിവന്നേക്കാം എന്ന കാര്യം രോഗികളും പരിചരിക്കുന്ന വരും മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ ലഘു സെഡേഷൻ പോലും അനുഭവസമ്പത്തിന്റെയും സൂക്ഷ്മ പരിചരണത്തിന്റേയും പശ്ചാത്തലത്തിൽ മാത്രമേ പാടുള്ളൂ.

അപകട സാധ്യതകൾ എങ്ങനെ കുറയ്ക്കാം?

NORA- യുടെ അപകട സാധ്യതകൾ കുറയ്ക്കാൻ രോഗികൾക്കും ബന്ധുക്കൾക്കും ചില കാര്യങ്ങൾ ചെയ്യാനാകും,

(1) കൃത്യമായ മുന്നൊരുക്കങ്ങൾ:

ചികിത്സയ്ക്ക് മുമ്പ് അനസ്‌തേഷ്യളജിസ്റ്റിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ഭക്ഷണം കഴിക്കുന്നതിലും, വെള്ളം കുടിക്കുന്നതിലുമുള്ള സമയക്രമങ്ങൾ പ്രധാനമാണ് (കട്ടിഭക്ഷണം ആറ് മണിക്കൂർ, വെള്ളം രണ്ട് മണിക്കൂർ വരെ).

(2) വിവരങ്ങൾ വെളിപ്പെടുത്തുക:

നിങ്ങളുടെ രോഗവിവരങ്ങൾ, നിലവിൽ കഴിക്കുന്ന മരുന്നുകൾ (അത് മോഡേൺ മെഡിസിൽ അല്ലെങ്കിൽ കൂടി) അലർജികൾ, മുമ്പ് അനസ്‌തേഷ്യ ലഭിച്ചിട്ടുണ്ടോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ, പല്ലിന്റെ പ്രശ്നങ്ങൾ എന്നിവ അനസ്‌തേഷ്യേളജിസ്റ്റിനോട് തുറന്നു പറയുക. ഇത് സുരക്ഷിതമായ അനസ്‌തേഷ്യ ഉറപ്പു വരുത്താൻ സഹായിക്കും.

(3) അനസ്‌ത്യേഷ്യോളജിസ്റ്റിന്റെ സേവനം ഉറപ്പ് വരുത്തുക:

ഒരു യോഗ്യതയുള്ള അനസ്‌തേഷ്യോളജിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തുകയും, അദ്ദേഹത്തെ നേരിൽ കണ്ട് നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നത് കൂടുതൽ ആത്മവിശ്വാസം നൽകും.

നോറ (NORA)യുടെ ഭാവി

ഓപ്പറേഷൻ തീയറ്ററിനുപുറത്തുള്ള അനസ്‌തേഷ്യ സേവനങ്ങളുടെ പ്രാധാന്യം വരും വർഷങ്ങളിൽ ഇനിയും കൂടാനാണ് സാധ്യത. ഈ പ്രവണതയുടെ പശ്ചാത്തലത്തിൽ, അനസ്‌തേഷ്യാ വിദഗ്ധർ സുരക്ഷാമാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിലും, വരും തലമുറ അനസ്‌തേഷ്യാ ഡോക്ടർമാരെ വാർത്തെടുക്കുന്നതിലും ശ്രദ്ധ നൽകേണ്ടതുണ്ട്.

ഭാവിയിൽ പുതിയ സാങ്കേതികവിദ്യകളും മരുന്നുകളും NORA- യെ കൂടുതൽ സുരക്ഷിതമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണത്തിന്, വളരെ വേഗത്തിൽ പ്രവർത്തിച്ച് പെട്ടെന്ന് പ്രഭാവം അവസാനിക്കുന്ന ഹ്രസ്വസ്വഭാവമുള്ള അനസ്‌തേഷ്യാ മരുന്നുകൾ വികസിച്ചുവരുകയാണ്. ഭാവിയിൽ കൂടുതൽ സങ്കീർണമായ ഓപ്പറേഷനുകൾ അല്ലെങ്കിൽ ചികിത്സാരീതികൾ, ഓപ്പറേഷൻ തിയറ്ററിന് പുറത്ത് നടത്താൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ കരുതലുകളും, പഠനവും, അനസ്തീഷ്യ ശാസ്ത്രത്തിലുള്ള പുരോഗതിയും ചേർന്ന് രോഗിയ്ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാൻ അനസ്തീഷ്യ ഡോക്ടർമാർ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ചുരുക്കത്തിൽ NORA എന്നത് ഒരു ആഹ്ളാദകരവും ആരോഗ്യകരവുമായ ഭാവിയിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ്.

READ: കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ

ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Rajesh MC writes about Non-Operating Room Anesthesia (NORA) in Indian Medical Association nammude arogyam magazine.


ഡോ. രാജേഷ് എം.സി.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യോളജിസ്റ്റ്. അക്കാദമിക് കോ- ഓർഡിനേറ്റർ.

Comments