കാൾ മാർക്സിന്റെ
ജീവൻ രക്ഷിച്ചുവോ,
ഡോ. ജോൺ സ്‍നോ

‘‘പോഷകാഹാരക്കുറവും ന്യൂമോണിയയും മൂലം കാൾ മാർക്‌സിന്റെ രണ്ട് കുട്ടികൾ ലണ്ടനിലെ താമസത്തിനിടെ മരിച്ചു. 1854- ലെ സോഹോ കോളറബാധയിൽ പെട്ടാണ് മൂന്നാമത്തെ കുട്ടി മരിച്ചത്. തക്കസമയത്ത് ജോൺ സ്നോ ഇടപെട്ടത് മൂലമാണ് മാർക്‌സ് അടക്കമുള്ളവരുടെ ജീവൻ രക്ഷപ്പെട്ടത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം.

രോഗവ്യാപനശാസ്ത്രത്തിന്റെ (Epidemiology) തുടക്കം കുറിച്ചത് ബ്രിട്ടീഷ് അനസ്തീഷ്യ വിദഗ്ദനായിരുന്ന ഭിഷഗ്വരൻ ജോൺ സ്നോ (John Snow: 1813- 1858) ആയിരുന്നു എന്നത് കൗതുകകരമായ സംഭവമായി വൈദ്യശാസ്ത്ര ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വളരെ ലളിതമെന്ന് തോന്നാവുന്ന പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയാണ് ജോൺ സ്നോ വൈദ്യശാസ്ത്രത്തിന് അമൂല്യമായ സംഭാവന നൽകിയത്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച സ്നോയുടെ ശാസ്ത്രീയ നിരീക്ഷണങ്ങൾ പക്ഷേ രൂക്ഷമായ എതിർപ്പുകളെ അതിജീവിച്ചാണ് അംഗീകരിക്കപ്പെട്ടത്. അതും അദ്ദേഹത്തിന്റെ മരണശേഷം.

കോളറ ബ്രിട്ടനിലാകെ അനേകം പേരുടെ ജീവനപഹരിച്ചുകൊണ്ടിരുന്ന സമയത്ത്, അശുദ്ധവായുവിലൂടെയാണ് രോഗം പകരുന്നതെന്ന മിയാസ്മ (Miasma) സിദ്ധാന്തത്തിനായിരുന്നു പ്രാബല്യം ലഭിച്ചിരുന്നത്. വായുവിലൂടെയല്ല മലിനജലത്തിലൂടെയാണ് രോഗം പകരുന്നതെന്ന് സൂക്ഷ്മപഠനത്തിലൂടെ ജോൺ സ്നോ മനസ്സിലാക്കി. ലണ്ടനിലെ സോഹോ (Soho) നഗരത്തിലെ ബ്രോഡ് സ്ട്രീറ്റ് വീഥിയിൽ (Broad Street) ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പമ്പിൽ നിന്നായിരിക്കണം രോഗം വ്യാപിക്കുന്നതെന്ന നിഗമനത്തിൽ ജോൺ സ്നോ എത്തിചേർന്നു. ബ്രോഡ് സ്ട്രീറ്റ് പമ്പിൽ നിന്നും ജനങ്ങൾ വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കി അതിന്റെ കൈപ്പിടി (Handle) നീക്കം ചെയ്തതോടെ ആ പ്രദേശത്ത് കോളറ വ്യാപനം നിയന്ത്രണവിധേ യമായി. ഈയൊരു ചെറുതെന്ന് തോന്നാവുന്ന നടപടിയിലൂടെ ജോൺ സ്നോ രോഗവ്യാപനശാസ്ത്രത്തിന്റെ (Epidemiology) അടിസ്ഥാന പ്രമാണങ്ങൾക്ക് തുടക്കം കുറിക്കുകയും മിയാസ്മാ സിദ്ധാന്തത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു. ബ്രോഡ് സ്ട്രീറ്റ് പമ്പ് സംഭവം പൊതുജനാരോഗ്യചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം കൈവരിച്ചു.

ബ്രിട്ടനിലെ യോർക്ക് ഗ്രാമത്തിൽ ഒരു തൊഴിലാളിയു ടെ മകനായി ജനിച്ച ജോൺ സ്നോ ചെറുപ്പം മുതൽപഠനത്തിൽ മികവ് പുലർത്തിയിരുന്നു. 1827- ൽ തന്റെ പതിനാലാമത്തെ വയസ്സിൽ സ്നോ, ഡോ. വില്യം ഹാർഡ് കാസിൽ (William Hard csatle: 1794- 1860) എന്ന ഭിഷഗ്വരനു കീഴിൽ വൈദ്യശാസ്ത്ര പരിശീലനം നേടി. 1831- 1832 കാലത്ത് ലണ്ടനിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ കൽക്കരി ഖനനപ്രദേശമായ കില്ലിംഗ് വർത്തിൽ കോളറ രോഗികളെ പരിചരിക്കാൻ സ്നോ നിയോഗിക്ക പ്പെട്ടു. കോളറ മഹാമാരിയെ മനസ്സിലാക്കാൻ സ്നോയ്ക്ക് ആദ്യമായി കിട്ടിയ അവസരമായിരുന്നു അത്. എന്നാൽ അന്നത്തെ ചികിത്സകൾ പലതും അശാസ്ത്രീയവും പ്രാകൃതവുമായിരുന്നതിനാൽ രോഗികൾക്ക് ഉചിതമായ ചികിത്സ നൽകി ആശ്വാസം നൽകാനോ മരണം തടയാനോ സ്നോയ്ക്ക് കഴിഞ്ഞില്ല.

ഡോ. ജോൺ സ്നോ
ഡോ. ജോൺ സ്നോ

1844- ൽ ലണ്ടൻ സർവകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയ സ്നോയ്ക്ക്, റോയൽ കോളേജ് ഓഫ് ഫിസിഷൻ, റോയൽ കോളേജ് ഓഫ് സർജൻ എന്നീ പ്രൊഫഷണൽ സംഘങ്ങളിൽ അംഗത്വം ലഭിച്ചു. അനസ്തീഷ്യയിലും (Anesthesia) സ്നോ പ്രത്യേക പരിശീലനം നേടിയിരുന്നു. സോഹോയിൽ സർജൻ, അനസ്തെറ്റിസ്റ്റ്, ജനറൽ പ്രാക്ടീഷണർ എന്നീ നിലകളിൽ അദ്ദേഹം വൈദ്യസേവനം ആരംഭിച്ചു. ബ്രിട്ടനിലെ വളരെ പ്രസിദ്ധനായ ആദ്യ കാല അനസ്തീഷ്യ വിദഗ്ദ്ധരിൽ പ്രമുഖനായിരുന്നു ജോൺസ്നോ. അനസ്തീഷ്യ ശാഖയുടെ വളർച്ചക്ക് സ്നോ മൗലികമായ ഒട്ടനവധി സംഭാവനകൾ നൽകി. സ്നോയാണ് ഇംഗ്ലിൽ ആദ്യമായി ശസ്ത്രക്രിയയ്ക്കായി രോഗികളെ മയക്കുന്നതിനും വേദന തടയുന്നതിനും ഈതർ അനസ്തീഷ്യ വാതകം ഉപയോഗിച്ച് തുടങ്ങിയത്. വിക്ടോറിയ മഹാറാണി (Alexandrina Vitcoria: 1819-1901) തന്റെ ഒമ്പത് മക്കളിൽ അവസാനത്തെ രണ്ടു പേരായ ലിയോപോൾഡ് രാജകുമാരനേയും (Leopold: 1853), ബിയാട്രിസ് രാജകുമാരിയേയും (Beatrice: 1857) വേദനയില്ലാതെ പ്രസവിച്ചത് സ്നോ നൽകിയ ക്ലോറോഫോം അനിസ്തീഷ്യയുടെ സഹായത്തോടെയായിരുന്നു. അനസ്തീഷ്യ നൽകുന്നതിനുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്യുന്ന തിലും സ്നോ വലിയ സംഭാവന നൽകി.

അക്കാലത്ത് ബ്രിട്ടനിൽ, പ്രത്യേകിച്ച് ലണ്ടനിൽ അടി ക്കടി പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്ന കോളറ വ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഇക്കാര്യത്തിൽ താത്പര്യം കാട്ടിയ ബ്രിട്ടീഷ് സർജൻ തോമസ് ഗ്രീൻഹൌവുമായി (Thomas Michael Greenhow: 1792- 1881) ചേർന്ന് സ്നോ നിരവധി പഠനങ്ങൾ നടത്തി. അഴുക്കുചാലുകൾ, ചതുപ്പ് നിലങ്ങൾ, മലിനവസ്തുക്കൾ ഇവയിൽ നിന്നെല്ലാം വമിക്കുന്ന വിഷവാതകങ്ങളാണ് പകർച്ചവ്യാധികൾക്കുള്ള പ്രധാന കാരണമെന്ന മിയാസ്മ സിദ്ധാന്തം തികച്ചും തെറ്റാണെന്ന് തന്റെ നിരീക്ഷണങ്ങളിൽ നിന്നും സ്നോക്കിനു മനസ്സിലായി. 1831- 32 കാലത്തെ കോളറ വ്യാപനകാലത്ത് അഴുക്ക് ചാലുകളും മറ്റുമില്ലാത്ത ഖനികളിൽ ജോലി നോക്കു ന്ന തൊഴിലാളികൾക്കും കോളറ പിടിപെടുന്നതായി അദ്ദേഹം കണ്ടു. ഖനികളിൽ ആവശ്യാനുസരണം വെള്ളമില്ലാത്തതിനാൽ ശരീരം വൃത്തിയാക്കാൻ കഴിയാത്ത ഖനിതൊഴിലാളികളുടെ കൈകളിലുണ്ടാവാൻ സാധ്യതയുള്ള അദൃശ്യമായ അണുക്കളായിരിക്കണം രോഗത്തിന് കാരണമെന്ന നിഗമനത്തിലാണ് സ്നോ എത്തിയത്.

1848- ൽ ലണ്ടനിൽ വലിയ തോതിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇതൊരു അവസരമാക്കി രോഗവ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം സ്നോ ആരംഭിച്ചു. ഘട്ടംഘട്ടമായി തികച്ചും അനുഭവസിദ്ധമായ തെളിവുകളുടെ (Empirical Evidence) അടിസ്ഥാനത്തിലാണ് സ്നോ പഠനം നടത്തിയത്. ലണ്ടനിൽ ആദ്യമായി രോഗം ബാധിച്ചത് ഹാംബർഗിൽ നിന്ന് സെപ്തംബർ 22 നെത്തിയ ജോൺ ഹർനോൾഡ് എന്ന നാവിക കച്ചവടക്കാരിലാണെന്ന് സ്നോ കണ്ടെത്തി. കപ്പലിൽനിന്നും കരക്കിറങ്ങി ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഹർനോൾഡ് കോളറ ബാധിച്ച് മരണമടഞ്ഞിരുന്നു. അതേ മുറിയിൽ തുടർന്ന് താമസിച്ച ബ്ലെങ്കിൻസൊപ്പ് എന്നൊരാളും കോളറ ബാധയെതുടർന്ന് മരിച്ചു. ഹർനോൾഡ് പോയശേഷം മുറി വൃത്തിയാക്കാതിരുന്നതിനാൽ കിടക്കയിൽ നിന്നും മറ്റും രോഗാണുക്കൾ അടുത്ത യാളിൽ എത്തിയിരിക്കാനാണ് സാധ്യതയെന്ന് സ്നോക്ക് മനസ്സിലായി.

കൂടുതൽ പേരിൽ രോഗം കണ്ടതോടെ സ്നോ രോഗികളുടെ രോഗചരിത്രവും ലക്ഷണങ്ങളും വിശദമായി പരിശോധിച്ചു. രോഗികളുടെ പ്രധാന രോഗലക്ഷണം വയറിളക്കവും വയറുവേദനയും ഛർദ്ദിയുമായിരുന്നു. മിയാസ്മ സിദ്ധാന്തപ്രകാരം വായുവിലൂടെയാണ് രോഗം പകരുന്നതെങ്കിൽ ശ്വാസകോശ രോഗലക്ഷണങ്ങൾക്കാണ് കൂടുതൽ സാധ്യത. എന്നാൽ ദഹനാവയവങ്ങളുമായി (Digestive Tract) ബന്ധമുള്ള രോഗലക്ഷ ണങ്ങളാണ് കോളറയിൽ കാണുന്നത്. അതിനു കാരണം രോഗാണുക്കൾ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും അകത്ത് കടക്കുന്നതുകൊണ്ടായിരിക്കണമെന്നും സ്നോ ഊഹിച്ചു. രോഗികളുടെ ശരീരത്തിൽ നിന്നും വയറിളക്കത്തിലൂടെ പുറത്തേക്ക് വരുന്ന രോഗാണുക്കൾ കുടിവെള്ളത്തെ മലിനമാക്കുന്നതിലൂടെയായിരിക്കണം രോഗം മറ്റുള്ള വരിലേക്ക് പകരുന്നതെന്ന നിഗമനത്തിൽ സ്നോ എത്തിച്ചേർന്നു. തന്റെ നിരീക്ഷണങ്ങൾ സ്നോ സഹപ്രവർത്തകരുമായി ചർച്ച ചെയ്തു. കോളറ പടർന്ന് പിടിച്ച സ്ഥലങ്ങളിലെ ജലവിതരണമാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ, അഴുക്ക് ചാലുകളുടെ സ്ഥിതി എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾക്കായി സ്നോ സർക്കാർ വകുപ്പുകളിമായി ബന്ധപ്പെടുകയും ഔദ്യോഗിക രേഖകൾ പരിശോധിക്കുകയും ചെയ്തു.

1854 ആഗസ്റ്റിൽ ലണ്ടനിൽ, പ്രത്യേകിച്ച് പടിഞ്ഞാറു ഭാഗത്തുള്ള സോഹോ പ്രദേശത്ത്, വീണ്ടും കോളറ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ സ്നോ തന്റെ പഠനങ്ങൾ തുടർന്നു. തെയിംസ് നദിയിൽ നിന്നും സോഹോയിൽ വിതരണം ചെയ്യുന്ന വെള്ളത്തിലൂടെ യാവാം രോഗം പടരുന്നതെന്ന പ്രാഥമിക നിഗമനത്തിൽ സ്നോ എത്തിച്ചേർന്നു. കൂടുതലായി നടത്തിയ പരിശോധനയിൽ സോഹോയിലേക്ക് അക്കാലത്ത് രണ്ട് സ്വകാര്യ കമ്പനികളാണ് ജലവിതരണം നടത്തിയിരുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിലൊരു കമ്പനിയായ സൗത്ത് വാർക്ക് ആന്റ് വോസ്ഹാൾ വാട്ടർ കമ്പനി (Southwark and Vauxhall Water Company) അഴുക്കുചാലുകളി ലൂടെ മാലിന്യങ്ങളെത്തുന്ന തെയിംസിന്റെ താഴ് ഭാഗത്തുനിന്നുമാണ് വെള്ളം പമ്പു ചെയ്യുന്നതെന്നും രണ്ടാമത്തെ കമ്പനിയായ ലാംബെത്ത് (Lambeth Water Company) അഴുക്കുചാലുകൾ തെയിംസിൽ എത്തുന്നതിനുമുകളിൽ നിന്നാണ് ജലം സംഭരിക്കുന്നതെന്നും സ്നോ കണ്ടെത്തി. രണ്ടു കമ്പനികളും വെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങ ളിൽ രോഗികളായവരെയും മരണമടഞ്ഞവരെയും സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സ്ഥലത്തെ ഭൂപടത്തിൽ രേഖപ്പെടുത്തി. കുടിവെള്ള സ്രോതസും മരണമടയുന്നവരുമായുള്ള ബന്ധത്തെ പറ്റിയുള്ള കണക്കെടുപ്പിൽ താഴെ കൊടുക്കുന്ന വിവരങ്ങൾ സ്നോ ശേഖരിച്ചു.

സ്നോയുടെ പഠനം, സൗത്ത് വാർക്ക് ആന്റ് വോസ്ഹാൾ വാട്ടർ കമ്പനി നൽകുന്ന വെള്ളം ഉപയോഗിക്കുന്നവരിലാണ് കൂടുതൽ മരണം സംഭവിച്ചതെന്ന് അസന്നിഗ്ധമായി തെളിയിച്ചു. 1854- ൽ ആഗസ്റ്റിൽ സോഹോയിലെ ബ്രോഡ് സ്ട്രീറ്റ് പ്രദേശത്ത് കോളറ പടർന്ന് 500 ഓളം പേർ മരിച്ചു. നാട്ടുകാർ പരിഭ്രാന്തരായി. സ്നോ വീടുകൾ കയറിയിറങ്ങി മരിച്ച 83 പേരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇവരിൽ ഭൂരിഭാഗവും ബ്രോഡ് സ്ട്രീറ്റിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പമ്പിൽ നിന്നാണ് വെള്ളമെടുത്തിരുന്നതെന്ന് കണ്ടെത്തി. അന്വേഷണം തുടർന്നതിനെ തുടർന്ന് മരിച്ച 197 പേരുടെ വിവരങ്ങൾകൂടി സ്നോ ശേഖരിച്ചു. എന്നാൽ ബ്രോഡ് സ്ട്രീറ്റിനടുത്തുണ്ടായിരുന്ന ലയൺമദ്യനിർമ്മാണ ശാലയിലെ തൊഴിലാളികളെ കോളറ ബാധിച്ചിരുന്നില്ല. ഇക്കാര്യം പരിശോധിച്ചപ്പോൾ അവിടെ ജോലിനോക്കിയിരുന്നവർക്ക് കുടിക്കാനായി മദ്യം നൽകിയിരുന്നതിനാൽ അവർ ബ്രോഡ് സ്ട്രീറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നില്ല, മാത്രമല്ല, ഫാക്ടറിവളപ്പിൽ ഒരു കിണറും അവർ സ്ഥാപിച്ചിരുന്നു.

പഠനത്തിന്റെ ഭാഗമായി സോഹോ പ്രദേശത്തെ കോളറ രോഗികളെയും മരിച്ചവരെയും മാപ്പ് ചെയ്ത് (അടയാളപ്പെടുത്തി) തയ്യാറാക്കിയ രേഖ രോഗവ്യാപനശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണ ങ്ങളിലൊന്നായി ഇപ്പോഴും കരുതപ്പെടുന്നു. സ്റ്റീവ് ബർലിൻ ജോൺസൺ (Steven Berlin Johnson) എന്ന അമേരിക്കൻ ശാസ്ത്രസാഹിത്യകാരൻ സ്നോയുടെ പഠനത്തെ ആധാരമാക്കി പ്രേതഭൂപടം എന്ന പ്രസിദ്ധമായ ശാസ്ത്രസാഹിത്യഗ്രന്ഥം (The Ghost Map: The Story of Londons' Most Terrifying Epidemic and How it Changed Science, Cities and the Modern World: 2006) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1854 സെപ്തംബർ 6 ന് സ്നോ പ്രാദേശിക ഭരണ സമിതിയുടെ (Local Board of Guardians) യോഗത്തിൽ തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും അവതരിപ്പിച്ചു, തുടർന്നും ജനങ്ങൾ രോഗകാരണമായ സ്രോതസിൽ നിന്നും വെള്ളം ഉപയോഗിക്കാതിരിക്കാൻ ബ്രോഡ് സ്ട്രീറ്റ് പമ്പിന്റെ കൈപ്പിടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത്ര സന്തോഷത്തോടെയല്ലെങ്കിലും സ്നോയുടെ യുക്തിഭദ്രമായ വാദഗതിക്ക് മറുവാദമുന്നയിക്കാൻ കഴിയാത്തതിനാൽ അധികൃതർ ബ്രോഡ് സ്ട്രീറ്റ് പമ്പിന്റെ കൈപ്പിടി സെപ്തംബർ 8- ന് മാറ്റിയതോ ടെ സോഹോയിലെ കോളറ വ്യാപനവും കോളറ മരണങ്ങളും സാവകാശം അവസാനിച്ചു. അങ്ങനെ ബ്രോഡ് സ്ട്രീറ്റ് പമ്പിന്റെ കൈപ്പിടി നീക്കം ചെയ്ത 1854 സെപ്തംബർ 8 പൊതുജനാരോഗ്യ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.

കോളറ ബാധയെ ശാസ്ത്രീ യമായി സമീപിച്ച് പരിഹാരം കണ്ടെത്താൻ നടത്തിയ ശ്രമത്തിലൂടെ രോഗവ്യാപനശാസ്ത്രത്തിന്റെ താത്വിക അടിത്തറ സ്നോ വികസിപ്പിച്ചെടുത്തു. കോളറ വ്യാപന ത്തിനുള്ള കാരണമായി അന്ന് പ്രാബല്യത്തിലിരുന്ന മിയാസ്മ സിദ്ധാന്തത്തിന്റെ സ്ഥാനത്ത് വെള്ളത്തിലൂടെയാണ് രോഗം പകരുന്നതെന്ന പുതിയ പരികല്പന (Hypothessis) സ്നോ അവതരിപ്പിച്ചു. തന്റെ അനുമാനം ശരിയാണെന്ന് വ്യത്യസ്ത ജനവിഭാഗങ്ങളിലെ രോഗവ്യാപനം താരതമ്യം ചെയ്തു തെളിയിച്ചു. ബ്രോഡ് സ്ട്രീറ്റ് പമ്പിൽ നിന്നും വെള്ളമെടുക്കുന്നവരിലാണ് കൂടുത ലായി രോഗബാധയുള്ളതെന്ന് കണക്കെടുപ്പിലൂടെ കണ്ടെത്തി. പമ്പിന്റെ കൈപ്പിടി നീക്കം ചെയ്ത് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്ന് തെളിയിക്കുകയും ചെയ്തു.

നിരീക്ഷണം, പരികല്പന, പരീക്ഷണം എന്ന ശാസ്ത്രാന്വേഷണത്തിന്റെ ഘട്ടങ്ങളും ഇതിലൂടെ സ്നോ പിന്തുടർന്നു.

കോളറ വ്യാപനം അവസാനിച്ചതിനെതുടർന്ന് ബ്രോഡ് സ്ട്രീറ്റ് പമ്പ് പുനഃസ്ഥാപിച്ചു. സെന്റ് ലൂക്ക് പള്ളിയിലെ വികാരിയും വിശ്വാസികൾക്കിടയിൽ വലിയ അംഗീകാരവുമുള്ള ഹെന്റി വൈറ്റ്‌ഹെഡ് (Henry Whitehead: 1825-1896) സ്നോയുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് ശക്തമായി വാദിക്കുകയും സ്നോയെ അപഹസിക്കുകയും ചെയ്തിരുന്നു. ദൈവഹിതമാണ് രോഗവ്യാപനത്തിന് കാരണമെന്നാണദ്ദേഹം അവകാശപ്പെട്ടിരുന്നത്. ജോൺ സ്നോയുടെ പഠനം പുറത്ത് വന്നതോടെ തന്റെ വാദം ശരിയാണെന്നും സ്നോയുടെ അഭിപ്രായം തെറ്റാണെന്നും സ്ഥാപിക്കാൻ വൈറ്റ് ഹെഡും പഠനങ്ങളാരംഭിച്ചു. കോളറ മൂലം മരണ മടഞ്ഞ കുടുംബാംഗങ്ങളെയെല്ലാം അദ്ദേഹം സന്ദർശിച്ചു. കോളറ ബാധിച്ച അഞ്ചുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മ സാറാ ലൂയിസിൽ നിന്നും ചില പ്രധാനപ്പെട്ട വിവരങ്ങൾ ഫാദർ വൈറ്റ് ഹെഡിന് ലഭിച്ചു. രോഗിയായ കുട്ടിയുടെ അടിവസ്ത്രങ്ങൾ ബ്രോഡ് സ്ട്രീറ്റ് പമ്പിനടുത്തുള്ള ഓവുചാലിൽ താൻ നിക്ഷേപിച്ചതായി സാറാ ലൂയിസ് വെളിപ്പെടുത്തി. ഈ സ്ത്രോസ്സിൽ നിന്നും പമ്പുവഴിയുള്ള ജല ത്തിലൂടെ കോളറ പടരുന്നതായി അദ്ദേഹത്തിന് ബോധ്യമായി. അതോടെ വൈറ്റ് ഹെഡ് സ്നോയോട് യോജിക്കുകയും മലിനജല സ്രോതസ്സ് നീക്കം ചെയ്യാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.

1849 ആഗസ്റ്റ് മാസത്തിൽ സ്നോ താൻ അതുവരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോളറ പടർന്ന് പിടിക്കുന്നത് മലിനജലത്തിലൂടെയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള സുപ്രധാനരേഖ (On The Mode of Communication of Cholera: 1849) പ്രസിദ്ധീകരിച്ചു. എങ്കിലും 1858- ൽ സ്നോ മരണമടഞ്ഞ അവസരത്തിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിരുന്നില്ല. മിയസ്മാ സിദ്ധാന്തത്തിന്റെ മേധാവിത്വം തുടർന്നുകൊണ്ടിരുന്നു.

1860- കളിൽ ലൂയിസ് പാസ്ചർ സൂക്ഷ്മജീവികളാ ണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കുകയും 1884- ൽ റോബർട്ട് കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തുകയും ചെയ്തതോടെയാണ് സ്നോയും മറ്റ് നിരവധി ശാസ്ത്രജ്ഞരും മിയാസ്മിക്ക് സിദ്ധാന്തത്തിനെതിരെ മുന്നോട്ടുവച്ച രോഗാണു സിദ്ധാന്തം (The Germ Theory of Disease) അംഗീകരിക്കപ്പെട്ടത്. ബ്രോഡ് സ്ട്രീറ്റ് പമ്പിന്റെ കൈപ്പിടി നീക്കം ചെയ്ത രൂപത്തിലുള്ള ഒരു പകർപ്പ് ബ്രോഡ് വിക്ക് സ്ട്രീറ്റിൽ (Broadwick Street: ബ്രോഡ് സ്ട്രീറ്റിന്റെ പുതിയ പേര്) ജോൺ സ്നോയുടെ പേരിലുള്ള പമ്പിന് എതിർവശത്തായി വെസ്റ്റ് മിനിസ്റ്റർ സിറ്റി കൗൺസിൽ 1992 ജൂലൈ 20 നു സ്ഥാപിച്ചു. 2017- ൽ യോർക്ക് സിവിക് ട്രസ്റ്റ് ഇതേ മാതൃകയിൽ ഹാൻഡിലില്ലാത്ത ഒരു വാട്ടർ പമ്പ് സ്നോയുടെ ജന്മസ്ഥലത്തിനടുത്ത് നോർത്ത് സ്ട്രീറ്റ് ഗാർഡൻസിൽ സ്ഥാപിക്കുകയുണ്ടായി.

ജോൺ സ്നോയോട് ആദരവ് അർപ്പിച്ച് രൂപീകരിച്ച ജോൺ സ്നോ സൊസൈറ്റി വർഷം തോറും പ്രശസ്തരായ പൊതുജനാരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൽ പമ്പ് ഹാൻഡിൽ പ്രഭാഷണം (Pumphandle Lecture) സംഘടി പ്പിച്ചുവരുന്നു. വൈദ്യശാസ്ത്രചരിത്ര നോവലുകൾ എഴുതാറുള്ള ബ്രിട്ടീഷ സാഹിത്യകാരി കാതറൈൻ റ്റാൻസ്ലി ജോൺ സ്നോയുടെ ജീവിതത്തെ ആസ്പദമാക്കി ബ്രോഡ് സ്ട്രീറ്റിലെ ഡോക്ടർ (Katherine Tansley: The Doctor of Broad Street: 2016) എന്നൊരു ആഖ്യായിക രചിച്ചിട്ടുണ്ട്.

ജോൺ സ്നോ
കാൾ മാർക്‌സിന്റെ ജീവൻ രക്ഷിച്ചോ?

ജോൺ സ്നോ ബ്രോഡ് സ്ട്രീറ്റ് പമ്പ് ഹാൻഡിൽ നീക്കം ചെയ്തതിലൂടെ സോഹോയിലെ കോളറ ബാധ കെട്ടടങ്ങിയതിനെ തുടർന്ന് ജീവൻ രക്ഷപ്പെട്ടവരിൽ ഒരാൾ അന്നവിടെ താമസിച്ചിരുന്ന കാൾ മാർക്‌സ് (Karl Heinrich Marx: 1818- 1883) ആവാൻ സാധ്യതയുണ്ട്. ജന്മനാടായ ജർമ്മനിയിൽ നിന്നും മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട കാൾ മാർക്‌സ് 1849- ലാണ് ഇംഗ്ലിൽതാമസമാക്കിയത്. 1883- ൽ മരിക്കുന്നതുവരെ മാർക്‌സ് തുടർന്നും താമസിച്ചത് ലണ്ടനിലായിരുന്നു.

കാൾ  മാർക്‌സ്
കാൾ മാർക്‌സ്

ന്യൂയോർക്ക് ട്രൈബ്യൂണലിൽ ലേഖനമെഴുതി ലഭിക്കുന്ന തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് മാർക്‌സും അഞ്ചു കുട്ടികളും ഭാര്യ ജെന്നിയും (Jenny Edle von Westphalen: 1814- 1881) പരിചാരികയും ലണ്ടനിൽ കഴിഞ്ഞിരുന്നത്. ഇടക്കിടെ തന്റെ സുഹൃത്തും സഹപ്രവർ ത്തകനുമായ ഫ്രഡറിക്ക് ഏംഗത്സ് (Friedrich Engels: 1820- 1895) നൽകുന്ന സാമ്പത്തിക സഹായമാണ് കൊടും പട്ടിണിയിൽ നിന്നും ആ കുടുംബത്തെ ഒരു പരിധിവരെ രക്ഷിച്ച് നിർത്തിയത്.

മാർക്‌സ് ലണ്ടനിലെത്തുന്നതിന് മുൻപ് തന്നെ 1842 മുതൽ ഏംഗൽസ് മാഞ്ചസ്റ്ററിൽ തുണി ഫാക്ടറി നടത്തിയിരുന്ന തന്റെ അച്ഛനോടൊപ്പം താമസം ആരംഭിച്ചിരുന്നു. വാടക കൊടുക്കാനില്ലാത്തതുകൊണ്ട് നല്ല വീട്ടിലൊന്നും താമസിക്കൻ മാർക്‌സിന് കഴിഞ്ഞിരുന്നില്ല. സോഫോയിലെ ഡീൻ സ്ട്രീറ്റിൽ ക്വാവാദിസ് എന്ന പേരിലുള്ള റസ്റ്റോറന്റിന്റെ മുകളിലുള്ള രണ്ടു മുറിയിലാണ് 20 പൌണ്ട് വാടകക്ക് ആ കുടുംബം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടിയത്. പോഷകാഹാരക്കുറവും ന്യൂമോണിയയും മൂലം മാർക്‌സിന്റെ രണ്ട് കുട്ടികൾ ലണ്ടനിലെ താമസത്തിനിടെ മരിച്ചു. 1854- ലെ സോഹോ കോളറബാധയിൽ പെട്ടാണ് മൂന്നാമത്തെ കുട്ടി മരിച്ചത്. തക്കസമയത്ത് സ്നോ ഇടപെട്ടത് മൂലമാണ് മാർക്‌സ് അടക്കമുള്ളവരുടെ ജീവൻ രക്ഷപ്പെട്ടത്. ജെന്നിക്ക് കുടുംബസ്വത്തിന്റെ ഭാഗമായി ലഭിച്ച പണമുപയോഗിച്ച് മാർക്‌സ് കുടുംബം കുറേക്കൂടി മെച്ചപ്പെട്ട താമസസൗകര്യമുള്ള പ്രൈംറോസ് ഹോളിലെ ഒരു വീട്ടിലേക്ക് 1856- ൽ താമസം മാറ്റി. അപ്പോഴേക്കും സ്നോയുടെ ഇടപെടൽ മൂലം ലണ്ടനിലെ കോളറ വ്യാധി നിയന്ത്രണവിധേയമായി കഴിഞ്ഞിരുന്നു.

മാർക്‌സ് കൂടുതൽ സമയം ചെലവഴിച്ചിരുന്ന ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി താമസസ്ഥലത്തിനടുത്ത് തന്നെയായിരുന്നതിനാൽ പട്ടിണിക്കും കോളറ ബാധക്കുമിടയിലും സോഹോയിലെ താമസം മാർക്‌സ് ആസ്വദിച്ചിരുന്നു. ചാൾസ് ഡാർവിനും (Charlse Robert Darwin: 1809- 1882) അതേസമയത്ത് ലൈബ്രറിയിൽ വരാറുണ്ടായിരുന്നു. എന്നാൽ അന്യോന്യം അറിയാമായിരുന്നെങ്കിലും ഇരുവരും ഒരിക്കലും നേരിട്ട് കണ്ടിരുന്നില്ല. സോഹോയിലെ താമസത്തിനിടയിൽ കഷ്ടപ്പാടിനിടെയാണ് മാർക്‌സ് തന്റെ, ലോകത്തെ മാറ്റിമറിച്ച മൂലധനം എന്ന ഗ്രന്ഥത്തിന്റെ ആദ്യ സഞ്ചിക പൂർത്തിയാക്കിയത്. മറ്റ് രണ്ട് സഞ്ചികകളും മാർക്‌സിന്റെ മരണശേഷം ഏംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.

നേരിട്ടറിഞ്ഞിരുന്നില്ലെങ്കിലും തന്റെ രക്ഷകനായ ജോൺ സ്നോയെ പറ്റി മാർക്‌സ് കേട്ടിരിക്കാനിടയുണ്ട്. അന്ന് ബ്രിട്ടനിലെ വളരെ പ്രശസ്തനായ അനസ്തീഷ്യ വിദഗ്ദ്ധനായിരുന്നു ജോൺ സ്നോ. ബ്രോഡ് സ്ട്രീറ്റ് പമ്പ് കൈപ്പിടി മാറ്റി അനേകായിരങ്ങളുടെ ജീവൻ രക്ഷിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി പതിന്മടങ്ങ് വർധിച്ചിരുന്നു. അതേയവസരത്തിൽ രാഷ്ട്രീയ വിഷയങ്ങളിലൊന്നും താത്പര്യമില്ലാതിരുന്ന വ്യക്തിയായിരുന്നതിനാൽ മാർക്‌സിനെ പറ്റി ജോൺ സ്നോ കേട്ടിട്ടുപോലുമില്ലായിരുന്നുവെന്ന് വേണം കരുതാൻ.
എന്നാൽ ബ്രിട്ടനിലെ സ്ത്രീരോഗവിദഗ്ധനായിരുന്ന ലുഡ് വിഗ് ക്രൂഗെൽമാൻ (Ludwig Krugelmann: 1828- 1902) തുടങ്ങി മാർക്‌സിസത്തിൽ ആകൃഷ്ടരായ നിരവധി ഡോക്ടർമാർ മാർക്‌സിന്റെ സുഹൃത്തുക്കളായുണ്ടായിരുന്നു.

READ: മലയോരമേഖലയുടെ സിരാകേന്ദ്രത്തിലെ
ഒരു മന്തുരോഗിയുടെ കഥ
(അച്ചായന്)

ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?

മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം

ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Karl Marx's life and Dr John Snow, Dr B Ekbal writes for Indian Medical Association (IMA) Nammude Arogyam magazine.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments