ഇൻഗ്രിഡ് ബെർഗ്മാന്റെ വളരെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്: "പ്രായമാകുന്നത് ഒരു മല കയറുന്നത് പോലെയാണ്; നിങ്ങൾക്ക് അൽപം ശ്വാസംമുട്ടൽ അനുഭവപ്പെടും, പക്ഷേ കാഴ്ച വളരെ മികച്ചതാണ്".
അതെ, പ്രായമാകുമ്പോൾ നമ്മൾ ജീവിതത്തിൽ വളരെ സെറ്റിൽഡ് ആണ്. അതുകൊണ്ടുതന്നെ ജീവിതം നമുക്ക് ഏറെ ആസ്വദിക്കാൻ സാധിക്കും. എന്നാൽ യാഥാർത്ഥ്യം ഇതിനെല്ലാം അപ്പുറത്താണ്.
വയോജനങ്ങൾക്കെല്ലാം ഏററക്കുറച്ചിലോടെ കേൾവിക്കുറവും ഓർമക്കുറവും കാഴ്ചക്കുറവും ഉണ്ടാകാറുണ്ട്. വിഷാദരോഗമുണ്ടാകാറുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളെ വെച്ച് നോക്കുമ്പോൾ ഇവ നാലും വാർദ്ധക്യത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവരുന്നു. എന്നാൽ കേൾവിക്കുറവുള്ള മിക്ക രോഗികളും ശ്രവണ സഹായി ഉപയോഗിക്കാൻ മടി കാണിക്കാറുണ്ട്. അതിന് പല കാരണങ്ങളുണ്ട്. വലിയ വില നൽകി വാങ്ങാനുള്ള മടി, സ്വന്തം മക്കളെ ബുദ്ധിമുട്ടിക്കാനുള്ള മടി അങ്ങനെ പലതും.

ആയിടെക്കാണ് സുഹൃത്തായ ഡോ. സിന്ധു വിളിക്കുന്നത്. തന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോ. ശരണ്യയുടെ അച്ഛന് ഒരു ഹിയറിങ് എയ്ഡ് വേണം. വൈകുന്നേരം അഞ്ചു മണിയായപ്പോൾ തന്നെ ഡോ. ശരണ്യയും അച്ഛനും എന്നെ കാണാൻ വന്നു. 78 വയസ്സോളം പ്രായമുള്ള റിട്ടയേർഡ് അധ്യാപകനാണ് അദ്ദേഹം. കുറെ വർഷങ്ങളായി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് പയ്യാവൂരിലെ വീട്ടിൽ ഭാര്യയും അദ്ദേഹവും തനിച്ചാണ് താമസം. ഒരു മകൻ ദുബായിലാണ്, മകൾ കോഴിക്കോട്ടും. അങ്ങനെ മക്കളെല്ലാവരും ഉണ്ടെങ്കിലും ഓണത്തിനും വിഷുവിനും മാത്രം എല്ലാവരെയും കണ്ട്, കൊച്ചുമക്കളോടൊത്ത് ഊണ് കഴിച്ച്, കുറെ വർഷങ്ങളായി അദ്ദേഹം കഴിഞ്ഞുപോകുന്നു.
ഇടക്കാലത്ത് തന്റെ കേൾവിക്ക് ശ്രവണസഹായി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് അത് കേടായശേഷം നന്നാക്കിയില്ല. ഫോണിൽ സംസാരിക്കുമ്പോൾ ലൗഡ് സ്പീക്കർ ഇട്ട് കേൾക്കാൻ സാധിച്ചിരുന്നതിനാൽ തന്റെ കേൾവിക്കുറവിനെ അദ്ദേഹം അത്ര കാര്യമാക്കിയിരുന്നില്ല.
എന്നാൽ ഇപ്പോൾ ദുബായിൽ നിന്ന് മകൻ വിളിക്കുമ്പോൾ അവന്റെ ശബ്ദം വ്യക്തതയില്ലാതെ വന്നതോടെ കേൾക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം എന്റെ മുന്നിലെത്തിയത്. ഞാൻ അദ്ദേഹവുമായി സംസാരിക്കുമ്പോൾ തന്നെ കേൾവിക്കുറവ് മാത്രമല്ല, അദ്ദേഹത്തിന് കുറച്ചൊക്കെ വിഷാദവും പിടിപെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. ഓർമക്കുറവും (Dementia) കേൾവി കുറവും വിഷാദരോഗവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അടുത്ത കാലത്തായി മറ്റുള്ളവരോട് സംസാരിക്കാൻ തന്നെ അദ്ദേഹം വളരെയധികം വിമുഖത പ്രകടമാക്കാറുണ്ട്. എല്ലാറ്റിൽ നിന്നും ഒരുതരം ഒഴിഞ്ഞുമാറൽ. മറ്റുള്ളവരുടെ മുന്നിൽ കേൾക്കാതെ ബധിരനെ പോലെയിരിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമം. സ്വയം അപഹാസ്യനായാലോ എന്ന അപകർഷതാബോധം. ഇതെല്ലാം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

ജീവിതത്തിന്റെ അവസാന കാലഘട്ടം ഏതു രീതിയിലെങ്കിലും കഴിഞ്ഞാൽ മതി എന്ന ചിന്തയാണ് ചില മനുഷ്യർക്ക്. മരണം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചുപോകണം എന്ന ചിന്ത. ഏതായാലും അദ്ദേഹത്തിന്റെ കേൾവി പരിശോധിച്ച് റിസൽട്ട് വന്നു. നല്ല രീതിയിൽ കേൾവിക്കുറവുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് രണ്ട് ചെവിയിലും ശ്രവണ സഹായികൾ നിർദ്ദേശിച്ചു. അങ്ങനെ ശ്രവണ സഹായികൾ വെച്ച് വീണ്ടും ഒ.പിയിൽ എന്റെ മുന്നിൽ വന്നുനിന്നു.
ഞാൻ ആദ്യം കണ്ട ആളല്ല ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത് എന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിടരുന്നുണ്ടായിരുന്നു. സരസമായ ഭാഷയിൽ അദ്ദേഹം ഇത്രമാത്രം പറഞ്ഞു: "ഒരു 20 വയസ്സ് കുറഞ്ഞിരിക്കുന്നു ഡോക്ടർ." അതെ, നേരത്തെ ഇല്ലാതിരുന്ന ഒരു പ്രകാശം ആ മുഖത്ത് തെളിഞ്ഞു കണ്ടു. തുടക്കത്തിൽ സംസാരിക്കാതിരുന്ന, എന്റെ മുന്നിൽ വളരെ ഗൗരവക്കാരനായി ഇരുന്ന വ്യക്തിയല്ല ഇത്. പ്രസരിപ്പോടെ സംസാരിക്കാൻ തൽപരനായ വ്യക്തിയാണ് ഇദ്ദേഹം എന്ന് എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് മക്കൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇത്രയും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. മക്കളെ ബുദ്ധിമുട്ടിക്കാൻ തങ്ങൾക്ക് താല്പര്യമില്ല എന്ന് ഒറ്റവാക്കിൽ അദ്ദേഹം ഉത്തരം പറഞ്ഞു.
മിഡ്‌ലൈഫ് ക്രൈസിസ് പോലെ തന്നെയാണ് ഓൾഡ് ഏജ് ക്രൈസിസ്. മധ്യവയസ്സിലെ പ്രതിസന്ധി പലപ്പോഴും തൊഴിലിനെയും സാമ്പത്തിക കാര്യങ്ങളെയും സംബന്ധിച്ച് ബന്ധപ്പെട്ടിരിക്കുമ്പോൾ, വാർദ്ധക്യത്തിലെ പ്രതിസന്ധി വാർദ്ധക്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ശാരീരിക- വൈകാരിക യാഥാർത്ഥ്യങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

ജീവിതത്തിൽ വിരസത, ഒറ്റപ്പെടൽ, വിവിധ ആരോഗ്യ പ്രശ്നങ്ങൾ, മരണഭയം, നഷ്ടബോധം, തുടങ്ങിയവ വാർദ്ധക്യകാലത്ത് ഏറിവരുന്നു. കൂടുതൽ ഗൃഹാതുരനാവുകയും, കഴിഞ്ഞുപോയ ജീവിതസംഭവങ്ങളിലേക്ക് ഇടയ്ക്കിടയ്ക്ക് എത്തി നോക്കുകയും ചെയ്യുന്നവർക്കാണ് വാർദ്ധക്യത്തിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. ഒരു വശത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് നെട്ടോട്ടമോടുന്ന മക്കൾ, മറുവശത്ത് സമയം ധാരാളം ഉണ്ടെങ്കിലും സംസാരിക്കാൻ ആളില്ലാതെ കഴിയുന്ന വൃദ്ധരായ മാതാപിതാക്കൾ.
അദ്ദേഹം ഒ പിയിൽ നിന്ന് മടങ്ങിയപ്പോൾ ഞാൻ എന്നെക്കുറിച്ചും എന്റെ മാതാപിതാക്കളെ കുറിച്ചും ആലോചിച്ചു. എന്റെ വാർദ്ധക്യത്തെക്കുറിച്ച് ആലോചിച്ചു. എന്നെ സംബന്ധിച്ച് വാർദ്ധക്യകാലത്ത് വേണ്ടത് ജീവിതാവസാനം വരെ പരസഹായമില്ലാതെ നടക്കുവാൻ സാധിക്കുക എന്നതാണ്, ഓർമ്മകൾ തെളിമങ്ങാതെ ജീവിതാവസാനം വരെ കൊണ്ടുനടക്കാൻ സാധിക്കുക എന്നുള്ളതാണ്, മരണം ഒരു മിന്നായം പോലെ വന്ന് എന്നിൽ ലയിച്ച് എന്നെ കൂടെ കൊണ്ടുപോവുക എന്നതാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്ന് തഴച്ചു വളരുന്നത് വൃദ്ധസദനങ്ങളാണ്. ഏതാണ്ട് 743 വൃദ്ധസദനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. പ്രായമായവർ സമൂഹത്തിൽ ഭാരമോ ബാധ്യതയോ അല്ല മറിച്ച്, അവരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
മനുഷ്യജന്മത്തിലെ ഏറ്റവും മഹത്തരമായ കഴിവ് ആശയവിനിമയമാണ്. അതിന് സാധിക്കുന്ന ഒരുപാട് ഉപാധികൾ ഈ ആധുനിക കാലത്ത് നമുക്കുണ്ട്. എന്നിട്ടും നമ്മൾ നമ്മുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ സമയം കണ്ടെത്തുന്നില്ല എന്നത് സങ്കടകരം തന്നെ. എന്നാൽ വാർദ്ധക്യത്തിൽ ഇതേ കാര്യം നമ്മൾ നമ്മുടെ മക്കളിൽ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വാർദ്ധക്യകാലം എന്നത് ആഘോഷത്തിന്റെ കാലഘട്ടം ആവണം. ജീവിതത്തിൽ ഏറ്റവും നല്ല ഓർമ്മകളോട് കൂടി, തങ്ങൾക്ക് ഇഷ്ടപ്പെട്ട സുഹൃത്തുക്കളോടു കൂടി, മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാൻ ഓരോരുർക്കും സാധിക്കട്ടെ.
READ: ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?
കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ
അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

