മനുഷ്യശരീരത്തിന് ദോഷകരമല്ലാത്ത വൈദ്യുതകാന്തതരംഗങ്ങളുടെ സഹായത്തോടെ രോഗനിർണയം നടത്താനുള്ള ഒരു പരിശോധനയാണ് എം.ആർ ഐ സ്‌കാൻ അഥവാ മാഗ്നെറ്റിക് റിസോനൻസ് ഇമേജിങ് (Magnetic Resonance Imaging- MRI). നിർണായകമായ ഈ കണ്ടുപിടുത്തം നടത്തിയതിന് ഫെലിക്സ് ബ്ലോഹ്, എഡ്വേർഡ് മിൽസ് പർസൽ എന്നിവർക്ക് 1952- ലും, സർ. പോൾ ലോട്ടർബർ, സർ. പീറ്റർ മാൻസ്ഫീൽഡ് എന്നിവർക്ക് 2003- ലും രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ ലഭിച്ചു.
വലുതും അതിശക്തവുമായ ഒരു കാന്തിക വലയത്തിനുള്ളിലാണ് എം ആർ ഐ പരിശോധന നടക്കുന്നത്. മനുഷ്യശരീരത്തിലെ പത്ത് ശതമാനത്തോളം അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പ്രോട്ടോണുകളുടെ ഒരു കാന്തിക സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് എം.ആർ ഐ പ്രവർത്തിക്കുന്നത്. എം.ആർ.ഐ ഉപകരണത്തിലെ കാന്തത്തിന്റെ പ്രഭാവത്തിൽ ഈ ഹൈഡ്രജൻ പ്രോട്ടോൺ കണികകൾ പ്രത്യേക ദിശയിലേക്ക് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു. തുടർന്ന് വിവിധതരം റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ഈ പ്രോട്ടോണുകളിൽ നിന്നും നമ്മുടെ ശരീരാവയവങ്ങളുടെ ഘടനയെപ്പറ്റിയുള്ള വിശദവിവരങ്ങൾ അടങ്ങിയ സിഗ്നലുകൾ ഉത്‌പാദിപ്പിക്കുന്നു. ഈ സിഗ്നലുകൾ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് രോഗനിർണയം സാധ്യമാക്കുന്ന ചിത്രങ്ങൾ ആക്കിമാറ്റുന്നു.
എം.ആർ.ഐ എങ്ങനെ?
അതിശക്തമായ കാന്തികവലയമുള്ളതിനാൽ എം ആർ.ഐ പരിശോധന നടക്കുന്ന മുറിയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്. പരിശോധനയ്ക്ക് മുൻപായി രോഗിയോ സഹായിയോ ഒരു ചോദ്യാവലി പൂരിപ്പിച്ചു നൽകേണ്ടതാണ്. പേസ്മേക്കർ, സർജിക്കൽ ക്ലിപ്പ് തുടങ്ങിയ ഏതെങ്കിലും ഉപകരണങ്ങൾ ശരീരത്തിനുള്ളിലോ പുറമേയോ ഉണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടതാണ്. അങ്ങനെയുള്ള രോഗികളിൽ എം.ആർ ഐ പരിശോധന ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ വേണ്ടിവരാറുണ്ട്.

എം ആർ ഐ സ്കാനിങ്ങിന് അനുയോജ്യമല്ലാത്ത വീൽചെയറുകൾ, ട്രോളികൾ, ഓക്ലിജൻ സിലിണ്ടറുകൾ ഇ.സി.ജി ഉപകരണങ്ങൾ, വെന്റിലേറ്റർ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവ എം.ആർ. ഐ മുറിയിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. അബോധാവസ്ഥയിലുള്ള രോഗികളുടെയും അത്യാഹിതവിഭാഗത്തിലും മറ്റും ചികിത്സയിലുള്ള രോഗികളുടെയും പരിശോധനയ്ക്ക് എം ആർ ഐ സ്കാനിങ്ങിന് അനുയോജ്യമായ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്.
തിരെ ചെറിയ കുട്ടികൾക്കും ക്ലോസ്ട്രോഫോബിയയുള്ള (ഇടുങ്ങിയ സ്ഥലത്തോടുള്ള അമിതഭയം) മുതിർന്നവർക്കും ചെറിയ തോതിൽ മയക്കമോ ആവശ്യമെങ്കിൽ അനേസ്തെഷ്യയോ നൽകാവുന്നതാണ്.
തല, നട്ടെല്ല് തുടങ്ങിയവയുടെ എം.ആർ.ഐ പരിശോധനയ്ക്ക് ഏകദേശം 15 മുതൽ 30 മിനിട്ട് വരെ സമയം എടുക്കാറുണ്ട്.
എം.ആർ.ഐ ഉപകരണം സ്കാനിംഗ് സമയത്ത് പുറപ്പെടുവിക്കുന്ന തരംഗങ്ങളുടെ ശബ്ദം ചിലർക്ക് അരോചകമാകാനിടയുണ്ടെങ്കിലും ഇത് മറികടക്കാൻ ഹെഡ്ഫോണുകളിലൂടെ സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ലഭ്യമാണ്. ശബ്ദവികിരണം കുറഞ്ഞ സൈലന്റ് എം ആർ ഐ ഉപകരണങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.
സി ടി സ്കാനിനെ അപേക്ഷിച്ച് അണുവികിരണം, (റേഡിയേഷൻ) അനുബന്ധമായ പാർശ്വഫലങ്ങൾ എന്നിവ എം.ആർ.ഐ പരിശോധനയ്ക്ക് ഇല്ല എന്ന് മാത്രമല്ല, സി ടി സ്കാനിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മ വിവരങ്ങൾ രോഗനിർണയത്തിനായി ലഭിക്കുകയും ചെയ്യും എന്നതാണ് എം.ആർ.ഐ യുടെ പ്രധാനനേട്ടം.
എം ആർ ഐ സ്കാനിങ്ങിൽ മസ്തിഷ്കം, നാഡികൾ, പേശികൾ, സന്ധികൾ തുടങ്ങിയ മൃദു കോശങ്ങൾ വ്യക്തമായി കാണാൻ കഴിയും. ഒരേ അവയവം വ്യത്യസ്ത കോണുകളിൽ നിന്ന് വിലയിരുത്താം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
എം ആർ ഐയുടെ പ്രധാന ഉപയോഗങ്ങൾ
പക്ഷാഘാതം, മസ്തിഷ്ക്ക അർബുദങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ, നട്ടെല്ലിനുണ്ടാവുന്ന ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, സന്ധികൾ, പേശികൾ, ലിഗമെന്റ്, മിനിസ്കസ്, ടെൻഡൺ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾ, കരൾ, വൃക്ക, പാൻക്രിയാസ്, പ്രോസ്റ്റേറ്റ്, ഗർഭപാത്രം, ഗർഭനാളം എന്നിവയിലെ രോഗങ്ങൾ, രക്‌തധമനികളെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയൊക്കെ നിർണയിക്കുന്നതിൽ എം ആർ ഐ സ്കാൻ പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ അർബുദ ചികിത്സയിൽ രോഗത്തിന്റെ ഘട്ടം, ചികിത്സയോടുള്ള പ്രതികരണം, ചികിത്സയുടെ സങ്കീർണതകൾ അർബുദത്തിന്റെ പുനരാവർത്തനം എന്നിവ വിലയിരുത്തുന്നതിൽ എം ആർ ഐ യ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ചില രോഗികളിൽ (ഉദാഹരണത്തിന് കാൻസർ രോഗികൾ) കൂടുതൽ വിശദമായ രോഗനിർണയത്തിന് മരുന്ന് (ഡൈ) കുത്തിവച്ചുള്ള പരിശോധന ആവശ്യമായി വന്നേക്കാം. ഇതിനായി താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വൃക്കസംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും ഡയാലിസിസ് രോഗികളിലും നെഫ്രാജനിക് സിസ്റ്റമിക് ഫൈബ്രോസിസ് എന്ന ഒരു അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനമായും തൊലിപ്പുറത്താണ് ഇത് പ്രകടമാവുക. അതിനാൽ ഇത്തരം രോഗികളിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ മരുന്ന് കുത്തിവയ്ക്കാൻ പാടുള്ളൂ.
ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും എം.ആർ ഐ. പരിശോധന ചെയ്യുന്നതിന് തടസമില്ല. എന്നാൽ മരുന്ന് കുത്തിവച്ചുള്ള പരിശോധനയ്ക്കുശേഷം 24 മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രം മുലയൂട്ടൽ പുനരാരംഭിക്കുന്നതാണ് അഭികാമ്യം. ഗർഭിണികളിൽ മരുന്ന് കുത്തിവച്ചുള്ള പരിശോധനകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം.
READ : ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി
വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ
ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും
കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ
ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?
കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ
ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?
ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ
സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

