IFFK-യിലെ മലയാള സിനിമയുടെ പുതു ഭാവുകത്വം; ട്രൂകോപ്പി വെബ്സീൻ പുറത്തിറങ്ങി

മലയാള സിനിമയിലെ ഏറ്റവും പുതിയ ഭാവുകത്വത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 209 പുറത്തിറങ്ങിയിരിക്കുകയാണ്. IFFK-യിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'റിഥം ഓഫ് ദമാം' എന്ന സിനിമയെക്കുറിച്ച് സംവിധായകൻ ജയൻ കെ. ചെറിയാനുമായി കമൽറാം സജീവ് നടത്തുന്ന ദീർഘസംഭാഷണം. ഒപ്പം 14 മലയാള സിനിമകളുടെ സംവിധായകർ, തങ്ങളുടെ സിനിമകളിലേക്ക് നടത്തിയ, പ്രതിസന്ധികൾ നിറഞ്ഞ പലതരം യാത്രകളെക്കുറിച്ച് സംസാരിക്കുന്നു

News Desk

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്. ലോകസിനിമകൾ മുതൽ പ്രാദേശിക സിനിമകൾ വരെ പ്രദർശിപ്പിക്കപ്പെടുന്ന ചലച്ചിത്രോത്സവം സിനിമയെ ഗൗരവമായി സമീപിക്കുന്നവരുടെ ഒത്തുചേരലിനാണ് വേദിയൊരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും പുതിയ ഭാവുകത്വത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 209 പുറത്തിറങ്ങിയിരിക്കുകയാണ്. IFFK-യിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'റിഥം ഓഫ് ദമാം' എന്ന സിനിമയെക്കുറിച്ച് സംവിധായകൻ ജയൻ കെ. ചെറിയാനുമായി കമൽറാം സജീവ് നടത്തുന്ന ദീർഘസംഭാഷണം. ഒപ്പം, International Competition വിഭാഗത്തിലും Malayalam Cinema Today വിഭാഗത്തിലും പ്രദർശിപ്പിക്കുന്ന മലയാള സിനിമകളുടെ സംവിധായകർ, ആ സിനിമകളിലേക്ക് നടത്തിയ, പ്രതിസന്ധികൾ നിറഞ്ഞ പലതരം യാത്രകളെക്കുറിച്ച് സംസാരിക്കുന്നു.

മലയാളം സിനിമ ടുഡെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 12 സിനിമകളുടെ സംവിധായകരായ കൃഷാന്ദ്, ദിൻജിത്ത് അയ്യത്താൻ, വി.സി. അഭിലാഷ്, സതീഷ് ബാബുസേനൻ, ജിതിൻ ഐസക് തോമസ്, ആദിത്യ ബേബി, മിഥുൻ മുരളി, അഭിലാഷ് ബാബു, ശോഭന പടിഞ്ഞാറ്റിൽ, ശിവരഞ്ജിനി, റിനോഷൻ, സിറിൽ എബ്രഹാം ഡെന്നീസ് എന്നിവരും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ട് മലയാള സിനിമകളുടെ സംവിധായകരായ ഫാസിൽ മുഹമ്മദ്, ഇന്ദു ലക്ഷ്മി എന്നിവരും എഴുതുന്നു.

കൃഷാന്ദ്
കൃഷാന്ദ്

'ഇതൊരു യുദ്ധവിരുദ്ധ സിനിമയാണ്. എന്നാൽ, യുദ്ധവിരുദ്ധ സിനിമ എന്നൊരു ഴോണർ സിനിമയ്ക്കില്ല. യുദ്ധവുമായി ബന്ധപ്പെട്ട സിനിമകളെ വാർ സിനിമകളുടെ വിഭാഗത്തിലാണ് പരിഗണിക്കുന്നത്. യുദ്ധത്തോട് എനിക്ക് വ്യക്തിപരമായി എതിർപ്പാണ്. ശക്തികേന്ദ്രമായി നിൽക്കുന്ന ചിലർ അധികാരം നിലനിർത്തി മറ്റ് മനുഷ്യരെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് യുദ്ധം നടത്തുന്നത്.'

കൃഷാന്തിന്റെ സംഘർഷ ഘടന, യുദ്ധകാലത്ത് യുദ്ധവിരുദ്ധ സിനിമ| കൃഷാന്ദ്

ഇന്ദു ലക്ഷ്മി
ഇന്ദു ലക്ഷ്മി

‘അപ്പുറം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. കാരണം, നിർമാണം ഞാൻ തന്നെയായിരുന്നു. എന്റെ ആദ്യ സിനിമ ‘നിള’യുടെ സമയത്ത്, KSFDC-യുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ‘അപ്പുറ’ത്തിന്റെ ഭാഗമായവരെല്ലാം നല്ല രീതിയിൽ സഹകരിച്ചതിനാൽ സംവിധായിക എന്ന നിലയിൽ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.

അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ ഇന്ദുലക്ഷ്മിയുടെ‘അപ്പുറം’ \ ഇന്ദു ലക്ഷ്മി

ദിൻജിത്ത് അയ്യത്താൻ
ദിൻജിത്ത് അയ്യത്താൻ

‘നല്ല കണ്ടന്റ് ഉണ്ടെങ്കിൽ ഏതു സിനിമയ്ക്കും വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഈ സിനിമയുടെ വിജയത്തിലൂടെ ഉണ്ടായിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു സിനിമ ചെയ്യുമ്പോൾ മൊത്തത്തിൽ കൊമേഴ്സ്യൽ ഗിമ്മിക്കുകൾ മാത്രമുള്ള ഒരു സിനിമയ്ക്ക് അപ്പുറത്തേക്ക് കണ്ടന്റിനുകൂടി പ്രാധാന്യം കൊടുക്കാൻ ഇതെനിക്ക് അവസരം തന്നിട്ടുണ്ട്.’

ദിൻജിത്തിന് ആത്മവിശ്വാസം നൽകിയ കിഷ്കിന്ധാകാണ്ഡം \ ദിൻജിത്ത് അയ്യത്താൻ

വി.സി. അഭിലാഷ്
വി.സി. അഭിലാഷ്

‘എൻെറ മൂന്ന് സിനിമകളും ആർട്ട് ഹൗസ് സിനിമയാണെന്ന് വിശ്വസിക്കുന്നില്ല. മൂന്നും സമാന്തരമായ കഥ പറച്ചിൽ രീതിയിലാണ് ചെയ്തിട്ടുള്ളത്. എനിക്ക് ആർട്ട് ഹൗസ് സിനിമ എന്താണെന്ന് ഇപ്പോഴും അറിയില്ല. ആർട്ട് ഹൗസ് എന്ന് പറയുന്നത് ബൗദ്ധികതയുടെ അതിപ്രസരമുള്ള സിനിമാ കാഴ്ചപ്പാടിനെ അവതരിപ്പിക്കുന്നതാണെങ്കിൽ എൻെറ മൂന്ന് സിനിമകളും ആ ഗണത്തിൽ പെടുത്താവുന്നവയല്ല. അത് എൻെറ പരിമിതിയാവാം.’

ഏത് കുടുംബത്തിലും നടക്കാവുന്ന‘പാൻ ഇന്ത്യൻ സ്റ്റോറി’, വി.സി. അഭിലാഷിൻെറ ഫാമിലി ത്രില്ലർ |വി.സി. അഭിലാഷ്

സതീഷ് ബാബുസേനൻ
സതീഷ് ബാബുസേനൻ

‘ആൾക്കൂട്ടം ആഗ്രഹിക്കുന്ന സിനിമ ചെയ്യാൻ താൽപര്യവുമില്ല. അതുകൊണ്ട് സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പൂർണ സ്വാതന്ത്യവും ലഭിക്കുന്നുണ്ട്. സിനിമയുടെ സാമ്പ്രദായിക അതിരുകളെ ഭേദിക്കാനും ഈ വഴി ഞങ്ങൾക്ക് സാധിക്കുന്നു. ഇത്തരം സിനിമകളും കാണാനാഗ്രഹിക്കുന്ന പ്രേക്ഷകരുണ്ട്. വാണിജ്യതാൽപര്യങ്ങളില്ലാതെ ഒരാൾ ഒരു കഥ എഴുതിയാൽ, ഉറപ്പായും അയാളുടെ അനുഭവം തന്നെയായിരിക്കുമത്. മനുഷ്യന് യഥാർഥത്തിൽ ഓർമകൾ മാത്രമല്ലേ സ്വന്തമായിട്ടുള്ളൂ.’

മാർക്കേസിനെ ഓർത്ത്, ഒരു ഫിലിം മേക്കറുടെ ജീവിതത്തിലേക്ക് ബാബു സേനന്മാരുടെ ദി ലുക്കിംഗ് ഗ്ലാസ്… \ സതീഷ് ബാബുസേനൻ

ജിതിൻ ഐസക് തോമസ്
ജിതിൻ ഐസക് തോമസ്

‘കല എന്ന നിലയിൽ മാത്രമാണ് ഞാൻ സിനിമയെ സമീപിക്കുന്നത്. സംവിധായകരെയോ എഴുത്തുകാരെയോ സംബന്ധിച്ച് അവരുടെ സൃഷ്ടികളിൽ തങ്ങളുടെ രാഷ്ട്രീയം പ്രതിഫലിക്കും, അത് നിർബന്ധപൂർവം ചെയ്യേണ്ടതില്ല. ഫിലിം മേക്കറുടെ രാഷ്ട്രീയം സിനിമയിൽ കാണാൻ കഴിയും. ഞാൻ ചെയ്യുന്ന സിനിമകളിലും അത് കാണാം. അതല്ലാതെ നിർബന്ധപൂർവം രാഷ്ട്രീയം പറഞ്ഞ്, സിനിമകൊണ്ട് വലിയ മാറ്റം സൃഷ്ടിക്കാം എന്ന ധാരണയൊന്നും എനിക്കില്ല.’

‘പാത്ത്’ എന്ന മോക്യുമെന്ററി, ജിതിൻ ഐസക് തോമസിന്റെ IFFK സ്വപ്നങ്ങൾ |ജിതിൻ ഐസക് തോമസ്

ആദിത്യ ബേബി
ആദിത്യ ബേബി

‘സിനിമയാണ് ഞങ്ങളെ എല്ലാവരെയും ഒരുമിച്ചുചേർത്തത്. മറ്റൊരു പ്രതിഫലവും ആഗ്രഹിക്കാതെ സിനിമ എന്ന ആഗ്രഹത്തിന്റെ പുറത്ത് സഞ്ചരിച്ചവരാണ് എല്ലാവരും. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ, IFFK വേദിയിൽ വന്നുനിൽക്കുന്നതും.’

ടീം ആദിത്യ ബേബി സ്വപ്നം കണ്ടു, കാമദേവൻ നക്ഷത്രം കണ്ടു… \ ആദിത്യ ബേബി

ഫാസിൽ മുഹമ്മദ്
ഫാസിൽ മുഹമ്മദ്

‘വീട്ടിൽ എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയാത്ത, സ്വന്തമായി തീരുമാനമെടുക്കാൻ പറ്റുമോയെന്നുപോലുമറിയാതെ, സ്വന്തം റോൾ എന്തെന്നുപോലും അറിയാതെ നിൽക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളാണ് ഫാത്തിമ. വീട്ടിൽ ഒരു പ്രത്യേക സംഭവമുണ്ടാവുമ്പോഴാണ് ഫാത്തിമയ്ക്ക് മനസ്സിലാവുന്നത്, അവൾ ജീവിക്കുന്ന വീട്ടിൽ അവളുടെ റോൾ എന്താണെന്ന്. അവൾക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന്… അങ്ങനെ ഫാത്തിമ സ്വയം തിരിച്ചറിയുന്നതും അതേത്തുടർന്നുണ്ടായ സംഭവങ്ങളുമൊക്കെയാണ് സിനിമ പറഞ്ഞുവെക്കുന്നത്.’

പൊന്നാനിയിലെ ‘ഫെമിനിച്ചി ഫാത്തിമ’, ഫാസിൽ മുഹമ്മദിൻെറയും… | ഫാസിൽ മുഹമ്മദ്

മിഥുൻ മുരളി
മിഥുൻ മുരളി

‘വളരെ ലീനിയറായി, ബിബ്ലിക്കൽ സ്വഭാവമുള്ള കഥയുണ്ടാക്കി, ഇത് ഏവർക്കും അറിയാവുന്ന ഇതിഹാസമാണ് എന്ന് കരുതി, അതിനെ അബ്സ്ട്രാക്റ്റ് സ്വഭാവത്തിൽ കാണിക്കുക (മഹാഭാരതമോ ബൈബിളോ എത്ര അബ്സ്ട്രാക്റ്റ് ആയി പറഞ്ഞാലും ഏവർക്കും മനസ്സിലാവുമല്ലോ) എന്നതായിരുന്നു അടിസ്ഥാന ചിന്ത. കഥയ്ക്കും മുകളിൽ നിൽക്കേണ്ടത് സിനിമയുടെ രൂപഭദ്രതയും ഒഴുക്കും ആയിരിക്കണമെന്നതുതന്നെയാണ് ഈ സമീപനത്തിന്റെ കാരണം.’

‘കിസ് വാഗണി’ലൂടെ മിഥുൻ മുരളിയുടെ പരീക്ഷണ സഞ്ചാരം | മിഥുൻ മുരളി

അഭിലാഷ് ബാബു
അഭിലാഷ് ബാബു

‘കേരളീയ മധ്യവർഗ സമൂഹത്തിന്റെ കപട പുരോഗമനമുഖത്തെ വെളിവാക്കാനുള്ള ശ്രമമാണ് ഈ സിനിമ. പുരോഗമനജീവികൾ എന്ന് സ്വയം അഭിരമിക്കുന്ന ഒരു 'വ്യത്യസ്ത' കുടുംബത്തെ ഡോക്യുമെന്റ് ചെയ്യാൻ ഒരു ഡയറക്ടർ എത്തുന്നു. അവർ തമ്മിലുള്ള സംഭാഷണമാണ് സിനിമയുടെ മുഖ്യ ഭാഗം. ഡോക്യുമെന്ററി ഡയറക്ടർ തിരയുന്നത് കുടുംബത്തിലെ നാലുപേർ തമ്മിലുള്ള ബന്ധത്തിലെ അസ്വാഭാവികതയും സദാചാരവുമൊക്കെയാണ്.’

കേരളീയ മധ്യവർഗത്തെ ഡോക്യുമെന്റ് ചെയ്യുന്ന'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' \ അഭിലാഷ് ബാബു

ശോഭന പടിഞ്ഞാറ്റിൽ
ശോഭന പടിഞ്ഞാറ്റിൽ

‘സ്ത്രീകളെ പോലെ, പുരുഷമാർക്കും പ്രാധാന്യം നൽകുന്ന സിനിമയാണിത്. സ്നേഹിക്കുകയും സ്നേഹം അഭിനയിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന പുരുഷന്മാർ. സ്ത്രീകളുടെ മുൻകാല പ്രണയങ്ങളെ നോർമലെസ് ചെയ്യുന്ന പുരുഷമാർ. സദാചാര പൊലീസിങ്ങിന്റെയൊക്കെ ഒരു സമയത്ത്, അതിനൊരു കൌണ്ടർ എന്ന നിലയിലാണ് ഗേൾ ഫ്രണ്ട്സ് എന്ന സിനിമയിലെ കഥാപാത്ര ആവിഷ്കാരം ഒരുക്കിയിട്ടുള്ളത്.’

ശോഭനയുടെ ഗേൾഫ്രണ്ട്സ് \ ശോഭന പടിഞ്ഞാറ്റിൽ

ശിവരഞ്ജിനി
ശിവരഞ്ജിനി

‘അങ്കമാലി പരിസരത്തെ ഏതാനും സ്ത്രീകളാണ് അഭിനേതാക്കൾ. സിനിമയിൽ പുരുഷമാരില്ല. ഇടപ്പള്ളി പള്ളിയിൽ നേർച്ചയ്ക്ക് കൊടുക്കുന്ന ഒരു പൂവൻ കോഴി മാത്രമാണ് ഇതിലെ പുരുഷ കഥാപാത്രം. ജോളി ചിറയത്തും കഴിഞ്ഞ വർഷം സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനും അഭിനയിക്കുന്നുണ്ട്. ബാക്കി പുതുമുഖങ്ങളാണ്.’

ശിവരഞ്ജിനിയുടെ ‘വിക്ടോറിയ’യിലെ ഒറ്റപ്പൂവൻ | ശിവരഞ്ജിനി

റിനോഷൻ
റിനോഷൻ

‘ഈ സിനിമ IFFK-യിലെത്തിയത് അവിശ്വസനീയമായി തോന്നുന്നുണ്ട്. സ്വതന്ത്രമായ ശബ്ദങ്ങളെ ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമാകാൻ വീണ്ടും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രേക്ഷകർ ഈ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ, ആവേശത്തോടെ കാത്തിരിക്കുകയാണ്.’

വെല്ലുവിളികൾ നിറഞ്ഞ സിനിമ- ജീവിതം, വെളിച്ചം തേടി’ റിനോഷൻ | റിനോഷൻ

സിറിൽ എബ്രഹാം
സിറിൽ എബ്രഹാം

‘സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന സിനിമകളെല്ലാം അതേക്കുറിച്ച് വലിയ ധാരണയില്ലാതെ ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം സിനിമകളുടെ അതിപ്രസരം തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ട് പുതിയ ജനറേഷനിലുള്ളവർ ഇങ്ങനെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് പലരും മനസ്സിലാക്കുന്നില്ല. സോഷ്യൽ മീഡിയ വളരെ മോശമാണെന്നാണ് പൊതുവിൽ ഈ സിനിമകൾ പറയുന്നത്.’

Gen C-യാണ് സിറിൽ എബ്രഹാമും സിനിമ ‘വാട്ടുസി സോംബി’യും |സിറിൽ എബ്രഹാം ഡെന്നീസ്

Comments