കല്യാണമണ്ഡപത്തിൽ ഒരു വധു

‘‘മോൾ അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന കാര്യം വിവാഹം കഴിക്കുന്ന പയ്യനോട് പറയേണ്ടതുണ്ടോ?"- എന്റെ മുന്നിലെത്തിയ ഈ അച്ഛന്റെ ഇത്തരം സംശയങ്ങൾ പലർക്കുമുണ്ടാകാം: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ ‘മറക്കാനാകാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. എബ്രഹാം വർഗീസ് എഴുതിയ ലേഖനം.

മ്മൾ എല്ലാവരെയും എപ്പോഴും ഓർത്തിരിക്കാറില്ല. എന്നാൽ ചിലരെ എപ്പോഴും ഓർത്തിരിക്കും. അത് ചിലപ്പോൾ നല്ലതോ, മോശമോ ആയ അനുഭവങ്ങളിലൂടെയും ആകാം.

ഡോക്ടർ എന്ന നിലയിൽ ധാരാളം രോഗികളെ കണ്ടിട്ടുണ്ടെങ്കിലും, ചില പ്രത്യേക സംഭവങ്ങളാണ് എന്നെന്നേക്കും ഓർമയിൽ തങ്ങിനിൽക്കുക. അങ്ങനെ ഒന്ന് നിങ്ങളുടെ അറിവിലേയ്ക്കായിട്ട് പങ്ക് വയ്ക്കുകയാണ്.

20 വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവം. ഒരിക്കൽ ഒരു രോഗി വന്നിട്ട് പറഞ്ഞു, "ഡോക്ടറേ മകളുടെ കല്യാണം ഉറപ്പിച്ചു, ക്ഷണിക്കാൻ വന്നതാണ്. ഞങ്ങളുടെ കുടുംബഡോക്ടർ എന്ന നിലയിൽ ഒരു അഭിപ്രായം കൂടി ചോദിക്കാനുണ്ട്."
‘‘എന്തായാലും പറഞ്ഞോളൂ’’ എന്നായി ഞാനും.

അദ്ദേഹം തുടർന്നു: "ഡോക്ടർക്ക് അറിയാമല്ലോ മോൾ അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന കാര്യം. അത് വിവാഹം കഴിക്കുന്ന പയ്യനോട് പറയേണ്ടതുണ്ടോ?".
സാധാരണ ഇങ്ങനെയുള്ള കാര്യങ്ങൾ പലർക്കും സംശയം തോന്നാം.
"തീർച്ചയായിട്ടും പയ്യനോട് പറയണം" എന്നുതന്നെയായിരുന്നു എന്റെ മറുപടി. കുറെനേരം അദ്ദേഹം എന്റെ മുഖത്തോട്ടുതന്നെ നോക്കിയിരുന്നു. തീർച്ചയായും കല്യാണത്തിന് വരണം എന്നു പറഞ്ഞു കക്ഷി പോയി.

വളരെ സ്നേഹമുണ്ടായിരുന്ന ഒരു കുടുംബമായതിനാൽ, തീയതി ഞാൻ മറന്നില്ല. കല്യാണസമയത്ത് പെൺകുട്ടി മണ്ഡപത്തിലേക്ക് എത്തുന്ന സമയത്താണ്, ഞാൻ അവിടെ എത്തിയത്. നല്ല ഭംഗിയായിട്ട് അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ കയറിയതും ആ പെൺകുട്ടി, വെട്ടിയിട്ട പോലെ നിലത്തുവീണു. അപസ്മാരത്തിന്റെ എല്ലാ ലക്ഷണങ്ങളും കാട്ടി. മുഴുവനാളുകളും നോക്കിനിൽക്കെ തന്നെ.

പിന്നെ അവിടെ ഒരു വലിയ ബഹളമായിരുന്നു. കല്യാണം മാറണം എന്ന് ഒരു കൂട്ടർ, നടത്തണം എന്ന് മറ്റൊരു വിഭാഗം. പ്രശ്നം രൂക്ഷമായി. ഇതിനിടയിൽ പെൺകുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി വിശ്രമിക്കാനായി മാറ്റി.

ഒരു അഭിപ്രായവും പറയാനാകാതെ ഞാൻ അന്ധാളിച്ചുനിന്നു. അവസാനം കല്യാണച്ചെറുക്കൻ തന്നെ ഉചിതമായ ഒരു തീരുമാനമെടുത്തു. അവൻ അവസരത്തിനൊത്ത് ഉയർന്നു. മാതാപിതാക്കളെ മാറ്റിനിർത്തി അവൻ പറഞ്ഞു, ‘എനിക്ക് ഈ കല്യാണം മതി. കല്യാണശേഷം ഇങ്ങനെ ഒരവസ്ഥ വന്നുകൂടായ്ക ഇല്ലല്ലോ. ഒരു പക്ഷെ, എനിക്കും ഇതുപോലെ ഒരു അവസ്ഥ വന്നു കൂടായ്ക ഇല്ലല്ലോ? അതിനാൽ ഞാൻ ഈ കുട്ടിയെ തന്നെ വിവാഹം കഴിക്കും’’.

വളരെ ശരിയായ തീരുമാനം എന്ന് പലരും പറഞ്ഞു. ഞാൻ ആ ചെറുപ്പക്കാരനെ മനസ്സുകൊണ്ട് നമിച്ചു. അങ്ങനെ ആ വിവാഹം കഴിഞ്ഞു, ചില്ലറ മുറു മുറുപ്പുകൾ ബാക്കിനിന്നുവെങ്കിലും.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ അച്ഛൻ എന്നെ കാണാൻ വന്നു. ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുൻപായി അദ്ദേഹം തൊഴു കൈകളോടെ പറഞ്ഞു, "ഡോക്ടറേ എനിക്കൊരു അബദ്ധം പറ്റിപ്പോയി, അന്ന് ഇവിടെ നിന്നും പോയിട്ട് ഭാര്യയോട്, ഞാൻ സാറു പറഞ്ഞ കാര്യം പറഞ്ഞു. മകൾ അപസ്‌മരത്തിനു മരുന്ന് കഴിക്കുന്ന കാര്യം, ആ വീട്ടുകാരോട് പറയണം എന്ന്. പക്ഷേ ഭാര്യ അത് ചെവിക്കൊണ്ടില്ല.

അവൾ പറഞ്ഞു,

"പിന്നേ, ഡോക്ടർക്ക് അങ്ങനെ ഒക്കെ പറയാം. ആരോടും ഒന്നും പറയേണ്ട കാര്യമില്ല. എത്ര നോക്കിയിട്ടാണ് ഒരു കല്യാണം ഒത്തുവന്നത്. ഈ കാര്യം പറഞ്ഞ് അത് മാറണോ? ചെറുക്കന്റെ വീട്ടിൽ പോയി മരുന്ന് കഴിച്ചാൽ എല്ലാരും അറിയും. അതുകൊണ്ട്, കല്യാണത്തിന് കുറച്ചുദിവസം മുന്നേ മരുന്നങ്ങ് നിർത്തണം’’- ആരും അതിനെ എതിർത്തില്ല.

"അങ്ങനെ മരുന്ന് നിർത്തി സാറെ. ഒളിച്ചുവെച്ചത് പരസ്യവുമായി. ഡോക്ടർ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. കേൾക്കാതിരുന്നതിന് ഞങ്ങൾ ശരിക്കും അനുഭവിച്ചു".
കേട്ടപ്പോൾ വളരെ ദുഃഖം തോന്നി. അദ്ദേഹത്തെ ആശ്വസിപ്പിച്ച് മടക്കി അയച്ചു.

വർഷങ്ങൾ കടന്നുപോയി. ഏറെ കാലങ്ങൾക്ക് ശേഷം, ആ പിതാവ് എന്നെ കാണാൻ വന്നു. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ മകളും ഭർത്താവും കുട്ടികളുമായി ബോംബെയിൽ സുഖമായി കഴിയുന്നു എന്ന് പറയുകയുണ്ടായി. കേൾക്കാൻ കൊതിച്ച, സന്തോഷം പകരുന്ന, ഒരു വാർത്തയായിരുന്നു അത്.

നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, മുടങ്ങാതെ മരുന്നുകൾ കഴിക്കേണ്ട ഒരു അവസ്ഥ ഉണ്ടെങ്കിൽ ഇത്തരം അവസരങ്ങളിൽ അത് മറച്ചുവെക്കരുത്. തുറന്ന് സംസാരിക്കുക തന്നെ വേണം. കൂടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഈ വിവരം അറിഞ്ഞിരിക്കണം. പെട്ടെന്ന് ഒരു അസുഖം വന്നാൽ അടിയന്തരചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കുവാൻ അത് സഹായകരമാകും. ഇല്ലെങ്കിൽ ഗുണത്തെക്കാൾ ഏറെ ദോഷമാകും എന്നോർക്കുക.

READ: കുട്ടികളിലെ
വൃക്കരോഗങ്ങൾ

കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം (CKDu): വടക്കൻ കേരളം
ഹോട്ട്‌സ്പോട്ടാണോ?

ന്യൂറോളജിയിലെ
കൃത്രിമ ബുദ്ധി

സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും

മഴക്കാല രോഗങ്ങൾ

പ്രമേഹവും വൃക്കരോഗവും

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments