പ്രമേഹചികിത്സയിൽ കുത്തിവെപ്പുകൾ
അനിവാര്യമോ?

പ്രമേഹചികിൽസയിൽ കുത്തിവയ്പുകൾക്ക് (ഇൻസുലിൻ പോലുളളവ) വളരെയേറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹരോഗികളിൽ ഇൻസുലിൻ കുത്തിവയ്പ് ഒഴിച്ചുകൂടാനാവാത്തവയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ ശങ്കർ എഴുതിയ ലേഖനം.

പ്രമേഹചികിൽസയിൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം സാധ്യമാക്കാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ കുത്തിവയ്പുകൾക്ക് (ഇൻസുലിൻ പോലുളളവ) വളരെയേറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹരോഗികളിൽ ഇൻസുലിൻ കുത്തിവയ്പ് ഒഴിച്ചുകൂടാനാവാത്തവയാണ്.

ഇന്ന് പ്രമേഹചികിത്സ തുടരുന്ന രോഗികളിൽ ഇക്കഴിഞ്ഞ കാലയളവിൽ ജീവിതനിലവാരം മെച്ചപ്പെട്ടതിന് കാരണമായി പറയാവുന്നത് മികച്ച ഇൻസുലിൻ ചികിത്സ, സാങ്കേതികവിദ്യയിലെ പുരോഗതി, ജീവിതശൈലീമാറ്റങ്ങൾ, പുതുപുത്തൻ മരുന്നുകളുടെ ഉദയം എന്നിവയാണ്.

അതേസമയം, ടൈപ്പ് 2 പ്രമേഹരോഗികളിൽ ജീവിതശൈലീഇടപെടലുകളും നിലവാരമുള്ള മെഡിക്കൽ ചികിത്സയും രോഗബാധയും അവയുടെ സങ്കീർണതകൾ കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിൽ, പ്രമേഹത്തിനുള്ള ഇഞ്ചക്ഷൻ - ചികിത്സകൾ രണ്ട് പ്രധാന വിഭാഗങ്ങളായി തരംതിരിക്കാം:

ഇൻസുലിൻ കുത്തിവയ്പുകൾ (ഇഞ്ചക്ഷൻ) കൂടാതെ ഇൻസുലിൻ അല്ലാത്ത കുത്തിവയ്പുകൾ. ഇവ രണ്ടും ഗ്ലൂക്കോസ് നിയന്ത്രണം, ശരീരഭാരനിയന്ത്രണം, ഹൃദയസംബന്ധമായ അപകടസാധത കുറയ്ക്കൽ, ജീവിതനിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ നിർണായകമാണ്.

എന്നാൽ, ഇത്തരം മരുന്നുകളുടെ എണ്ണം സ്ഥിരമായി വർധിക്കുകയും ഓരോ മരുന്നിനും വ്യത്യസ്തമായ പ്രവർത്തനരീതി, ദൈർഘ്യം, ഡോസിംഗ് രീതികൾ എന്നിവ ഉണ്ടായിരിക്കുകയും ചെയ്യുന്നതിനാൽ, രോഗിയെ അടിസ്ഥാനമാക്കി ശരിയായ മരുന്ന് തിരഞ്ഞെടുക്കുന്നത് പ്രമേഹം ചികിത്സിക്കുന്ന സംഘത്തിന് വലിയ വെല്ലുവിളിയാണ്.

പ്രാദേശികമായി മരുന്നുകളുടെ ലഭ്യതയിൽ വരുന്ന വ്യത്യാസങ്ങളും പുത്തൻ മരുന്നുകളെക്കുറിച്ചുള്ള വിവരദൗർലഭ്യവും പരിശീലനക്കുറവും ഈ വെല്ലുവിളി വർധിപ്പിക്കുന്നതിൽ പ്രധാന കാരണങ്ങളായി കണക്കാക്കാം.

എന്തിനാണ് ഇൻജെക്ടബിൾ മരുന്നുകൾ?

പ്രമേഹരോഗാവസ്ഥയിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്തുന്നത്:

1. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉണ്ടാവാത്തത്.

2. ഉണ്ടാകുന്ന ഇൻസുലിന്റെ പ്രവർത്തനം ശരിയായി നടക്കാത്തത് (ഇൻസുലിൻ റെസിസ്റ്റൻസ്).

മിക്ക സാഹചര്യങ്ങളിലും ഗുളികകൾ (oral tablets) ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവും. എന്നാൽ ചിലപ്പോൾ ഗുളികകൾ മാത്രം മതിയാകില്ല; രക്തത്തിലെ പഞ്ചസാരയുടെ നില വളരെ ഉയർന്നിരിക്കുമ്പോഴും, ഗുളികകൾക്ക് പ്രതികരണം കുറവായിരിക്കുമ്പോഴും.

ഇൻസുലിൻ എപ്പോഴാണ് ആവശ്യം?

  • ഭക്ഷണനിയന്ത്രണം / ഗുളികകൾ കൊണ്ട് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ.

  • പ്രമേഹത്തോടൊപ്പം ഭാരം കുറയുക, അമിത ദാഹം, അധികമായി മൂത്രമൊഴിക്കുക എന്നീ ലക്ഷണങ്ങൾ ശക്തമായാൽ.

  • ഗർഭകാലത്ത്.

  • സർജറിയ്ക്ക് മുൻപും ശേഷവും.

  • ടൈപ്പ് 1 പ്രമേഹം. (ഇൻസുലിൻ നിർബന്ധം)

ഇൻസുലിൻ ഇഞ്ചക്ഷനുകൾ

ഇൻസുലിൻ ശരീരം സ്വാഭാവികമായി നിർമ്മിക്കുന്ന ഒരു ഹോർമോണാണ്. പ്രമേഹത്തിലെ പ്രധാന പ്രശ്നം ഈ ഇൻസുലിൻ കുറവായിരിക്കുക അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാതിരിക്കുക എന്നതാണ്. അങ്ങനെ ശരീരത്തിന് പുറത്തുനിന്ന് ഇൻസുലിൻ നൽകുന്ന രീതിയാണ് ഇൻസുലിൻ ഇൻജക്ഷൻ.

ഇൻസുലിൻ ചികിത്സയാണ് പ്രമേഹരോഗ നിയന്ത്രണത്തിന്റെ അടിത്തറ. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹത്തിൽ ഇത് അനിവാര്യമാണ്. ഇൻസുലിൻ ഇഞ്ചക്ഷനുകൾ മനുഷ്യശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണിന്റെ പ്രവർത്തനം അനുകരിക്കുന്നതാണ്.

ഇൻസുലിൻ ചികിത്സയാണ് പ്രമേഹരോഗ നിയന്ത്രണത്തിന്റെ അടിത്തറ.
ഇൻസുലിൻ ചികിത്സയാണ് പ്രമേഹരോഗ നിയന്ത്രണത്തിന്റെ അടിത്തറ.

ഇന്നത്തെ ഇൻസുലിൻ ചികിത്സകൾ മൂന്ന് പ്രധാന വിഭാഗങ്ങളിലായി തരംതിരിക്കുന്നു:

പഴയകാല ഇൻസുലിനുകൾ മൃഗങ്ങളിൽനിന്ന് എടുക്കുന്നവയായിരുന്നു. ഒരിക്കൽ വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് കൂടുതലായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ പ്രവർത്തനം ശരീരത്തിൽ വൈകി തുടങ്ങുന്നതും ചിലരിൽ അലർജി ഉണ്ടാവുന്നതും പ്രധാന പ്രശ്നങ്ങളായിരുന്നു.

1970- കളിൽ ജനിതകവിജ്ഞാനത്തിന്റെ പുരോഗതിയോടെ മനുഷ്യ ഇൻസുലിൻ നിർമ്മിക്കാൻ സാധിച്ചു. ഇതിന്റെ ആമിനോ ആസിഡ് ഘടന മനുഷ്യശരീരത്തിലെ സ്വാഭാവിക ഇൻസുലിനിനോട് സമാനമാണ്. സുരക്ഷിതവും ഫലപ്രദവുമായ ഒരു പരിഹാരമായതിനാൽ, ഇന്ന് ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്നു.

1990- കളുടെ അവസാനം വികസിപ്പിച്ചെടുത്ത ഇൻസുലിൻ അനലോഗുകൾ മനുഷ്യ ഇൻസുലിനെ ചെറിയ അമിനോ ആസിഡ് മാറ്റങ്ങൾ നടത്തി കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്ന തരത്തിലാക്കിയതാണ്. ഇവയ്ക്ക് വേഗതയേറിയ പ്രവർത്തനം, സ്ഥിരമായ പ്രവർത്തനദൈർഘ്യം, ഹൈപോഗ്ലൈസീമിയ കുറവ് തുടങ്ങിയ സവിശേഷതകളുണ്ട്.

പ്രവർത്തന ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇൻസുലിനെ പലതരത്തിൽ തരം തിരിച്ചിരിക്കുന്നന്നു:

  • ദീർഘസമയംപ്രവർത്തിക്കുന്ന ഇൻസുലിൻ: ലോംഗ് ആക്ടിംഗ് ഇൻസുലിൻ.
    (Long acting): ഗ്ലാർജിൻ, ഡെടെമിർ.

  • അൾട്രാ- ദീർഘപ്രവർത്തന ഇൻസുലിൻ (Ultra long acting):
    ഡെഗ്ലുഡെക്, ഗ്ലാർജിൻ U-300.

  • വേഗതയേറിയ ഇൻസുലിൻ (Rapid acting): ലിസ്പ്രോ, ആസ്പാർട്ട്, ഗ്ലുലിസിൻ.

  • വലിയ വേഗതയേറിയ ഇൻസുലിൻ (ultra rapid acting):
    ഫാസ്റ്റ്- ആക്ടിങ് ആസ്പാർട്ട്, അൾട്രാ-റാപിഡ് ലിസ്പ്രോ.

  • ഇന്റർമീഡിയറ്റ് ആക്ടിംഗ് ഇൻസുലിൻ:
    NPH ഇൻസുലിൻ.

  • പ്രീമിക്സ് ഇൻസുലിൻ:
    ഒരു ഇൻജക്ഷനിൽ ബേസൽ + ബോളസ് സംയോജനം (Long acting plus rapid acting).

  • കോ-ഫോർമുലേഷൻ ഇൻസുലിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, IDegAsp (ഡെഗ്ലുഡെക് + ആസ്പാർട്ട്), ഒരു ഇൻജക് ഷനിൽ സ്ഥിരമായ ബേസൽ പ്രവർത്തനവും ഭക്ഷണശേഷം ഉയരുന്ന ഗ്ലൂക്കോസ് നിയന്ത്രണവുമെല്ലാം നൽകുന്നു.

ഇൻസുലിൻ അല്ലാത്ത
ഇഞ്ചക്ഷൻ ചികിത്സകൾ

1. GLP-1 റിസപ്റ്റർ ആഗണിസ്റ്റുകൾ (GLP-1 RAs): ഇപ്പോൾ പ്രമേഹചികിത്സയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുന്ന വിഭാഗമാണിത്. ഇവയുടെ പ്രധാന ഗുണങ്ങൾ:

  • ഇൻസുലിൻ കൂട്ടുന്നു.

  • ഗ്ലുക്കഗോൺ കുറയ്ക്കുന്നു.

  • ശരീരഭാരം കുറയ്ക്കുന്നു.

  • ഹൃദയാരോഗ്യ ഗുണങ്ങൾ.

  • ഉദാഹരണങ്ങൾ: ലിറാഗ്ലുട്ടൈഡ്, ദുലാഗ്ലുട്ടൈഡ്, സെമാഗ്ലുട്ടൈഡ് (oral / injectable).

2. GLP-1 + GIP ഡ്യുവൽ ആഗണിസ്റ്റ്:

Tirzepatide, ശരീരഭാരം കുറയ്ക്കുകയും ശക്തമായ ഗ്ലൂക്കോസ് നിയന്ത്രണവും നൽകുന്ന നവീനമായ മരുന്നാണ്.

3. ഗ്ലൂക്കഗോൺ + GLP-1 + GIP ട്രിപ്പിൾ ആഗണിസ്റ്റുകൾ:

Retatrutide – ഭാരം കുറയ്ക്കുന്നതിൽ അത്യധികം ഫലപ്രാപ്തി തെളിയിച്ചുകൊണ്ടിരിക്കുന്ന മരുന്ന്.

4. ടെട്രാ-ആഗണിസ്റ്റുകൾ:

നൂതന ഗവേഷണഘട്ടത്തിലുള്ള ഈ മരുന്നുകൾ നാല് വ്യത്യസ്ത മെറ്റബോളിക് വഴികളെ ഒരുമിച്ച് ലക്ഷ്യമാക്കുന്നു.

5.അമ്ലിൻ അനലോഗ്- പ്രാമ്ലിൻടൈഡ്:

ഭക്ഷണം കഴിച്ചശേഷം ഗ്ലൂക്കോസ് വർധനവ് തടയാൻ പ്രയോജനക രമാണ്. ഇൻസുലിനിനൊപ്പം ഉപയോഗിക്കുന്നു.

ഇപ്പോൾ പ്രമേഹചികിത്സയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുന്ന വിഭാഗമാണ് GLP-1 റിസപ്റ്റർ ആഗണിസ്റ്റുകൾ.
ഇപ്പോൾ പ്രമേഹചികിത്സയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുന്ന വിഭാഗമാണ് GLP-1 റിസപ്റ്റർ ആഗണിസ്റ്റുകൾ.

കോമ്പിനേഷൻ ഇൻജക്ഷൻ ചികിത്സകൾ

സമീപകാലത്ത് രണ്ട് മരുന്നുകൾ ഒരു പേനയിൽ ചേർത്തുള്ള മരുന്നുകൾ ഏറെ പ്രചാരത്തിലായി.

  • IDegLira
    (Degludec + Liraglutide)

  • IGlarLixi
    (Glargine + Lixisenatide)

  • CagriSema (Cagrilintide + Semaglutide- ഇപ്പോൾ ഗവേഷണഘട്ടത്തിൽ)

ഇവയുടെ പ്രയോജനം:

  • ഡോസിംഗ് എളുപ്പം.

  • ഹൈപോഗ്ലൈസീമിയ കുറവ്.

  • ഭാരം കൂടാനുള്ള സാധ്യത കുറവ്.

പ്രമേഹചികിത്സയിൽ ഇൻസുലിൻ ഇഞ്ചക്ഷനുകൾ എന്ന് കേൾക്കുമ്പോൾ പലർക്കും ഭയം തോന്നുക സാധാരണയാണ്. ‘എനിക്ക് ദിവസവും കുത്തണോ?’, ‘വേദനയുണ്ടോ?’, ‘ഇത് തുടങ്ങിയാൽ പിന്നെ ജീവിതം മുഴുവൻ തുടരണം?’ തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ടാവാറുണ്ട്.

സമീപകാലത്ത് രണ്ട് മരുന്നുകൾ ഒരു പേനയിൽ ചേർത്തുള്ള മരുന്നുകൾ ഏറെ പ്രചാരത്തിലായി.
സമീപകാലത്ത് രണ്ട് മരുന്നുകൾ ഒരു പേനയിൽ ചേർത്തുള്ള മരുന്നുകൾ ഏറെ പ്രചാരത്തിലായി.

ഇൻസുലിൻ കുത്തുന്നത് വേദനകരമാണോ?

ഇന്നത്തെ ഇൻസുലിൻ പെൻ ഉപകരണങ്ങൾ അത്യന്തം സൂക്ഷ്മമായ സൂചികളാണ് ഉപയോഗിക്കുന്നത്. ശരിയായ വിധത്തിൽ കുത്തിയാൽ വേദന വളരെ കുറവായിരിക്കും.

എങ്ങനെ ശരിയായി കുത്തണം?

(ചുരുക്കമായി) വയർ, തുടകൾ, തോളിന് താഴെ കൈയ്യുടെ വശത്ത് എന്നിവയാണ് സാധാരണ സ്ഥലങ്ങൾ. ഓരോ തവണയും സ്ഥാനം മാറ്റിമാറ്റി കുത്തണം (lipodystrophy ഒഴിവാക്കാൻ) തൊലിയെ നേരിയതായിട്ട് പിണച്ച്, പെൻ സൂചി നേരിട്ട് വെച്ച് കുത്താം.

ഡോസ്‌ സെറ്റ് ചെയ്ത്, കുത്തിയ ശേഷം 10 സെക്കൻഡ് കാത്തുനിന്ന ശേഷം സൂചി പിൻവലിക്കുക.

ഡോക്ടർ/ നഴ്‌സിന്റെ പരിശീലനത്തോടെ കുത്തിവയ്പുകൾ തുടരുക.

ഇൻജെക്ടബിൾ മരുന്നുകൾ എങ്ങനെ സൂക്ഷിക്കണം?

  • തുറക്കാത്ത ഇൻസുലിൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം.

  • തുറന്നതിനു ശേഷം മിക്ക ഇൻസുലിനുകളും മുറിയിലെ സാധാരണ താപനിലയിൽ 28–30 ദിവസം ഉപയോഗിക്കാം.

  • ചൂട്, നേരിട്ട് സൂര്യപ്രകാശം, തണുത്ത ഐസ് എന്നിവയിൽ നിന്നു സംരക്ഷിക്കണം.

  • പെൻ ഉപയോഗിച്ചതിനു ശേഷം സൂചി മാറ്റിയിട്ട് പേനയുടെ ക്യാപ്പ് ഇട്ട് വെക്കണം.

ഇൻജെക്ടബിൾ
മരുന്നുകളുടെ നേട്ടങ്ങൾ

  • രക്തത്തിലെ പഞ്ചസാരയുടെ നില ശക്തമായി നിയന്ത്രിക്കുന്നു.

  • ദീർഘകാലത്തെ ഹൃദയത്തേയും വൃക്കയേയും ബാധിക്കുന്ന പ്രശ്നങ്ങൾ കുറയ്‌ക്കുന്നു.

  • GLP-1 മരുന്നുകൾ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

  • ഇന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വളരെ സൗകര്യപ്രദവും സുരക്ഷിതവുമാണ്.

പാർശ്വഫലങ്ങൾ

ഓരോ മരുന്നിനും ചെറിയ ചില പാർശ്വഫലങ്ങൾ ഉണ്ടാകാം:

ഇൻസുലിൻ പാർശ്വഫലങ്ങൾ: പെട്ടെന്ന് പഞ്ചസാരയുടെ അളവ് താഴുന്നത്, (ഹൈപോഗ്ലൈസീമിയ) കുത്തുന്ന സ്ഥലത്ത് ചെറിയ അസ്വസ്ഥത.

GLP-1 RA പാർശ്വഫലങ്ങൾ

  • ഛർദ്ദി / അല്പം വയറുവേദന.

  • ചിലപ്പോൾ ഭക്ഷണ താൽപര്യമില്ലായ്മ.

മിക്ക പാർശ്വഫലങ്ങളും ശരീരം മരുന്നിന് സമരസപ്പെടുമ്പോൾ കുറയും. സ്ഥിരമായ അസ്വസ്ഥതയുണ്ടെങ്കിൽ ഡോക്ടറോട് പറയണം.

ഇൻസുലിൻ കുത്തിവയ്ക്കുന്ന രീതി , ഭക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സമയക്രമീകരണം, വ്യായാമം, ഇഞ്ചക്ഷന് ഉപയോഗിക്കുന്ന സൂചികളുടെ ശരിയായ ഉപയോഗം, ഇൻസുലിൻ മരുന്നുകൾ സൂക്ഷിക്കേണ്ട താപനില നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാം രോഗികളെ നിരന്തരം ഓർമപ്പെടുത്തേണ്ടതാണ്.
ഇൻസുലിൻ കുത്തിവയ്ക്കുന്ന രീതി , ഭക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സമയക്രമീകരണം, വ്യായാമം, ഇഞ്ചക്ഷന് ഉപയോഗിക്കുന്ന സൂചികളുടെ ശരിയായ ഉപയോഗം, ഇൻസുലിൻ മരുന്നുകൾ സൂക്ഷിക്കേണ്ട താപനില നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാം രോഗികളെ നിരന്തരം ഓർമപ്പെടുത്തേണ്ടതാണ്.

ഇഞ്ചക്ഷൻ ചികിത്സകൾ തുടരുമ്പോൾ ശ്രദ്ധിക്കേണ്ടത്:

  • ഹൈപോഗ്ലൈസീമിയ:
    ഇൻസുലിൻ ചികിത്സയിൽ പൊതുവേ കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന് പോകുന്ന അവസ്ഥ.

  • ഇഞ്ചക്ഷൻ സൈറ്റിലെ ലിപ്പോഹൈപ്പർട്രോഫി: തൊലിക്ക് താഴെ കൊഴുപ്പ് അടിഞ്ഞ് തടിപ്പും മറ്റും ഉണ്ടാകുന്നത്.

  • അപൂർവ്വമായി കാണുന്ന അലർജി:
    ഇവ ഒഴിവാക്കാൻ ശരിയായ രീതിയിൽ രോഗികൾക്ക് ഇഞ്ചക്ഷൻ എടുക്കേണ്ട വിധം പഠിപ്പിക്കേണ്ടതും, ഓരോ തവണ കൺസൾട്ടേഷന് വരുമ്പോൾ ചോദിച്ച് അറിയുകയും ശരിയായ രീതിയിലാണ് കുത്തിവയ്ക്കുന്നത് എന്ന് ഉറപ്പ് വരുത്തുകയും കുത്തിവയ്ക്കുന്ന ശരീരഭാഗം പരിശോധിച്ച് തടിപ്പോ അലർജിയോ മറ്റും ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.

ഇൻസുലിൻ കുത്തിവയ്ക്കുന്ന രീതി , ഭക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സമയക്രമീകരണം, വ്യായാമം, ഇഞ്ചക്ഷന് ഉപയോഗിക്കുന്ന സൂചികളുടെ ശരിയായ ഉപയോഗം, ഇൻസുലിൻ മരുന്നുകൾ സൂക്ഷിക്കേണ്ട താപനില നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാം രോഗികളെ നിരന്തരം ഓർമപ്പെടുത്തേണ്ടതാണ്.

പ്രമേഹരോഗത്തിനുള്ള ഇഞ്ചക്ഷൻ അടിസ്ഥാനത്തിലുള്ള ചികിത്സ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. പുതുപുത്തൻ ഇൻസുലിൻ അനലോഗുകളും GLP-1, GIP അടിസ്ഥാനമാക്കിയുമുള്ള ചികിത്സ പ്രമേ ഹ നിയന്ത്രണവും ശരീരഭാരനിയന്ത്രണവും ഹൃദയസുരക്ഷയും ഒരുമിച്ച് നൽകുന്നതിലൂടെ പ്രമേഹനിർമ്മാർജ്ജനത്തിന്റെ പുതിയ അധ്യായത്തിന് വഴിതെളിക്കുന്നു.

പ്രമേഹചികിത്സാസംഘത്തിന് തുടർച്ചയായ പരിശീലനവും, ഏറ്റവും പുതിയ ഗവേഷണജ്ഞാനവും, രോഗിക്ക് അനുയോജ്യമായ വ്യക്തിഗത ചികിത്സാരീതി രൂപപ്പെടുത്തുന്ന പരിശീലനവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമഗ്രമായ പരിശോധനയ്ക്ക് ശേഷം വ്യക്തിഗതവുമായ സമീപനങ്ങൾ ചികിത്സയിൽ സ്വീകരിക്കുമ്പോൾ പ്രമേഹരോഗികളുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും എന്നത് ഉറപ്പാണ്.

പ്രമേഹചികിത്സയിൽ ഇൻജെക്ടബിൾ മരുന്നുകൾ ഭയപ്പെടേണ്ട ഒന്നല്ല. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ഇവ പ്രമേഹം നിയന്ത്രിക്കാനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും വളരെ സഹായകമാണ്.

ഒരുപാട് പേർക്ക്, പ്രത്യേകിച്ച് ഇൻസുലിൻ ആവശ്യമായവർക്ക്, ഇത് ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒരു പ്രധാനമാർഗ്ഗമാണ്.

ഇൻസുലിനോ GLP-1 പോലുള്ള മറ്റൊരു ഇൻജെക്ടബിൾ മരുന്നോ വേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ ഡോക്ടറുടെ നിർദേശം ഏറ്റവും പ്രധാനമാണ്. സ്വമേധയാ മരുന്ന് നിർത്തുകയോ മാറ്റുകയോ ചെയ്യരുത്.

പ്രമേഹത്തെ ഭയപ്പെടേണ്ടതില്ല, അത് കൃത്യമായ രോഗനിർണ്ണയവും പരിചരണവും വഴി നന്നായി നിയന്ത്രിക്കാവുന്ന അവസ്ഥയാണ്. ഇൻജെക്ടബിൾ മരുന്നുകൾ ഈ യാത്രയിലെ വിശ്വസനീയ കൂട്ടാളികളാണ്.

READ: തു യൂയു:
ലബോറട്ടറിയിൽ
പുനർജന്മം നേടിയ
പൗരാണിക വൈദ്യം

വ്യായാമം
40 വയസ്സിനുശേഷം:
ശ്രദ്ധിക്കേണ്ട വസ്തുതകൾ

ഹാന്റ വൈറസ്

‘മറക്കാനാവാത്ത രോഗി’:
ഒപ്പമുണ്ട്‌…

ബ്രെയിൻട്യൂമർ: അറിഞ്ഞിരിക്കേണ്ടത്

മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്: നാഡീവ്യവസ്ഥക്കെതിരെ
മറഞ്ഞിരിക്കുന്ന വെല്ലുവിളി

സ്‌ട്രോക്കിനെതിരായ
പ്രതിരോധം
സാമൂഹികാവശ്യമാണ്

തലവേദനയെക്കുറിച്ച്…

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments