ഇന്ത്യയിലെ വസൂരി നിർമ്മാർജ്ജന പരിപാടിയിൽ വിദേശത്തുനിന്ന് നിരവധി സന്നദ്ധപ്രവർത്തകർ പങ്കെടുത്തിരുന്നു. അവരിൽ ഡോക്ടർമാരായ മേരി എലിസബത്ത് ഗുയിനാൻ, കൊർനേലിയ ഇ ഡേവിസ് എന്നിവർ മൌലിക സംഭാവന നൽകിയതിലൂടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
മേരി എലിസബത്ത് ഗുയിനാൻ
അമേരിക്കയിൽനിന്നുള്ള ഡോക്ടറായ മേരി എലിസബത്ത് ഗുയിനാൻ (Mary Elizabeth Guinan) ആയിരുന്നു അവരിൽ ഒരാൾ. ബഹിരാകാശ യാത്രയിൽ താത്പര്യമുണ്ടായിരുന്ന ഗുയിനാന് അക്കാലത്ത് നാസയിൽ നിലനിന്ന സ്തീവിരുദ്ധ സമീപനങ്ങൾ മൂലം തന്റെ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു.
പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗുയിനാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ സെന്ററിൽ എപ്പിഡെമിക്ക് (സി ഡി സി) ഇന്റലിജൻസ് സർവീസിൽ രണ്ടുവർഷത്തെ പരിശീലനം നടത്തിവരികയായിരുന്നു. ഇന്ത്യയിലെ വസൂരി നിർമ്മാർജ്ജന പരിപാടിയിൽ സന്നദ്ധപ്രവർത്തകയായി പങ്കാളിയാവാൻ ഗുയിനാൻ താത്പര്യമെടുത്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുമതിയോടെ മൂന്നു മാസത്തേക്ക് ഇന്ത്യയിൽ വസൂരി നിർമ്മാർജ്ജന പരിപാടിയിൽ പങ്കെടുക്കാൻ അവർക്ക് അവസരം ലഭിച്ചു. 1975 ആദ്യം ഇന്ത്യയിലെത്തിയ ഗുയിനാൻ അക്കാലത്ത് വസൂരി നിലനിന്നിരുന്ന ഉത്തർപ്രദേശിലെ കാൺപൂർ, റാംപൂർ എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ഇന്ത്യാക്കാരിയായ ഒരു പാരാമെഡിക്കൽ വനിതയുമായി ചേർന്ന് വസൂരി ബാധിച്ചവരെ കണ്ടെത്തി ചികിത്സിച്ചും നാട്ടുകാർക്ക് വാക്സിനേഷൻ നൽകിയും ഗുയിനാൻ നിരവധി ഗ്രാമങ്ങളിൽ സഞ്ചരിച്ചു. ഗുയിനാന്റെ കൂടി ഫലവത്തായ പ്രവർത്തന ഫലമായി 1975 മെയ് മാസത്തിൽ ഉത്തരപ്രദേശ് വസൂരി സ്വതന്ത്ര പ്രദേശമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഗുയിനാൻ പിന്നീട് അമേരിക്കയിലെ എയിഡ്സ് രോഗവ്യാപനം തടയുന്നതിനായി സി ഡി സി സംഘടിപ്പിച്ച പരിപാടി വിജയിപ്പിക്കുന്നതിൽ വലിയ സംഭാവന നൽകി.

ഗുയിനാൻ തന്റെ അനുഭവങ്ങൾ അഡ്വേഞ്ചേഴ്സ് ഓഫ് എ ഫീമെയിൽ മെഡിക്കൽ ഡിറ്റക്ടീവ് (Adventures of a Female Medical Detective: In Pursuit of Smallpox and AIDS: John Hopkins University Press 2016) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. എച്ച് ഐ വി / എയ്ഡ്സ്, എബോള നിയന്ത്രണത്തിലും മേരി ഗുയിനാൻ തന്റേതായ സംഭാവന നൽകിയിട്ടുണ്ട്.
2014- ൽ അവർ അമേരിക്കയിലെ ആദ്യത്തെ വനിതാ ഡോക്ടറായ എലിസബത്ത് ബ്ലാക്ക് വെല്ലിന്റെ (Elizabeth Blackwell:1821 –1910) സ്മരണാർത്ഥം അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നൽകിവരുന്ന എലിസബത്ത് ബ്ലാക്ക് വെൽ (Elizabeth Blackwell Award) പുരസ്കാരത്തിനർഹയായി. മേരി ഗുയിനാൻ ഇപ്പോൾ നെവേഡാ സർവകലാശാലയിലെ സ്കൂൾ ഓഫ് കമ്മ്യൂണിറ്റി ഹെൽത്ത് സയൻസസിലെ ഡീനായി ചുമതല നിർവഹിച്ച് വരുന്നു.

കൊർനേലിയ ഇ ഡേവിസ്
ആഫ്രിക്കൻ അമേരിക്കൻ ഡോക്ടറായ കൊർനേലിയ ഇ ഡേവിസ് (Cornelia E Davis) ആയിരുന്നു, ഇന്ത്യയിലെ വസൂരി നിർമ്മാർജ്ജന പരിപാടിയിൽ സഹകരിക്കാൻ എത്തിയ മറ്റൊരു വനിത. വംശീയവും ലിംഗപരവുമായ കടുത്ത വിവേചനങ്ങളെ നേരിട്ടാണ് കാലിഫോർണിയൻ മെഡിക്കൽ സ്കൂളിൽ 1968- ൽ അവർ വൈദ്യവിദ്യാഭ്യാസം ആരംഭിച്ചത്. അക്കാലത്ത് കേവലം അഞ്ച് ആഫ്രിക്കൻ അമേരിക്കൻ വിദ്യാർത്ഥികളെ മാത്രമാണ് അവിടെ പ്രവേശിപ്പിച്ചത്. അവരിലെ രണ്ട് വനിതകളിലൊരാളായിരുന്നു കൊർനേലിയ.

ഇന്ത്യയിലെ വസൂരി നിർമ്മാർജ്ജനത്തിൽ താത്പര്യം തോന്നി ഇന്ത്യയിലെത്തി കൊർനേലിയ പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ്, ജല് പാൽ ഗുരി, കൂച്ച് ബീഹാർ എന്നീ മേഖലകളിലാണ് സേവനമനുഷ്ടിച്ചത്. ആരോഗ്യമേഖലയിൽ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന ഈ പ്രദേശങ്ങളിൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് കൊർനേലിയ പ്രവർത്തിച്ചത്. ഉൾഗ്രാമങ്ങളിലെത്താൻ ദീർഘദൂരം കാൽനടയായി നെൽപ്പാടങ്ങളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നു വസൂരിലക്ഷണങ്ങളോ, പനിയോ ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ യജ്ഞത്തിലാണ് പ്രധാനമായും കൊർനേലിയ ശ്രദ്ധകേന്ദ്രീകരിച്ചത്. ബംഗ്ലാദേശ്- ഇന്ത്യൻ അതിർത്തിയിൽ വസൂരിയുള്ള വീടുകൾ കണ്ടെത്താനും വാക്സിനേഷൻ നൽകാനുള്ള ഏർപ്പാടുകൾ ചെയ്യാനും കൊർനേലിയ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ വിജയകരമായ ഇടപെടൽ പൂർത്തിയാക്കിയ കൊർനേലിയ പിന്നീട് 18 മാസത്തോളം രാജസ്ഥാനിലാണ് വസൂരി നിർമ്മാർജ്ജനത്തിൽ പങ്കെടുത്തത് 1977 ഏപ്രിൽ മാസത്തിൽ പരിശോധനക്കായി ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര വസൂരി നിർണ്ണയ നിർമ്മാർജ്ജന കമ്മീഷന്റെ മുന്നിൽ ഹാജരാക്കേണ്ട രേഖകൾ തയ്യറാക്കുന്നതിലും മറ്റും കൊർനേലിയ വലിയ പങ്ക് വഹിച്ചിരുന്നു. അവർ പിന്നീട് സി ഡി സിയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ 1990- കളിൽ എത്യോപ്പിയയിലെ മെനിഞ്ചൈറ്റിസ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. 1996 ൽ കൊർനേലിയ ഐക്യരാഷ്ട്ര സംഘടനയുടെ എച്ച് ഐ വി / എയ്ഡ്സ് പ്രോഗാമിന്റെ ദേശീയ ഡയറക്ടറായി വീണ്ടും ഇന്ത്യയിൽ സേവനമനുഷ്ടിച്ചിരുന്നു.
കൊർനേലിയ തന്റെ ഇന്ത്യൻ എത്യോപ്യൻ അനുഭവങ്ങൾ വിവരിച്ച് സർച്ചിംഗ് ഫോർ സിത്താല മാത (Searching for Sitala Mata: Eradicating Smallpox in India: Konjit Publications; 2017), ത്രീ ഈയേഴ്സ് ഇൻ എത്യോപ്പിയ (Three Years in Ethiopia: How a Civil War and Epidemics Led Me to My Daughter: Konjit Publications 2019) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
READ: വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ
വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ
പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ
ആമാശയ കാൻസറും
ചികിത്സാരീതികളും
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

