കൗമാരക്കാരിലെ
പൊണ്ണത്തടിയും
പരിഹാരവും

‘‘ചെന്നൈ നഗരത്തിലെ സ്‌കൂളുകളിൽ നടത്തിയ പഠനത്തിൽ, ഉയർന്ന സാമ്പത്തിക ശ്രേണിയിലുള്ള കുടുംബങ്ങളിലെ 22% കുട്ടികൾക്കും മധ്യവർഗ്ഗകുടുംബങ്ങളിലെ 15% കുട്ടികൾക്കും അമിതവണ്ണമുള്ളതായി കണ്ടെത്തിയിരുന്നു. ആശങ്കാജനകമായ വസ്തുത ഈ പ്രവണത അടുത്തകാലത്തായി ഏറെ വർദ്ധിച്ചുവരുന്നു എന്നതാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി.എം. സലിം എഴുതിയ ലേഖനം.

കൗമാരക്കാർക്കിടയിലെ അമിതവണ്ണവും പൊണ്ണത്തടിയും നമ്മുടെ കാലഘട്ടത്തിലെ ആശങ്കാജനകമായ പൊതുജനാരോഗ്യ വെല്ലുവിളികളിൽ പ്രധാനപ്പെട്ടതായി ഉയർന്നുവന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു.

ഒരു ക്ലിക്കിന്റെ മാത്രം അകലെയുള്ള ജങ്ക് ഫുഡുകളുടെ ലഭ്യതയും, കളിസ്ഥലങ്ങൾക്ക് പകരം സ്‌ക്രീനുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തപ്പോൾ, ലക്ഷക്കണക്കിന് യുവജനങ്ങളാണ് നിശ്ശബ്ദമായി ഈ ഭാരം ചുമക്കേണ്ടിവന്നത്. ഇത് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെല്ലുവിളികൾ ഉയർത്തുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, ഈ കാരണത്താൽ ആത്മവിശ്വാസവും ആത്മാഭിമാനവും തകരുകയും അവർ സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്യുന്നു.

വ്യാപനം

അമേരിക്കയിൽ 21% കൗമാരക്കാരിലും അമിതവണ്ണമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ, ചെന്നൈ നഗരത്തിലെ സ്‌കൂളുകളിൽ നടത്തിയ പഠനത്തിൽ, ഉയർന്ന സാമ്പത്തിക ശ്രേണിയിലുള്ള കുടുംബങ്ങളിലെ 22% കുട്ടികൾക്കും മധ്യവർഗ്ഗകുടുംബങ്ങളിലെ 15% കുട്ടികൾക്കും അമിതവണ്ണമുള്ളതായി കണ്ടെത്തിയിരുന്നു.

ആശങ്കാജനകമായ വസ്തുത ഈ പ്രവണത അടുത്തകാലത്തായി ഏറെ വർദ്ധിച്ചുവരുന്നു എന്നുള്ളതാണ്. ഇന്ത്യയിൽ, ഈ കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മൂന്നിരട്ടിയാണ് വർദ്ധന ഉണ്ടായത്. National Family Health Survey 2019-21 കാലഘട്ടത്തിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, 15നും 19നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ അമിതവണ്ണം 2.4 ശതമാനത്തിൽനിന്ന് 5.4 ശതമാനമായി വർദ്ധിച്ചു എന്നതാണ്. ഇതേ പ്രായത്തിലുള്ള ആൺകുട്ടികളിൽ 1.7 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി വർദ്ധിച്ചതായും കണ്ടെത്തി. നമ്മുടെ രാജ്യത്ത് അമിതവണ്ണം കൂടുതലായി കാണുന്നത് പഞ്ചാബ്, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ്.

കാരണങ്ങൾ

കൗമാര അമിതവണ്ണത്തിന് കാരണം, തെറ്റായ ഭക്ഷണശീലം, മോശമായ ജീവിതശൈലി, ജനിതകം, പാരിസ്ഥിതിക ഘടകങ്ങൾ, മാനസിക ഘടകങ്ങൾ എന്നിവയുടെ ഒരു സങ്കലനമാണ്.

തെറ്റായ ഭക്ഷണരീതി

  • ജങ്ക് ഫുഡ്, പ്രോസസ്സ്ഡ് ഫുഡ്, പാക്കറ്റിൽ ലഭിക്കുന്ന സ്‌നാക്കുകൾ, വറുത്ത വിഭവങ്ങൾ (സമൂസ), വെളു ത്ത ബ്രഡ്, പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നി വയുടെ അമിത ഉപയോഗം.

  • ആഹാരത്തിൽ പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ (fiber) എന്നിവയുടെ കുറവ്.

  • ടെലിവിഷൻ കാണുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്ന ശീലം.

തെറ്റായ ജീവിതശൈലി

  • നിഷ്‌ക്രിയത്വം (Inactivity), ടെലിവിഷൻ, വീഡിയോ ഗെയിമുകൾ, മൊബൈൽ ഫോൺ എന്നിവയിലൂടെയുള്ള അമിതമായ സ്‌ക്രീൻ സമയം.

  • വ്യായാമങ്ങളിലും കായികവിനോദങ്ങളിലും പങ്കാളിത്തം കുറഞ്ഞത്.

  • ഉറക്കക്കുറവ് (Sleep deprivation).

പാരിസ്ഥിതിക ഘടകങ്ങൾ

നഗരവൽക്കരണം, പരിമിതമായ താമസസ്ഥലങ്ങൾ, കളിസ്ഥലങ്ങളുടെ ലഭ്യതക്കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ ഇവ ശാരീരികപ്രവൃത്തികളെ പരിമിതപ്പെടുത്തുന്നു.

ജനിതക ഘടകങ്ങൾ

  • അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമായ പല ജനിതക വ്യത്യാസങ്ങളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

  • Prader Willy പോലുള്ള ജനിതക സിൻഡ്രോമുകൾ.

ചില രോഗങ്ങൾ

  • Cushings Syndrome, Hypothyroidism.

മാനസികവും സാമൂഹികവുമായ കാരണങ്ങൾ

വൈകാരികമായ ഭക്ഷണരീതി, മാനസിക സമ്മർദ്ദം, വിഷാദം, വിരസത എന്നിവയെ നേരിടാൻ കൂടുതൽ ഭക്ഷണം കഴിക്കുന്ന ശീലം.

ചില മരുന്നുകൾ

ഗർഭനിരോധന ഗുളികകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ, സ്റ്റീറോയിഡ് (Steroid) എന്നിവ അമിതവണ്ണത്തിന് കാരണമാകാറുണ്ട്.

കലോറി കൂടുതലുള്ളതും സംസ്‌കരിച്ചതുമായ (refined) ഭക്ഷണക്രമത്തിന്റെ കൂടെ, കായികമായ അദ്ധ്വാനത്തിന്റെ കുറവുകൂടി ചേരുമ്പോൾ, ശരീരം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജം അകത്ത് എത്തുകയും അധികമുള്ള ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെട്ട് പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യുന്നു.

ഇന്നത്തെ യുവജനങ്ങൾ അവരുടെ വീടുകളിലും റെസ്റ്റോറന്റുകളിലും അമിതമായ അളവിൽ ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കുന്നവരാണ്. നഗരവൽക്കരണവും ടെലിവിഷൻ പോലുള്ള മാധ്യമങ്ങളിലൂടെയുള്ള അമിത പ്രചാരണവും ഇളം മനസ്സുകളെ വളരെയധികം സ്വാധീനിക്കുന്നു.

കുട്ടികളുടെ ടി.വി. പരിപാടികളിൽ 80 ശതമാനത്തിലധികം ഫാസ്റ്റ് ഫുഡുകളുടെയും സ്‌നാക്കുകളുടെയും പരസ്യങ്ങളാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഒരു കുട്ടി ഒരു മണിക്കൂർ ടി.വി. കാണുമ്പോൾ ഏകദേശം 11 ഭക്ഷ്യവസ്തുക്കളുടെ പരസ്യം കാണേണ്ടിവരുന്നു.

അനന്തരഫലങ്ങൾ / ദീർഘകാല പ്രത്യാഘാതങ്ങൾ

  • യുവാക്കളിൽ വർദ്ധിച്ചുവരുന്ന ടൈപ്പ് 2 പ്രമേഹരോഗം (മുമ്പൊക്കെ ടൈപ്പ് 2 പ്രമേഹം മുതിർന്നവരിലായിരുന്നു കൂടുതൽ).

  • ഉയർന്ന രക്തസമ്മർദ്ദം.

  • ഉയർന്ന കൊളസ്‌ട്രോൾ.

  • ഹൃദ്രോഗം.

  • ഫാറ്റിലിവർ (Fatty Liver).

  • ഹോർമോൺ അസന്തുലിതാവസ്ഥകൾ (Polycystic Ovary Syndrome, ക്രമമല്ലാത്ത മാസമുറകൾ).

  • മാനസിക, സാമൂഹിക പ്രശ്‌ന ങ്ങൾ (വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്).

  • ചില കാൻസറുകൾ.

  • ആസ്ത്മ, ഉറക്കത്തിൽ ശ്വാസതടസ്സം (Obstructive Sleep Apnea). ഉറക്കക്കുറവ് മൂലം പഠനത്തിൽ ശ്രദ്ധ കുറയുന്നു. പെരുമാറ്റത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നു.

  • സന്ധിവേദന, അസ്ഥിസംബന്ധമായ പ്രശ്‌നങ്ങൾ.

മിക്ക അമിതവണ്ണമുള്ള കൗമാരക്കാരിലും പിന്നീട് അമിതവണ്ണമുള്ള മുതിർന്നവരായി തുടരാനുള്ള സാധ്യതയുണ്ട്. ഇതുകാരണം ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ ജീവിതകാലം മുഴുവൻ തുടരു കയും തത്ഫലമായി അകാലമരണത്തിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.

അമിതവണ്ണം എങ്ങനെ തടയാം?

ഭക്ഷണരീതിയിലുള്ള മാറ്റങ്ങൾ

  • പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. ദിവസേന അഞ്ച് തവണയെങ്കിലും ഇവ കഴിക്കണം. വറുത്ത സ്‌നാക്കുകൾക്ക് പകരം കാരറ്റ്, യോഗർട്ട് മുതലായ ആരോഗ്യകരമായ സ്‌നാക്കുകൾ കഴിക്കുക.

  • തവിട് കളയാത്ത ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക.

  • ചിക്കൻ, മത്സ്യം, പയർവർഗ്ഗങ്ങൾ, നട്ട്‌സ്, Whole Grain എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടും.

  • പഞ്ചസാര ചേർത്ത പാനീയങ്ങൾ (ശീതളപാനീയങ്ങൾ, ജ്യൂസ്) കഴിയുന്നതും ഒഴിവാക്കുക.

  • വീട്ടിൽ പാചകം ചെയ്ത് കഴിക്കുക. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ നിയന്ത്രിക്കാനും കുട്ടികൾക്ക് പാചകത്തോടുള്ള അറിവും താത്പര്യവും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം.

  • വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക.

  • വളരെ മെല്ലെ സാവധാനത്തിൽ ചവച്ചരച്ച് കഴിക്കുക.

  • ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് മുതലായവ സ്‌കിപ്പ് ചെയ്യുന്നത് ഗുണം ചെയ്യുകയില്ല.

  • കുട്ടികൾക്ക് ഭക്ഷണം സമ്മാനമായോ ശിക്ഷയായോ കൊടുക്കുന്നത് ശരിയല്ല.

ശാരീരിക വ്യായാമം

  • മിക്ക ദിവസങ്ങളിലും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുക.

  • ടീം ഗെയിമുകളിലും മറ്റ് കായികവിനോദങ്ങളിലും പങ്കെടുക്കുകയുമാവാം.

സ്‌ക്രീൻസമയം കുറയ്ക്കുക

  • ടെലിവിഷൻ, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ മുതലായവയുടെ ഉപ യോഗം ദിവസവും 1-2 മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തുക.

  • മതിയായ ഉറക്കത്തിന് മുൻഗണന നൽകുക.

  • ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും അമിതഭാര നിയന്ത്രണത്തിനും നല്ല ഉറക്കം (Quality Sleep) ആവശ്യമാണ്.

  • ദിവസവും 8-10 മണിക്കൂറെങ്കിലും നല്ല ഉറക്കം ഉറപ്പുവരുത്തുക. അധികം വൈകുന്നതിന് മുമ്പെ ഉറങ്ങാൻ കിടക്കണം. വാരാന്ത്യങ്ങളിലും ഉറങ്ങുന്നതിന് ഒരേസമയം പാലിക്കുക.

  • ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗം നിർത്തണം.

  • മാനസിക സമ്മർദ്ദം കുറയ്ക്കുക.

  • സർഗ്ഗാത്മക പ്രവർത്തനങ്ങ ളിൽ ഏർപ്പെടുക.

മാതാപിതാക്കൾ
മാതൃകയാവണം

മാതാപിതാക്കളുടെ ഭക്ഷണശീലവും വ്യായാമവും സ്‌ക്രീൻ ഉപയോഗവുമെല്ലാം കൗമാരക്കാരെ ഗണ്യമായി സ്വാധീനിക്കും.

എങ്ങനെ നിർണ്ണയിക്കാം?

അമിതവണ്ണവും പൊണ്ണത്തടിയും നിർണ്ണയിക്കുവാനുള്ള അളവുകോൽ Body Mass Index (BMI) ആണ്.

BMI = (Weight in Kg)/(Height in M2).

BMI 25ന് മുകളിലാണെങ്കിൽ അമിതവണ്ണമുള്ളതായും 30ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയുള്ളതായും കണക്കാക്കുന്നു.

ഓരോ പ്രായത്തിനും ലിംഗത്തിനുമനുസൃതമായ ഉയര-ഭാര മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ CDC Growth Chart- കളും അമിതവണ്ണം നിർണ്ണയിക്കാൻ ഉപയോഗിക്കാം. ഇതുപ്രകാരം, BMI 95 പെർസെന്റൈലോ (Percentile) അതിനു മുകളിലോ ആണെങ്കിൽ OBESE ആയി കണക്കാക്കുന്നു.

Skin Fold Thickness, Waist Circumference എന്നിവയാണ് മറ്റ് ബദൽ അളവുകൾ. പക്ഷേ, ഇവ ഗുരുതരമായ പൊണ്ണത്തടിയിൽ പ്രയോജനപ്രദമല്ല.

അരവണ്ണം ഭാവിയിൽ ഹൃദ്രോ ഗവും പ്രമേഹവും ഉണ്ടാകുവാനുള്ള സാധ്യതയുടെ ഒരു സൂചകമായി കണക്കാക്കപ്പെടുന്നു.

ചികിത്സ

ഇത് വലിയൊരു വെല്ലുവിളിയാണ്. അമിതഭാരത്തിൽനിന്ന് പൂർണ്ണമായ മുക്തി നേടുക എന്നതിനേക്കാൾ നിയന്ത്രിക്കുക എന്നതിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്. നിരന്തരമായ പ്രോത്സാഹനം ആവശ്യമാണ്. നിശ്ചയിക്കപ്പെടുന്ന ലക്ഷ്യങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നവ ആയിരിക്കണം.

പലതലങ്ങളിലുമുള്ള ഒരു സമീപനം വേണ്ടിവരും. പ്രധാനമായും ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ലക്ഷ്യംവെക്കേണ്ടത്. ഭക്ഷണക്രമം, വ്യായാമം, ഉറക്കം, പെരുമാറ്റം എന്നീ മേഖലകളിൽ വളരെയേറെ മാറ്റങ്ങൾ ആവശ്യമാണ്.

ഭക്ഷണക്രമത്തിൽ
വരുത്തേണ്ട മാറ്റങ്ങൾ

ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ 500 കലോറി കുറക്കണം. ഇതുവഴി ആഴ്ചയിൽ അര കിലോഗ്രാം ഭാരം കുറക്കാൻ സാധിക്കും.

പലതരത്തിലുള്ള ഡയറ്റുകളും ഇപ്പോൾ ഒരു ഫാഷൻപോലെ നിർദ്ദേശിക്കപ്പെടാറുണ്ട്. Keto diet, Very low calorie diet, special food combo എന്നിങ്ങനെ. പക്ഷേ, ഒരു പ്രത്യേക ഭക്ഷണരീതി മറ്റുള്ളവയേക്കാൾ മെച്ചമാണ് എന്നതിന് തെളിവുകളൊന്നുമില്ല. അവനവന്റെ ഇഷ്ടങ്ങളും ആരോഗ്യസ്ഥിതിയുമാണ് ഏത് ആഹാരം തിരഞ്ഞെടുക്കണം എന്നതിന് മാർഗ്ഗനിർദ്ദേശമാകേണ്ടത്.

Balanced Diet: ഇതാണ് ഏറ്റവും ഉചിതമായ ഭക്ഷണരീതി. 5 വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പാൽ ഉല്പന്നങ്ങൾ (Dairy), മത്സ്യ- മാംസാഹാരം, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ. ഒരുദിവസം മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുക. മുമ്പത്തേക്കാൾ കുറഞ്ഞ അളവിലോ കലോറിയിലോ കഴിക്കുവാൻ ശ്രദ്ധിക്കുക. ഒരു വയസ്സിനു താഴെയുള്ള കുട്ടികളിലും (Infant) കൗമാരക്കാരിലും അമിതാഹാരംമൂലം കൊഴുപ്പു സെല്ലുകളുടെ (Fat Cells ) എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വ്യായാമം

കൗമാരപ്രായക്കാർ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യണം എന്ന് വിദഗ്ധർ. കാർ, ബസ്, ബൈക്ക് എന്നീ വാഹനങ്ങൾക്ക് പകരം നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുന്നതാണ് നല്ലത്.

ലിഫ്റ്റ് ഉപയോഗിക്കുന്നതിനു ബദലായി കോണിപ്പടികൾ ചവുട്ടി കയറുന്നതാണ് ഉത്തമം.

പെരുമാറ്റത്തിൽ
വരുത്തേണ്ട മാറ്റങ്ങൾ

ഇവ വളരെ പ്രധാനമാണ്.

  • ഭക്ഷണം കഴിക്കുമ്പോൾ ഇഷ്ട പ്പെട്ട ആഹാരം ആദ്യം കഴി ക്കുക, അതിൽത്തന്നെ ഇഷ്ടമു ള്ള ഭാഗം ആദ്യം കഴിക്കുക.

  • Defensive Eating ശീലമാക്കുക.

  • ജങ്ക് ഫുഡുകൾ ഒഴിവാക്കുക.

  • സാവധാനം കഴിക്കുക (Chew, Swallo, Reload)

  • പ്രലോഭിപ്പിക്കുന്ന ഭക്ഷണങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കാ തിരിക്കുക.

  • വീട്ടിൽ നിശ്ചയിക്കപ്പെട്ട സ്ഥ ലങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുക (Dining Room).

  • ടെലിവിഷൻ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നതും യാത്ര ചെയ്തുകൊണ്ടുള്ള ഭക്ഷണവും ഒഴിവാക്കുക (Eating on the Go).

  • വിഷാദം, ഉത്ക്കണ്ഠ, സന്തോഷമില്ലായ്മ എന്നീ മൂന്ന് അവ സ്ഥകൾ മറ്റ് പ്രവൃത്തികളി ലൂടെ പരിഹരിക്കുക (Breakout Activities).

  • സ്‌ക്രീൻ സമയം നിയന്ത്രിക്കണം, മതിയായ ഉറക്കം ശീലമാക്കണം.

അമിതഭാരം കുറക്കാനുള്ള കൂട്ടായ്മകളിൽ പങ്കുചേരുന്നത് നമ്മുടെ പരിശ്രമങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും ലഭിക്കുവാൻ സഹായിക്കും. നമ്മുടെ വികാരങ്ങൾ തുറന്നുപറയാൻ സമാനമനസ്‌കരുമായുള്ള ബന്ധം നമ്മെ സഹായിക്കും.

മരുന്നുകൾ

ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും മറ്റ് ജീവിതശൈലീ മാറ്റങ്ങളിലൂടെയും അമിതഭാരം നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും, മാനസിക സാമൂഹികപ്രശ്‌നങ്ങളും ഉള്ള തിരഞ്ഞെടുക്കപ്പെട്ട കൗമാരക്കാർക്ക് ഇത് ഒരു അനുയോജ്യമായ ചികിത്സയാണ്.

1. Orlistat,
2. Liraglutide / Semaglutide,
3. Phenteramine / Topiramate എന്നിവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്ന മരുന്നുകൾ. ഒരു ഡോക്ടറുടെ നിർദ്ദേശത്തോടുകൂടിയല്ലാതെ ഈ മരുന്നുകൾ കഴിക്കരുത്.

12 ആഴ്ചയിൽ കൂടുതൽ മരുന്നുകൾ കൊടുക്കരുത്. ഈ സമയംകൊണ്ട് വണ്ണം കുറയുന്നില്ലെ ങ്കിൽ, ഫലപ്രദമല്ല എന്ന് മനസ്സിലാക്കുകയും മരുന്നുകൾ നിർത്തുകയും ചെയ്യേണ്ടതാണ്.

ശസ്ത്രക്രിയ
(Bariatric Surgery)

ഗുരുതരമായ പൊണ്ണത്തടിയുള്ളവരിൽ Bariatric Surgery പരിഗണിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തടി കുറക്കാൻ സാധിക്കുന്ന ചികിത്സ ഇതാണെങ്കിലും മറ്റെല്ലാ മാർഗ്ഗങ്ങളും പരീക്ഷിച്ചതിനുശേഷം, അവസാന പരിഹാരമായി മാത്രമേ ഇത് പരിഗണിക്കാവൂ.

BMI 40- നുമുകളിൽ ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്‌നമുള്ള, BMI 35 നുമുകളിൽ ഉള്ളവർക്കും സർജറി പരീക്ഷിക്കാവുന്നതാണ്.

കൗമാരക്കാരുടെ അമിതവണ്ണത്തിനുള്ള ചികിത്സയിൽ എല്ലാവർക്കും ഒരേ മാർഗ്ഗമായിരിക്കില്ല ഫലപ്രദമാകുന്നത്. വ്യക്തിയുടെ ആവശ്യങ്ങളും താല്പര്യങ്ങളും അനുസരിച്ചുള്ള ചികിത്സയാണ് തിരഞ്ഞെടുക്കേണ്ടത്.

ചികിത്സയുടെ എല്ലാ ഘട്ടത്തിലും കുടുംബത്തിന്റെ പങ്കാളിത്തവും പ്രോത്സാഹനവും വ്യക്തിത്വത്തെ മാനിക്കുന്ന രീതിയിലുള്ള സമീപനവും ആവശ്യമാണ്.

ഈ വിപത്തിനെ തിരിച്ചറിയുന്നതും, മനസ്സിലാക്കുന്നതും നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭാവിയും വീണ്ടെടുക്കുന്നതിനുള്ള ആദ്യ ചുവടാണ്. നേരത്തെതന്നെ ഇടപെടുവാനും ചികിത്സി ക്കാനും സാധിച്ചാൽ ഭാവിയിലെ അമിതവണ്ണവും അനുബന്ധരോഗങ്ങളും തടയുവാൻ സാധിക്കും.

ഓർക്കുക, ഇപ്പോഴേ ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഈ വർദ്ധിച്ചുവരുന്ന ആഗോളപ്രതിഭാസത്തിന്റെ ഭവിഷ്യത്തുകളും പ്രത്യാഘാതങ്ങളും ഭാവിതലമുറകളെ ബാധിക്കുന്ന ഒരു വലിയ പ്രശ്‌നമായി തീരുമെന്ന് തീർച്ച.

വായിക്കാം: ന്യൂറോസർജറിയിലെ
ആധുനിക സങ്കേതങ്ങൾ

ചികിത്സാച്ചെലവ്,
അനാവശ്യ ചികിത്സ, രോഗാതുരത:
കേരളത്തിന്റെ ആരോഗ്യ അതിജീവന വെല്ലുവിളികൾ

അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം

പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം

മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ

‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ

നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments