കുട്ടികളിലെ
മലബന്ധം

കുട്ടികളിലെ മലബന്ധം ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ ഇത് വെറും “മലം ദിവസവും പോകാത്തത്” മാത്രമല്ല. കട്ടിയുള്ള മലം, വേദനയോടെ മലം പോകൽ, മലം പിടിച്ചുവയ്ക്കൽ, വളരെ വലിയ അളവിൽ മലം പോകൽ, അടിവസ്ത്രത്തിൽ മലം പുരളൽ എന്നിവയും മലബന്ധത്തിന്റെ ഭാഗമാകാം: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രമ കൃഷ്ണകുമാർ എഴുതിയ ലേഖനം.

“ഡോക്ടർ, കുട്ടിക്ക് മലം പോകാൻ ഭയമാണ്… മലം പിടിച്ചുവയ്ക്കുന്നു… ചിലപ്പോൾ അടിവസ്ത്രത്തിലും പോകുന്നു’’, പീഡിയാട്രിക് ഗാസ്ട്രോ എൻററോളജി ക്ലിനിക്കിൽ മാതാപിതാക്കൾ പതിവായി പറയുന്ന വാക്കുകളാണിത്. കുട്ടികളിലെ മലബന്ധം ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ ഇത് വെറും “മലം ദിവസവും പോകാത്തത്” മാത്രമല്ല. കട്ടിയുള്ള മലം, വേദനയോടെ മലം പോകൽ, മലം പിടിച്ചുവയ്ക്കൽ, വളരെ വലിയ അളവിൽ മലം പോകൽ, അടിവസ്ത്രത്തിൽ മലം പുരളൽ എന്നിവയും മലബന്ധത്തിന്റെ ഭാഗമാകാം.

ഭൂരിഭാഗം കുട്ടികളിലും ഇതിന്റെ കാരണം Functional Constipation ആണ്. കുടലിൽ ഘടനാപരമായ രോഗമില്ലാതെ, മലവിസർജ്ജന ശീലങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലബന്ധം.

എങ്ങനെ തുടങ്ങുന്നു?
ഒരു ദുഷ്ചക്രം (vicious cycle)

പലപ്പോഴും ഒരു കട്ടിയുള്ള മലം വേദനയോടെ പോകുന്നതോടെയാണ് തുടക്കം. വേദന വീണ്ടും ഉണ്ടാകുമെന്ന ഭയത്തിൽ കുട്ടി അടുത്ത തവണ മലം പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നു.

മലം കുടലിൽ കൂടുതൽ സമയം കിടക്കുമ്പോൾ അതിലെ വെള്ളം കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നു. മലം കൂടുതൽ കട്ടിയാകുന്നു. പിന്നീട് അത് പോകുമ്പോൾ കൂടുതൽ വേദനിക്കുന്നു. കുട്ടി വീണ്ടും മലം പിടിച്ചുവയ്ക്കുന്നു.

വേദന- മലം പിടിച്ചുവയ്ക്കൽ- കൂടുതൽ കട്ടിയുള്ള മലം- വീണ്ടും വേദന; ഇങ്ങനെ ഒരു ദുഷ്ചക്രം രൂപപ്പെടുന്നു.

ദീർഘകാലം മലം കുടലിൽ കെട്ടിക്കിടക്കുമ്പോൾ മലാശയം ക്രമേണ വലുതാകുകയും, മലം നിറഞ്ഞിരിക്കുന്നതായി തിരിച്ചറിയാനുള്ള അതിന്റെ സംവേദനശേഷി കുറയുകയും ചെയ്യാം (acquired megacolon). അതിനാൽ കുട്ടിക്ക് മലം വന്നെന്ന തോന്നൽ പോലും കുറയാം.

കട്ടിയായ മലത്തിന്റെ ചുറ്റുവട്ടത്തിലൂടെ മൃദുവായ മലം ചോർന്ന് അടിവസ്ത്രത്തിൽ പുരളാനും സാധ്യതയുണ്ട് (encopresis). ഇത് overflow soiling ആണ്. കുട്ടി മനഃപൂർവം ചെയ്യുന്നതല്ല.

Toilet habits:
ചികിത്സയുടെ അടിസ്ഥാനം

മരുന്നിനൊപ്പം ശരിയായ ശുചിമുറി ശീലം വളർത്തുന്നത് വളരെ പ്രധാനമാണ്.

പ്രധാന ഭക്ഷണത്തിനു ശേഷം കുടലിന്റെ സ്വാഭാവിക ചലനം വർദ്ധിക്കുന്നതിനാൽ (gastro colic reflex), ഭക്ഷണശേഷം 10-15 മിനിറ്റ് ശാന്തമായി ടോയ്‌ലറ്റിൽ ഇരിക്കുന്ന ശീലം വളർത്താം. ദിവസവും ഒരേസമയത്ത് ഇത് ചെയ്യുന്നത് സഹായകരമാണ്. ചെറിയ കുട്ടികളെ പോട്ടിയിൽ ഇരുത്തി പരിശീലിപ്പിക്കാം. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ കുട്ടിയുടെ കാലുകൾ തറയിൽ തൂങ്ങിക്കിടക്കാതെ ഒരു ചെറിയ footstool ഉപയോഗിച്ച് നന്നായി താങ്ങുന്നത് ഗുണം ചെയ്യും. ശരീരം അല്പം മുന്നോട്ട് കുനിഞ്ഞ്, അനാവശ്യമായി ബലം പ്രയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്.

മലം വന്നാൽ പിടിച്ചുവയ്ക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കണം. ടോയ്ലറ്റ് പരിശീലനത്തിൽ ശകാരവും ശിക്ഷയും ഒഴിവാക്കുക. കുട്ടിയുടെ സഹകരണത്തെ പ്രശംസിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

പ്രധാന ഭക്ഷണത്തിനു ശേഷം കുടലിന്റെ സ്വാഭാവിക ചലനം വർദ്ധിക്കുന്നതിനാൽ (gastro colic reflex), ഭക്ഷണശേഷം 10-15 മിനിറ്റ് ശാന്തമായി ടോയ്‌ലറ്റിൽ ഇരിക്കുന്ന ശീലം വളർത്താം.
പ്രധാന ഭക്ഷണത്തിനു ശേഷം കുടലിന്റെ സ്വാഭാവിക ചലനം വർദ്ധിക്കുന്നതിനാൽ (gastro colic reflex), ഭക്ഷണശേഷം 10-15 മിനിറ്റ് ശാന്തമായി ടോയ്‌ലറ്റിൽ ഇരിക്കുന്ന ശീലം വളർത്താം.

Stool Diary: ചെറിയ കുറിപ്പ്,
വലിയ സഹായം

മലബന്ധമുള്ള കുട്ടിക്ക് ഒരു സ്റ്റൂൾ ഡയറി (Stool Diary) സൂക്ഷിക്കുന്നത് വളരെ പ്രയോജനകരമാണ്.

  • മലം പോയ സമയം.

  • എത്ര തവണ പോയി?

  • മലം കട്ടിയാണോ മൃദുവാണോ?

  • വേദനയുണ്ടായോ?

  • മലം പിടിച്ചുവച്ചോ?

  • അടിവസ്ത്രത്തിൽ മലം പുരണ്ടോ?

  • മരുന്ന് എടുത്തോ? എടുത്ത സമയങ്ങൾ
    എന്നിവ ദിവസവും രേഖപ്പെടുത്തണം.

ഭക്ഷണരീതിയും മരുന്നും

പ്രായത്തിനനുയോജ്യമായ വെള്ളം, പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണം നൽകണം. എന്നാൽ കട്ടിയായ മലം ഇതിനകം കുടലിൽ കെട്ടിക്കിടക്കുന്ന കുട്ടിയിൽ ഫൈബർ മാത്രം കൂട്ടുന്നത് എല്ലായ്പ്പോഴും മതിയാകണമെന്നില്ല.

ആവശ്യമായപ്പോൾ കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മലശോധന സഹായി (laxatives) ചികിത്സയുടെ ഭാഗമാകാം. ആദ്യം കുടലിൽ കെട്ടിക്കിടക്കുന്ന മലം നീക്കം ചെയ്യേണ്ടിവരാം; തുടർന്ന് മലം മൃദുവായി നിലനിർത്തുന്ന ചികിത്സ ആവശ്യമായേക്കാം.

മരുന്നിന്റെ തരം, അളവ്, ദൈർഘ്യം കുട്ടിയുടെ പ്രായം, ഭാരം, ലക്ഷണങ്ങൾ എന്നിവ അനുസരിച്ച് ഡോക്ടർ തീരുമാനിക്കേണ്ടതാണ്. മലശോധന ശരിയായ ഉടൻ മരുന്ന് പെട്ടെന്ന് നിർത്തുന്നത് വീണ്ടും പ്രശ്നമുണ്ടാക്കാം. കുടലിന്റെ സാധാരണ പ്രവർത്തനം വീണ്ടെടുക്കുന്നതുവരെ 6 മാസം മുതൽ 1 വർഷം വരെ ചികിത്സ തുടരേണ്ടിവന്നേക്കാം.

എല്ലാ മലബന്ധവും Functional അല്ല

പ്രത്യേകിച്ച് ശിശുക്കളിൽ, മറ്റു കാരണങ്ങൾ കൂടി പരിഗണിക്കണം. ജനിച്ചശേഷം ആദ്യ 24–48 മണിക്കൂറിനുള്ളിൽ meconium (മഷി രൂപത്തിലുള്ള ആദ്യത്തെ മലം) പുറത്തുപോകാതിരിക്കുക, ജനനം മുതൽ തന്നെ ഗുരുതരമായ മലബന്ധം, വയർ അമിതമായി വീർക്കൽ തുടങ്ങിയവ ഉണ്ടെങ്കിൽ മെഗാ കോളൻ (Hirschsprung disease) പോലുള്ള ജന്മനാ ഉണ്ടാവുന്ന കാരണങ്ങൾ അന്വേഷിക്കണം.

തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് (hypothyroidism) metabolic disorders, ഞരമ്പുകളും നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ (neurological/spinal disorders), ചില മരുന്നുകളുടെ ഉപയോഗം, ചില പ്രത്യേക ഭക്ഷണ അലർജികൾ തുടങ്ങിയവ ഉൾപ്പെടാം.

എല്ലാ മലബന്ധത്തിനും രക്തപരിശോധനയോ മറ്റു പരിശോധനകളോ (Eg: scan) ആവശ്യമില്ല. കുട്ടിയുടെ ചരിത്രവും ശാരീരിക പരിശോധനയും അടിസ്ഥാനമാക്കിയാണ് തുടർപരിശോധനകൾ തീരുമാനിക്കുന്നത്.

എപ്പോൾ കൂടുതൽ പരിശോധന വേണം?
അപായ സൂചനകൾ

താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്:

  • ജനനം മുതൽ തന്നെ ഗുരുതരമായ മലബന്ധം.

  • ജനിച്ച് 48 മണിക്കൂറിനുള്ളിൽ meconium പോകാത്തത്.

  • വയർ വളരെ വീർക്കുക, ആവർത്തിച്ചുള്ള ഛർദ്ദി.

  • കാരണമില്ലാതെ ആവർത്തിക്കുന്ന രക്തസ്രാവം.

  • ഭാരം കൂടാതിരിക്കുക അല്ലെങ്കിൽ വളർച്ച മന്ദഗതിയിലാകുക.

  • പനി, ശക്തമായ അല്ലെങ്കിൽ തുടർച്ചയായ വയറുവേദന.

  • കാലുകളിൽ ബലക്കുറവ് പോലുള്ള നാഡി രോഗ ലക്ഷണങ്ങൾ.

  • മലദ്വാരത്തിന്റെ ഘടനയിൽ അസാധാരണതകൾ.

  • ശരിയായ ചികിത്സ നൽകിയിട്ടും മലബന്ധം തുടരുക.

ഇത്തരം സാഹചര്യങ്ങളിൽ ആവശ്യാനുസരണം രക്തപരിശോധനകൾ, തൈറോയ്ഡ് പസിലിയാക് (thyroid/coeliac ) പരിശോധനകൾ, ഇമേജിംഗ് (imaging ) അല്ലെങ്കിൽ മറ്റ് പ്രത്യേക പരിശോധനകൾ ഡോക്ടർ നിർദ്ദേശിച്ചേക്കാം.

മാതാപിതാക്കൾ
ഓർക്കേണ്ട കാര്യങ്ങൾ

  • കുട്ടിയെ കുറ്റപ്പെടുത്തരുത്. മലം പിടിച്ചുവയ്ക്കുന്നത് പലപ്പോഴും വേദനയും ഭയവും മൂലമാണ്.

  • ഒരു സ്ഥിരമായ ശുചിമുറി പ്ലാൻ ഉണ്ടാക്കുക:

  • മലം വരുമ്പോൾ പിടിച്ചുവയ്ക്കാതിരിക്കാൻ പഠിപ്പിക്കുക.

  • സ്റ്റൂൾ ഡയറി (Stool diary) സൂക്ഷിക്കുക.

  • അപകട സൂചനകൾ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക.

ഒടുവിൽ…

കുട്ടികളിലെ മലബന്ധം പലപ്പോഴും “കുട്ടിയുടെ പിടിവാശി''

യല്ല. ശരിയായ സമയത്ത് തിരിച്ചറിയാതെ പോയാൽ അത് കുട്ടിക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടാകാം. എന്നാൽ ശരിയായ ഭക്ഷണം, സ്ഥിരമായ ശുചിമുറി ഉപയോഗം (toilet habits, ) ക്ഷമ, ആവശ്യമായ മരുന്ന്, മാതാപിതാക്കളുടെ പിന്തുണ, ഇവയിലൂടെ ഭൂരിഭാഗം മലബന്ധവും ഫലപ്രദമായി നിയന്ത്രിക്കാനാകും.

READ: ശസ്ത്രക്രിയയുടെ കഥ:
ശിലായുഗം മുതൽ ഇന്നു വരെ

യൂറോ ഓങ്കോളജി:
കൃത്യമായ രോഗനിർണയവും
ആധുനിക ചികിത്സയും

മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr. Rema Krishnakumar writes about childhood constipation, highlighting its causes, symptoms, warning signs and the importance of early identification in IMA Nammude Arogyam Magazine.


ഡോ. രമ കൃഷ്ണകുമാർ

സീനിയർ കൺസൽട്ടന്റ് & ഇന്റർവെൻഷണൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, എൻറോളജി സ്​പെഷലിസ്റ്റ്, MES മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ.

Comments