കൺപോളക്കുരു:
കാരണവും ചികിത്സയും

അണുബാധമൂലമോ നീർക്കെട്ട് മൂലമോ ഈ ഗ്രന്ഥികളിലെ ശ്രവങ്ങളുടെ ഒഴുക്ക് തടസപ്പെട്ട് അവ തടിച്ചുവീർക്കുന്നു. ഈ അവസ്ഥയാണ് പോളക്കുരു. പ്രായഭേദമന്യേ നല്ലൊരുവിഭാഗം ആളുകളിൽ ഇത് കണ്ടുവരുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീകല സി.ജി. എഴുതിയ ലേഖനം.

വായുവിലെ പൊടിപടലങ്ങളിൽനിന്നും കണ്ണിനേൽക്കാവുന്ന മുറിവുകളിൽനിന്നും നേത്രഗോളങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന കവചങ്ങളാണ് കൺപോളകൾ.

നേത്രഗോളങ്ങൾക്കാവശ്യമായ ഈർപ്പവും ധാതുലവണങ്ങളും നൽകി സംരക്ഷിക്കുന്നത് കൺപോളകളിലെ ഗ്രന്ഥികളാണ്. അണുബാധമൂലമോ നീർക്കെട്ട് മൂലമോ ഈ ഗ്രന്ഥികളിലെ ശ്രവങ്ങളുടെ ഒഴുക്ക് തടസപ്പെട്ട് അവ തടിച്ചുവീർക്കുന്നു. ഈ അവസ്ഥയാണ് പോളക്കുരു. പ്രായഭേദമന്യേ നല്ലൊരുവിഭാഗം ആളുകളിൽ ഇത് കണ്ടുവരുന്നു.

താരന്റെ വകഭേദമായ ബ്ലി ഫറൈറ്റിസ് (blepharitis) രോഗം പോളകളെ ബാധിച്ചവർക്കും പ്രമേഹരോഗികൾക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും ഇടയ്ക്കിടെ പോളക്കുരുകൾ ഉണ്ടാവാം.

ദൂരക്കാഴ്ച കുറഞ്ഞവരിലും കണ്ണിൽ പൊടി അലർജി ബാധിച്ചവരിലും ഇടയ്ക്കിടെ കണ്ണു തിരുമ്മുകയും ചൊറിയുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇതുമൂലം കയ്യിലെ പൊടിപടലങ്ങളും നഖങ്ങളിലെ രോഗാണുക്കളും കണ്ണിലെത്തുകയും സ്ഥിരമായി പോളക്കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.

പോളക്കുരുക്കൾ മൂന്നുവിധമാണ്.
ഹോഡിയോളം എക്സ്റ്റേണം (Hordiolum externum), എച്ച്. ഇൻ്റേണം (Hordiolum internum), കലേസിയോൺ (Chalazion) എന്നിവയാണ് അവ.

ഹോഡിയോളം എക്സ്റ്റേണം:

പീലികളുടെ ഉത്ഭവസ്ഥാനത്തോടുചേർന്ന് പോളകളുടെ അരികുപറ്റി ഇവ കാണപ്പെടുന്നു. Zeiss glands (Sebaceous glands) എന്ന ഗ്രന്ഥികളിലെ സ്റ്റാഫൈലോകോക്കസ് ഓറിയസ് (staphylococcus aureus) എന്ന ബാക്ടീരിയൽ അണുബാധയാണ് കാരണം. പഴുപ്പുനിറഞ്ഞ ചെറിയ കുരുക്കളായാണ് ഇവ കാണപ്പെടുന്നത്. ഒന്നോ അതിലധികമോ കുരുക്കൾ ഒരേസമയം ഉണ്ടാവാം.

ചികിത്സ

തുടക്കത്തിൽതന്നെ ഇളം ചൂടുവെള്ളത്തിൽ മുക്കിയ തുണിക്കഷണം കൊണ്ട് ചൂടുപിടിപ്പിക്കുന്നത് ഫലപ്രദമാണ്. അണുബാധയുണ്ടായ പീലി പിഴുതുകളയുന്നത് പഴുപ്പും പുറത്തുപോകുന്നതിന് സഹായിക്കും. തടിപ്പ് പൂർണ്ണമായി മാറുന്നതുവരെ ദിവസത്തിൽ മൂന്നോ നാലോ തവണ ആന്റിബയോട്ടിക് ലേപനങ്ങൾ ഉപയോഗിക്കാം. ആദ്യത്തെ ഒന്നോ രണ്ടോ ദിവസങ്ങളിൽ വേദനസംഹാരികളും വേണ്ടിവന്നേക്കാം.

എച്ച്. ഇന്റേണം:

പോളകളുടെ അരികിൽനിന്ന് കുറച്ച് വിട്ടിട്ടാണ് ഇവയുടെ സ്ഥാനം. Meibomian അഥവാ ടാർസൽ ഗ്രന്ഥികളിലെ അണുബാധയാണ് കാരണം. വലിപ്പംകൂടിയ, വേദനയുളവാക്കുന്ന കുരുക്കളാണിവ. ഉള്ളിലേക്കും പുറത്തേക്കും തടിപ്പുണ്ടാവാം. ഉള്ളിലേക്കോ അപൂർവ്വമായി പുറത്തേക്കോ പൊട്ടുകയും ചെയ്യാം.

ചികിത്സ

ചൂടുപിടിപ്പിക്കുന്നത് ഇവിടെയും ഫലപ്രദമാണ്. ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ, ആന്റിബയോട്ടിക് ലേപനങ്ങൾ, വേദനസംഹാരികൾ എന്നിവയാണ് സാധാരണയായി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ചില അവസരങ്ങളിൽ ആന്റിബയോട്ടിക് ഗുളികകളും വേണ്ടിവന്നേക്കാം.

കലേസിയോൺ:

ഇവയും meibomian അഥവാ ടാർസൽ ഗ്രന്ഥികളുടെ തടിപ്പുകളാണ്. ഒറ്റയായോ കൂട്ടമായോ ഉണ്ടാവാം. വേദനാജനകമല്ല. ശക്തികുറഞ്ഞ രോഗാണുബാധ സ്ഥിരമായി ഉണ്ടാകുന്നതുമൂലം ഗ്രന്ഥികളിൽ ഗ്രാനുലേഷൻ ടിഷ്യു (granulation tissue) നിറഞ്ഞ് ഇത്തരം തടിപ്പുകൾ ഉണ്ടാവുന്നു. ചില തടിപ്പുകൾ ചികിത്സയില്ലാതെതന്നെ വലിപ്പം കുറയുകയും മാറിപ്പോവുകയും ചെയ്യുന്നു. ചിലവ വലിപ്പം കൂടിവന്ന് നേത്രഗോളത്തിൽ അമർന്ന് അസ്വസ്ഥതയും കാഴ്ചമങ്ങലും (astigmatism) ഉണ്ടാക്കുന്നു. അങ്ങനെയുള്ളവ നീക്കം ചെയ്യാറുണ്ട്. അനസ്തറ്റിക് തുള്ളിമരുന്നുകൾ ഒഴിച്ച് മരവിപ്പിച്ചശേഷം പോളയുടെ ഉൾവശത്ത് ചെറിയ കീറലുണ്ടാക്കി അവ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. തുന്നൽ ഇടാതെതന്നെ ചെയ്യാവുന്ന ഒരു ഓപി പ്രവൃത്തി (OP procedure) ആണിത്.

ചികിത്സ

പോളയിൽ ബ്ലീഫ റൈറ്റിസ് (blepharitis) രോഗം ഉള്ളവർ പതിവായി നേർപ്പിച്ച ബേബി ഷാംപൂ ഉപയോഗിച്ച് പോള വൃത്തിയാക്കുകയും അതോടൊപ്പം തലയിലെ താരന്, താരൻ വിരുദ്ധ ഷാംപൂ (antidandruff shampoo) അല്ലെങ്കിൽ ലോഷൻ ഉപയോഗിക്കുകയും ചെയ്യണം.

സ്ഥിരമായി വരുന്ന പോളക്കുരുക്കൾ കാഴ്ചക്കുറവിന്റെയോ പ്രമേഹത്തിന്റെയോ സൂചനയാവാം. പ്രമേഹചികിത്സ, സ്ഥിരമായ കണ്ണടയുടെ ഉപയോഗം തുടങ്ങിയവയാണ് പ്രതിവിധി. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ പൊടിപടലങ്ങളിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനായി പ്ലെയിൻ കണ്ണടകളോ കൂളിംഗ് ഗ്ലാസുകളോ ഉപയോഗിക്കേണ്ടതാണ്.

READ: ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments