എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മിനിട്ടു പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് സ്ട്രോക്ക് സെൻ്ററിൽ ചികിത്സ തേടുന്നത് അടിസ്​ഥാന സാമൂഹിക അവബോധമായി മാറണം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്യാംലാൽ എസ്. എഴുതിയ ലേഖനം.

ലച്ചോറിലേക്കുള്ള രക്തധമനികൾക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിനുണ്ടാകുന്ന പ്രവർത്തന തകരാറാണ് സ്ട്രോക്ക് അഥവാ പക്ഷാ ഘാതം. പ്രധാനമായും രണ്ടു രീതിയിലുള്ള സ്ട്രോക്കാണുള്ളത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം (Block) മൂലം വരുന്ന സ്ട്രോക്ക് ആണ് ഇസ്​കീമിക് സ്ട്രോക്ക് (ischemic stroke). തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ഹെമറേജിക്ക് സ്ട്രോക്ക്. ((Haemorrhagic stroke). 85 മുതൽ 90 ശതമാനം സ്ട്രോക്കും രക്തക്കുഴലുകളിൽ തടസ്സം മൂലം ഉണ്ടാകുന്ന ഇഷ്കീമിക് സ്ട്രോക്കാണ്.

എന്താണ് സ്ട്രോക്കിന്റെ
പ്രധാന ലക്ഷണങ്ങൾ?

ശരീരത്തിന്റെ ഒരു വശം പെട്ടെന്ന് സ്​തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലൻസ്​ നഷ്ടപ്പെടുക, കാഴ്ചശക്തി നഷ്ടപ്പെടുക. ശരീരത്തിന്റെ ഒരു വശം മരവിച്ച് പോവുക എന്നിവയാണ് പ്രധാനമായും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ അത് സ്ട്രോക്കിന്റെ ലക്ഷണങ്ങളാ ണെന്ന് മനസ്സിലാക്കി എത്രയും പെട്ടെന്ന് സ്ട്രോക്ക് സെൻ്ററുകളിൽ ചികിത്സ നേടേണ്ടതാണ്.

എന്താണ് സമയത്തിന്റെ പ്രാധാന്യം?

ടൈം ഈസ് ബ്രെയിൻ (Time Is brain) എന്നതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മുദ്രാവാക്യം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു കഴിഞ്ഞാൽ ഓരോ മിനിട്ടിലും ലക്ഷക്കണക്കിന് നാഡീകോശങ്ങളാണ് നശിച്ചുപോകുന്നത്. അതിനാൽ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മിനിട്ട് പോലും വൈകാതെ ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്.

പക്ഷാഘാതത്തിന്റെ കാരണങ്ങൾ?

പക്ഷാഘാതം സ്​ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് കൂടുതലായി കാണുന്നത്. പ്രായം കൂടിയവരിലാണ് പ്രധാനമായും പക്ഷാഘാതം കാണുന്നത്. ജീവിതശൈലീ രോഗങ്ങളായ ഡയബൈറ്റിസ്​, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും ബ്ലോക്ക് ഉണ്ടാക്കുന്നതിനുമുള്ള കാരണങ്ങളാണ്. പുകവലി, അമിതമായ മദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവ യെല്ലാം പക്ഷാഘാതത്തിനു കാരണമാകും. ഇപ്പോഴുള്ള ഫാസ്റ്റ് ഫുഡ് സംസ്​കാരം ജീവിതശൈലീരോഗങ്ങൾക്കും അതുവഴി പക്ഷാഘാതത്തിനും വഴിവെക്കും.

പ്രായം കുറഞ്ഞവരിൽ പക്ഷാഘാതം ഉണ്ടാകാറുണ്ടോ?

45 വയസ്സിൽ താഴെയുള്ള വ്യക്തികളിലുണ്ടാകുന്ന സ്ട്രോക്കാണ് യങ് സ്ട്രോക്ക് എന്നറിയപ്പെടുന്നത്. ജീവിതശൈലീരോഗങ്ങൾ ധാരാളമായി ചെറുപ്പക്കാരിൽ കണ്ടുവരുന്നത് ചെറുപ്രായത്തിൽ പക്ഷാഘാതം ഉണ്ടാകുന്നതിനുള്ള കാരണമാണ്.

പാരമ്പര്യമായി രക്തം കട്ടപിടിക്കുന്ന രോഗങ്ങളും ചെറുപ്പക്കാരിൽ പക്ഷാഘാതത്തിന് കാരണമാണ്. ഹൃദയത്തിനുണ്ടാകുന്ന തകരാറിന്റെ ഭാഗമായി ഹൃദയത്തിൽ രക്തം കട്ടപിടിക്കുകയും, ഈ രക്തക്കട്ടകൾ തലച്ചോറിലെ രക്തകുഴലുകൾക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പക്ഷാഘാതമാണ് കാർഡിയോ എംബോളിക് ബ്ലോക്ക് എന്നറിയപ്പെടുന്നത്.

പക്ഷാഘാതത്തിന്റെ
ലക്ഷണങ്ങൾ കണ്ടാൽ എന്തു ചെയ്യണം?

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മിനിറ്റ് പോലും പാഴാക്കാതെ രോഗിയെ അടുത്തുള്ള സ്ട്രോക്ക് സെൻ്ററിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. നാലര മണിക്കൂറിനുള്ളിൽ രോഗിയെ എത്തിക്കുകയാണെങ്കിൽ രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള ഇൻജക്ഷൻ രക്തധമനികളിലൂടെ നൽകി രോഗിയെ ചികിത്സിക്കാൻ കഴിയും. 6 മണിക്കൂർ മുതൽ, ചില പ്രത്യേക സ്ട്രോക്കുകളിൽ 24 മണിക്കൂർ വരെ പോലും, കത്തീറ്റർ ഉപയോഗിച്ച് കാത്ത്​ലാബിന്റെ സഹായത്തോടെ രക്തക്കുഴലി ലൂടെ രക്തക്കട്ട നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനെയാണ് മെക്കാനിക്കൽ ത്രോബെക്ടമി എന്നു പറയുന്നത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം രക്തക്കട്ട അലിയിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് രക്തചംക്രമണം പുനഃസ്​ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് സ്ട്രോക്ക് സെൻ്റർ?
സ്ട്രോക്ക് യൂണിറ്റ്?

പക്ഷാഘാതത്തിന്റെ ചികിത്സയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സമൂലമായ മാറ്റം വന്നിട്ടുണ്ട്. സ്ട്രോക്ക് ചികിത്സിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുള്ള ആശുപത്രികളെയാണ് സ്ട്രോക്ക് സെൻ്റർ എന്നു പറയുന്നത്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന CT സ്​കാൻ സെൻ്റർ, എം.ആർ.ഐ സ്​കാൻ സെൻ്റർ എന്നിവ അത്യാവശ്യമാണ്. സ്ട്രോക്ക് ടീം എന്നത് ന്യൂറോളജിസ്റ്റ്, ഇൻ്റർ വെൻഷണൽ റേഡിയോളജിസ്റ്റ്, ന്യൂറോ സർജൻ, സ്ട്രോക്ക് ചികിത്സയിൽ വിദഗ്ദ പരിശീലനം നേടിയ നേഴ്സ്​, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ്. പക്ഷാഘാതം വന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന വിദഗ്ദ്ധ പരിശീലനം നേടിയ ഡോക്ടർമാരും നഴ്സുമാരുമുള്ള ഐ.സി.യു ആണ് സ്ട്രോക്ക് യൂണിറ്റ്. സ്ട്രോക്ക് യൂണിറ്റിൽ ചികിത്സിക്കുന്ന രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നു എന്നതാണ് ലോകത്തിലെ പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുള്ളത്.

എന്താണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ?

പക്ഷാഘാതമുണ്ടായ രോഗിക്കുണ്ടാകുന്ന വിഷമ തകൾ ഫിസിയോ തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സൈക്കോളജിക്കൽ കൗൺസിലിംഗ്. ഭക്ഷണ സാധനങ്ങളും, വെള്ളവും കഴിക്കുന്നതിനാവശ്യമായ സ്വാളോയിങ്ങ് തെറാപ്പി (Swallowing therapy) എന്നിവ ഉൾപ്പെടുന്നതാണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ. പക്ഷാഘാതമുണ്ടായാൽ എത്രയും പെട്ടെന്ന് റിഹാബിലിറ്റേഷൻ തെറാപ്പി ആരംഭിക്കു ന്നത് അത്യാവശ്യമാണ്.

പക്ഷാഘാതം ഒരു വ്യക്തിയെ അല്ല ഒരു കുടുംബത്തെയാണ് ബാധിക്കുന്നത്. ശരിയായ ചികിത്സ ലഭിക്കാതിരുന്നാൽ പക്ഷാഘാതത്തിന്റെ ഫലമായുണ്ടാകുന്ന അംഗവൈകല്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതം തന്നെ തകർത്തുകളയും. ടൈം ഈസ്​ ബ്രയിൻ എന്ന വാക്യം എപ്പോഴും ഓർമ്മിച്ചിരിക്കുകയും, പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മിനിട്ടു പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് സ്ട്രോക്ക് സെൻ്ററിൽ ചികിത്സ തേടുകയും ചെയ്യുന്നത് അടിസ്​ഥാന സാമൂഹിക അവബോധമായി മാറണം.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


READ ALSO

കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട

ചിക്കൻ പോക്സ്

ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല

പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

Comments