അണുബാധ തടയാം:
കൈകളുടെ ശുചിത്വത്തിന്റെ
പ്രാധാന്യം

വാതിലിന്റെ പിടി മുതൽ മൊബൈൽ ഫോൺ വരെ, പണം മുതൽ പൊതുഗതാഗതം വരെ, നാം തൊടുന്ന എല്ലാ പ്രതലങ്ങളിലും സൂക്ഷ്മാണുക്കൾ ഉണ്ടായിരിക്കാം. അവ കൈകളിലൂടെ വായിലേക്കോ മൂക്കിലേക്കോ കണ്ണിലേക്കോ എത്തുമ്പോൾ രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കൈകളുടെ ശുചിത്വം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും ശക്തമായ ആയുധമായി WHO വിശേഷിപ്പിക്കുന്നത്: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നെറ്റോ ജോർജ്ജ് മുണ്ടാടൻ എഴുതിയ ലേഖനം.

അണുബാധകളെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതവും എന്നാൽ ഏറ്റവും ശക്തവുമായ ആയുധമാണ് 'കൈകളുടെ ശുചിത്വം' അഥവാ ഹാൻഡ് ഹൈജീൻ (Hand Hygiene).

നമ്മുടെ കൈകളാണ് ലോകവുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന അവയവം. വാതിലിന്റെ പിടി മുതൽ മൊബൈൽ ഫോൺ വരെ, പണം മുതൽ പൊതുഗതാഗതം വരെ, നാം തൊടുന്ന എല്ലാ പ്രതലങ്ങളിലും കണ്ണിന് കാണാനാകാത്ത സൂക്ഷ്മാണുക്കൾ ഉണ്ടായിരിക്കാം. അവ കൈകളിലൂടെ വായിലേക്കോ മൂക്കിലേക്കോ കണ്ണിലേക്കോ എത്തുമ്പോൾ രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കൈകളുടെ ശുചിത്വം (Hand Hygiene) വ്യക്തിപരമായ ശീലമെന്നതിലുപരി പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും ശക്തമായ ആയുധമായി ലോകാരോഗ്യ സംഘടന (WHO) വിശേഷിപ്പിക്കുന്നത്.

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കും, മലിനമായ പ്രതലങ്ങളിൽ നിന്ന് മനുഷ്യരിലേക്കും രോഗാണുക്കൾ പകരുന്നതിൽ കൈകൾ പ്രധാന പങ്ക് വഹിക്കുന്നു.

കൈകളുടെ ശുചിത്വമില്ലായ്മ വഴി പകരുന്ന
പ്രധാന രോഗങ്ങൾ

  • ഉദരരോഗങ്ങൾ:
    വയറിളക്കം, കോളറ, ടൈഫോയ്ഡ്, അമീബിയാസിസ് തുടങ്ങിയവ പകരുന്ന പ്രധാന വഴി മലവിസർജ്ജ്യങ്ങളിൽ നിന്നുള്ള അണുക്കൾ കൈകളിലൂടെ വയറ്റിൽ എത്തുമ്പോഴാണ് (Fecal-oral route).

  • ശ്വാസകോശ രോഗങ്ങൾ:
    ജലദോഷം, ഇൻഫ്ലുവൻസ (Flu), കോവിഡ്-19, അഡിനോവൈറസ് തുടങ്ങിയവ.

  • മറ്റ് അണുബാധകൾ:
    മഞ്ഞപ്പിത്തം (Hepatitis A), ചെങ്കണ്ണ്, വിവിധ തരം ത്വക്ക് രോഗങ്ങൾ, വിരശല്യം എന്നിവ.

ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന സൂപ്പർ ബഗുകൾ അതിവേഗം പടരുന്ന ഇന്നത്തെ കാലത്ത്, അണുബാധ വരാതെ നോക്കുക എന്നതാണ് ചികിത്സയെക്കാൾ എളുപ്പവും സുരക്ഷിതവും.

ദൈനംദിന ജീവിതത്തിൽ താഴെ പറയുന്ന അവസരങ്ങളിൽ കൈകൾ ശുചിയാക്കുന്നത് അത്യാവശ്യമാണ്

  • ഭക്ഷണം തയ്യാറാക്കുന്നതിനുമുമ്പും ശേഷവും.

  • ഭക്ഷണം കഴിക്കുന്നതിനുമുമ്പ്.

  • ശൗചാലയം ഉപയോഗിച്ചതിനുശേഷം.

  • കുട്ടിയുടെ ഡയപ്പർ മാറ്റിയതിന് ശേഷം.

  • കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനും വയോധികരെയോ രോഗികളെയോ പരിചരിക്കുന്നതിന് മുമ്പും ശേഷവും.

  • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്ത ശേഷം.

  • മൂക്ക് തുടച്ച ശേഷം.

  • മാലിന്യം കൈകാര്യം ചെയ്ത ശേഷം.

  • മൃഗങ്ങളെയോ അവയുടെ വിസർജ്യത്തെയോ സ്പർശിച്ച ശേഷം.

  • മുറിവ് വൃത്തിയാക്കുന്നതിനും ഡ്രസ്സിംഗ് ചെയ്യുന്നതിന് മുമ്പും ശേഷവും.

  • വീട്ടിലെത്തിയ ഉടൻ, പ്രത്യേകിച്ച് തിരക്കേറിയ പൊതുസ്ഥലങ്ങളിൽ നിന്ന് വന്നാൽ.

  • വയറിളക്കമോ ഛർദ്ദിയോ ഉള്ള രോഗിയെ പരിചരിച്ചതിന് ശേഷം.

ലളിതമായ ഈ ശീലം കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

സോപ്പോ, സാനിറ്റൈസറോ?

കൈകൾ ദൃശ്യമായി മലിനമായിരിക്കുകയോ, മണ്ണ്, രക്തം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പറ്റിയിരിക്കുകയോ ചെയ്താൽ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുമ്പോൾ 40 മുതൽ 60 സെക്കൻഡ് വരെ സമയമെടുക്കണം. ഇനി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ (Handrub) ഉപയോഗിക്കുകയാണെങ്കിൽ 20 മുതൽ 30 സെക്കൻഡ് വരെ സമയമെടുക്കണം

കൈകൾ ദൃശ്യമായി വൃത്തിയാണെങ്കിലും രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ് (Alcohol- based Hand Rub) ഉപയോഗിക്കാം. ആശുപത്രികളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ശൗചാലയം ഉപയോഗിച്ചതിന് ശേഷമോ കൈകൾ മലിനമായിരിക്കുമ്പോഴോ സോപ്പും വെള്ളവും തന്നെയാണ് ഏറ്റവും ഉചിതം. ചില വൈറസുകൾക്കും (ഉദാ: നോറോ വൈറസ്) ബീജാണുക്കൾക്കും (ഉദാ: ക്ലോസ്ട്രീഡിയം ഡിഫിസൈൽ) ആൽക്കഹോൾ പൂർണമായി ഫലപ്രദമല്ല.

ശരിയായ കൈകഴുകൽ രീതി

വെള്ളത്തിൽ കൈ നനച്ച ശേഷം സോപ്പ് പുരട്ടി/ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ് (Alcohol-based Hand Rub) താഴെ പറയുന്ന ഭാഗങ്ങളെല്ലാം നന്നായി ഉരയ്ക്കണം.

  • 1. കൈപ്പത്തികൾ തമ്മിൽ.

  • 2. കൈപ്പത്തിയും കൈയുടെ പുറംഭാഗവും.

  • 3. വിരലുകൾ കോർത്ത് ഇടയിലുള്ള ഭാഗങ്ങൾ.

  • 4. വിരലുകളുടെ പുറംഭാഗം.

  • 5. രണ്ട് തള്ളവിരലുകളും പ്രത്യേകം.

  • 6. വിരൽത്തുമ്പുകളും നഖങ്ങൾക്കടിയിലുള്ള ഭാഗവും.

  • 7. കൈമണിവരെ.

കുറഞ്ഞത് 20 സെക്കൻഡ് ഈ പ്രക്രിയ തുടരുക. തുടർന്ന് ശുദ്ധജലത്തിൽ കഴുകി വൃത്തിയുള്ള തുണിയോ ടിഷ്യുവോ ഉപയോഗിച്ച് തുടയ്ക്കുക.

കൈകൾ ദൃശ്യമായി മലിനമായിരിക്കുകയോ, മണ്ണ്, രക്തം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പറ്റിയിരിക്കുകയോ ചെയ്താൽ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.
കൈകൾ ദൃശ്യമായി മലിനമായിരിക്കുകയോ, മണ്ണ്, രക്തം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പറ്റിയിരിക്കുകയോ ചെയ്താൽ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.

ലോകാരോഗ്യ സംഘടനയുടെ '5 നിമിഷങ്ങൾ'
(5 Moments of Hand Hygiene)

ആശുപത്രികളിലും വീടുകളിലും രോഗികളെ പരിചരിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന കൈ കഴുകേണ്ട അഞ്ച് പ്രധാന സാഹചര്യങ്ങൾ. ഇത് രോഗിക്കും പരിചരിക്കുന്നയാൾക്കും സുരക്ഷ നൽകുന്നു:

1. രോഗിയെ തൊടുന്നതിന് മുൻപ്:
നമ്മുടെ കൈകളിലെ അണുക്കൾ രോഗിക്ക് പകരാതിരിക്കാൻ.

2. വൃത്തിയുള്ളതോ അണുവിമുക്തമായതോ ആയ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ്:
(ഉദാഹരണത്തിന്: മുറിവ് കെട്ടുക, ഇഞ്ചക്ഷൻ നൽകുക, മരുന്ന് നൽകുക).

3. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടായതിന് ശേഷം:
(രക്തം, ഉമിനീർ, കഫം, മൂത്രം തുടങ്ങിയവയു മായി സമ്പർക്കം വന്നാൽ ഉടനടി).

4. രോഗിയെ തൊട്ടതിന് ശേഷം:
രോഗിയിൽ നിന്ന് നമുക്ക് അണുബാധ ഏൽക്കാതിരിക്കാൻ.

5. രോഗിയുടെ ചുറ്റുപാടുകളിൽ സ്പർശിച്ചതിന് ശേഷം:
(രോഗിയെ നേരിട്ട് തൊട്ടില്ലെങ്കിലും, അവരുടെ കിടക്ക, മേശ തുടങ്ങിയവ തൊട്ടതിന് ശേഷം).

ഈ അഞ്ച് സന്ദർഭങ്ങൾ പാലിക്കുന്നത് ആശുപത്രിയിലുണ്ടാകുന്ന അണുബാധകൾ കുറയ്ക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്.

ഒരു വ്യക്തിക്ക് വയറിളക്കമുണ്ടെങ്കിൽ, ശൗചാലയം ഉപയോഗിച്ചശേഷം ശരിയായി കൈ കഴുകാത്ത പക്ഷം രോഗാണുക്കൾ കൈകളിൽ അവശേഷിക്കും. തുടർന്ന് വാതിലുകൾ, മൊബൈൽ ഫോൺ, ഭക്ഷണം, വെള്ളക്കുപ്പി എന്നിവയിലൂടെ അത് മറ്റുള്ളവരിലേക്കും പകരാം. വീട്ടിൽ ഒരാൾക്ക് തുടങ്ങിയ അണുബാധ പലപ്പോഴും കുടുംബത്തിലെ മറ്റുള്ളവരിലേക്കും വ്യാപിക്കുന്നതിന് ഇതാണ് കാരണം

കുട്ടികൾ സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ പങ്കിടുമ്പോഴും, മുതിർന്നവർ ഓഫീസുകളിൽ പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ സ്പർശിക്കുമ്പോഴും സമാന സാഹചര്യം ഉണ്ടാകാം. ആശുപത്രികളിൽ ഇതേ കാരണം ഗുരുതരമായ ആശുപത്രിജന്യ അണുബാധകൾക്കും ആന്റിബയോട്ടിക് പ്രതിരോധമുള്ള (Antimicrobial-resistant) ബാക്ടീരിയകളുടെ വ്യാപനത്തിനും ഇടയാക്കും.

സാധാരണ തെറ്റിദ്ധാരണകൾ

‘‘കൈകൾ വൃത്തിയായി കാണുന്നുണ്ടെങ്കിൽ കഴുകേണ്ടതില്ല’’:
തെറ്റ്. രോഗാണുക്കളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല.

‘‘കയ്യുറ ധരിച്ചാൽ കൈ കഴുകേണ്ടതില്ല’’:
തെറ്റ്. കയ്യുറകൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായിരിക്കാം. കയ്യുറ ധരിക്കുന്നതിന് മുമ്പും അഴിച്ച ശേഷവും കൈ ശുചിത്വം നിർബന്ധമാണ്.

‘‘സാനിറ്റൈസർ എല്ലായ്പ്പോഴും സോപ്പിനേക്കാൾ നല്ലതാണ്’’:
അല്ല. കൈകൾ മലിനമാണെങ്കിൽ സോപ്പും വെള്ളവും തന്നെയാണ് ഏറ്റവും ഫലപ്രദം.

കൈ കഴുകുന്ന ശീലം ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കണം. മാതാപിതാക്കളും അധ്യാപകരും മാതൃക കാണിക്കുമ്പോൾ കുട്ടികൾ അത് എളുപ്പത്തിൽ സ്വീകരിക്കും. സ്കൂളുകളിലും അങ്കണവാടികളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലുമെല്ലാം കൈ കഴുകാൻ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

മുകളിൽ പറഞ്ഞ സന്ദർഭങ്ങളിൽ ശരിയായ രീതിയിൽ കൈ കഴുകുന്നത് ഒരു കുടുംബ ശീലമാക്കാം - കുട്ടികളെയും അത് പഠിപ്പിക്കാം. ചെറിയ ഒരു ശീലം, വലിയൊരു ആരോഗ്യ സംരക്ഷണം.

"വൃത്തിയായ കൈകൾ, സുരക്ഷിതമായ ജീവൻ" (Clean hands save lives) എന്നത് വെറുമൊരു മുദ്രാവാക്യമല്ല, അതൊരു ശാസ്ത്രീയ സത്യമാണ്. നമ്മുടെ ചെറിയൊരു അശ്രദ്ധ നമ്മളെയോ നമ്മുടെ പ്രിയപ്പെട്ട വരെയോ വലിയൊരു രോഗത്തിലേക്ക് തള്ളിവിട്ടേക്കാം. അതിനാൽ, ശരിയായ രീതിയിലുള്ള കൈകളുടെ ശുചിത്വം നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കാം. നമുക്കും നമ്മുടെ വരും തലമുറയ്ക്കും ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പുവരുത്താം.

READ: നിത്യവഴുതനയുടെ
ആരോഗ്യ രഹസ്യങ്ങള്‍

ബ്രെയിന്‍ ട്യൂമർ:
തിരിച്ചറിയേണ്ട ലക്ഷണങ്ങളും
മാറ്റേണ്ട തെറ്റിദ്ധാരണകളും

നടുവേദന:
എല്ലാവർക്കും
MRI പരിശോധന
വേണോ?

പഞ്ചസാരയെ
അടുത്തറിയാം

ആസ്ത്മയെക്കുറിച്ച്
പുതിയ കാഴ്ചപ്പാടുകൾ

വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം

ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി

ഒരു അപൂര്‍വ രോഗത്തിന്റെ കഥ

ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ

നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?

പ്രസവാനന്തരം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments