20-ാം നൂറ്റാണ്ടിലെ ശാസ്ത്രചരിത്രത്തിലെ ഏറ്റവും ആകർഷകവും എന്നാൽ ദുരന്തപൂർണ്ണവുമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് റോസലിൻഡ് എൽസി ഫ്രാങ്ക്‍ലിൻ (Rosalind Elsie Franklin: 1920–1958). ഡി.എൻ.എയുടെ ഘടന കണ്ടെത്തുന്നതിന് അത്യന്താപേക്ഷിതമായ തെളിവുകൾ നൽകിയത് അവരുടെ സൂക്ഷ്മമായ പരീക്ഷണ നിരീക്ഷണങ്ങളാണ്. എന്നിട്ടും, അവരുടെ നിർണ്ണായകമായ സംഭാവനകൾ മറച്ചുവെക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തത് ശാസ്ത്രയുഗത്തിന്റെ ധാർമ്മികതയിൽ കരിനിഴൽ വീഴ്ത്തി.
ആദ്യകാല ജീവിതവും
ശാസ്ത്രീയ പരിശീലനവും
1920-ൽ ലണ്ടനിലെ ഒരു സമ്പന്ന ജൂതകുടുംബത്തിലാണ് റോസലിൻഡ് ഫ്രാങ്ക്‍ലിൻ ജനിച്ചത്. ചെറുപ്പം മുതൽ ഗണിതശാസ്ത്രത്തിലും ശാസ്ത്രത്തിലും അവർ അസാധാരണമായ താൽപ്പര്യം പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിലെ ന്യൂൺഹാം കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അവർ, പിന്നീട്, രണ്ടാം ലോകമഹായുദ്ധസമയത്ത് ലണ്ടനിലെ ബ്രിട്ടീഷ് കോൾ യൂട്ടിലൈസേഷൻ റിസർച്ച് അസോസിയേഷനിൽ (BCURA) ഗവേഷണം നടത്തി. കൽക്കരിയുടെ സൂക്ഷ്മഘടനയെക്കുറിച്ചുള്ള ഈ ഗവേഷണങ്ങൾ ഡോക്ടറേറ്റ് നേടാൻ അവരെ സഹായിച്ചു.

ഡോക്ടറേറ്റിനുശേഷം പാരീസിലെ സ്റ്റേറ്റ് കെമിക്കൽ ലബോറട്ടറിയിൽ (Laboratoire Central des Services Chimiques de l'Etat) ചേർന്നാണ് എക്സ്-റേ ഡിഫ്രാക്ഷൻ (X-ray Diffraction) സാങ്കേതികവിദ്യയിൽ അവർ ആഴത്തിലുള്ള വൈദഗ്ദ്ധ്യം നേടിയത്. ഈ സാങ്കേതിക മികവാണ് ഡി.എൻ.എ. ഗവേഷണത്തിൽ അവർക്ക് നിർണായക മേൽക്കൈ നൽകിയതും.
ഡി.എൻ.എ. കണ്ടെത്തലിലെ
നിർണ്ണായക സംഭാവന
1951-ൽ, ഡി.എൻ.എയുടെ ഘടന പഠിക്കാനായി കിംഗ്‌സ് കോളേജ് ലണ്ടനിലെ ജോൺ റാൻഡലിന്റെ ലബോറട്ടറിയിൽ റിസർച്ച് ഫെല്ലോ ആയി ഫ്രാങ്ക്‍ലിൻ എത്തി. ഇവിടെ മോറിസ് വിൽക്കിൻസ് (Maurice Wilkins- 1916-2004) ഉൾപ്പെടെയുള്ളവരുമായി ചേർന്ന് അവർ ഗവേഷണം ആരംഭിച്ചു.
ഡി.എൻ.എയുടെ ഏറ്റവും മികച്ച എക്സ്- റേ ഡിഫ്രാക്ഷൻ ചിത്രങ്ങൾ ഫ്രാങ്ക്‍ലിന്റെ സൂക്ഷ്മവും കൃത്യതയുമുള്ള സാങ്കേതികവിദ്യയിലൂടെയാണ് ലഭിച്ചത്. ഇതിൽ, 'ഫോട്ടോ 51' എന്നറിയപ്പെടുന്ന ചിത്രം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഡി.എൻ.എ ഒരു ഇരട്ടപ്പിരിയൻ ഗോവണി (Double Helix) ആണെന്നും അതിന്റെ ഘടനയിൽ 10 ആംഗ് സ്‌ട്രോം യൂണിറ്റിന്റെ ആവർത്തനമുണ്ട് എന്നുമുള്ള സുപ്രധാന സൂചനകൾ ഈ ചിത്രം നൽകി. ഡി.എൻ.എയുടെ ഘടനാപരമായ അളവുകളെക്കുറിച്ചുള്ള (Quantitative) ഫ്രാങ്ക്‍ലിന്റെ കണക്കുകൾ ഡി.എൻ.എയുടെ ശരിയായ മാതൃക നിർമ്മിക്കാൻ അത്യന്താപേക്ഷിതമായിരുന്നു.
അനീതിയും
ഡാറ്റാ ചൂഷണവും
ഫ്രാങ്ക്‍ലിന്റെ ഈ നിർണ്ണായക സംഭാവനകൾക്ക് ലഭിക്കേണ്ട അംഗീകാരം നിഷേധിക്കപ്പെട്ടു. കിംഗ്‌സ് കോളേജ് ലണ്ടനിൽ ഫ്രാങ്ക്‍ലിനും മോറിസ് വിൽക്കിൻസണും പ്രവർത്തിച്ചപ്പോൾ, കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയിൽ ജെയിംസ് വാട്സണും (James Dewey Watson: 1928-2025) ഫ്രാൻസിസ് ക്രിക്കുമാണ് (Francis Crick: 1916- 2004) ഗവേഷണം നടത്തിയത്. ഫ്രാങ്ക്‍ലിനുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന വിൽക്കിൻസ്, അവരുടെ പ്രധാനപ്പെട്ട എക്സ്- റേ ഡിഫ്രാക്ഷൻ ചിത്രം ‘ഫോട്ടോ 51’, ഫ്രാങ്ക്‍ലിന്റെ അറിവോ വ്യക്തമായ അനുമതിയോ ഇല്ലാതെ വാട്സണ് കൈമാറി.

ആധുനിക ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ അനീതിയുടെ തുടക്കം കുറിക്കപ്പെട്ടത് ഇവിടെ നിന്നാണ്. കൂടാതെ, ഫ്രാങ്ക്‍ലിൻ പ്രസിദ്ധീകരിക്കാത്ത അളവുകളെക്കുറിച്ചുള്ള കണക്കുകൾ അടങ്ങിയ ആഭ്യന്തര റിപ്പോർട്ടും വാട്സൺ- ക്രിക്ക് ടീമിന് ലഭ്യമായിരുന്നു. ഈ നിർണ്ണായക വിവരങ്ങൾ അനധികൃതമായി ലഭിച്ചതോടെയാണ്, വാട്സണും ക്രിക്കിനും തങ്ങളുടെ ഇരട്ടപ്പിരിയൻ ഗോവണി മാതൃക (Double Helix model) നിർമ്മിക്കാനും അത് തെളിയിക്കാനും സാധിച്ചത്.
വിവേചനവും
അപമാനവും
ലിംഗവിവേചനം നിറഞ്ഞ ശാസ്ത്രലോകത്താണ് ഫ്രാങ്ക്‍ലിൻ പ്രവർത്തിച്ചത്. ഈ വിവേചനം അവർക്ക് പിന്നീട് വലിയ അപമാനം ഉണ്ടാക്കി. 1968-ൽ വാട്സൺ ആത്മകഥയായ 'ദി ഡബിൾ ഹെലിക്സ്' (The Double Helix:1968) എന്ന ഗ്രന്ഥത്തിൽ ഫ്രാങ്ക്‍ലിനെക്കുറിച്ച് നൽകിയ പുരുഷാധിപത്യപരവും ലിംഗവിവേചനപരവും ഒട്ടും നീതികരിക്കാനാവത്തതുമായ പരാമർശങ്ങളായിരുന്നു ഈ വിവാദത്തിന് ആക്കം കൂട്ടിയത്. വാട്സൺ അവരെ വികാരജീവിയായ വ്യക്തിയായി ചിത്രീകരിക്കുകയും, അവരുടെ ശാസ്ത്രീയകൃത്യതയുടെ ആധികാരികത ഒരു അടിസ്ഥാനവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തു. ഇതിലുപരി, അദ്ദേഹം ഉപയോഗിച്ച "ദി ഡാർക്ക് ലേഡി ഓഫ് ഡി.എൻ.എ" (The Dark Lady of DNA) എന്ന വിളിപ്പേര്, ഫ്രാങ്ക്‍ലിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും, 'പുരുഷാധിപത്യപരമായ ശാസ്ത്രഗവേഷണ പ്രക്രിയയ്ക്ക്' എതിരുനിന്ന വ്യക്തിയായി അവരെ പൊതുജനമനസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. വിൽക്കിൻസും തന്റെ പിൽക്കാല ആത്മകഥയായ 'തേർഡ് മാൻ ഓഫ് ദി ഡബിൾ ഹെലിക്സ്' (Third Man of the Double Helix: 2003) എന്ന ഗ്രന്ഥത്തിൽ, ഈ സംഭവങ്ങളെ ന്യായീകരിക്കുന്ന തരത്തിൽ, എന്നാൽ അൽപം ഖേദത്തോടെയുള്ള വിവരങ്ങളാണ് നൽകിയത്.
അകാല മരണവും
നോബൽ നഷ്ടവും
ഡി.എൻ.എ ഗവേഷണത്തിനുശേഷം, ഫ്രാങ്ക്‍ലിൻ വൈറസുകളുടെ ഘടനയെക്കുറിച്ച് ഗവേഷണം തുടർന്നു. ഈ രംഗത്തും അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. എന്നാൽ, 1958-ൽ, 37-ാം വയസ്സിൽ അണ്ഡാശയ കാൻസർ ബാധിച്ച് റോസലിൻഡ് ഫ്രാങ്ക്‍ലിൻ മരിച്ചു. ഫ്രാങ്ക്‍ലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ ചിത്രങ്ങളുടെ പ്രാധാന്യം ശാസ്ത്രസമൂഹം പിന്നീട് തിരിച്ചറിഞ്ഞെങ്കിലും, 1962-ലെ നോബൽ സമ്മാനം വാട്സൺ, ക്രിക്ക്, വിൽക്കിൻസ് എന്നിവർക്ക് മാത്രമായി ചുരുങ്ങി.

നോബൽ സമ്മാനങ്ങൾ മരണാനന്തരം നൽകാറില്ലാത്തതുകൊണ്ടാണ് അവർക്ക് ഈ ബഹുമതി നിഷേധിക്കപ്പെട്ടത്. അവർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, മറ്റുള്ളവരുമായി സമ്മാനം പങ്കിടുമായിരുന്നു എന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഏകകണ്ഠമായ അഭിപ്രായമുണ്ട്.
വിവേചനവും
അംഗീകാരവും
ഈ ചരിത്രപരമായ അവഗണനകൾക്കിടയിലും, ഫ്രാങ്ക്‍ലിന്റെ മൗലിക സംഭാവനകൾ അവരുടെ ജീവചരിത്രങ്ങളിലൂടെ ശക്തമായി പുനഃസ്ഥാപിക്കപ്പെട്ടു. ബ്രെൻഡ മാഡോക്സ് (Brenda Maddox) രചിച്ച 'റോസലിൻഡ് ഫ്രാങ്ക്ളിൻ: ദി ഡാർക്ക് ലേഡി ഓഫ് ഡി.എൻ.എ' (Rosalind Franklin: The Dark Lady of DNA: 2003) എന്ന ഗ്രന്ഥമാണ് അവരുടെ ശാസ്ത്രീയ മികവിനെയും അവർ നേരിട്ട വിവേചനങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട കൃതി. ശാസ്ത്രീയ ധാർമ്മികത, ലിംഗവിവേചനം, ഡാറ്റാ പങ്കുവെക്കലിലെ സത്യസന്ധത എന്നിവയെക്കുറിച്ചുള്ള ശക്തമായ പാഠമായി അവരുടെ കഥ ഇന്നും ശാസ്ത്രചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു.
Read
എന്തുകൊണ്ടാണ്
പുറം വേദന, ശസ്ത്രക്രിയ
എപ്പോൾ വേണം,
എപ്പോൾ വേണ്ട?
ബിരുദാനന്തര മെഡി. സീറ്റ്:
കട്ട് -ഓഫ് മാർക്കും
വാദപ്രതിവാദങ്ങളും
പ്രതിരോധിക്കാം,
ജപ്പാൻ മസ്തിഷ്കജ്വരം
സോഷ്യൽ മീഡിയ
ദുരുപയോഗം
മരണത്തിലേക്ക്
നയിക്കുമ്പോൾ
ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ
ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ
വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്
ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം
തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

