മൂത്രത്തിലുള്ള അണുബാധ കുട്ടികളിൽ സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആറുമാസത്തിൽ രണ്ടു തവണയോ ഒരുവർഷത്തിൽ മൂന്നു തവണയോ കൂടുതൽ പ്രാവശ്യമോ മൂത്രത്തിൽ പഴുപ്പ് വരുന്നതിനെയാണ് ആവർത്തിക്കുന്ന മൂത്ര അണുബാധ (റിക്കറൻ്റ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, R -UTI ) എന്ന് വിളിക്കുന്നത്.
രക്തം ശുദ്ധീകരിച്ച് അതിലുള്ള മാലിന്യങ്ങൾ നീക്കിയാണ് വൃക്കകൾ മൂത്രം വേർതിരിക്കുന്നത്. ഇത് മൂത്രവാഹിനിക്കുഴലിലൂടെ മൂത്രാശയത്തിൽ ശേഖരിച്ച് നിയന്ത്രണവിധേയമായി മൂത്രക്കുഴലിലൂടെ പലതവണകളായി പുറന്തള്ളുകയാണ് സാധാരണഗതിയിൽ സംഭവിക്കുന്നത്. ഈ വഴികളിൽ ജന്മനാ തടസ്സങ്ങൾ ഉണ്ടാവാം. അപ്പോഴാണ് സാധാരണയായി ഇടക്കിടെ രോഗാണുബാധ ഉണ്ടാകുന്നത്. ഒരുവയസ്സിൽ താഴെയുള്ള ആൺകുട്ടികളിൽ R-UTI ഉണ്ടാകാനുള്ള പ്രധാനകാരണം ഈ തടസ്സങ്ങളാണ്.
രോഗലക്ഷണങ്ങൾ
വിറയലോടെയോ അല്ലാതെയോ ഉള്ള പനി, ഛർദ്ദി, വയറുവേദന, പതിവിൽ കൂടുതൽ തവണ അല്ലെങ്കിൽ കിടക്കയിൽ മൂത്രമൊഴിക്കുക, മൂത്രത്തിന്റെ നിറമോ മണമോ വ്യത്യാസപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയിലേതെങ്കിലും കണ്ടാൽ മൂത്രം ലബോറട്ടറി ടെസ്റ്റുകൾക്ക് വിധേയമാക്കണം.
പരിശോധനകൾ
സൂക്ഷ്മദർശിനിയിലൂടെയുള്ള പരിശോധനയിൽ അഞ്ചിലധികം കോശങ്ങളെ കാണുകയാണെങ്കിൽ മാത്രം മൂത്രം കൾച്ചർ (urine culture ) ടെസ്റ്റിന് വിധേയമാക്കണം.
ഏറ്റവും ചെലവ് കുറഞ്ഞതും എളുപ്പവുമായ ഒരു പരിശോധനയാണിത്. സെൻട്രിഫ്യൂജ് ചെയ്ത മൂത്രസാമ്പിളുകളിൽ അഞ്ച് കോശങ്ങളിലധികം സൂക്ഷ്മദർശിനിയിലൂടെ കണ്ടാൽ അണുബാധയുണ്ടെന്ന് സ്ഥിരീകരിക്കാവുന്നതാണ്. യൂറിൻ കൾച്ചർ ടെസ്റ്റിന് എടുക്കുമ്പോൾ ശുദ്ധജലം മാത്രം ഉപയോഗിച്ച് (സോപ്പോ മറ്റ് അണുനാശിനികളോ ഉപയോഗിക്കാതെ) ലൈംഗിക അവയവശുദ്ധി വരുത്തണം. ലാബറട്ടറിയിൽനിന്ന് വാങ്ങുന്ന യൂറിൻ കൾച്ചർ ബോട്ടിലിന്റെയോ മൂടിയുടെയോ (Lid ) ഉള്ളിൽ തൊടാതെ, മൂത്രപ്രവാഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം ഒഴിവാക്കി മദ്ധ്യേയുള്ള മൂത്രമാണ് എടുക്കേണ്ടത്. കൾച്ചർ ടെസ്റ്റ് ചെയ്യുമ്പോൾ ഏത് രോഗാണുവാണ് രോഗഹേതു എന്നും അതിന് ഫലപ്രദമായ മരുന്നുകൾ ഏതൊക്കെയാണെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുന്നതിനാൽ അനുയോജ്യമായ ആന്റിബയോട്ടിക്കുകൾകൊണ്ട് ചികിത്സിക്കാൻ കഴിയുന്നു.
അൾട്രാസൗണ്ട് ടെസ്റ്റ് ഉപയോഗിച്ച് വൃക്കകളിലുണ്ടാ കുന്ന നീർക്കെട്ടും മൂത്രസഞ്ചി യുടെ തകരാറുകളും കണ്ടുപിടിക്കാനാവും. ജന്മനായുള്ള തകരാറുകൾ കണ്ടുപിടിക്കാൻ എക്സ് റേ പരിശോധനകളായ എം.സി.യു (MCU - Micturating cysto Urethrogram, ഐ.വി പി (IVP -Intra Venous pyelography) തുടങ്ങിയവയ്ക്ക് സാധിക്കും. DMSA, DTPA തുടങ്ങിയ ന്യൂക്ലിയർ സ്‌കാനുകൾ രോഗം വൃക്കകളിലുണ്ടാക്കിയ കേടുപാടുകൾ കണ്ടുപിടിക്കുന്നു. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ചെയ്യേണ്ട ഈ ടെസ്റ്റുകൾ രോഗനിർണ്ണയവും ചികിത്സയും കാര്യക്ഷമമാക്കാൻ ഉതകുന്നു.

വരാതിരിക്കാനുള്ള
മുൻകരുതലുകൾ
ഒരുവയസ്സ് കഴിഞ്ഞ കുട്ടികളിൽ പെൺകുട്ടികളിലാണ് ആൺകുട്ടികളേക്കാൾ രോഗസാധ്യത. അതിന്റെ പ്രധാന കാരണം അവരുടെ നീളംകുറഞ്ഞ മൂത്രനാളിയിലൂടെ രോഗാണുക്കൾക്ക് അകത്ത് പ്രവേശിക്കാൻ എളുപ്പമായതിനാലാണ്. ഉയർന്ന വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന തിലൂടെയും ഇത് പരിഹരിക്കാൻ ശ്രമിക്കാം. ഫാഷനായ ഡയപ്പറിന്റെ വർദ്ധിച്ച ഉപയോഗം രോഗസാധ്യത പലമടങ്ങ് വർദ്ധിപ്പിക്കുന്നു. ഡയപ്പർ ഉപയോഗിക്കുകയാണെങ്കിൽ ഓരോ മണിക്കൂറിലും അത് മാറണമെന്നത് പല മാതാപിതാക്കളും സൗകര്യപൂർവ്വം മറക്കുന്നു. സോപ്പുവെള്ളമുപയോഗിച്ച് ഓരോ തവണ മൂത്രമൊഴിച്ചാലും കഴുകുന്നത് (ചുരുങ്ങിയത് രാവിലെയും രാത്രിയുമെങ്കിലും) നല്ലൊരു പ്രതിരോധമാർഗ്ഗമാണ്.
ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന നാലു മുതൽ ആറ് തവണവരെ മൂത്രമൊഴിക്കുന്നതും നല്ല ശീലമാണ്. സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലത്തും വേണ്ടത്ര വൃത്തിയുള്ള ടോയ്ലറ്റുകളും ധാരാളം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണം.
കുട്ടികളിൽ മലബന്ധം വളരെയധികം അവഗണിക്കപ്പെടുന്നുണ്ട്. എന്നാൽ തുടരെയുള്ള മൂത്രാശയ അണുബാധയ്ക്ക് ഒരു കാരണം ഇതെന്ന് മനസ്സിലാക്കി ചികിത്സിക്കുകയും ടോയ്ലെറ്റ് പരിശീലനം എല്ലാ കുട്ടികൾക്കും കൃത്യമായി നൽകുകയും വേണം. ഡോക്ടറുടെ സഹായം യഥാസമയം തേടേണ്ടതും അത്യാവശ്യമാണ്.
വെസൈക്കോ യൂറിത്രൽ റിഫ്ളക്സ് (VUR)
മൂത്രമൊഴിക്കുമ്പോൾ മൂത്രം പുറകോട്ട് കയറി മൂത്രനാളികളും വൃക്കകളും തകരാറിലാകുന്ന അസുഖമാണ് VUR. മൂത്രസഞ്ചിയിലുള്ള അണുക്കൾ പുറകോട്ട് പോയി വൃക്കകൾക്ക് അണുബാധയുണ്ടാക്കി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഗ്രേഡ് കൂടിയ അസുഖമാണെങ്കിൽ ഓപ്പറേഷൻ ചെയ്ത് സുഖപ്പെടുത്തേണ്ടിവരും. ഈ അസുഖം പാരമ്പര്യമായി കണ്ടുവരുന്നതിനാൽ ( Auto somal dominant.) സഹോദരങ്ങളെയും സ്‌ക്രീൻ ചെയ്യുന്നത് നല്ല കീഴ്‌വഴക്കമാണ്.
READ: ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ
വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ
പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

