ഡോക്ടർ എഴുത്തുകാരിയാകുമ്പോൾ

‘‘എഴുതാൻ പറയത്തക്ക പ്രോത്സാഹനമൊ ന്നും വീട്ടില്‍നിന്ന് കിട്ടിയിട്ടില്ല. മുപ്പത് വര്‍ഷത്തോളം എഴുതാതിരുന്നിട്ടും എന്താണ് എഴുതാത്തത് എന്ന് ആരും ചോദിച്ചിട്ടില്ല. എഴുതിത്തുടങ്ങണം എന്ന് പറഞ്ഞിട്ടുമില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീരേഖാ പണിക്കർ എഴുതിയ ​ലേഖനം.

ഴുത്തുകാരിയായ അരുന്ധതി സുബ്രഹ്മണ്യം എഴുതിയ വരികള്‍ ഓര്‍ക്കുന്നു:

''നിങ്ങള്‍ കവിത എഴുതുന്നത് നിങ്ങള്‍ക്ക് അതെഴുതിയേ പറ്റൂ എന്നതുകൊണ്ടാണ്. തൊണ്ടയിലെ ആ കുരുക്കുമായി നിങ്ങള്‍ക്ക് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അറിയുമ്പോഴാണ്. നാടകീയമായി തോന്നാമെങ്കിലും സത്യമാണത്. നിങ്ങള്‍ക്ക് കൊടുക്കേണ്ട വില ജീവിതമാണ്, അതിന് പ്രതിഫലവും ജീവിതമാണ്’’.

എന്റെ അനുഭവവും മറ്റൊന്നല്ല. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'മാതൃഭൂമി വിഷുപ്പതിപ്പ്' നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കഥാമത്സരത്തില്‍ സമ്മാനം കിട്ടിയപ്പോഴാണ് എഴുതാനുള്ള കഴിവുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അന്ന് എം.ടി ആയിരുന്നു പത്രാ ധിപര്‍. അദ്ദേഹം ഒരു പോസ്റ്റ് കാര്‍ഡില്‍ ‘അഭിനന്ദനങ്ങള്‍, ഇനിയും എഴുതുക’ എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ടു അയച്ചുതന്നത് നിധി പോലെ സൂക്ഷിച്ചുവച്ചിരുന്നു. പിന്നീട് പന്തളം NSS കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍, ഏറ്റുമാനൂര്‍ സോമദാസന്റെ പത്രാധിപത്യത്തില്‍ 'പന്തളീയം' എന്നൊരു മാസിക കോളേജില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. കഥകള്‍ എഴുതി ക്കൊടുത്തപ്പോള്‍ സാര്‍ അത് തിരുത്തി മാസികയിലിട്ടിരുന്നു. പിന്നീട് മെഡിക്കല്‍ കോളേ ജില്‍ എത്തിയപ്പോള്‍ മൂന്നാം വർഷം വരെ എഴുതി. ജനയുഗം, മാതൃഭൂമി, കുങ്കുമം എന്നീ ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ വന്നിരുന്നു.

അരുന്ധതി സുബ്രഹ്മണ്യം
അരുന്ധതി സുബ്രഹ്മണ്യം

അച്ഛന്‍ NSS കോളേജില്‍ മലയാളം പ്രൊഫസര്‍ ആയിരുന്നു. എഴുത്തും വായനയുമല്ലാതെ മറ്റൊന്നിലും താല്പര്യമില്ലായിരുന്നു അച്ഛന്. വീടുമുഴു വന്‍ പുസ്തകങ്ങള്‍. ആ പുസ്തകങ്ങളുടെ ഇടയിലായിരുന്നു ബാല്യവും യൗവ്വനവും. മിക്ക വാറും എല്ലാ ലോകക്ലാസിക്കു കളും 20 വയസ്സിനകം വായിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, അച്ഛന്‍ അധ്യാപകനായതുകൊണ്ടാകാം, പഠിത്തത്തിനായിരുന്നു ഏറ്റവും പ്രാധാന്യം നല്‍കി യത്. വീട്ടില്‍ എപ്പോഴും വലിയ സാഹിത്യകാരന്മാര്‍ വരുമെങ്കിലും ഒരിക്കല്‍പോലും അവരെ പരിചയപ്പെടുത്തുകയോ എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. പഠിച്ച് ഒരു നിലയിലെത്തുക എന്ന ഉപദേശമായിരുന്നു എപ്പോഴും, എല്ലായിടത്തു നിന്നും.

മെഡിക്കല്‍ കോളേജിലെ പഠനത്തിന്റെ സമ്മര്‍ദ്ദവും കുടുംബപ്രാരാബ്ധങ്ങളും ഗവണ്‍മെന്റ് ജോലിയുടെ ബദ്ധപ്പാടുകളും കാരണം എഴുത്ത് നിന്നു. മുപ്പത് വര്‍ഷങ്ങളോളം എഴുതിയില്ല, ഒരു വരി പോലും.

എന്റെ മകളുടെ വിവാഹവും കഴിഞ്ഞ്, മകന് മെഡിക്കല്‍ കോളേജില്‍ അഡ്മിഷനും കിട്ടിക്കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ വലിയ ഉത്തരവാദിത്വങ്ങള്‍ തീര്‍ന്നു എന്നു വന്നപ്പോള്‍ വീണ്ടും മനസ്സില്‍ വിങ്ങല്‍ തുടങ്ങി. ഒരു വിഷാദ രോഗാവസ്ഥയോളം എത്തുന്ന നില. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ തോമസാണ് എന്നോട് എഴുത്ത് പുനരാരംഭിക്കാന്‍ ഉപദേശിച്ചത്. എഴുത്തു നിര്‍ത്തിയതുകൊണ്ടാണ് മനസ്സിന് ഇത്രയും പ്രയാ സമുണ്ടാകുന്നത് എന്ന് അവര്‍ പറഞ്ഞു. അപ്പോഴൊക്കെ ഇനി എഴുതാതിരിക്കാനാവുകയില്ല എന്ന് തോന്നിത്തുടങ്ങിയിരുന്നു. ചെറുകഥകള്‍ എഴുതിയെങ്കിലും അത് എവിടെ പ്രസിദ്ധീകരിക്കും എന്ന സന്ദേഹമായിരുന്നു. ആത്മവിശ്വാസമില്ലാത്തതിനാല്‍ എങ്ങോട്ടും അയയ് ക്കാന്‍ ഒട്ടും ധൈര്യമുണ്ടായില്ല. കാരണം മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതുകയാണ്. അത് വായനക്കാര്‍ സ്വീകരിക്കുമോ എന്ന ആശങ്ക യായിരുന്നു മനസ്സില്‍.

സാറാ തോമസ്
സാറാ തോമസ്

പണ്ട് ഗൃഹലക്ഷ്മിയില്‍ എഴുതുമ്പോള്‍ ഡോ. പി.ബി. ലല്‍കാര്‍ ആയിരുന്നു പത്രാധിപ. ആ പരിചയം വച്ച്, ഒരു കഥ ഡോ. ലല്‍കാറിന് അയച്ചു കൊടുത്തു. ലല്‍കാര്‍ മറുപടി അയച്ചു: ‘ഞാന്‍ ഇപ്പോള്‍ ഗൃഹലക്ഷ്മിയില്‍ ഇല്ല, മലയാളം വാരികയുടെ എഡിറ്റര്‍ ജയചന്ദ്രന്‍ നായര്‍ സാറിനു അയച്ചുകൊടുക്കാം’ എന്നായിരുന്നു ഉള്ളടക്കം. ഡോ. ലല്‍കാര്‍ അയച്ച ആ കഥ ജയചന്ദ്രന്‍നായര്‍ സാര്‍ മലയാളം വാരികയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ആ വാര്‍ഷികപ്പതിപ്പില്‍ എന്റെ കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാം ലേഖനങ്ങളും കവിതകളും അഭിമുഖങ്ങളും ആയിരുന്നു. അത് വലിയൊരു വഴിത്തിരിവായിരുന്നു.

ഭിക്ഷക്കാരന് പൊന്‍നാണയം കളഞ്ഞുകിട്ടിയതുപോലെ അടക്കാനാവാത്ത സന്തോഷം തന്ന അനുഭവം. നീണ്ട ഇടവേളക്കുശേഷം എഴുതിയത് സ്വീകരിക്കപ്പെടും എന്ന ധൈര്യവും ആത്മവിശ്വാസവും അപ്പോഴാണ് ഉണ്ടായത്. അതിന് ഡോ. ലല്‍കാറിനോടും ജയചന്ദ്രന്‍ സാറിനോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

എന്റെ ഭര്‍ത്താവിന്റെ സഹപാഠി ഡോ. പ്രസന്നന്‍ കലാകൗമുദി ഗ്രൂപ്പിന്റെ ഉടമയായിരുന്നു. പിന്നീട് ഒരു കഥ എഴുതിയപ്പോള്‍ അത് കലാകൗമുദിയില്‍ കൊടുക്കാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഒരു വിസമ്മതവും കൂടാതെ അദ്ദേഹം അത് കലാകൗമുദി എഡിറ്ററെ ഏല്പിച്ചു. അത് കലാകൗമുദിയില്‍ പെട്ടെന്നുതന്നെ നല്ല ചിത്രങ്ങളോടുകൂടി പ്രസിദ്ധീക രിച്ചു.

ഈ രണ്ടു സംഭവങ്ങളാണ് എഴുത്തിന്റെ രാം വരവില്‍ എനിക്ക് പ്രചോദനവും ആശ്വാസവും നല്കിയത്. എഴുതാനുള്ള ധൈര്യം കിട്ടിയപ്പോള്‍ പിന്നീട് മലയാളം വാരികയിലും കലാകൗമുദിയിലും ഭാഷാപോഷിണിയിലും തുടര്‍ച്ചയായി എഴുതി. എഴുതാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. ആരോഗ്യ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ സ്റ്റേറ്റ് ലെപ്രസി ഓഫീസറായി ജോലിനോക്കുമ്പോഴാണ് എഴുത്ത് വീണ്ടും തുടങ്ങിയത്. ജോലിഭാരം, ഔദ്യോഗിക യാത്രകള്‍, കുടുംബജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍, പലവിധ പ്രയാസങ്ങളുണ്ടായിട്ടും ഞാന്‍ എഴുതി. രാത്രി പന്ത്രണ്ടു മണി മുതല്‍ രാവിലെ 6 മണിവരെ ഉറക്കമൊഴിഞ്ഞാണ് എഴുതുന്നത്. രണ്ടുമൂന്നു ദിവസമെടുക്കും ഒരു കഥ എഴുതാന്‍. രാത്രിയില്‍ മാത്രമേ എനിക്ക് ഏകാഗ്രതയോടെ എഴുതാന്‍ സാധിക്കുകയുള്ളൂ. പറയത്തക്ക പ്രോത്സാഹനമൊ ന്നും വീട്ടില്‍നിന്ന് കിട്ടിയിട്ടില്ല. മുപ്പത് വര്‍ഷത്തോളം എഴുതാതിരുന്നിട്ടും എന്താണ് എഴുതാത്തത് എന്ന് ആരും ചോദിച്ചിട്ടില്ല. എഴുതിത്തുടങ്ങണം എന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ആരും നിരുത്സാഹപ്പെടുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. വീട്ടില്‍ ആര്‍ക്കും ഒരു ബുദ്ധി മുട്ടും ഉണ്ടാക്കാതെയാണ് എന്റെ എഴുത്ത്. കുടുംബത്തിലെ ഒരു കാര്യത്തിനും ഇതു കാരണം തടസ്സമുണ്ടായിട്ടില്ല.

എസ്. ജയചന്ദ്രൻ നായർ
എസ്. ജയചന്ദ്രൻ നായർ

പക്ഷേ കഥകള്‍ വളരെ നല്ലതാണെന്നും അസാധാരണ വൈഭവമുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ എഴുതാന്‍ സാധിക്കുകയുള്ളൂ എന്നും പറഞ്ഞ് എന്നെ നിരുപാധികം പ്രോത്സാഹിപ്പിച്ചത്, സുമനസ്സുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില് ക്കുന്ന മലയാളത്തിലെ പ്രഗൽഭനായ എഡിറ്റര്‍ ജയചന്ദ്രന്‍ നായര്‍ സാര്‍ ആണ്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എനിക്ക് പിതൃതുല്യനും ഗുരുതുല്യനുമായ ആ മഹാമനസ്ക്കനോടുള്ളത്. ഒരു മുന്‍വിധിയും പ്രതീക്ഷയും കൂടാതെ, തുടക്കക്കാരിയെപ്പോലെ എഴുതിയ എന്റെ കഥകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും പുസ്തകമാക്കാന്‍ നല്ല പബ്ലിഷേഴ്‌സിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തത് അദ്ദേഹമാണ്. എല്ലാ എഴുത്തുകാര്‍ക്കും ഒരു വടവൃക്ഷം പോലെ തണലായി നിലകൊണ്ട ജയചന്ദ്രന്‍ സാര്‍ ആവശ്യപ്പെടാതെ തന്നെ എന്റെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതുകയും റിവ്യു നല്കുകയും ചെയ്തിരുന്നു.

വേറെയും സഹൃദയരുടെ അനുഗ്രഹവും പ്രോത്സാഹനവും കിട്ടിയിട്ടുണ്ട്. വിളക്കുടി രാജേന്ദ്രന്‍(ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, അച്ഛന്റെ ശിഷ്യന്‍), കുഞ്ഞിക്കൃഷ്ണന്‍ (Former DD Director), കെ. ജയകുമാര്‍ ഐ.എ.എസ്, ഡോ. കെ.എ. കുമാര്‍, ലളിതാംബിക ഐ.എ.എസ്, ഡോ. എം.വി. പിള്ള, കലാകൗമുദി പത്രാധിപര്‍ ബീനാരഞ്ജിനി, പിറവന്തൂര്‍ ശശി തുടങ്ങിയവരൊക്കെ കഥകള്‍ വായിച്ച് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ് തിട്ടുള്ളവരാണ്.

ഡോക്ടര്‍മാരില്‍ എന്നെ നല്ല വാക്കുകള്‍ കൊണ്ട് അനുഗ്രഹിച്ചിട്ടുള്ളതില്‍ മുമ്പില്‍ നില്ക്കുന്നത് ഗുരുവായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ലളിത ആണ്. ഞാന്‍ പുതുതായി എഴുതിയ കഥ, മാഡം എത്ര തിരക്കുണ്ടെങ്കിലും പെട്ടെന്നുതന്നെ വായിച്ച് അഭിനന്ദിക്കും. മാഡം കണ്ടാൽ മാത്രമേ ഞാന്‍ ആഴ്ചപ്പതിപ്പിന് പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുക്കുകയുള്ളൂ. അവരുടെ ഭര്‍ത്താവ് ത്രിവിക്രമന്‍സാറാണ് എന്റെ കഥകള്‍ ചിന്ത പബ്ലിക്കേഷന്‍സിന് നല്‍കിയത്.

വളരെ വേദനിപ്പിക്കുന്ന ധാരാളം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മനസ്സിനെ തളര്‍ത്തുന്ന നിരവധി അനുഭവങ്ങള്‍ ഇപ്പോഴും ഉണ്ടാവുന്നുണ്ടെങ്കിലും, ഒരു കഥ എഴുതിക്കഴിയുമ്പോള്‍ എല്ലാ മുറിവുകളുടെയും വേദനകള്‍ ലഘൂകരിക്ക പ്പെടുന്നു. കൊടുംകാടിന്റെ നടുവില്‍, പൂത്തുവിടര്‍ന്ന് സൗരഭ്യം പരത്തുന്ന മുല്ലപോലെ ആരും കാണാനും ചൂടാനും ഇല്ലെങ്കിലും, ‘പൂക്കാതിരിക്കാന്‍ എനി ക്കാവതില്ലേ’ എന്ന് അയ്യപ്പപ്പണിക്കര്‍ പാടിയതുപോലെയാണ് എന്റെ എഴുത്തുജീവിതം. എഴുതാന്‍ സ്വന്തമായ മുറിയോ എഴുത്തുമേശയോ സമയമോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലെങ്കിലും ഞാന്‍ പിന്നെയും പിന്നെയും എഴുതുന്നു.

ഇപ്പോള്‍ എഴുതുന്ന ധാരാളം ഡോക്ടര്‍മാര്‍ ഉള്ളതു കൊണ്ട് സമാന ചിന്താഗതിയുള്ളവര്‍ കഥകള്‍ വായിച്ച് ഫോണ്‍ വിളിച്ചും കത്തെഴുതിയും പ്രോത്സാഹനം നല്‍കുന്നുണ്ട്. Second Pen എന്ന എഴുതുന്ന ഡോക്ടേഴ്‌സിന്റെ ഗ്രൂപ്പിലുണ്ട്.

എഴുത്തിന്റെ സംഘടനാ മുഖ്യധാരയില്‍ സജീവമായി നില്‍ക്കുന്നവരോട് വലിയ അടുപ്പമൊന്നുമില്ലെങ്കിലും പ്രതീക്ഷിക്കാതെ കുറച്ച് അംഗീകാരങ്ങളും കിട്ടിയിട്ടു് - മാധവിക്കുട്ടി അവാര്‍ഡ്, കൃഷ്ണായനം അവാര്‍ഡ്, ഗീതാഹിരണ്യന്‍ അവാര്‍ഡ്, സത്യജിത് റേ അവാര്‍ഡ്, മകരം മാസിക പ്രതിഭാപുരസ്ക്കാരം തുടങ്ങിയവ.

ഏറ്റവും വിലപ്പെട്ട ഒരു അംഗീകാരമായി ഞാന്‍ കരുതുന്നത് ആരാധ്യനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്റെ കഥകള്‍ക്ക് ചിത്രങ്ങള്‍ വരച്ചു നല്കിയതാണ്. അതും യാതൊരു പ്രതിഫലവും സ്വീകരിക്കാതെ. അത് ജയചന്ദ്രന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. എട്ട് കഥകള്‍ സംവിധായകന്‍ ജയരാജ് വെബ് സീരീസാക്കാന്‍ എടുത്തു, അതില്‍ ഒരു കഥയുടെ തിരക്കഥ എന്നോടു എഴുതിത്തരാനും പറഞ്ഞു. അതുപോലെ തന്നെ ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഒരു കഥ നാടകമാക്കി ഭാരത് ഭവനില്‍ അവതരിപ്പിക്കാന്‍ തയ്യാറായി. ഏറ്റവും വലിയ ഒരു അംഗീകാരം IMA-യുടെ National Conference-ൽ Literary Excellence Award കിട്ടിയതാണ്. ഇപ്പോള്‍ ഡോ. ജോണ്‍ പണിക്കര്‍ പ്രസിഡന്റായ Alumni Association, Distinguished Alumnees എന്ന അംഗീകാരം തന്നതും എത്രയോ അമൂല്യമാണ്. ഞാന്‍ പഠിച്ച കോളേജില്‍, ഗുരുതുല്യരായവര്‍ തരുന്ന ആ പുരസ്ക്കാരം എന്നെ വളരെ വിനീതയാക്കുന്നു.

ഒരു പുരുഷന്റെ സാഹിത്യജീവിതം പോലെയല്ല, എത്ര ഉന്നത സ്ഥാനത്തിരുന്നാലും ഒരു സ്ത്രീയുടേത്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറന്ന് സ്വാര്‍ത്ഥയാകാന്‍ അവള്‍ക്ക് ഒരിക്കലും സാധ്യമല്ല. സാറാ ജോസഫ് പറഞ്ഞതു പോലെ, അനേകം ത്യാഗങ്ങള്‍ സഹിച്ചാണ് ഒരു സ്ത്രീ എഴുത്തുകാരിയാവുന്നത്. എന്നിട്ടും ആയിരം കൈകളുള്ള ദേവിയെപ്പോലെ, എല്ലാ കടമകളും നിറവേറ്റിക്കൊണ്ട് പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തളരാതെ അവള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു, ഉള്ളിലെ കനലിനെ ശമിപ്പിക്കാന്‍വേണ്ടി.

എഴുതുന്നവര്‍ക്ക് എഴുത്ത് ലഹരിയാണ്, സാന്ത്വനമാണ്. മൃത്യുവിനെയും കാലത്തിനെയും തോല്പിക്കുന്ന ആയുധമാണ്. എഴുതാതിരിക്കാനാവാത്തതുകൊണ്ടുമാത്രമാണ് ഞാന്‍ എഴുതുന്നത്. അല്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോകുമായിരുന്നു. സർഗാത്മകത ഒരേ സമയം വേദനയും ആഹ്ലാദവുമാണ്.

READ: ഇടതുകൈ
ചെയ്യുന്നത്

കാൾ മാർക്സിന്റെ
ജീവൻ രക്ഷിച്ചുവോ,
ഡോ. ജോൺ സ്നോ?

മലയോരമേഖലയുടെ സിരാകേന്ദ്രത്തിലെ
ഒരു മന്തുരോഗിയുടെ കഥ
(അച്ചായന്)

ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?

മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം

ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം

Comments