കണ്ണേ, കരളേ…

‘‘2023-2024 വർഷങ്ങളിൽ നമ്മുടെ രാജ്യത്ത് രണ്ടു ലക്ഷത്തോളം രോഗികൾ നേത്രപടലത്തിനായി കാത്തിരിപ്പു പട്ടികയിലുണ്ട്. നേത്രപടലത്തിന്റെ ലഭ്യതക്കുറവാണ് ഈ കാത്തിരിപ്പിനു കാരണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അശോക വത്സല ടി.എ. എഴുതിയ ലേഖനം.

‘നേത്രദാനം മഹാദാനം’ എന്ന തലക്കെട്ടിൽ പലയിടത്തും പരസ്യവാചകങ്ങൾ കാണാം. അതിസുന്ദരമായ ലോകത്തെ കാണാനും ആസ്വദിക്കാനും ഉറ്റവരെ തിരിച്ചറിയാനും കഴിയാത്ത ഒരുവിഭാഗം ജനങ്ങളുണ്ട് നമുക്കിടയിൽ. ഒരാൾ മരണശേഷം നേത്രദാനം ചെയ്താൽ രണ്ടുപേർക്ക് ഇരുട്ടിൽനിന്ന് പുറത്തുവരാനും നിറങ്ങളുടെ ലോകം കണ്ട് ആസ്വദിക്കാനും കഴിയും.

എന്താണ് നേത്രപടലം
അഥവാ കോർണിയ?

കണ്ണിലെ ഏറ്റവും മുൻഭാഗത്തുള്ള കറുത്ത വൃത്താകൃതിയിലുള്ള സ്ഫടികംപോലെ സുതാര്യമായ ഭാഗമാണ് നേത്രപടലം. നേത്രപടലത്തിലുണ്ടാകുന്ന വെളുത്ത നിറത്തിലുള്ള മുറിപ്പാടുകൾ - അസുഖം, മുറിവുകൾ, അപകടം എന്നിവ കൊണ്ടുണ്ടാകുന്ന ക്ഷതം, വിറ്റമിൻ എ യുടെ പോരായ്മ മുതലായ കാരണങ്ങളാലുണ്ടാകുന്ന ഈ പാടുകൾക്കിടയിലൂടെ വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം നേരിടുന്നു. ഈയവസരത്തിലാണ് കാഴ്ച നഷ്ടപ്പെടുന്നത്. ഈ വെളുത്ത പാടുകളെ ബട്ടൺ ആകൃതിയിൽ നീക്കംചെയ്ത് അതേ സ്ഥാനത്ത് ദാതാവിന്റെ നേത്രപടലം തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയയാണ് കെരാട്ടോ പ്ലാസ്റ്റി (Keratoplasty). മരണാനന്തരം മാത്രമേ കണ്ണുകൾ ദാനംചെയ്യാനാവൂ.

നേത്രദാനത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് നേത്രദാനത്തിന് തടസം. നേത്രദാന പക്ഷാചരണവാരം ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ, 38 വർഷമായി ആചരിച്ചുവരുന്നു. ആ ദിവസങ്ങളിൽമാത്രം ബോധവൽക്കരണവും നേത്രദാന സമ്മതപത്രം ഒപ്പിടുകയും വളരെ ആഘോഷത്തോടെ നടത്താറുമുണ്ട്. മരണശേഷം മതനിഷ്ഠപ്രകാരം സംസ്‌കരിക്കുകയോ, ചിതയൊരുക്കുകയോ ചെയ്യുന്നു. നേത്രദാനത്തിന് ഒരു മതവും എതിരല്ല എന്നാണ് അറിവ്. അങ്ങനെ ആർക്കും ഉപയോഗപ്പെടാതെ പാഴായിപ്പോകുന്ന രണ്ട് കണ്ണുകൾ രണ്ടുപേർക്ക് കാഴ്ച ലഭിക്കുവാൻ അവസരം കിട്ടുന്നു.

എങ്ങനെയാണ് ഒരാൾക്ക്
നേത്രദാനം നടത്താൻ കഴിയുക?

  • നേത്രദാന സമ്മതപത്രം നിങ്ങൾക്ക് അടുത്തുള്ള നേത്രബാങ്കിൽ ഏല്പിക്കാവുന്നതാണ്. രണ്ടു സാക്ഷികൾ കൂടി ഒപ്പിടണം എന്നുണ്ട്.

  • നമ്മുടെ അടുത്ത ബന്ധുക്കളെ ഈ വിവരം അറിയിക്കേണ്ടതാണ്.

  • നിങ്ങൾക്ക് എന്നും അഭിമാനപൂർവ്വം ഓർക്കാം, ഞാൻ എന്റെ കണ്ണുകൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന വസ്തുത, 'I pledge my eyes to the nation'

ആർക്കൊക്കെ നേത്രദാനം ചെയ്യാം?

  • മഞ്ഞപ്പിത്തം, പേവിഷബാധ, ക്യാൻസർ, എയ്ഡ്‌സ് മുതലായ രോഗങ്ങളുള്ളവരിൽനിന്ന് കണ്ണുകൾ സ്വീകരിക്കുകയില്ല.

  • കണ്ണട ഉപയോഗിക്കുന്നവർക്കും പ്രമേഹം, രക്താതിമർദ്ദം ഉള്ളവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കും നേത്രദാനം നടത്താവുന്നതാണ്. ഒരു വയസു കഴിഞ്ഞാൽ ആർക്കും കണ്ണ് ദാനം ചെയ്യാം.

മരണശേഷം
എന്ത് നടപടിക്രമങ്ങൾ
പാലിക്കണം?

  • ബന്ധുക്കൾ മരണവിവരം അടുത്തുള്ള നേത്രബാങ്കിൽ അറിയിക്കുക. നേത്രബാങ്ക് അധികൃതർ കണ്ണു നീക്കം ചെയ്യാൻ എത്തുന്നതുവരെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • തല അല്പം ഉയരത്തിൽ വെക്കുക. കണ്ണ് നീക്കം ചെയ്യുമ്പോൾ രക്തം പൊടിയാതിരിക്കാനാണ് ഇത്.

  • ഫാൻ ഓഫാക്കുക.

  • നനവുള്ള പഞ്ഞി കൺപോളകളിൽ വെക്കുക.

  • 4-6 മണിക്കൂറിനുള്ളിൽ കണ്ണ് നീക്കംചെയ്യണം. അതിനുശേഷം കണ്ണുകൾ 2-8 ഡിഗ്രി - C ൽ ഒരു ചേംബറിൽ സൂക്ഷിക്കുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന കണ്ണുകൾ രോഗികളുടെ കാത്തിരിപ്പുപട്ടികയിൽനിന്ന് തെരഞ്ഞെടുത്തവർക്ക് ശസ്ത്രക്രിയ വഴി വെച്ചു പിടിപ്പിക്കുന്നു.

നേത്രദാനത്തെപ്പറ്റിയുള്ള
തെറ്റിദ്ധാരണകൾ

  • കണ്ണ് നീക്കംചെയ്താൽ മുഖം വികൃതമാകുകയില്ല. ഒരു കൃത്രിമ കണ്ണ് കൺപോളകൾക്കുള്ളിൽ വെക്കുകയോ തുന്നലിടുകയോ ചെയ്യുന്നു.

കണ്ണ് മുഴുവനും മാറ്റിവെക്കുകയാണോ ചെയ്യുന്നത്?

  • അല്ല. കണ്ണ് മുഴുവനായി നീക്കം ചെയ്ത് തുന്നിച്ചേർത്ത് പിടിപ്പിക്കാൻ കഴിയില്ല. നേത്രപടലം മാത്രമേ സ്വീകർത്താവിൽ തുന്നിച്ചേർക്കുന്നുള്ളൂ. നേത്രപടലത്തിലെ വെളുത്തപാട് ഒരു ബട്ടൺ പോലെ എടുത്തുമാറ്റി അതേ വലിപ്പത്തിലുള്ള ഒരു ബട്ടൺ ദാതാവിൽനിന്ന് എടുത്തുമാറ്റുന്നു. ഈ ബട്ടൺ ചുറ്റും തുന്നലുകൾ ഇട്ട് ചേർത്തുവെക്കുന്നു.

മറ്റ് അവയവങ്ങൾ സ്വീകരിച്ചശേഷം ജീവിതകാലം മുഴുവൻ മരുന്നു കഴിക്കുന്നപോലെ, ഈ ശസ്ത്രക്രിയയ്ക്കു ശേഷവും അങ്ങനെ വേണ്ടിവരുമോ?

  • കുറച്ചുമാസങ്ങൾ തുള്ളിമരുന്നുകൾ മാത്രം കണ്ണിൽ ഒഴിക്കുകയേ ആവശ്യമുള്ളൂ. 97% വിജയസാധ്യതയുള്ള ശസ്ത്രക്രിയയാണിത്.

ഏറ്റവും കൂടുതൽ നേത്രദാനം നടക്കുന്നത് ശ്രീലങ്കയിലാണ്. അവിടത്തെ ബുദ്ധ മതവിശ്വാസികൾ നേത്രദാനം വളരെ പവിത്രമായ ഒരു കർമ്മമായി കാണുന്നു. വർഷങ്ങൾക്കുമുൻപ് ശ്രീലങ്കയിൽ നിന്നും കണ്ണുകൾ നമ്മുടെ രാജ്യത്തേക്കും വാങ്ങിയിരുന്നു. നേത്രദാനത്തിന്റെ പ്രാധാന്യം ഇനിയും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. 2023-2024 വർഷങ്ങളിൽ നമ്മുടെ രാജ്യത്ത് രണ്ടുലക്ഷത്തോളം രോഗികൾ നേത്രപടലത്തിനായി കാത്തിരിപ്പു പട്ടികയിലുണ്ട്. നേത്രപടലത്തിന്റെ ലഭ്യതക്കുറവാണ് ഈ കാത്തിരിപ്പിനു കാരണം.

'നേത്രദാനം മഹാദാനം'

നമ്മുടെ മരണശേഷം കണ്ണുകൾ മറ്റൊരാളിലൂടെ ലോകം കാണുന്നു. ഇത്രയും പവിത്രമായ ഒരു കർമ്മം നിർവ്വഹിക്കാൻ, ഈ ദൗത്യത്തിൽ പങ്കാളികളാവാൻ ഓരോരുത്തരും സ്വമേധയാ മുന്നോട്ടുവരേണ്ടതുണ്ട്.

READ: റോബർട്ട് കോക്ക്;
അതുല്യ ശാസ്ത്രപ്രതിഭ

വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ

കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ

ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments