ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

2022-ലെ കണക്ക് പ്രകാരം, ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീയിൽ ബ്രസ്റ്റ് കാൻസർ കണ്ടെത്തുന്നുണ്ട്. ഓരോ 13 മിനിറ്റിലും ഒരു സ്ത്രീ ബ്രസ്റ്റ് കാൻസർ മൂലം മരിക്കുന്നുമുണ്ട്. രോഗം കണ്ടുപിടിക്കാൻ വൈകുന്നതാണ് ഈ മരണനിരക്കിന് കാരണം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബീനാമോൾ സൂറാക്കുട്ടി എഴുതിയ ലേഖനം.

യിടെ നടന്ന രണ്ടു സംഭവങ്ങൾ പറയാം.

ഒരു ദിവസം രാവിലെ ഹോസ്പിറ്റലിലെ റിസപ്ഷൻ വഴി കടന്നുപോയപ്പോൾ മാമോഗ്രാം പരിശോധനയ്ക്ക് വന്ന ഒരു മധ്യവയസ്കയായ സ്ത്രീ, ‘ഇവിടെ ലേഡി ഡോക്ടർ ഉണ്ടോ, എനിക്ക് ലേഡി ഡോക്ടറെ തന്നെ കാണണം’ എന്നു പറയുന്നു.

അരമണിക്കൂറിനു ശേഷം അവരുടെ മാമോഗ്രാം പരിശോധന കഴിഞ്ഞ് അൾട്രാസൗണ്ട് പരിശോധനയ്ക്കായി കിടത്തിയെന്ന് സിസ്റ്റർ വന്നു പറയുന്നു. ബ്രസ്റ്റ് അൾട്രാസൗണ്ട് പരിശോധന ചെയ്യാൻ ചെന്ന ഞാൻ കാണുന്നത് വലിയ വ്രണങ്ങളാണ്. ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി, സ്റ്റേജ് 4 ബ്രസ്റ്റ് കാൻസർ. ഞാൻ ആ രോഗിയോട് കൂടുതൽ കാര്യങ്ങളന്വേഷിച്ചു. എത്ര നാളായി തടിപ്പ് കണ്ടിട്ട്, ഏതെങ്കിലും ഡോക്ടറെ ഇതിനകം കണ്ടിരുന്നോ, മാമോഗ്രാം പരിശോധന ചെയ്തിട്ടുണ്ടോ എന്നൊക്കെ.

അപ്പോൾ ആ സ്ത്രീ പറഞ്ഞു; ‘ഒരു വർഷത്തോളമായി, ഒരു ദിവസം കുളിക്കുന്നതിനിടെ യാദൃച്ഛികമായി ഒരു തടിപ്പ് തോന്നി. ഡോക്ടറെ കാണിക്കാനുള്ള നാണക്കേട് കാരണം ആശുപത്രിയിൽ പോയില്ല. മിനിഞ്ഞാന്ന് ആ തടിപ്പിൽ നിന്നും പൊട്ടിയൊലിച്ച് വന്നപ്പോൾ ഒരു ലേഡി ഡോക്ടറെ കണ്ടു. അവരാണ് നിർദ്ദേശിച്ചത് ഈ ആശുപത്രിയിലേക്ക് പോകാനും മറ്റു പരിശോധനകൾ ചെയ്യാനും’.

ഡോക്ടറെ കാണിക്കാനുള്ള മടി കാരണമാണ് അവരുടെ കാൻസർ നാലാം സ്റ്റേജിൽ എത്തിയശേഷം മാത്രം കണ്ടുപിടിക്കേണ്ടിവന്നത്. അസുഖം വന്നാൽ കഴിവതും ആൺ പെൺ വ്യത്യാസമൊന്നും ഡോക്ടറെ കാണുന്നതിൽ വച്ചു പുലർത്തരുത്. ഇനി ലേഡി ഡോക്ടറെത്തന്നെ കാണണമെങ്കിൽ ഒട്ടും വൈകിപ്പിക്കാതെ അവരുള്ള സ്ഥലത്ത് പോയി കാണിക്കണം. ദൂരെയുള്ള ഒരു ബന്ധുവിന്റെ കല്യാണത്തിനാണെങ്കിൽ എത്ര പ്രയാസപ്പെട്ടാണെങ്കിലും നമ്മൾ പോകുമല്ലോ?അതിലും വലുതല്ലേ നമ്മുടെ ജീവൻ?

ഇനി മറ്റൊരു രോഗി.
സ്തനത്തിൽനിന്ന് കുറച്ചുനാളായി രക്ത നിറത്തിലുള്ള സ്രവം വരികയും വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നു. വിവരം അയൽപക്കത്തുള്ള ഒരു സ്ത്രീയോട് പറഞ്ഞു. അയൽവക്കക്കാരിയുടെ ഒരു ബന്ധുവിന് ഇതേ പ്രശ്നം വന്നപ്പോൾ പരിശോധിക്കുകയും ബയോപ്സിയിൽ പേടിക്കാനൊന്നുമില്ലാത്ത ഒരു അസുഖമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു പോലും. അതുകൊണ്ട് അവരുടെ വക ഉപദേശം, സമാധാനിപ്പിക്കൽ ഒക്കെ നടന്നു. ‘ഇതൊന്നുമത്ര കാര്യമാക്കണ്ട, ഈ നിസ്സാര കാര്യത്തിന് നീ ഇങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല, അത് തനിയെ മാറിക്കോളും’.

ഈ രണ്ടു രോഗികളുടെയും ബയോപ്സി പരിശോധന ഫലം ഒന്നായിരുന്നു - ബ്രസ്റ്റ് കാൻസർ സ്റ്റേജ് നാല്. രണ്ടു പേർക്കും കുറച്ചുനാളത്തെ സങ്കീർണമായ ചികിത്സകൾ വേണം. സ്വാഭാവികമായും അല്പം ചെലവ് കൂടുതലുള്ള ചികിത്സയും പരിചരണവും ഒക്കെത്തന്നെ. കുടുംബം ഒന്നാകെ ഇനി അതിനുള്ള വഴി കണ്ടെത്തുകയും വേണം.

രണ്ടുപേരുടെ കാര്യത്തിലും ചില സമാനതകളുണ്ട്. അവർ ഒരിക്കലും മാമോഗ്രാം പരിശോധന ചെയ്തിട്ടില്ലായിരുന്നു. പോരാത്തതിന് നാണക്കേടും അജ്ഞതയും. അവർ രണ്ടുപേരും വേണ്ട സമയത്ത് മാമോഗ്രാം പരിശോധനകൾ ചെയ്തിരുന്നെങ്കിൽ എന്ന് നമ്മളും ആശിച്ചുപോകുന്നു.

എന്താണ് മാമോഗ്രാം?

മാമോഗ്രാം എന്നാൽ സ്തനങ്ങളുടെ എക്സ്- റേ പരിശോധനയാണ്. അതിനായി പ്രത്യേകമായ മാമോഗ്രാം മെഷീൻ ഉണ്ട്. ഈ മെഷീനിൽ ഒരു നിരപ്പായ പ്രതലത്തിൽ (കംപ്രഷൻ പാഡ്) സ്തനങ്ങൾ വയ്ക്കുകയും ചെറിയ തോതിൽ അമർത്തുകയും ചെയ്തതിനുശേഷം എക്സ്-റേ എടുക്കുന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ മാമോഗ്രാം ചിത്രങ്ങൾ തെളിയുന്നു.

മാമോഗ്രാം ചെയ്യുമ്പോൾ വേദനയോ
മറ്റു പ്രശ്നങ്ങളോ ഉണ്ടാകുമോ?

അപൂർവ്വം ചിലർക്ക് ചെറിയൊരു അസ്വസ്ഥത ഉണ്ടാവാം. അല്ലാതെ വേദനയുള്ള പരിശോധനയല്ല മാമോഗ്രാം.

ഈ പരിശോധനയ്ക്ക് എത്ര സമയമെടുക്കും?

പരമാവധി 15- 20 മിനിറ്റ്.

മാമോഗ്രാം എടുക്കുമ്പോൾ റേഡിയേഷൻ മൂലം മറ്റു പ്രശ്നങ്ങളുണ്ടാകുമോ?

ഇല്ല. അനുവദനീയമായ വളരെ ചെറിയ അളവിലുള്ള റേഡിയേഷൻ മാത്രമേ ഉണ്ടാകൂ.

എന്താണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം?

രോഗലക്ഷണങ്ങളുള്ളവർക്ക് സ്ഥിരീകരണത്തിനായും അസുഖത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും ചെയ്യുന്ന മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം. അതായത് സ്തനങ്ങളിൽ മുഴകൾ, മുലക്കണ്ണിൽ നിന്നും സ്രവങ്ങൾ വരിക, സ്തനചർമ്മത്തിൽ നിറവ്യത്യാസങ്ങൾ വരിക, കക്ഷത്തിലെ മുഴകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. അവർക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം.

എന്താണ് സ്ക്രീനിങ് മാമോഗ്രാം?

രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത ഒരാൾക്ക് ചെയ്യുന്നതാണ് സ്ക്രീനിങ് മാമോഗ്രാം.

സ്ക്രീനിങ് മാമോഗ്രാം ചെയ്യുക വഴി സ്തനങ്ങളിൽ ഉണ്ടാകാവുന്ന മുഴകളും മുഴകൾ ഇല്ലാതെ ഉണ്ടാകാവുന്ന കാൻസറിന്റെ മറ്റു ലക്ഷണങ്ങളും കണ്ടുപിടിക്കാൻ കഴിയും. വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യുമ്പോൾ ആരംഭത്തിലേ കാൻസർ കണ്ടുപിടിക്കാനും വളരെ നേരത്തെ ചികിത്സ ആരംഭിക്കാനും കഴിയും.

സ്ക്രീനിങ് മാമോഗ്രാമെന്നാൽ കാൻസർ തടയാനുള്ള മാർഗമല്ല. കാൻസർ നേരത്തെ കണ്ടുപിടിക്കാനുള്ളതാണ്. വളരെ ചെറിയ മുഴകൾ പൂർണ്ണമായും നീക്കം ചെയ്യാതെ ചെറിയ ഓപ്പറേഷനിലൂടെ മാറ്റിയെടുക്കാനും കഴിയും.

പല വികസിത രാജ്യങ്ങളിലും ഇതിന് നാഷണൽ പ്രോട്ടോക്കോൾ ഉണ്ട്. യു.കെയിൽ 47 വയസ്സ് മുതൽ സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം പരിശോധന ചെയ്തു തുടങ്ങേണ്ടതാണ്. അവിടുത്തെ നാഷണൽ ഹെൽത്ത് സിസ്റ്റം (NHS) മുൻകൈയെടുത്ത് എല്ലാ സ്ത്രീകളിലും മാമോഗ്രാം പരിശോധന നടത്തുന്നു. അമേരിക്കയിൽ അത് 45 വയസ്സാണ്. അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) നിർദ്ദേശിക്കുന്നത് 45 മുതൽ 54 വയസ്സുവരെയുള്ള സ്ത്രീകൾക്ക് പ്രതിവർഷം മാമോഗ്രാം പരിശോധന നടത്തണം എന്നതാണ്. 55-ാം വയസ്സിന് ശേഷം രണ്ടുവർഷത്തിലൊരിക്കൽ സ്‌ക്രീനിംഗ് തുടരണം.

കാൻസർ വരാനുള്ള സാധ്യത കൂടുതലുള്ള ആൾക്കാർക്കും (High Risk category) കൂടുതൽ നിബിഡമായ സ്തനങ്ങൾ ഉള്ളവർക്കും സാധാരണയേക്കാൾ നേരത്തെയും MRI ഉൾപ്പെടെയുള്ള പരിശോധനകളും വേണ്ടി വന്നേക്കാം. ഡോക്ടറുടെ നിർദ്ദേശാനുസരണം ഇത്തരം പരിശോധനകൾക്ക് വിധേയരാകുക.

പാശ്ചാത്യ രാജ്യങ്ങളിൽ 50 വയസ്സിനു മുകളിലാണ് സാധാരണ കാൻസർ കണ്ടുവരുന്നത്. ഇന്ത്യയിൽ അതിലും നേരത്തെ തന്നെ, ബ്രസ്റ്റ് കാൻസർ കാണുന്നു. അതുകൊണ്ടുതന്നെ 40 വയസ്സിനു ശേഷം മാമോഗ്രാം പരിശോധന ചെയ്തു തുടങ്ങണം.

സ്വയം പരിശോധനയിലൂടെയും ക്ലിനിക്കൽ പരിശോധനയിലൂടെയും ഒരു പരിധിവരെ മുഴകൾ കണ്ടുപിടിക്കാമെങ്കിലും മാമോഗ്രാം പരിശോധനയിലൂടെ 90%- നു മുകളിൽ കാൻസറുകൾ നേരത്തെ കണ്ടുപിടിക്കാം. സ്വയം പരിശോധനയിലൂടെയും ക്ലിനിക്കിൽ പരിശോധനയിലൂടെയും കുറഞ്ഞത് ഒരു സെന്റീമീറ്റർ എങ്കിലും വലിപ്പമുള്ള മുഴകൾ മാത്രമേ കണ്ടുപിടിക്കാനാകൂ. എന്നാൽ മാമോഗ്രാം പരിശോധനയിൽ തീരെ ചെറിയ മുഴകൾ കണ്ടുപിടിക്കാൻ സാധിക്കും. തുടക്കത്തിലേ കണ്ടു പിടിച്ചാൽ വളരെ ഫലപ്രദമായ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാവുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ.

ഒരിക്കൽ ബ്രസ്റ്റ് കാൻസർ ചികിത്സ എടുത്ത ആളുകൾക്കും പിന്നീട് വർഷത്തിലൊരിക്കൽ സ്ക്രീനിങ് മാമോഗ്രാം നിർദ്ദേശിക്കുന്നു

സ്ക്രീനിംഗ് മാമോഗ്രാം ചെയ്യേണ്ടത് എപ്പോൾ?

മാസമുറ തുടങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലാണ് സ്ക്രീനിങ് മാമോഗ്രാം ചെയ്യാൻ ഏറ്റവും നല്ലത്. ഒന്നാമത്തെയും നാലാമത്തെയും ആഴ്ച മാമോഗ്രാം ചെയ്യാൻ തിരഞ്ഞെടുക്കരുത്. ആദ്യത്തെയും അവസാനത്തെയും ആഴ്ച ഹോർമോണിന്റെ വ്യതിയാനങ്ങൾ മൂലം ബ്രെസ്റ്റിന്റെ സാന്ദ്രത കൂടുന്നതും ചിലപ്പോൾ വേദനയുണ്ടാകാൻ സാധ്യതയുമുള്ള സമയങ്ങളാണ്.

ആർത്തവവിരാമ (മെനോപോസ്) ത്തിന് ശേഷമാണെങ്കിൽ ഏത് സമയത്തും മാമോഗ്രാം പരിശോധന ചെയ്യാം.

എന്നാൽ ഡയഗ്നോസ്റ്റിക് മാമോഗ്രാമിന് ആർത്തവ ചക്രം പരിഗണിക്കാറില്ല. കഴിവതും നേരത്തെ രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കണം

മാമോഗ്രാം ചെയ്യാൻ പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ?

മാമോഗ്രാമിന് പോകുന്ന ദിവസം പെർഫ്യൂമോ പൗഡറോ ലോഷനോ ഒന്നും സ്തനഭാഗത്ത് ഉപയോഗിക്കരുത്. അത് മാമോഗ്രാമിന്റെ വിശകലനത്തിനെ വിപരീതമായി ബാധിച്ചേക്കാം.

ത്രീഡി മാമോഗ്രഫി / ഡിജിറ്റൽ ബ്രസ്റ്റ് ടോമോസിന്തെസിസ് (3D Mammography /Digital Breast Tomosynthesis -DBT ):

സാധാരണ മാമോഗ്രാമിൽ സ്തനങ്ങളുടെ ദ്വിമാന ചിത്രമാണ് ലഭിക്കുക. DBT- യിൽ ഒരു മില്ലിമീറ്ററോളം കനമുള്ള മാമോഗ്രാം മാമോഗ്രാം ചിത്രങ്ങളുടെ ശേഖരം തന്നെയെടുക്കാനും കൂടുതൽ വിശദമായി വിശകലനം ചെയ്യാനും സാധിക്കും. കൂടുതൽ നിബിഡമായ സ്തനങ്ങളുള്ളവരിൽ സാധാരണ മാമോഗ്രാം പരിശോധനയ്ക്ക് വളരെയധികം പരിമിതികളുണ്ട്. അവരിലും DBT പരിശോധന ഏറെ പ്രയോജനപ്പെടുന്നു.

കുടുംബത്തിൽ ബ്രസ്റ്റ് കാൻസർ ഉണ്ടെങ്കിൽ…

ഒരു കുടുംബത്തിലെ അമ്മയ്ക്കോ സഹോദരിമാർക്കോ അടുത്ത ബന്ധുക്കൾക്കോ ബ്രസ്റ്റ് കാൻസർ / അണ്ഡാശയ കാൻസർ ഉണ്ടെങ്കിൽ, ആ കുടുംബത്തിലെ മറ്റു സ്ത്രീകൾക്ക് സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യത കുറച്ചുകൂടി കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ക്രീനിങ്ങും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് നേരത്തേ തുടങ്ങണം.

ഉദാഹരണത്തിന് ഒരു വീട്ടിൽ അമ്മയ്ക്ക് 37വയസ്സിലാണ് കാൻസർ കണ്ടുപിടിച്ചതെങ്കിൽ മകൾ കുറഞ്ഞത് 10 വർഷം മുൻപ്, അതായത് 27 വയസ്സ് മുതൽ സ്ക്രീനിങ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ആദ്യം അൾട്രാസൗണ്ട് സ്കാൻ സ്ക്രീനിങ് ആയിരിക്കും നടത്തുക. ശേഷം സാഹചര്യം പോലെ മറ്റുള്ള സ്കാനുകളിലേക്ക് പോയേക്കാം.

ലോകത്താകമാനം സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ. ഇന്ത്യയിലെ കാര്യം എടുത്താൽ 2022-ലെ കണക്ക് പ്രകാരം, ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീയിൽ ബ്രസ്റ്റ് കാൻസർ കണ്ടെത്തുന്നുണ്ട്. ഓരോ 13 മിനിറ്റിലും ഒരു സ്ത്രീ ബ്രസ്റ്റ് കാൻസർ മൂലം മരിക്കുന്നുമുണ്ട്. രോഗം കണ്ടുപിടിക്കാൻ വൈകുന്നതാണ് ഈ മരണനിരക്കിന് കാരണം. അതുതന്നെയാണ് രോഗം ആരംഭത്തിലേ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്രീനിംഗ് മാമോഗ്രാം ചെയ്യേണ്ടതിന്റെ പ്രാധാന്യവും.

READ : കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments