സ്തനാർബുദം ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു അസുഖമാണല്ലോ. കൃത്യമായ പരിശോധനയിലൂടെയും, ചില അനുബന്ധ ലബോറട്ടറി പരിശോധനകളിലൂടെയും രോഗം ഏകദേശം കൃത്യമായി തന്നെ കണ്ടുപിടിക്കാൻ കഴിയുമെന്നതും, പ്രാരംഭദശയിൽ കണ്ടുപിടിച്ചാൽ ഏകദേശം പൂർണമായി തന്നെ ചികിൽസിച്ചു ഭേദമാക്കാം എന്നതും ഒക്കെ ഈ രോഗത്തിന്റെ പ്രത്യേകതകൾ ആകയാൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും രോഗനിർണയ സ്ക്രീനിംഗ് ക്യാമ്പുകളുമൊക്കെ ലോകമെമ്പാടും നടത്തിവരുന്നു.
സ്തനാർബുദ ചികിത്സ
ചികിത്സ കൊണ്ട് ഏകദേശം പൂർണമായി തന്നെ ഭേദമാക്കാൻ കഴിയും എന്ന് പറഞ്ഞുവെങ്കിലും ഇത് വളരെ എളുപ്പത്തിൽ നടത്താവുന്ന ചെറിയ ചികിത്സ യാണ് എന്നർത്ഥമില്ല. മറിച്ച്, മറ്റു പല അർബുദങ്ങളുടെ കാര്യത്തിലുമെന്ന പോലെ, വിവിധ ചികിത്സാമാർഗങ്ങളുടെ ഒരു സങ്കലനമാണ്, സ്തനാർബുദത്തിന്റെ കാര്യത്തിലും അവലംബിച്ചു വരുന്നത്. ഇവയിൽ ശസ്ത്രക്രിയകൾ, അണുവികരണ ചികിത്സ (റേഡിയേഷൻ തെറാപ്പി), മരുന്ന് ചികിത്സ (chemotherapy), ഹോർമോൺ ചികിഝ, മോളിക്യുലർ ടാർഗെറ്റെഡ് തെറാപ്പി തുടങ്ങി വിവിധ രീതികൾ ഉൾപ്പെടും. ഇവയിൽ ശസ്ത്രക്രിയാ ചികിത്സയുടെ വിവിധ വശങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
ശസ്ത്രക്രിയാ ചികിത്സ
സ്തനാർബുദ ചികിത്സയിൽ ആദ്യ കാലം മുതൽ അനുവർത്തിച്ചുവരുന്നതും, കാലാകാലങ്ങളിൽ ഗുണപരമായ വ്യതിയാനങ്ങൾ വരുത്തി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതും ആയ ഒന്നാണ്. സ്തനാർബുദ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്നും ശസ്ത്രക്രിയ തന്നെയാണ്. ഈ ലേഖന ത്തിൽ സ്തനാർബുദത്തിനുള്ള വിവിധ ശസ്ത്രക്രിയാ രീതികളും അവയിൽ ഓരോന്നിന്റെയും പ്രത്യേകത, മറ്റു ശസ്ത്രക്രിയാ മാർഗങ്ങളുമായുള്ള താരതമ്യപഠനം എന്നിവയാണ് വിശദീകരിക്കുന്നത്.
ശസ്ത്രക്രിയ ആർക്ക്, എപ്പോൾ, എങ്ങനെ?
സ്തനാർബുദ ചികിത്സയിൽ ശസ്ത്രക്രിയ മുഖ്യമായി വരുന്നത് അർബുദത്തിന്റെ ഘട്ടത്തെ ആശ്രയിച്ചാണ്. സ്തനാർബുദം കണ്ടുപിടിക്കുന്ന സമയത്തുതന്നെ വിവിധ ഘടകങ്ങളെ ആശ്രയിച്ചു തരം തിരിക്കപ്പെടുന്നു. മുഴയുടെ വലിപ്പം 5 സെൻ്റിമീറ്ററിനു താഴെ മാത്രം ആയിരിക്കുകയും, മുഴയുടെ ഭാഗത്തുള്ള തൊലിയിൽ ഘടനാമാറ്റം ഒന്നും ഉണ്ടാകാതിരിക്കുകയും കക്ഷത്തിലോ മറ്റു ഭാഗങ്ങളിലോ ഉള്ള ലസികാ ഗ്രന്ഥികളിൽ ((Lymph glands) ഒട്ടും തന്നെ പടർന്നിട്ടില്ലാത്തതുമായ അർബുദമാണ് പ്രാരംഭ ദശയിലുള്ളത് എന്ന തരത്തിൽ വിവക്ഷിക്കപ്പെടുന്നത്. ഈയവസ്ഥയിലുള്ള അർബുദം stage 1 & 2 എന്ന് തരം തിരിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ മുഴയുടെ വലുപ്പം 5 സെൻ്റിമീറ്ററിൽ അധികമാകുകയും കക്ഷത്തിലും, കഴുത്തിലുമുള്ള ലസികാഗ്രന്ഥികൾ ബാധിക്കപ്പെടുകയും അവ അടിയിലുള്ള കലകളുമായി ബന്ധപ്പെടുന്ന അവസ്ഥയെ stage 3 എന്നും മറ്റു ശരീരഭാഗങ്ങൾ, അസ്ഥികൾ, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചു കഴിഞ്ഞഞ്ഞ സ്തനാർബുദം stage 4 എന്നും തരംതിരിക്കപ്പെട്ടിരിക്കുന്നു. ആധികാരികമായ മറ്റു പല തരം stagings ഉണ്ടെങ്കിലും എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ തരംതിരിവ് സഹായിക്കും.

സ്തനം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയ
പ്രാരംഭദശയിലുള്ള സ്തനാർബുദത്തിനാണ് പ്രാഥമികമായ ശസ്ത്രക്രിയ ഏറ്റവും ഗുണകരമായി വരുന്നത്. ഇതോടൊപ്പം അനുബന്ധ ചികിത്സകളും ആവശ്യമായി വരും. പ്രാരംഭദശയിൽ ചെയ്യുന്ന ശസ്ത്രക്രിയയിൽ ആ മുഴ നീക്കം ചെയ്യുകയും (Lumpectomy) അതോടൊപ്പം പ്രധാനപ്പെട്ട ലസികാഗ്രന്ഥികളുടെ ബിയോപ്സി പരിശോധനയും, കൂടെ കക്ഷത്തിലെ ലസികാഗ്രന്ഥികളുടെ നീക്കം ചെയ്യലും നടത്തുന്നു. ഇങ്ങനെ ചെയ്യുന്ന ശസ്ത്രക്രിയ മാത്രമല്ല രോഗത്തിൽ നിന്നുള്ള മുക്തിക്കു നിദാനമായിരിക്കു ന്നത്. അനുബന്ധമായ മരുന്ന് ചികിത്സ, റേഡിയേഷൻ ഒക്കെ തന്നെ പ്രധാനമാണ്. ഇത്തര ത്തിൽ സ്തനം നിലനിർത്തി അണുവികിരണ ചികിത്സ കൂടി നൽകുന്ന രോഗികളിൽ വളരെ നല്ല പ്രതികരണമാണ് കാണുന്നത്.
മുഴ മാത്രം നീക്കം ചെയ്യുമ്പോൾ എപ്പോഴും മുഴയോടൊപ്പം അതിനു ചുറ്റുമുള്ള അർബുദ ബാധയില്ലാത്ത സാധാരണ കലകൾ കൂടി നീക്കം ചെയ്യാറുണ്ട്. സ്തനത്തിന്റെ രോഗബാധയില്ലാത്ത ഭാഗങ്ങൾ അതുപോലെ നിലനിർത്തുന്നു എന്നതാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത. ഇത്തരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞശേഷം ആ ഭാഗത്തു അണുവികിരണ ചികിത്സ കൂടി നൽകി അവിടെ അവശേഷിച്ചിരിക്കാവുന്ന കാൻസർ സെല്ലുകളെ കൂടി നശിപ്പിച്ചു എന്നുറപ്പു വരുത്തുന്നു. ഇത്തരത്തിൽ നടത്തുന്ന ചികിത്സ വളരെ ഫലപ്രദമാണെന്ന് പല സമൂഹപഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മുഴ മാത്രം നീക്കം ചെയ്യുമ്പോൾ അതിനു ചുറ്റുമുള്ള സാധാരണ കലകൾ നീക്കം ചെയ്യുന്നതിന് വ്യക്തമായ മാർഗ നിർദേശങ്ങൾ നിലവിലുണ്ട്. അർബുദത്തിന്റെ ഘട്ടം അനുസരിച്ചു ഇങ്ങനെ നീക്കം ചെയ്യേണ്ട രോഗബാധയില്ലാത്ത കലകളുടെ വ്യാപ്തി നിർദേശിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, സ്തനാർബുദ ചികിത്സയുടെ വിജയം ഏറിയ കൂറും കൃത്യസമയത്തു ചെയ്യുന്ന വിദഗ്ധ ശസ്ത്രക്രിയയെ ആശ്രയിച്ചായിരിക്കും എന്ന് പറയുന്നതിൽ തെറ്റില്ല.
ശസ്ത്രക്രിയയുടെ മുന്നൊരുക്കങ്ങളും
ഇതര സംവിധാനങ്ങളും
സ്തനാർബുദ ശസ്ത്രക്രിയയിൽ ശസ്ത്രക്രിയയയ്ക്കു മുൻപുള്ള രോഗനിർണയവും, രോഗിയെ തെരഞ്ഞെടുക്കലും വളരെ പ്രധാനമാണ്. സൂക്ഷ്മമായ ശരീര പരിശോധന, മാമ്മോഗ്രാഫി, അൾട്രാ സൗണ്ട് സ്കാൻ, MRI തുടങ്ങിയ പരിശോധനകളും അവയുടെ അടിസ്ഥാനത്തി ലുള്ള സ്റ്റേജിങ്ങും ചികിത്സ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
സ്തനത്തിന്റെ ആകാരം നിലനിർത്തക്കവണ്ണം കലകൾ നീക്കം ചെയ്യുന്നതും, ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ ചെയ്യുന്ന ഇമേജിങ് പരിശോധനകളും, അപ്പോൾ തന്നെ ബിയോപ്സി പരിശോധന സാധ്യമാക്കുന്ന Frozen section പരിശോധന എന്നിവയുമൊക്കെ ശസ്ത്രക്രിയ നടക്കുന്ന സമയത്തുതന്നെ ചെയ്യുന്ന പ്രധാന കാര്യങ്ങളാണ്.
എന്നാൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ അസുഖത്തിന്റെ പ്രാരംഭ ദശയിൽ മാത്രമേ സാധ്യമാകുകയുള്ളൂ. മാമ്മോഗ്രാഫിയിലോ മറ്റോ കണ്ടുപിടിക്കപ്പെടുന്ന മുഴകൾ, കക്ഷത്തിലോ മറ്റു ഭാഗങ്ങളിലോ ഉള്ള ലസികാഗ്രന്ഥികളിലേയ്ക്ക് രോഗം പടർന്നിട്ടില്ലാത്ത അവസ്ഥ, ശസ്ത്രക്രിയ യ്ക്കുശേഷവും നിലനിർത്താവുന്ന ആവശ്യത്തിനു വലിപ്പത്തിൽ സ്തനകലകളുടെ ലഭ്യത എന്നിവയൊക്കെ ഈ ശസ്ത്രക്രിയ തെരഞ്ഞെടുക്കുന്നതിൽ മുഖ്യ ഘടകങ്ങളാണ്.
രോഗിക്ക് ശസ്ത്രക്രിയക്ക് സമ്മതമില്ലാതിരിക്കുക, inflammatory breast cancer എന്ന വിഭാഗത്തിൽ പെടുന്ന സ്തനാർബുദം, അണുവികിരണ ചികിത്സ നല്കാൻ കഴിയാത്ത സന്ദർഭങ്ങൾ (ഉദാഹരണത്തിന് രോഗി ഗർഭിണിയായ അവസ്ഥയിൽ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും പൂർത്തിയാക്കുകയും പ്രസവം കഴിയുകയും ചെയ്യുന്ന മുറയ്ക്ക് റേഡിയേഷൻ ചികിത്സ നൽകാവുന്നതുമാണ്), persistent positive margins, അതായത് മുഴയുടെ അരികുകൾ തുടർച്ചയായിത്തന്നെ അർബുദ കോശങ്ങൾക്കു പോസിറ്റീവ് ആയിരിക്കുക, സ്തനത്തിൽ ഉടനീളം microcalcification എന്നറിയപ്പെടുന്ന രൂപത്തിൽ സ്തനാർബുദം വ്യാപിച്ചിരിക്കുക തുടങ്ങിയവയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതിന് തടസ്സമായി കണക്കാക്കുന്നത്. അത് കൂടാതെ വിവിധ ഭാഗ ങ്ങളിൽ അർബുദം ഉണ്ടായിരിക്കുകയും രോഗി പ്രായക്കുറവുള്ള ആളായിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും ഈ ശസ്ത്രക്രിയ നടത്താറില്ല. ഇത്തരത്തിലുള്ള അപൂർവങ്ങളായ ചില സാഹചര്യങ്ങളിൽ മാത്രമേ ഈ ശസ്ത്രക്രിയ ഒഴിവാക്കേണ്ടതുള്ളൂ. പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള പരിചയ സമ്പന്നരായ സർജൻമാർ നടത്തുന്ന ഇത്തരം ശസ്ത്രക്രിയ തന്നെയാണ് സ്തനാർബുദ ചികിത്സയിലെ ഇപ്പോഴത്തെ ഏറ്റവും പ്രമുഖമായ ശസ്ത്രക്രിയ എന്ന് നിസ്സംശയം പറയാം.

ലഘു ശസ്ത്രക്രിയയുടെ സങ്കീർണതകൾ
താരതമ്യേന ലഘുവായ ശസ്ത്രക്രിയ എന്ന് കരുതുന്നുവെങ്കിലും ഇതിലും പല തരത്തിലുള്ള സങ്കീർണതകൾ ഉണ്ടാവാം. കക്ഷത്തിലുള്ള സിരകളിൽ രക്തം കട്ട പിടിക്കുക, തോളിന്റെ പ്രവർത്തന ക്ഷമതയിൽ വൈകല്യം നേരിടുക, ശക്തമായ വേദന, ചർമപാളിയിൽ രക്തയോട്ടം നിലച്ചുപോകുകയും ജീർണത സംഭവിക്കുകയും ചെയ്യുക, കൈപലക തൂങ്ങിപ്പോകുന്ന അവസ്ഥ വരിക, ഞരമ്പുകൾക്കും, പേശികൾക്കും ക്ഷതമേൽ ക്കുക, ലസികാനാളികൾ അടഞ്ഞു നീർവീക്കം വരിക എന്നിങ്ങനെ അപ്രതീക്ഷിതമായ അസംഖ്യം സങ്കീർണതകൾ ഈ ലഘുവായ ശസ്ത്രക്രിയയിൽ പോലും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത്തരം ശസ്ത്രക്രിയയ്ക്കു മുൻപ് തന്നെ രോഗികളോട് അപ്രതീക്ഷിത സങ്കീർണതകൾ ഉണ്ടാകാമെന്ന് മുൻകൂട്ടി പറഞ്ഞു ബോധ്യ പ്പെടുത്തേണ്ടിവരുന്നത്.
ഓങ്കോപ്ലാസ്റ്റി ശസ്ത്രക്രിയ
മുഴ മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ചില ദൂഷ്യങ്ങളും പരിമിതികളുമുണ്ട്. മുഴ മാത്രം നീക്കം ചെയ്യുമ്പോൾ സ്തനകലകൾ നീക്കം ചെയ്യുന്ന ഭാഗത്തുണ്ടാകുന്ന വൈകല്യമാണ് ഇതിൽ ആദ്യത്തേത്. ഇത് പ്രധാനമായും മുഴയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. ഇതിനു പരിഹാരമായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും ചർമ പാളികൾ (skin flaps) കൊണ്ടും ഇത്തരം വിടവുകൾ ഏകദേശം പൂർണമായിത്തന്നെ മറയ്ക്കുകയും അങ്ങനെ സൗന്ദര്യപ്രശ്നമാകാതെ നോക്കുവാനും കഴിയും. ഇങ്ങനെ ONCOPLASTY എന്ന പേരിൽ ചെയ്യപ്പെടുന്ന ശസ്ത്രക്രിയകൾക്ക് വലിയ നേട്ടങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് രണ്ടാമതൊരിക്കൽ ശസ്ത്രക്രിയ ഒഴിവാക്കി ആദ്യ ശസ്ത്രക്രിയാ സമയത്തു തന്നെ ഇത്തരം വൈകല്യ സാദ്ധ്യതകൾ തരണം ചെയ്യുന്നു എന്നതാണ്.
ഇതോടൊപ്പം കക്ഷത്തിലെ ലസികാഗ്രന്ഥികൾ കൂടി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെടുന്നു. രോഗ വ്യാപ്തിയും അവസ്ഥയും അനുസരിച്ചും കക്ഷത്തിലെ ലിംഫ് നോഡുകൾ ഏതറ്റം വരെ ബാധിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാന ത്തിലും വളരെ സൂക്ഷ്മമായിട്ടാണ് കക്ഷ ഭാഗത്തുള്ള ലിംഫ് നോഡുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുന്നത്. സ്തനാർബുദ ശസ്ത്രക്രിയ യിൽ കക്ഷത്തെ ലസികാഗ്രന്ഥികൾ വളരെ പ്രധാനമാണ്. അവയിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമാണ് കക്ഷത്തിലുള്ള lymph nodes നീക്കം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. Sentinel node എന്നറിയപ്പെടുന്ന രോഗബാധിതമെന്നു സംശയിക്കപ്പെടുന്ന ഗ്രന്ഥിയിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. മുഴയിലോ മുലക്കണ്ണിനു ചുറ്റുമോ ഇങ്ങനെ ഡൈ കുത്തിവച്ചശേഷം അത് കക്ഷത്തിലുള്ള ലസികാഗ്രന്ഥിയിൽ എത്തിച്ചേരുകയാണെങ്കിൽ ആ ഗ്രന്ഥിയുടെ ബയോപ്സി പരിശോധന നടത്തുകയുമാണ് ഇതിെൻ്റ ആദ്യ പടി. ഇങ്ങനെ കക്ഷത്തിലെ lymph node- കളിലേക്ക് രോഗം പടർന്നിട്ടുണ്ട് എന്നുറപ്പായാൽ കക്ഷത്തിലെ ലസികാ ഗ്രന്ഥികൾ പൂർണമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുന്നു.
സ്തനത്തിന്റെ മധ്യഭാഗത്തുണ്ടാവുന്ന മുഴകൾ, ഒന്നിലധികം മുഴകൾ, സ്തനഗ്രന്ഥികളിലെ കുഴലുകളിൽ ഉണ്ടാകുന്ന അർബുദം എന്നിവയിലൊക്കെ സാധാരണയായി ചെയ്യുന്ന ശസ്ത്രക്രിയ ആണ് Skin Sparing Surgery. പേരിൽ സൂചിപ്പിക്കുന്ന പോലെ പരമാവധി സാധാരണ തൊലി നിലനിർത്തുക എന്നതാണ് ഈ ശസ്ത്രക്രിയയുടെ ഉദ്ദേശ്യം. മുലക്കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും നീക്കം ചെയ്യന്നതോടൊപ്പം പരമാവധി സാധാരണ ചർമം നിലനിർത്തുകയാണ് ഈ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. സ്തനം പൂർണമായി നീക്കം ചെയ്യേണ്ട സഹചര്യങ്ങളിൽ ചർമത്തിന് കുഴപ്പമൊന്നുമില്ലെങ്കിൽ ചർമം പൂർണമായി സംരക്ഷിച്ചു നിർത്തുകയും, ചിലപ്പോൾ മുലക്കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും കൂടി ഇങ്ങനെ സംരക്ഷിക്കാനായി എന്നും വരാം. അവ ഉപയോഗിച്ചു സ്തന പുനർനിർമാണ ശസ്ത്രക്രിയ ഉടനെ തന്നെ ചെയ്യാൻ കഴിയും എന്നതാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത.
മോഡിഫൈഡ് റാഡിക്കൽ മാസ്റ്റെക്ടമി (MRM)
സ്തനാർബുദ ശസ്ത്രക്രിയകളിൽ, പ്രധാനപ്പെട്ട ഒന്നാണ് ഈ ശസ്ത്രക്രിയ. 5 സെൻ്റിമീറ്ററിൽ അധികം വലിപ്പമുള്ള മുഴകൾ, ഒന്നിലധികം മുഴകൾ എന്നിവയിലൊക്കെ ഈ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഈ ശസ്ത്രക്രിയയിൽ സ്തനം മൊത്തമായിത്തന്നെ നീക്കം ചെയ്യപ്പെടുന്നു. അതിൽ മുലക്കണ്ണ്, ചുറ്റുമുള്ള കലകൾ എന്നിവയൊക്കെ പെടും. അതോടൊപ്പം സ്തനത്തിനടിയിലുള്ള പേശികൾ, കക്ഷത്തിലുള്ള ലസികാ ഗ്രന്ഥികൾ എന്നിവയും. എന്നാൽ ചില സിരകളും, ഞരമ്പുകളും ശസ്ത്രക്രിയയിൽ നിന്നൊഴിവാക്കി നിർത്തുന്നു. കൈകളിൽ ഉണ്ടാകുന്ന വലിയ നീർവീക്കമാണ് ഈ ശസ്ത്രക്രിയയിൽ സാധാരണയായി കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണത.
സ്തന പുനർനിർമാണ ശസ്ത്രക്രിയ
അർബുദ ചികിത്സയോടൊപ്പം നടത്തുന്ന പുനർനിർമാണത്തിന് ഇപ്പോൾ വളരെ കൂടുതൽ പ്രാമുഖ്യം നൽകിവരുന്നു. രോഗം പ്രാരംഭ ദശയിലാണെങ്കിൽ മാത്രമേ ഈ ശസ്ത്രക്രിയ സാധ്യമാകൂ. ഇരുവശത്തേയും മാറുകൾ തമ്മിലുള്ള സമമിതി (symmtery) ആണ് ഇവിടെ ഏറ്റവും പ്രധാനം. ഈ ശസ്ത്രക്രിയയിൽ പിന്നീട് പുനർനിർമാണം സാധ്യമാക്കാൻ പാകത്തിൽ പരമാവധി ചർമം നിലനിർത്തുന്നു. സ്തനങ്ങളുടെ ആകൃതി, വലിപ്പം, സ്പർശനക്ഷമത ഇവയൊക്കെ ആകർഷകമായ വിധത്തിൽ രൂപപ്പെടുത്തുകയാണ് ഈ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. സ്തനങ്ങളുടെ പുനർനിർമാണ ശസ്ത്രക്രിയ അർബുദ ശസ്ത്രക്രിയയോടൊപ്പമോ പിന്നീടോ ചെയ്യാവുന്നതാണ്. അർബുദ ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ഒരേ സമയത്തു തന്നെ ചെയ്യാൻ കഴിഞ്ഞാൽ വളരെയധികം സമയം ലഭിക്കാമെന്ന തോടൊപ്പം രണ്ടാമതൊരു ശസ്ത്രക്രിയയുടെ മറ്റ് അസൗകര്യങ്ങൾ ഒഴിവാക്കുകയും ചെയ്യാം. താരതമ്യേന കുറഞ്ഞ ചെലവും, മറ്റു ശാരീരികവും, മാനസികവുമായ അനേകം പ്രശ്നങ്ങളും ഒഴിവായി കിട്ടുകയും ചെയ്യും. മാത്രവുമല്ല അർബുദ ശസ്ത്രക്രിയാ സമയത്തുതന്നെ കലകളുടെ കൃത്യമായ അതിരുകൾ മനസ്സിലാക്കി പുനർനിർമാണം കൂടി നടത്തുന്നതിനാൽ ആത്യന്തികമായ ഫലവും മെച്ചപ്പെട്ടിരിക്കും.
READ ALSO
എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?
കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട
ചിക്കൻ പോക്സ്
ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല
പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ
കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ
കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ
സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ
സെറിബ്രൽ പാൾസി
കാൻസറും
പൊരുത്ത ചികിത്സയും
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ
പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ
മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും
ഗാർഹിക പ്രസവവും
മരത്തണലിലെ കാറും
ചാമ്പയ്ക്ക മണമുള്ള പനിക്കാലം
വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ
താമസിച്ചുള്ള പുനർനിർമാണം
അർബുദ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരവസരത്തിൽ ചെയ്യുന്ന പുനർനിർമാണത്തിനും അതിന്റേതായ ഗുണഫലങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം രോഗിക്ക് ശസ്ത്രക്രിയയയ്ക്കു പുറമെയുള്ള മറ്റു ചികിത്സകൾ കൂടി ഇതിനിടയിൽ പൂർത്തിയാക്കാൻ അവസരം കിട്ടുന്നു എന്നതാണ്.
പുനർനിർമാണത്തിനായി ദശവികസന ഉപകരണങ്ങളും (Tissue expanders and implants) ശരീത്തിലെ തന്നെ കലകൾ, പ്രത്യേകിച്ചും സ്തനത്തിലെ കലകൾ, ഉദരത്തിലെ ദശ, കാലുകളിൽ നിന്നുള്ള ദശ, മുതുകു ഭാഗത്തു നിന്നുള്ള ദശകൾ എന്നിവയൊക്കെ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന ദശകളിലെ രക്ത യോട്ടം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
വായു കടത്തി വീർപ്പിച്ചു ദശകൾക്കിടയിൽ തിരുകി കയറ്റാവുന്ന ഉപകരണങ്ങൾ ഒക്കെ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു, പത്തു പതിന്നാലു ദിവസം കൊണ്ട് ഇവ വികസിപ്പിച്ചെടുക്കുകയും ഏകദേശം ആറു മാസം കൊണ്ട് ഇവ സാധാരണ വലിപ്പത്തിൽ ആകുകയും ചെയ്യുന്നു. എന്നാൽ, ഇപ്പോൾ ലഭ്യമായ സൗകര്യങ്ങളിൽ നേരിട്ട് തന്നെ സ്ഥാനപുനർനിർമാണ ശസ്ത്രക്രിയ സാധ്യമാണ് എന്ന് മാത്രമല്ല അർബുദ ശാസ്ത്രക്രിയയോടൊപ്പം തന്നെ പുനർനിർമാണവും നടത്തുന്ന രീതിയാണ് വ്യാപകമായി വരുന്നത്.
കൃതിമ സ്തനങ്ങൾ
സാധാരണയായി ദീർഘനേരം വേണ്ടിവരുന്ന ശസ്ത്രക്രിയകൾ ചെയ്യാൻ അനുയോജ്യരല്ലാത്ത സ്ത്രീകളിലാണ് കൃത്രിമ സ്തനങ്ങൾ വച്ചുപിടിപ്പിക്കുന്നത്. ഒരു കവചത്തിൽ ഉൾക്കൊള്ളിച്ച സിലിക്കൺ ജെൽ ആണിത്. സ്തനങ്ങളുടെ അളവിനനുസരിച്ചു ഇത്തരത്തിൽ കൃത്രിമ സ്തനങ്ങൾ നിർമിക്കാം. പുതിയ മുലക്കണ്ണും ഇത്തരത്തിലുള്ള ‘സ്തനത്തോട്‘ ഘടിപ്പിക്കാം. ഇങ്ങനെ ഇംപ്ളാൻ്റ്സ് യഥാസ്ഥാനത്തു ഘടിപ്പിക്കാൻ അസംഖ്യം മാർഗങ്ങളും, സമീപനങ്ങളും ഉണ്ട്. മാറിലെ ദശകൾക്കടിയിലും പേശികൾക്കടിയിലും ഒക്കെയായി ഇതിനായി അനേകം മാർഗങ്ങൾ അനുവർത്തിച്ചുവരുന്നു.
സ്തനാർബുദ ശസ്ത്രക്രിയനാന്തര പ്രശ്നങ്ങൾ
സ്തനാർബുദ ശസ്ത്രക്രിയകളിൽ ഓരോന്നിലും ഉണ്ടാകാവുന്ന സങ്കീർണതകൾ നേരത്തെ വിശദമായി പ്രതിപാദിച്ചല്ലോ. രോഗാണുബാധയും പഴുപ്പുണ്ടാകലും, വേദന, പെരുപ്പും തരിപ്പും, സ്തനത്തിന്റെ സമമിതി നഷ്ടപ്പെടൽ, മുറിവുണങ്ങാൻ കാലതാമസം, ത്വക്ക് കുഴിഞ്ഞുപോകൽ എന്നിങ്ങനെ അസംഖ്യം സങ്കീർണതകൾ വേറെയും വരാം. ഇത് കൂടാതെ നെഞ്ചിന്റെ മുൻഭാഗത്തും, വശങ്ങളിലും, കക്ഷത്തിലുമൊക്കെ ഉണ്ടാകാവുന്ന രൂക്ഷമായ വേദനയാണ് മറ്റൊരു പ്രശ്നം. ന്യൂറാൾജിക് പെയ്ൻ (Neuralgic pain) എന്ന വിഭാഗത്തിൽ പെടുന്ന ഈ അസഹ്യമായ വേദന താരതമ്യേന അപൂർവ്വമാണെങ്കിലും അതുണ്ടാക്കുന്ന രോഗികളിൽ ഉണ്ടാക്കുന്ന രോഗാതുരത വളരെ വലുതാണ്.
സാധാരണയായി ശസ്ത്രക്രിയയാണ് സ്ഥാനാർബുദത്തിനുള്ള പ്രാഥമികമായ ചികിത്സാമാർഗമെങ്കിലും പലപ്പോഴും പൂർണ ചികിത്സയ്ക്ക് ശസ്ത്രക്രിയ മാത്രം മതിയാവില്ല. വലിപ്പം കൂടുതൽ ഉള്ള മുഴകളിൽ ശസ്ത്രക്രിയ യ്ക്കു മുൻപ് തന്നെ അണുവികിരണ ചികിത്സ നൽകി മുഴയുടെ വലിപ്പം കുറയ്ക്കുന്ന രീതിയും അനുവർത്തിച്ചുവരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ അനുബന്ധമായ മരുന്ന് ചികിത്സ, അണുവികിരണ ചികിത്സ, ഹോർമോൺ ചികിത്സ, ടാർജെറ്റഡ് തെറാപ്പി തുടങ്ങി അസംഖ്യം ചികത്സാ മാർഗങ്ങൾ വേറെയും ഉണ്ട്. ഇവയിൽ ഓരോന്നും രോഗത്തിന്റെയും രോഗിയുടെയും പ്രത്യേകതകൾ അനുസരിച്ച്, സമന്വയിപ്പിച്ചുള്ള ചികിത്സ കൊണ്ടാണ് സ്തനാർബുദ ചികിത്സ വിജയകരമാക്കാൻ കഴിയുന്നത്.
(ഈ ലേഖനത്തിെൻ്റ കരട് വായിച്ചു അഭിപ്രായം പറയുകയും ചില തിരുത്തലുകൾ നിർദേശിക്കുകയും ചെയ്ത തിരുവനന്തപുരം റീജ്യനൽ കാൻസർ സെൻ്ററിലെ അർബുദ ശസ്ത്രക്രിയ വിഭാഗം തലവൻ ഡോ. പോൾ അഗസ്റ്റിനും അതിനു സഹായിച്ച ഗോകുലം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ റെജി ജോസിനും പ്രത്യേക നന്ദി).
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

