അടുത്തിടെയുണ്ടായ ഒരു സംഭവം പറഞ്ഞു തുടങ്ങാം. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളെ അഭിമുഖീകരിക്കുന്നതിനിടെയാണ് നടൻ സലിംകുമാറിന്റെ മകൻ ചന്തു നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുന്ന കാഴ്ച ലോകം കണ്ടത്. വീട്ടിലെ സംസ്കാരചടങ്ങുകൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വീഡിയോ പകർത്തുന്ന വ്യക്തികളുമൊക്കെ തിരക്കു കൂട്ടുകയായിരുന്നു. പോലീസുകാർ ശ്രമിച്ചിട്ടുപോലും ക്യാമറയും മൊബൈലുകളുമായി അവർ മാറാതെനിന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾപോലും തടസപ്പെടുന്നവിധം കുടുംബാംഗങ്ങളുടെ മുഖത്തേക്ക് ക്യാമറകൾ നീണ്ടതോടെ ചന്തുവിന് സങ്കടവും രോഷവും അണപൊട്ടി. ഒടുവിൽ “എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?” എന്നു ചോദിക്കേണ്ടിവന്നു.
ഇത് മാധ്യമപ്രവർത്തനമല്ല. എന്തെങ്കിലുമൊക്കെ അപകടങ്ങൾ ഉണ്ടാകുമ്പോഴും ദുരന്തമുഖത്തുമൊക്കെ മൊബൈൽ ഫോണുമായി തടമുണ്ടാക്കുന്നവരുണ്ട്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറിയിരിക്കുന്നു. ഇതു മറ്റുള്ളവരുടെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്.
സാങ്കേതികവിദ്യ മനുഷ്യരുടെ കൈകളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമ്പോൾ അതിനൊപ്പം വളരേണ്ടിയിരുന്ന ഉത്തരവാദിത്ത ബോധം പലപ്പോഴും പിന്നിലാകുന്നതിന്റെ തെളിവാണ് ഇത്. മറ്റൊരാളുടെ സ്വകാര്യ നിമിഷങ്ങൾ പോലും സ്വന്തം കൗതുകത്തിന്റെയോ സാമൂഹിക മാധ്യമ പ്രശസ്തിയുടെയോ ഉപാധിയായി കാണുന്ന അപകടകരമായ സംസ്കാരം സമൂഹത്തിൽ വളർന്നു വരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. അപകടസ്ഥലങ്ങളിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനുപകരം അവരുടെ ദൃശ്യങ്ങൾ പകർത്തുന്നവർ, റോഡപകടത്തിൽ രക്തം വാർന്ന് കിടക്കുന്ന മനുഷ്യന്റെ അടുത്തേക്ക് ഓടിയെത്തുന്നത് രക്ഷിക്കാനല്ല, മറിച്ച് വീഡിയോ എടുക്കാനാണ് എന്ന അവസ്ഥ, ദുരന്തമുഖങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ മുഖത്തേക്ക് ക്യാമറ തള്ളിക്കയറ്റുന്ന രീതി ഇവയെല്ലാം ഒരേ മനോ ഭാവത്തിന്റെ പ്രകടനങ്ങളാണ്.

സാമൂഹിക മാധ്യമങ്ങളാണ് ഈ പ്രവണതയെ കൂടുതൽ അപകടകരമാക്കിയത്. ഓരോ മനുഷ്യനും ഇപ്പോൾ മാധ്യമ പ്രവർത്തകരാകാൻ ശ്രമിക്കുകയാണ്. എന്നാൽ മാധ്യമ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തമോ ധാർമികബോധമോ ഇല്ലാതെയാണ് പലപ്പോഴും ആ ശ്രമം. കാഴ്ചക്കാരെ നേടണം, വൈറലാകണം, ലൈക്കുകളും ഷെയറുകളും വർധിക്കണം എന്ന ലക്ഷ്യമാണ് പലരെയും നയിക്കുന്നത്. മറ്റൊരാളുടെ ദുഃഖം സ്വന്തം ഡിജിറ്റൽ പ്രശസ്തിക്കുള്ള അസംസ്കൃത വസ്തുവായി മാറുന്നു. മനുഷ്യന്റെ മരണം പോലും ചിലരുടെ കണ്ണിൽ ഒരു ‘കണ്ടന്റ്’മാത്രമായി ചുരുങ്ങുന്നു. ഒരുകാലത്ത് മരണം സമൂഹത്തെ നിശ്ശബ്ദമാക്കിയിരുന്നു. മരണവീടുകൾ അനുശോചനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഇടങ്ങളായിരുന്നു. ഇന്ന് വിലാപയാത്രകളിലും സംസ്കാരചടങ്ങുകളിലും പോലും ചിലർ സ്വന്തം സാന്നിധ്യം രേഖപ്പെടുത്താനുള്ള മത്സരത്തിലാണ്.
പ്രശസ്തരുടെയും പൊതുപ്രവർത്തകരുടെയും കലാകാരരുടെയും കാര്യത്തിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പൊതുജീവിതത്തിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചാൽ അദ്ദേഹത്തോടുള്ള ആദരവ് അർപ്പിക്കാൻ ജനങ്ങൾ എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, അതുകൊണ്ട് ആ കുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാകുന്നില്ല. ഒരു സെലിബ്രിറ്റിയുടെ മരണവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖവും പൊതുസ്വത്തല്ല.അവരുടെ കണ്ണീരും അവരുടെ വേദനയും ചിത്രീകരിക്കാനുള്ള അവകാശം ആർക്കും ലഭിക്കുന്നില്ല. ജനപ്രിയ ത ഒരാളുടെ സ്വകാര്യതയെ റദ്ദാക്കുന്നില്ല എന്ന അടിസ്ഥാന സത്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
വേണ്ടത് ശക്തമായ നിയമം
സ്വകാര്യ സ്ഥലങ്ങളിലും ചടങ്ങുകളിലും ചിത്രമെടുപ്പും റീൽസെടുപ്പും നിയന്ത്രിക്കാൻ ശക്തമായ ഒരു പുതിയ നിയമമാണ് വേണ്ടത്. പരാതികളുണ്ടായാൽ ഐ. ടി ആക്ട് അടക്കം മറ്റു നിയമങ്ങളുടെ പരിധിയിലുൾപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. അത് പലപ്പോഴും വിചാരണ സമയത്ത് ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കാനിടയില്ല. പൊതുവെ, സ്വകാര്യതലംഘിച്ച് ചിത്രമെടുക്കുന്ന കുറ്റം ചുമത്തുമ്പോൾ സ്വകാര്യമായി ചെയ്തതാണോ എന്ന ചോദ്യമുയരും. പരസ്യമായി ഒരു കുടുംബം ചെയ്ത കാര്യത്തിൽ സ്വകാര്യത അവകാശപ്പെടാൻ പലപ്പോഴും കഴിയുകയില്ല. പ്രശസ്ത വ്യക്തികളുടെ മരണം പോലുള്ളവ വലിയ പൊതു പ്രാധാന്യമുള്ളവയാ ണല്ലോ.അതിനാൽ സ്വകാര്യസ്ഥലങ്ങളിലും സ്വകാര്യ ചടങ്ങുകളിലും ആർക്കൊക്കെ ചിത്രമെടുക്കാമെന്ന പ്രത്യേകമായ നിയമമാണ് ആവശ്യം.

റീൽസ്, ഫോട്ടോയെടുപ്പ് എന്നിവ നിയന്ത്രിക്കാൻ വ്യക്തമായ നിയമം ഇപ്പോഴില്ല. ഫോണുപയോഗിക്കുന്നതിനാൽ സൈബർ കുറ്റകൃത്യം എന്ന നിലയിലാണ് കണക്കാക്കുന്നത്. എന്നാൽ അത്തരം ചിത്രീകരണം തന്നെ വേറിട്ടുള്ള ഒരു കുറ്റകൃത്യമായി പരിഗണിക്കാൻ ഇപ്പോൾ സാദ്ധ്യമല്ല. നമ്മുടെ അനുവാദമില്ലാതെ ആർക്കും വീട്ടിൽ പ്രവേശിക്കാനാവില്ലല്ലോ. അതുപോലെ വീട്ടിൽ ഫോട്ടോ എടുക്കാനും നമ്മുടെ അനുവാദം വേണമെന്ന് നിയമപ്രകാരം നിഷ്കർഷിക്കാം. ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പാടില്ലെന്ന് സർക്കാർ പലയിടത്തും ബോർഡ് വെച്ചിട്ടുണ്ട്. പരസ്യം പതിക്കാൻ പാടില്ലെന്ന് സ്വകാര്യവ്യക്തി പറയുന്നത് അംഗീകരിക്കപ്പെടുന്നുണ്ട്. അതുപോലെയാകണം വീടിനകത്തു ഫോട്ടോയെ ടുക്കാൻ പാടില്ലെന്നതും.
പൊതുപ്രാധാന്യമില്ലാത്ത ഏതെങ്കിലും വ്യക്തിയുടെ ചിത്രങ്ങളെടുക്കാൻ ആ വ്യക്തിയുടെ സമ്മതം വേണമെന്നും വ്യക്തി ആവശ്യപ്പെട്ടാൽ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണം എന്നതടക്കമുള്ള നിയമം വേണം. ഇത്തരം നിയമങ്ങൾ വിദേശരാജ്യങ്ങളിലുണ്ട്. ഡിലീറ്റ് ചെയ്തില്ലെങ്കിൽ ശിക്ഷയ്ക്കും നിയമത്തിൽ വ്യവസ്ഥയുണ്ടാകണം. ഏതെങ്കിലും സ്വകാര്യസ്ഥലത്ത് ചിത്രമെടുക്കണോ വേണ്ടയോ എന്നത് ആ സ്ഥലം നിയന്ത്രിക്കുന്ന വ്യക്തിയുടെ അവകാശമായിരിക്കണം. അതുപോലെ സ്വകാര്യ ചടങ്ങുകളിലും ഫോട്ടോയെടുപ്പിന് ചടങ്ങ് നടത്തുന്നയാളുടെ അനുമതി വേണം. വിവാഹംപോലെ ചടങ്ങുകളിൽ ഫോട്ടോയെടുക്കാൻ നിന്ത്രണമുണ്ടാവണം. വീട്ടിൽ നിന്ന് ഏതെങ്കിലും രേഖ എടുത്തുകൊണ്ടുപോയാൽ അത് കളവാണല്ലോ, അതേപോലെയാണ് അനുവാദമില്ലാതെയുള്ള ചിത്രമെടുക്കലും.
അവസാനമായി…
നിയമം കൊണ്ടു മാത്രം ഇത് തടയാനാവില്ല. അടിസ്ഥാനപരമായി സംസ്കാരത്തിന്റെ പ്രശ്നമാണ്. പൗരർ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്; നമ്മുടെ കുടുംബത്തിലെ ഒരാളുടെ മരണസമയത്ത് അപരിചിതർ ക്യാമറയുമായി കടന്നുവന്നാൽ നാമത് അംഗീകരിക്കുമോ? മൊബൈൽ ഫോൺ മനുഷ്യന്റെ കൈയിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളിൽ ഒന്നാണ്. എന്നാൽ അതിന്റെ ഉപയോഗത്തിന് അതിരുകൾ വേണം. സാങ്കേതികവിദ്യ വളരുമ്പോൾ മാനവികതയും ഒപ്പം വളരണം. ക്യാമറ ഓൺ ചെയ്യുന്നതിനുമുമ്പ് കരുണ ഓൺ ചെയ്യാൻ കഴിയണം. വൈറലാകുന്നതിനേക്കാൾ വിലപ്പെട്ടതാണ് മറ്റൊരാളുടെ അന്തസ്സും സ്വകാര്യതയും എന്ന ബോധം സമൂഹം വീണ്ടെടുക്കേണ്ട സമയമാണിത്. ലളിതമായ ആ സത്യം മറക്കുന്ന സമൂഹം സാങ്കേതികമായി പുരോഗമിച്ചേക്കാം; പക്ഷേ മനവീകമായി പിന്നോട്ടാണ് പോകുന്നത്.
READ: കല്യാണമണ്ഡപത്തിൽ ഒരു വധു
കുട്ടികളിലെ
വൃക്കരോഗങ്ങൾ
കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം (CKDu): വടക്കൻ കേരളം
ഹോട്ട്‌സ്പോട്ടാണോ?
സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം
ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും
പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും
വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര
ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

