എന്റെ പരിശാധനാമുറിയുടെ വാതിൽ തുറന്ന് അമ്മയോടൊപ്പം ഉയരമുള്ള, മെലിഞ്ഞ ഒരു കൗമാരപ്രായക്കാരൻ അകത്തേക്ക് നടന്നുവന്നു. മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. കൈയിൽ ഒരു മിഠായിപ്പെട്ടി.
“ഡോക്ടർ… ഞാൻ ഹൈസ്കൂൾ പാസായി. ഇത് തരാൻ വന്നതാണ്", അവൻ മിഠായിപ്പെട്ടി മേശമേൽ വെച്ചു.
"ഇനി സാറിനെപ്പോലെ ഒരു ഡോക്ടറാകണം.”
അവന്റെ ശബ്ദം ഉറച്ചതായിരുന്നു. ഞാൻ ഒരു നിമിഷം വിചാരിച്ചു; ഇവൻ ആരാണ്? ഓർമ്മയുടെ തിരശ്ശീലകൾ തുറന്നുനോക്കിയെങ്കിലും മുഖം വ്യക്തമായില്ല.
പക്ഷേ, അമ്മയുടെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം; കാലം പിന്മാറി.
കുട്ടികളുടെ മുഖം പെട്ടന്ന് മാറിക്കൊണ്ടേയിരിക്കും. ശിശുരോഗചികിത്സയിൽ, നമ്മൾ പലപ്പോഴും കുട്ടികളെ അവരുടെ മാതാപിതാക്കളുടെ മുഖം കൊണ്ടാണ് ഓർക്കുന്നത്. ആ അമ്മയുടെ കണ്ണുകളിൽ ഞാൻ വർഷങ്ങൾക്കുമുമ്പ് കണ്ടത് ആശങ്കയുടെ നിഴൽ… ഇന്നത് അഭിമാനത്തിന്റെ പ്രകാശമായി മാറിയിരുന്നു.
ശിശുരോഗചികിത്സയുടെ ലോകം വ്യത്യസ്തമാണ്. ഇവിടെ ചെറിയ നേട്ടങ്ങൾക്കും വലിയ ആഘോഷമുണ്ട്.
ഒരു കുഞ്ഞിന്റെ ആദ്യ ശ്വാസം…
ആദ്യ ചുവട്…
ആദ്യ പിറന്നാൾ.
അത്തരം ഒരു ചെറിയ നേട്ടത്തിന്റെ വലിയ കഥയാണ് സാം എന്ന ഈ കുട്ടി.
മൂന്ന് വയസ്സുള്ളപ്പോൾ സാം എന്റെ അടുത്തുവന്നു. അവൻ സംസാരിച്ചിരുന്നില്ല, ഒരൊറ്റ വാക്കുപോലും. മാതാപിതാക്കൾ അവനെ 'മിണ്ടാപ്രാണി' എന്ന് വിശേഷിപ്പിച്ചു.
26 ആഴ്ചയിൽ ജനനം. നാല് മാസം നവജാത ഐ. സി യു. വിൽ. ശ്വാസം ഇപ്പോഴും വീസൽ ശബ്ദത്തോടെ. കണ്ണുകൾക്ക് തടിച്ച കണ്ണട. ഒരു ന്യൂറോളജിസ്റ്റിന്റെ കുറിപ്പടിയിൽ കഠിനമായ വാക്ക്- ‘ഗ്ലോബൽ ഡിലേ’. അതായത് വളർച്ചയും ബുദ്ധി വികാസവും വളരെ പിറകിൽ എന്ന്.
“അവൻ സംസാരിക്കുമോ, ഡോക്ടർ?’’, അമ്മയുടെ ശബ്ദത്തിൽ വിങ്ങലുണ്ടായിരുന്നു.
സാം അതേസമയം എന്റെ മേശയിലുള്ള പേനകൾ നിരത്തിക്കൊണ്ടിരുന്നു. ലോകം അവനുമായി സംസാരിച്ചില്ല… അവനും ലോകത്തോട് സംസാരിച്ചില്ല.
“എനിക്ക് ഇപ്പോഴേ അറിയില്ല,” ഞാൻ സത്യം പറഞ്ഞു.
‘‘പക്ഷേ, നമുക്ക് ശ്രമിക്കാം. ശ്രമിക്കണം’’.
അത് ഒരു യാത്രയുടെ തുടക്കമായിരുന്നു.
മാസംതോറും സാം വന്നിരുന്നു.
സ്പീച്ച് തെറാപ്പി.
ഒക്ക്യുപേഷണൽ തെറാപ്പി.
എർലി ഇന്റർവെൻഷൻ.
പുരോഗതി? വളരെ സാവധാനം.
ഒരു ദിവസം അവൻ വിരൽചൂണ്ടി. മറ്റൊരു ദിവസം കൈവീശി. പിന്നീട്, കോപം വരുമ്പോൾ കരഞ്ഞ് പ്രതികരിക്കാൻ തുടങ്ങി. അതെ, അതും ആശയവിനിമയമായിരുന്നു. ഞങ്ങൾ അത് ആഘോഷിച്ചു.
അവന് പരിശോധന ഇഷ്ടമല്ലായിരുന്നു. ആദ്യമൊന്നും തൊടാൻ പോലും സമ്മതിച്ചിരുന്നില്ല. സ്റ്റെതസ്കോപ്പ് ഭയന്നു. ഓരോ വരവിലും അവൻ ഒരു കളിപ്പാട്ടം കൊണ്ടുവന്നിരുന്നു. ഒരു ഫയർ ട്രക്ക്. അതിന്റെ തകർന്ന ഒരു ഭാഗം അവൻ ഉയർത്തിക്കാട്ടി.
“ട്രക്ക് ശരിയാക്കാം” എന്നു പറഞ്ഞ് ഞാൻ അതിൽ ബാൻഡ് എയ്ഡുകൾ ഒട്ടിച്ചു. അത് ഒരു കളി മാത്രമല്ലായിരുന്നു, അത് വിശ്വാസം പടുത്തുയർത്തിയ ഒരു പാലമായിരുന്നു.
സാമിന്റെ മാതാപിതാക്കൾ, അവർ അസാധാരണമായ മനഃശക്തിയുള്ളവരായിരുന്നു. അവർ അവന്റെ ഓരോ ശബ്ദവും രേഖപ്പെടുത്തി. ഓരോ ചലനവും കുറിച്ചു. ഏറെ നേരം അവനെയും കൊണ്ട് യാത്ര ചെയ്തു. ഒരു ചികിത്സയും വിട്ടുപോയില്ല.
അവർ ഒരിക്കലും “എന്തുകൊണ്ട് ഞങ്ങളുടെ കുട്ടിക്ക് ഇങ്ങനെ വന്നു?” എന്ന് ചോദിച്ചില്ല. അവർ ചോദിച്ചത് ഒരേയൊരു കാര്യമാണ്- “ഇനിയെന്ത് ചെയ്യാം?”
അവന്റെ അഞ്ചാം പിറന്നാൾ. ഒരു ചെറിയ ടൈ ധരിച്ച് സാം എത്തി. അവൻ ഓടി വന്ന് എന്റെ മടിയിൽ കയറി, ആദ്യമായി.
മിഠായികൾ എന്റെ കൈയ്യിൽ തന്നു.
പിന്നെ, ഒരു നിമിഷം നിശ്ശബ്ദം.
അവൻ ചോദിച്ചു; "ഇനിയും?"
ഒരു വാക്ക്. പക്ഷേ, ഒരു ലോകം.
അമ്മയുടെ കണ്ണുനീരും ചിരിയും ചേർന്ന ശബ്ദം; "ഇപ്പോൾ അവൻ കുറച്ചു വാക്കുകൾ പറയും".
കുറച്ചുവർഷങ്ങൾക്കുശേഷം, പന്ത്രണ്ടുകാരനായി സാം വീണ്ടും വന്നു- അവന്റെ ശാരീരികവളർച്ച 90-ാം ശതമാനത്തിൽ. ശ്വാസകോശം ശുദ്ധം. ഇപ്പോഴും കണ്ണട. പക്ഷേ, അവൻ നിർത്താതെ സംസാരിച്ചു. സ്കൂളിനെക്കുറിച്ച്, സയൻസ് പ്രോജക്റ്റിനെക്കുറിച്ച്, ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച്…

പോകാൻ നേരം ബാഗിൽ നിന്ന് എന്തോ എടുത്തു. അത് ആ പഴയ ഫയർ ട്രക്കായിരുന്നു- നിറം മങ്ങിയ, ഒരു ചക്രം ഇല്ലാത്ത ട്രക്ക്.
സാം പറഞ്ഞു; “മറ്റു കുട്ടികൾക്ക് ഉപയോഗിക്കാമെന്ന് വിചാരിച്ചു.”
ചിലപ്പോൾ പരിശോധനാമുറിയിൽ ഈ ട്രക്ക് കണ്ടു മറ്റു കുട്ടികൾ ചോദിക്കും:
“ഇത് ആരുടേതാണ്?”
ഞാൻ പറയും: “സംസാരിക്കാൻ പഠിക്കേണ്ടിവന്ന ഒരു കുട്ടിയുടെതാണ്.”
അവർ ചോദിക്കും: “അവൻ പഠിച്ചോ?”
ഞാൻ പുഞ്ചിരിക്കും: “അവൻ ഇപ്പോൾ സംസാരം ഒരിക്കലും നിർത്തുന്നില്ല.”
വർഷങ്ങൾ കഴിഞ്ഞു.
ഇപ്പോൾ, എന്റെ മുന്നിൽ നിൽക്കുന്ന ഈ യുവാവ്, അവനാണ് ആ സാം. ആരോഗ്യം നിറഞ്ഞ ശരീരം. തിളങ്ങുന്ന കണ്ണുകൾ. നിർത്താതെ സംസാരിക്കുന്ന ഒരു ശബ്ദം.
“ഡോക്ടർ, ഞാൻ സയൻസ് എടുത്തു. ഡോക്ടറാകണം, നിങ്ങളെപ്പോലെ’’.
എന്റെ ഹൃദയം നിറഞ്ഞു. ചില രോഗികൾ നമ്മെ ചിന്തിക്കാൻ പഠിപ്പിക്കും. ചിലർ ക്ഷമ പഠിപ്പിക്കും. പക്ഷേ ചിലർ…ജീവിതത്തിന്റെ അർത്ഥം തന്നെ പഠിപ്പിക്കും.
ഒരു ചെറിയ വാക്ക്; "ഇനിയും".
അത് പ്രതീക്ഷയാണ്.
അത് പരിശ്രമമാണ്.
അത് വിജയത്തിന്റെ വാതിൽ തുറക്കുന്ന ഒരു താക്കോലാണ്.
ആ ദിവസം, സാം “ഇനിയും” എന്നു പറഞ്ഞപ്പോൾ; അവൻ സംസാരിക്കാൻ മാത്രമല്ല പഠിച്ചത്, അവൻ ജീവിതത്തോട് പറഞ്ഞു-
“ഇനിയും വേണം… ഞാൻ മുന്നോട്ടു പോകും.”
ഇന്നത് കാണുമ്പോൾ; ആ “ഇനിയും”
ഒരു സ്വപ്നമായി വളർന്നു…
ഒരു ലക്ഷ്യമായി ഉയർന്നു…
ഒരിക്കൽ നിശ്ശബ്ദനായിരുന്ന ഒരു കുട്ടിയെ
ഭാവിയിലെ ഒരു ഡോക്ടറാക്കി മാറ്റി.
READ: മൂക്കിൽനിന്നുള്ള
രക്തസ്രാവം
ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്നവരുടെ
ജീവൻ രക്ഷിക്കാൻ
ഓട്ടോമേറ്റഡ്
എക്‌സ്റ്റേണൽ
ഡിഫിബ്രിലേറ്റർ (AED)
മാതൃ ശിശു
ആരോഗ്യത്തെക്കുറിച്ച്
ചില ചിന്തകള്‍
സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം
വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം
കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ
മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല
ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം
പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ
പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?
പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും
രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം
ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

