ആഹാരം ഏതൊരു മനുഷ്യന്റെയും നിലനില്പിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ആഹാരം നന്നല്ലെങ്കിൽ ഔഷധം പോലും പ്രയോജനമില്ലാതാകും. ആഹാരം നന്നായാൽ ഔഷധം ആവശ്യമില്ല എന്നാണല്ലോ ചൊല്ല്. നാം കഴിക്കുന്ന ആഹാരം അത്രത്തോളം പ്രാധാന്യമുള്ളതാണ്. ഒരാളുടെ ശരീരത്തിനെ മാത്രമല്ല മനസ്സിനെയും പോഷിപ്പിക്കാൻ നാം കഴിക്കുന്ന സമ്പുഷ്ടമായ ആഹാരത്തിന് സാധിക്കും.
ഭക്ഷണലഭ്യത ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ ജനതയുടെ ആരോഗ്യം വർദ്ധിച്ചിട്ടുണ്ടോ എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. ഏതു പാതിരാത്രിക്കും ആഹാരം ഓർഡർ ചെയ്ത് കഴിക്കാനും ഏതുതരം ഡയറ്റ് പ്ലാനുകൾ ലഭിക്കാനുമുള്ള സാങ്കേതികവിദ്യയും നമുക്കിന്നുണ്ട്. പക്ഷേ നാം കഴിക്കുന്ന ആഹാരം ആരോഗ്യ പൂർണ്ണമാണോ എന്നും നാം അനുവർത്തിക്കുന്ന ഡയറ്റ് പ്ലാൻ ശരിയാണോ എന്നും നാം ആലോചിക്കണം. ഇല്ലെങ്കിൽ നാം വഞ്ചിതരാകാൻ സാധ്യതകളേറെയാണ്.
എന്തിനും ഏതിനും കുറുക്കുവഴികൾ തേടുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. ഇത് ആഹാരകാര്യത്തിലും വ്യത്യസ്തമല്ല. അമിതഭാരവും പൊണ്ണത്തടിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പെട്ടെന്ന് തടി കുറയ്ക്കണം, പക്ഷെ വ്യായാമം ചെയ്യാൻ സമയക്കുറവ് അല്ലെങ്കിൽ മടിയാണ് പലർക്കും. ഒരുനേരം വലിച്ചുവാരി കഴിക്കും, മറ്റൊരുനേരം പട്ടിണി കിടക്കുകയോ വെറും സാലഡും വെള്ളവും കഴിച്ചിരിക്കുന്നവരുമാണ് നമുക്കിടയിൽ.
മറ്റൊരു കൂട്ടർ സാമൂഹ്യമാധ്യമങ്ങളിലൂടെ പല ഡയറ്റുകളും പരീക്ഷിക്കുന്നു. ഇക്കൂട്ടർ ചിലപ്പോൾ വ്യാജ ന്യുട്രീഷ്യനിസ്റ്റുകളുടെ പിടിയലകപ്പെടാറുമുണ്ട്.

എന്താണ് വ്യാജ ഡയറ്റ്?
ഒരു സമീകൃതാഹാരത്തിൽ ശരിയായതോതിൽ അന്നജം അഥവാ കാർബോഹൈഡ്രേറ്റ്, മാംസ്യം അഥവാ പ്രോട്ടീൻ, കൊഴുപ്പ് അഥവാ ഫാറ്റ് എന്നീ പോഷകങ്ങളും സൂക്ഷ്മപോഷകങ്ങളായ വിറ്റമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. എന്നാൽ ഒരു വ്യാജ ഡയറ്റിൽ പ്രധാനപോഷകങ്ങളിലേതെങ്കിലുമൊന്ന് പൂർണ്ണമായും ഒഴിവാകുകയോ വളരെ കുറച്ചുമാത്രം ലഭ്യമാകുന്നതോ ആകും.
പാലിയോ ഡയറ്റ്, ക്യാബേജ് സൂപ്പ് ഡയറ്റ്, വാട്ടർ ഡയറ്റ് എന്നിവ ഇവയിൽ ചിലതാണ്. ശരീരഭാരം പൊടുന്നനെ കുറയ്ക്കാൻ ഇവ സഹായം ചെയ്യാം. പക്ഷെ ദീർഘ ദിവസങ്ങൾ ഇത്തരം ഡയറ്റുകൾ അനുവർത്തിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ജീവനുതന്നെ അപകടം ഉണ്ടാക്കുന്നതാണ്.
ഒരു യോഗ്യയായ ഡയറ്റീഷ്യനെ എങ്ങനെ തിരിച്ചറിയാം?
നാടുനീളെ ഹെൽത്ത് സെൻ്ററുകളും വെൽനെസ്സ് സെൻ്ററുകളും വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ യോഗ്യയായ ഡയറ്റീഷ്യനെ എങ്ങനെ തിരിച്ചറിയാമെന്നു നോക്കാം.
1) ന്യുട്രീഷ്യൻ അഥവാ പോഷകാഹാരശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ ഉള്ള ആളായിരിക്കണം നിങ്ങളുടെ ഡയറ്റീഷ്യൻ.
2) ഏതെങ്കിലും ആശുപത്രിയിൽ ഡയറ്റീഷ്യനായി ജോലിചെയ്യുന്നവരോ, ജോലി ചെയ്ത് പ്രവൃത്തിപരിചയമോ ഉള്ളവരാകണം.
3) പ്രൈവറ്റ് പ്രാക്ടീസ് ചെയ്യു ന്ന ഡയറ്റീഷ്യന്മാരാണെങ്കിൽ അവരുടെ വിദ്യാഭ്യാസ യോഗ്യത കൃത്യ മായി ക്ലിനിക്കിലോ അവരുടെ വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ രേഖപ്പെടുത്തിയിരിക്കണം.
4) ഇത്തരത്തിൽ യോഗ്യരായ ഡയറ്റീഷ്യന്മാർക്ക് നിങ്ങളുടെ രക്തപരിശോധനയുടെ റിപ്പോർട്ട് നോക്കിയും നിങ്ങളുടെ ആരോഗ്യനില യും കായികക്ഷമതയും കണക്കിലെടുത്തും നിങ്ങൾക്കനുസൃതമായ ഒരു ആഹാരരീതി ചിട്ടപ്പെടുത്തി തരാനാകും.

അമിതവണ്ണം കുറയ്ക്കാനുള്ള ശരിയായ ആഹാരരീതി എന്താണ്?
1) ചിട്ടയായ ആഹാരക്രമത്തിലൂടെ സാവധാനവും ക്രമേണയും ശരീരഭാരം കുറയ്ക്കുന്നതാവണം നിങ്ങളുടെ ഡയറ്റ്.
2) ഒരുനേരം ആഹാരം ഒഴിവാക്കിയും അമിതമായ വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കുന്നത് നന്നല്ല. ഇത് പോഷകാഹാരക്കുറവിനും തളർച്ചയ്ക്കും കാരണമാകും.
3) ഏതെങ്കിലും ഒരു പോഷകത്തിനെയോ ഫുഡ്ഗ്രൂപ്പിനെയോ പൂർണ്ണമായി ഒഴിവാക്കുന്ന ആഹാരരീതിയാകരുത്.
4) ഒരേഭക്ഷണം ദിവസവും കഴിക്കുന്ന രീതിയുമാകരുത്. മറിച്ച് വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമാകണം നിങ്ങളുടെ ഡയറ്റ്.
നാമോർക്കേണ്ട ഒരു പ്രധാന കാര്യം, അമിതഭാരം കുറയ്ക്കുക മാത്രമല്ല നമ്മുടെ ശരീരത്തിനാവശ്യമായ വൈവിധ്യമാർന്ന പോഷകങ്ങൾ ലഭിക്കുന്നതുമാകണം നമ്മുടെ ഭക്ഷണക്രമം. നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിനെയും മനസ്സിനെയും പോഷിപ്പിക്കുന്നതും നമ്മളെ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കുന്നവയുമാകണം. ഒരു യോഗ്യയായ ഡയറ്റീഷ്യന്റെ സഹായം ആവശ്യമെങ്കിൽ സ്വീകരിക്കാൻ മറക്കരുത്. അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
READ: വളർച്ചാവേദനകൾ
ബൈപോളാർ ഡിസോർഡർ:
ഉന്മാദവും വിഷാദവും മാറിമറിയുമ്പോൾ
വൃക്കയിലെ കല്ലിനെ തുരത്താം
വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ
ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ
മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…
വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം
ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…
വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും
മഴക്കാലരോഗങ്ങൾ
കുട്ടികളിൽ
മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം
മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

