വാക്സിൻ
പ്രതിരോധിക്കുന്ന
രോഗങ്ങൾ

ശുദ്ധജലവും ശുചിത്വ സംവിധാനങ്ങളും കഴിഞ്ഞാൽ മനുഷ്യായുസ്സും ജീവിതനിലവാരവും ഉയർത്താൻ സഹായിച്ച പൊതുജനാരോഗ്യ ഇടപെടൽ, പ്രതിരോധ കുത്തിവെപ്പുകൾ ആണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നവ്യ ജെ. തൈക്കാട്ടിൽ എഴുതിയ ലേഖനം.

ശാസ്ത്രത്തിന്റെ, മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് വാക്സിനുകൾ. ജനിച്ചുവീണ ആദ്യ വർഷങ്ങളിൽ തന്നെ, മൂന്നിലൊന്ന് കുഞ്ഞുങ്ങൾ പകർച്ചവ്യാധികൾക്ക് അടിപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, അകാലമരണങ്ങൾ തടഞ്ഞ് ജീവിതത്തിന്റെ ഏഴെട്ട് ദശകങ്ങൾ കാണാനും; വ്യക്തിസുരക്ഷയ്ക്ക് പുറമേ സമ്പദ് വ്യവസ്ഥകളെയും, സമൂഹങ്ങളെയും, വരും തലമുറകളെയും അതിജീവനത്തിന് പ്രാപ്തമാക്കിയതിൽ, വാക്സിനുകൾ വഹിച്ച പങ്ക് ചെറുതല്ല.

'രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ പ്രതിരോധിക്കുന്നതാണ് ഏറ്റവും മികച്ച രീതി' എന്നത് പൊതുജനാരോഗ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമാണ്. ഇത് ഏറ്റവും വിജയകരമായി പ്രവർത്തികമാക്കിയ ശാസ്ത്രീയ രീതിയാണ് വാക്സിനേഷൻ. ശുദ്ധജലവും ശുചിത്വ സംവിധാനങ്ങളും കഴിഞ്ഞാൽ മനുഷ്യായുസ്സും ജീവിതനിലവാരവും ഉയർത്താൻ സഹായിച്ച പൊതുജനാരോഗ്യ ഇടപെടൽ, പ്രതിരോധ കുത്തിവെപ്പുകൾ ആണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.

വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധിക്കുന്ന രോഗങ്ങളെ 'Vaccine Preventable diseases (VPD)' എന്നുവിളിക്കുന്നു. ഇവയിൽ പലതും ഒരുകാലത്ത് ലക്ഷക്കണക്കിന് കുട്ടികളുടെ മരണത്തിനും വൈകല്യങ്ങൾക്കും കാരണമായവയായിരുന്നു.

വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ശരീരത്തിലെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്ന പ്രക്രിയയാണ് വാക്സിനേഷൻ. ഒരു രോഗാണുവിന്റെ നിർജ്ജീവമോ, ശക്തി കുറഞ്ഞതോ ആയ കോശത്തെയോ, രോഗമുണ്ടാക്കാനാവാത്ത ഒരു കോശ ഘടകത്തെയോ ശരീരത്തിൽ കടത്തിവിട്ട്, നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശരിയായ രോഗാണു വരുന്നതിനുമുൻപ് പരിശീലിപ്പിക്കുന്ന രീതിയാണ് വാക്സിനേഷൻ. 'ഇമ്മ്യൂൺ മെമ്മറി' എന്ന പ്രതിരോധവ്യവസ്ഥയുടെ ഈ കഴിവിനെ ഉപയോ ഗപ്പെടുത്തി, ശരിയായ രോഗാണു വരുമ്പോൾ മുഴുവൻ സന്നാഹത്തോടെ ശരീരം യുദ്ധസജ്ഞമാ ക്കുന്ന സുരക്ഷിത രീതിയാണ് ഇതിന്റെ പിന്നിലെ തത്വം.

ഏതൊക്കെയാണ് വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ?

പോളിയോ

നാഡീവ്യവസ്ഥയെ ബാധിക്കുകയും, പേശികളുടെ തളർച്ച വഴി അംഗവൈകല്യമുണ്ടാക്കുകയും ചെയ്യുന്ന പോളിയോ വൈറസ്, ഇന്ത്യയിൽ 2011- നു ശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല. വർഷങ്ങളോളം ഒരു യജ്ഞം എന്ന രീതിയിൽ രാജ്യം മുഴുവൻ പോളിയോ വാക്സിൻ നൽകിയതുവഴിയാണ് ഇത് നമുക്ക് നേടാനായത്.

ഇന്ത്യയുടെ രണ്ട് അയൽരാജ്യങ്ങളിൽ ഈ വർഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനാൽ ഈ വൈറസിനെ വസൂരിപോലെ, പൂർണമായി നിർമ്മാർജ്ജനം ചെയ്യുന്നതുവരെ പോളിയോ വാക്സിൻ നൽകി കുട്ടികളെ സുരക്ഷിതരാക്കണം.

ശരീരത്തിലെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്ന പ്രക്രിയയാണ് വാക്സിനേഷൻ.
ശരീരത്തിലെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്ന പ്രക്രിയയാണ് വാക്സിനേഷൻ.

ക്ഷയരോഗം

ബാലക്ഷയരോഗം, ക്ഷയരോഗ സങ്കീർണ്ണതകൾ എന്നിവയിൽനിന്ന് സംരക്ഷണം നൽകുന്ന ബി.സി.ജി കുത്തിവെപ്പ് ജനിച്ച ഉടനെ എടുക്കുന്ന വാക്‌സിനാണ്.

അഞ്ചാം പനി (മീസിൽസ്)

അതിവേഗം പടർന്നു പിടിക്കുന്നതും വൈറസ് മൂലമുണ്ടാകുന്നതുമായ ഒരു വായുജന്യരോഗമാണ് അഞ്ചാം പനി. ഒരു ലക്ഷത്തിനടുത്ത് കുട്ടികളാണ് ലോകം മുഴുവൻ മീസിൽസ് മൂലം പ്രതിവർഷം മരിക്കുന്നത്. രോഗപ്രതിരോധത്തിന് വളരെ ഫലപ്രദമായ വാക്സിനാണ് നിലവിലുള്ളത്. പത്ത് മാസം കഴിഞ്ഞ കുട്ടികൾക്കാണ് വാക്സിൻ ആദ്യഡോസ് നൽകുന്നത്. ഒന്നര വയസ്സിലും രണ്ടാമത്തെ ഡോസ് നൽകേണ്ടതാണ്. ഇതിനോടൊപ്പം റൂബെല്ല രോഗത്തിനെതിരെയുള്ള വാക്സി നും നൽകേണ്ടതാണ്. ഗർഭസ്ഥ ശിശുവിന് ഗുരുതര വൈകല്യങ്ങൾ ഉണ്ടാക്കാവുന്ന വൈറസ് ആണ് റൂബെല്ല വൈറസ്.

ഡിഫ്ത്തീരിയ (തൊണ്ട മുള്ള് )

പെട്ടെന്ന് പടർന്നുപിടിക്കുന്ന, തൊണ്ടയെയും മൂക്കിനെയുമൊക്കെ ബാധിക്കുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. വാക്സിൻ ലഭിക്കാത്ത കുട്ടികളിൽ, പനിയും, തൊണ്ടയിൽ വെളുത്ത പാട പോലെ ഉണ്ടാവുകയും, 30% മുതൽ 50% വരെ മരണ നിരക്ക് ഉണ്ടാവുകയും ചെയ്യാം.

ടെറ്റനസ്

ആഴത്തിലുള്ള മുറിവുകൾവഴി 'ക്ലോസ്ട്രീഡിയം ടെറ്റനി' എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുകയും നാഡീവ്യവസ്ഥകളെ ബാധിക്കുകയും, പേശികൾ മുറുകുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. ഗർഭിണികൾക്കും, ഒന്നര, രണ്ടര മൂന്നര മാസങ്ങളിൽ ശിശുക്കൾക്കും നൽകുന്ന വാക്‌സിനുകളിൽ ഇതിനെതിരെയുള്ള പ്രതിരോധം അടങ്ങിയിട്ടുണ്ട്. തുടർന്ന് ഒന്നര വയസ്സിലും, അഞ്ചര വയസ്സിലും പിന്നീട് അഞ്ചു വർഷം കൂടുമ്പോഴും ടെറ്റനസിനെതിരെയുള്ള ഘടകം അടങ്ങിയ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നത് ആ കാലയളവിൽ ഉയർന്ന സംരക്ഷണം ഉറപ്പാക്കും.

വില്ലൻ ചുമ

നിലങ്കാരി ചുമ /കൊക്കക്കുര എന്നത് നിർത്താതെയുള്ള, ശ്വാസം മുട്ടുന്ന രീതിയിലുള്ള, ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ചുമയാണ്.

ഹെപ്പറ്റൈറ്റിസ് ബി

വൈറസ് അണുബാധയുള്ള രക്തം സ്വീകരിക്കുന്നത് വഴിയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയോ അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, സുരക്ഷിതമല്ലാത്ത സൂചികൾ വഴിയോയൊക്കെ പകരാവുന്ന ഈ രോഗം ബാധിക്കുന്നത് കരളിനെയാണ്. ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരളിന്റെ കാൻസറിനെ തടയാനും ഈ വാക്സിൻ സഹായിക്കും.

ഹിബ് (Hib) എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരകമായ മസ്തിഷ്ക അണുബാധ, ന്യൂമോണിയ എന്നിവയിൽനിന്ന് കുട്ടികൾക്ക് ഹിബ് വാക്സിൻ സംരക്ഷണം നൽകുന്നു.

അതിവേഗം പടർന്നു പിടിക്കുന്നതും വൈറസ് മൂലമുണ്ടാകുന്നതുമായ  ഒരു വായുജന്യരോഗമാണ് അഞ്ചാം പനി.
അതിവേഗം പടർന്നു പിടിക്കുന്നതും വൈറസ് മൂലമുണ്ടാകുന്നതുമായ ഒരു വായുജന്യരോഗമാണ് അഞ്ചാം പനി.

മേൽപറഞ്ഞ അഞ്ച് അസുഖങ്ങൾക്കും ഒറ്റ കുത്തിവെപ്പിലൂടെ- ഒന്നര, രണ്ടര, മൂന്നര മാസങ്ങളിൽ ശിശുക്കൾക്ക് നൽകുന്ന പെന്റാവാലന്റ്‌ വാക്‌സിനുകളിൽ ഉയർന്ന പ്രതിരോധം നേടാനാകും.

ഇതിനുപുറമെ ശിശുക്കളിൽ മരണമുണ്ടാക്കാവുന്ന റൊട്ടാ വൈറസ് വയറിളക്കത്തിനെതിരെ വായിലൂടെ നൽകുന്ന പ്രതിരോധ മരുന്നുകൾ ശിശുക്കൾക്ക് രണ്ടോ മൂന്നോ ഡോസുകളിലായി നൽകുന്നു. ന്യൂമോണിയയിൽ നിന്ന് സംരക്ഷണം നൽകുന്ന പി.സി.വി വാക്സിൻ പ്രതിവർഷം ന്യുമോണിയ മൂലമുള്ള ശിശു മരണങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്.

ഗർഭാശയഗള കാൻസറിനെയും (Cancer Cervix), വൈറസ് മൂലം സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അണുബാധകളെയും പ്രതിരോധിക്കാനുള്ള, സുര ക്ഷിതവും, ഫലപ്രദവുമായ HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ, 9 വയസ്സ് മുതലുള്ള കുട്ടികളിൽ നൽകാം. നിലവിൽ സർക്കാർ കുത്തിവെപ്പ് പദ്ധതിയിൽ 14 വയസ്സുള്ള പെൺകുട്ടികൾക്ക് ഈ വാക്സിൻ സൗജന്യമായി തന്നെ നൽകുന്നു. ഈ വാക്സിൻ എല്ലാ പെൺകുട്ടികളും സ്വീകരിച്ചാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ, സർവെയ്ക്കൽ കാൻസർ ഇല്ലാത്ത ഒരു തലമുറയെ തന്നെ നമുക്ക് കാണാൻ സാധിച്ചേക്കും.

ജപ്പാൻ മസ്തിഷ്കജ്വരം
(Japanese encephalitis)

ചികിത്സ ലഭ്യമല്ലാത്ത, 30 ശതമാനത്തോളം മരണ നിരക്കും, 30 ശതമാനത്തോളം വൈകല്യവും ഉണ്ടാക്കാവുന്ന ഒരു വൈറസ് അണുബാധയാണിത്. ഇതിനെതിരെ സുരക്ഷിതമായ വാക്സിൻ ലഭ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, കേരളത്തിലെ നാല് ജില്ലകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം) ഇതുമൂലം രോഗബാധയും മരണങ്ങളും ഉള്ളതിനാൽ ഈ വാക്സിൻ കുട്ടികൾക്ക് നൽകി വരുന്നുണ്ട്.

മേൽപറഞ്ഞ അസുഖങ്ങൾക്കുപുറമേ മുണ്ടിവീക്കം (Mumps), ചിക്കൻ പോക്സ്, വെള്ളവും ഭക്ഷണവും വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് A തുടങ്ങിയവയ്ക്കും ഫലപ്രദമായ വാക്സിനുകൾ നിലവിലുണ്ട്. ഇവ സ്വകാര്യ മേഖലയിൽ ലഭ്യമാണ്.

വാക്സിൻ പ്രതിരോധിക്കുന്ന രോഗങ്ങൾക്കായി പ്രത്യേക നിരീക്ഷണ സംവിധാനം നിലവിലുണ്ട്. പോളിയോ, അഞ്ചാംപനി, ഡിഫ്തീരിയ, വില്ലൻ ചുമ തുടങ്ങി യവ നേരത്തെ കണ്ടെത്താൻ ശക്തമായ സർവൈലൻസ് സംവിധാനം അനിവാര്യമാണ്. ഒരു സമൂഹത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുമ്പോൾ, സഞ്ചിത പ്രതിരോധം (herd immunity) കുറയുകയും, അത്തരം സമൂഹങ്ങളിൽ രോഗമുള്ള ഒരു വ്യക്തി വന്നു പെട്ടാൽ, നിയന്ത്രണാതീതമായി പകർച്ചവ്യാധി പൊട്ടിപുറപ്പെടു വാനും, മരണങ്ങൾ ഉണ്ടാവാനും കാരണമാവും.

വാക്‌സിനും മിഥ്യാധാരണകളും

വർഷങ്ങളുടെ സുരക്ഷാപഠനത്തിനുശേഷം മാത്രം മനുഷ്യരിൽ നൽകുന്നതും കോടിക്കണക്കിന് ഡോസുകൾ ഇതുവരെ സുരക്ഷിതമായി നൽകിയിട്ടുള്ളതും, വളരെ ലഘുവായ പാർശ്വഫലങ്ങൾ പോലും തുടർച്ചയായി നിരീക്ഷിക്കുന്ന സംവിധാനത്തോടെയുമാണ് വാക്സിനുകൾ നൽകിവരുന്നത്. ഓരോ കുട്ടിയെയും മരണത്തിൽനിന്നും വൈകല്യങ്ങളും നിന്നും സുരക്ഷിതമാക്കുന്ന വാക്സിനുകൾക്കെതിരെ, അശാസ്ത്രീയ പ്രചാരണങ്ങൾ ചില കോണുകളിലെങ്കിലും ഉണ്ട്. അത്തരം പ്രവർത്തനങ്ങൾ ബാധിക്കുന്നത് ഭാവി തലമുറയെയാണ്. ഇവ വിശ്വസിച്ച് തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നിഷേധിച്ചതു വഴി, ഡിഫ്തീരിയയും, അഞ്ചാം പനിയും ടെറ്റനസും മൂലം മരണങ്ങൾ ഇക്കാലത്തും സംഭ വിക്കുന്നു എന്നത് നിർഭാഗ്യകരമാണ്.

ഒരു തിര പോലെ വന്ന് മനുഷ്യജീവനുകൾ കവർന്നെടുത്തിരുന്ന വസൂരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ, ആയിരക്കണക്കിന് കുട്ടികൾക്ക് പ്രതിവർഷം വൈകല്യങ്ങളോടെയുളള ദുരിതബാല്യങ്ങൾ നൽകിയിരിക്കുന്ന പോളിയോയെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നും പുറത്താക്കിയ, ഇന്നും വിവിധ മാരകരോഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് മനുഷ്യരെ സംരക്ഷിക്കുന്ന വാക്സിനുകൾ, ഓരോ കുഞ്ഞിന്റെയും അടിസ്ഥാന അവകാശമാണ്. അത് നൽകുക എന്നത് ഒരു സ്റ്റേറ്റിന്റെ കടമയാണ്, അത് നിഷേധിക്കാതിരിക്കുക എന്നത് രക്ഷിതാക്കളുടെയും.

READ: ശ്വാസകോശാര്‍ബുദം
എങ്ങനെ പ്രതിരോധിക്കാം?

പാമ്പുകടിയും
സി.പി.ആറും

ദുഃഖകരമായ
ഒരു ഓര്‍മ്മ

എലിപ്പനി:
ഒളിച്ചിരിക്കുന്ന
വെല്ലുവിളികള്‍

കൊതുക്, ചെള്ള് രോഗങ്ങള്‍

കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments