ഡോ. കെ.എൻ. പിഷാരടിയെ (1892- 1972), കേരള കലാമണ്ഡലത്തിൽ വച്ച് 1964- ലോ മറ്റോ വളരെ ദൂരെ നിന്ന് ഒന്നോ രണ്ടോ തവണ കണ്ടിട്ടേയുള്ളൂ. ഡോ. എ. ആർ. മേനോനെ (1886- 1960) ഒരിക്കൽ അടുത്തു കണ്ടിട്ടുണ്ട്. രണ്ടു പേരെയും കുറിച്ച് അറിയാൻ കുറെ ശ്രമിച്ചിട്ടുണ്ട്. ആ അറിവുകളാണ് ഇവിടെ പകരാൻ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് വരുന്നത് 1957- ലാണ്. ഞാനന്ന് യൂണിവേഴ്സി റ്റി കോളേജിൽ കയറിയ കാലം. അച്ഛന്റെ (ഡോ. ശൂരനാട് കുഞ്ഞൻപിള്ള) ലെക്സിക്കൺ ഓഫീസിലെ നിത്യ സായാഹ്ന ഒത്തുകൂടലിൽ സംസ്കൃത കോളേജ് പ്രിൻസിപ്പൽ എൻ. ഗോപാലപിള്ള സാറും യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. കെ. ഭാസ്കരൻ നായർ സാറുമാണ് അച്ഛനോടൊപ്പം കൂടിയിരുന്നത്. അവരുടെ സാഹിത്യചർച്ചകൾ കേൾക്കാനും കാണാനും അമ്പതറുപത് സാഹിത്യകുതുകികളും കവിയശഃപ്രാർത്ഥികളും വരും.
അന്നൊക്കെ തെക്കൻ സാഹിത്യകാരന്മാരും, വടക്കന്മാരുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മാതൃഭൂമി വടക്കരുടേയും, കേരളകൗമുദി മുതലായവ തെക്കരുടേയും. തെക്കർ വടക്കരുടെ കൃതികൾ പ്രസിദ്ധീകരിക്കുമെങ്കിലും, തിരിച്ച് ഒട്ടുമേ ഇല്ലായിരുന്നു. അപവാദമായി കഷ്ടിച്ച് മൂന്നുപേർ മാത്രം. കെ.പി.കേശവമേനോനോടുള്ള അടുപ്പം കൊണ്ട് അച്ഛനും (അപൂർവ്വമായി), ഗുപ്തൻ നായരും, ഡോ. കെ. ഭാസ്കരൻ നായരും അക്കാലത്ത് മാതൃഭൂമിയിലെഴുതുമായിരുന്നു. സാധാരണ വടക്കർ തെക്കരോട് ചങ്ങാത്തത്തിനു വരികയുമില്ല. അവർക്കു തെക്കരൊക്കെ ‘സ്റ്റേറ്റു’കാരായിരുന്നു. അതിന് ആദ്യമായൊരു മാറ്റം വരുത്തിയത് വിദ്യാഭ്യാസമന്ത്രിയായി വന്ന ജോസഫ് മുണ്ടശ്ശേരിയാണ്. ലെക്സിക്കൺ സാഹിത്യസായാഹ്നങ്ങളെ കുറിച്ച് കേട്ടറിഞ്ഞ മുണ്ടശ്ശേരി അവിടെ വല്ലപ്പോഴും വന്നിരിക്കുന്ന പതിവുകാരനായി. അന്നൊക്കെ മന്ത്രിമാർക്കു കൊമ്പൊന്നുമില്ലാത്ത കാലമായിരുന്നു.

മുണ്ടശ്ശേരിയാണ് ഒരു ഞായറാഴ്ച അന്നത്തെ ആരോഗ്യവകുപ്പു മന്ത്രി ഡോ. എ. ആർ മേനോനെ (1886- 1960) അച്ഛനെ പരിചയപ്പെടുത്താൻ ഞങ്ങളുടെ കരമന വീട്ടിൽ കൊണ്ടുവരുന്നത്. ‘അങ്ങയെ വന്നു കണ്ട് പരിചയപ്പെടണമെന്ന് മുണ്ടശ്ശേരി കുറെ നാളായി പറയുകയായിരുന്നു, ഇന്നാണ് സൗകര്യമായത്’ എന്നു മേനോൻ പറഞ്ഞപ്പോൾ അച്ഛൻ തിരികെ ചോദിച്ചത്, ‘ചമ്പത്തിൽ ചാത്തുക്കട്ടി മന്നാടിയാരുടെ മകൻ അമ്പാട്ടു രാവുണ്ണി മേനോൻ അല്ലേ?’ എന്നും. ‘അതെ അതേ’ എന്നു ഡോ. അമ്പാട്ട് രാവുണ്ണി മേനോനും.
രാഷ്ട്രീയമേ ഇല്ലാതിരുന്ന അച്ഛന് അവരോടു സംസാരിക്കാൻ ചാത്തുക്കുട്ടി മന്നാടിയാരുടെ ’ഉത്തര രാമചരിതം’ തർജ്ജമയും, ‘ജാനകീപരിണയം’ നാടകവും ‘ഹാലാസ്യമാഹാത്മ്യം’ കാവ്യവും ഒക്കെ മതിയായിരുന്നു. അതിനു കൂട്ടത്തിൽ നിൽക്കാൻ മലയാളം പ്രൊഫസറായിരുന്ന ജോസഫ് മുണ്ടശ്ശേരിയും. കാഴ്ചക്കാരനായി ദൂരെ മാറി നിന്ന ഞാൻ കണ്ടത് ഈ ഗ്രന്ഥങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത പോലെ നിസ്സംഗനായി, ക്ഷീണിച്ച ഒരു എഴുപതുകാരൻ ഡോ. രാവുണ്ണി മേനോനേയും.

അതു മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ അച്ഛന്റെ സാഹിത്യതൽപരതയോട് ഒരു ബന്ധവുമില്ലാത്ത വൈദ്യമെടുത്ത് ശീമയിൽ പത്തുപതിനാലു കൊല്ലം കഴിഞ്ഞ രാവുണ്ണി മേനോന് ഏതു ഭവഭൂതി?, എന്തു ഉത്തരരാമചരിതം?. എന്നൊക്കെ തോന്നിയെങ്കിൽ സ്വാഭാവികം. ഒന്നൊന്നര മണിക്കൂർ അവരുടെ സംസാരത്തിൽ മേനോൻ കഷ്ടിച്ച് രണ്ടുമൂന്നു മിനിട്ട് എന്തെങ്കിലും പറഞ്ഞിരിക്കണം. പോകാൻ നേരം അച്ഛന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ച് ഭവ്യതയോടെ അദ്ദേഹം പറഞ്ഞു, ‘അങ്ങയെ കുറിച്ച് ധാരാളം കേട്ടിരിക്കുന്നു, മൂന്നു ഭാഷകളിലുള്ള പാണ്ഡിത്യം, അത് ഇത്രയും അഗാധമാണെന്ന് ഇന്നാണ് അറിഞ്ഞത്. മുണ്ടശ്ശേരിയാണ് നിർബന്ധിച്ചത് അങ്ങയെ വന്നു കാണ ണമെന്ന്. എന്റെ ഫീൽഡല്ല സാഹിത്യം, പക്ഷെ കേൾക്കാൻ താൽപര്യമുണ്ട് ധാരാളം’.
മുണ്ടശ്ശേരിയാണ് അതു തിരുത്തിയത്. ‘ഡോക്ടറേ, ശൂരനാടന് മൂന്നിലല്ല, അതിലെത്രയോ കൂടുതലിലാണ് ഭാഷകളുടെ പ്രാവീണ്യം’.
ഞാൻ പിന്നെ മെഡിസിൻ എടുത്തെങ്കിലും, രാവുണ്ണി മേനോന്റെ മട്ടിൽ കാളിദാസനേയും, ഭാസനേയും, ഭവഭൂതിയേയും ശ്രീഹർഷനേയും, ശൂദ്രകനേയും ഒക്കെ ഞാൻ വിട്ടില്ല എന്നതു ജന്മപുണ്യം.

1959- ൽ ഇ എം.എസ് മിനിസ്ട്രി വീണതിനു പിന്നാലെ 1960- ൽ ഡോ. എ. ആർ. മേനോൻ മരണപ്പെടുകയും ചെയ്തു. 1957- ൽ കോഴിക്കോട് മെഡിക്കൽ കോളേജിെൻറ വിധാതാക്കളിൽ ഒരാളായിരുന്ന ഡോ. എ. ആർ. മേനോനെ കുറിച്ച് ഞാൻ എന്റെ കേരള വൈദ്യചരിത്രര ചനാസമയമായ 1998- 99 കാലത്ത് (Evolution of Modern Medicine in Kerala- 2001)) കുറെ രേഖകൾ തപ്പിയെടുത്തിരുന്നു. അന്ന് വിക്കിപീഡിയയൊന്നും ഇല്ല. അതുകൊണ്ട് കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കോഴിക്കോട് മെഡിക്കൽ കോളേജിനെ കുറിച്ചെഴുതാനുള്ള ഡേറ്റ ആവശ്യത്തിനില്ലാതെ പോയി. ഡോ. മേനോനെക്കാളും അവിടത്തെ രണ്ടാമനായ ഡോ. കെ. എൻ. പിഷാരടിയാണ് കൂടുതൽ ദുർജ്ജേയനായിരുന്നത്. മെഡിക്കൽ കോളേജുകാരോട് ചോദിച്ചിട്ട് അർത്ഥമില്ല എന്നറിയാമായിരുന്നു. പക്ഷെ ഡോ. പിഷാരടിയുടെ കേരള കലാമണ്ഡലത്തിലെ പിൻഗാമി കൾക്കും ഒരു വിവരവുമില്ല എന്നറിഞ്ഞത് ലേശം അൽഭുതമായിരുന്നു.

അപ്രതീക്ഷിതമായാണ് അച്ഛന്റെ പുസ്തകശേഖരത്തിൽ നിന്ന് സി. അച്യുതമേനോന്റെ ചെറിയ ഒരു പുസ്തകം കിട്ടിയത്: ‘സ്മരണയുടെ ഏടുകൾ’ (1996 ലെ പ്രഭാതം പ്രസിദ്ധീകരണം). ഡോ. എ. ആർ. മേനോനെയും, ആറ്റൂർ കൃഷ്ണപിഷാരടിയേയും, സി.എ. കിട്ടുണ്ണി യേയും, എം. പി. പോളിനേയും ആ രാഷ്ട്രീയക്കാരന്റെ പുസ്തകത്തിൽ ഞാൻ പ്രതീക്ഷിച്ചതേയല്ല. വ്യക്തിപരമായ കഥകളനവധിയുണ്ടെങ്കിലും അപൂർണ്ണമായൊരു കൃതി. കവിയും, ഗദ്യകാരനും വിവർത്തകനും നാടകകൃത്തും വക്കീലുമൊക്കെയായിരുന്ന ചാത്തുക്കുട്ടി മന്നാടിയാ രുടെ മകനെങ്ങനെ തൃശ്ശൂരിൽ നിന്ന് 1905-1906 കാലത്ത് മദ്രാസ് മെഡിക്കൽ കോളേജിൽ വൈദ്യം പഠിക്കാൻ പോയി എന്നതൊന്നും ആരും എഴുതിയിട്ടില്ല. എം.ബി.സി.എച്ഛ്.ബി എടുത്ത രാവുണ്ണി മേനോൻ എഡിൻബറോയിലാണ് സർജറി പരിശീലനത്തിനു ചേർന്നത് (1911). അതു കഴിഞ്ഞപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത് (1914 1918). ചെന്നുപെട്ടത് സർവത്ര പ്രശ്നമായിരുന്ന അയർലിലും. യുദ്ധം 1918- ൽ തീർന്നെങ്കിലും നാട്ടിലേക്കു വന്നത് 1921- ലായിരുന്നു പത്തു കൊല്ലത്തെ പ്രവാസജീവിതം. പിന്നെ തൃശ്ശൂരിൽ ഡോക്ടർ പണി. തകർത്തുപിടിച്ച പ്രാക്ടീസായിരുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളിന്റെ മകൻ നാരായണൻ തമ്പിയുടെ മകൾ കമലത്തിനെ കല്യാണവും കഴിച്ച് സമാധാനമായി പാർക്കുന്ന കാലത്താണ് അപ്രതീക്ഷിതമായി തൃശ്ശൂരിലൊരു സാമുദായിക ലഹള ഉണ്ടാവുന്നത്. അതുവരെ തന്റെ പ്രാക്ടീസും, ചില്ലറ സൗജന്യസേവനവുമായി കഴിഞ്ഞിരുന്ന ഡോ. എ. ആർ. മേനോൻ അക്കാലത്താണ് താനറിയാതെ തന്നെ സാമൂഹ്യ രാഷ്ട്രീയ ചുഴിയിൽ പെട്ടുപോകുന്നത്.
ഇനി കൊടുക്കുന്ന വിവരങ്ങൾ അച്യുതമേനോന്റെ ‘സ്മരണകളിൽ’ നിന്നും, ജോസഫ് മുണ്ടശ്ശേരിയുടെ ‘കൊന്തയിൽ നിന്നു കുരിശിലേക്ക്’ എന്ന നോവലിൽനിന്നും സമാഹരിച്ചതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെല്ലെ തൃശ്ശൂരിൽ വേരോടുന്ന സമയത്താണ് രാജപക്ഷക്കാരായ ക്രിസ്ത്യാനികൾ അതിനെതിരായി തിരിഞ്ഞത്. കോൺഗ്രസിന്റെ നേതൃമുഖ്യനെ അവർ ‘അന്തിക്രിസ്തു’വാക്കി.

രാജഗോപാലാചാരി (രാജാജി) അവിടെ വന്നു പ്രസംഗിച്ചതിന്റെ അടുത്ത ദിവസം ലോയലിസ്റ്റ് ആൾക്കാരുടെ ജാഥയൊന്ന് അവർ സംഘടിപ്പിച്ചു. അതു ചെന്നെത്തിച്ചത് ഒരു തെരുവു യുദ്ധത്തിലായിരുന്നു. കൊള്ളയും തീവയ്പും വ്യാപകമായി. ഒരു മരണവും കൂടി മതിയായിരുന്നു ലഹള ആളിക്കത്താൻ. ഹിന്ദുക്കൾ വീടുകൾ വിട്ടോടിപ്പോയി, പക്ഷെ ഡോ. എ. ആർ. മേനോനും കുറച്ചു ആൾക്കാരും തങ്ങളുടെ രക്ഷ കണക്കാക്കാതെ സമൂഹസേവനത്തിനും ഓടിപ്പോകാനാകാത്തവരെ രക്ഷിക്കാനും അവിടെ തന്നെ തങ്ങി. സമാധാനപാലകർ ആരുമില്ലാതായി അവിടെ. കടന്നുകളഞ്ഞവരിൽ പോലീസും നിയമപാലകരും ഒക്കെയുണ്ടായിരുന്നു. ലഹളയമർത്താൻ ദിവാൻ സർ. ടി. വിജയരാഘവാചാരി തന്നെ തൃശ്ശൂരിൽ വന്നു. ക്ഷോഭം കൊണ്ട് ജ്വലിച്ച് ഡോ. മേനോൻ ദിവാനെ നേരിട്ടു; ‘ഈ നശിച്ച ഗവൺമെന്റിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരെവിടെ? ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എവിടെ? പോലീസ് കമ്മിഷണർ എവിടെ?’
ദിവാൻ ഗത്യന്തരമില്ലാതെ പറഞ്ഞു, ‘ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും നാൻ താൻ, പോലീസ് കമ്മിഷണരും നാൻ താൻ, കളക്റ്ററും നാൻ താൻ. ഇപ്പോളെല്ലാമേ നാൻ താൻ. നാൻ നിച്ചയമാകെ എല്ലാമേ തിർത്തു വയ്ക്കിറേൻ. ഇപ്പോതു എനക്കു നീ നിജമായി ഉതവി ചെയ്യവേും’.
ദിവാൻ പറഞ്ഞപോലെ ചെയ്തു, മേനോൻ കൂടെ നിന്നു, ദിവാൻ മലബാറിൽ നിന്നു എം എസ്. പിയെ (MSP- Malabar Special Police)) വരുത്തി ലഹള അമർച്ച ചെയ്തു. അതോടെ ഡോ. മേനോൻ തന്റെ മെഡിക്കൽ പ്രാക്ടീസ് വിടാതെ തന്നെ രാഷ്ട്രീയക്കാരനുമായി. തെരഞ്ഞെടുപ്പിൽ നിന്നു ജയിച്ച് മുൻസിപ്പൽ ചെയർമാനായി. അടുത്ത കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ അച്യുത മേനോനോട് തോറ്റു. അരിശം മൂത്ത് തന്നെ ഒതുക്കിയ കോൺഗ്രസ്സിൽ നിന്നു മൊഴി ചൊല്ലി, തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്ക് തന്റെ താമസവും പ്രാക്ടീസും മാറ്റി. അവിടെയും മുൻസിപ്പൽ ചെയർമാനായി. 1957- ലെ തെരഞ്ഞെടുപ്പിൽ മുണ്ടശ്ശേരിയേയും വി. ആർ. കൃഷ്ണയ്യരേയും പോലെ കമ്യൂണിസ്റ്റ് അനുഭാവ സ്വതന്ത്ര സ്ഥാനാർത്ഥി ആയി. അതു മുണ്ടശ്ശേരിയും അച്യുതമേനോനും പാലക്കാട്ടു വീട്ടിൽ ചെന്നു നിർബന്ധിച്ചതു കൊണ്ടുമാത്രം. ആ തെരഞ്ഞടുപ്പിൽ ജയിച്ച മൂന്നു സ്വതന്ത്രന്മാരും ഇ എം എസ് മന്ത്രിസഭയിൽ അംഗങ്ങളുമായി. ഡോ. മേനോനാണ് ആരോഗ്യവകുപ്പു കിട്ടിയത്. കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വിധാതാവാൻ ഭാഗ്യമുണ്ടായതും അദ്ദേഹത്തിനായിരുന്നു.

തീരെ ക്രെഡിറ്റ് കിട്ടാതെ പോയ ഒരു മിടുക്കന്റെ കഥ കൂടി ഇവിടെ പറയണം. കേരളത്തിലെ രണ്ടാം മെഡിക്കൽ കോളേജ് എന്ന ആശയം കൊണ്ടുവന്നത് അന്നു മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു. സ്വന്തം നഗരമായ കൊച്ചിയ്ക്കു കൊടുക്കാതെ കേരളത്തിന്റെ വടക്കൻ പ്രദേശമായ കോഴിക്കോട്ടാകട്ടെ അത് എന്ന തീരുമാനം പനമ്പിള്ളിയുടേതായിരുന്നു. ആ മന്ത്രിസഭയെ (10 ഫെബ്രുവരി 1955- 23 മാർച്ച് 1956) ഒരു കൊല്ലം കൊണ്ട് മറിച്ചിട്ടവർ അറിഞ്ഞില്ല, കേരളത്തിനു നഷ്ടപ്പെട്ടത് ഒരു അസാമാന്യനായ ബുദ്ധിജീവിയുടെ ഭരണമാണെന്ന്.
1956 മാർച്ച് മുതൽ 1957 ഏപ്രിൽ വരെ പ്രസിഡൻറ് ഭരണമായിരുന്നു കേരളത്തിൽ. ഭാഗ്യത്തിനു പനമ്പിള്ളി പ്ലാനിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രാരംഭ പണികൾ തുടങ്ങാനദ്ദേഹത്തിനു കഴിഞ്ഞു, പക്ഷെ ആ കഥകൾ ആരും അറിഞ്ഞില്ല, പാടി പുകഴ്ത്തിയിട്ടില്ല. ഒരിടത്തും എഴുതിയിട്ടുമില്ല. ഗവർണർ ബി. രാമകൃഷ്ണറാവുവിന്റെ കാലത്ത് അതിന്റെ തുടർച്ച മെല്ലെയായെങ്കിലും തുടരുകയും ചെയ്തു.
1957 ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് മന്ത്രിസഭ സ്ഥാനമേൽക്കുന്നത്. പുതിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്തെങ്കിലും അനുഭവഭാഗ്യം ധാരാളമുണ്ടാ യിരുന്നതുകൊണ്ട് മുമ്പുള്ളവർ തുടങ്ങിവച്ച പലതിന്റെയും ഗുണഭോക്താക്കളാകാനും അവർക്കു സാധിച്ചു. അതിലൊന്നാണ്, അധികാരത്തിൽ കയറി ഒന്നര മാസത്തിനകം (1957 മേയ് 29) ഗവർണ്ണറെ കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തിച്ചതും കൃത്യം നാലു മാസമായപ്പോഴേക്കും (1957 ആഗസ്റ്റ് 5 ന്) ഡോ. മേനോന് കോളേജിന്റെ ഉത്ഘാടനവും നടത്താനായതും.

ഡോ. കെ.എൻ. പിഷാരടിയെ (1892-1972) മുമ്പ് രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കഥ ആദ്യം കേൾക്കുന്നത് 1973 മാർച്ചിലാണ്. ഡി.എം ന്യൂറോളജിയും കഴിഞ്ഞ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗം തുടങ്ങാൻ ഡോ. ജി. കെ വാര്യരെ കാണാൻ പോയപ്പോഴാണ്. മെഡിസിൻ ഡയറക്ടർ പ്രൊഫസറായിരുന്ന അദ്ദേഹത്തിന്റെ മുന്നിലാണ് റിപ്പോർട്ട് ചെയ്യേത്. മണി പത്തു പത്തരയാവും, വാര്യർ സാറ് ആശുപത്രിയിൽ അപ്പോഴും വന്നിട്ടില്ല. സാറിന്റെ അസിസ്റ്റൻറായിരുന്ന ഡോ. ഗോവിന്ദരാജാണ് പറഞ്ഞത്, ഒരുപക്ഷെ സാറിന്ന് അവധിയായിരിക്കും, വീട്ടിൽ കാണുമെന്നും. മൂപ്പരാണ് വാര്യർ സാറിന്റെ ചേവായൂർ വീട്ടിലേക്കു കൊണ്ടുപോയത്. വിശാലമായ മുറ്റം, വീടിന്റെ പൂമുഖത്തുള്ള അരവാതിൽ തുറന്നു കിടപ്പുണ്ട്. കാളിങ്ങ് ബെല്ലടിച്ചു നോക്കി, രണ്ടുമൂന്നു തവണ. ശബ്ദമൊന്നുമില്ല, മെല്ലെ വിളിച്ചുനോക്കി, രക്ഷയില്ല,
ഒന്നു ശ്രദ്ധിച്ചപ്പോൾ അകത്തുനിന്നു നേർത്ത വീണാനാദം. വേറെ മാർഗ്ഗ മൊന്നും കാണാത്തതുകൊണ്ട് ശബ്ദം കേട്ടിടത്തേക്കു ചെന്നു. ഫർണ്ണിച്ചറൊന്നുമില്ലാത്ത ഒരു വിശാലമായ മുറിയുടെ നടുക്ക് നിലത്ത് ഒരു കൊരിപ്പലകയിൽ സാറ് ഒറ്റമുുടുത്ത് ഷർട്ടൊന്നുമിടാതെ വീണ വായിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ‘നിങ്ങളിരിക്ക്, ഇതൊന്നു തീർത്തോട്ടെ’ എന്നായി സാറ്. ഇരിക്കാൻ ആ മുറിയിൽ കസേരയൊന്നുമില്ല. പാൻറും, ടക്കു ചെയ്ത ഷർട്ടുമൊക്കെയായി നിലത്തിരിക്കാൻ പാടായിരുന്നു.
എന്നോട് വാര്യർ സാറിനു മകനോടുള്ള മാതിരി സ്നേഹമായിരുന്നു എന്റെ വിദ്യാർത്ഥി കാലം മുതൽ. വീണവായനയെല്ലാം കഴിഞ്ഞപ്പോൾ, വാര്യർ സാറ്, കഥയെല്ലാം ചോദിച്ചു, ഞാൻ കൊടുത്ത ചാർജ് റിപ്പോർട്ട് നിലത്തിരുന്നു തന്നെ എന്റെ പേന വാങ്ങി ഒപ്പിട്ടു തന്നു. എന്നിട്ട് അപ്രതീക്ഷിതമായി പറഞ്ഞു, ‘തനിക്കൊരു സർൈപ്രസായി അല്ലേ എന്നെ ഇവിടെ ഇങ്ങനെ കണ്ടത്? ഞാനും ഓർത്തുപോയത് എന്റെയിതേ തരത്തിലൊരനുഭവമാണ്. വീട്ടുകാരിയും പിള്ളേരും നാട്ടിലേക്കു പോയിരിക്കുകയാണ്, അതുകൊണ്ട് നിങ്ങൾക്കു കഞ്ഞിയൊന്നും തരാനാവുന്നില്ല’.

സാറിന്റെ കഥ തുടങ്ങിയപ്പോൾ താഴെയിരിക്കുന്നതിന്റെ ക്ലേശമൊക്കെ മറന്നു. വാര്യർ സാറ് എം.ആർ.സി.പിയൊക്കെ കഴിഞ്ഞ് മെഡിസിൻ ട്യൂട്ടറായി ചേരാൻ ചെന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലായി രുന്നു. മണി പന്ത്രരയൊക്കെ ആയി. പ്രിൻസിപ്പൽ ഡോ. കെ. എൻ പിഷാരടി വന്നിട്ടില്ല അതുവരെ. ക്വാർട്ടേഴ്സിൽ കാണുമെന്ന് ഓഫീസുകാർ പറഞ്ഞതനുസരിച്ച് പിഷാരടി സാറിന്റെ ക്വാർട്ടേഴ്സിൽ തനിച്ചു പോയി. ആരെയും പുറത്തു കാണാനില്ല. പക്ഷെ അകത്തെ മുറിയിൽ നിന്നു നളചരിതത്തിലെ വരികൾ ആരോ രാഗഭാവത്തോടെ ചൊല്ലുന്നു;
അരവിന്ദഭവയോനേ, വരവിന്നെങ്ങുനിന്നിപ്പോൾ?
ഹരിമന്ദിരത്തിൽനിന്നോ
പുരിയീന്നോ നിലിമ്പനാം?
മുദിതം മാനസം മമ ഭവദങ്ഗദർശനേന
മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ.
കുമുദമെന്നപോലെ…
വരെ ചൊല്ലിയപ്പോൾ വരികൾ പിന്നെ മറന്നപോലെ പാട്ടങ്ങു നിന്നു. പാട്ടിൽ ലയിച്ചുപോയ വാര്യർ സാറ് അടുത്ത വരികൾ ഈണത്തോടെ ചൊല്ലിയാണ് അകത്തേക്കു മടിക്കാതെ കയറിയത്. കയറിച്ചെന്നപ്പോൾ കണ്ടത് കൊരിപ്പലകയിൽ ഇരുന്ന് മുന്നിലുായിരുന്ന തടിയിൽ സ്പൂൺ കൊണ്ട് താളം പിടിച്ചുപാടുന്ന ഒരു കഷണ്ടിക്കാരൻ മൂപ്പീന്നിനെയാണ്. ആദ്യം ശ്രദ്ധയിൽ പെട്ടത് അദ്ദേഹത്തിന്റെ ലേശം താണ ഇത്തിരി മടങ്ങിയ വലതു ചെവിയും, പാതിയടഞ്ഞ വലതു കണ്ണും, ശബ്ദസ്ഫുടതയോടെ നല്ല താളത്തിലെ ചൊല്ലലും. മുഖമുയർത്തി ആഗതനോട് അടുത്തിരിക്കാൻ ആംഗ്യം കാട്ടി പാട്ടു തുടർന്നു രണ്ടുപേരും കൂടി.
അതിനിടയിൽ കുശിനിക്കാരൻ വന്നു, കഥകളിപദം പാടുന്ന വയസ്സനേയും, അരക്കിറുക്കെന്നു തോന്നിയ ചെക്കനേയും കണ്ട് അകത്തു പോയി രണ്ടു പിഞ്ഞാണം കഞ്ഞിയും പയറും ചുട്ട പപ്പടവും കൊണ്ടുവന്നു. പാട്ടു മുറിയാതെ, കഞ്ഞി രണ്ടുപേരും കുടിച്ചു കഴിഞ്ഞപ്പോഴാണ് പിഷാരടി സാറ് ചോദിക്കുന്നത്, ‘താനാരാ? ഇവിടെയെന്തിനു കയറിവന്നു?’
എം. ആർ.സി.പി കഴിഞ്ഞ് മെഡിസിൻ ട്യൂട്ടറായി ജോയിൻ ചെയ്യാൻ വന്ന ആളാണെന്നറിഞ്ഞപ്പോൾ ‘വാടോ ഞാൻ തന്നെ കൊണ്ടുപോകാം’ എന്നു പറഞ്ഞ് ഒരു ഷർട്ടും വലിച്ചു വാരിക്കേറ്റി നേരെ കോളേജാപ്പീസിൽ കൊണ്ടുപോയി പേപ്പറൊക്കെ ശരിയാക്കി എന്നു വാര്യർ സാറ് കഥ പറഞ്ഞതിൽ നിന്നാണ് കഥകളിഭ്രാന്തനായ ഡോ. കെ. എൻ പിഷാരടി സാറിനെ ആദ്യം കേൾക്കുന്നത്.

പിന്നെ കേട്ടത് ഡോ. മേനോന്റെ കോഴിക്കോട് മെഡിക്കൽ കോളേജാക്കാനുള്ള ശ്രമമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോലും വേണ്ടത്ര സീനിയർ അധ്യാപകരില്ല, ഒരു പുതിയ മെഡിക്കൽ കോളേജുണ്ടാക്കാൻ പരിചയമുള്ള ഒരാളും മലബാർ പ്രദേശത്തേയില്ല, അവിടത്തെ വൈദ്യ സൗകര്യങ്ങൾ താരതമ്യേന തീരെ മോശവുമായിരുന്നു. കോളേജ് ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ തുടങ്ങാമെങ്കിലും ചേവായൂരിലെടുത്തിട്ടിരിക്കുന്ന 270 ഏക്കർ വിശാലമായ ഭൂമിയിൽ ഒരു മെഡിക്കൽ കോളേജിനുണ്ടാകേ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും മെഡിക്കൽ വിദ്യാഭ്യാസത്തെ കുറിച്ചും, ഭരണനിർവ്വഹണത്തെക്കുറിച്ചും നല്ല വിവരമുള്ള ആരെയെങ്കി ലും ഏൽപ്പിച്ചാലേ മതിയാകൂ എന്നു ഡോ. മേനോന് മനസ്സിലായി. അങ്ങനെ തിരക്കിയ പ്പോഴാണ് തൃശ്ശൂരിൽ തന്നെ താൻ തേടുന്ന തരത്തിലുള്ള ഒരാളുണ്ട് എന്നറിയുന്നത്
മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡീനായി റിട്ടയർ ചെയ്ത മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിസിൻ പ്രൊഫസറാ യിരുന്ന ഒരു ലഫ്റ്റനൻറ് കേണൽ പിഷാരടി. തൃശ്ശൂരോ, ഇരിഞ്ഞാലക്കുടയിലോ ഉണ്ടെന്ന് മേനോന്റെ പഴയ ചങ്ങാതിമാരിൽ ഒരാൾ പറഞ്ഞുകൊടുത്തു. ചെന്നു കണ്ടത് ഊർജ്ജ്വസ്വലനായ ഒരു അറുപത്തിരുകാരൻ ലഫ്റ്റനൻറ് കേണൽ പ്രൊഫസർ കല്ലംങ്കര നാരായണ പിഷാരടിയേയും. പിഷാരടിയുടെ ആദ്യത്തെ ഉത്തരം: വയസ്സുകാലത്ത് തനിക്കിനി ഒരു മെഡിക്കൽ കോളേജുണ്ടാക്കാനൊന്നും വയ്യ, തന്റെ റിട്ടയേർഡ് ജീവിതം തനിക്കിഷ്ടപ്പെട്ട കഥകളിയും, ക്ഷേത്രകലകളും ഒക്കെയായി കഴിയാനാ ണ് എന്നായിരുന്നു. കുറെ ബുദ്ധിമുട്ടേണ്ടിവന്നു മലബാറിലുണ്ടാക്കുന്ന ആദ്യത്തെ മെഡിക്കൽ കോളേജാണ് ഇതെന്നും അതിന്റെ സ്ഥാപകനാകുക എന്നതു ഏതൊരാളും പുണ്യമായി കരുതേണ്ടതാണെന്നും എന്നൊക്കെ പറഞ്ഞു സമ്മതിപ്പിക്കാൻ.
ചൊവ്വരയിൽ ജനിച്ച നാരായണ പിഷാരടി 1918- ലാണ് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് ബിരുദമെടുക്കുന്നത്. പിന്നെ സർക്കാർ സർവ്വീസിലും, ആർമിയിലുമൊക്കയായി സേവനം. 1925- ൽ തഞ്ചാവൂർ മെഡിക്കൽ സ്കൂളിൽ അധ്യാപകനായി കയറിയശേഷമാണ് പുനർപഠനങ്ങൾക്കു പോകുന്നത്. ആദ്യം കൽക്കട്ടയിലെ ട്രോപിക്കൽ സ്കൂളിൽ നിന്ന് ഡി.റ്റി.എം.എച്ഛ് (Diploma in Tropical Medicine and Hygiene- 1929). രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ലണ്ടിനിൽനിന്ന് എം.ആർ.സി.പി (1932). മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി (മെഡിസിൻ 1937) എടുത്തു കഴിഞ്ഞപ്പോഴാണ് ആന്ധ്രാ മെഡിക്കൽ കോളേജിലെ മെഡിസിൻ പ്രൊഫസർ (1939) ആകുന്നത്. നാലു കൊല്ലത്തിനകം ആർമ്മി മെഡിക്കൽ സർവ്വീസിൽ ലഫ്റ്റനൻറ് കേണലായി, അവിടെ നിന്നു പിരിഞ്ഞപ്പോൾ വീണ്ടും മദ്രാസ് മെഡിക്കൽ കോളേജിൽ മെഡിസിൻ പ്രൊഫസർ, അവിടെ നിന്ന് സ്റ്റാൻലിയിലെ ഡീനും. അന്നത്തെ മദ്രാസ് പ്രസിഡൻസിയിലെ മിക്ക സ്ഥലത്തും കറങ്ങി മടുത്താണ് റിട്ടയർ ചെയ്യുന്നത്. ഇനി ഈ പരിപാടികൾക്കൊന്നും വയ്യ എന്നു കരുതി നാട്ടിൽ വന്നപ്പോഴാണ് ഡോ. മേനോൻ പുതിയ ആവശ്യവുമായി വരുന്നത്.
പുതിയ കോളേജ് കെട്ടിടങ്ങളും ആശുപത്രിയും ക്യാമ്പസുമൊക്കെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമല്ലായിരുന്നു. കോളേജിലെ പ്രീ ക്ലിനിക്കൽ വിഭാഗങ്ങൾ 1957 ആഗസ്റ്റ് 5ന് ഡോ. മേനോൻ ഉത്ഘാടനം ചെയ്തുവെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രി ബീച്ച് ആശുപത്രിയിൽ നിന്നു മാറ്റാൻ കുറെയേറെ നാളുകളെടുത്തു. അതിനു വീണ്ടും ഒമ്പതു കൊല്ലം കൂടി വേണ്ടി (1966 April 7) വന്നു. അവിടെ ഏകദേശം ആദ്യം മുതലുണ്ടായിരുന്ന ഡോ. കെ. സുഗതനാണ് (പിൽക്കാലത്ത് കോഴിക്കോട്ടെ കാർഡിയോളജി പ്രൊഫസർ) ഈ വിവരമെനിക്കു തന്നത്. അന്ന് അവിടെ കിടക്കാനുള്ള രോഗികളെ ആംബുലൻസിൽ കയറ്റിക്കൊണ്ടുവന്ന കഥയും അദ്ദേഹം പറഞ്ഞതാണ്.

ഡോ. മേനോനും ഡോ. പിഷാരടിയും ഈ സ്ഥാപനങ്ങൾ ഉണ്ടാക്കിയെടുക്കാൻ പെട്ട പാട് ചില്ലറയൊന്നുമല്ലായിരുന്നു. ചേവായൂരിലേക്കു പോകാനുള്ള വഴി തന്നെ പ്രയാസം. അവിടെ ചെന്നാൽ കുന്നും കുഴിയുമായുള്ള ഭൂപ്രദേശം. എന്നാലും അപ്പോഴേക്കും പ്രായത്തിന്റെ കുറെയേറെ അവശതയുണ്ടായിരുന്ന ഡോ. മേനോൻ എല്ലാ ഒന്നിരാടം ആഴ്ചയും (ചിലപ്പോൾ ആഴ്ച തോറും) അവിടെ പോകും. കൂടെ പോകാൻ പിഷാരടി മാത്രമല്ല, കോൺഗ്രസ്സുകാരൻ എം.എൽ. എ എ. ബാലഗോപാലും കാണും. ബാലഗോപാലന്റെ കൈവിരലുകളിൽ തൂങ്ങി (പിന്നെ എം എൽ എയും, മന്ത്രിയുമൊക്കെയായ) സുജനപാലും. കോളേജു തുടങ്ങി രണ്ടുമൂന്നു കൊല്ലത്തിനകം ഡോ. മേനോന് പലവിധ രോഗങ്ങളായി. 1960- ൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഡോ. കെ. എൻ. പിഷാരടി 1961 മാർച്ച് 31 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായിരുന്നു. തന്നെ ജോലിഭാരമേൽപ്പിച്ചവർ മാറി പുതിയ ഭരണാധികാരികൾ വന്നപ്പോൾ അവർക്കു കോഴിക്കോട് മെഡിക്കൽ കോളേജിനോടുള്ള ആഭിമുഖ്യവും മാറി. പ്ലാൻ ചെയ്ത പദ്ധതികൾ പാതിവഴിയിൽ മുടങ്ങി. അതിനു മാറ്റം വന്നത് രണ്ടാം പ്രിൻസിപ്പലായി വന്ന ഡോ. അനന്തനാരായണന്റെ കാലത്താണ്. ആരും ഒരു ക്രെഡിറ്റും കൊടുക്കാത്ത വേറൊരു നിർഭാഗ്യവാൻ.
സ്വാമിയുടെ കാലത്താണ് കോഴിക്കോടു മെഡിക്കൽ കോളേജിന് ശരിക്കുള്ള ഉയർച്ച കിട്ടുന്നത്. പക്ഷെ സകലരേയും പിണക്കി ശത്രുക്കളാക്കാനുള്ള സ്വാമിയുടെ കഴിവ് അസാമാന്യമായിരുന്നു. തന്റെ കോളേജിനുവേണ്ട കാര്യങ്ങളുടെ ലിസ്റ്റും അവയുടെ ഫയലുകളുമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കുള്ള സ്വാമിയുടെ മാസാമാസമുള്ള പോക്കും സർവ്വകാര്യപ്രാപ്തിക്കാണ്. ഫലം കണ്ടേ സ്വാമി മടങ്ങൂ. അതിനു അരിശമാണെങ്കിൽ അത്, വിരട്ടാണെങ്കിൽ അത്, താഴ്ന്നു കൊടുക്കുന്ന പ്രശ്നമില്ല. സ്വാമിയെ എല്ലാവരും മറന്നെങ്കിലും അന്നത്തെ ചരിത്രമറിയുന്നവർ അനവധിയുണ്ടിന്നും.
ഡോ. എ. ആർ. മേനോനേയും ഡോ. കെ. എൻ പിഷാരടിയേയും കോഴിക്കോട് മെഡിക്കൽ കോളേജുകാർ നന്ദിയോടെ ഇന്നും ഓർമ്മിക്കുന്നുണ്ട്. മേനോന്റെ ഒരു പ്രതിമയുണ്ട്, കയറുന്നിടത്തു തന്നെ. പിഷാരടിയുടെ പേരിലാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. പക്ഷെ കേരളത്തിൽ ആദ്യമായൊരു മെഡിക്കൽ കോളേജു തുടങ്ങിയ ഡോ. സി. ഒ. കരുണാകരനും ഡോ. ആർ. കേശവൻ നായരും തിരുവനന്തപുരത്തിന്നും അയിത്തക്കാരായി ഗതികിട്ടാതെ ഇരുട്ടിലാണ്.
എനിക്കു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോലെ മാതൃസ്ഥാപനമായി തോന്നുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളേജും മദ്രാസിലെ ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഡൽഹിയിലെ ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും. കോഴിക്കോടിനോട് ലേശം മമത കൂടുതലുണ്ടെന്നും പറയണം. അവിടത്തെ ന്യൂറോളജി വിഭാഗം തുടങ്ങിയത് ഞാനായിരുന്നു. അത് 1971- ൽ. ഇന്നും എനിക്കു കോഴിക്കോട് മെഡിക്കൽ കോളേജിനോടുള്ള ബന്ധം ഊഷ്മളമാണ്.
(തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻററിലെ പത്തോളജി പ്രൊഫസർ ഡോ. കെ. ജയശ്രീയോടും, കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ. എം.പി. ശ്രീജയനോടും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ച ചില വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാടുണ്ട്).
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO
ശസ്ത്രക്രിയ,
സ്തനാർബുദ ചികിത്സയിൽ
എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?
കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട
ചിക്കൻ പോക്സ്
ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല
പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ
കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ
കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ
സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ
സെറിബ്രൽ പാൾസി
കാൻസറും
പൊരുത്ത ചികിത്സയും
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ
പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ
മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും
ഗാർഹിക പ്രസവവും
മരത്തണലിലെ കാറും
ചാമ്പയ്ക്ക മണമുള്ള പനിക്കാലം
വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ
