പുകയിലയുടെ
അടിമകളാകരുതേ…

കേരളത്തിൽ 13 ​ശതമാനം പേർ പുകയില വലിക്കുന്ന തരത്തിലും 8 ശതമാനം പേർ മറ്റു തരത്തിലും പുകയില ഉപയോഗിക്കുന്നുണ്ട്. സ്​കൂൾ കുട്ടികളിൽ 4- 7 ശതമാനം കുട്ടികൾ പുകവലിക്കുന്നതായി പഠനങ്ങളുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ. ​വേണുഗോപാൽ എഴുതിയ ലേഖനം.

യക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ പുകയില വിരുദ്ധ കാമ്പയിന്റെ പ്രസക്തി ഏറിവരികയാണ്. കേരളത്തിൽ 13 ​ശതമാനം പേർ പുകയില വലിക്കുന്ന തരത്തിലും 8 ശതമാനം പേർ മറ്റു തരത്തിലും പുകയില ഉപയോഗിക്കുന്നുണ്ട്. സ്​കൂൾ കുട്ടികളിൽ 4- 7 ശതമാനം കുട്ടികൾ പുകവലിക്കുന്നതായി പഠനങ്ങളുണ്ട്.

അമേരിക്കയിലെ പഠനങ്ങളനുസരിച്ച് തടയാവുന്ന മരണകാരണങ്ങളിൽ ഒന്നാം സ്​ഥാനത്താണ് പുകവലി മൂലമുള്ള മരണങ്ങൾ. അവിടെ 21 ശതമാനം പ്രായപൂർത്തിയായവരും 23 ശതമാനം ഹൈസ്​കൂൾ കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നു. അഞ്ചിലൊന്ന് മരണകാരണവും മൂന്നിലൊന്ന് കാൻസർ കാരണവും പുകവലി തന്നെയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി പുകയിലയുടെ ഉപഭോഗം കുറഞ്ഞെങ്കിലും പുകവലിയുടെ ഉപയോഗം കൂടി വരികയാണ്. പുകയില വലിക്കുന്ന രൂപത്തിൽ അല്ലാതെ വായിലിട്ട് ചവ യ്ക്കുന്ന പാൻപരാഗ്, മുറുക്ക്, മൂക്കിൽ വലിച്ചുകയറ്റുന്ന മൂക്കിൽപൊടി, വായിലിട്ട് അലിയിച്ചുപയോഗിക്കുന്ന തരത്തിലുള്ളത് എന്നിവയും ദോഷഫലങ്ങളുണ്ടാക്കുന്നതാണ്.

ആരോഗ്യപ്രശ്നങ്ങൾ

പുകവലിക്കാത്തവരെക്കാൾ 35 മടങ്ങ് അകാല ചരമമടയാനുള്ള സാധ്യത പുകവലിക്കുന്നവർക്കാണ്. 35,000 ഓളം ബ്രിട്ടീഷ് ഡോക്ടർമാർക്കിടയിൽ 40 വർഷം നടത്തിയ പഠനത്തിൽ പുകവലിക്കാരിൽ മരണസാധ്യത ഇരട്ടിയിലധികമാണെന്ന് കണ്ടെത്തിയിരുന്നു. അവരിൽ 13 മടങ്ങ് സി.ഒ.പി.ഡി. രോഗത്തിനും 15 മടങ്ങ് ശ്വാസകോശാർബുദത്തിനും 16 മടങ്ങ് ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് കണ്ടെത്തി.

പുകവലി ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കാം. കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, പ്രധാന ധമനിവീക്കം (Aneurysm), സി.ഒ.പി.ഡി., ശ്വാസകോശ അണുബാധ, രക്തക്കുഴൽ അടഞ്ഞുപോകൽ, ആസ്തമ, ഗർഭഛിദ്രം, എക്റ്റോപിക് ഗർഭം, ഭാരം കുറഞ്ഞ കുട്ടികൾ, ശിശുക്കളിലെ മുഖവൈകൃതം, പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവ്, തിമിരം ഉൾപ്പടെയുള്ള കാഴ്ച മന്ദീഭവിക്കൽ, ആമാശയ അൾസർ, അസിഡിറ്റി, അസ്​ഥി ദ്രവിക്കലും ഇടുപ്പെല്ല് ഒടിയലും, സന്ധിവാതം തുടങ്ങി എണ്ണമറ്റ രോഗങ്ങൾക്ക് ഇത് കാരണ മാകുന്നു.

പുകവലി ഉപേക്ഷിക്കലിന്റെ ഗുണങ്ങൾ

  • 40 വയസ്സിനുമുന്നേ പുകവലി ഉപേക്ഷിച്ചാൽ അതുമൂലമുള്ള മരണസാധ്യത 90 കുറയ്ക്കാൻ കഴിയും.

  • പുകവലി ഉപേക്ഷിച്ചാൽ അതിന്റെ ഗുണങ്ങൾ ഉടനടി തൊട്ട് വർഷങ്ങളോളം നിലനിൽക്കും. ശ്വാസകോശാർബുദ സാധ്യത 50 ശതമാനം വരെയും (10 വർഷത്തിനകം) ഹൃദ്രോഗ സാധ്യത 60 ശതമാനം വരെയും (23 വർഷത്തിനകം) കുറയും. ശ്വാസകോശക്ഷമത 3 മാസത്തിനകവും വിവിധ മരുന്നുകളുടെ ക്ഷമതയും (ശ്വാസംമുട്ടലിനുള്ള തിയോഫിലിൻ ഗുളിക ഉൾപ്പെടെ) വർദ്ധിക്കും. ഏത് പ്രായത്തിൽ പുകവലി നിറുത്തിയാലും അകാലചരമത്തിനുള്ള സാധ്യത കുറയ്ക്കും.

എന്താണ് പുകവലി അഡിക്ഷൻ?

മനുഷ്യരെ പുകവലിയുടെ അടിമയാക്കി മാറ്റുന്ന പ്രവർത്തനമാണ് അഡിക്ഷൻ. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന പദാർത്ഥമാണ് ലോകത്ത് ഏറ്റവും വലിയ അഡിക്ഷൻ ഉണ്ടാക്കുന്ന വസ്​തുക്കളിലൊന്ന്. സിഗരറ്റാണ് നിക്കോട്ടിൻ ശരീരത്തിലെത്തിക്കുവാൻ ഏറ്റവും ഫലപ്രദമായ വഴി. നിക്കോട്ടിൻ ഇല്ലാത്ത അവസ്​ഥയിൽ അധിക ഉത്കണ്ഠ, വിഷാദം, ദേഷ്യപ്പെടൽ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, കൂടിയ വിശപ്പ്, ഉറക്കമില്ലായ്മ, സമാധാനമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുകയും നിക്കോട്ടിനായി അന്വേഷിച്ചു തുടങ്ങുകയും ചെയ്യും. പുകവലി ഇല്ലാതെയായിട്ട് മണിക്കൂറിനുള്ളിൽ തുടങ്ങുന്ന ഈ ലക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അധികരിക്കുവാനും 6 ആഴ്ചവരെ നിലനിൽ ക്കാനും സാധ്യതയുണ്ട്.

പുകവലി പലപ്പോഴും സാഹചര്യങ്ങളുടെ പ്രേരകങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

ഇതെങ്ങനെ ഒഴിവാക്കാം?

പുകവലി മൂലമോ മറ്റ് അസുഖങ്ങളുമായോ ഡോക്ടറെ കാണാൻ വരുന്ന രോഗികളിൽ പുകവലിക്കാരെ കണ്ടെത്തി ‘5 എ’ എന്നറിയുന്ന 5 ഘട്ടങ്ങളിൽ ചികിത്സ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.

പുകവലി നിറുത്താൻ ഉപദേശിക്കുന്നതോടൊപ്പം വിശദമായ കൗൺസലിംഗ് ചെയ്യുന്നതിലൂടെ അവരുടെ മാനസാന്തരത്തിന് സഹായിക്കുകയും പുകവലി ഉപേക്ഷിച്ചത് നിലനിറുത്താൻ സഹായിക്കുകയും ചെയ്യും. കൂടാതെ പുകയില ഉപയോഗത്തിന്റെ ദോഷങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും, സന്ദർഭവും സാഹചര്യവും മനസ്സിലാക്കി അവരെ തന്നെ സ്വയം രക്ഷിക്കാൻ പുകയില ഉപയോഗം ഉപേക്ഷിക്കാൻ തീരുമാനമെടുപ്പിക്കുകയും ചെയ്യുന്നതാണ് കൗൺസലിംഗ്. ഇതിൽ വൈദഗ്ദ്ധ്യമുള്ളവരെ ചികിത്സയിൽ ഉൾപ്പെടുത്തും. വ്യക്തിഅധിഷ്ഠിത കൗൺസലിംഗിനോടൊപ്പം ഒറ്റദിവസം കൊണ്ടും പടിപടിയായി കുറച്ചും പുകവലി നിറുത്താനാകും. പ്രതിസന്ധി കുറയ്ക്കുന്നതിന് നിരന്തരം പ്രേരിപ്പിക്കുന്ന 5 ഘട്ട പ്രരണ പലപ്പോഴും ഫലപ്രദമാണ്.

അടുത്തകാലത്ത് പ്രചാരത്തിൽ വന്ന ഇ- സിഗരറ്റും ആരോഗ്യ- മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. അമേരിക്കയിൽ 20 ശതമാനം കുട്ടികൾ അതുപയോഗിക്കുന്നതായാണ് കണക്ക്. കൗൺസലിംഗും ഉപദേശങ്ങളും ഏൽക്കാതെ വരുമ്പോൾ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഉപകരിക്കും.

3 തരം ഔഷധങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

നിക്കോട്ടിൻ റീപ്ലേസ്​മെൻ്റ് തെറാപ്പി എന്നറിയപ്പെടുന്നതാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്. നിക്കോട്ടിൻ ഒട്ടിക്കുന്ന തരത്തിലോ വായിലിട്ട് ചവച്ചോ അലിയിച്ചോ കഴിക്കുന്നതും വായിലോ മൂക്കിലോ സ്പ്രേയായി ഉപയോഗിക്കുന്നതുമായ രീതികൾ ലഭ്യമാണ്.

നിക്കോട്ടിൻ സിഗരറ്റിനേക്കാൾ ചെറിയ ഡോസിലാണ് എന്നതും പുകയിൽ അടങ്ങിയിരിക്കുന്ന 7000 ദോഷവസ്​തുക്കളില്ല എന്ന മേന്മയുമിതിനുണ്ട്. ക്രമേണ ഡോസ്​ കുറച്ചുകൊണ്ട് പുകവലി പാടേ ഉപേക്ഷിക്കുവാനും സാധിക്കും. രണ്ടു തരത്തിലുള്ള രീതികളും ചില പ്പോൾ വേണ്ടിവരും (ഉദാഹരണം: വായിലിട്ട് ചവയ്ക്കുന്നതും തൊലിയിൽ ഒട്ടിക്കുന്നതും). ഹൃദ്രോഗികൾ ഇത് വളരെ ശ്രദ്ധയോടെ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബുപ്രോപിയോൺ (Bupropion), പുകയില ഉപയോഗശീലം മാറ്റാൻ മാത്രം ഉപയോഗിക്കുന്ന ‘വെർനിക്ടിൻ’ (vernictin) എന്നിവയാണ് മറ്റ് ഔഷധങ്ങൾ. ഔഷധങ്ങൾക്കു സ്വല്പം ചില ആശാസ്യമല്ലാത്ത പാർശ്വഫലങ്ങളു​ണ്ടെങ്കിലും കൗൺസലിംഗിനോടൊപ്പവും സ്വഭാവമാറ്റപ്രക്രിയയോടൊപ്പവുമെല്ലാം ഉപയോഗിക്കുന്നതിനാൽ പുകയിലശീലം ഉപേക്ഷിക്കുന്നതിൽ പലപ്പോഴും വിജയം കണ്ടെത്തും.

READ: വഞ്ചിതരാകരുത്,
വ്യാജ ഡയറ്റിലും
വ്യാജ ന്യുട്രീഷ്യനിസ്റ്റുകളിലും

വളർച്ചാവേദനകൾ

ബൈപോളാർ ഡിസോർഡർ:
ഉന്മാദവും വിഷാദവും മാറിമറിയുമ്പോൾ

വൃക്കയിലെ കല്ലിനെ തുരത്താം

വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ

കുട്ടികളിലെ
അമിതവണ്ണം

ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr K Venugopal writes about the harmful effects of smoking for indian medical association Nammude Arogyam Magazine.


ഡോ. കെ. ​വേണുഗോപാൽ

ചീഫ് കൺസൽട്ടന്റ് (അഡീഷനൽ ഡയറക്ടർ), സംസ്ഥാന ആരോഗ്യവകുപ്പ്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം മേധാവി.

Comments