മൃഗങ്ങളുടെ
കടിയേറ്റാൽ;
പ്രഥമശുശ്രൂഷയും
തുടർനടപടികളും

'നന്നായി കഴുകുക, മരുന്ന് പുരട്ടുക, വാക്‌സിൻ എടുക്കുക' എന്ന ലളിതമായ പാഠം ഓരോരുത്തരും ഓർത്തിരിക്കുക. ഒരു മൃഗത്തിന്റെ കടിയേറ്റാൽ ഭയപ്പെടാതെ, ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റിൽ അധികം കഴുകി വൃത്തിയാക്കി വൈദ്യസഹായം തേടുക. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവൻ സുരക്ഷിതമാ ക്കാൻ ഈ അറിവ് പകർന്നു നൽകുക- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുൽഫിക്കർ അലി എഴുതിയ ലേഖനം.

കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന അപകടങ്ങളിൽ ഒന്നാണ് നായകടിയും മറ്റ് മൃഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും. റോഡരികിലുള്ള തെരുവുനായ്ക്കൾ മുതൽ വീടുകളിൽ വളർത്തുന്ന മൃഗങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. മൃഗങ്ങളുടെ കടിയേൽക്കുന്നത് വേദനാജനകമായ മുറിവുകൾ ഉണ്ടാക്കുക മാത്രമല്ല, പേവിഷബാധ (Rabies) എന്ന മാരകമായ രോഗത്തിന് കാരണമാവുകയും ചെയ്‌തേക്കാം.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പേവിഷബാധ മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരാണ്. പേവിഷബാധ ഒരിക്കൽ പിടിപെട്ടാൽ 100% മരണസാധ്യതയുള്ള ഒരു രോഗമാണ്. എന്നാൽ കൃത്യമായ സമയത്ത് എടുക്കുന്ന പ്രഥമശുശ്രൂഷയിലൂടെ യും വാക്‌സിനേഷനിലൂടെയും ഈ രോഗത്തെ പൂർണ്ണമായും തടയാൻ സാധിക്കും.

എന്താണ് പേവിഷബാധ (Rabies)?

  • റാബ്‌ഡോവിരിഡേ (Rhabdoviridae) കുടുംബത്തിൽപ്പെട്ട ലിസ്സ വൈറസുകളാണ് (Lyssa virus) പേവിഷബാധയ്ക്ക് കാരണം. രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീരിലാണ് ഈ വൈറസ് പ്രധാനമായും കാണപ്പെടുന്നത്.

രോഗാണു വാഹകർ

  • നായ, പൂച്ച, കുറുക്കൻ, കീരി, കാട്ടുപൂച്ച, വവ്വാൽ, കുരങ്ങ് തുടങ്ങിയ സസ്തനികളിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.

പകരുന്ന രീതി

  • രോഗബാധയുള്ള മൃഗങ്ങൾ കടിക്കുകയോ, മാന്തുകയോ, മുറിവുള്ള ഭാഗങ്ങളിൽ നക്കുകയോ ചെയ്യുമ്പോൾ ഉമിനീരിലൂടെ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കുക

  • പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സിച്ചുഭേദമാക്കാൻ കഴിയില്ല. മരണം സുനിശ്ചിതമാണ്. അതിനാൽ പ്രതിരോധമാണ് ഏക പോംവഴി.

മൃഗങ്ങൾ കടിച്ചാൽ
ഉടൻ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ
(Immediate First Aid)

മൃഗങ്ങളുടെ കടിയേറ്റാൽ ആദ്യത്തെ 15 മിനിറ്റ് വളരെ നിർണ്ണായകമാണ്. വൈറസ് നാഡീവ്യവസ്ഥയിലേക്ക് കടക്കുന്നത് തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യുക.

  • 1. മുറിവ് നന്നായി കഴുകുക (Wound Washing):

ഏറ്റവും പ്രധാനപ്പെട്ട ജീവ൯രക്ഷാനടപടിയാണിത്. കടിയേറ്റ ഭാഗം ഒഴുകുന്ന പച്ചവെള്ളത്തിൽ (Tap water) സോപ്പ് ഉപയോഗിച്ച് തുടർച്ചയായി 15 മിനിറ്റ് എങ്കിലും കഴുകണം.
സോപ്പിന്റെ പത വൈറസിന്റെ പുറംപാളിയായ ലിപിഡ് ലെയറിനെ അലിയിച്ചു കളയുകയും വൈറസിനെ നിർ‍വീര്യമാക്കുകയും ചെയ്യുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പോ, തുണി കഴുകുന്ന സോപ്പോ ഇതിനായി ഉപയോഗിക്കാം. മുറിവിനുള്ളിൽ പറ്റിയ ഉമിനീർ പൂർണ്ണമായും കഴുകിക്കളയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

  • 2. അണുനാശിനി പുരട്ടുക (Antiseptic Application):

മുറിവ് നന്നായി കഴുകി ഉണക്കിയ ശേഷം, ആൽക്കഹോൾ അടങ്ങിയ അണുനാശിനികൾ (ഉദാ: 70% Alcohol, Povidone Iodine, Betadine) പുരട്ടുക. ഇത് ബാക്കിയുള്ള വൈറസുകളെ നശിപ്പിക്കാൻ സഹായിക്കും.

  • 3. രക്തസ്രാവം നിയന്ത്രിക്കുക:

മുറിവിൽനിന്ന് അമിതമായി രക്തം വരുന്നുണ്ടെങ്കിൽ, വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവിന് മുകളിൽ അമർത്തിപ്പിടിക്കുക.

  • 4. ആശുപത്രിയിൽ എത്തുക:

എത്രയുംവേഗം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി ഡോക്ട റുടെ നിർദ്ദേശപ്രകാരം വാക്‌സിൻ സ്വീകരിക്കുക.

ഒരിക്കലും ചെയ്യാൻ പാടില്ലാത്തവ:

  • 1. മുറിവ് തുന്നിക്കെട്ടരുത്

മൃഗങ്ങൾ കടിച്ച മുറിവുകൾ സാധാരണ ഗതിയിൽ തുന്നിക്കെട്ടാറില്ല. മുറിവ് തുന്നുന്നത് വൈറസ് നാഡികളിലേക്ക് വേഗത്തിൽ പടരാൻ ചിലപ്പോഴെങ്കിലും കാരണമായേക്കാം. അമിതമായ രക്തസ്രാവമുള്ള അപൂർ സാഹചര്യങ്ങളിൽ മാത്രം, ഇമ്മ്യൂണോഗ്ലോബുലിൻ (Immunoglobulin) നൽകിയ ശേഷം ഡോക്ടർമാർ തുന്നലുകൾ ഇടാറുണ്ട്.

  • 2. മുറിവ് ബാൻഡേജ് ഇട്ടു മൂടരുത്

മുറിവ് വായുസഞ്ചാരമുള്ള രീതിയിൽ തുറന്നു വെക്കുന്നതാണ് ഉചിതം.

  • 3. പാരമ്പര്യ ചികിത്സകൾ ഒഴിവാക്കുക

മുറിവിൽ മുളകുപൊടി, കാപ്പിപ്പൊടി, ചുണ്ണാമ്പ്, പച്ചിലകൾ എന്നിവ പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് അണുബാധയ്ക്കും (Infection) ചികിത്സ വൈകുന്നതിനും കാരണമാകും.

പ്രതിരോധ കുത്തിവെപ്പുകൾ
(Vaccination):

പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്. പ്രധാനമായും രണ്ട് തരം മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്:

  • 1. ആന്റി റാബിസ് വാക്‌സിൻ
    (Anti-Rabies Vaccine - ARV):

ശരീരത്തിൽ വൈറസിനെതിരായ പ്രതിരോധശേഷി (Antibodies) ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കുന്നു.

  • ഐ.ഡി.ആർ. വി (IDRV):

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സീൻ ലഭ്യമാകുന്ന രീതിയാണിത്. തൊലിക്കടിയിൽ (Intradermal) രണ്ട് തോളുകളിലായി മരുന്ന് കുത്തിവെക്കുന്നു.

  • ഷെഡ്യൂൾ:

0, 3, 7, 28 ദിവസങ്ങളിൽ (ആകെ 4 സന്ദർശനങ്ങൾ).

  • ഐ.എം(IM):

പേശികളിൽ കുത്തിവെക്കുന്ന രീതി (സ്വകാര്യ ആശുപത്രികളിൽ സാധാരണയായി നൽകുന്നത്).

  • ഷെഡ്യൂൾ:

0, 3, 7, 14, 28 ദിവസങ്ങളിൽ (ആകെ 5 ഡോസുകൾ). (0 ദിവസം എന്നത് വാക്‌സിൻ എടുക്കുന്ന ആദ്യ ദിവസമാണ്).

  • 2. റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (Rabies Immunoglobulin - RIG):

കാറ്റഗറി III (Category III) മുറിവുകൾക്ക് നൽകുന്ന ജീവ൯‍രക്ഷാമരുന്നാണിത്. മുറിവിനു ചുറ്റും നേരിട്ട് കുത്തിവെക്കുന്ന 'റെഡിമെയ്ഡ്' ആന്റി ബോഡികളാണിവ. വാക്‌സിൻ പ്രവർത്തിച്ചു തുടങ്ങാൻ രണ്ടാഴ്ചയോളം സമയമെടുക്കും. ഈ കാലയളവിൽ വൈറസിനെ നിർ‍വീര്യമാക്കാൻ ഇമ്മ്യൂണോഗ്ലോബുലിൻ സഹായിക്കുന്നു.

സാധാരണ സംശയങ്ങളും മറുപടിയും:

മിഥ്യ: വളർത്തുനായ്ക്കൾക്ക് വാക്സിൻ എടുത്തതാണെങ്കിൽ, നമ്മൾ വാക്‌സിൻ എടുക്കേണ്ടതില്ല.

സത്യം:

  • അല്ല. വളർത്തുനായയ്ക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും, വാക്‌സിൻ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ കടിയേറ്റാൽ മനുഷ്യർ നിർബന്ധമായും വാക്‌സിൻ എടുക്കണം.

മിഥ്യ: ചെറിയ നായ്ക്കുട്ടികൾ കടിച്ചാൽ പേവിഷബാധ ഉണ്ടാകില്ല.

സത്യം:

  • തെറ്റാണ്. ഏത് പ്രായത്തിലുള്ള മൃഗത്തിനും വൈറസ് ബാധയുണ്ടാകാം. നായ കുഞ്ഞുങ്ങൾ കടിച്ചാലും ചികിത്സ തേടണം.

മിഥ്യ: കടിയേറ്റ് വളരെ വർഷങ്ങൾക്ക് ശേഷവും പേവിഷബാധ ഉണ്ടാകാം.

സത്യം:

  • സാധാരണഗതിയിൽ 2-3 മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. എന്നാൽ അപൂർ‍മായി 1 വർഷം വരെയും വൈറസ് സുഷുപ്താവസ്ഥയിൽ (Incubation period) തുടരാം. അതുകൊണ്ട് പഴയ കടിയാണെങ്കിലും ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.

മിഥ്യ: മുറിവിൽ ചോര വന്നില്ലെങ്കിൽ വാക്‌സിൻ വേണ്ട.

സത്യം:

  • ചോര വന്നില്ലെങ്കിലും പോറലുകൾ ഉണ്ടെങ്കിൽ വാക്‌സിൻ എടുക്കണം.

നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

  • വളർത്തുമൃഗങ്ങളുടെ വാക്‌സിനേഷൻ:

വീട്ടിലെ നായകൾക്കും പൂച്ചകൾക്കും കൃത്യസമയത്ത് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ നൽകുക.

  • അകലം പാലിക്കുക:

തെരുവുനായ്ക്കൾ, അപരിചിതമായ മൃഗങ്ങൾ എന്നിവയുമായി ഇടപഴകുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികളെ ഇക്കാര്യം പഠിപ്പിക്കുക.

  • പ്രകോപിപ്പിക്കരുത്:

ഭക്ഷണം കഴിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, കുട്ടികളെ പാലൂട്ടുമ്പോഴോ മൃഗങ്ങളെ ശല്യപ്പെടുത്തരുത്.

  • മാലിന്യ സംസ്‌കരണം:

പൊതുസ്ഥലങ്ങളിൽ അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തെരു വുനായ്ക്കളുടെ എണ്ണം കൂടാൻ കാരണമാകുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ശീലമാക്കുക.

പേവിഷബാധ ഒരു ഭീകരമായ രോഗമാണെങ്കിലും, കൃത്യമായ അറിവും ജാഗ്രതയും കൊണ്ട് നമുക്ക് ഇതിനെ അതിജീവിക്കാം.

'നന്നായി കഴുകുക, മരുന്ന് പുരട്ടുക, വാക്‌സിൻ എടുക്കുക' എന്ന ലളിതമായ പാഠം ഓരോരുത്തരും ഓർത്തിരിക്കുക. ഒരു മൃഗത്തിന്റെ കടിയേറ്റാൽ ഭയപ്പെടാതെ, ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റിൽ അധികം കഴുകി വൃത്തിയാക്കി വൈദ്യസഹായം തേടുക. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവൻ സുരക്ഷിതമാ ക്കാൻ ഈ അറിവ് പകർന്നുനൽകുക.

ഓർക്കുക: പേവിഷബാധ ചികിത്സിച്ച് മാറ്റാൻ കഴിയില്ല, പക്ഷേ വരാതെ തടയാൻ കഴിയും.

READ: മോഹാലസ്യം

Stroke
മസ്തിഷ്കാഘാതം

ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments