നേരത്തെ കണ്ടെത്താം, സ്തനാർബുദം

40 വയസ്സിനു മുകളിലുള്ളവർക്ക് ഡോക്ടർ പറയുന്നതുവരെ കാത്തിരിക്കേണ്ടതില്ല; ഏതെങ്കിലും റേഡിയോളജി സെന്ററിൽ പോയി വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യാം. ഇത് വേഗത്തിലുള്ളതും, സുരക്ഷിതവുമായ പരിശോധനയാണ്. അത് ജീവൻ രക്ഷിക്കാൻ സഹായകമാകും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അവ്നി സ്കന്ദൻ എഴുതിയ ലേഖനം.

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറുകളിലൊന്നാണ്. പക്ഷേ അതിനൊപ്പം, നേരത്തെ കണ്ടെത്തിയാൽ ഏറ്റവും കൂടുതൽ ചികിത്സിക്കാൻ കഴിയുന്ന കാൻസറുകളിൽ ഒന്നും ഇതാണ്. അതിനാൽ, അവബോധവും നിശ്ചിത ഇടവേളകളിൽ പരിശോധനയും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ആയുധം. ഇനിയും പലരും, ലക്ഷണങ്ങൾ കാണുമ്പോഴോ, ഡോക്ടർ പറയുമ്പോഴോ മാത്രമേ പരിശോധിക്കേണ്ടതെന്ന് കരുതുന്നു. അത് വളരെ അപകടകരമായ തെറ്റിദ്ധാരണയാണ്.

സ്തന സ്ക്രീനിംഗ് എന്നത് ലക്ഷണങ്ങൾ കാണുന്നതിനുമുമ്പ് കാൻസറിന്റെ അടയാളങ്ങൾ കണ്ടെത്താനുള്ള ശ്രമം മാത്രമാണ്.

ആദ്യപടി, സ്വയം അവബോധമാണ്. സ്ത്രീകൾ തങ്ങളുടെ സ്തനങ്ങളുടെ സാധാരണ രൂപവും സ്പർശന അനുഭവവുമെന്താണെന്ന് മനസ്സിലാക്കണം. സ്തനത്തിൽ കട്ടകൾ, വലിപ്പമോ ആകൃതിയോ മാറുക, മുലയിൽ നിന്ന് നീര് ഒഴുകൽ, അല്ലെങ്കിൽ ത്വക്കിൽ തടിപ്പ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ ബന്ധപ്പെടണം.

പല മാറ്റങ്ങളും ഹാനികരമല്ലെങ്കിലും, ഡോക്ടറുടെ അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ആവശ്യമെങ്കിൽ പ്രാരംഭ നടപടി സ്വീകരിക്കാനുള്ള സാഹചര്യവും, ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ നമുക്ക് മനസ്സമാധാനവും ലഭിക്കും.

നമ്മുടെ കൈകളാണ് ഏറ്റവും പ്രധാനപ്പെട്ട പരിശോധനാ ഉപകരണം, സ്തന സ്വയംപരിശോധന (Breast Self Examination - BSE). ഈ ലളിതമായ ശീലം ഓരോ സ്ത്രീയും, കൗമാരാനന്തര പെൺകുട്ടികളും പഠിക്കണം.

ഓരോ മാസവും, പീരീഡ്സ് കഴിഞ്ഞ് ചില ദിവസങ്ങൾക്കു ശേഷം, കണ്ണാടിക്കുമുമ്പിൽ നിന്ന് നിങ്ങളുടെ സ്തനങ്ങളുടെ വലിപ്പം, ആകൃതി, ത്വക്ക് തുടങ്ങിയവയിൽ മാറ്റമുണ്ടോയെന്ന് നോക്കുക.

പിന്നീട് വിരൽതുമ്പുകൾ ഉപയോഗിച്ച് വൃത്താകാരമായി സാവധാനത്തിൽ മുഴുവൻ സ്തനവും സ്പർശി ച്ച് നോക്കുക- നിൽക്കുമ്പോഴും കിടക്കുമ്പോഴും - തടിപ്പുകളോ മുലയിലെ തൊലി കട്ടിപിടിക്കുക മുതലായ അസാധാരണമായ അനുഭവങ്ങൾ തുടങ്ങിയവ ഉണ്ടോ എന്നു പരിശോധിക്കുക.

സ്തനമാംസം ചുമലിലേക്കും കക്ഷ പ്രദേശത്തേക്കും വ്യാപിക്കുന്നതിനാൽ ആ ഭാഗങ്ങളും പരിശോധിക്കാൻ മറക്കരുത്.

മെനോപ്പസ് ആയവർക്ക് ഓരോ മാസവും ഒരു നിശ്ചിത തീയതി നിശ്ചയിച്ച് സ്വയംപരിശോധന നടത്താം. ഇത് ചില മിനിറ്റുകൾ മാത്രം എടുക്കുകയുള്ളൂ, പക്ഷേ ആ കുറച്ച് മിനിറ്റുകൾ ജീവൻ രക്ഷിക്കാൻ മതിയാകും.

എന്തെങ്കിലും അസാധാരണത ശ്രദ്ധയിൽപ്പെട്ടാൽ - കട്ട, ത്വക്കിൽ കുഴിവീഴ്ച, മുലയിൽ നിന്ന് നീര് ഒഴുകൽ, നീണ്ടുനിൽക്കുന്ന വേദന - ഇവയൊന്നും ഭയപ്പെടേണ്ടതില്ല, പക്ഷേ അവഗണിക്കാനും പാടില്ല. അധികഭാഗം മാറ്റങ്ങളും കാൻസർ അല്ല, പക്ഷേ ഓരോ പുതുമാറ്റത്തിനും ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്.

ഡോക്ടറുടെ ക്ലിനിക്കൽ പരിശോധനയും, മാമോഗ്രാഫി അല്ലെങ്കിൽ അൾട്രാസൗണ്ട് പോലുള്ള റേഡിയോളജിക്കൽ പരിശോധനകളും, അവസ്ഥ വ്യക്തമാക്കും.

30 വയസിനു മുകളിലുള്ള സ്ത്രീകൾക്ക്, കുറച്ച് വർഷങ്ങളിലൊരിക്കൽ ഡോക്ടറുടെ ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധന നടത്തുന്നത് നല്ലതാണ്. 40 വയസിനുശേഷം, വർഷത്തിലൊരിക്കൽ പരിശോധനയും മികച്ചതാണ്.

ഇതിനുപുറമെ, റേഡിയോളജി സ്ത്രീകളുടെ സ്തനാരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. മാമോഗ്രാഫി എന്നത് സ്തനത്തിന്റെ എക്‌സ്-റേ പരിശോധനയാണ്. കൈകൊണ്ട് കണ്ടെത്താൻ കഴിയാത്ത ചെറു കട്ടകളോ കാൽസിഫിക്കേഷനുകളോ കണ്ടെത്താൻ ഇതിന് കഴിയും.

സാധാരണയായി 40 വയസിനു മുകളിലുള്ളവർക്ക്, ഒന്ന് മുതൽ രണ്ടു വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യാൻ ശുപാർശ ചെയ്യുന്നു. കുടുംബത്തിൽ സ്തനാർബുദരോഗികൾ കൂടുതലുള്ളവർക്ക് അതിനുമുമ്പ് പരിശോധന തുടങ്ങാം

യുവതികളിൽ, സ്തനമാംസം കൂടുതൽ കട്ടിയുള്ളതിനാൽ, അൾട്രാസൗണ്ട് മികച്ച പ്രാഥമിക പരിശോധനയായി ഉപയോഗിക്കുന്നു. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് സ്തനത്തിന്റെ അകത്തളങ്ങൾ പരിശോധിച്ച്, ദ്രാവകഭരിതമായ സിസ്റ്റുകളും കട്ടകളും തമ്മിൽ വ്യത്യാസപ്പെടുത്താൻ ഇതിന് കഴിയും.

കുടുംബചരിത്രമോ ജീനിലെ മാറ്റങ്ങളോ മൂലം വളരെ ഉയർന്ന അപകടസാധ്യത ഉള്ളവർക്ക്, MRI സ്കാൻ കൂടുതൽ വിശദമായ ചിത്രം നൽകും.

ഈ എല്ലാ പരിശോധനകളും ഒരു സുരക്ഷാവലയം പോലെയാണ് - കാൻസർ അതിന്റെ ആദ്യ ഘട്ടത്തിലും തന്നെ കണ്ടെത്താൻ സഹായിക്കുന്ന സുരക്ഷാഭടന്മാർ.

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യം, മാമോഗ്രാം ഒരു സ്ക്രീനിംഗ് പരിശോധനയാണ്. അത് ലക്ഷണങ്ങൾ കാണുന്നതിന് മുൻപുതന്നെ അസാധാരണതകൾ കണ്ടെത്താനാണ്. അതുകൊണ്ടുതന്നെ, 40 വയസ്സിനു മുകളിലുള്ളവർക്ക് ഡോക്ടർ പറയുന്നതു വരെ കാത്തിരിക്കേണ്ടതില്ല; ഏതെങ്കിലും റേഡിയോളജി സെന്ററിലേക്ക് പോയി വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യാം. ഇത് വേഗത്തിലുള്ളതും, സുരക്ഷിതവുമായ പരിശോധനയാണ് - അതിനാൽ ജീവൻ രക്ഷിക്കാൻ സഹായകമാകും.

അതേസമയം, പുരുഷന്മാർക്കും സ്തനാർബുദം ഉണ്ടാകാം. ഇത് അപൂർവ്വമായതാണെങ്കിലും, കുടുംബചരിത്രമോ ഹോർമോൺ അസന്തുലിതാവസ്ഥകളോ ഉള്ളവർക്ക് അപകടസാധ്യതയുണ്ട്. പുരുഷന്മാർക്ക് നെഞ്ചിൽ കട്ട, മുലയിൽ നിന്ന് നീര് ഒഴുകൽ, ത്വക്കിൽ മാറ്റം തുടങ്ങിയവ കാണുമ്പോൾ അവഗണിക്കരുത്.

ഒരു റേഡിയോളജിസ്റ്റ് എന്ന നിലയിൽ, ഓരോ മാമോഗ്രാമും കൃത്യസമയത്ത് ഒരു പ്രശ്നം കണ്ടെത്തുമ്പോൾ, അതൊരു നിശ്ശബ്ദ വിജയമാണ്. അതിലൂടെ ഒരു ജീവൻ രക്ഷപ്പെടുന്നു, ഒരു കുടുംബം സംരക്ഷിക്കപ്പെടുന്നു, ഒരു ഭാവി നിലനിർത്തപ്പെടുന്നു. അതിനാൽ, സ്തനാരോഗ്യ അവബോധം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം. പ്രശ്നം വരുന്നത് കാത്തിരിക്കേണ്ടതില്ല. അറിയാം, നിരീക്ഷിക്കാം, ഉത്തരവാദിത്തത്തോടെ ജീവിക്കാം.

കാരണം, നാം നമ്മളെത്ത ന്നെ സംരക്ഷിക്കുമ്പോഴാണ്, നമ്മെ സ്നേഹിക്കുന്നവരെയും സംരക്ഷിക്കുന്നത്.

READ : ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments