സ്ത്രീകൾ ചിലപ്പോൾ വന്നു പറയാറുണ്ട്, ‘ഡോക്ടറെ, കഴിഞ്ഞയാഴ്ച എനിക്ക് രണ്ടു ദിവസം ചെറിയതോതിൽ ബ്ലീഡിങ്ങ് ഉണ്ടായിരുന്നു. വയറുവേദനയൊന്നുമില്ല. അതുകൊണ്ട് പ്രശ്‌നമൊന്നുമില്ലല്ലോ’.
ചോദിച്ചപ്പോൾ, അവർക്ക് ആർത്തവവിരാമമായിട്ട് രണ്ടു വർഷത്തിലധികമായത്രെ. രക്തസ്രാവം കൂടുതലുണ്ടെങ്കിലേ പേടിക്കേണ്ടതുള്ളൂ എന്നാണ് ചിലർ കരുതുന്നത്. പക്ഷേ ആർത്തവവിരാമത്തിനുശേഷമുള്ള ഏതു ചെറിയ രക്തസ്രാവവും വളരെ ഗൗരവമായി പരിഗണിക്കേണ്ടതാണ്. എന്തെന്നാൽ ഇത് ചിലപ്പോൾ ഗുരുതരമായ ക്യാൻസർ പോലെയുള്ള രോഗത്തിന്റെ ലക്ഷണമാവാൻ സാധ്യതയുണ്ട്.
സാധാരണയായി 45 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ചിലർക്ക് 50 വയസ്സുവരെ ക്രമമായി ആർത്തവം ഉണ്ടാവാറുണ്ട്. ഒരുവർഷം തുടർച്ചയായി ആർത്തവം തീരെ ഇല്ലാത്ത അവസ്ഥയെയാണ് ആർത്തവവിരാമം എന്നുപറയുന്നത്. പക്ഷേ, ആറു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും രക്തസ്രാവമുണ്ടായാലും അവഗണിക്കുവാൻ പാടുള്ളതല്ല.
ആർത്തവവിരാമത്തിനുശേഷം സ്ത്രീകൾക്കു പലതരം പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. ഉദാ: ഹോട്ട് ഫ്ലഷുകൾ (Hot flushes - ശരീരത്തിൽ അധികമായി ഉഷ്ണം അനുഭവപ്പെടുക, വിയർക്കുക), ഉറക്കം കുറയുക, ശരീരഭാരം കൂടുതലാവുക, സന്ധികളിൽ വേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ.
ആർത്തവവിരാമശേഷമുള്ള രക്തസ്രാവത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1) ചില ശാരീരികപ്രശ്‌നശമനത്തിനുവേണ്ടി (ഉദാ: Hot flushes) ഹോർമോൺ ഗുളികകൾ ഉപയോഗിക്കുന്നത്.
2) ഗർഭാശയഗള പോളിപ്പ്- തടിപ്പുകൾ (Cervical polyp, endomentrial polyp).
3) ഗർഭാശയത്തിലെ മുഴകൾ (Submucous fibroid).
4) അണ്ഡാശയത്തിലെ മുഴകൾ (Ovarian tumours).
5) ഗർഭാശയത്തിലെ ഉള്ളിലുള്ള പാളി (endometrial) തീരെ നേർത്തതാവുക.
6) ചില അണുബാധകൾ കാരണമായും രക്തസ്രാവമുണ്ടാകാം (Cervicitis, Vaginitis).
7) ഗർഭാശയമുഖ ക്യാൻസർ (Cervical cancer).
8) ഫാലോപ്പിയൻ ട്യൂബ് ക്യാൻസർ (Fallopian tube cancer- (അണ്ഡവാഹിനിക്കുഴലിലുള്ള ക്യാൻസർ).
9) വളരെ അപൂർവ്വമായി ഗർഭാശയത്തിൽ നിക്ഷേപിച്ച കോപ്പർ - ടി പോലുള്ള ഗർഭനിരോധന ഉപകരണങ്ങൾ എടുക്കുവാൻ മറന്നുപോയവരിലും ചിലപ്പോൾ രക്തസ്രാവം ഉണ്ടാവാറുണ്ട്.
10) എൻ്റോമെട്രിയൽ ക്യാൻസർ (Endometrial cancer) : ഗർഭാശയത്തിലെ ഉള്ളിലെ നേരിയ ആവരണം അഥവാ പാളിയാണ് 'എൻടോമെട്രിയം' (endometrium). ഇതിന് ആർത്തവവിരാമത്തിനുശേഷം 5mm-ൽ താഴെ മാത്രമേ വണ്ണം (thickness) പാടുള്ളൂ. വണ്ണം കൂടുതലായാ ൽ ക്യാൻസർ രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
ഇത്രയും കാരണങ്ങൾകൊണ്ട് ആർത്തവവിരാമത്തിനുശേഷം രക്തസ്രാവമുണ്ടാകാം. അതിനാൽ ചെറിയതോതിലുള്ള രക്തസ്രാവമായാലും ഉടനെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണ്.
ചില രോഗങ്ങൾ ഡോക്ടർക്ക് ചെറിയ പരിശോധന കൊണ്ടുതന്നെ മനസ്സിലാവുന്നതാണ്. ഉദാ: ഗർഭമുഖാശയ തടിപ്പുകൾ. രോഗനിർണ്ണയത്തിന് മറ്റു പരിശോധനകളും നടത്തേണ്ടതാണ്. പാപ് സ്മിയർ (PAP SMEAR), അൾട്രാസൗണ്ട് സ്‌കാനിങ്ങ് (TAS, TVS) എന്നിവ.
ഇതിൽ ഏറ്റവും പ്രധാനമായി സ്‌കാനിങ്ങിൽ എൻഡോമെട്രിയത്തിലെ വണ്ണം 5mm-ൽ കൂടുതലുണ്ടെങ്കിൽ എൻഡോമെട്രിയൽ ബയോപ്സി ( Endometrial Biopsy) എന്ന ടെസ്റ്റ് കഴിയുന്നതും വേഗത്തിൽ ചെയ്ത് ക്യാൻസർ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

എൻഡോമെട്രിയൽ
ബയോപ്സി
Pipelle എന്ന ഉപകരണംകൊണ്ട് അഡ്മിറ്റ് ചെയ്യാതെതന്നെ ഗർഭാശയത്തിനുള്ളിലെ കോശങ്ങളെ എടുക്കുകയും പത്തോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്യുന്ന ഒരു ടെസ്റ്റാണ് ഇത്.
ഹിസ്റ്ററോസ്‌കോപ്പി (Hysteroscopy)
ഹിസ്റ്ററോസ്കോപ്പ് (Hysteroscope) എന്ന ഉപകരണം കൊണ്ട് നേരിട്ട് ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയം വീക്ഷിക്കുവാൻ കഴിയുന്നു. കൂടാതെ ബയോപ്സി എടുക്കുവാനും കഴിയുന്നു. ചില ചെറിയ മുഴകളും ഹിസ്റ്ററോസ്‌കോപ്പ് വഴി നീക്കംചെയ്യുവാനും കഴിയും.
രക്തപരിശോധനകൾ
ചില രക്തപരിശോധനകളിലൂടെ ശരീരത്തിൽ ക്യാൻസറിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ കഴിയും. Ca125, CEA എന്നിവ അധികം അളവിലുണ്ടെങ്കിൽ അണ്ഡാശയ ക്യാൻസർ ഉണ്ടോ എന്നറിയാൻ കഴിയും. ഇവയെ Tumour Markers എന്നാണ് പറയുന്നത്.
എം.ആർ.ഐ. സ്‌കാൻ
എൻഡോമെട്രിയൽ ക്യാൻസർ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
പ്രതിരോധമുറകളും
ചികിത്സാരീതികളും
എല്ലാ ആർത്തവവിരാമശേഷമുള്ള രക്തസ്രാവവും തുടക്കത്തി ൽത്തന്നെ കാരണം എന്താണെന്ന് മനസ്സിലാക്കി ഉടൻതന്നെ ചികിത്സിക്കേണ്ടതാണ്.
ഈസ്ട്രജൻ ഹോർമോൺ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക. ആർത്തവവിരാമത്തിനുശേഷം വർഷത്തിൽ ഒരിക്കലെങ്കിലും അൾട്രാസൗണ്ട് സ്‌കാനിംഗ് ചെയ്യണം.
മൂന്നുവർഷത്തിലൊരിക്കൽ Pap Smear Test ചെയ്താൽ (ഗർഭാശയമുഖത്തിൽ നിന്ന് കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന രീതി) - ഗർഭാശയമുഖ ക്യാൻസർ സാധ്യത അറിയുവാൻ കഴിയും.
Corposcopy
ഗർഭാശയമുഖത്തിൽ സൂക്ഷ്മമായി പരിശോധിക്കുവാൻ കഴിയുന്ന മൈക്രോസ്കോപ്പ് പോലെയുള്ള ഒരു ഉപകരണം - ഇപ്പോൾ എല്ലാ വലിയ ഹോസ്പിറ്റലിലും സൗകര്യമുണ്ട്.
HPV Test
ഇതും ഗർഭാശയമുഖ ക്യാൻസർ സാധ്യത അറിയുവാനുള്ള പരിശോധനയാണ്. ഗർഭാശയമുഖത്തിൽനിന്നും കോശങ്ങൾ എടുത്താണ് പരിശോധിക്കുന്നത്.
പ്രമേഹരോഗം, അമിതവണ്ണം, PCOS എന്ന അസുഖങ്ങൾ മുമ്പ് ഉണ്ടായിരുന്നവർ എന്നിവരിൽ എൻഡോമെട്രിയൽ ക്യാൻസർ സാധ്യത കൂടുതലായതിനാൽ കരുതൽ ആവശ്യമാണ്.
ശരീരത്തിലെ കൊഴുപ്പിൽനിന്ന് ഈ സ്ട്രോജൻ (oestrogen) ഹോർമോൺ ഉൽപാദനം ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണ് അമിതവണ്ണമുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ജീവിതശൈലീരോഗങ്ങൾ കൃത്യമായ ചികിത്സയിലൂടെയും വ്യായാമങ്ങളിലൂടെയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
എൻഡോമെട്രിയൽ ക്യാൻസർ അല്ലാതെയും ചിലരിൽ എൻഡോമെട്രിയം വണ്ണം കൂടുതലായി കാണാറുണ്ട്. ഇതിനെ എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ ('Endometrial hyperplasia') എന്നാണ് പറയുന്നത്.
ഇത് രണ്ടുതരമുണ്ട്.
(1) Benign hyperplasia - (ഗുരുതരമല്ലാത്തത്).
(2) Atyprical hyperplasia: ഇത് ഭാവിയിൽ ക്യാൻസർ സാധ്യത ഉള്ളതാണ്. അതുകൊണ്ട് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രവും അണ്ഡാശയങ്ങളും നീക്കംചെയ്യുന്നതാണ് ഇതിന്റെ ചികിത്സാരീതി. ബിനൈൻ ഹൈപ്പർ പ്ലാസിയ (Benign hyperplasia) തകരാറില്ലാത്തതാണെങ്കിലും ഭാവിയിൽ പ്രശ്‌നമാവാൻ സാധ്യതയുള്ളതുകൊണ്ട് 6 മാസം കൂടുമ്പോഴെങ്കിലും പരിശോധനകൾ (അൾട്രാസൗണ്ട് സ്‌കാനിങ്ങ് എന്നിവ) ചെയ്യേണ്ടതാണ്.
സ്തനങ്ങളിലെ ക്യാൻസർ ചികിത്സയുടെ ഭാഗമായി 'ടമോക്‌സിഫൻ' (Tamoxifen) എന്ന ഗുളിക കഴിക്കുന്നവരിൽ എൻഡോമെട്രിയത്തിന്റെ വണ്ണം (thickness) അല്പം കൂടുതൽ ആവാറുണ്ട്. അൾട്രാസൗണ്ട് സ്‌കാനിങ്ങ് ചെയ്താൽ 8 mm-ൽ കൂടുതലാണെങ്കിൽ ബയോപ്സി എടുക്കേണ്ടതാണ്.
ഗർഭാശയം പ്രായമായവരിൽ ചിലർക്ക് ഗർഭാശയം യോനീഭാഗത്തുനിന്ന് താഴേക്ക് തള്ളിവരാറുണ്ട് (Prolapse uterus). ഇങ്ങനെയുള്ളവരിൽ ഗർഭാശയമുഖത്ത് വ്രണങ്ങൾ വന്ന് രക്തസ്രാവം കാണാറുണ്ട്. അതിന് തക്കതായ ശസ്ത്രക്രിയ ചെയ്യേണ്ടതാണ്.
ഇങ്ങനെ ആർത്തവവിരാമശേഷമുള്ള രക്തസ്രാവം വിവിധതരം കാരണങ്ങളാലാണ് സംഭവിക്കുന്നത്. എന്താണ് കാരണം എന്നുമനസ്സിലാക്കി കൃത്യമായ ചികിത്സ ചെയ്യേണ്ടതാണ്. ചില ക്യാൻസർ രോഗങ്ങൾ കുടുംബങ്ങളിൽ പാരമ്പര്യകാരണങ്ങളാലും കാണപ്പെടുന്നുണ്ട്. അങ്ങിനെയുള്ള കുടുംബാംഗ ങ്ങൾ നേരത്തെതന്നെ എല്ലാവിധ ടെസ്റ്റുകളും ചെയ്യേണ്ടതാണ്.
ക്യാൻസർ തന്നെ ആയാലും തുടക്കത്തിൽത്തന്നെ ശരിയായ ചികിത്സയെടുക്കുകയാണെങ്കിൽ സെർവൈക്കൽ ക്യാൻസർ, എൻഡോമെട്രിയൽ ക്യാൻസർ എന്നീ മാരകരോഗങ്ങൾ നിശ്ശേഷം മാറിക്കിട്ടുന്നതാണ്.
കൗമാരപ്രായക്കാർക്ക് എച്ച് പി.വി വാക്സിൻ നിശ്ചയമായും നൽകേണ്ടതാണ്. വാക്‌സിൻ സൗജന്യമായി ലഭിക്കുവാൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും മുൻകൈ എടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നത് ആശാവഹമാണ്.
READ: PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി
കൺപോളക്കുരു:
കാരണവും ചികിത്സയും
ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം
ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?
കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ
അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

