ആശുപത്രികളെ എനിക്ക് പൊതുവേ ഇഷ്ടമല്ല. അകത്തു കയറിയാൽ മനുഷ്യരെല്ലാം പെട്ടെന്ന് രോഗികളായിപ്പോകുന്നതുപോലെ തോന്നും. പുറത്തുവച്ച് നമ്മൾ അധ്യാപികയോ എഴുത്തുകാരിയോ, വിദ്യാർത്ഥിയോ അമ്മയോ ഭാര്യയോ ഒക്കെയാണ്. ആശുപത്രിയുടെ വാതിൽ കടന്നാൽ അതെല്ലാം അപ്രത്യക്ഷമാകും. പിന്നെ നമ്മൾ ഒരു പേരും വയസ്സും രോഗവുമാണ്.
എന്നെ ആദ്യമായി ഡോ. വിജയന്റെ അടുത്തെത്തിച്ചത് വലിയൊരു രോഗമൊന്നുമായിരുന്നില്ല. കുറച്ചുകാലമായി വിട്ടുമാറാതെ നിന്ന ഒരു അസ്വസ്ഥത. സുഹൃത്തുക്കൾ ഓരോരുത്തരും ഓരോ രോഗം വിധിച്ചു. ഗൂഗിൾ അതിനേക്കാൾ ഭീകരമായ രോഗങ്ങൾ കണ്ടെത്തിത്തന്നു. അവസാനം ഭയത്തിന്റെ പകുതിയും രോഗത്തിന്റെ പകുതിയുമായി ഞാൻ ഡോക്ടറുടെ മുറിയിലെത്തി. എന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന ആതിരയായിരുന്നു കൂടെ.
അദ്ദേഹം എന്റെ പഴയ റിപ്പോർട്ടുകൾ ഓരോന്നായി നോക്കി: “എന്താണ് ബുദ്ധിമുട്ട്?”
ഞാൻ പറഞ്ഞു തുടങ്ങി.
ഏറ്റവും പുതിയ മരുന്ന് എഴുതുന്നയാളാണോ?
ഏറ്റവും കൃത്യമായി രോഗനിർണയം നടത്തുന്നയാളാണോ?
ഏറ്റവും പ്രശസ്തനായ ഡോക്ടറാണോ?
അറിയില്ല.എന്റെ നിർവചനം വളരെ ചെറുതാണ്:
രോഗത്തെ ചികിത്സിക്കുമ്പോഴും രോഗിയെ മറക്കാത്തയാളാണ് നല്ല ഡോക്ടർ.
സാധാരണ ഡോക്ടർമാരുടെ അടുത്തുചെല്ലുമ്പോൾ വേഗത്തിൽ പറയണം എന്നൊരു പരിഭ്രമം എനിക്കുണ്ട്. പുറത്തു കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഓർമ്മ വരും. ഡോക്ടറുടെ മേശപ്പുറത്തെ ഫോൺ മുഴങ്ങും. കമ്പ്യൂട്ടറിലേക്ക് കണ്ണോടിച്ചുകൊണ്ട് അദ്ദേഹം അടുത്ത ചോദ്യം ചോദിക്കും. അതിനിടയിൽ നമ്മുടെ രോഗത്തിന്റെ കഥയിൽ നിന്ന് പ്രധാനപ്പെട്ട പല വാചകങ്ങളും നഷ്ടപ്പെട്ടുപോകും.
പക്ഷേ ഈ മനുഷ്യൻ എന്നെ തടസ്സപ്പെടുത്തിയില്ല. ഞാൻ പറഞ്ഞുതീരുന്നതുവരെ കേട്ടിരുന്നു. അതൊരു ചെറിയ കാര്യമായി മറ്റൊരാൾക്ക് തോന്നാം. എനിക്ക് അങ്ങനെയല്ല തോന്നിയത്. ഒരാൾ നമ്മളെ കേൾക്കുന്നു എന്ന അറിവുതന്നെ ചിലപ്പോൾ ആദ്യത്തെ മരുന്നാണ്.
പരിശോധിച്ചശേഷം അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. പേടിക്കേണ്ടതില്ലെന്നും കുറച്ചു പരിശോധനകൾ നടത്തിയാൽ മതിയെന്നും പറഞ്ഞു. പിന്നെ എന്തുകൊണ്ടോ വളരെ സാധാരണ പോലെ ചോദിച്ചു:
“വായിക്കാറുണ്ടോ?”
ഞാൻ ചിരിച്ചു, “കുറച്ചൊക്കെ.”
ഞാൻ കുറച്ചൊക്കെ എഴുതാറുണ്ടെന്ന് പറഞ്ഞില്ല. എന്തുകൊണ്ടോ അങ്ങനെ പറയാൻ തോന്നിയില്ല. എഴുത്തുകാരിയാണെന്ന് പറഞ്ഞാൽ ചിലരുടെ മുഖത്ത് അനാവശ്യമായ ഒരു കൗതുകം വരും. ചിലർ ഉടനെ അവർ വായിച്ച അവസാനത്തെ പുസ്തകത്തിന്റെ പേര് പറയും. മറ്റു ചിലർ “എന്തിനെക്കുറിച്ചാണ് എഴുതുന്നത്?” എന്നു ചോദിച്ച് നമ്മളെ കുഴപ്പത്തിലാക്കും. അദ്ദേഹം അതൊന്നും ചോദിച്ചില്ല.
അടുത്ത തവണ ചെന്നപ്പോൾ മേശയുടെ വശത്ത് ഒരു പുസ്തകം കിടക്കുന്നതു കണ്ടു. ഞാൻ വായിച്ചിട്ടുള്ള പുസ്തകം. നബാക്കോവിന്റെ ലോലിത. അതിനെക്കുറിച്ച് ഞങ്ങൾ രണ്ടു വാക്ക് സംസാരിച്ചു. രോഗവും മരുന്നും പരിശോധനയും മാത്രമുണ്ടായിരുന്ന മുറിയിൽ പെട്ടെന്ന് ഒരു ചെറിയ ജനൽ തുറന്നതുപോലെ തോന്നി.

പിന്നീടുള്ള സന്ദർശനങ്ങളിൽ അദ്ദേഹം എന്റെ എഴുത്തിനെക്കുറിച്ച് അറിഞ്ഞു എന്നെനിക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മരുമകൾ എന്റെ രണ്ടു വർഷം ജൂനിയറായി അതേ കോളേജിൽ പഠിക്കുന്നുന്നുണ്ടത്രേ. പേരു പറഞ്ഞപ്പോഴും എനിക്ക് ആ കുട്ടിയെ ഓർമ്മ വന്നില്ല. കോളേജ് മാഗസിനിൽ വന്ന എന്റെ സമ്മാനാർഹമായ കഥ അദ്ദേഹം വായിക്കുകയും ചെയ്തു.
അടുത്ത തവണ കണ്ടപ്പോൾ അതിലെ ഒരു കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടു. മാഗസിൻ കിട്ടിയതുകൊണ്ട് വെറുതെ മറിച്ചുനോക്കിയതല്ല; വായിച്ചിരിക്കുന്നു. എനിക്ക് സന്തോഷം തോന്നിയത് എന്റെ കഥ ഡോക്ടർ വായി ച്ചതിലല്ല. തന്റെ മുന്നിലിരിക്കുന്ന രോഗിക്ക് രോഗത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് അദ്ദേഹം ഓർത്തതിലാണ്.
ഒരു മനുഷ്യനെ അയാളുടെ രക്തസമ്മർദ്ദത്തിലേക്കും ഷുഗറിലേക്കും സ്കാനിലേക്കും ചുരുക്കിക്കളയാൻ എത്ര എളുപ്പമാണ്. അയാൾക്ക് വീട്ടിലേക്കു മടങ്ങുമ്പോൾ കാത്തിരിക്കുന്ന ഒരാളുണ്ടാകാം. പൂർത്തിയാക്കാത്ത ഒരു കവിതയുണ്ടാകാം. വായിച്ചുതീർക്കേണ്ട പുസ്തകമുണ്ടാകാം. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും രഹസ്യമായി സൂക്ഷിക്കുന്ന ഒരു സ്വപ്നമുണ്ടാകാം. ഡോക്ടർ അതെല്ലാം അറിയണമെന്നില്ല.
പക്ഷേ അതെല്ലാമുള്ള ഒരു മനുഷ്യനാണ് തന്റെ മുന്നിലിരിക്കുന്നത് എന്നെങ്കിലും അറിയണം.
ഒരിക്കൽ പരിശോധനാഫലവുമായി ചെന്നപ്പോൾ ഞാൻ വല്ലാതെ പേടിച്ചിരുന്നു. റിപ്പോർട്ടിലെ ഒരു സംഖ്യയാണ് എന്നെ ഭയപ്പെടുത്തിയത്. അദ്ദേഹം റിപ്പോർട്ട് നോക്കി: “ഇതാണോ ഇത്ര പേടി?”
ഞാൻ ഒന്നും പറഞ്ഞില്ല.
അദ്ദേഹം ചിരിച്ചു.
“ഇതിന് ചികിത്സയുണ്ട്. ആദ്യം ഈ പേടി ചികിത്സിക്കാം’’- ആ വാചകം ഇപ്പോഴും ഓർമ്മയുണ്ട്.
അന്ന് അദ്ദേഹം എഴുതിത്തന്ന മരുന്നുകളുടെ പേരുകൾ ഇപ്പോൾ എനിക്ക് ഓർമ്മയില്ല. എത്ര മില്ലിഗ്രാം കഴിച്ചുവെന്നും മറന്നു, പക്ഷേ ആ വാചകം മറന്നിട്ടില്ല.
മനുഷ്യരെക്കുറിച്ച് എഴുതാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സ്നേഹം, ഏകാന്തത, മരണം, വാർദ്ധക്യം.... എന്നിട്ടും രോഗിയാകുമ്പോൾ ഞാൻ മറ്റെല്ലാവരെയും പോലെ പേടിക്കുന്ന ഒരു സാധാരണ മനുഷ്യസ്ത്രീ മാത്രമാണെന്ന് അന്നാണ് വീണ്ടും മനസ്സിലായത്. അപ്പോൾ വലിയ വൈദ്യശാസ്ത്രപദങ്ങളെക്കാൾ ആശ്വാസം നൽകിയത് ഡോക്ടറുടെ ഒരു ചെറിയ ചിരിയായിരുന്നു. നല്ല ഡോക്ടർ ആരാണെന്ന് തീരുമാനിക്കാനുള്ള വൈദ്യശാസ്ത്രജ്ഞാനം എനിക്കില്ല.

ഏറ്റവും പുതിയ മരുന്ന് എഴുതുന്നയാളാണോ?
ഏറ്റവും കൃത്യമായി രോഗനിർണയം നടത്തുന്നയാളാണോ?
ഏറ്റവും പ്രശസ്തനായ ഡോക്ടറാണോ?
അറിയില്ല.
എന്റെ നിർവചനം വളരെ ചെറുതാണ്:
രോഗത്തെ ചികിത്സിക്കുമ്പോഴും രോഗിയെ മറക്കാത്തയാളാണ് നല്ല ഡോക്ടർ.
എന്റെ ഡോക്ടറെ എനിക്കിഷ്ടപ്പെടുന്നതും അതുകൊണ്ടാണ്.
ഡോ. വിജയന്റെ മുറിയിൽനിന്ന് പലപ്പോഴും ഞാൻ പുറത്തിറങ്ങിയിട്ടുള്ളത് കൈയിൽ ഒരു കുറിപ്പടിയുമായിട്ടാണ്. പക്ഷേ അതിനൊപ്പം മറ്റൊന്നുകൂടി ഉണ്ടായിരിക്കും, കുറച്ചുകൂടി ധൈര്യം. അതിന് മെഡിക്കൽ ഷോപ്പിൽ വിലയില്ല. എന്നാൽ ചില രോഗികൾക്ക് ഏറ്റവും ആവശ്യമുള്ള മരുന്ന് അതായിരിക്കാം.
READ: കൗമാരം:
ശ്രദ്ധിക്കേണ്ട
വസ്തുതകൾ
അണുബാധ തടയാം:
കൈകളുടെ ശുചിത്വത്തിന്റെ
പ്രാധാന്യം
നിത്യവഴുതനയുടെ
ആരോഗ്യ രഹസ്യങ്ങള്‍
ബ്രെയിന്‍ ട്യൂമർ:
തിരിച്ചറിയേണ്ട ലക്ഷണങ്ങളും
മാറ്റേണ്ട തെറ്റിദ്ധാരണകളും
നടുവേദന:
എല്ലാവർക്കും
MRI പരിശോധന
വേണോ?
ആസ്ത്മയെക്കുറിച്ച്
പുതിയ കാഴ്ചപ്പാടുകൾ
വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം
ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി
ഒരു അപൂര്‍വ രോഗത്തിന്റെ കഥ
ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ
നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?
സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം
കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ
ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ
കൽപിതകഥയല്ല
ശാസ്ത്രം
ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

