കാണാതെപോയ
ADHD:
ഒരു ജീവിതത്തിന്റെ
വഴിത്തിരിവ്

ADHD ഒരു നാഡീവികാസാവസ്ഥയാണ്. അതിന്റെ ലക്ഷണങ്ങൾ സാധാരണയായി കുട്ടിക്കാലത്തുതന്നെ ആരംഭിക്കുമെങ്കിലും പലരിലും അവ തിരിച്ചറിയപ്പെടാതെ പ്രായപൂർത്തിയിലേക്കു തുടരാം: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നിതിൻ മുരളി ടി.എൻ. എഴുതിയ ലേഖനം.

“ഡോക്ടർ, എനിക്ക് എന്താണ് പ്രശ്നമെന്ന് എനിക്കുതന്നെ മനസ്സിലാകുന്നില്ല. എത്ര ശ്രമിച്ചാലും കാര്യങ്ങൾ സമയത്ത് തീർക്കാൻ കഴിയുന്നില്ല. ഒരു ജോലി തുടങ്ങും; കുറച്ചുകഴിയുമ്പോൾ മറ്റൊന്നിലേക്കു പോകും. പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നുപോകും. ജോലിയിൽ കഴിവില്ലാത്തവനാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ ഞാൻ ശ്രമിക്കുന്നില്ല എന്നല്ല…”
26- കാരനായ അരുൺ സംസാരിക്കുകയായിരുന്നു.

അരുണിന്റെ ബുദ്ധിമുട്ടുകൾ പുതിയതായിരുന്നില്ല. സ്കൂൾകാലം മുതൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ കരിക്കാൻ പ്രയാസമുണ്ടായിരുന്നു. പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോൾ പുസ്തകം തുറന്ന് പത്തു മിനിറ്റിനകം മറ്റെന്തെങ്കിലും ചെയ്യാൻ തുടങ്ങും. കാര്യങ്ങൾ അവസാന നിമിഷം വരെ നീട്ടിവയ്ക്കും. പരീക്ഷയുടെ തലേദിവസം മണിക്കൂറുകളോളം പഠിച്ചാലും പ്രതീക്ഷിച്ച ഫലം ലഭിക്കാറില്ല.

“ബുദ്ധിയില്ലാത്ത കുട്ടിയല്ല; പക്ഷേ ശ്രദ്ധയില്ല”-അധ്യാപകരുടെ വിലയിരുത്തൽ അതായിരുന്നു.

കോളേജിലെത്തിയപ്പോൾ പ്രശ്നങ്ങൾ കൂടുതൽ പ്രകടമായി. പഠനപ്രവർത്തനങ്ങൾ സമയത്ത് സമർപ്പിക്കാതിരിക്കുക, പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കുക, പരീക്ഷയ്ക്കായി ക്രമമായി തയ്യാറെടുക്കാൻ കഴിയാതിരിക്കുക, ഒരു കാര്യത്തിൽ സ്ഥിരത പുലർത്താതിരിക്കുക- ഇവയെല്ലാം പതി വായി. എങ്കിലും എങ്ങനെയൊക്കെയോ പഠനം പൂർത്തിയാക്കി അരുൺ ഒരു ജോലി നേടി.

ജോലി ആരംഭിച്ചതോടെ ജീവിതം കൂടുതൽ സങ്കീർണമായി. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യേണ്ടിവരുമ്പോൾ അയാൾ തളർന്നു. ചെറിയ കാര്യങ്ങൾപോലും മറന്നുപോയി. ഇ- മെയിലുകൾക്ക് മറുപടി നൽകാൻ വൈകി. ജോലികൾ പൂർത്തിയാ ക്കേണ്ട സമയപരിധികൾ പലപ്പോഴും നഷ്ടപ്പെട്ടു. ഒരു ജോലി പൂർത്തിയാക്കുന്നതിനുമുമ്പ് മറ്റൊന്നിലേക്കു മാറുന്നതും പതിവായി.

“നിനക്കു കഴിവുണ്ട്; പക്ഷേ നീ ശ്രദ്ധിക്കുന്നില്ല.”
“കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം.”
“സമയനിയന്ത്രണം പഠിക്കണം.”

ഇത്തരം വാക്കുകൾ അരുൺ ആവർത്തിച്ചു കേട്ടു. ഓരോ പരാജയത്തിനും പിന്നിൽ തന്റെ കഴിവുകേടോ അലസതയോ ആണെന്ന് അയാളും ക്രമേണ വിശ്വസിക്കാൻ തുടങ്ങി. മാനസികസമ്മർദം വർദ്ധിച്ചു; ആത്മവിശ്വാസം കുറഞ്ഞു. അരുൺ പലരുടെയും സഹായം തേടി. ചിലർ ഉത്കണ്ഠയാണെന്നു പറഞ്ഞു. മറ്റുചിലർ വിഷാദരോഗമാണെന്നു കരുതി ചികിത്സിച്ചു. ചില ഘട്ടങ്ങളിൽ മനശ്ചികിത്സയും കൗൺസലിങ്ങും ലഭിച്ചു. അവയിൽനിന്ന് ഭാഗികമായ ആശ്വാസം ഉണ്ടായെങ്കിലും ജീവി തത്തെ ആവർത്തിച്ച് അലങ്കോലപ്പെടുത്തുന്ന അടിസ്ഥാനപ്രശ്നം കണ്ടെത്തപ്പെട്ടില്ല.

ഒടുവിൽ ഒരു മനോരോഗവിദഗ്ധന്റെ വിശദമായ പരിശോധനയിലാണ് കഥ വഴിമാറിയത്.

അരുണിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മാത്രം വിലയിരുത്തുന്നതിനുപകരം കുട്ടിക്കാലം മുതലുള്ള ജീവിതചരിത്രം വിശദമായി പരിശോധിച്ചു. ശ്രദ്ധ നിലനിർത്താനുള്ള ബുദ്ധിമുട്ട്, മറവി, എടുത്തുചാട്ടം, കാര്യങ്ങൾ നീട്ടിവയ്ക്കുന്ന സ്വഭാവം, ക്രമീകരണത്തിലെ പ്രയാസം, ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ- ഇവയെല്ലാം ജോലി ലഭിച്ചതിനുശേഷം തുടങ്ങിയതല്ലെന്ന് വ്യക്തമായി. കുട്ടിക്കാലം മുതൽ വിവിധ സാഹചര്യങ്ങളിൽ അവ നിലനിന്നിരുന്നു.

അരുണിന് ADHD- അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (Attention-deficit/hyperactivity disorder) ആണെന്ന് കണ്ടെത്തി. ശ്രദ്ധ നിലനിർത്തുന്നതിലും എടുത്തുചാട്ടത്തെ നിയന്ത്രിക്കുന്നതിലും പ്രവർത്തനങ്ങളെ ആസൂ ത്രണം ചെയ്ത് പൂർത്തിയാക്കുന്ന തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാ വുന്ന ഒരു നാഡീവികാസാവസ്ഥയാണിത്.

രോഗനിർണയം അരുണിന് ഒരു മുദ്രയായില്ല; മറിച്ച് വർഷങ്ങളായി അയാളെ വേട്ടയാടിയിരുന്ന ചോദ്യങ്ങൾക്കുള്ള വിശദീകരണമായി. ചികിത്സ ആരംഭിച്ചു. ഔഷധചികിത്സയ്ക്കൊപ്പം സമയ നിയന്ത്രണം, ജോലികൾക്ക് മുൻഗണന നിശ്ചയിക്കൽ, ഓർമപ്പെടുത്തൽ സംവിധാനങ്ങൾ, ചിട്ടപ്പെടുത്തിയ ദിനക്രമം, വലിയ ജോലികളെ ചെറിയ ഘട്ടങ്ങളായി വിഭജിക്കൽ തുട ങ്ങിയ പെരുമാറ്റാധിഷ്ഠിത മാർഗങ്ങളും പരിശീലിച്ചു.

ക്രമേണ മാറ്റങ്ങൾ പ്രകടമായി. ജോലികൾ പൂർത്തിയാക്കാനുള്ള കഴിവ് മെച്ചപ്പെട്ടു. സമയപരിധികൾ പാലിക്കാൻ തുടങ്ങി. മറവി കുറഞ്ഞു. ഒരേ സമയം ചെയ്യേണ്ട കാര്യങ്ങളെ മുൻഗണനാക്രമത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു. എല്ലാറ്റിലും പ്രധാനമായി, “ഞാൻ അലസനല്ല; എനിക്കു കഴിവില്ലാത്തതുമല്ല” എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു.

ADHD കുട്ടികളുടെ മാത്രം പ്രശ്നമാണോ?

അല്ല. ADHD ഒരു നാഡീവികാസാവസ്ഥയാണ്. അതിന്റെ ലക്ഷണങ്ങൾ സാധാരണയായി കുട്ടിക്കാലത്തുതന്നെ ആരംഭിക്കുമെങ്കിലും പലരിലും അവ തിരിച്ചറിയപ്പെടാതെ പ്രായപൂർത്തിയിലേക്കു തുടരാം.

മുതിർന്നവരിലെ ADHD എല്ലായ്പ്പോഴും “ക്ലാസിൽ അടങ്ങിയിരിക്കാൻ കഴിയാത്ത കുട്ടി” എന്ന പതിവു ചിത്രത്തിൽ പ്രത്യക്ഷപ്പെടണമെന്നില്ല. പകരം താഴെപ്പറയുന്ന ബുദ്ധിമുട്ടുകളായിരിക്കാം കാണപ്പെടുന്നത്:

  • ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക.

  • ചുറ്റുമുള്ള ചെറിയ കാര്യങ്ങളാൽപോലും ശ്രദ്ധ തെറ്റുക.

  • പ്രധാനപ്പെട്ട കാര്യങ്ങൾ നിരന്തരം മാറ്റിവയ്ക്കുക.

  • ജോലികൾ പൂർത്തിയാക്കേണ്ട സമയപരിധികൾ നഷ്ടപ്പെടുത്തുക.

  • കൂടിക്കാഴ്ചകൾ, നിർദേശങ്ങൾ, സാധനങ്ങൾ എന്നിവ മറക്കുക.

  • പ്രവർത്തനങ്ങൾ ക്രമീകരിക്കു ന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക.

  • ഒരേസമയം പല കാര്യങ്ങളും ആരംഭിക്കുകയും കുറച്ചെണ്ണം മാത്രം പൂർത്തിയാക്കുകയും ചെയ്യുക.

  • വേണ്ടത്ര ആലോചനയില്ലാതെ തീരുമാനങ്ങളെടുക്കുക.

  • മനസ്സിലും ശരീരത്തിലും നിരന്ത രമായ അസ്വസ്ഥത അനുഭവപ്പെടുക.

  • സമയത്തെ കൃത്യമായി കണ ക്കാക്കി ഉപയോഗിക്കാൻ കഴിയാതിരിക്കുക.

വലിയ ബുദ്ധിശക്തിയും കഴിവും ഉണ്ടായിട്ടും ചിലർക്ക് ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയാതെപോകാം. “അലസൻ”, “അശ്രദ്ധൻ”, “ഉത്തരവാദിത്തമില്ലാത്തവൻ” തുടങ്ങിയ വിശേഷണങ്ങളാണ് പലപ്പോഴും അവർക്കു ലഭിക്കുന്നത്. രോഗലക്ഷണങ്ങളെ വ്യക്തിത്വദോഷങ്ങളായി തെറ്റിദ്ധരിക്കുന്നതാണ് എ.ഡി.എച്ച്.ഡി. സൃഷ്ടിക്കുന്ന ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന്.

രോഗനിർണയം

മുതിർന്നവരിലെ ADHD കണ്ടെത്താൻ ഒരു ചോദ്യാവലിയുടെ ഫലം മാത്രം മതിയാകില്ല. കുട്ടിക്കാലത്തെ പെരുമാറ്റചരിത്രം, ഇപ്പോഴുള്ള ലക്ഷണങ്ങൾ, പഠനം– ജോലി– കുടുംബം തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങളിലെ പ്രവർത്തനക്ഷമത, മറ്റ് മാനസികാരോഗ്യപ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, ഉറക്കപ്രശ്നങ്ങൾ എന്നിവയെല്ലാം സമഗ്രമായി വിലയിരുത്തണം.

ADHD എന്നു തോന്നിപ്പിക്കുന്ന എല്ലാ ശ്രദ്ധക്കുറവും ഈ അവസ്ഥ മൂലമാകണമെന്നില്ല. ഉത്കണ്ഠ, വിഷാദരോഗം, ഉറക്കക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം, ചില ശാരീരിക രോഗങ്ങൾ എന്നിവയും ശ്രദ്ധയെയും ഓർമയെയും ബാധിക്കാം. എ.ഡി.എച്ച്.ഡിയോടൊപ്പം ഉത്കണ്ഠ, വിഷാദരോഗം, പഠന വൈകല്യങ്ങൾ, ലഹരിവസ്തു ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയും ചില രിൽ കാണപ്പെടാം. അതുകൊണ്ടാണ് യോഗ്യതയുള്ള മനോരോഗവിദഗ്ധന്റെ സമഗ്രമായ വില യിരുത്തൽ പ്രധാനമാകുന്നത്.

ചികിത്സയിലൂടെ മാറ്റം സാധ്യമാണ്

ADHD ചികിത്സ വ്യക്തിയുടെ ലക്ഷണങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും അനുയോജ്യമായിരിക്കണം. ഔഷധചികിത്സ, രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, പെരുമാറ്റാധിഷ്ഠിത ഇടപെടലുകൾ, പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന തിനുള്ള പരിശീലനം, മാനസികാരോഗ്യ ചികിത്സ എന്നിവ ആവ ശ്യാനുസരണം ഉപയോഗിക്കാം.

മരുന്ന് മാത്രം എല്ലാ പ്രശ്നങ്ങൾ ക്കും പരിഹാരമാകണമെന്നില്ല. കൗൺസലിങ് മാത്രം മതിയാകാത്ത സാഹചര്യങ്ങളുമുണ്ട്. ശ്രദ്ധ ക്കുറവിനൊപ്പം ജീവിതത്തിൽ രൂപപ്പെട്ട ആത്മവിശ്വാസക്കുറവ്, പരാജയഭയം, നീട്ടിവയ്ക്കുന്ന ശീലം, ബന്ധങ്ങളിലെ സംഘർഷം തുട ങ്ങിയവയും പരിഗണിച്ചുള്ള സമഗ്രചികിത്സയാണ് കൂടുതൽ പ്രയോജനകരം.

ADHD നേരത്തേ തിരിച്ചറിയുകയും ശരിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്താ ൽ പഠനം, ജോലി, ബന്ധങ്ങൾ, ആത്മവിശ്വാസം, ജീവിതത്തിന്റെ മൊത്തത്തിലുള്ള നിലവാരം എന്നിവയിൽ ശ്രദ്ധേയമായ മാറ്റം കൈവരിക്കാനാകും.

അരുണിന്റെ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഒരുപക്ഷേ ഇതായിരിക്കും:

“എനിക്കു കഴിയില്ല എന്നതായിരുന്നില്ല പ്രശ്നം; എനിക്ക് എങ്ങനെ കഴിയുമെന്ന് ആരും ഇതുവരെ കണ്ടെത്തിയിരുന്നില്ല.”

ADHD ഉള്ള ഒരാളുടെ ജീവിതത്തിൽ ശരിയായ രോഗനിർണയം ഒരു രോഗത്തിന്റെ പേര് കണ്ടെത്തൽ മാത്രമല്ല. വർഷങ്ങളായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സ്വന്തം ജീവിതത്തെ പുതിയ വെളിച്ചത്തിൽ മനസ്സിലാക്കാനുള്ള അവസരമാണത്.

അതുകൊണ്ട് “അവൻ ശ്രദ്ധി ക്കുന്നില്ല”, “അവൾ അലസയാണ്”, “അയാൾക്ക് ഉത്തരവാദിത്തബോധമില്ല” തുടങ്ങിയ വിധി ന്യായങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് ആ ബുദ്ധിമുട്ടുകളുടെ ചരിത്രം പരിശോധിക്കണം. പ്രത്യേകിച്ച് കുട്ടിക്കാലം മുതൽ ശ്രദ്ധക്കുറവ്, മറവി, എടുത്തുചാട്ടം, ക്രമീകരണപ്രശ്നം, കാര്യങ്ങൾ പൂർത്തി യാക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തുടരുന്ന ഒരാളിൽ ADHD ഒരു സാധ്യതയായി പരിഗണിക്കേണ്ടതുണ്ട്.

ചിലപ്പോൾ ഒരു വ്യക്തിക്ക് ആവശ്യമുള്ളത് “കൂടുതൽ ശ്രമിക്കണം” എന്ന മറ്റൊരു ഉപദേശമല്ല; അയാൾ ഇത്രകാലം നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടിരുന്ന യഥാർഥ കാരണം കണ്ടെത്തലാണ്.

READ: തിമിരം
ആ​ർക്കെല്ലാം വരാം,
എന്താണ് ചികിത്സ?

കുട്ടികളിലെ
മലബന്ധം

ശസ്ത്രക്രിയയുടെ കഥ:
ശിലായുഗം മുതൽ ഇന്നു വരെ

യൂറോ ഓങ്കോളജി:
കൃത്യമായ രോഗനിർണയവും
ആധുനിക ചികിത്സയും

മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments