ഡോ. യെല്ലാപ്രഗഡ സുബ്ബറാവു

ഡോ. യെല്ലാപ്രഗഡ സുബ്ബറാവു: വൈദ്യശാസ്ത്രത്തിന്
മറക്കാനാവാത്ത നാമം

തന്റെ പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കാത്ത, എന്നാൽ മനുഷ്യരാശിക്ക് വലിയ സംഭാവനകൾ നൽകിയ മഹാനായ ശാസ്ത്രജ്ഞനായി ഡോ. യെല്ലാപ്രഗഡ സുബ്ബറാവുവിനെ കണക്കാക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം മാസികയിൽ ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം.

ധുനിക വൈദ്യശാസ്ത്രചരിത്രത്തിൽ നോബൽ സമ്മാനം ലഭിച്ച പലരേക്കാളും വലിയ സംഭാവനകൾ നൽകിയിട്ടും ചരിത്രത്തിന്റെ ഏടുകളിൽ വിസ്മരിക്കപ്പെട്ട ശാസ്ത്രപ്രതിഭയാണ് ഡോ. യെല്ലാപ്രഗഡ സുബ്ബറാവു (Yallapragada Subbaravu: 1895–1948). ആന്ധ്രാപ്രദേശിലെ ഭീമവരത്ത് ജനിച്ച അദ്ദേഹം, തന്റെ അസാധാരണ പ്രതിഭ കൊണ്ട് ലോകത്തെ മാറ്റിമറിച്ച പല മരുന്നുകളുടേയും കണ്ടെത്തലുകളുടേയും സ്രോതസ്സായിരുന്നു.

ബാല്യവും വിദ്യാഭ്യാസവും

ഇന്നത്തെ ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ള ഭീമാവരത്ത് 1895 ജനുവരി 12-ന് ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് യെല്ലാപ്രഗഡ സുബ്ബറാവു ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യം ദുരന്തങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. രാജമഹേന്ദ്രിയിലെ സ്കൂൾ പഠനകാലത്ത് തന്റെ അടുത്ത ബന്ധുക്കൾ പലരും അസുഖങ്ങൾ ബാധിച്ച് അകാലത്തിൽ മരിക്കുന്നത് അദ്ദേഹത്തിന് കാണേണ്ടിവന്നു. ഇത് സുബ്ബറാവുവിനെ മാനസികമായി തളർ ത്തിയെങ്കിലും ശാസ്ത്രത്തോടുള്ള താൽപ്പര്യം അദ്ദേഹത്തിൽ വളർത്തി.

തന്റെ മൂന്നാം ശ്രമത്തിലാണ് അദ്ദേഹം സ്കൂൾഫൈനൽ പരീക്ഷ പാസായത്. തുടർന്ന് മദ്രാസിലെ ഹിന്ദു ഹൈസ്കൂളിൽ നിന്നും പ്രസിഡൻസി കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. സുഹൃത്തുക്കളുടെയും ഭാര്യാപിതാവായ കസ്തൂരി സൂര്യനാരായണ മൂർത്തിയുടെയും സഹായത്തോടെയാണ് അദ്ദേഹം പഠനം മുന്നോട്ട് കൊണ്ടുപോയത്. തന്റെ സഹോദരങ്ങൾ ഉഷ്ണമേഖലാരോഗമായ 'സ്‌പ്രൂ’ (Tropical Sprue) ബാധിച്ച് എട്ട് ദിവസത്തിനുള്ളിൽ മരിക്കുന്നതുകണ്ട അദ്ദേഹം ആ രോഗത്തിന് പരിഹാരം കാണണമെന്ന് അന്നേ ഉറപ്പിച്ചു.

പ്രൊഫഷനും
ആദ്യകാല ജോലിയും

മദ്രാസ് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് വിദേശവസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ഖാദി സർജിക്കൽ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തത് അവിടുത്തെ ബ്രിട്ടീഷ് പ്രൊഫസറായ എം.സി. ബ്രാഡ്ഫീൽഡിന്റെ അതൃപ്തിക്ക് കാരണമായി. അതിനാൽ രേഖാമൂലമുള്ള പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് പൂർണ്ണമായ എം.ബി.ബി.എസ് ബിരുദം നിഷേ ധിക്കപ്പെടുകയും കുറഞ്ഞ പദവിയുള്ള എൽ.എം.എസ് (LMS) സർട്ടിഫിക്കറ്റ് മാത്രം നൽകുകയും ചെയ്തു. ഇത് അദ്ദേഹത്തിന് സർക്കാർ ജോലി ലഭിക്കുന്നതിന് തടസ്സമായി.

തുടർന്ന് അദ്ദേഹം ആയുർവേദ കോളേജിൽ അനാ ട്ടമി ലക്ചററായി ജോലിയിൽ പ്രവേശിച്ചു. ആയുർവേദ മരുന്നുകളുടെ ഗുണഗണങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദത്തെ പുനരുദ്ധരിക്കാൻ ഗവേഷണങ്ങൾ ആരംഭിച്ചു. ഉപരിപഠനത്തിനായി 1922 ഒക്ടോബർ 26-ന് അമേരിക്കയിലെ ബോസ്റ്റണിൽ എത്തി. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡിപ്ലോമ നേടിയശേഷം അവി ടെ ജൂനിയർ ഫാക്കൽറ്റിയായി സേവനമനുഷ്ഠിച്ചു.

ഗവേഷണരംഗത്തെ
കണ്ടെത്തലുകൾ

ഹാർവാർഡിലെ ഗവേഷണകാലത്ത് സൈറസ് ഫിസ്കെ (Cyrus Fiske,) എന്ന ശാസ്ത്രജ്ഞനോടൊപ്പം ചേർന്ന് ശരീരത്തിലെ ഫോസ്ഫറസിന്റെ അളവ് അളക്കുന്നതിനുള്ള 'ഫിസ്കെ- സുബ്ബറാവു രീതി' (Fiske-Subbaroa Method) അദ്ദേഹം വികസിപ്പിച്ചു. പേശികളുടെ പ്രവർത്തനത്തിൽ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (Adenosine triphosphate :ATP), ഫോസ്ഫോ ക്രിയാറ്റിൻ (Phosphocreatine) എന്നിവയ്ക്കുള്ള പങ്ക് കണ്ടെത്തിയത് അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.

ഹാർവാർഡിൽ സ്ഥിരമായ ഫാക്കൽറ്റി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം ലെഡർലെ ലബോറട്ടറീസിൽ (Lederle Laboratories) ചേർന്നു. അവിടെ വെച്ചാണ് തന്റെ ഏറ്റവും വലിയ കണ്ടെത്തലുകൾ നടത്തിയത്. ഇംഗ്ളീഷ് രക്തരോഗവിദഗ്ദയായ (Haematologist) ലൂസി വിൽസിന്റെ (Lucy Wills: 1888 – 1964) പഠനങ്ങളെ അടിസ്ഥാനമാക്കി വിളർച്ചയ്ക്ക് (Anemia) പ്രതിവിധിയായ ഫോളിക് ആസിഡ് (വിറ്റാമിൻ ബി9) അദ്ദേഹം കൃത്രിമമായി നിർമ്മിച്ചു. സിഡ്നി ഫാർബറുടെ നിർദ്ദേശപ്രകാരം അദ്ദേഹം വികസിപ്പിച്ചെടുത്ത 'മെത്തോട്രെക്സേറ്റ്' (Methotrexate) എന്ന മരുന്ന് ലോകത്തിലെ തന്നെ ആദ്യത്തെ കീമോതെറാപ്പി മരുന്നുകളിൽ ഒന്നായി മാറി. ഇന്നും ക്യാൻസർ ചികിത്സയിൽ ഇത് ഒഴിച്ചുകൂടാനാവാത്ത മരുന്നാണ്.

കൂടാതെ മന്ത് രോഗത്തിന് (Filariasis) ഏകപ്രതിവിധിയായ ഡൈ ഈഥൈൽ കാർബമാസൈൻ (DEC/Hetrazan) അദ്ദേഹം വികസിപ്പിച്ചു. ഡോ. സുബ്ബറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിലെ ബെഞ്ചമിൻ ഡഗ്ഗറാണ് (Benjamin Minge Duggar: 1872 – 1956) ലോകത്തിലെ ആദ്യത്തെ ടെട്രാസൈക്ലിൻ ആന്റിബയോട്ടിക്കായ ക്ലോർ ടെട്രാസൈക്ലിൻ (Chlortetra- cycline) കണ്ടെത്തിയത്.

അന്ത്യദിനങ്ങൾ

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയിൽ ചെലവഴിച്ച ഡോ. സുബ്ബറാവു ഏകാന്തപഥികനെപ്പോലെയാണ് ജീവിച്ചത്. കഠിനമായ അധ്വാനവും വിശ്രമമില്ലാത്ത ഗവേഷണങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. 1948 ഓഗസ്റ്റ് 8-ന് ന്യൂയോർക്കിൽ വെച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. 53 വയസ്സ് മാത്രമായിരുന്നു അപ്പോൾ പ്രായം. മരിക്കുമ്പോൾ ലെഡർലെ ലബോറട്ടറീസിന്റെ ഗവേഷണവിഭാഗം തലവനായിരുന്നു. മര ണശേഷവും അദ്ദേഹത്തിന്റെ പല കണ്ടുപിടുത്തങ്ങളും അദ്ദേഹത്തിന്റെ പേരിൽ അംഗീകരിക്കപ്പെടാൻ വൈകി. അംഗീകാരങ്ങളും സ്മരണയും അർഹമായ പല അംഗീകാരങ്ങളും ജീവിച്ചിരുന്ന കാലത്ത് ലഭിച്ചില്ല. കൂടെ പ്രവർത്തിച്ചിരുന്നവരുടെ അസൂയയും വിവേചനവും മൂലം പല കണ്ടെത്തലുകളുടെയും അംഗീകാരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.

വിയോഗത്തിനുശേഷം ലോകം അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു. ഡോ. സുബ്ബറാവുവിന്റെ സ്മരണാർത്ഥം പല ഫംഗസ് വർഗ്ഗങ്ങൾക്കും ചിലന്തിവർഗ്ഗങ്ങൾക്കും (Subbaromyces, Tanzania yellapragadai) അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടു. "ഡോ. യെല്ലാപ്രഗഡ സുബ്ബറാവു ജീവിച്ചിരുന്നതുകൊണ്ട് ഇന്ന് നിങ്ങൾ ജീവനോടെ ഇരിക്കുന്നുണ്ടാകാം" എന്ന പ്രശസ്ത നിരീക്ഷണം അദ്ദേഹത്തിന്റെ സംഭാവനകളുടെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യ സർക്കാർ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയിൽ പ്രത്യേക തപാൽസ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു. ജന്മനാടായ ഭീമാവരത്ത് ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ വരും തലമുറകൾക്ക് എന്നും ആവേശമാണ്. തന്റെ പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കാത്ത, എന്നാൽ മനുഷ്യരാശിക്ക് വലിയ സംഭാവനകൾ നൽകിയ മഹാനായ ശാസ്ത്രജ്ഞനായി ഡോ. സുബ്ബറാവുവിനെ കണക്കാക്കുന്നു.

READ: മറക്കാനാകാത്ത രോഗി:
സംസാരിക്കാത്ത സാം

മൂക്കിൽനിന്നുള്ള
രക്തസ്രാവം

ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്നവരുടെ
ജീവൻ രക്ഷിക്കാൻ
ഓട്ടോമേറ്റഡ്
എക്‌സ്റ്റേണൽ
ഡിഫിബ്രിലേറ്റർ (AED)

മാതൃ ശിശു
ആരോഗ്യത്തെക്കുറിച്ച്
ചില ചിന്തകള്‍

പകർച്ചവ്യാധി
ആധിയാകാം

സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം

വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം

കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr B Ekbal writes about Dr Yellapragada Subbarow in Indian Medical Association Nammude Arogyam Magazine


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments