സ്തനാർബുദം;
അറിയാം ചില വസ്തുതകൾ

ആരംഭത്തിൽ കണ്ടുപിടിക്കാവുന്നതും, നേരത്തെ കണ്ടുപിടിച്ചാൽ ഏകദേശം പൂർണമായിത്തന്നെ ചികിൽസിച്ചു മാറ്റാവുന്നതുമായ സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ വേണ്ടത്ര അവബോധം ഇല്ല എന്നതാണ് ഏറ്റവും നിർഭാഗ്യകരം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഇന്ദിര അമ്മ എഴുതിയ ലേഖനം.

മുക്ക് ഇന്ന് അറിയാവുന്ന അർബുദങ്ങളിൽ വളരെ സാധാരണയായ ഒന്നാണല്ലോ സ്തനാർബുദം. രോഗത്തിന്റെ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കാവുന്നതും, നേരത്തെ കണ്ടുപിടിച്ചാൽ ഏകദേശം പൂർണമായിത്തന്നെ ചികിൽസിച്ചു മാറ്റാവുന്നതുമായ ഈ ക്യാൻസറിനെ പറ്റി പൊതുജനങ്ങളിൽ വേണ്ടത്ര അവബോധം ഇല്ല എന്നതാണ് ഏറ്റവും നിർഭാഗ്യകരം.

ലളിതമായ പരിശോധനകളിലൂടെയും, ചെലവ് കുറഞ്ഞ അനുബന്ധ രോഗനിർണയ മാർഗങ്ങളിലൂടെയും രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിൽസിക്കേണ്ട ഒരു രോഗം, പലപ്പോഴും അതിസങ്കീർണ്ണമായ അവസ്ഥയിൽ എത്തിയ ശേഷം മാത്രം ചികിത്സക്കായി എത്തുന്നത് ഈ അവബോധത്തിന്റെ അഭാവമാണെന്നതിൽ സംശയമില്ല.

രോഗത്തിന്റെ അതിസങ്കീർണമായ വശങ്ങളിലേക്കോ, അത്യാധുനിക ചികിത്സാമാർഗ്ഗ ളെക്കുറിച്ചോ ഒന്നുമല്ല, മറിച്ച്, ഈ രോഗത്തെകുറിച്ചും, അത് കണ്ടുപിടിക്കുന്ന രീതിയെക്കുറിച്ചും തുടർന്നുള്ള ചികിത്സയെക്കുറിച്ചുമൊക്കെ ഏതൊരു സ്ത്രീയും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

മാറിൽ കാണുന്ന മുഴകൾ എല്ലാം അപകടകാരികൾ ആണോ?

മാറിൽ പ്രത്യക്ഷപ്പെടുന്ന മുഴകളിൽ ബഹുഭൂരിഭാഗവും അപകടകാരികളോ അർബുദമോ അല്ല എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. എന്നാലും കൃത്യമായ പരിശോധനകൾ വഴി മാത്രമേ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്താൻ കഴിയൂ. അത്തരം ചില മുഴകളെ കുറിച്ച് ആദ്യമായി നോക്കാം.

ഫൈബ്രോ അഡിനോമ
(Fibroadenoma)

പെൺകുട്ടികളിലും യുവതികളിലും മാറിൽ കാണുന്ന, വേദനയില്ലാത്ത മുഴകൾ പലപ്പോഴും ഫൈബ്രോ അഡിനോമ (Fibro adenoma) ഗണത്തിൽപെട്ടവ ആയിരിക്കും. വൃത്താകൃതിൽ, കട്ടിയുള്ള, തൊലിക്കടിയിലും, പരിശോധിക്കുന്ന കൈപ്പടത്തിനടിയിലും എളുപ്പത്തിൽ തെന്നി മാറുന്നവയുമാണ് ഇത്തരം മുഴകൾ. ഇവ പലപ്പോഴും നീക്കം ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നാൽ മുഴകൾ വലുതാകുന്നതായി ബോധ്യപ്പെട്ടാലോ, മറ്റ് ആശങ്കകൾ ഉണ്ടാകുമ്പോഴോ ഇവ നീക്കം ചെയ്യാറുണ്ട്.

പെൺകുട്ടികളിലും യുവതികളിലും മാറിൽ കാണുന്ന, വേദനയില്ലാത്ത മുഴകൾ പലപ്പോഴും ഫൈബ്രോ അഡിനോമ (Fibro adenoma) ഗണത്തിൽപെട്ടവ ആയിരിക്കും.
പെൺകുട്ടികളിലും യുവതികളിലും മാറിൽ കാണുന്ന, വേദനയില്ലാത്ത മുഴകൾ പലപ്പോഴും ഫൈബ്രോ അഡിനോമ (Fibro adenoma) ഗണത്തിൽപെട്ടവ ആയിരിക്കും.

ഫൈബ്രോ സിസ്റ്റിക് ഡിസീസ്
(Fibro cystic Disease)

ആർത്തവവുമായി ബന്ധപ്പെട്ടതും ആർത്തവ കാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ കാരണവുമായി സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഴകളാണ് ഫൈബ്രോ സിസ്റ്റിക് ഡിസീസ് (Fibro cystic Disease). ഇത്തരത്തിൽ ഒന്നിലധികം മുഴകൾ കണ്ടെന്നിരിക്കും. ആർത്തവത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ചിലപ്പോൾ വേദനയും കണ്ടെന്നിരിക്കും. പൊതുവെ ഇത്തരം മുഴകളെകുറിച്ച് ആകുലപ്പെടേണ്ടതില്ല. എന്നിരിക്കിലും സംശയകരമായ മുഴകൾ പരിശോധന വഴി കാൻസർ അല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള മുഴകൾ മരുന്ന് കൊണ്ട് പൂർണമായും ഭേദമാക്കാൻ കഴിയാത്തവയാണെങ്കിലും അവയുടെ സഹജമായ സ്വഭാവങ്ങൾ കൊണ്ടും, രോഗലക്ഷണങ്ങൾ കൊണ്ടും പരിചയ സമ്പത്തുള്ള ഒരു സർജന് എളുപ്പ ത്തിൽ വേർതിരിച്ചു മനസ്സിലാക്കാ ൻ കഴിയും.

ഗാലക്ടോ സീൽ
(Galacto coele)

മാറിനുള്ളിൽ പാൽ കെട്ടിനിൽക്കുന്ന അവസരങ്ങളിൽ അത് കാരണം ഉണ്ടാകുന്ന മുഴകളാണ് ഗാലക്ടോ സീൽ (Galacto coele) എന്ന പേരിൽ അറിയപ്പെടുന്നത്. പാൽ ഒഴുകുന്ന കുഴലുകൾ (ducts) അടഞ്ഞുപോകുന്നതാണ് ഇത്തരം മുഴകൾ ഉണ്ടാകുന്നതിനു നിദാനം.

ക്ഷതങ്ങൾ കാരണം ഉണ്ടാകാവുന്ന മുഴകൾ മാറിൽ കാണാവുന്ന കാൻസർ അല്ലാത്ത മറ്റൊരു തരം മുഴകൾ ക്ഷതം കാരണം ഉണ്ടാകുന്നവയാണ്. കൊഴുപ്പ് കട്ടി പിടിച്ചുണ്ടാകുന്ന Fat Necrosis ഇത്തരത്തിൽ ഒന്നാണ്. അതുപോലെ തന്നെയാണ് രക്തം കട്ടപിടിച്ചുണ്ടാകുന്ന മുഴകളും. വെറും പരിശോധന കൊണ്ടുമാത്രം രോഗനിർണയം പ്രയാസമായ ഇത്തരം മുഴകളിൽ ചെറിയ സൂചി കുത്തി പരിശോധിക്കുന്ന FNAC പരിശോധന, ബയോപ്സി പരിശോധന എന്നിവയൊക്കെ രോഗനിർണയത്തിന് അത്യാവശ്യമായി വരാം.

കാൻസർ അല്ലാത്ത മറ്റു സാധാരണ മുഴകൾ

ശരീരത്തിൽ എവിടെയും വരാവുന്ന കാൻസർ അല്ലാത്ത മുഴകൾ സ്തനത്തിലും വരാം. കൊഴുപ്പു കട്ടിപിടിച്ചുണ്ടാകുന്ന LIPOMA, പേശികളിൽ ഉണ്ടാകുന്ന ഫൈബ്രോമ, രക്തക്കു​ഴലുകളിൽ ഉണ്ടാകുന്ന ഹിമാൻ ജിയോമ (HAEMANGIOMA), തുടങ്ങിയവയും മാറിൽ വരാവുന്നതാണ്. വിയർപ്പു കുരു പഴുക്കുന്നതും, തൊലിക്കടിയിൽ ഉണ്ടാകുന്ന പഴുപ്പുള്ള മുഴ കളും തുടങ്ങി മാറിൽ വരുന്ന വ്യത്യസ്തമായ അസംഖ്യം മുഴകൾ കാൻസർ ആകണമെന്നില്ല. എന്നാൽ വ്യക്തമായ ധാരണയോടു കൂടി മാത്രം അത്തരം മുഴ കളെ സമീപിക്കേണ്ടതും വിശദമായ പരിശോധനകളിലൂടെ അവ പ്രശ്നമില്ലാത്തവ തന്നെ എന്നും തീർച്ചയാക്കേണ്ടതുണ്ട്.

ക്ഷതങ്ങൾ കാരണം ഉണ്ടാകാവുന്ന മുഴകൾ മാറിൽ കാണാവുന്ന കാൻസർ അല്ലാത്ത മറ്റൊരു തരം മുഴകൾ ക്ഷതം കാരണം ഉണ്ടാകുന്നവയാണ്. കൊഴുപ്പ് കട്ടി പിടിച്ചുണ്ടാകുന്ന Fat Necrosis  ഇത്തരത്തിൽ ഒന്നാണ്.
ക്ഷതങ്ങൾ കാരണം ഉണ്ടാകാവുന്ന മുഴകൾ മാറിൽ കാണാവുന്ന കാൻസർ അല്ലാത്ത മറ്റൊരു തരം മുഴകൾ ക്ഷതം കാരണം ഉണ്ടാകുന്നവയാണ്. കൊഴുപ്പ് കട്ടി പിടിച്ചുണ്ടാകുന്ന Fat Necrosis ഇത്തരത്തിൽ ഒന്നാണ്.

രോഗകാരണങ്ങൾ

സ്തനാർബുദമെന്നു കേൾക്കുമ്പോൾ തന്നെ അത് സ്ത്രീകളിൽ കാണുന്ന ഒരു രോഗമെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും പുരുഷന്മാരിലും വിരളമായെങ്കിലും, സ്തനാർബുദം ഉണ്ടാകാവുന്നതാണ്. സ്തനാർബുദത്തിന്റെ കാര്യത്തിൽ പ്രായം പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുൻകാലങ്ങളിൽ പൊതുവിൽ നാൽപതു വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് സ്തനാർബുദം സാധാരണയായി കണ്ടുവന്നിരുന്നതെങ്കിലും ഇപ്പോൾ അതിലും വളരെ താഴ്ന്ന പ്രായത്തിലും ഈ രോഗം കണ്ടു വരുന്നു.

ആധുനിക കാലത്തു സ്ത്രീകളുടെ ജീവിത, ഭക്ഷണ ശൈലികളിലുണ്ടായ മാറ്റങ്ങൾ ഇതിനു നിദാനമായി കണക്കാക്കാം. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയതും, ഉപ്പും, മധുരവും കൂടിയതും, നാരിന്റെ അംശം കുറവായതും, കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും രാസപദാർഥങ്ങളും ഒക്കെ ചേർന്ന, പഴങ്ങളും പച്ചക്കറികളും കുറഞ്ഞതുമായ ആഹാരപദാർഥങ്ങൾ വ്യാപകമാകുന്നതും ക്യാൻ സറിന് കാരണമാകാം.

ഇതോടൊപ്പം കീടനാശിനികൾ, രാസവളങ്ങൾ തുടങ്ങിയവയുടെ ഉയർന്നതോതിലുള്ള ഉപയോഗവും ആഹാരപദാർത്ഥങ്ങളെ അപകടകാരികളദക്കുന്നു. ഫാസ്റ്റ് ഫുഡ് ഇനത്തിൽ വരുന്ന, പൊതുവിൽ ജങ്ക് ഫുഡ്സ് എന്നറിയപ്പെടുന്ന ആഹാരത്തിന്റെ ഉപയോഗവും അപകടകരമായ വിധത്തിൽ ഉയർന്നിരിക്കുന്നു. ഇവയൊക്കെ തന്നെ മറ്റു ക്യാൻസറുകളുടെ കാര്യത്തിൽ എന്ന പോലെ സ്തനാർബുദത്തി ന്റെ കാര്യത്തിലും പ്രസക്തമാണ്.

ജനിതകമായ കാരണങ്ങളാണ് മറ്റൊന്ന്. സ്തനാർബുദവുമായി അഭേദ്യബന്ധമുള്ള ജനി തക ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. BRCA1, BRCA2 തുടങ്ങിയ ജനിതക വ്യതിയാനങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാമെന്നും, രക്തബന്ധമുള്ളവരിൽ രോഗം കൂടുതലായി കാണാമെന്നതും സുവിദിതമാണ്. അതുകൊണ്ടു തന്നെ മാതാവിനോ, സഹോദരിക്കോ സ്തനാ ർബുദം വന്നിട്ടുള്ള ഒരു സ്ത്രീയിൽ മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത കൂടുതലാണെന്നു പറയാം. ഇത്തരക്കാരിൽ സ്ക്രീനിംഗ് പരിശോധനകൾ ചെയ്യുന്നതിനുള്ള കൃത്യവും, വ്യക്തവുമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്.

ഇതുപോലെ പ്രധാനമായ മറ്റൊന്നാണ് ഹോർമോണുകളുമായി ബന്ധപ്പെട്ട കാരണങ്ങൾ. ഈസ്ട്രജൻ എന്ന സ്ത്രീഹോർമോണിന്റെ അമിതമായ പ്രഭാവമാണ് ഇവയിൽ ഒന്ന്. ഈ ഹോർമോണിന്റെ അമിതവും ദീർഘകാലത്തിലും ഉള്ള പ്രഭാവം സ്തനാർബുദത്തിന്റെ കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ പ്രായപൂർത്തിയാകുന്നവരിലും, ആർത്തവവിരാമം വൈകുന്നവരിലും ഈ ഹോർമോണിന്റെ സാന്നിധ്യം കൂടിയിരിക്കുമല്ലോ. ഇത്തരക്കാരിൽ സ്തനാർബുദസാധ്യത കൂടുതലാണെന്ന് തെളിയിച്ചിട്ടുണ്ട്.

അതുപോലെ, പ്രസവിച്ചിട്ടില്ലാത്തവരിലും, ആദ്യ ഗർഭം വൈകി മാത്രം ഉണ്ടാകുന്നവരിലും, മുലയൂ ട്ടാത്തവരിലും, ഗർഭനിരോധനഗുളികകൾ കഴിക്കുന്നവരിലും ഒക്കെ സ്തനാർബുദസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതവണ്ണം, മദ്യപാനം, പുകവലി, തുടങ്ങിയവയും മാസമുറ നിന്നതിനുശേഷമുള്ള ഹോർ മോണുകളുടെ ഉപയോഗവുമൊക്കെ ഈ രോഗവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ്. വികസിത രാജ്യങ്ങളിലും, നഗര പ്രദേശങ്ങളിലും ഈ രോഗത്തിന്റെ സാധ്യത കൂടുതലാണെന്ന വസ്തുത അതിവേഗം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തെ സംബന്ധിച്ച് ഭീതിദമാണ്. പശ്ചാത്തല റേഡിയേഷൻ കൂടുതലുള്ള (Background radiation) പ്രദേശങ്ങളിൽ മറ്റു ക്യാൻസറുകളെപ്പോലെ സ്തനാർബുദത്തിന്റെ തോതും കൂടുതൽ ആണെന്ന് കണ്ടിട്ടുണ്ട്.

സൂക്ഷിക്കേണ്ട രോഗലക്ഷണങ്ങൾ

പ്രാരംഭദശയിൽ കണ്ടുപിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കാവുന്നതാണ് സ്തനാർബുദമെന്നു നേരത്തെ പറഞ്ഞുവല്ലോ. "നിരീക്ഷിക്കുക, സ്വയം പരിശോധിക്കുക, സംശയം തോന്നിയാൽ ആരോഗ്യപ്രവർത്തകർ / ഡോക്ടർമാർ എന്നിവരുടെ സഹായം തേടുക” എന്നതാണ് ഈ രോഗത്തെ നേരിടുന്നതിനുള്ള എളുപ്പമായ മാർഗ്ഗങ്ങൾ.

സ്തനത്തിൽ കാണുന്ന വേദനയില്ലാത്ത മുഴകൾ, സ്തനങ്ങൾ തമ്മിലുള്ള വലിപ്പവ്യത്യാസം, സ്തനങ്ങളിലോ, കക്ഷത്തോ കട്ടിയായ എന്തോ ഉണ്ടെന്നു തോന്നുകയോ ഘനം തോന്നുകയോ ചെയ്യുക, മുലക്കണ്ണുകളിൽ വ്യത്യാസം തോന്നുക, മുലക്കണ്ണുകൾ ഉൾവലിഞ്ഞതായി കാണുക, മുലക്കണ്ണുകളിൽനിന്ന് അസാധാരണമായതോ, രക്തം കലർന്നതോ ആയ സ്രവങ്ങൾ വരിക, മുലക്കണ്ണുകൾക്കു ചുറ്റും പൊറ്റ പിടിച്ചിരിക്കുന്നതായി കാണപ്പെടുക, തൊലിപ്പുറത്തു ചിരങ്ങുകൾ പോലെ കാണപ്പെടുക, മാറിൽ നീര്, ചുവപ്പ്, കുഴി, ഓറഞ്ചിന്റെ തൊലി പോലെയുള്ള വ്യത്യാസം, തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ തീർ ച്ചയായും ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

രോഗം എങ്ങനെ നേരത്തെ കണ്ടുപിടിക്കാം?

സ്തനത്തിൽ രോഗമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനു മുൻപ് ഓരോ സ്ത്രീയും അവരവരുടെ സ്തനങ്ങളുടെ സാധാരണമായ അവസ്ഥ എന്താണെന്നു തിരിച്ചറിയണം. അതിനായിട്ടാണ് ഇപ്പോൾ സ്തനാവബോധം അഥവാ BREAST AWARENESS വ്യാപകമായി ഉണ്ടാ ക്കാൻ ശ്രമിക്കുന്നത്. ആവർത്തിച്ചുള്ള സ്വയംപരിശോധനയിലൂടെ ഓരോ സ്ത്രീയും തങ്ങളുടെ സ്തനത്തെ കുറിച്ച് ബോധവതി ആകേ ണ്ടതുണ്ട്. പതിനെട്ടു വയസ്സ് മുതലോ സ്തനവലിപ്പം ഉണ്ടാകുന്നതിനനുസരിച്ചോ ഓരോ പെൺകുട്ടിയും സ്വയം സ്തനപരിശോധന ആവർത്തിച്ച് ചെയ്യുന്നത് ശീല മാക്കണം. സ്തന കലകളിൽ എന്തെങ്കിലും മാറ്റമുണ്ടാവുന്നത് ഇത്തരത്തിൽ സ്വയം തിരിച്ചറിയാനുള്ള പ്രാപ്തി ഒരു പരിധി വരെ ഇങ്ങനെ ആർജിക്കാൻ കഴിയും.

മുൻ സൂചിപ്പിച്ച പോലെ മാസത്തിൽ ഒരിക്കലെങ്കിലും ഓരോ സ്ത്രീയും സ്വയം സ്തന പരിശോധന നടത്തേണ്ടതാണ്. ആർത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അല്ലെങ്കിൽ അഞ്ചു മുതൽ പത്തു ദിവസത്തിനകം പരിശോധന ചെയ്യുന്നതാണ് അഭികാമ്യം. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ എല്ലാ മാസവും ഏകദേശം ഒരേദിവസം സ്വയം പരിശോധന ചെയ്യുന്നതാണ് ഉചിതം.

പരിശോധിക്കേണ്ട രീതി

ആദ്യമായി കൈവിരലുകളുടെ അടിപ്പരപ്പുപയോഗിച്ചു സ്തനത്തെ തൊട്ടറിയുക. മൃദുവായി വേണം ഇത്തരത്തിൽ പരിശോധിക്കേണ്ടത്. ഇതോടൊപ്പം സ്തനത്തിന്റെ ആകൃതി, കട്ടി, തുടങ്ങിയവയും മനസ്സിലാക്കണം. ഇതുപോലെ കക്ഷങ്ങളും പരിശോധിക്കണം. ആവർത്തിച്ചുള്ള പരിശോധനയിൽ ആകൃതി, കട്ടി എന്നിവയിൽ മാറ്റങ്ങൾ ഉണ്ടായാൽ തിരിച്ചറിയാൻ സാധിക്കും.

വലിപ്പമുള്ള ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് തോളുകൾ നേരെ വച്ചുകൊണ്ടും, കൈകൾ രണ്ടും അരയിൽ ചേർത്ത് വച്ചും നിന്ന് സ്തനങ്ങൾ നിരീക്ഷിക്കുക. ആകൃതി, നിറവ്യത്യാസം, വലുപ്പം തുടങ്ങിയവയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കുക. നേരത്തെ സൂചിപ്പിച്ചപോലെ ചുവപ്പ്, ചർമവീക്കം, മുലക്കണ്ണിൽ വ്യത്യാസങ്ങൾ, ഓറഞ്ചിന്റെ തൊലി പോലുള്ള ചർമ്മവ്യത്യാസം തുടങ്ങിയവയൊക്കെ ഇത്തരത്തിൽ നിരീക്ഷിച്ചു മനസിലാക്കാം. കൈകൾ മുകളിലേയ്ക്കുയർത്തി മേൽപ്പറഞ്ഞ വ്യതിയാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാം. അതുകഴിഞ്ഞ്, ഇരുന്നുകൊണ്ടോ, നിന്നുകൊണ്ടോ സ്തനങ്ങൾ പരിശോധിക്കാം.

നാലു വിരലുകളുടെ ഉൾഭാഗം കൊണ്ടാണ് മൃദുവായി സ്തനത്തി ൽ അമർത്തി പരിശോധിക്കേണ്ടത്. ഇടതുകൈയുടെ നാലു വിര ലുകളുടെ ഉൾഭാഗം കൊണ്ട് വലതു സ്തനവും, വലതു കൈയുടെ നാലു വിരലുകളുടെ ഉൾഭാഗം കൊണ്ട് ഇടതു സ്തനവും പരിശോധിക്കുക. സ്തനോപരിതലത്തിൽ ചെറിയ മർദം പ്രയോഗിച്ചു സ്തനത്തിന്റെ ദശകളെ തൊട്ടറിയണം. സ്തനത്തിനു താഴെയുള്ള മാംസപേശികളിൽ ചെറിയ അളവിലും, കുറച്ചു കൂടി ആഴത്തിലുള്ള ഭാഗത്തു അല്പം കൂടി മർദത്തിലും അതിനടിയിൽ നെഞ്ചിനോടും വാരിയെല്ലിനോടും അടുത്തുള്ള ഭാഗങ്ങളിൽ കൂടുതൽ മർദം ഉപയോഗിച്ചും പരിശോധന തുടരണം. കക്ഷത്തിലെ ദശകളിലും ഇത്തരത്തിൽ പരിശോധിച്ചു മുഴകൾ, ദശയുടെ കട്ടിയിലെ വ്യതാസങ്ങൾ എന്നിവ പ്രത്യേകമായി നോക്കേണ്ടതാണ്.

അവസാനമായി മുലക്കണ്ണിൽ നിന്നുള്ള സ്രവങ്ങൾ, മുലക്കണ്ണുകൾക്കു ചുറ്റുമുള്ള വ്യത്യാസങ്ങൾ എന്നിവയും നേരിട്ട് നോക്കിയും വേണമെങ്കിൽ സ്പർശിച്ചും മനസിലാക്കാം.

കൂടാതെ കൃത്യവും നിയതവുമായ ഇടവേളകളിൽ ഒരു ഡോക്ടറെക്കൊണ്ട് സ്തനപരിശോധന നടത്തിക്കുന്നതും അഭികാമ്യമായിരിക്കും. കുളിക്കുമ്പോഴോ, വസ്ത്രം മാറുമ്പോഴോ, കിടക്കുമ്പോഴോ ഒക്കെ സ്വയം സ്തനപരിശോധന നടത്താവുന്നതാണ്. കഴുത്തിലെ കോളർ ബോൺ മുതൽ താഴെ ബ്രായുടെ അടിഭാഗം വരെയുള്ള പ്രദേശം ഇത്തരത്തിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. കുടുംബത്തിൽ സ്തനാർബുദത്തിന്റെ ചരിത്രം ഉള്ളവർ കൂടുതൽ ചുരുങ്ങിയ ഇടവേളകളിൽ പരിശോധന നടത്തേണ്ടതാണ്. സ്വയം പരിശോധനയിൽ എന്തെങ്കിലും സംശയാസ്പദമായി കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

ചില അരുതായ്കകൾ

സ്വയം പരിശോധന വളരെ അത്യാവശ്യമാണെങ്കിലും സ്വയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്, സ്വയം രോഗനിർണയ പരിശോധനകൾക്ക് ഇറങ്ങിത്തിരിക്കരുത് എന്നതാണ്. പ്രത്യേകിച്ചും മാമ്മോഗ്രാം പോലെ അണുവികരണസാധ്യതയുള്ള ടെസ്റ്റുകൾ ഒരിക്കലും സ്വയം ആവശ്യപ്പെട്ടു ചെയ്യാൻ പാടില്ല. ഈ പരിശോധനകൾ ചെയ്യാവുന്നതും, ചെയ്യാൻ പാടില്ലാത്തതുമായ അവസരങ്ങൾ ഒരു ഡോക്ടർക്കു മാത്രമേ തീരുമാനിക്കാൻ കഴിയൂ. താരതമ്യേന ദോഷം കുറവുള്ള അൾട്രാ സൗണ്ട് സ്കാൻ പരിശോധന പോലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാൻ പാടുള്ളു. അത് പോലെ തന്നെ സംശയമുള്ള സാഹചര്യങ്ങളിൽ ഒറ്റമൂലി ചികിത്സകൾ, ഫലപ്രാപ്തി അറിയാത്ത വിവിധ സമ്പ്രദായങ്ങളിൽ ചികിത്സകൾ, സമൂഹ മാധ്യമങ്ങളും മറ്റും ചർച്ച ചെയ്യുന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സകൾ തുടങ്ങിയവ തേടിപ്പോകരുത്.

മനസിലാക്കുക:

  • കാലേക്കൂട്ടി കണ്ടുപിടിക്കുന്നത് മുതൽ രോഗത്തിന്റെ അതിസങ്കീർണാവസ്ഥയിൽ വരെ ശാസ്ത്രീയമായി പലതും ചെയ്യാനുണ്ട്. ഒന്നും ചെയ്യാനില്ല എന്ന് കരുതുന്ന സാഹചര്യത്തിൽ പോലും വേദന ഇല്ലാതെ സൗഖ്യം നൽ കുന്ന സാന്ത്വന ചികിത്സയും മറ്റും രോഗിക്ക് നല്കാൻ കഴിയും.

  • പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കപ്പെടുന്ന രോഗികളി ൽ രോഗമുക്തി കൂടുതൽ എളുപ്പവും ഉറപ്പും ആയിരിക്കും.

  • എത്രയും നേരത്തെ കണ്ടുപിടിക്കുകയും, കണ്ടുപിടിച്ചുകഴിഞ്ഞാൽ ഒരു നിമിഷവും പാഴാക്കാതെയുള്ള ശാസ്ത്രീയമായ ചികിത്സയുമായിരിക്കണം സ്തനാർബുദത്തി ന്റെ കാര്യത്തിൽ നാം ഓരോരുത്തരും ലക്ഷ്യമാക്കേണ്ടത്.

  • ഏതു സ്ത്രീക്കും സ്തനാർബുദം വരാം എന്നറിയുക, ജീവിത ഭക്ഷണ ശൈലികളിൽ കൃത്യത പാലിക്കുന്നവരിലും, കുടുംബത്തിൽ സ്തനാർബുദത്തിന്റെ ചരിത്രം ഇല്ലാത്തവരിലും ഒക്കെ അർബുദം വരാം. മറിച്ചുള്ളവരിൽ അർബുദ സാധ്യത ഏറിയിരിക്കും എന്ന് മാത്രമേയുള്ളൂ.

  • പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വേദന ഉണ്ടായിരിക്കുകയില്ല എന്നുമാത്രമല്ല, രോഗം മൂർഛിക്കുന്നതുവരെ ചിലപ്പോൾ വേദനയേ ഉണ്ടായിരിക്കുകയുമില്ല. അതിനാൽ വേദന വരുന്നതുവരെ ഒരിക്കലും കാത്തിരിക്കാൻ പാടില്ല.

  • സ്ക്രീനിംഗ് പരിശോധനകൾ വിലപ്പെട്ട ജീവൻ രക്ഷിക്കും. അതെത്രയും നേരത്തേ തുടങ്ങു ന്നുവോ അത്രയും നന്ന്.

  • ശരീരഭാരം കൂടാതെ നിയന്ത്രിക്കുക, ശരിയായ വ്യായാമം ചെയ്യുക, മദ്യം, പുകയില മുതലായവ ഒഴിവാക്കുക, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക, ഹോർ മോൺ അടങ്ങിയ മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക, മൊത്തത്തിൽ ജീവിത, ഭക്ഷണശൈലികളിൽ ഗുണപരമായ മാറ്റം വരുത്തുക എന്നിവയൊക്കെ വളരെ പ്രധാനമാണെന്നോർക്കുക.

  • സ്തനാർബുദം പകർച്ചവ്യാധി അല്ല എന്നറിയുക.

  • അത് മുജ്ജന്മ പാപംകൊണ്ടോ ദുഷ്ചെയ്തികളുടെ ഫലമായോ ഒന്നും വരുന്നതല്ല എന്നും ഫല പ്രാപ്തി നൽകുന്ന ചികിത്സ ഉണ്ടെന്നും മനസിലാക്കുക.

  • കേരളത്തിൽ തന്നെ സ്തനാർബുദത്തിനുള്ള മെഡിക്കൽ, സർജിക്കൽ, റേഡിയോളജി, ഹോർമോൺ, തുടങ്ങി അതിനൂതനമാർഗ്ഗങ്ങൾ വരെയുള്ള എല്ലാ ചികിത്സ സംവിധാനങ്ങളും ഉണ്ട്.

ചുരുക്കത്തിൽ:

  • സാധാരണ സ്തനം തിരിച്ചറിയുക.

  • വ്യതിയാനങ്ങൾ സമയത്തു മനസിലാക്കുക.

  • മുഴകൾ അവഗണിക്കാതിരിക്കുക.

  • നാൽപതു വയസ്സ് കഴിഞ്ഞാൽ, കുടുംബം പൂർത്തിയായിക്കഴിഞ്ഞാൽ, ആവശ്യമുള്ള സമയത്ത് മാമ്മോഗ്രാം, കാ​ലേക്കൂട്ടിയുള്ള പരിശോധനകൾ, രോഗനിർണയം, ചികിത്സ എന്നിവ മറക്കാതിരിക്കുക.

READ: ചർമ്മത്തിലെ
ഫംഗസ് ബാധകൾ

ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?

പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു​ ചെയ്യണം?

പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments