‘റൊട്ടേറ്റർ കഫ്’;
തേയ്മാനം:
കാരണങ്ങളും
ചികിത്സയും

‘മൈസൂർ എക്‌സ്പ്രസ്സ്’ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ 140 കിലോമീറ്റർ വേഗത്തിൽ ക്രിക്കറ്റ് പന്ത് പായിക്കാറുണ്ടായിരുന്ന ജവഗൽ ശ്രീനാഥിന് തന്റെ കായികജീവിതത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ 1997 മാർച്ചിൽ തോളിൽ പരിക്ക് പറ്റുന്നു. പിന്നീട് എന്തു സംഭവിച്ചു?’’- റോട്ടേറ്റർ കഫ് രോഗത്തെക്കുറിച്ച് ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ​റോയ് ആർ. ചന്ദ്രൻ എഴുതിയ ലേഖനം.

തോളിന്റെ ചുറ്റുമുള്ള വേദനകളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് റോട്ടേറ്റർ കഫ് രോഗം. ഇത് പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ളവരിലും തോളിന് അധിക സമ്മർദ്ദമുണ്ടാക്കുന്ന ജോലികളിലോ കായിക ഇനങ്ങളിലോ (ഉദാഹരണത്തിന് വോളിബോൾ, ജാവലിൻ ത്രോ തുടങ്ങിയവ) ഏർപ്പെടുന്നവരിൽ കാണപ്പെടാറുണ്ട്.

എന്താണ് റോട്ടേറ്റർ കഫ്?

റോട്ടേറ്റർ കഫ് എന്നത് തോൾസന്ധിയെ ചുറ്റിപ്പറ്റിയുള്ള നാല് പേശികളുടെയും സ്‌നായുക്കളുടെയും സംഘമാണ്. ഇവയിലെ നാല് പേശികൾ താഴെപ്പറയുന്നവയാണ്:

സുപ്രാസ്‌പൈനേറ്റസ്: കൈ മുകളിലേക്ക് ഉയർത്തുന്നതിന് സഹായിക്കുന്നു.

ഇൻഫ്രാസ്‌പൈനേറ്റസ്: കൈ പുറത്തേക്ക് തിരിക്കുന്നതിന് സഹായിക്കുന്നു.

ടെറസ് മൈനർ: കൈ പുറത്തേക്ക് തിരിക്കുന്നതിൽ സഹായിക്കുന്നു.

സബ്‌സ്‌കാപുലാരിസ്: കൈ ഉള്ളിലേക്ക് തിരിക്കുന്നതിന് സഹായിക്കുന്നു.

ഈ പേശികൾ കൂട്ടായി തോൾസന്ധിക്ക് സ്ഥിരത നൽകുകയും വിവിധ ദിശകളിലേക്കുള്ള സുഗമമായ ചലനം സാധ്യമാക്കുകയും ചെയ്യുന്നു.

റോട്ടേറ്റർ കഫ് രോഗത്തിന്റെ കാരണങ്ങൾ

1. പ്രായം മൂലമുള്ള മാറ്റങ്ങൾ.

40 വയസ്സിനുശേഷം സ്‌നായുക്കളുടെ വഴക്കം കുറയുന്നു. തേയ്മാനം തുടങ്ങുകയും അവ നേർത്തതാകുകയും ചെയ്യുന്നു. തന്മൂലം ഇവയിൽ കീറലുകൾ (tear) ഉണ്ടാകാൻ സാധ്യതയും കൂടുന്നു.

2. ആവർത്തിത പ്രവർത്തനങ്ങൾ

തലയ്ക്കു മുകളിലേക്ക് കൈകൾ ഉയർത്തുന്ന ജോലികൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, നീന്തൽ തുടങ്ങിയ കായിക വിനോദങ്ങൾ, പെയിന്റിംഗ്, കാർപെന്ററി തുടങ്ങിയ പ്രൊഫഷനുകൾ, ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ.

3. പെട്ടെന്നുള്ള ആഘാതം

തോൾ ഇടിച്ചിട്ടോ കൈ കുത്തിയിട്ടോ ഉണ്ടാകുന്ന വീഴ്ചകളോ അപകടങ്ങളോ, ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ ഉണ്ടാവുന്ന പരിക്കുകൾ, തോളിൽ നേരിട്ടുള്ള പ്രഹരം.

4. ബോൺ സ്പർസ്

റൊട്ടേറ്റർ കഫിനെ മൂടുന്ന അക്രോമിയോൺ എന്ന അസ്ഥിയിലെ അധിക വളർച്ച സ്‌നായുകളിൽ അധിക സമ്മർദ്ദവും പരിക്കുകളും ഉണ്ടാക്കുന്നു. സ്‌നായുക്കളിലെ അധിക സമ്മർദ്ദം കൊണ്ട് തന്നെയാണ് ഇവ ഉടലെടുക്കുന്നത്.

5. മറ്റ് കാരണങ്ങൾ

ശരിയല്ലാത്ത അംഗവിന്യാസം (പോസ്ചർ), പേശികളുടെ അസന്തുലിതാവസ്ഥ, മതിയായ വ്യായാമമില്ലായ്മ, നിയന്ത്രണം അല്ലാത്ത പ്രമേഹരോഗം, കൊളെസ്‌ട്രോൾ, ചില സന്ധി രോഗങ്ങൾ, പുകവലി.

രോഗലക്ഷണങ്ങൾ

പ്രാഥമിക ലക്ഷണങ്ങൾ: തോളിൽ നിരന്തരമായ വേദന; പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ, കൈ മുകളിലേക്ക് ഉയർത്താനുള്ള ബുദ്ധിമുട്ട്, പുറകിലേക്ക് കൈ തിരിക്കാനുള്ള പ്രയാസം.

തേയ്മാനം വർദ്ധിക്കുമ്പോൾ താഴെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുന്നു:

തോളിൽ നിന്നും കൈയിലേക്കുള്ള വേദന വ്യാപനം, വേദന മൂലമുള്ള ഉറക്കമില്ലായ്മ, ദൈനംദിന പ്രവർത്തനങ്ങളിൽ പരിമിതി, തോളിന്റെ ബലക്ഷയം.

രോഗനിർണയം

1. ക്ലിനിക്കൽ പരിശോധന:

ഒരു വിദഗ്ധ ഡോക്ടറുടെ ക്ലിനിക്കൽ പരിശോധന കൊണ്ട് രോഗനിർണയം സാധ്യമാകും. പരിക്കിന്റെയോ തേയ്മാനത്തിന്റെയോ തീവ്രത മനസ്സിലാക്കാനും ഇവയ്ക്ക് ഹേതുവായ മറ്റ് അസു ഖങ്ങൾ കണ്ടെത്തുവാനും ആണ് ടെസ്റ്റുകളെ ആശ്രയിക്കേണ്ടിവരിക.

2. ഇമേജിംഗ് ടെസ്റ്റുകൾ

എക്‌സ്‌റേ: റൊട്ടേറ്റർ കഫിൽ തേയ്മാനമുള്ളവരിൽ ചിലപ്പോൾ കാൽസ്യം ലവണങ്ങൾ അടി ഞ്ഞുകൂടാറുണ്ട് (calcification). ഇവ എക്‌സ്‌റേ വഴി എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. തേയ്മാനം കൊണ്ടുണ്ടാകുന്ന എല്ലുകളിലെ മാറ്റങ്ങളും ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും.

എം.ആർ.ഐ: സ്‌നായുക്കളുടെ തേയ്മാനവും പരുക്കും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

അൾട്രാസൗണ്ട്: എം.ആർ.ഐ യെക്കാൾ വളരെ ചെലവ് കുറഞ്ഞ പരിശോധനയാണിത്. ഇതിൽ പ്രാവീണ്യമുള്ള ഡോക്ടർക്ക് ഒ.പിയിൽ വച്ചുതന്നെ ഈ ടെസ്റ്റ് നടത്തുവാൻ കഴിയും. പേശികളുടെയും സ്‌നായുക്കളുടെയും ചലനം വ്യക്തമായി മനസ്സിലാക്കാനും കഴിയും. എന്നാൽ ഈ പരിശോധനയുടെ കൃത്യത നിർണയിക്കുന്നത് പരിശോധകരുടെ പ്രാവീണ്യമാണ്.

ചികിത്സ

കൺസർവേറ്റീവ് ചികിത്സ:

1. വിശ്രമവും പ്രവർത്തന പരിഷ്‌കാരവും (activtiy modification).

  • വേദനയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക.

  • ജോലിരീതിയിൽ മാറ്റം വരുത്തുക.

2. മരുന്ന് ചികിത്സ:

NSAIDs (നോൺസ്റ്റിറോയ്ഡൽ ആന്റിഇൻഫ്‌ലമേറ്ററി ഡ്രഗ്‌സ്).
വേദനയും വീക്കവും കുറയ്ക്കുന്നു.

മസിൽ റിലാക്‌സന്റ്‌സ്: പെട്ടെന്നുണ്ടാകുന്ന പരിക്കുകൾ മൂലം സംഭവിക്കുന്ന പേശികളുടെ പിടുത്തം കുറയ്ക്കാൻ സഹായിക്കുന്നു.

3. ഇൻജക്ഷൻ തെറാപ്പി: കോർട്ടിക്കോസ്റ്റിറോയ്ഡ് ഇൻജക്ഷൻ. വീക്കവും വേദനയും ഗണ്യമായി കുറയ്ക്കുന്നു. അൾട്രാ സൗണ്ട് സ്‌കാനിന്റെ സഹായത്താൽ ചെയ്യുകയാണെങ്കിൽ ഫലം കൂടുതൽ നന്നായിരിക്കും. രണ്ടു മൂന്നു മാസം വരെ ഫലം നീണ്ടു നിൽക്കും.

NSAID ഇൻജെക്ഷൻ

സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ കൊടുക്കുന്നതു പോലെ ഇത്തരം ഇഞ്ചക്ഷനുകളും റൊട്ടേറ്റർ കഫ്ഫിന് ചുറ്റും നൽകാവുന്നതാണ്. വളരെ പെട്ടെന്ന് ഫലം കിട്ടുമെങ്കിലും ഇത് ദീർഘകാലം നീണ്ടുനിൽക്കില്ല. പെട്ടെന്നുള്ള പരിക്കുകളിൽ ഉണ്ടാകുന്ന അതി കഠിനമായ വേദന കുറയ്ക്കാൻ ഇവ ഫലവത്താണ്.

PRP ഇൻജെക്ഷൻ

പരിക്കിന്റെയും തേയ്മാനത്തിന്റെയും പുനരുീവന ചികിത്സയിൽ (regenerative treatment) പങ്കുവയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ചികിത്സാ രീതിയാണിത്. റൊട്ടേറ്റർ സ്‌നായുക്കളുടെ ചെറിയ പരിക്കുകളും തേയ്മാനങ്ങളും ഫലവത്തായി പരിഹരിക്കാൻ ഈ ചികിത്സ കൊണ്ട് സാധിക്കും. കായികതാരങ്ങളിലെ പരിക്കുകൾ ഭേദമാക്കാൻ ഇവ വളരെയധികം സഹായിക്കുന്നു. രോഗിയുടെ രക്തം തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. രക്തം പ്രത്യേക രീതിയിൽ സെൻട്രിഫ്യൂജ് ചെയ്ത് പ്ലേറ്റ്‌ലെറ്റ് കലകൾ കൂടുതലുള്ള പ്ലാസ്മ വേർതിരിച്ചെടുത്ത് പരിക്ക് പറ്റിയ ഭാഗങ്ങളിൽ അൾട്രാസൗണ്ട് മെഷീന്റെ സഹായത്തോടെ ഇൻജെക്ഷൻ ചെയ്യുന്നു. ഇത് പരിക്ക് പറ്റിയ സ്‌നായുളെ പുനരുജ്ജീവിപ്പിക്കുന്നു.

സമീപകാലത്തായി, മജ്ജയിൽ (bone marrow) എടുക്കുന്ന കലകളും (mesen- chymal cells) സ്‌നായുക്കളുടെ പരിക്ക് ഭേദമാക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വ്യായാമങ്ങൾ

റൊട്ടേറ്റർ സ്‌നായുക്കളുടെ പരിക്കുകളുടെ ചികിത്സ യിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം വ്യായാമങ്ങൾക്കുണ്ട്. സന്ധികളുടെ വഴക്കം പൂർ‍സ്ഥിതിയിൽ എത്തി ക്കുന്നതിനും പേശികളുടെ ശോഷണം തടയാനും അവയുടെ ശക്തി വർദ്ധിപ്പിക്കാനും വ്യായാമങ്ങൾ പ്രധാനപ്പെട്ടതാണ്. ഒരു വിദഗ്ധ ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽ വച്ചോ ആശു പത്രിയിൽ വെച്ചോ വ്യായാമ ചികിത്സ ചെയ്യാവുന്നതാണ്.

ഫിസിയോ തെറാപ്പി മൊഡാലിറ്റികൾ

ഹീറ്റ് തെറാപ്പി, കോൾഡ് തെറാപ്പി, അൾട്രാസൗണ്ട് തെറാപ്പി, TENS തുടങ്ങിയവ താൽക്കാലികമായ വേദനാനിവാരണത്തിൽ ഉയോഗിക്കാറുണ്ട്. എന്നാൽ പരിക്ക് ഭേദമാക്കുന്നതിൽ ഇവയ്ക്ക് വലിയ പ്രാധാന്യം ഇല്ല എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശസ്ത്രക്രിയാ ചികിത്സ

ശസ്ത്രക്രിയ വേണ്ടിവരുന്നത് ആർക്കെല്ലാം?

  • ആറ് മാസത്തിലധികം കൺസർ‍വേറ്റീവ് ചികിത്സ ചെയ്തിട്ടും അസുഖം മാറ്റമില്ലാത്തവരിൽ.

  • റൊട്ടേറ്റർ സ്‌നായുക്കൾ പൂർണ്ണ തോതിൽ പൊട്ടിപ്പോയവരിൽ (complete tear).

  • ദൈനംദിന പ്രവർത്ത നങ്ങളിൽ കഠിനമായ പരിമിതി.

ശസ്ത്രക്രിയകൾ:

അർത്രോസ്‌കോപിക് ശസ്ത്രക്രിയകളാണ് ഇപ്പോൾ സാധാരണയായി ചെയ്യാറുള്ളത്. റൊട്ടേറ്റർ സ്‌നാളുടെ പരിക്കുവന്ന ഭാഗം നീക്കം ചെയ്യുകയും പൊട്ടിയ ഭാഗങ്ങൾ തുന്നി ചേർക്കുകയും ചെയ്യുന്നു. വലിയ പരിക്കുകളാണെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നെടുത്ത സ്‌നായുക്കൾ ഉപയോഗിക്കുന്നു. 2000-മാണ്ടിനുശേഷം സ്‌നായുക്കളുടെ പുനരുജ്ജീവനത്തെ സഹായിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളായ എക്‌സ്ട്രാസെല്ലുലാർ സ്‌കാഫ് ഫോൾഡ്, ബിയോയിൻഡക്റ്റീവ് ഇമ്പ്‌ലാന്റുകൾ തുടങ്ങിയവ ശസ്ത്രക്രിയയുടെ ഫലപ്രാപ്തി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പുനരധിവാസം (medical rehabilitation)

ശസ്ത്രക്രിയയുടെ പൂർണ്ണമായ ഫലത്തിന് അതിനു ശേഷമുള്ള പുനരധിവാസ ചികിത്സ അത്യന്താപേക്ഷിതമാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ 2-6 ആഴ്ചകൾ:

  • സ്ലിംഗ് ധരിക്കൽ.

  • പാസീവ് മോഷൻ എക്‌സർസൈസ്: തോൾ ഉറച്ചുപോകാതിരിക്കാൻ സഹായിക്കുന്നു.

  • വേദനാ നിയന്ത്രണം.

6-12 ആഴ്ച വരെ:

  • ആക്ടീവ് അസിസ്റ്റഡ്.

  • എക്‌സർസൈസ്.

  • ജെന്റിൽ സ്‌ട്രെങ്തനിംഗ്: ഇവ തോൾ ഉറച്ചു പോകാതിരിക്കാൻ സഹായിക്കുന്നതിന് പുറമേ പേശികളുടെ ശോഷണവും തടയുന്നു.

3-6 മാസം:

  • ക്രമേണയുള്ള സ്‌ട്രെങ്തനിംഗ് വ്യായാമങ്ങൾ: തോളിന്റെ വഴക്കവും ശക്തിയും സാധാരണ രീതിയിൽ തിരിച്ചെത്തിക്കാൻ സഹായിക്കുന്നു.

  • സ്‌പോർട്‌സ് സ്‌പെസിഫിക് ട്രെയിനിംഗ്: കായിക താരങ്ങൾക്ക് അവരുടെ കായിക ഇന ങ്ങൾക്ക് അനുസൃതം ആയിട്ടുള്ള പുനരധിവാസ ചികിത്സ നൽകുന്നു.

റോട്ടേറ്റർ കഫ് രോഗം ഒരു സാധാരണ പ്രശ്‌നമാണെങ്കിലും ശരിയായ രോഗനിർണയവും ചികിത്സയും കൊണ്ട് മിക്കവരിലും പൂർണമായ രോഗശമനം ലഭി ക്കുന്നു. കൃത്യസമയത്തുള്ള ഉചിതമായ ചികിത്സ, പ്രതിരോധ നടപടികൾ എന്നിവയിലൂടെ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. വേദനയോ പ്രവർത്തന പരിമിതിയോ അനുഭവപ്പെടുന്നവർ യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചിച്ച് ഉചിതമായ ചികിത്സ ആരംഭിക്കേണ്ടതാണ്.

READ: പ്രവാസിയുടെ
ആരോഗ്യം

ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

വാൽക്കഷണം

ജവഗൽ ശ്രീനാഥ്.... ‘മൈസൂർ എക്‌സ്പ്രസ്സ്’ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ 140 കിലോമീറ്റർ വേഗത്തിൽ ക്രിക്കറ്റ് പന്ത് പായിക്കാറുണ്ടായിരുന്ന ഇന്ത്യൻ ബൗളർ. ഇതിഹാസതാരം കപിൽ ദേവിന്റെ പിൻഗാമി എന്ന് വാഴ്ത്തപ്പെട്ടവൻ. ഏകദിന ക്രിക്കറ്റിൽ 300- ലധികം വിക്കറ്റുകൾ വീഴ്ത്തിയ ഏക ഇന്ത്യൻ ക്രിക്കറ്റ് താരം. തന്റെ കായികജീവിതത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ 1997 മാർച്ചിൽ അദ്ദേഹത്തിന് തോളിൽ പരിക്ക് പറ്റുന്നു. ബൗളിംഗ് വളരെ വേദ നാജനകമായി മാറി. പരിശോധനകളിൽ നിന്നും അദ്ദേഹത്തിന് റൊട്ടേറ്റർ കഫിന്റെ ഗുരുതരമായ പരിക്ക് ആണെന്ന് കണ്ടെത്തി. കൃത്യമായ ചികിത്സകളിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും കായികജീവിതത്തിലെ പ്രധാനപ്പെട്ട കുറച്ച് മാസങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടുകയുണ്ടായി. ബൗളിംഗിന്റെ വേഗത കുറഞ്ഞു, എന്നാൽ കണിശത വർധിച്ചു. പിന്നീടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളിൽ അദ്ദേഹം നിർണായക സ്ഥാനം വഹിച്ചു. 2003 വേൾഡ് കപ്പിൽ മികച്ച പ്രകടനത്തോടെ ഇന്ത്യയെ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനു ശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരിക്കുകൾ കായികജീവിതത്തിന്റെ അന്ത്യമല്ലെന്നും ശാസ്ത്രീയമായ ചികിത്സാരീതികളിലൂടെ ശക്തമായ തിരിച്ചുവരവ് സാധ്യമാണെന്നും ശ്രീനാഥ് എന്ന പോരാളി നമ്മളെ ഓർമ്മിപ്പിക്കുന്നു.

Comments