ആർദ്രമായ
ആ കണ്ണുകൾ

അടുത്തദിവസം രാവിലെ അവിടെ എത്തിയപ്പോൾ ആ മുഖത്ത് കണ്ണീരിനു പകരം ഒരു ചെറു പുഞ്ചിരി കാണാമായിരുന്നു. നന്ദിയും സന്തോഷവും പറയാതെ പറയുന്ന സന്ദർഭം. അതൊക്കെ എങ്ങിനെ മറക്കാനാണ്?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘മറക്കാനാവാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. ഹേമ ബാലകുമാർ എഴുതിയ അനുഭവം.

കദേശം എട്ടു- പത്തു വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കാര്യം. ഇന്നും മറക്കാൻ കഴിയാത്ത ആ ഓർമ്മകൾ പങ്കുവെക്കുകയാണ്.

ഒരു ദിവസം യൂറോളജിസ്റ്റ് ഡോ. വിനീത് എന്നോടു പറഞ്ഞു; "മാഡം, ഒരു രോഗി വരാനുണ്ട്. കുറച്ചു പ്രശ്നങ്ങളുള്ള ആളാണ്. പി.സി.എൻ.എൽ (PCNL - Per cutaneous nephro lithotomy) ചെയ്യാനാണ്. രോഗി വരുമ്പോൾ മാഡം ഒന്നു കാണണേ’’.

രണ്ടുമൂന്നു ദിവസം കഴിഞ്ഞു. എന്റെ മനസ്സിൽ നിന്ന് അത് വിട്ടുപോയിരുന്നു. നാലാമത്തെ ദിവസം ഒരു ഫോൺകാൾ. "ഗുഡ് മോർണിങ്ങ് മാഡം, ഇത് തേഡ് ഫ്ലോറിൽ നിന്നാണ്. ഇവിടെ ഒരു രോഗിയെ മാഡത്തിനെ കാണിക്കാൻ വിനീത് സാർ പറഞ്ഞിട്ടുണ്ട്’’.

"ഓപ്പറേഷൻ തിയേറ്ററിലേക്ക് വിട്ടോളൂ. ഞാൻ ഇവിടെ അനസ്തീഷ്യ കൊടുത്തു കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും കാണാം."

‘‘ഇല്ല മാഡം രോഗിയെ ഷിഫ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഭയങ്കര വേദനയാണ്’’.

‘‘ശരി, ഞാൻ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ അവിടെ വന്നു കണ്ടുകൊള്ളാം."

വൈകീട്ട് നാലു മണി സമയത്ത് രോഗിയെ കാണാനായി ചെന്നു. സിസ്റ്റർ പറഞ്ഞു, "മാഡം വളരെ കഷ്ടമാണ് അവരുടെ കാര്യം."
അപ്പോഴേക്കും കേസ്ഷീറ്റുമായി ഞങ്ങൾ ആ മുറിയുടെ അടുത്തെത്തിയിരുന്നു. അകത്തു കയറിയതും ഞാൻ അൽപ്പസമയം സ്തംഭിച്ചുനിന്നു. വില്ലുപോലെ വളഞ്ഞ്, രോഗിയുടെ പിൻഭാഗം ഏകദേശം ഒരു 10-15 സെന്റീമീറ്ററേ കിടക്കയിൽ മുട്ടുന്നുള്ളു. നെഞ്ചും തലയും പൊന്തിനിൽക്കുന്നു. താഴെ ഊരയുടെ ഭാഗം മുതൽ കാലും പൊന്തി നിലക്കുന്നു. മുട്ടിന്റെ ഭാഗം മുതൽ താഴേക്ക്.

അപ്പോഴാണ് ഞാൻ കേസ്ഷീറ്റ് നോക്കുന്നത്; Chronic Ankylosing spondylitis. Cervical spondylitis. ഇതു ആദ്യമായാണ് ഇത്രയും അവശമായ രീതിയിൽ ശരീരം മാറിക്കഴിഞ്ഞ ഒരു രോഗിയെ കാണുന്നത്. അതും വന്നിട്ടുള്ളത് പി.സി.എൻ.എൽ പോലുള്ള മേജർ സർജറിക്ക്.

"ഇവർക്ക് അനസ്‌തീഷ്യ കൊടുക്കാൻ കഴിയുമോ?" എന്റെ സംശയം അവർക്കും മനസ്സിലായി എന്നു തോന്നുന്നു. അവരുടെ ഭാര്യയാണ് എന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞത്. ആദ്യമെല്ലാം അല്പം മുന്നോട്ടാഞ്ഞു നടക്കുമായിരുന്നു. പിന്നീട് ശരീരത്തിന്റെ ഓരോ ഭാഗവും ഇളക്കാൻ പറ്റാതായി തുടങ്ങി. വേദനക്ക് കുറേ കാലം മരുന്നു കഴിച്ചു. പിന്നെ കിടപ്പിലായി. എണീറ്റു നടക്കാനോ സ്വയം ഒന്നു തിരിഞ്ഞു കിടക്കാൻ കൂടെ പറ്റാത്ത അവസ്ഥയിൽ ശരീരം ഉറച്ചുപോയി. കുറേ കാലം മെഡിക്കൽ കോളേജിൽ കയറിയിറങ്ങി. ഏകദേശം 20 വർഷത്തെ മാറ്റങ്ങളാണ് ഇന്നുളളത്.

‘‘ഡോക്ടറേ, ഈ കല്ലിന്റെ അസുഖം വന്നതിനു ശേഷവും ഏറെ ആശുപത്രികളിൽ ഞങ്ങൾ കയറിയിറങ്ങി. മഞ്ചേരി, മലപ്പുറം എല്ലായിടത്തും കാണിച്ചു. ഇദ്ദേഹത്തെ ഓപ്പറേഷൻ ചെയ്യാനും അനസ്തീഷ്യ കൊടുക്കാനും ഒരു ഡോക്ടർമാരും തയ്യാറാവുന്നില്ല. മെഡിക്കൽ കോളേജിൽ നിന്നുവരെ ഞങ്ങളെ തിരിച്ചയച്ചു. അവസാനം വിനീത് ഡോക്ടറെ കണ്ടപ്പോൾ "നോക്കാം. പക്ഷെ അനസ്തീഷ്യയും നിങ്ങളുടെ കാര്യത്തിൽ പ്രശ്നമാണ്, മാഡം ഒന്നു കാണട്ടേ എന്നിട്ട് തീരുമാനിക്കാം" എന്നു പറഞ്ഞു.

"ഇത് ഞങ്ങളുടെ അവസാനത്തെ ആശ്രയമാണ്. കൈവിടരുതേ ഡോക്ടറേ’’.

എന്തായാലും പൾസ്, ബ്ലഡ് പ്രഷർ, ഹൃദയമിടിപ്പ് എല്ലാം പരിശോധിച്ചു. കഴുത്തിന്റെ മുന്നോട്ടും പുറകോട്ടും വശങ്ങളിലേക്കുമുള്ള ചലനം, വായ തുറക്കാൻ കഴിയുന്നുണ്ടോ? എത്രമാത്രം? അങ്ങനെ പരിശോധനകൾ ഒന്നൊന്നായി പുരോഗമിച്ചു കൊണ്ടിരുന്നു.

പരിശോധന എല്ലാം ഒരുവിധം കഴിഞ്ഞപ്പോൾ അറിയാതെ ഞാനാ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. ആർദ്രമായ കുഴിഞ്ഞ കണ്ണുകൾ. കണ്ണുനീർ രണ്ടു വശത്തുകൂടെയും ഒഴുകുന്നു. കവിളൊട്ടി, ഒരു 3 - 4 തലയിണകൾ വെച്ച് കഴുത്തു താങ്ങിനിർത്തി, നെഞ്ച് കൂർത്ത്, കല്ലു പോലെ ഉറച്ചുനില്ക്കുന്നു. വിറ യ്ക്കുന്ന മെലിഞ്ഞ വിരലുകളിളക്കി എന്തോ പറയാനായി എന്റെ നേരെ നോക്കി. വേദനകളുടെ ആഴക്കടലിൽ നിന്നും എന്തൊക്കെയോ പറയാൻ വെമ്പുന്ന മുഖം. അസഹനീയമായിരുന്നു ആ കാഴ്ച.

കിഡ്നിയിൽ കല്ലുകൾ നിറഞ്ഞ് കിഡ്നി കൂടി തകരാറിലാകാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഞാൻ പുറത്തിറങ്ങി, മകനെ നേഴ്സിങ്ങ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അപകട സാധ്യതകൾ, പ്രത്യേകിച്ച് ജനറൽ അനസ്തീഷ്യ കൊടുക്കുമ്പോൾ, ശ്വാസനാളത്തിൽ എൻഡോട്രക്കിയൽ ട്യൂബ് (Endotrachel tube) ഇടേണ്ടതിന്റെ ആവശ്യകത, കഴുത്ത് ഉറച്ചുപോയതുകൊണ്ട് - അതിന് സാധിക്കാതെ വന്നാലുള്ള അപകടാവസ്ഥകൾ, കഴുത്തിലെ എല്ലു പൊട്ടാനുള്ള സാധ്യത, വായ തുറക്കുന്നത് സാധാരണ പോലെപറ്റാഞ്ഞതു കൊണ്ട്, ഒരുപക്ഷെ അനസ്തീഷ്യ കൊടുത്താലും മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതി ഉണ്ടാവാം. ഓപ്പറേഷൻ ചെയ്യാനായി കമഴ്ത്തി അല്ലെങ്കിൽ ചരിച്ച് കിടത്തു മ്പോൾ എല്ലുകൾ പൊട്ടാനുള്ള സാധ്യത എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.

പി.സി.എൻ.എൽ-ന് ഏറ്റവും അനുയോജ്യം ബോധം കെടുത്തുന്ന ജനറൽ അനസ്തീഷ്യയാണ്. സ്പൈനൽ അനസ്തീഷ്യ കൊടുക്കാം. പക്ഷെ കമഴ്ത്തി കിടത്തുന്നതുകൊണ്ട് രോഗിക്ക് അസ്വസ്ഥതകൾ കൂടുതലാണ്. ശ്വാസം സ്വയം വലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ചും നെഞ്ചും ശാസകോശവും ശ്വാസനാളവുമെല്ലാം രോഗാവസ്ഥയാൽ ബുദ്ധിമുട്ടുന്ന രോഗിക്ക് റീജിയണൽ അനസ്തീഷ്യ സാധ്യമല്ല. കൂടാതെ ഇരുത്താനോ തിരിച്ചുകിടത്തി അനുയോജ്യമായ നിലയിൽ രോഗിയെ പിടിക്കാനും കഴിയില്ല.

അന്നു തന്നെ മെഡിസിൻ, പൾമോണോളജി, കാർഡിയോളജി ഡോക്ടർമാരെയെല്ലാം കാണിച്ചു. ആവശ്യമായ മരുന്നുകൾ കൊടുത്ത് രോഗിയെ കഴിയുന്നത്ര ഓപ്പറേഷന് തയാറാക്കി.

എന്റെ സഹപ്രവർത്തക ഡോ. റിനുവുമായി എല്ലാ കാര്യങ്ങളും സംസാരിച്ച് ഞങ്ങൾ മനസ്സിൽ കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കിയെടുത്തു. അത് ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. എന്തെങ്കിലും ബുദ്ധിമുട്ട് കൂടതൽ അനുഭവപ്പെട്ടാൽ ഞങ്ങൾ രോഗിയെ അനസ്തീഷ്യയിൽ നിന്നും പുറത്തുകൊണ്ടുവരും. സർജറി ഇവിടെ ചെയ്യാൻ കഴിയില്ല. ഉണർന്നിരിക്കുന്ന അവസ്ഥയിൽ വായിലും ശ്വാസനാളത്തിലും ലോക്കൽ അനസ്തീഷ്യ നല്കി ഇ.ടി ട്യൂബ് (Endotracheal tube) ഇടാൻ നോക്കാം. പക്ഷെ വായ അധികം തുറക്കാൻ കഴി യാത്തതിനാൽ അതും എളുപ്പമായിരിക്കില്ല. അല്ലെങ്കിൽ ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പ് (Fibroptic bronchoscope) വെച്ച് ശ്രമിക്കാം. പക്ഷേ തൽക്കാലം അതിനുള്ള സൗകര്യം അവിടെ ലഭ്യമായിരുന്നില്ല.

അടുത്തദിവസം രോഗി തിയേറ്ററിൽ എത്തി, മോണിറ്റുകൾ എല്ലാം ഒന്നൊന്നായി ഘടിപ്പിച്ചു. രോഗിയെ കിടത്തി. തലകീഴായി അഡ്ജസ്റ്റ് ചെയ്തു. മരുന്നുകൾ കൊടുക്കുന്നതിനുമുമ്പു തന്നെ എന്റെ കാഴ്ചയിൽ കൃത്യം വായ തുറന്ന് ഉള്ളിലേക്ക് കാണാ ൻ പറ്റുന്ന അവസ്ഥയിൽ ടേബിൾ (Table) പൊസിഷൻ ചെയ്തു. ഇപ്പോൾ രോഗിയുടെ കാല് മുകളിലേക്കും തല താഴോട്ടുമായി കിടക്കുന്നു. ഉറങ്ങാനുള്ള ചെറിയ മരുന്നുകൾ മാത്രം ആദ്യം കൊടുത്തു. മാസ്ക്കിന്റെ സഹായത്താൽ വെന്റിലേഷൻ സാധ്യമെന്ന് 100 % ഉറപ്പാക്കി. പിന്നീട് അനസ്തീഷ്യ മരുന്ന് (Propofol) വളരെ സാവധാനം കൊടുത്തു. രോഗിക്ക് അനസ്‌തിഷ്യ കിട്ടിയിട്ടും ഇ.ടി ട്യൂബ് ഇടാതെ തന്നെ മാസ്കിന്റെ സഹായത്താൽ ശ്വാസകോശത്തിലേക്ക് ഓക്സിജൻ കൊടുക്കാൻ സാധിക്കും എന്ന് ഉറപ്പുവരുത്തി.

പൾസ് / ബിപി /എസ് പി.ഒ.ടു / ഇ.ടി. C02 എല്ലാം സാധാരണ പോലെ നിലനിൽക്കുന്നു എന്നുറപ്പാക്കി. അടുത്തതാണ് മസിൽ റിലാക്സന്റ്‌ (Relaxant) കൊടുക്കുക എന്ന കൃത്യം. ഈ മരുന്നു കൊടുത്താൽ രോഗി ശ്വാസം വലിക്കുന്നത് നിർത്തും. ശ്വാസകോശത്തിലേക്ക് ഓക്സിജൻ വെന്റിലേറ്റ് ചെയ്ത് കൊടുത്തുകൊണ്ടിരിക്കണം. ഒരു മിനിറ്റു കഴിഞ്ഞാൽ ഇ.ടി ട്യൂബ് (endotracheal tube) ഇടാം. അഥവാ ഞങ്ങൾക്കു രണ്ടുപേർക്കും പറ്റിയില്ലെങ്കിൽ വീണ്ടും ഓക്സിജൻ കൊടുത്ത് വെന്റിലേറ്റ് ചെയ്ത് റിലാക്സന്റിൽനിന്ന് രോഗിയെ പുറത്തു കൊണ്ടുവരാം. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ.

ലാറിംഗോസ്കോപ്പ് ( laryngoscope) ഇട്ട് വോക്കൽ കോഡ് കാണാൻ ശ്രമിച്ചു. ചെറിയൊരു ട്രക്കിയൽ സമ്മർദ്ദം നൽകിയപ്പോൾ (tracheal pressure) തന്നെ വോക്കൽ കോഡ് ഭാഗികമായി കാണാൻ കഴിഞ്ഞു. bugy ആദ്യം കടത്തി അതിൽ ഇ.ടി ട്യൂബ് (endotracheal tube) ത്രെഡ് (thread) ചെയ്ത് കയറ്റി. എല്ലാം അരമിനിറ്റിൽ കഴിഞ്ഞു. തിയേറ്ററിൽ എല്ലാവർക്കും സന്തോഷം. എനിക്കും, ഡോക്ടർ റീനുവിനും ഡോക്ടർ വിനീതിനും ആശ്വാസം. പ്ലാൻ സക്സസ്.

പ്രശ്നങ്ങൾ പിന്നേയും ധാരാളമുണ്ടായിരുന്നു. കമഴ്ത്തിക്കിടത്തി സാധാരണപോലെ പൊസിഷൻ ചെയ്യാൻ കഴിയില്ല. എവിടെ വേണമെങ്കിലും എല്ലുകൾ ഒടിയാം. അവസാനം സർജറി ചെയ്യേണ്ട ഭാഗം മുകളിൽ വരുന്ന പോലെ ചരിച്ചുകിടത്തി. കഴിയാവുന്ന അത്രയും സ്ഥലത്തും നെഞ്ചത്തും അരക്കെട്ടിന്റെ ഭാഗങ്ങളും കഴുത്തും മുഖവും എല്ലാം മിനുസമുള്ള പാഡുകളും തലയിണകളും വെച്ച് സപ്പോർട്ട് ചെയ്തു. വലിയ കല്ല് കിഡ്നിയിൽ നിറഞ്ഞിരിക്കുന്നത് വളരെ വിദഗ്ദമായി എടുത്തു തീർക്കാൻ കഴിഞ്ഞു.

ഓപ്പറേഷൻ കഴിഞ്ഞപ്പോൾ, അനസ്തീഷ്യയിൽ നിന്ന് പുറത്തുവന്നു എന്നുറപ്പായ ശേഷം ഇ.ടി ട്യൂബ് (endo Tracheal tube) തിരിച്ചെടുത്ത് ഓക്സിജൻ മാസ്ക് കൊടുത്തു. സർജിക്കൽ ഐ.സി.യു വിലേക്കു മാറ്റി.

അടുത്തദിവസം രാവിലെ അവിടെ എത്തിയപ്പോൾ ആ മുഖത്ത് കണ്ണീരിനു പകരം ഒരു ചെറു പുഞ്ചിരി കാണാമായിരുന്നു. നന്ദിയും സന്തോഷവും പറയാതെ പറയുന്ന സന്ദർഭം. അതൊക്കെ എങ്ങിനെ മറക്കാനാണ്?

ഒരിക്കലും മറക്കാത്ത ഒരു രോഗി എന്നു ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് ആദ്രമായ കണ്ണകളും ഒട്ടിയ കവിളുകളുമുള്ള, ജീവിക്കാനുള്ള ആഗ്രഹം തിരയടിക്കുന്ന ആ മുഖം തന്നെയാണ്.

READ: മൃഗങ്ങളുടെ
കടിയേറ്റാൽ;
പ്രഥമശുശ്രൂഷയും
തുടർനടപടികളും

മോഹാലസ്യം

Stroke
മസ്തിഷ്കാഘാതം

ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments