എഡ്വേർഡ് ജെന്നർ: മനുഷ്യരാശിയുടെ രക്ഷകൻ, ദുഃഖഭരിതമായ ജീവിതാന്ത്യം

ഗോവസൂരി പ്രയോഗത്തിലൂടെ എണ്ണിയാലൊടുങ്ങാത്തവരെ മരണവക്ത്രത്തിൽ നിന്ന് രക്ഷിച്ച് വൈദ്യശാസ്​ത്രചരിത്രത്തിൽ അത്യുജ്വല സ്​ഥാനം നേടിയ എഡ്വേർഡ് ജെന്നർ തികച്ചും ദുഃഖിതനും ഏകാകിയുമായാണ് ജീവിതത്തിന്റെ അവസാനനാളുകൾ ചെലവിട്ടത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം.

നുഷ്യരാശിയുടെ രക്ഷകൻ എന്ന് പ്രകീർത്തിക്കപ്പെട്ട ബ്രിട്ടീഷ് ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായിരുന്ന എഡ്വേർഡ് ജെന്നർ (Edward Jenner: 1749 –1823) തികച്ചും ദുഃഖിതനും ഏകാകിയുമായാണ് ജീവിതത്തിന്റെ അവസാനനാളുകൾ ചെലവിട്ടത്.

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമായ വാക്സിനേഷൻ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ ശാസ്​ത്രീയമായി വികസിപ്പിച്ചെടുത്ത ജെന്നർ വാക്സിനേഷൻ യുഗത്തിന്റെ പ്രാണേതാവായി അംഗീകാരം കൈവരിച്ചു, ഗോവസൂരി പ്രയോഗത്തിലൂടെ എണ്ണിയാലൊടുങ്ങാത്തവരെ മരണവക്ത്രത്തിൽ നിന്ന് രക്ഷിച്ചയാൾ എന്ന നിലയിൽ ജെന്നർക്ക് വൈദ്യശാസ്​ത്രചരിത്രത്തിൽ അത്യുജ്വല സ്​ഥാനമാണുള്ളത്. രോഗപ്രതിരോധ ശാസ്​ത്രത്തിന്റെ (Immunology) പിതാവെന്ന നിലയിലും ജെന്നർ പ്രസിദ്ധനാണ്.

എഡ്വേർഡ് ജെന്നർ
എഡ്വേർഡ് ജെന്നർ

ബെർക്കിലിയിലെ പുരോഹിതനായിരുന്ന റവറൻ്റ് സ്റ്റീഫൻ ജെന്നറിന്റെ മകനായിരുന്നു എഡ്വേർഡ് ജെന്നർ. ചെറുപ്പത്തിൽ തന്നെ അക്കാലത്തെ മറ്റ് പല കുട്ടികളെയും പോലെ ജെന്നറും വസൂരിക്കെതിരായ ഇനോക്കുലേഷന് വിധേയനാക്കപ്പെട്ടിരുന്നു. 14–ാമത്തെ വയസ്സു മുതൽ ജന്നർ ദാനിയൽ ലുഡ് ലോ (Daniel Ludlow) എന്ന സർജനുകീഴിൽ ഏഴുവർഷം വൈദ്യപരിശീലനം നടത്തി. 1770- ൽ തന്റെ 23 മത്തെ വയസ്സിൽ ജെന്നർ പ്രസിദ്ധ സർജൻ ജോൺ ഹറിന് (John Hunter: 1728- 1793) കീഴിൽ സെൻ്റ് ജോർജ്ജ് ആശുപത്രിയിൽ ശസ്​ത്രക്രിയയിലും ശരീരശാസ്​ത്രത്തിലും മൂന്നുവർഷം പരിശീലനം നേടി. ഇംഗ്ലണ്ടിലെ അക്കാലത്തെ പ്രസിദ്ധനായ സർജൻ മാത്രമായിരുന്നില്ല ജീവശാസ്ത്രജ്ഞനും ശാസ്​ത്രഗവേഷകനും കൂടിയായിരുന്നു ഹർ. ജെന്നറിലെ ഗവേഷകനെ വളർത്തിയെടുക്കുന്നതിൽ ഹർ വലിയ പങ്ക് വഹിച്ചു. കുയിലിന്റെ മുട്ട അടവെപ്പ് (Hatching) രീതിയെക്കുറിച്ചും പക്ഷികളുടെ ദേശാടന യാത്രയെക്കുറിച്ചും ജെന്നർ ഹറുടെ മേൽനോട്ടത്തിൽ നടത്തിയ പഠനങ്ങൾ ആദ്യകാലത്ത് ശാസ്​ത്രലോകം തിരസ്​കരിച്ചെങ്കിലും പിന്നീട് അംഗീകരിക്കേണ്ടിവന്നു. ഹറുമായി ജന്നർക്കുണ്ടായിരുന്ന ഊഷ്മളമായ ഗുരു ശിഷ്യ ബന്ധം ഹർ മരണമടയുന്നത് വരെ നീണ്ടുനിന്നു. 1773- ൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയ ജെന്നർ ബർക്കിലിക്കടുത്ത് കുടുംബ ഡോക്ടറായി സേവനമാരംഭിച്ചു, അക്കാലത്ത് നാട്ടിലുണ്ടായിരു- ന്ന ചില സന്നദ്ധ സംഘടനകളുമായി ചേർന്ന് ലേഖനമെഴുത്തിലൂടെയും മറ്റും ആരോഗ്യവിജ്ഞാനം ജനങ്ങളെലെത്തിക്കുന്നതിനായും ജെന്നർ ശ്രമിച്ചിരുന്നു

തന്റെ വൈദ്യപരിശീലനകാലത്ത് ഒരു പാൽക്കാരി (Milkmaid) തനിക്ക് ഗോവസൂരി വന്നിട്ടുള്ളതുകൊണ്ട് വസൂരിയുണ്ടാവില്ല, താൻ വിരൂപിയാവില്ല എന്ന് പറഞ്ഞത് ഹറുടെ മനസ്സിൽ തങ്ങിനിന്നിരുന്നു. ഗോവസൂരി ബാധിച്ച മറ്റു പാൽക്കാരികൾക്കും വസൂരി വരാറില്ലെന്ന് ജെന്നർ നിരീക്ഷിച്ചു. വസൂരി മൂലം മുഖത്ത് വടുക്കളൊന്നും വരാതിരുന്നതിനാൽ അവരിൽ പലരും സുന്ദരികളായി കാണപ്പെട്ടു. ഗോവസൂരി പാൽ ക്കാരികളെ വസൂരി രോഗത്തെ പ്രതിരോധിക്കുന്നതിൽ സഹായിക്കുന്നുവെന്ന് ജെന്നർ അനുമാനിച്ചു.

തന്റെ ഗുരു ജോൺ ഹർ പഠനകാലത്ത് നൽകിയ ‘വെറുതെ ആലോചിച്ചിരിക്കാതെ ക്ഷമയോടും സൂക്ഷ്മതയോടും കൂടി ശ്രമിച്ചുനോക്കൂ’ (‘‘don't think, try; be patient, be accurate...’’) എന്ന ഉപദേശം സംശയിച്ച് സമയം കളയാതെ ധീരമായി ഗോവസൂരി പ്രയോഗത്തിനായുള്ള ശാസ്​ത്രപരീക്ഷ ണങ്ങൾ നടത്താൻ ജെന്നർക്ക് പ്രചോദനമായി. 1796 മെയ് 14 ന് ജെന്നർ തന്റെ നിരീക്ഷണം ശരിയോയെന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചു.

1770- ൽ തന്റെ 23 മത്തെ വയസ്സിൽ ജെന്നർ പ്രസിദ്ധ സർജൻ ജോൺ ഹറിന്  (John Hunter: 1728- 1793) കീഴിൽ സെൻ്റ് ജോർജ്ജ് ആശുപത്രിയിൽ ശസ്​ത്രക്രിയയിലും ശരീരശാസ്​ത്രത്തിലും മൂന്നുവർഷം പരിശീലനം നേടി.
1770- ൽ തന്റെ 23 മത്തെ വയസ്സിൽ ജെന്നർ പ്രസിദ്ധ സർജൻ ജോൺ ഹറിന് (John Hunter: 1728- 1793) കീഴിൽ സെൻ്റ് ജോർജ്ജ് ആശുപത്രിയിൽ ശസ്​ത്രക്രിയയിലും ശരീരശാസ്​ത്രത്തിലും മൂന്നുവർഷം പരിശീലനം നേടി.

ബ്ലോസ്സം എന്ന പശുവിൽ നിന്നും ഗോവസൂരി ബാധിച്ച സാറാ നെൽമ്സ്​ എന്ന പാൽക്കാരിയുടെ ശരീരത്തിലെ കുമിളയിൽ നിന്നും എടുത്ത പഴുപ്പ് ജെന്നർ തന്റെ തോട്ടക്കാരന്റെ മകൻ ജെയിംസ്​ ഫിപ്പ് സിന്റെ രണ്ടു കൈകളിലും കീറലുണ്ടാക്കി അതിലേക്ക് പകർത്തി. ഫിപ്പ്സിന് ഒന്നുരണ്ടു ദിവസം പനിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ജൂലൈ മാസം ജെന്നർ, വസൂരി ബാധിച്ചവരുടെ കുരുക്കളിലെ പഴുപ്പ് പിപ്പ്സിൽ കുത്തിവച്ചു. എന്നാൽ ഫിപ്പ്സിന് വസൂരി രോഗമായില്ല. ഗോവസൂരി ബാധിച്ചവർക്ക് വസൂരി രോഗമുണ്ടാവില്ലെന്ന് ഈ പരീക്ഷണത്തിലൂടെ ജെന്നർക്ക് ബോദ്ധ്യമായി. തന്റെ പരീക്ഷണം വിവരിച്ച് ജെന്നർ നൽകിയ പ്രാഥമിക പഠന റിപ്പോർട്ട് പക്ഷേ റോയൽ സൊസൈറ്റി നിരാകരിക്കുകയാണുായത്.

ജെന്നർ പിന്നീട് തന്റെ മകൻ റോബർട്ട് അടക്കം 23 പേരിൽ ഇതേ പരീക്ഷണം ആവർത്തിച്ചു. ഗോവസൂരിയുള്ളവരിൽ നിന്ന് പഴുപ്പ് സ്വീകരിച്ച ആർക്കും പിന്നീട് വസൂരി രോഗാണു നൽകിയിട്ടും രോഗമുണ്ടായില്ല. വാക്സിൻ നൽകിയശേഷം രോഗാണു നൽകി രോഗപ്രതിരോധം ഉറപ്പുവരുത്തുന്ന ചലഞ്ചു ചെയ്യൽ (Challenge) എന്ന് പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ശാസ്​ത്ര പരീക്ഷണരീതിയാണ് ജെന്നർ ഇവിടെ പ്രയോഗിച്ച് നോക്കിയത്. വസൂരി പ്രതിരോധത്തിനായി താൻ ആവിഷ്കരിച്ച രീതിയെ, ഇനാക്കുലേഷൻ എന്നതിൽ നിന്നു വ്യത്യസ്​തമായി വാക്സിനേഷൻ (Vaccination) എന്ന് ജെന്നർ പേരിട്ടു. പശു എന്നർത്ഥമുള്ള ‘വക്ക’ (Vacca), ഗോവസൂരിക്കുള്ള ‘വാക്സിനിയ’ (Vaccinia) എന്നീ ലാറ്റിൻ വാക്കുകളിൽ നിന്നുമാണ് ജന്നർ വാസ്​കിനേഷൻ എന്ന പ്രയോഗം രൂപപ്പെടുത്തിയത്.

1798- ൽ തന്റെ പരീക്ഷണ നിരീക്ഷണങ്ങൾ കൂടുതൽ വിശദമാക്കി ഒരന്വേഷണം എന്ന പേരിൽ പ്രസിദ്ധമായ ഒരു നീണ്ട പ്രബന്ധം ജെന്നർ തയ്യാറാക്കി. (An Inquiry into the Causes and Effects of the Variolae Vaccinae). ചിലർ അനുകൂലിച്ചും അതിലേറെ പേർ എതിർക്കുകയും ചെയ്ത സമ്മിശ്ര പ്രതികരണത്തിലൂടെയാണ് ജെന്നറുടെ പ്രബന്ധത്തെ വൈദ്യലോകം സ്വീകരിച്ചത്. വാക്സിനേഷനെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂണുകളും ഫലിതോക്തികളും നിരവധി മാസികകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടത് ജനങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കി.

ജെന്നർക്ക് പുറമെ മറ്റ് നിരവധി ഗവേഷകരും ഭിഷഗ്വ രന്മാരും ഗോവസൂരി പ്രയോഗത്തിലൂടെ മനുഷ്യരിലെ വസൂരിയെ പ്രതിരോധിക്കാനാവുമെന്ന നിഗമനത്തിലെത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 1768- ൽ ഇംഗ്ലീഷ് സർജൻ ജോൺ ഫ്യൂസ്റ്റെർ (John Fewster: 1738- 1824) ഗോവസൂരി ബാധിച്ചവരെ വസൂരി പിടിപെടില്ലെന്ന് അഭിപ്രായപ്പെ ട്ടിരുന്നു. 1770- കൾക്കുശേഷം ഇംഗ്ലണ്ടിലും ജർമ്മനിയിലുമായി കുറഞ്ഞത് അഞ്ച് ഗവേഷകർ ഗോവസൂരി പ്രയോഗം നടത്തി വസൂരി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. ബെഞ്ചമിൻ ജെസ്റ്റി (Benjamin Jetsy: 1736-1816) എന്ന ധനിക കൃഷിക്കാരൻ ഗോവസൂരി ബാധിച്ച പശുക്കളുടെ അകിടിൽനിന്ന് രോഗം പകരുന്ന പാൽക്കാരികളുടെ കൈകളിൽ കുമിളകൾ വരാറുണ്ടെന്നും ഇവർക്ക് വസൂരി വരാറില്ലെന്നും പലരുടെയും ശ്രദ്ധയിൽ പെടുത്തുകയും 1774- ൽ തന്റെ ഭാര്യയേയും രണ്ടു മക്കളേയും ഗോവസൂരി പ്രയോഗത്തിന് വിധേയരാക്കുകയും ചെയ്തതായി രേഖകളുണ്ട്. പിന്നീട് 1780- ൽ ഫ്രാൻസിൽ രാഷ്ട്രീയ നേതാവായിരുന്ന ജാക്വസ്​ പൊമിയറും (Jacques Antoine Rabaut Pommier: 1744- 1820 ) സമാന നിരീക്ഷണം നടത്തിയിരുന്നു.

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജെന്നറാണ് ഗോവസൂരി പ്രയോഗത്തിന്റെ ശാസ്​ത്രീയ അടിത്തറ വികസിപ്പിച്ചെടുത്തത്. ദീർഘകാലത്തിന് ശേഷമാണെങ്കിലും ശാസ്​ത്രലോകത്തിന് ജെന്നർ ശാസ്​ത്രീയമായി തെളിയിച്ച ഗോവസൂരി പ്രയോഗം, മനുഷ്യരിൽ വസൂരി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമാണെന്ന് അംഗീകരിക്കേണ്ടിവന്നു. ലനിൽ റോയൽ കോളേജ് ഓഫ് സർജൻസിന്റെ പ്രസിഡന്റും ഉൽപതിഷ്ണു വുമായ സർജൻ ഡോ. ഹെൻട്രി ക്ലൈൻ (Henry Cline: 1750- 1827), ഫിസിഷ്യൻ ഡോ ജോർജ്ജ് പീയേഴ്സൺ (George Pearson: 1751- 1828), ഭിഷഗ്വരനും സസ്യശാസ്​ത്രജ്ഞനുമായ വില്യം വുഡ് വിലെ (William Woodville: 1752- 1805) എന്നിവർ വാക്സിനേഷന്റെ പ്രചാരകരായി വരികയും നിരവധി പേർക്ക് വാക്സിനേഷൻ നൽകുകയും ചെയ്തു. ഇതോടെ വാക്സിനേഷന്റെ സ്വീകാര്യത പൊതുസമൂഹത്തിൽ വർധിച്ചു.

ഇംഗ്ലീഷ് സർജൻ ജോൺ ഫ്യൂസ്റ്റെർ
ഇംഗ്ലീഷ് സർജൻ ജോൺ ഫ്യൂസ്റ്റെർ

വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് വാക്സിൻ തയ്യാറാക്കി നൽകാൻ എതിർപ്പിനെയെല്ലാം അവഗണിച്ച് ജെന്നർ ശ്രമിച്ചി രുന്നു. ലണ്ടനിലെ അക്കാലത്ത് പ്രസിദ്ധനായ ഫിസിഷ്യൻ ജോൺ ഹെഗാർത്ത് (John Haygarth: 1740- 1827) 1800- ൽ ജെന്നറിൽ നിന്ന് നേരിട്ട് വാക്സിനേഷന് വിധേയനായത് വാക്സിനേഷന് വലിയ സമൂഹ്യാംഗീകാരം നേടിക്കൊടുക്കുന്നതിന് കാരണമായി. അമേരിക്കൻ ഫിസിഷ്യനും ഹാർവാർഡ് മെഡിക്കൽ സ്കൂൾ സ്​ഥാപകരിലൊ രാളുമായ ബഞ്ചമിൻ വാട്ടർ ഹൌസ്​ (Benjamin Water house: 1754 -1846) വാക്സിനേഷൻ അമേരിക്കയിൽ പ്രചരിപ്പിക്കാൻ മുൻകൈയെടുത്തു. വാക്സിനേഷന് പൂർണ്ണ പിന്തുണ നൽകിയ അമേരിക്കൻ പ്രസിഡന്റ് തോമസ്​ ജേഫേഴ്സൺ (Thomas Jefferson: 1743-1826) അമേരിക്കയിൽ വാസ്​കിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ദേശീയ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി വാട്ടർഹൌസിനെ നിയമിച്ചു. റോമിൽ പോപ്പ് പയസ്​ ഏഴാമൻ (Pope Pius VII: 1742- 1823), ഇറ്റലിയിലെ പ്രസിദ്ധ ഭിഷഗ്വരൻ ലുയിജി സക്കോ (Luigi Sacco: 1769- 1836). എന്നിവരും വാക്സിനേഷന് അനുകൂലമായ നിലപാട് സ്വീകരിച്ചു.

 ബെഞ്ചമിൻ ജെസ്റ്റി (Benjamin Jetsy: 1736-1816)  എന്ന ധനിക കൃഷിക്കാരൻ ഗോവസൂരി ബാധിച്ച പശുക്കളുടെ അകിടിൽനിന്ന് രോഗം പകരുന്ന പാൽക്കാരികളുടെ കൈകളിൽ കുമിളകൾ വരാറുണ്ടെന്നും ഇവർക്ക് വസൂരി വരാറില്ലെന്നും പലരുടെയും ശ്രദ്ധയിൽ പെടുത്തുകയും 1774- ൽ തന്റെ ഭാര്യയേയും രണ്ടു മക്കളേയും ഗോവസൂരി പ്രയോഗത്തിന് വിധേയരാക്കുകയും ചെയ്തതായി രേഖകളുണ്ട്.
ബെഞ്ചമിൻ ജെസ്റ്റി (Benjamin Jetsy: 1736-1816) എന്ന ധനിക കൃഷിക്കാരൻ ഗോവസൂരി ബാധിച്ച പശുക്കളുടെ അകിടിൽനിന്ന് രോഗം പകരുന്ന പാൽക്കാരികളുടെ കൈകളിൽ കുമിളകൾ വരാറുണ്ടെന്നും ഇവർക്ക് വസൂരി വരാറില്ലെന്നും പലരുടെയും ശ്രദ്ധയിൽ പെടുത്തുകയും 1774- ൽ തന്റെ ഭാര്യയേയും രണ്ടു മക്കളേയും ഗോവസൂരി പ്രയോഗത്തിന് വിധേയരാക്കുകയും ചെയ്തതായി രേഖകളുണ്ട്.

ബ്രിട്ടനുമായി യുദ്ധത്തിലായിരുന്ന നെപ്പോളിയൻ (Napoleon Bonaparte: 1769- 1821) ഫ്രഞ്ച് പട്ടാളക്കാരെ മുഴുവൻ വാക്സിനേഷന് വിധേയരാക്കുകയും ജെന്നറിന് ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു. ജെന്നറുടെ അഭ്യർ ത്ഥനപ്രകാരം നെപ്പോളിയൻ രണ്ട് ബ്രിട്ടീഷ് യുദ്ധതടവുകാരെ മോചിപ്പിക്കുകയും നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. മനുഷ്യരാശിയുടെ ഏറ്റവും മഹാനായ ഉപകാരിയുടെ അഭ്യർത്ഥന തനിക്ക് നിരസിക്കാൻ കഴിയില്ലെന്ന് നെപ്പോളിയൻ അഭിപ്രായപ്പെട്ടൂ.

ജെന്നറുടെ പരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്​ഥാനത്തിലാണ് ആധുനിക രോഗപ്രതിരോധശാസ്​ത്രസിദ്ധാന്തങ്ങൾ (Immunology) വികസിപ്പിച്ചെടുത്തത്. 1840- ൽ ബ്രിട്ടീഷ് സർക്കാർ വെരിയോളേഷൻ നിരോധിക്കുകയും ഗോവസൂരി പ്രയോഗം സൗജന്യമായി ലഭ്യമാക്കി വാക്സിനേഷൻ നിയമം നടപ്പിലാക്കുകയും ചെയ്തു. വാക്സിനേഷന്റെ വിജയം യൂറോപ്പിൽ പ്രസിദ്ധമായതിനെ തുടർന്ന് 1803 മുതൽ 1806 വരെ സ്​പാനിഷ് ഭിഷഗ്വരനായ പ്രാങ്കോയിസ്​ ബാൽമിസ്​ (Francisco Javier de Balmis: 1753- 1819) സ്​പാനിഷ് അമേരിക്ക, ഫിലിപ്പൈൻസ്​, ചൈന എന്നിവിടങ്ങളിൽ അനേകായിരങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിനുള്ള ചരിത്രപ്രസിദ്ധമായ ബാൽമിസ്​ പര്യടനം (Balmis Expedition) വിജയകരമായി സംഘടിപ്പിച്ചു. വൈദ്യശാസ്​ത്ര ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വാക്സിനേഷൻ സംരംഭമായിരുന്നു അത്. ഇത്രത്തോളം മഹത്തായ മറ്റൊരു ജീവ കാരുണ്യ പ്രവർത്തനവും ലോകചരിത്രത്തിലുായി ട്ടില്ലെന്ന് ജെന്നർ അഭിപ്രായ പ്പെട്ടു.

ബാൽമിസ്​ പര്യടനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പിൽക്കാലത്ത് റോട്ടറി ഇൻ്റർനാഷണലിന്റെ പ്രസിഡൻ്റ് ഡോ. കാർലോസ്​ കൻസ്​ക്കോ (Dr. Carlos Canseco González: 1921 2009) അന്തരാഷ്ട്ര പൾസ്​ പോളിയോ പരിപാടി ആരംഭിച്ചത്.

നിരവധി അംഗീകാരങ്ങൾ ജീവിതത്തിന്റെ അവസാന നാളുകളിൽ ജെന്നറെ തേടിയെത്തി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച ജെന്നർക്ക് ബ്രിട്ടീഷ് സർക്കാർ 10,000 പൗണ്ട് അനുവദിച്ചു. 1807-ൽ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ്​ വാക്സിനേഷന്റെ ഫലസിദ്ധി അംഗീകരിച്ചതിനെ തുടർന്ന് മറ്റൊരു 20,000 പൗണ്ടുകൂടി നൽകി. അമേരിക്കൻ സ്വീഡിഷ് സയൻസ്​ അക്കാദമികളിൽ ജെന്നർക്ക് അംഗത്വം നൽകി ആദരിച്ചു. 1803- ൽ വാക്സിനേഷൻ പ്രോത്സാഹിപ്പിച്ച് വസൂരി നിർമ്മാർജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജേന്നേറിയൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായി ജെന്നറെ തെരഞ്ഞെടുത്തു. പിന്നീട് റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ എന്ന് പുനർനാമകരണം ചെയ്ത, 1806-ൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ആൻ്റ് ചിറർജിക്കൽ സൊസൈറ്റിയിൽ അംഗമായി ജെന്നർ നിരവധി അക്കാദമിക്ക് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വാസ്​കിനേഷൻ പ്രചാരണത്തിനായി മുഴുവൻ സമയം ചെലവഴിക്കേിവന്ന ജെന്നർക്ക് വൈദ്യസേവനം തുടരാൻ കഴിഞ്ഞില്ല. ജെന്നർ തന്റെ വീട്ടിലെ തോട്ടത്തിൽ സ്​ഥാപിച്ച ‘വാക്സീനിയ ക്ഷേത്രം’ (Temple of Vaccinia) എന്നു പേരിട്ട ഒരു കുടിലിൽ താമസിച്ച് ദരിദ്രരെ സൗജന്യമായി വാക്സിനേറ്റ് ചെയ്യാനാരംഭിച്ചു. പിന്നീട് ബർക്കിലിയിൽ ഗ്രാമീണ ഡോക്ടറായി വീണ്ടും സേവനമാരംഭിച്ചു.

നിർഭാഗ്യവശാൽ കഷ്ടകാലം ജെന്നറെ പിന്തുടർന്നുകൊണ്ടിരുന്നു. 1810-ൽ ജെന്നറുടെ മൂത്ത മകൻ എഡ്വേർഡും സഹോദരി മേരിയും രണ്ടു വർഷം കഴിഞ്ഞ് മറ്റൊരു സഹോദരി ആനിയും 1815- ൽ ഭാര്യ കാതറിനും അക്കാലത്തെ പ്രധാന പകർച്ച വ്യാധികളിലൊന്നായിരുന്ന ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. 1820- ൽ ജന്നർക്ക് പക്ഷാഘാതമുണ്ടായെങ്കിലും അതിൽ നിന്നും അദ്ദേഹം സുഖം പ്രാപിച്ച് രോഗികളെ പരിശോധിക്കുന്നത് തുടർന്നു. മരണാവസ്​ഥയിലെത്തിയ തന്റെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയെ 1823 ജനുവരി 23-ന് പരിശോധിക്കാൻ ജെന്നർ പോയിരുന്നു, അതായിരുന്ന ജെന്നർ ചികിത്സിച്ച അവസാന രോഗി. രണ്ടു ദിവസങ്ങൾക്ക് ശേഷം 1823 ജനുവരി 25-നുണ്ടായ കടുത്ത പക്ഷാഘാതത്തെ തുടർന്ന് ശാസ്​ത്രലോകത്തെ ആ മഹാപ്രതിഭ 73ാമത്തെ വയസ്സിൽ, 1823 ജനുവരി 26 ന് മരണമടഞ്ഞു.

READ: നായ കടിച്ചാൽ എന്തു ചെയ്യണം?

പ്രോസ്റ്റേറ്റ് കാൻസർ: പുരുഷന്മാർക്ക് ഒരു വെല്ലുവിളി

പാദസംരക്ഷണം
എങ്ങനെ?

കടിയേൽക്കുന്നതിനുമുമ്പ്
എല്ലാ കുട്ടികൾക്കും
പേവിഷ പ്രതിരോധ കുത്തിവെപ്പ്:
പ്രാധാന്യവും രീതിശാസ്ത്രവും

കുട്ടികളിലെ
അമിതവണ്ണവും
കരൾരോഗവും

ക്ഷയരോഗം
കുട്ടികളിൽ

സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി

എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?

ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ

എന്താണ് അലർജി?

ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)

നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: The life of Edward Jenner, who created the world's first vaccine, Dr. B Ekbal writes for Indian Medical Association magazine Nammude Arogyam.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments