മുഴയും വീക്കവും
സ്‌കാനിംഗിന്റെ
അകക്കണ്ണിലൂടെ

മിക്ക മുഴകളും കുഴപ്പക്കാരല്ല. ചിലരെ നോട്ടപ്പുള്ളികളായി വെച്ചാൽ മതിയാകും. ഇനിയും ചിലത് അപകടകാരികൾ തന്നെയായിരിക്കും. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ഇവയെ ഓപ്പറേഷൻ കൂടാതെ 'കാണാൻ' സ്‌കാനിംഗിലൂടെ കഴിയും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാജേഷ് എം.ജി. എഴുതിയ ലേഖനം.

നിങ്ങളെ കുറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണോ ശരീരത്തിലെ ഒരു മുഴ, അല്ലെങ്കിൽ വീക്കം (തടിപ്പ്)? വേദനയുള്ളതാണെങ്കിൽ നിങ്ങൾ തീർച്ചയായും ഇതിനകം ഡോക്ടറെ കണ്ടുകാണും. എന്നാൽ പല മുഴകളും വേദനയുണ്ടാക്കണമെന്നില്ല.

മിക്ക മുഴകളും കുഴപ്പക്കാരല്ല. ചിലരെ നോട്ടപ്പുള്ളികളായി വെച്ചാൽ മതിയാകും. ഇനിയും ചിലത് അപകടകാരികൾ തന്നെയായിരിക്കും. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ഇവയെ ഓപ്പറേഷൻ കൂടാതെ 'കാണാൻ' സഹായിക്കുന്ന അകക്കണ്ണുകളാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ സ്‌കാനിംഗ് എന്നുപറയാം.

എവിടെയെല്ലാം കാണാം മുഴകൾ?.

അടി തൊട്ട് മുടി വരെ എവിടെയും വരാവുന്ന മുഴകളുണ്ട്. വലിപ്പം, ആകൃതി, മൃദുത്വം എന്നീ ഗുണങ്ങൾകൊണ്ട് ഡോക്ടർമാർക്ക് ഒരു ഏകദേശ ധാരണ ഉണ്ടാകും. പരിക്ക് പറ്റിയുണ്ടാകുന്ന മുഴകൾ സാധാരണ രക്തം കട്ടപിടിക്കുന്നതോ നീർക്കെട്ടോ ആകാം.

കൊഴുപ്പ് ഒരു സ്ഥലത്ത് അടിഞ്ഞുകൂടി ഒരു മുഴ പോലെ കാണപ്പെടുന്നതിനെ ലൈപ്പോമ എന്നു പറയും. തീർത്തും നിരുപദ്രവകാരിയായ ഒരു ട്യൂമർ. മുഴ / തടിപ്പ് എന്നു മാത്രമാണ് ട്യൂമർ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ബിനൈൻ ട്യൂമർ എന്നു കേട്ടാൽ ആശ്വസിക്കുക, അപക ടകാരിയല്ല. മാലിഗ്നന്റ് എന്ന വാക്കാണ് ട്യൂമറിന്റെ കൂടെ കേൾക്കുന്നതെങ്കിൽ അപകടകാരിയായ ക്യാൻസറാണെന്ന് വേണം മനസ്സിലാക്കാൻ.

മേൽപ്പറഞ്ഞ ലൈപ്പോമ, സ്തനങ്ങളിൽ കണ്ടുവരുന്ന ഫൈബ്രോ അഡിനോമ തുടങ്ങിയവ അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ രോഗനിർണ്ണയം ഉറപ്പിക്കാവുന്നയാണ്. ബയോപ്‌സി പോലും ആവശ്യമായി വരുന്നില്ല, ആശ്വസമായല്ലോ!

നെല്ലും പതിരും തിരിച്ചറിയാൻ സ്‌കാനിംഗ്

1. യഥാർത്ഥത്തിൽ ഒരു മുഴ ഉണ്ടോ അതോ തോന്നൽ മാത്രമോ എന്ന് സ്‌കാൻ ചെയ്താൽ അറിയാം. ഒരു മസിലിന്റെ വലിപ്പക്കൂടുതലോ കൊഴുപ്പിന്റെയോ മറ്റോ ഏറ്റക്കൂടുതലോ മാത്രമാകാനും മതി.

2. തൊലി മുതൽ പേശിയോ അസ്ഥിയോ വരെയുള്ള ഏത് പാളിയിലാണ് മുഴ എന്ന് മനസ്സിലാക്കാം.

3. മുഴയുടെ രൂപം, വലിപ്പം, ഉള്ളടക്കം എന്നിവ അറിയുന്നത് സർജന് തീരുമാനങ്ങളെടുക്കാൻ നിർണായക വിവരങ്ങൾ ലഭിക്കും.

4. സമീപത്തുള്ള രക്തക്കുഴലുകൾ, ഞരമ്പുകൾ എന്നിവയെ ബാധിച്ചിട്ടുണ്ടോ, അവയിൽ നിന്നുള്ള ദൂരം എന്നിവ നിർണയിക്കാം.

5. മുഴയുടെ അപകടകരമായ സ്വഭാവവിശേഷങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയാം.

6. ബയോപ്‌സി ചെയ്യണമോ, ചെയ്യണമെങ്കിൽ ഏതു ഭാഗത്തു നിന്നായിരിക്കും സാമ്പിൾ എടുക്കേണ്ടത് എന്ന തീരുമാനമെടുക്കാൻ സഹായിക്കും.

ചുരുക്കത്തിൽ നെല്ലോ പതിരോ കളയോ എന്ന് കൃത്യമായി കാലേക്കൂട്ടി അറിയാൻ സാധിക്കുന്നു.

സ്‌കാനിംഗ് ഏതെല്ലാം രീതിയിൽ
എവിടെയെല്ലാം ഉപകാരപ്പെടും?

അൾട്രാസൗണ്ട് സ്‌കാനിംഗ്

മിക്കവാറും ആദ്യപടി എന്ന നിലയിൽ അൾട്രാസൗണ്ട് സ്‌കാൻ തന്നെയാണ് മുഴകൾക്ക് ആദ്യം നിർദ്ദേശിക്കപ്പെടുന്നത്. ഇതിനായി ഹൈ ഫ്രീക്വൻസി അൾട്രാസൗണ്ട് ആണ് ഉപയോഗിക്കുന്നത്.

1. ഹൈ ഫ്രീക്വൻസി എന്നുവച്ചാൽ ശബ്ദതരംഗങ്ങൾ തന്നെയാണ്, പക്ഷെ മനുഷ്യർക്ക് കേൾക്കാൻ പറ്റുന്നതല്ല, റേഡിയേഷനും ഇല്ല.

2. ഗർഭിണികളിൽ പോലും ഉപയോഗിക്കാവുന്നവിധം സുരക്ഷിതം.

3. രക്തയോട്ടം മുതൽ ശ്വസനം തുടങ്ങിയ ശരീരഭാഗങ്ങളുടെ ബോധപൂർവമായ ചലനങ്ങൾ വരെ 'ലൈവ്' ആയി കാണാൻ സാധിക്കുന്നു.

4. അൾട്രാസൗണ്ട് തീർത്തും വേദനരഹിതമാണ്, ചെറിയ അസ്വസ്ഥത ഒഴികെ.

5. ബയോപ്‌സി ചെയ്യാൻ മാർഗ്ഗനിർദ്ദേശകമായി ഉപയോഗിക്കുന്നു.

6. പഴുപ്പോ നീർക്കെട്ടോ ആണെങ്കിൽ നേരിട്ടു കണ്ടുകൊണ്ടുതന്നെ കുത്തിയെടുക്കാൻ സാധിക്കുന്നു.

മാമോഗ്രാഫി

പേര് സൂചിപ്പിക്കുന്നതുപോലെ സ്തനങ്ങളിലെ മുഴകൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക എക്‌സ്‌റേ പരിശോധനയാണിത്. മുഴകളുടെ ക്യാൻസർ സാധ്യത കണക്കാക്കി ഒരു ബൈറാഡ്‌സ് സ്‌കോർ നൽകുന്നു. ക്യാൻസർ സ്‌ക്രീനിംഗ് എന്ന രീതിയിൽ പ്രകടമായ ഒരു മുഴ ഇല്ലെങ്കിലും നാല്പതു വയസ്സിനു മുകളിലുള്ള സ്ത്രീകൾ ചെയ്യേണ്ട ഒരു പരിശോധനയാണിത്.

എക്‌സ്‌റേ

അസ്ഥികളുമായി ബന്ധപ്പെട്ട മുഴകൾ ആണെന്ന് സംശയിക്കുമ്പോഴാണ് എക്‌സ്‌റേ വേണ്ടിവരുന്നത്. മറ്റു സ്‌കാനിംഗുകളെ അപേക്ഷിച്ച് ഒരു ശരീരഭാഗത്തിന്റെ മുഴുവൻ ചിത്രവും എക്‌സ്‌റേ വഴി ലഭിക്കുന്നു. അസ്ഥിരോഗനിർണയങ്ങൾക്ക് ഈ ആധുനികകാലത്തും പഴയ കാലത്തെ അതേ പ്രസക്തി തന്നെയാണ് ഈ റോൺജൻ രശ്മികൾക്ക് ഇന്നുമുള്ളത്.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

സി.ടി. സ്‌കാൻ

മിക്കവാറും ഒരു രണ്ടാംഘട്ട പരിശോധനയായി മാത്രമാണ് സി.ടി. സ്‌കാൻ നിർദ്ദേശിക്കപ്പെടാറുള്ളത്. പ്രത്യേകിച്ചും കൂടുതൽ ആഴത്തിൽ നിന്നുള്ളതോ ആന്തരികാവയവങ്ങളിൽ നിന്നും വരു ന്നതായോ സംശയിക്കുന്ന മുഴകൾ വ്യക്തമായി പരിശോധിക്കാൻ സി.ടി. സ്‌കാൻ സഹായിക്കുന്നു. റേഡിയേഷനുള്ള പരിശോധനയാണ്, ഗർഭിണികളിൽ ഒഴിവാക്കേണ്ടതുമാണ്.

പുതിയ സ്‌കാനിംഗ് മെഷീനുകളിൽ ത്രിമാനരൂപത്തിലുള്ള ചിത്രങ്ങൾ ലഭ്യമാകുന്നത് സർജറി ആസൂത്രണം ചെയ്യുന്നതിനും മറ്റും ഏറെ സഹായകമാണ്. ചിലപ്പോൾ സി.ടി. ഗൈഡഡ് ബയോപ്‌സി (CGB) പരിശോധനയും വേണ്ടിവന്നേക്കാം.

എം.ആർ.ഐ. സ്‌കാൻ

കാന്തിക തരംഗങ്ങൾ ഉപയോഗിച്ചുള്ള ദേഹപരിശോധനയാണ് എം.ആർ.ഐ. സ്‌കാൻ.

ഗുണങ്ങൾ

  • റേഡിയേഷൻ ഇല്ല.

  • മൃദുകലകൾ തമ്മിൽ തിരിച്ചറിയലിന് കൂടുതൽ വ്യക്തത.

  • തലച്ചോർ, നട്ടെല്ല്, സന്ധികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മുഴകളിൽ കടുതൽ കൃത്യത.

പരിമിതികൾ

  • സമയക്കൂടുതൽ.

  • ചെലവ് കൂടുതൽ.

  • ലഭ്യതക്കുറവ്.

  • ക്ലോസ്‌ട്രോഫോബിയ ഉള്ളവർക്കും അനങ്ങാതെ കിടക്കാൻ പ്രയാസമുള്ളവർക്കും ബുദ്ധിമുട്ടാണ്.

  • രോഗനിർണയം നടത്താൻ മാത്രമല്ല സ്‌കാനിംഗ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

  • ബിനൈൻ എന്ന് പറയാവുന്ന മുഴകൾ ആണെങ്കിൽ സ്വഭാവങ്ങൾ മാറുന്നുണ്ടോ എന്ന് ഇടയ്‌ക്കൊക്കെ നോക്കിയാൽ മാത്രം മതിയാകും.

  • ഏതെങ്കിലും സ്‌കാനിംഗിലൂടെ 'കണ്ടുകൊണ്ട്' മുഴയുടെ ഒരംശം നേർത്ത സൂചികൊണ്ട് സാമ്പിൾ ചെയ്യുന്നതിനെയാണ് എഫ്.എൻ.എ.സി. (FNAC )ബയോപ്‌സി എന്നുപറയുന്നത്.

  • കനംകൂടിയ സൂചികൊണ്ട് ദശയുടെ കഷണങ്ങൾ ശേഖരിക്കുന്നതിനെ ട്രൂ കട്ട് ബയോപ്‌സി എന്നുപറയുന്നു. ഇതുമൂലം ഒരു സർജറി ഒഴിവാകുന്നു എന്നുമാത്രമല്ല ചെലവും കുറയുന്നു.

  • അപകടകാരികളായ ക്യാൻസർ വിഭാഗത്തിൽപ്പെടുന്ന മുഴകളെ ബയോപ്‌സി ചെയ്ത് ഏതുതരമാണ്, എത്രമാത്രം വളർന്നിരിക്കുന്നു, മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നെല്ലാം കണ്ടുപിടിക്കുന്നതിനായി സി.ടി., എം.ആർ.ഐ., പെറ്റ് സി.ടി., ബോൺസ്‌കാൻ തുടങ്ങിയ പരിശോധനകൾ ആവശ്യമായേക്കാം. ഇതെല്ലാംവച്ച് രോഗത്തിന്റെ സ്റ്റേജ് നിർണയിച്ചാൽ അതിനനുസരിച്ചുള്ള ചികിത്സയാണ് ചെയ്യേണ്ടതും.

തയ്യാറെടുപ്പുകൾ

  • എക്‌സ്‌റേ, അൾട്രാസൗണ്ട് പരിശോധനകൾക്ക് പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ടതില്ല.

  • കോൺട്രാസ്റ്റ് ഇഞ്ചക്ഷൻ ആവശ്യമെങ്കിൽ സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ എന്നിവയ്ക്ക് മുൻപ് കുറച്ചു മണിക്കൂർ ആഹാരം ഒഴിവാക്കേണ്ടിവരും.

  • സ്‌കാൻ ഇമേജുകൾ പരിശോധിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണ് റേഡിയോളജിസ്റ്റുകൾ. അവരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും ആണ് ഒരു സ്‌കാൻ റിപ്പോർട്ടിൽ ഉണ്ടാവുക. നൂറുശതമാനവും ശരിയാകുന്ന ഒരു ടെസ്റ്റും ഉണ്ടാകില്ല. ചിലപ്പോഴെങ്കിലും പ്രതീക്ഷയ്ക്കു വിപരീതഫലങ്ങൾ സർജറി ചെയ്യുമ്പോൾ കാണാറുണ്ട്. അത് വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ തന്നെയാണ്.

ചുരുക്കത്തിൽ


Summary: Tumors and swelling through the inner eye of scanning, Dr Rajesh MG writes for Indian Medical Association IMA Nammude Arogyam magazine.


ഡോ. രാജേഷ് എം.ജി.

ഡി.എം.ആർ.ഡി, ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ് കൺസൽട്ടന്റ്, റേഡിയോളജിസ്റ്റ്, ആത്രേയാ ഹോസ്പിറ്റൽ ട്രിച്ചൂർ പോളി ടെക്നിക്ക്, തൃശ്ശൂർ

Comments