മറക്കാനാവാത്ത
രോഗി

‘‘പറയാനാവാത്ത പല വികാരങ്ങളോടെയും ഞാൻ കൈ നീട്ടി. അവർ എനിക്ക് നൽകിയത് ഒരു നാണയത്തുട്ട് ആയിരുന്നു. ഞാനൊരിക്കലും മറക്കാത്ത, സ്​നേഹത്തിന്റെയും കടപ്പാടിന്റെയും മറുകര കണ്ട ഒരു നോട്ടം കൊണ്ട് എന്നെ തഴുകി ആ അമ്മ പറഞ്ഞു, ഞാൻ ജീവിതത്തിൽ നൽകുന്ന ഏറ്റവും വലിയ കൈനീട്ടമാണ് ഡോക്ടർക്ക് നൽകുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ആർ.സി. ശ്രീകുമാർ എഴുതിയ ലേഖനം.

രു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഓരോ രോഗിയും സുഹൃത്താണ്. എല്ലാവർക്കും എന്തെങ്കിലും പ്രത്യേകതകളുണ്ടാകാം. ആരെയും മറക്കരുത് എന്നു തന്നെയാണ് ആഗ്രഹം. പക്ഷേ എല്ലാവരെയും ഓർക്കുമ്പോൾ തന്നെ ചിലരെ നാം കൂടുതലായി ഓർക്കുന്നു.

നാം എല്ലാവരും വിഷു ആഘോഷിച്ച് കഴിഞ്ഞിരിക്കുന്നു. ഓരോ വിഷുവും ഓരോ കൈനീട്ടവും സ്​നേഹത്തിന്റെ അടയാളമാണ്. ഞാൻ ഓർക്കുകയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കൈനീട്ടം എന്തായിരുന്നു? ചെറുപ്പത്തിൽ 50 പൈസയിൽ തുടങ്ങി ഇന്നും മുടങ്ങാതെ തന്നുകൊണ്ടിരിക്കുന്ന അച്ഛന്റെയോ, മരണംവരെ മുടങ്ങാതെ എനിക്ക് വിഷുക്കൈനീട്ടം നൽകിയി രുന്ന അമ്മയുടേയോ, കഴിഞ്ഞ 27 വർഷമായി സ്​ഥിരമായി കിട്ടിക്കൊണ്ടിരിക്കുന്ന ഭാര്യയുടേയോ? അതെല്ലാം സ്​നേഹത്തിന്റെ അടയാളങ്ങൾ തന്നെയാണ്. എനിക്ക് കിട്ടിയ വളരെ വ്യത്യസ്​തമായ ഒരു കൈനീട്ടത്തെക്കുറിച്ച് എട്ടുവർഷം മുമ്പ് ഞാൻ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൈനീട്ടമായി അതിവിടെ കുറിക്കട്ടെ.

ഞാൻ സർവീസിൽ നിന്ന് അവധിയെടുത്ത് ഗോകുലം മെഡിക്കൽ കോളേജിൽ വാസ്​കുലാർ സർജനായി പ്രവർത്തിക്കുന്ന കാലം. കൈകളും കാലുകളും സംരക്ഷിക്കുക എന്നുള്ളതുതന്നെയാണ് ഒരു വാസ്​കുലാർ സർജന്റെ പ്രധാന ദൗത്യം. അങ്ങനെയിരിക്കെ വിഷുവിന് തലേദിവസം വൈകുന്നേരം 3:00 മണിയോടുകൂടി എനിക്ക് ഒരു അടിയന്തര സന്ദേശം ലഭിച്ചു. അത്യാഹിത വിഭാഗത്തിൽ ഒരു കൈയിലേക്കുള്ള രക്തയോട്ടം നഷ്ടപ്പെട്ട 76 വയസ്സുള്ള ഒരു അമ്മ എത്തിയിട്ടുണ്ട്. വലത് കൈയിലെ രക്തയോട്ടമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

കൈകൾ പലപ്പോഴും കാലുകളെക്കാൾ രക്ഷപ്പെടു ത്താൻ ബുദ്ധിമുട്ടാണ്. രക്തക്കുഴലുകൾ തീരെ ചെറുതും ആയിരിക്കും. അതുകൊണ്ടുതന്നെ ശസ്​ത്ര ക്രിയയുടെ ഫലങ്ങൾ 50 ശതമാനത്തിൽ താഴെ മാത്രമേ ലഭിക്കുകയുള്ളൂ. ഇതെല്ലാം ഓർത്തുകൊണ്ടുതന്നെയാണ് ആശുപത്രിയിലേക്ക് കുതിച്ചത്.

അത്യാഹിത വിഭാഗത്തിൽ ആ അമ്മയെ കണ്ടപ്പോൾ അവരുടെ കൈ രക്ഷപ്പെടുത്താൻ സാധിക്കും എന്ന് എനിക്ക് ഒരു നേരിയ പ്രതീക്ഷ പോലും ഇല്ലായിരുന്നു. മൂന്നുദിവസമായി രക്തയോട്ടം നഷ്ടപ്പെട്ട വലതുകൈ. അടുത്തുള്ള ചില ചെറിയ ആശുപത്രികളിൽ കൃത്യമായ രോഗനിർണയം നടത്താതെ മരുന്നുകൾ കൊണ്ടുമാത്രം ചികിത്സിക്കാൻ ശ്രമിച്ചിരുന്നു. രക്തതടസ്സം അറിയാനുള്ള പരിശോധനകളോ അത് മാറ്റാനുള്ള ശസ്​ത്രക്രിയകളോ നിർദ്ദേശിച്ചിരുന്നില്ല. അങ്ങനെ ഒരു സംശയം പോലും ആ ചികിത്സിച്ച ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ കൈകളിലെ പല ഭാഗങ്ങളും കറുത്തു തുടങ്ങി, വിരലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു. കൈ മുറിച്ചുമാറ്റേണ്ട നിലയിലേക്ക് ഏതാണ്ട് എത്തി എന്നുതന്നെ പറയാം. പെട്ടെന്നുതന്നെ ഒരു ഡോപ്ലർ (Doppler) പരിശോധന നടത്തി. വലത് കൈമുട്ടിന് മുകളിൽ ഏതാണ്ട് മൂന്ന് സെ.മീറ്ററോളം നീളത്തിൽ രക്തയോട്ടം തടസ്സപ്പെടുത്തി ഒരു രക്തക്കട്ട നിൽപ്പുണ്ട്. അതിന് താഴേക്ക് ഒട്ടും തന്നെ രക്തയോട്ടം ഇല്ല. വളരെ പെട്ടെന്ന് ഓപ്പറേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റിയും എന്നാൽ അതിന്റെ പരാജയസാധ്യതകളെ കുറിച്ചും ഞാൻ കൂടെ വന്ന രണ്ടു മക്കളോടും ദീർഘനേരം സംസാരിച്ചു. കൈ രക്ഷപ്പെടുത്താനുള്ള സാധ്യത 50 ശതമാനത്തിൽ താഴെയാണെന്നും രക്ഷപ്പെട്ടി ല്ലെങ്കിൽ വലതുകൈ മുട്ടിന് മുകളിൽ വച്ച് എന്നെന്നേക്കുമായി മുറിച്ചുമാറ്റേിവരും എന്ന യാഥാർത്ഥ്യവും വളരെ സൂക്ഷിച്ച് ഞാൻ പറഞ്ഞു മനസ്സിലാക്കി. അമ്മയോടും ആവുന്നത്ര മയത്തിൽ കാര്യങ്ങൾ പറഞ്ഞു. അവർ ശസ്​ത്രക്രിയയ്ക്ക് തയ്യാറായി. ഇത്തരം കാര്യങ്ങളെല്ലാം വ്യക്തമായി വിവരിച്ചുകൊണ്ട് അവരിൽനിന്ന് ഞാൻ ഒരു സമ്മതപത്രം വാങ്ങി. കൈയുടെ ശസ്​ത്രക്രിയ ആകുമ്പോൾ ഇത് വളരെ പ്രധാനമാണ്, പ്രത്യേകിച്ചും വലതു കൈയുടേത്.

രാത്രി 8:00 മണിയോടുകൂടി ശസ്​ത്രക്രിയ ആരംഭിച്ചു. രാവിലെ ഒരു മണിയോടുകൂടി ശസ്​ത്രക്രിയക്ക് ശേഷം അമ്മയെ ഐ സി യുവിലേക്ക് മാറ്റി ഞാൻ തിരികെപോന്നു. അന്ന് രാവിലെ വിഷു ആയതിനാൽ വിഷുക്കൈനീട്ടം പലർക്കും കൊടുക്കുകയും പലരിൽ നിന്നും വാങ്ങുകയും ഒക്കെ ചെയ്തതിനുശേഷം 9 മണിയോടുകൂടി ഐ സി യുവിലേക്ക് വിളിച്ച് അമ്മയുടെ രോഗവിശേഷങ്ങൾ അന്വേഷിച്ചു. എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് നേഴ്സ്​ പറഞ്ഞു, നല്ല പൾസ്​ ഉണ്ട്. കൈവിരലുകൾ അനക്കുന്നുണ്ട്.
ഹോ ആശ്വാസമായി, ഞാൻ മനസ്സിൽ പറഞ്ഞു. ഒരു കൈ മുറിച്ചു മാറ്റുന്നതിൽ നിന്ന് രക്ഷപ്പെട്ടുവല്ലോ. ഞാൻ അമ്മയെ മുറിയിലേക്ക് മാറ്റുവാൻ നേഴ്സിനോട് നിർദ്ദേശം നൽകിയതിനുശേഷം മരുന്നുകൾക്ക് വരുത്തേണ്ട മാറ്റങ്ങൾക്ക് വേണ്ട നിർദ്ദേശം നൽകി ഫോൺ താഴെ വെച്ചു.
12 മണിയോടുകൂടി എനിക്ക് വീണ്ടും ഒരു ഫോൺ. വാർഡിലെ നേഴ്സിൽ നിന്നുമാണ് ഫോൺ കോൾ.
എന്താണ് സിസ്റ്റർ കാര്യം?
ഡോക്ടർ ഇന്നലെ ഓപ്പറേഷൻ ചെയ്ത ആ അമ്മയ്ക്ക് അത്യാവശ്യമായി ഡോക്ടറെ കാണണമെന്ന് പറയുന്നു.
നാളെ കണ്ടാൽ പോരേ എന്നായി എന്റെ ചോദ്യം. വ്യക്തിപരമായി എനിക്ക് കുറച്ച് ആവശ്യങ്ങൾ വേറെയുണ്ട്.
നേരത്തെ നിശ്ചയിച്ച ചില ശസ്​ത്രക്രിയകൾ പൂർത്തി യാക്കാനുണ്ട്. പത്തോളം രോഗികൾക്ക് ഒ.പിയിൽ കാണാൻ അപ്പോയിൻമെൻ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അവിടെയുള്ള ഏതെങ്കിലും ഒരു ഡോക്ടറെ ഒന്ന് വിളിച്ച് കാണിച്ചാൽ നന്നായിരിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരോട് എന്നെ വിളിച്ചാൽ മതി.

കൈക്ക് വേദനയൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഇല്ല, കൈ നന്നായി അനക്കുന്നുണ്ട് എന്നായിരുന്നു നേഴ്സിന്റെ മറുപടി. കുറച്ചു കഴിഞ്ഞ് വീണ്ടും ഫോൺകോൾ. അതേ നേഴ്സ്​ തന്നെയാണ്. ആ അമ്മയ്ക്ക് എന്നെ ക​ണ്ടേ മതിയാകൂ എന്ന് പറയുന്നു. ഏതാണ്ട് ഉച്ചയ്ക്ക് 1.30 ഓടുകൂടി ഞാൻ വീണ്ടും ആശുപത്രിയിലേക്ക് വണ്ടിയോടിച്ചു.

അല്പം ഈർഷ്യയോടെ തന്നെയാണ് ഞാൻ മുറിയി ലേക്ക് എത്തിയത്. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ തങ്ങളുടെ മുറിയിലേക്ക് ഡോക്ടർമാരെ വിളിക്കുക ചില രോഗികളുടെ ഒരു പ്രത്യേകതയാണ്. ഇതും അങ്ങനെ തന്നെയായിരിക്കും എന്നാണ് മുറിയിൽ എത്തുന്നതുവരെ ഞാൻ കരുതിയത്. മുറിയിൽ എത്തിയപ്പോൾ ഏതാണ്ട് 15 ഓളം ആൾക്കാർ അവിടെയുണ്ട്. അതുതന്നെ എന്റെ ദേഷ്യത്തെ വീും വർദ്ധിപ്പിച്ചു. ഓപ്പറേഷൻ കഴിഞ്ഞ രോഗികളുടെ കൂടെ കൂടുതൽ ആൾക്കാർ നിൽക്കുകയാണെങ്കിൽ അത് മുറിവു പഴുക്കുവാനും രോഗത്തിന്റെ സങ്കീർണത വർദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും രക്തക്കുഴൽ തുറന്നുള്ള ശസ്​ത്രക്രിയകളിൽ ഇതിനുള്ള അവസരങ്ങൾ വളരെ കൂടുതലാണ്. ആയതിനാൽ ഇത്തരം രോഗികളോടൊപ്പം കൂടുതൽ ആൾക്കാർ നിൽക്കരുത് എന്ന് ഞാൻ എപ്പോഴും കർശനമായി വിലക്കാറുണ്ട്.
എന്താണ് കാര്യം, കുഴപ്പമൊന്നുമില്ലല്ലോ?.
അല്പം ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു.
പെട്ടെന്ന് തലേദിവസം കണ്ട മകൻ മുന്നോട്ട് കേറി വന്നു.
ഡോക്ടർ ഇന്ന് വിഷു ആണല്ലോ, എല്ലാ വിഷുവിനും അമ്മ ഞങ്ങൾക്കെല്ലാവർക്കും കൃത്യമായി കൈനീട്ടം നൽകാറുണ്ട്. അമ്മയുടെ വലതുകൈയിൽ നിന്നുള്ള വിഷുക്കൈനീട്ടം ഞങ്ങളോടുള്ള അനുഗ്രഹത്തിന്റെ വാത്സല്യത്തിന്റെ അടയാളമാണ്. ഈ വിഷുവിന് അത് നൽകാൻ സാധിക്കുകയില്ല എന്നായിരുന്നു ഞങ്ങളുടെ സങ്കടം, അമ്മയുടേതും. ഇനിയുള്ള ഒരു വിഷുവിനും അത് നൽകാൻ സാധിക്കാതെ വരുമോ എന്ന് അമ്മയ്ക്ക് വലിയ വിഷമമായിരുന്നു. എന്നാൽ ഡോക്ടർ കാരണം അമ്മയുടെ വലതുകൈ രക്ഷപ്പെട്ടു. അതുകൊണ്ട് അമ്മയുടെ ഈ വർഷത്തെ ആദ്യത്തെ കൈനീട്ടം ഡോക്ടർക്ക് നൽകണം എന്നുള്ളതാണ് അമ്മയുടെയും ഞങ്ങളുടെയും ആഗ്രഹം.

ഇതിനുമുമ്പ് ഞാൻ ചികിത്സിച്ച പല വ്യക്തികളും എനിക്ക് വിഷുക്കൈനീട്ടം നൽകിയിട്ടുണ്ട്. എങ്കിലും ഇത് വല്ലാത്ത ഒരു അനുഭവമായിരുന്നു. ഞാൻ രക്ഷപ്പെടുത്തിയ വലതു കൈ കൊണ്ടുതന്നെ എനിക്ക് ഒരു വിഷുകൈനീട്ടം!.

പറയാനാവാത്ത പല വികാരങ്ങളോടെയും ഞാൻ കൈ നീട്ടി. അവർ എനിക്ക് നൽകിയത് ഒരു നാണയത്തുട്ട് ആയിരുന്നു. ഞാനൊരിക്കലും മറക്കാത്ത, സ്​നേഹത്തിന്റെയും കടപ്പാടിന്റെയും മറുകര കണ്ട ഒരു നോട്ടം കൊണ്ട് എന്നെ തഴുകി ആ അമ്മ പറഞ്ഞു, ഞാൻ ജീവിതത്തിൽ നൽകുന്ന ഏറ്റവും വലിയ കൈനീട്ടമാണ് ഡോക്ടർക്ക് നൽകുന്നത്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

ആ അമ്മയെയും കൈനീട്ടത്തെയും ഞാൻ എങ്ങനെ മറക്കും?

ഞാൻ അത് വളരെ അഭിമാനത്തോടെ ഇപ്പോഴും സൂക്ഷിക്കുന്നു. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അതുതന്നെയായി രിക്കും.

വർഷങ്ങൾക്കുമുമ്പുതന്നെ ഈ സംഭവം ഞാൻ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ ലൈക്കുകളും കമൻ്റുകളും ലഭിച്ച അനുഭവക്കുറിപ്പ് കൂടിയായിരുന്നു അത്.

READ: എഡ്വേർഡ് ജെന്നർ: മനുഷ്യരാശിയുടെ രക്ഷകൻ, ദുഃഖഭരിതമായ ജീവിതാന്ത്യം

നായ കടിച്ചാൽ എന്തു ചെയ്യണം?

പ്രോസ്റ്റേറ്റ് കാൻസർ: പുരുഷന്മാർക്ക് ഒരു വെല്ലുവിളി

പാദസംരക്ഷണം
എങ്ങനെ?

കടിയേൽക്കുന്നതിനുമുമ്പ്
എല്ലാ കുട്ടികൾക്കും
പേവിഷ പ്രതിരോധ കുത്തിവെപ്പ്:
പ്രാധാന്യവും രീതിശാസ്ത്രവും

കുട്ടികളിലെ
അമിതവണ്ണവും
കരൾരോഗവും

ക്ഷയരോഗം
കുട്ടികളിൽ

സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി

എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?

ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ

എന്താണ് അലർജി?

ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)

നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments